പ്രഭാത വാർത്തകൾ

2024 മാർച്ച് 23 ശനി

1199 മീനം 10 പൂരം

◾ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ഭീകരാക്രമണം. മോസ്‌കോ നഗരത്തിലെ സംഗീതനിശക്കിടയില്‍ 5 അക്രമികള്‍ നടത്തിയ വെടിവയ്പില്‍ അമ്പതിലേറെ പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. നൂറിലേറെപ്പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. സംഗീത പരിപാടി നടക്കുകയായിരുന്ന ഹാളില്‍ ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പിനു പിന്നാലെ 2 തവണ സ്ഫോടനമുണ്ടായി. ഇതോടെ ഹാളിന് തീപിടിച്ചു. തീപടര്‍ന്ന് ഹാളിന്റെ മേല്‍ക്കൂര ഇടിഞ്ഞു വീണു. യുക്രൈന് ഭീകരാക്രമണവുമായി ബന്ധമില്ലെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.

◾ മദ്യനയ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി കോടതി തള്ളി. ആറ് ദിവസം അരവിന്ദ് കെജ്രിവാളിനെ ഇഡി കസ്റ്റഡിയില്‍ വിട്ടു. കെജ്രിവാളിനെ മാര്‍ച്ച് 28ന് 2 മണിക്ക് വീണ്ടും കോടതിയില്‍ ഹാജരാക്കും. കേസില്‍ കെജ്രിവാളായിരുന്നു കിങ് പിന്‍ എന്നും എഎപിയാണ് ഗുണഭോക്താവായതെന്നും ഇഡി വാദിച്ചു. തെളിവൊന്നുമില്ലെന്നായിരുന്നു കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ പറഞ്ഞത്.

◾ മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന് അരവിന്ദ് കെജ്രിവാള്‍. കോടതിയില്‍നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു കെജ്രിവാളിന്റെ പ്രതികരണം. ആവശ്യമെങ്കില്‍ ജയിലില്‍നിന്ന് സര്‍ക്കാരിനെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച് അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്രിവാള്‍. അരവിന്ദ് കെജ്രിവാള്‍ ജീവിക്കുന്നത് തന്നെ രാജ്യത്തിനു വേണ്ടിയാണെന്നും അധികാരമുള്ളതിന്റെ അഹങ്കാരമാണ് മോദി കാണിക്കുന്നത് എന്നും മുന്‍ ഐ ആര്‍ എസ് ഓഫീസര്‍ കൂടിയായ സുനിത കെജ്രിവാള്‍ പറഞ്ഞു.

◾ ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ വച്ച് കെജ്രിവാളിന് ദേഹാസ്വാസ്ഥ്യം. കോടതിയില്‍ ശക്തമായ വാദപ്രതിവാദം നടക്കുന്നതിനിടയില്‍ ബിപി കുറഞ്ഞ ഇദ്ദേഹത്തെ കോടതി മുറിയില്‍ നിന്ന് വിശ്രമ മുറിയിലേക്ക് മാറ്റി. മദ്യനയക്കേസ് 100 കോടിയുടെ അഴിമതിയല്ല, മറിച്ച് 600 കോടിയുടെ അഴിമതിയാണെന്ന് പറഞ്ഞ ഇഡി, കെജ്രിവാളായിരുന്നു ഇതിന്റെ കിങ്പിന്‍ എന്നും എഎപിയായിരുന്നു ഗുണഭോക്താവെന്നും ഹവാല പണം ഉപയോഗിച്ചെന്നും കുറ്റപ്പെടുത്തി.

◾ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി. ഡല്‍ഹി ശഹീദി പാര്‍ക്കില്‍ എഎപി നേതാക്കള്‍ പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തെ സംരക്ഷിക്കുമെന്ന് ഇന്ന് പ്രതിജ്ഞയെടുക്കും. മാര്‍ച്ച് 26ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിക്കാനും പ്രധാനമന്ത്രിയെ ഘരാവോ ചെയ്ത് പ്രധിഷേധിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചിട്ടുണ്ട്. കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇഡി ബിജെപിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുവെന്നും രാജ്യത്തെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണിന്നെന്നും ജാമ്യം നിഷേധിച്ച കോടതി വിധിക്ക് പിന്നാലെ മന്ത്രി അതിഷി മര്‍ലേന പ്രതികരിച്ചു.

◾ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആശങ്ക ഇന്ത്യ സഖ്യ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റും, കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതും തെരഞ്ഞെടുപ്പ് പ്രചാരണം തടയാന്‍ വേണ്ടിയാണെന്ന് അവര്‍ ആരോപിച്ചു. ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ കൂടി വേണ്ടിയാണ് ഈ അറസ്റ്റ് നാടകം എന്നും അവര്‍ പ്രതികരിച്ചു.

◾ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. കോണ്‍ഗ്രസിന്റെ 2014 മുതല്‍ 2017 വരെയുള്ള നികുതി കുടിശിക 520 കോടിയെന്നാണ് കഴിഞ്ഞ ദിവസം ദില്ലി ഹൈക്കോടതിയെ ഇന്‍കം ടാക്സ് വിഭാഗം അറിയിച്ചത്. അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നല്‍കാന്‍ പോലുമുള്ള പണം പാര്‍ട്ടിയുടെ കൈയിലില്ലെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു.

◾ ഇന്ത്യയിലേക്ക് കുടിയേറിയവരെ മുസ്ലീങ്ങള്‍ എന്നും അമുസ്ലിം എന്നും വിഭജിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്നും ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലീങ്ങളുടെ പൗരത്വത്തെ നിയമ വിരുദ്ധമാക്കുകയാണ് സിഎഎയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഎം സംഘടിപ്പിച്ച പൗരത്വ സംരക്ഷണ റാലിയില്‍ കോഴിക്കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാനാണ് ശ്രമമെന്നും മനുസ്മൃതിയാണ് രാജ്യത്ത് വേണ്ടതെന്ന ആര്‍എസ്എസ് നിലപാടാണ് ഇതിന് പിന്നിലെന്നും പിണറായി കുറ്റപ്പെടുത്തി.

◾ പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഎം സംഘടിപ്പിച്ച പൗരത്വ സംരക്ഷണ റാലിയില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നെങ്കിലും കോണ്‍ഗ്രസിന് ഇതില്‍ നിലപാടുണ്ടോയെന്നും അഖിലേന്ത്യാ തലത്തില്‍ പ്രതികരണം ഉണ്ടായോ എന്നും പിണറായി ചോദിച്ചു. പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയപ്പോള്‍ രാജ്യമാകെ പ്രതിഷേധിച്ചപ്പോള്‍ കോണ്‍ഗ്രസ് കുറ്റകരമായ മൗനം പാലിച്ചെന്നും പിണറായി കുറ്റപ്പെടുത്തി. പ്രതികരണം ചോദിച്ചപ്പോള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആലോചിച്ച് പറയാം എന്ന് പറഞ്ഞ് ചിരിച്ചെന്നും പക്ഷെ ചിരിക്കുമ്പോള്‍ ഉള്ള് പൊള്ളിയവരെ കണ്ടോയെന്നും പിണറായി ചോദിച്ചു. കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി ആക്രമിച്ച പിണറായി മോദിയെ പേരെടുത്ത് പറഞ്ഞ് ആക്രമിക്കാതെ ഇപ്പോള്‍ ഇത് കൊണ്ട് വന്നത് മോദി ആണെങ്കിലും ഇത് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന് മാത്രമാണ് മോദിയെ കുറിച്ച് പിണറായി പറഞ്ഞത്.

◾ മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച രാവിലെ സി പി എം തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫിസിലെത്തി ജില്ലയിലെ പ്രമുഖ നേതാക്കളുമായി ചര്‍ച്ച നടത്തിയത് ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്ന് സി പി എം. ജില്ലാ കമ്മിറ്റി. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ഇ ഡി കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് പിണറായി വിജയന്‍ തൃശൂരിലെത്തിയത് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത്തരത്തില്‍ ചില ദൃശ്യമാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചത് ദുരുദ്ദേശപരവും പ്രതിഷേധാര്‍ഹവുമാണെന്ന് സി പി എം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

◾ പെരുമാറ്റ ചട്ടലംഘനത്തിന് മുഖ്യമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി ടി എന്‍ പ്രതാപന്‍ എംപി. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ക്കുമെതിരെയാണ് പരാതി നല്‍കിയത്. സര്‍ക്കാരിന്റെ പൊതു ഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് പ്രിന്റ് ചെയ്ത മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം കേരളം മുഴുവന്‍ വിതരണം ചെയ്യുന്നുവെന്നാണ് പരാതി.

◾ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെതിരെ പരാതി. ഗവണ്‍മെന്റ് ജീവനക്കാരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നു എന്നും പരാതിയിലുണ്ട്. ഹരിതസേന, കുടുംബശ്രീ തുടങ്ങിയവയെയടക്കം പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് ജില്ലാ കളക്ടര്‍ക്കാണ് യുഡിഎഫ് പരാതി നല്‍കിയത്.

◾ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായിരുന്നവര്‍ക്ക് പാര്‍ട്ടിയില്‍ പുതിയ ചുമതല. ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന സമയത്ത് ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നവരെ ഡിസിസി വൈസ് പ്രസിഡന്റുമാരായി ഉയര്‍ത്തി. ഇതേസമയം യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായിരുന്നവരെ ഡിസിസികളിലെ ജനറല്‍ സെക്രട്ടറിമാരായും നിയമിച്ചു.

◾ കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കാന്‍ വിസമ്മതിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ഗവര്‍ണര്‍ക്ക് സ്പെഷ്യല്‍ റിപ്പോര്‍ട്ട് നല്‍കി ലോകായുക്ത . ലോകായുക്ത നിയമപ്രകാരം ഗവണര്‍ സ്വന്തം അഭിപ്രായം രേഖപ്പെടുത്തി ഈ റിപ്പോര്‍ട്ട് നിയമസഭയില്‍ നല്‍കണമെന്നാണ് വ്യവസ്ഥ.

◾ കലയുടെ അളവ് കോല്‍ തൊലിയുടെ നിറഭേദമല്ലെന്നും ഭാവങ്ങളാണെന്നും മറിച്ച് ചിന്തിക്കുന്നത് വംശീയമാണെന്ന വിമര്‍ശനവുമായി രമേശ് ചെന്നിത്തല. കലാമണ്ഡലം സത്യഭാമ ആര്‍എല്‍വി രാമകൃഷ്ണനെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ അനാവശ്യവിവാദം അവസാനിപ്പിക്കുന്നതാണ് ഉചിതമായ കാര്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

◾ തൃശ്ശൂരിലെ പ്രശസ്തമായ ആറാട്ടുപുഴ തറയ്ക്കല്‍ പൂരത്തിനിടെ ആനയിടഞ്ഞു. പൂരം ഉപചാരം ചൊല്ലി പിരിയുന്ന ചടങ്ങിനിടെയായിരുന്നു സംഭവം. ഊരകം അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ഗുരുവായൂര്‍ രവികൃഷ്ണനാണ് ഇടഞ്ഞത്. പാപ്പാന്റെ നേര്‍ക്ക് തിരിഞ്ഞ രവികൃഷ്ണന്‍ പാപ്പാന്‍ ശ്രീകുമാറിനെ മൂന്നു തവണ കുത്താനും ചവിട്ടാനും ശ്രമിച്ചെങ്കിലും പാപ്പാന്‍ അത്ഭുതകരമായി പരിക്കുകളോടെ രക്ഷപ്പെട്ടു. പിന്നീട് ആറാട്ടുപുഴ ശാസ്താവിന്റെ തിടമ്പേറ്റിയ പുതുപ്പള്ളി അര്‍ജുനന്‍ എന്ന ആനയെ കുത്തി. ആനയിടഞ്ഞതോടെ ചിതറിയോടി നിരവധി പേര്‍ക്ക് പരിക്കേറ്റു.

◾ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടുന്നു. എയര്‍ കണ്ടീഷണര്‍ ഉപയോഗം കൂടുന്നതാണ് ഇതില്‍ വലിയ പങ്ക് വഹിക്കുന്നത്. ഇതുവരെയുള്ള പീക്ക് ടൈമിലെ ആവശ്യകത സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. വൈദ്യുതി ഉപയോഗം കൂടിവരുന്നത് വലിയ രീതിയിലുള്ള പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ നയിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

◾ ഡി എം കെ നേതാവ് കെ പൊന്മുടി തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയാണ് പൊന്മുടിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. സര്‍ക്കാരുമായി ഏറെക്കാലമായി അകന്നുനിന്നിരുന്ന ഗവര്‍ണര്‍ ഇന്ന് മുഖ്യമന്ത്രിയടക്കമുള്ളവരുമായി സൗഹൃദ സംഭാഷണവും നടത്തി.

◾ 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജ, ഡിഎംകെ നേതാവ് കനിമൊഴിയേയും വിചാരണക്കോടതി കുറ്റവിമുക്തരാക്കിയ നടപടി ചോദ്യം ചെയ്തുള്ള സിബിഐയുടെ അപ്പീല്‍ ദില്ലി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ പ്രതികളായ യുപിഎ കാലത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഹര്‍ജിയില്‍ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്.

◾ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന റഷ്യന്‍, യുക്രൈന്‍ മേഖലകളിലേയ്ക്ക് തൊഴിലന്വേഷിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും നോര്‍ക്ക റൂട്ട്സ് അധികൃതരും അറിയിച്ചു. ഈ മേഖലകളിലേക്ക് തൊഴില്‍ വാഗ്ദാനം ലഭിച്ച് പോയ ചിലര്‍ തട്ടിപ്പിനിരയായ പശ്ചാത്തലത്തിലാണ് അറിയിപ്പ്.

◾ കേരളത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്ത നാലു മണ്ഡലങ്ങള്‍ ഒഴിച്ചിട്ട് ബിജെപിയുടെ നാലാംഘട്ട സ്ഥാനാര്‍ഥി പട്ടിക. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും സ്ഥാനാര്‍ഥികളുടെ പേരുകളാണ് ഇന്ന് പുറത്തിറക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നടി രാധിക ശരത്കുമാര്‍ വിരുതനഗറില്‍നിന്ന് മത്സരിക്കുo. തമിഴ്നാട്ടിലെ 14 സ്ഥാനാര്‍ഥികളുടെ പേരും ഇന്ന് പ്രസിദ്ധീകരിച്ച പട്ടികയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

◾ വോട്ട് ചെയ്യേണ്ടത് പൗരന്റെ ഉത്തരവാദിത്തം തന്നെയാണെങ്കിലും ഇക്കാര്യത്തില്‍ ആര്‍ക്കും നിര്‍ബന്ധിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. പോളിംഗ് ദിവസത്തെ അവധി എടുക്കുന്നവര്‍ വോട്ടിംഗ് സ്ലിപ് ഹാജരാക്കുന്നത് നിര്‍ബന്ധം ആക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി ഈ നീരീക്ഷണം നടത്തിയത്.

◾ ഒഡീഷയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ച് ബിജെഡിയും ബിജെപിയും. സംസ്ഥാനത്തെ 141 നിയമസഭ മണ്ഡലങ്ങളിലും 21 ലോക്സഭ മണ്ഡലങ്ങളിലും ഇരു പാര്‍ട്ടികളും ഒറ്റക്ക് മത്സരിക്കും. സഖ്യമില്ലെന്ന് ഒഡീഷ ബിജെപി അധ്യക്ഷന്‍ മന്‍മോഹന്‍ സമാല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെഡിയുടെ പ്രഖ്യാപനവും പുറത്തുവന്നു.

◾ ഉത്തര്‍പ്രദേശിലെ ‘യുപി ബോര്‍ഡ് ഓഫ് മദ്രസ എജ്യുക്കേഷന്‍ ആക്റ്റ് 2004’ ഭരണഘടനാവിരുദ്ധമാണെന്നും മതേതര തത്വങ്ങള്‍ക്ക് എതിരാണെന്നും അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച്. ഇപ്പോള്‍ മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പഠിക്കാന്‍ കഴിയുന്ന തരത്തില്‍ പദ്ധതി രൂപീകരിക്കാനും വിദ്യാര്‍ത്ഥികളെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റണമെന്നും കോടതി ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

◾ സുഖ് വിന്ദര്‍ സിംഗ് സുക്കു നയിക്കുന്ന ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തി 3 സ്വതന്ത്ര എം എല്‍ എമാര്‍ നിയമസഭയില്‍ നിന്നും രാജി വെച്ചു. രാജിവച്ച എം എല്‍ എമാര്‍ ബി ജെ പിയില്‍ ചേരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഇടക്കാലത്തിന് ശേഷം വീണ്ടും ബി ജെ പി ഭരണം പിടിക്കാനുള്ള നീക്കം സജീവമാക്കിയോ എന്ന ആശങ്കയിലാണ് ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.

◾ ചെലവ് ചുരുക്കലിന്റെ ഭാഗമായി എജ്യൂടെക് കമ്പനിയായ ബൈജൂസിന്റെ രാജ്യത്തുടനീളമുള്ള 300 സെന്ററുകളില്‍ പകുതിയില്‍ അധികം അടച്ചുപൂട്ടാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. അടുത്ത മാസം മുതലാണ് ട്യൂഷന്‍ സെന്ററുകള്‍ അടയ്ക്കാന്‍ ബൈജൂസ് പദ്ധതിയിടുന്നത്.

◾ എയര്‍ ഇന്ത്യക്ക് 80 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍. പൈലറ്റുമാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും കൃത്യമായ വിശ്രമം അനുവദിക്കാത്തതിനെ തുടര്‍ന്നാണ് പിഴ. ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍സ്, ഫ്ലൈറ്റ് ക്രൂവിന്റെ ഫാറ്റിഗ് മാനേജ്മെന്റ് സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാണ് പിഴ ചുമത്തിയതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

◾ ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ആറ് വിക്കറ്റിന്റെ വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നാലു വിക്കറ്റ് നഷ്ടത്തില്‍ 18.4 ഓവറില്‍ വിജയലക്ഷ്യത്തിലെത്തി. 15 പന്തില്‍ 37 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയാണ് ചെന്നൈക്ക് മികച്ച തുടക്കം സമ്മാനിച്ചത്. നാലോവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ 4 വിക്കറ്റെടുത്ത ബംഗ്ലാദേശുകാരനായ മുസ്റ്റാഫിസുര്‍ റഹ്‌മാനാണ് കളിയിലെ താരം.

◾ യാത്രയ്ക്കായി ഓണ്‍ലൈന്‍ മുഖാന്തരം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ നിരവധിയാണ്. പലപ്പോഴും തിരക്കുള്ള ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വെയിറ്റിംഗ് ലിസ്റ്റില്‍ ഇടം നേടേണ്ടി വരും. കൂടാതെ, വെയിറ്റിംഗ് ലിസ്റ്റിലുളള ടിക്കറ്റ് കാന്‍സല്‍ ചെയ്യുമ്പോള്‍ മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കുകയുമില്ല. ഇതുവഴി ഉയര്‍ന്ന വരുമാനമാണ് റെയില്‍വേ ലഭിക്കുന്നത്. ഇപ്പോഴിതാ റദ്ദ് ചെയ്ത വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റില്‍ നിന്നും ലഭിച്ച വരുമാന കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. 2021 മുതല്‍ 2024 ജനുവരി വരെയുള്ള കാലയളവില്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളില്‍ നിന്നും 1230 കോടി രൂപയാണ് വരുമാനമായി ലഭിച്ചിരിക്കുന്നത്. വിവരാകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് റെയില്‍വേ ഇക്കാര്യം വ്യക്തമാക്കിയത്. 2021-ല്‍ മാത്രം 2.53 കോടി വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകളാണ് യാത്രക്കാര്‍ റദ്ദ് ചെയ്തിട്ടുള്ളത്. ഇതുവഴി റെയില്‍വേയ്ക്ക് ലഭിച്ച വരുമാനം 242.68 കോടി രൂപയാണ്. 2022-ല്‍ 4.6 കോടി വെയ്റ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇതിലൂടെ 439.16 കോടി രൂപയുടെ വരുമാനവും നേടി. 2023-ല്‍ 5.26 കോടി ടിക്കറ്റുകളാണ് റദ്ദാക്കിയത്. 505 കോടി രൂപ ഇതിലൂടെയും നേടി. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിരക്കിളവ് റെയില്‍വേ റദ്ദാക്കിയിരുന്നു. ഇതുവഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം അധിക വരുമാനമായി ലഭിച്ചത് 2,242 കോടി രൂപയാണ്.

◾ 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംഗീതജ്ഞന്‍ എആര്‍ റഹ്‌മാനുമായി ഒന്നിക്കാന്‍ പ്രഭുദേവ. ഇരുവരുടേയം ഇനീഷ്യല്‍സ് ചേര്‍ത്തുവെച്ച് എആര്‍ആര്‍പിഡി 6 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നു. പാട്ടുപാടുന്ന റഹ്‌മാന്റേയും ഡാന്‍സ് ചെയ്യുന്ന പ്രഭുദേവയുടേയും രൂപങ്ങളോടെയാണ് പോസ്റ്റര്‍. മനോജ് എന്‍എസ് കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ എആര്‍ റഹ്‌മാന്‍ തന്നെയാണ് സംഗീതം ഒരുക്കുന്നത്. പ്രഭുദേവയ്‌ക്കൊപ്പം യോഗി ബാബുവും ത്തില്‍ മലയാളം താരങ്ങളായ അജു വര്‍ഗീസും അര്‍ജുന്‍ അശോകനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം എത്തും. പ്രഭുദേവ- എആര്‍ റഹ്‌മാന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. 1994ല്‍ റിലീസ് ചെയ്ത കാതലനിലെ മുഖാബുല, ഉര്‍വശി, പെട്ട റാപ് ഗാനങ്ങളും ജെന്റില്‍മനിലെ ചിക്കു ബുക്ക് റെയ്‌ലെ എന്നീ ഗാനങ്ങള്‍ക്ക് ഇപ്പോഴും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇരുവരും വീണ്ടും ഒന്നിക്കുന്നത് ആരാധകരേയും ആവേശത്തിലാക്കുകയാണ്.

◾ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ബസൂക്ക’യ്ക്ക് പാക്കപ്പ് ആയി. സിനിമയുെട ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഒപ്പമുള്ള ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. 2024 ഫെബ്രുവരി 23ന് ആയിരുന്നു ബസൂക്കയുടെ അവസാനവട്ട ചിത്രീകരണം ആരംഭിച്ചത്. ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഗെയിം ത്രില്ലര്‍ ചിത്രമാണ് ‘ബസൂക്ക’. തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന് ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഗൗതം വസുദേവ് മേനോനും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പൂര്‍ണ്ണമായും ഗെയിം ത്രില്ലര്‍ ജോണറിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. കഥയിലും അവതരണത്തിലും തുടക്കം മുതല്‍ പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുള്‍മുനയിലേക്കു നയിച്ചുകൊണ്ട്, അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍ സമ്മാനിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിദ്ധാര്‍ഥ് ഭരതന്‍, ഷൈന്‍ ടോം ചാക്കോ, ഡീന്‍ ഡെന്നിസ്, സുമിത് നവല്‍ (ബ്രിഗ് ബി ഫെയിം) സ്ഫടികം ജോര്‍ജ്, ദിവ്യ പിള്ള, ഐശ്യര്യ മേനോന്‍ എന്നിവരും പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

◾ ടാറ്റ മോട്ടോഴ്‌സ് 2024 മോഡല്‍ വര്‍ഷത്തേക്ക് ചില പുതിയ ഫീച്ചറുകളോടെ ടിയാഗോ ഇവിയെ അപ്‌ഡേറ്റ് ചെയ്തു. ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ എക്സ്-ഷോറൂം വില 7.99 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. കാറിന്റെ പുറംഭാഗം സൂക്ഷ്മമായി പരിശോധിച്ചാല്‍, സാധാരണ ക്രോം ടാറ്റയുടെ ലോഗോ ഇനി ഇല്ലെന്ന് വ്യക്തമാകും. ഇത് മാറ്റി പുതിയ 2ഡി ടാറ്റ ലോഗോ നല്‍കി, മുന്‍ ഗ്രില്ലിലും ടെയില്‍ഗേറ്റിലും സ്റ്റിയറിംഗ് വീലിലും പോലും ഇത് കാണാന്‍ കഴിയും. 2024 ടാറ്റ ടിയാഗോ ഇവിക്ക് ഇപ്പോള്‍ ഒരു ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം ലഭിക്കുന്നു. ടോപ്പ്-സ്പെക്ക് ‘എക്സ്ഇസെഡ്+ ടെക് ലക്സ്’ വേരിയന്റില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. യുഎസ്ബി ടൈപ്പ് സി ചാര്‍ജിംഗ് പോര്‍ട്ട് ഉപയോഗിച്ച് ടാറ്റ മോട്ടോഴ്‌സ് ഇവി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. എക്സ്ഇസെഡ്+ മുതല്‍ ആരംഭിക്കുന്ന എല്ലാ വേരിയന്റുകളിലും ഇത് ഇപ്പോള്‍ ലഭ്യമാകും. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ടാറ്റ ടിയാഗോ ഇവി അവതരിപ്പിച്ചിരിക്കുന്നത്. ഇത് 19.2കിലോവാട്ട്അവര്‍ ബാറ്ററിയും 24കിലോവാട്ട്അവര്‍ യൂണിറ്റും പായ്ക്ക് ചെയ്യുന്നു. നേരത്തെ 250 കിലോമീറ്ററായിരുന്നു ദൂരപരിധി. മറ്റൊന്നിന്റെ പരമാവധി ദൂരപരിധി 315 കിലോമീറ്ററാണ്. ആണ്. 60 ബിഎച്ച്പി പവറും 105 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഒരൊറ്റ ഇലക്ട്രിക് മോട്ടോറാണ് ഈ ഹാച്ച്ബാക്കിന് കരുത്തേകുന്നത്. അതേസമയം വലിയ ബാറ്ററിയില്‍ കൂടുതല്‍ ശക്തമായ മോട്ടോര്‍ വരുന്നു. ഇത് 74 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു.

◾ സാംസ്‌കാരിക പൈതൃകത്തെ ഒരു പയസ്വിനി സങ്കല്പിക്കാം. സ്പന്ദമുഖരമായ മനസ്സിലൂടൊക്കെയും അത് സദാ ഒഴുകികൊണ്ടിരിക്കുന്നു. സംസ്‌കാരങ്ങള്‍ ഉറവെടുത്തത് എന്നും നദീതടങ്ങളില്‍ വെച്ചായിരുന്നു എന്ന ചരിത്രനിഗമനമല്ല ഈ സങ്കല്‍പത്തിന് പ്രേരകമായിരിക്കുന്നത്. തന്നിലൂടെ ഒഴുകിച്ചെല്ലുന്ന അപവിത്രങ്ങളെ ശുദ്ധീകരിക്കുന്ന ഗംഗയാണ് യഥാര്‍ത്ഥത്തില്‍ ഏത് സംസ്‌കൃതിയും. ഭൂഗര്‍ത്തത്തിലൂടെ നദീസ്രാവങ്ങളെപ്പോലെ എന്റെയും നിങ്ങളുടേയും ചേതനയിലൂടെ ഒഴുകികൊണ്ടിരിക്കുന്ന ഈ പയസ്വിനിയുടെ കിനിവുകള്‍ എത്ര പിറകോട്ട് ചെന്നാലാണ് പ്രത്യക്ഷമാവുക?. ‘പയസ്വിനി’. ആഷാമേനോന്‍. പീര്‍ണ പബ്ളിക്കേഷന്‍സ്. വില 214 രൂപ.

◾ സോഡ, എനര്‍ജി ഡ്രിങ്കുകള്‍, ഡയറ്റ് സോഡ എന്നിവ ആണ്‍കുട്ടികള്‍ക്കിടയില്‍ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠനം. ധാരാളം പഞ്ചസാര അടങ്ങിയ സോഡയും ഫ്രൂട്ട് ജ്യൂസും കുടിക്കുന്ന ആണ്‍കുട്ടികള്‍ക്ക് പിന്നീട് ജീവിതത്തില്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനം. കുട്ടിക്കാലത്ത് ഓരോ ദിവസവും 8-ഔണ്‍സ് മധുരമുള്ള പാനീയങ്ങള്‍ നല്‍കുന്നത് കൗമാരപ്രായമാകുമ്പോഴേക്കും ഇന്‍സുലിന്‍ പ്രതിരോധത്തില്‍ 34% വര്‍ദ്ധനവുണ്ടാകാമെന്ന് പഠനത്തില്‍ കണ്ടെത്തി. പഞ്ചസാര അടങ്ങിയ പാനീയങ്ങളും പഴച്ചാറുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ കണ്ടെത്തലുകള്‍ പ്രാഥമികമാണെങ്കിലും പഞ്ചസാര ചേര്‍ത്ത പാനീയങ്ങളും കുട്ടികളില്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള ദീര്‍ഘകാല സാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള നിലവിലുള്ള തെളിവുകളെ അവ പിന്തുണയ്ക്കുന്നു. പഞ്ചസാര ചേര്‍ത്ത ധാരാളം ഭക്ഷണങ്ങള്‍ കഴിക്കുന്നത് പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ദന്തക്ഷയം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു. പുതിയ പഠനത്തിനായി കുട്ടികള്‍ ശരാശരി എത്ര അളവില്‍ പഞ്ചസാര പാനീയങ്ങളും പഴച്ചാറുകളും കഴിക്കുന്നുവെന്ന് ഗവേഷകര്‍ പരിശോധിച്ചു. കൂടുതല്‍ മധുരമുള്ള പാനീയങ്ങള്‍ കഴിക്കുന്ന ആണ്‍കുട്ടികള്‍ക്ക് ഇന്‍സുലിന്‍ പ്രതിരോധം കൂടുതലാണെന്ന് അവര്‍ കണ്ടെത്തി. അതായത് പേശികളിലെയും കൊഴുപ്പിലെയും കരളിലെയും കോശങ്ങള്‍ക്ക് രക്തത്തില്‍ നിന്ന് പഞ്ചസാര എളുപ്പത്തില്‍ എടുക്കാന്‍ കഴിയില്ല. വലിയ അളവില്‍ പഞ്ചസാര അടങ്ങിയ പാനീയങ്ങളും പഴച്ചാറുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതായി കാണപ്പെട്ടു.