◾മ്യാന്മറുമായുള്ള അതിര്‍ത്തി ഇന്ത്യ വേലികെട്ടി അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പഴയ ബര്‍മയില്‍ വിമതസേനയും ജുണ്ട ഭരണകൂടവും തമ്മിലുള്ള പോരാട്ടത്തിനിടെ നൂറു കണക്കിനു മ്യാന്‍മര്‍ സൈനികര്‍ ഇന്ത്യയിലേക്കു നുഴഞ്ഞു കയറിയതിനാലാണ് അതിര്‍ത്തി അടയ്ക്കുന്നത്. മൂന്നു മാസത്തിനിടെ അറുന്നൂറോളം സൈനികരാണ് ഇന്ത്യയില്‍ അഭയം തേടിയത്.
◾അയോധ്യയില്‍ ശ്രീരാമ ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നാളെ. ഉച്ചയ്ക്ക് 12.20 മുതല്‍ 2.20 വരെയാണു പ്രതിഷ്ഠ. പ്രധാനമന്ത്രി നരേന്ദ്രമോദിയാണു പ്രതിഷ്ഠാ ചടങ്ങിലെ മുഖ്യയജമാനന്‍. മുഖ്യ ആചാര്യനായ കാശിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിതിന്റെ നേതൃത്വത്തില്‍ 121 ആചാര്യന്മാര്‍ പ്രതിഷ്ഠയ്ക്
◾’ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ നിര്‍ദ്ദേശം നടപ്പാക്കാന്‍ ഓരോ 15 വര്‍ഷം കൂടുമ്പോഴും വോട്ടിംഗ് യന്ത്രങ്ങള്‍ക്കു മാത്രമായി 10,000 കോടി രൂപ ചെലവു വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും ഒന്നിച്ചു നടത്താന്‍ ഇ.വി.എം. വാങ്ങാനാണ് ഇത്രയും ഭീമമായ തുക വേണ്ടിവരിക. 15 വര്‍ഷമാണ് വോട്ടിങ് യന്ത്രങ്ങളുടെ കാലാവധി. കേന്ദ്രത്തിന് അയച്ച കത്തിലാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
◾രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്കു നേരെ ആസാമിലെ ലഖിംപൂരില്‍ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. യാത്രക്കെത്തിയ വാഹനങ്ങളുടെ ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തു. നിയമനടപടി സ്വീകരിക്കുമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ വ്യക്തമാക്കി. വാഹനങ്ങള്‍ തകര്‍ത്തത് ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയുടെ ഗുണ്ടകളാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചു.
◾കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കെതിരേ ഡിവൈഎഫ്ഐ കാസര്‍കോട്ട് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല ഒരുക്കി പ്രതിഷേധിച്ചു. കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ തലസ്ഥാനത്ത് രാജ്ഭവന്‍ വരെ ജനലക്ഷങ്ങള്‍ ചങ്ങലയില്‍ കണ്ണികളായി. കാസര്‍കോട്ട് എഎ റഹീം എംപി ആദ്യകണ്ണിയായപ്പോള്‍ തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐയുടെ ആദ്യ പ്രസിഡന്റ് ഇ പി ജയരാജന്‍ അവസാന കണ്ണിയായി.
◾സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കണക്കു നല്‍കിയിട്ടും കേന്ദ്രം പിടിച്ചുവച്ച തുകയുടെ വിവരവും വെളിപെടുത്തണം. യുഡിഎഫ് 2020 ലും 2022 ലും ഇറക്കിയ രണ്ട് ധവളപത്രങ്ങളിലും സംസ്ഥാനം ധനപ്രതിസന്ധി നേരിടുമെന്നു പ്രവചിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഡല്‍ഹിയില്‍ സമരത്തിനു പോകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
◾സിഡ്കോ തട്ടിയെടുത്ത മൂന്നര കോടി രൂപ തിരിച്ചു തരണമെന്ന ആവശ്യവുമായി കുവൈറ്റിലെ കമ്പനി ലോകായുക്തയെ സമീപിച്ചു.
◾മാത്യു കുഴല്‍നാടന്‍ എംഎല്‍എ പങ്കാളിയായുള്ള ചിന്നക്കനാലിലെ റിസോര്‍ട്ടിന്റെ ഭൂമിയില്‍ ആധാരത്തിലുള്ളതിനേക്കാള്‍ 50 സെന്റ് അധികമുണ്ടെന്ന് വിജിലന്‍സ്. അധിക ഭൂമി തിരിച്ചുപിടിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. മാത്യു കുഴല്‍നാടന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. അധികഭൂമിയുണ്ടെങ്കില്‍ തിരികെ നല്‍കുമെന്ന് കുഴല്‍നാടന്‍ പ്രതികരിച്ചു.
◾ഹോട്ടലുകളില്‍നിന്ന് നല്‍കുന്ന പാഴ്സലുകളില്‍ ഭക്ഷണം തയാറാക്കിയ സമയം ഉള്‍പ്പെടെയുളള വിവരങ്ങള്‍ രേഖപ്പെടുത്തണമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദേശം നടപ്പാക്കാനാകില്ലെന്ന് കേരളാ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ വ്യക്തമാക്കി. ഹോട്ടലുകളില്‍ ഓരോ വിഭവങ്ങളും തയാറാക്കുന്നത് വ്യത്യസ്ത സമയങ്ങളിലും ചേരുവകളിലുമാണ്. ഇവയില്‍ പലതും ദീര്‍ഘനേരം കേടാകാത്തവയാണ്. അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
◾ഹൈക്കോടതി ഉത്തരവു സഹിതം ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചയാളില്‍നിന്ന് അര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ തഹസീല്‍ദാര്‍ പിടിയില്‍. പാലക്കാട് ഭൂരേഖാ തഹസില്‍ദാര്‍ സുധാകരനെയാണ് പാലക്കാട് വിജിലന്‍സ് യൂണിറ്റ് പിടികൂടിയത്. ഒരേക്കര്‍ പുരയിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി ഹൈക്കോടതി ഉത്തരവു സഹിതം രണ്ടു മാസംമുമ്പ് അപേക്ഷിച്ച കഞ്ചിക്കോട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
◾തൃശൂര്‍ മൃഗശാലയിലെ എല്ലാ മൃഗങ്ങളെയും ഏപ്രില്‍, മെയ് മാസത്തോടെ പുത്തൂരിലേക്കു മാറ്റുമെന്ന് മന്ത്രി കെ രാജന്‍. തിരുവനന്തപുരത്തുനിന്ന് കാട്ടുപോത്തിനെ മാര്‍ച്ചു മാസത്തില്‍ എത്തിക്കും. ഓരോ മൃഗങ്ങളെയും കൊണ്ടുവരുന്നതിന് ടൈം ടേബിള്‍ തയ്യാറാക്കിട്ടുണ്ട്. ഗുജറാത്ത്, ഹിമാചല്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും മൃഗങ്ങളെ എത്തിക്കുന്നതിന് ഡയറക്ടര്‍ ആര്‍ കീര്‍ത്തിയുടെ നേതൃത്വത്തില്‍ ചര്‍ച്ച പുരോഗമിക്കുന്നുണ്ട്. മന്ത്രി പറഞ്ഞു.
◾ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജനുവരി മാസത്തെ ഭണ്ഡാരവരവ് ആറു കോടിയിലേറെ രൂപ. 6,13,08,091 രൂപയാണ് ലഭിച്ചത്. 2 കിലോ 415 ഗ്രാം സ്വര്‍ണ്ണവും 13 കിലോ 340 ഗ്രാം വെള്ളിയും ലഭിച്ചു. ക്ഷേത്രംകിഴക്കേ നടയിലെ എസ് ബി ഐയുടെ ഇ ഭണ്ഡാരം വഴി രണ്ടു ലക്ഷം രൂപ ലഭിച്ചു. സ്ഥിരം ഭണ്ഡാര വരവിന് പുറമെയുള്ള കണക്കാണിതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
◾ഹൈക്കോടതി ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കാനെന്ന പേരില്‍ പണം വാങ്ങിയെന്ന കേസില്‍ അഡ്വ. സൈബി ജോസിനെതിരേ തെളിവില്ലെന്ന് കോടതി. മുവാറ്റുപുഴ വിജിലന്‍സ് കോടതി കേസ് അവസാനിപ്പിച്ചു.
◾പത്തനംതിട്ട കൂടല്‍ ബെവ്‌കോ മദ്യശാലയില്‍നിന്ന് 81 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ എല്‍ ഡി ക്ലര്‍ക്ക് പി. അരവിന്ദ് പത്തനംതിട്ട കോടതിയില്‍ കീഴടങ്ങി. ബാങ്കില്‍ അടയ്‌ക്കേണ്ട തുകയാണ് പ്രതി തിരിമറി നടത്തിയത്. തട്ടിയെടുത്ത പണം ഉപയോഗിച്ചു റമ്മി കളിച്ചെന്നാണ് പൊലീസ് കണ്ടെത്തിയത്.
◾പാലക്കാട് ഒരു കോടി 90 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറം അങ്ങാടിപ്പുറം സ്വദേശികളായ മുഹമ്മദ് കുട്ടി, മുഹമ്മദ് നിസാര്‍ എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്. കാറിന്റെ രഹസ്യ അറകളില്‍ ബണ്ടിലുകളായി 500 രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തി. കോയമ്പത്തൂരില്‍നിന്നുള്ള പണം മലപ്പുറത്ത് എത്തിക്കാനായിരുന്നു പരിപാടി.
◾എല്‍ഡിഎഫ് കൊല്ലം ജില്ലാ കമ്മറ്റിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. പേജ് വഴി പ്രചരിക്കുന്നത് അശ്ലീല ദൃശ്യങ്ങളാണ്. ജില്ലാ നേതൃത്വം സൈബര്‍ സെല്ലില്‍ പരാതി നല്‍കി.
◾കായംകുളത്ത് അധ്യാപികയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബിജെപി നേതാവായ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കായംകുളം ചിറക്കടവത്തെ പി കെ സജിയാണ് ഭാര്യ ബിനുവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
◾താമരശേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഷുഹൈബിനെ റാഗ് ചെയ്ത കേസില്‍ എട്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികളായ വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്ന് പുറത്താക്കുമെന്നു പ്രിന്‍സിപ്പാള്‍ അറിയിച്ചു.
◾ആലപ്പുഴ വനിതാ ശിശു ആശുപത്രിയില്‍ പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതി മരിച്ചു. ആലപ്പുഴ പഴയ വീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശ (31) ആണ് മരിച്ചത്. ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
◾മദ്യപിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് അച്ഛന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു. കോഴിക്കോട് പാലാഴി മീത്തല്‍ സ്വദേശി രഞ്ജിത്താണ് (31) മരിച്ചത്. അച്ഛന്‍ രാജേന്ദ്രന്‍ റിമാന്‍ഡിലാണ്.
◾അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന നാളെ തങ്ങളുടെ എല്ലാ ഓഫീസുകള്‍ക്കും റിലയന്‍സ് ഇന്‍ഡസ്ട്രീസ് അവധി പ്രഖ്യാപിച്ചു. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി അയോധ്യയില്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമെന്നാണു റിപ്പോര്‍ട്ട്.
◾അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് മതസ്പര്‍ദ്ധയുളവാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നു കേന്ദ്രം അറിയിച്ചു.
◾ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ജാര്‍ക്കണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി. സുരക്ഷയ്ക്കായി ആയിരത്തിലേറെ പോലീസുകാരെ വിന്യസിപ്പിച്ചാണ് എന്‍ഫോഴ്സ്മെന്റിന്റെ പരിശോധന.
◾പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനൊപ്പം ഈ മാസം 25 ന് ജയ്പൂരില്‍ റോഡ് ഷോ നടത്തും. റിപ്പബ്ലിക് ദിനാഘോഷത്തിന് അതിഥിയായാണ് മക്രോണ്‍ എത്തുന്നത്.
◾പശ്ചിമ ബംഗാളില്‍ വേണ്ടി വന്നാല്‍ എല്ലാ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്നു മുഖ്യമന്ത്രി മമത ബാനര്‍ജി. മമതയുടെ പ്രഖ്യാപനം ‘ഇന്ത്യ’ സഖ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്.
◾നടി രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ആന്ധ്ര സ്വദേശിയായ ഈമാനി നവീനാണ് അറസ്റ്റിലായത്. ഫോളോവേഴ്സിന്റെ എണ്ണം വര്‍ധിപ്പിക്കാനാണ് കുറ്റകൃത്യം ചെയ്തതെന്നു പോലീസ്. നവംബര്‍ 10 നാണ് ഡല്‍ഹി പൊലീസ് കേസെടുത്തത്.
◾ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദിയില്‍ കാലിടറിയ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കൈയില്‍ പിടിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. കാല്‍ തെന്നി ബാലന്‍സ് ചെറുതായി നഷ്ടപ്പെട്ടപ്പോള്‍ മോദി കൈയില്‍ കയറി പിടിച്ചു സഹായിക്കുന്ന വീഡിയോ വൈറലായി. സ്പോര്‍ട്സ് മന്ത്രി ഉദയനിധി സ്റ്റാലിനും പിറകിലുണ്ടായിരുന്നു. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലായിരുന്നു ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടനം.
◾2036 ലെ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ ഒരുങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെന്നൈയില്‍ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് മല്‍സരങ്ങള്‍ ഉദ്ഘാടനം ചെയ്യവേയാണ് മോദി ഇക്കാര്യം അറിയിച്ചത്. കായികതാരങ്ങള്‍ക്ക് അന്താരാഷ്ട്ര പരിചയം നല്‍കാനും ഇന്ത്യയെ ആഗോള കായിക സംവിധാനത്തിന്റെ കേന്ദ്രമാക്കി മാറ്റാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു.
◾ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അണ്ടര്‍-19 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് ബംഗ്ലാദേശിനെതിരേ 84 റണ്‍സിന്റെ വിജയത്തുടക്കം. ഇന്ത്യ ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ്, 45.5 ഓവറില്‍ 167 റണ്‍സിന് എല്ലാവരും പുറത്തായി.
◾ഇന്ത്യന്‍ ടെന്നീസ് മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്. ഇന്ത്യയിലെ പുതുതലമുറയെ ടെന്നീസ് രംഗത്തേക്ക് അടുപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ജോക്കോവിച്ചിന്റെ നീക്കം. ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം സാനിയ മിര്‍സയുമായുള്ള ചാറ്റിനിടെയാണ് സാനിയക്കൊപ്പം പ്രവര്‍ത്തിക്കാന്‍ നിലവിലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവ് കൂടിയായ നൊവാക് ജോക്കോവിച്ച് ആഗ്രഹം പ്രകടിപ്പിച്ചത്.
◾ക്ഷേത്രത്തിനൊപ്പം ഇന്ത്യയിലെ തന്നെ ഏറ്റവും സാമ്പത്തികമായി സജീവമായ നഗരമായി മാറാനുള്ള കുതിപ്പിലാണ് അയോധ്യ. ക്ഷേത്രം ഏതാണ്ട് സജ്ജമായതോടെ, അയോധ്യയില്‍ പ്രോപ്പര്‍ട്ടികള്‍ക്കായുള്ള അന്വേഷണം കുതിച്ചുയര്‍ന്നു. പുതിയ പ്രോപ്പര്‍ട്ടികള്‍ക്കുള്ള അന്വേഷണത്തില്‍ ഗോവ, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയെ അയോധ്യ നഗരി പിന്നിലാക്കി കഴിഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2023-24ല്‍ ഇതുവരെ അയോധ്യയില്‍ 20,067 ഭൂ ഇടപാട് നടന്നുകഴിഞ്ഞു. 2017-18ല്‍ ഇത് 5,900 മാത്രമായിരുന്നു. അയോധ്യ ക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതി വിധി വരുംമുമ്പ് ചതുരശ്ര അടിക്ക് 1,500-2,000 രൂപയായിരുന്ന പ്രോപ്പര്‍ട്ടി വില നിലവില്‍ ക്ഷേത്രത്തിന് 5-10 കിലോമീറ്റര്‍ ചുറ്റളവില്‍ 18,000-20,000 രൂപയിലേക്ക് കുത്തനെ ഉയര്‍ന്നു. അയോധ്യയില്‍ 1,000 കോടി രൂപ പ്രാഥമിക നിക്ഷേപത്തോടെ ന്യൂ അയോധ്യയെന്ന ടൗണ്‍ഷിപ്പ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിഭാവനം ചെയ്തു കഴിഞ്ഞു. മഹാഋഷി വാല്‍മീകിയുടെ പേരില്‍ അയോധ്യയില്‍ ഉത്തര്‍പ്രദേശിലെ അഞ്ചാം വിമാനത്താവളം ഒരുങ്ങിക്കഴിഞ്ഞു. ആദിത്യ ബിര്‍ള ഗ്രൂപ്പ്, അശോക് ലെയ്‌ലാന്‍ഡ്, എന്‍.ടി.പി.സി., ഹിന്ദുജ ഗ്രൂപ്പ് തുടങ്ങിയവ വിവിധ ഫാക്ടറികള്‍ അയോധ്യയില്‍ സ്ഥാപിക്കും. ഐ.ടി.സിയും ഇന്ത്യന്‍ ഹോട്ടല്‍സ് ഗ്രൂപ്പുമെല്ലാം വന്‍കിട ഹോട്ടലുകള്‍ അയോധ്യയില്‍ സജ്ജമാക്കും. നിരവധി ബാങ്കുകളും റീറ്റെയ്ല്‍ ബ്രാന്‍ഡുകളും കല്യാണ്‍ ജുവലേഴ്‌സ് അടക്കമുള്ള സ്വര്‍ണാഭരണ ശൃംഖലകളുമെല്ലാം അയോധ്യയില്‍ സാന്നിധ്യം അറിയിക്കും. വിവിധ സംസ്ഥാനങ്ങള്‍ സ്വന്തം ഔദ്യോഗിക മന്ദിരം അയോധ്യയില്‍ സ്ഥാപിക്കാനും നീക്കം നടത്തുന്നുണ്ട്. ഗുജറാത്ത് സര്‍ക്കാരിന് 6,000 ചതുരശ്ര അടി ഭൂമി ഇതിനായി അനുവദിച്ച് കഴിഞ്ഞു.
◾ശ്രീനാഥ് ഭാസി, വിശാഖ് നായര്‍, അശ്വത് ലാല്‍, അനൂപ് മേനോന്‍, എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘എല്‍ എല്‍ ബി’ (ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്സ്)ലെ ‘പാറുകയായ് പടരുകയായ്’ എന്ന ഗാനം പുറത്തിറങ്ങി. കൈലാസ് മേനോന്‍ സംഗീതം പകര്‍ന്ന ഈ ഗാനം നരേഷ് അയ്യരും വൈഷ്ണവ് ഗിരീഷും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റേതാണ് വരികള്‍. ഒരു കൂട്ടം കോളെജ് വിദ്യാര്‍ത്ഥികള്‍ ചുവടുവെച്ച ഗാനം പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കുന്നു. ഫറൂഖ് എസിപിയായ എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘എല്‍ എല്‍ ബി’. എസിപി റാങ്കിലുള്ള ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സംവിധാനം ചെയ്യുന്ന സിനിമ എന്ന വലിയ പ്രത്യേകതയോടെ എത്തുന്ന ഈ ചിത്രം രണ്ടത്താണി ഫിലിംസിന്റെ ബാനറില്‍ മുജീബ് രണ്ടത്താണിയാണ് നിര്‍മ്മിക്കുന്നത്. സിബി, സല്‍മാന്‍, സഞ്ജു എന്നീ മൂന്ന് സുഹൃത്തുക്കളുടെ കോളേജ് പ്രവേശനവും അവിടെ നിന്ന് അവരിലേക്കെത്തുന്ന പുതിയ സൗഹൃദങ്ങളും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളും പ്രമേയമായെത്തുന്ന ഈ ചിത്രം യുവത്വത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് പറയുന്നത്. ഫെബ്രുവരി 2 ന് തിയറ്റര്‍ റിലീസ് തീരുമാനിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ റോഷന്‍ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലന്‍, വിജയന്‍ കാരന്തൂര്‍, രാജീവ് രാജന്‍, കാര്‍ത്തിക സുരേഷ്, സീമ ജി നായര്‍, നാദിറ മെഹ്‌റിന്‍, കവിത ബൈജു, ചൈത്ര പ്രവീണ്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
◾മുകേഷിന്റെ മൂന്നൂറാമത് ചിത്രമായ ഫിലിപ്സ് ഒടിടിയില്‍. ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ അന്തരിച്ച മലയാള സിനിമയുടെ സ്വന്തം നടന്‍ ഇന്നസെന്റ് അഭിനയിച്ചു എന്ന പ്രത്യേകതയും ഉണ്ട്. മൂന്ന് പ്ലാറ്റ്ഫോമുകളിലായിട്ടാണ് ചിത്രം ഒടിടിയില്‍ എത്തിക്കുന്നത്. നോബിള്‍ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിന്‍ വിബിന്‍, ശ്രീധന്യ, അജിത് കോശി, അന്‍ഷാ മോഹന്‍, ചാര്‍ലി, സച്ചിന്‍ നാച്ചി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഹെലന്‍ സിനിമയുടെ സംവിധായകനായ മാത്തുക്കുട്ടി സേവ്യറും, ആല്‍ഫ്രഡും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. റിലീസിന് മുന്‍പേ കോടികള്‍ എറിഞ്ഞ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സ്വന്തമാക്കിയ സിനിമകള്‍…ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ.വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 1 നാണ് ചിത്രം തിയേറ്ററില്‍ എത്തിയത്. മനോരമ മാക്സ്, ആമസോണ്‍ പ്രൈം എന്നീ പ്ലാറ്റ്‌ഫോമുകളിലാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ഇത് കൂടാതെ ഇന്ത്യയ്ക്ക് പുറമെയുള്ളവര്‍ക്ക് സിംപ്ലി സൗത്തിലൂടേയും ചിത്രം കാണാം സാധിക്കും.
◾ഇരുചക്രവാഹന നിര്‍മാതാക്കളായ സോണ്ടസ് ഇന്ത്യയിലെ തങ്ങളുടെ ബൈക്ക് ലൈനപ്പിന് വിലക്കുറവ് പ്രഖ്യാപിച്ചു. സോണ്ടസ് 350ആര്‍, 350എക്സ്, 350ടി മോട്ടോര്‍സൈക്കിളുകളുടെ വില 48,000 രൂപ വരെ കുറഞ്ഞു. ചൈനീസ് കമ്പനിയായ ഗുവാങ്‌ഡോംഗ് ഡേ മോട്ടോര്‍സൈക്കിള്‍ ടെക്‌നോളജിയുടെ ഉപ കമ്പനിയായ സോണ്ടെസ്. 6,000 രൂപയുടെ വിലക്കുറവോടെ സോണ്ടസ് 350ആര്‍ എന്ന മോട്ടോര്‍സൈക്കിളിന് 2.79 ലക്ഷം രൂപ വിലകുറഞ്ഞു. എന്നിരുന്നാലും, 2.40 ലക്ഷം രൂപ വിലയുള്ള ഹോണ്ട സിബി300ആര്‍, 2.33 ലക്ഷം രൂപ വിലയുള്ള ട്രയംഫ് സ്പീഡ് 400 എന്നിവയേക്കാള്‍ ഇപ്പോഴും വില കൂടുതലാണ്. സോണ്ടെസ് 350എക്സ് സ്‌പോര്‍ട് ടൂററിന് 350ഞന്റെ അതേ 46,000 രൂപ വിലക്കുറവ് ലഭിച്ചു. വില കുറച്ചതോടെ ബൈക്കിന്റെ വില 2.99 ലക്ഷം രൂപയായി കുറഞ്ഞു. 2.80 ലക്ഷം രൂപ വിലയുള്ള കെടിഎം 390 അഡ്വഞ്ചര്‍ എക്‌സിന്റെ അതേ പ്രൈസ് റേഞ്ച് ബൈക്കാണ് ഇത്. സോണ്ടസ് 350ടി യ്ക്ക് ഏറ്റവും ഉയര്‍ന്ന വിലക്കുറവ് വരുത്തി. 48,000 രൂപ വിലയിടിഞ്ഞതോടെ ഇപ്പോള്‍ 2.99 ലക്ഷം രൂപയാണ് വില. സോണ്ടസ് ബൈക്കിന്റെ 350ടി എഡിവി പതിപ്പിനും 42,000 രൂപ കുറഞ്ഞു. ഈ വിലയിടിവ് 3.25 ലക്ഷം രൂപയുടെ പുതിയ പുതുക്കിയ വിലയില്‍ ബൈക്കിനെ കൂടുതല്‍ താങ്ങാനാവുന്നതാക്കി. ജികെ350 കഫേ റേസര്‍ മാത്രമാണ് വിലക്കുറവ് ലഭിക്കാത്ത ഒരേയൊരു മോഡല്‍, അതിന്റെ വില മാറ്റമില്ലാതെ 3.47 ലക്ഷം രൂപയായി തുടരുന്നു. ഈ വിലയില്‍, ഇത് ഹസ്ഖ്വര്‍ണ സ്വാര്‍ട്പിലന്‍ 401 (2.92 ലക്ഷം രൂപ) യുമായി മത്സരിക്കുന്നു.
◾സ്പോര്‍ട്സ് കേന്ദ്രപ്രമേയമായ അന്താരാഷ്ട്ര പ്രസിദ്ധമായ എട്ട് ചലച്ചിത്രങ്ങളുടെ തീരജീവിതവിശകലനമാണ് ഈ പുസ്തകം. ഇന്ത്യയുടെ ഗ്രാമീണശക്തിയുടെയും സ്ത്രീജീവിതത്തിന്റെയും അതുല്യഗാഥകള്‍ ആന്തരികമായി ഒഴുകുന്ന ലഗാന്‍, ദംഗല്‍, ചക് ദെ ഇന്ത്യ എന്നീ സിനിമകള്‍ എക്കാലവും സമകാലികമാകുന്നത് എങ്ങനെയെന്ന് വായനക്കാര്‍ അറിയുന്നു. സമൂഹമനസ്സുകളില്‍ ഇന്നും വേരുകളാഴ്ത്തിയിരിക്കുന്ന വര്‍ണവിവേചനത്തിന്റെ കഠിനകാലത്തെ നിശിതമായി അടയാളപ്പെടുത്തുന്ന കാട്വേയിലെ റാണി, അലി, റേസ് എന്നിവയും ലിംഗനീതിയെക്കുറിച്ചുള്ള നിര്‍ണായക ചോദ്യങ്ങളുമായി ഓഫ്സൈഡ് എന്ന ഇറാനിയന്‍
ചിത്രവും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ‘കാട്വേയിലെ റാണി’. കെ എല്‍ മോഹനവര്‍മ്മ. എച്ആന്‍ഡ്സി ബുക്സ്. വില 80 രൂപ.
◾എന്തെങ്കിലുമൊരു രോഗം പിടിമുറുക്കുമ്പോഴാണ് നാട്ടില്‍ പുലര്‍ച്ചെയും വൈകുന്നേരങ്ങളിലും വഴിയോരങ്ങളില്‍ നടത്തക്കാര്‍ കൂടുന്നത്. എന്നാല്‍ വ്യായാമം ചെയ്യുന്നത് കൗമാരത്തിലെ ശീലമാക്കുന്നത് മധ്യവയസില്‍ ഹൃദ്രോഗവും പ്രമേഹം ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ വരാതെ തടയുമെന്ന് പുതിയ പഠനം. ഫിന്‍ലന്‍ഡിലെ ഇവാസ്‌കില സര്‍വകലാശാലയിലെ ഗവേഷകര്‍ 45 വര്‍ഷം എടുത്തു നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം പറയുന്നത്. കൗമാരക്കാലത്തിലെ കുറഞ്ഞ കാര്‍ഡിയോറെസ്പിറേറ്ററി ഫിറ്റ്‌നസ് 57-64 വയസിലെ ഉയര്‍ന്ന ഹൃദ്രോഗ, ചയാപചയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു. 45 വര്‍ഷം നീണ്ടു നിന്ന പഠനത്തിന് 12നും 19നുമിടയില്‍ പ്രായമായവരെയാണ് തെരഞ്ഞെടുത്തത്. ഇവരുടെ അരക്കെട്ടിന്റെ വ്യാപ്തി 37-44, 57-64 പ്രായവിഭാഗങ്ങളിലും അളന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കാര്‍ഡിയോമെറ്റബോളിക് സ്‌കോര്‍ നിര്‍ണയിച്ചത്. ഷുഗറും പ്രഷറും കൊളസ്ട്രോളും എല്ലാം കൂടി അടിച്ചു കയറുമ്പോള്‍ ഡോക്ടറുടെ നിര്‍ബന്ധത്തിന് നാല് ചുറ്റ് നടത്തം പോരെന്ന് സാരം. അതിനാല്‍ സ്‌കൂളുകള്‍ വിദ്യാര്‍ഥികളെ വ്യായാമത്തിനും കായിക ഇനങ്ങള്‍ക്കുമായി പ്രോത്സാഹിപ്പിക്കണമെന്ന് പഠനം ചൂണ്ടികാണിക്കുന്നു.