പ്രഭാത വാർത്തകൾ

2024 മാർച്ച് 31 ഞായർ

1199 മീനം 18 തൃക്കേട്ട

പ്രത്യാശാ സന്ദേശം വിളിച്ചോതി ഇന്ന് ഈസ്റ്റര്‍. ഏവര്‍ക്കും സ്വാതി ന്യൂസിന്റെ ഈസ്റ്റര്‍ ദിനാശംസകള്‍.

◾ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കുറ്റക്കാരായ ആരെയും വെറുതെ വിടില്ലെന്നും സ്വര്‍ണ്ണ കടത്ത് കേസില്‍ കണ്ണികള്‍ ഏത് ഓഫീസില്‍ വരെ എത്തിയെന്ന് രാജ്യത്തെ എല്ലാവര്‍ക്കും അറിയാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കുമെന്നും ഇത്തവണ കേരളത്തില്‍ ബിജെപി റെക്കോഡ് വിജയം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു.

◾ ഗവര്‍ണര്‍മാര്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിച്ചാല്‍ ഹര്‍ജികളുടെ എണ്ണം കുറയുമെന്നും നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിക്കണമെന്നും സുപ്രീംകോടതി ജഡ്ജി ബി.വി നാഗരത്ന. കള്ളപ്പണം നിയമപരമായ പണമാക്കാനുള്ള നല്ല മാര്‍ഗമായിരുന്നു നോട്ട് അസാധുവാക്കലെന്നും നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ചല്ല നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചതെന്നും ജസ്റ്റിസ് നാഗരത്ന.

◾ ശമ്പളവും പെന്‍ഷനും കൊടുക്കുമോ എന്ന കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഒന്നാം തീയതി തന്നെ എല്ലാവര്‍ക്കും കൃത്യമായി ശമ്പളം നല്‍കുമെന്നും, ക്ഷേമ പെന്‍ഷന്‍ കൊടുക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

◾ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കലാമണ്ഡലം സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. യൂട്യൂബ് അഭിമുഖത്തില്‍ തന്നെവ്യക്തിപരമായി അപമാനിച്ചെന്നാണ് കലാമണ്ഡലം സത്യഭാമക്കെതിരായ ആര്‍എല്‍വി രാമകൃഷ്ണന്റെ പരാതി.

◾ മുസ്ലിം ലീഗിനെ ഇടതു മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ലീഗിന്റെ ആവശ്യം ഇടത് മുന്നണിക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുസ്ലിം ലീഗിന്റെ കാര്യത്തിലെ നിലപാട് ഗോവിന്ദന്‍ വ്യക്തമാക്കിയത്.

◾ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് ചിഹ്നം പോവാതിരിക്കാനല്ല, മറിച്ച് ബിജെപി സര്‍ക്കാറിനെ താഴെയിറക്കി ഫാസിസത്തെ ചെറുത്ത് തോല്‍പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷിയെ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ ഒരു ഭരണകൂടം എന്തൊക്കെ ചെയ്യുന്നു എന്നതിന് തെളിവാണ് ഇ.ഡി അന്വേഷണവും ആദായനികുതി റെയ്ഡുമെന്നും, ഫാസിസത്തിന്റെ ഏറ്റവും ക്രൂരമായ മുഖമാണിതെന്നും അദ്ദേഹം പറഞ്ഞു.

◾ കാസര്‍കോട്ടെ റിയാസ് മൗലവി വധക്കേസിലെ പ്രതികളായ കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നിവരെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടതിനെ തുടര്‍ന്ന് അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍. നിലവാരമില്ലാത്ത രീതിയില്‍ ഏകപക്ഷീയമായാണ് അന്വേഷണം നടന്നതെന്നും റിയാസ് മൗലവിയുടെ റൂമില്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ഫോണുകളും സിംകാര്‍ഡുകളും മെമ്മറി കാര്‍ഡും പരിശോധിച്ചില്ലെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസിലെ പ്രതികള്‍ മതഭ്രാന്തന്മാരായ ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ടെങ്കിലും അത് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.

◾ റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി നിരാശാജനകമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. റിയാസ് മൗലവി വധക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചെന്നും, ശ്രീ എമ്മിന്റെ സാന്നിധ്യത്തില്‍ ആര്‍ എസ് എസുമായുള്ള രഹസ്യ ചര്‍ച്ചയില്‍ ക്രിമിനല്‍ കേസ് പ്രതികളെ രക്ഷപ്പെടുത്താമെന്ന ധാരണ ഉണ്ടാക്കിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾ റിയാസ് മൗലവി വധം കോടതിയുടെ മുന്നിലുള്ള കേസാണെന്നും കൃത്യമായി കേസ് കൈകാര്യം ചെയ്തെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ശരിയായ നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്നും കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നാണ് സി പി എമ്മിന്റെ അഭിപ്രായമെന്നും, റിയാസ് മൗലവിയുടെ കുടുംബത്തിന് സി പി എം പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് ചട്ട ലംഘന പരാതിയില്‍ തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതിനാണ് താക്കീത്. ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും, ഇനി സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കരുതെന്നുമാണ് താക്കീത്.

◾ സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് എല്‍ഡിഎഫ് നല്‍കിയ പരാതിയില്‍ കലക്ടര്‍ വിശദീകരണം തേടി. വോട്ട് അഭ്യര്‍ത്ഥിച്ച് നല്‍കുന്ന കുറിപ്പില്‍ പ്രിന്റിംഗ് വിവരങ്ങള്‍ ഇല്ലെന്നാണ് പരാതി. രണ്ടു ദിവസത്തിനകം സ്ഥാനാര്‍ത്ഥി വിശദീകരണം നല്‍കണം. സിപിഐ ജില്ലാ സെക്രട്ടറിയും എല്‍ ഡി എഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ കെ വത്സരാജാണ് പരാതി നല്‍കിയത്.

◾ ജൂണ്‍ 4 ന് തൃശ്ശൂരില്‍ ഉയര്‍പ്പാണ് സംഭവിക്കാന്‍ പോകുന്നതെന്നും തൃശ്ശൂര്‍ വഴി കേരളത്തിന്റെ ഉയര്‍പ്പ് സംജാതമാകണമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. തൃശ്ശൂര്‍ എടുത്തിരിക്കുമെന്നും തൃശ്ശൂര്‍ എടുക്കാന്‍ വേണ്ടി തന്നെയാണ് താന്‍ വന്നതെന്നും സുരേഷ് ഗോപി ആവര്‍ത്തിച്ചു.

◾ വയനാട് സുഗന്ധഗിരി മരംമുറി കേസില്‍ കല്‍പ്പറ്റ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, വനംവകുപ്പ് വാച്ചര്‍ എന്നിവര്‍ക്കെതിരെ നടപടി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.കെ.ചന്ദ്രനെ സസ്പെന്റ് ചെയ്തു.20 മരംമുറിക്കാന്‍ അനുമതി വാങ്ങിയതിന്റെ മറവില്‍ 30 മരം മുറിച്ചെന്നാണ് കണ്ടെത്തല്‍. വകുപ്പു തല അന്വേഷണത്തിന് പിന്നാലെയാണ് നടപടി.

◾ കണ്ണൂര്‍ സിപിഎം നേതാക്കളുടെ സ്മൃതിമണ്ഡപങ്ങളിലെ അതിക്രമ സംഭവത്തിലെ പ്രതി ചാല തന്നട സ്വദേശി ഷാജിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ രാഷ്ട്രീയം ഇല്ലെന്നും, കുപ്പികളില്‍ ബാക്കി വന്ന ശീതള പാനീയമാണ് സ്തൂപങ്ങളില്‍ഒഴിച്ചതെന്നും പോലീസ് വ്യക്തമാക്കി.

◾ ശബരിമലയിലെ കേസുകള്‍ പിന്‍വലിക്കുമെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണെന്നും, പക്ഷേ കേസുകള്‍ പിന്‍വലിച്ചില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിശ്വാസികള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചില്ലെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സിഎഎ കേസുകള്‍ പിന്‍വലിച്ചുവെന്നും ഇതാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വിവേചന രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.

◾ പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ പ്രചാരണത്തിന് എത്തുന്നതിന്റെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച് ഉമ്മന്‍ ചാണ്ടിയുുടെ മകള്‍ അച്ചു ഉമ്മന്‍. ഏപ്രില്‍ ആറിനാണ് അച്ചു പത്തനംതിട്ടയിലെത്തുക. അനില്‍ ആന്റണി ബാല്യകാലം മുതലുള്ള സുഹൃത്താണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്താനാകില്ലെന്നും അച്ചു ഉമ്മന്‍ പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു.

◾ ബിജെപി സ്ഥാനാര്‍ഥിയായ ദേവഗൗഡയുടെ മരുമകന്‍ ഡോ. മഞ്ജുനാഥയ്ക്ക് സ്വീകരണം നല്‍കുന്നുവെന്ന പോസ്റ്ററില്‍ കേരളത്തില്‍ എല്‍ഡിഎഫ് മുന്നണിയിലുളള ജെഡിഎസിന്റെ സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണന്‍ കുട്ടിയും. ജെഡിഎസ്സിന്റെ സേവാദള്‍ നേതാവ് ബസവരാജാണ് പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്. ജെഡിഎസ് ദേശീയ തലത്തില്‍ എന്‍ഡിഎക്ക് ഒപ്പമാണെങ്കിലും കേരളത്തില്‍ എല്‍ഡിഎഫിനൊപ്പമാണ്.

◾ റോഡിന്റെ നിലനില്‍പ്പിനും യാത്രക്കാരുടെ സുരക്ഷയ്ക്കും സ്വാഭാവിക റബ്ബര്‍ കലര്‍ത്തിയുള്ള ടാര്‍ മിശ്രിതം ഉപയോഗിക്കണമെന്ന നിര്‍ദേശവുമായ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം. ചിലവ് കൂടുതലാണെന്ന കാരണത്താല്‍ റോഡ് നിര്‍മാണത്തില്‍ നിന്ന് റബ്ബര്‍ ഒഴിവാക്കരുതെന്നും അധികൃതര്‍ പറഞ്ഞു.

◾ സഹോദരന്റെ കസ്റ്റഡി മരണത്തില്‍ നടപടി ആവശ്യപ്പെട്ട് വര്‍ഷങ്ങളായി സെക്രട്ടേറിയറ്റ് നടയില്‍ സമരവുമായി കഴിയുന്ന ശ്രീജിത്ത് എന്ന യുവാവിനെതിരെ കേസ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൈക്ക് കെട്ടി അസഭ്യവര്‍ഷം നടത്തിയതിന് ഐപിസി 294 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

◾ മലയാറ്റൂര്‍ പുഴയില്‍ ഇന്നലെ മൂന്ന് മുങ്ങി മരണം. ഇന്നലെ രാവിലെ തീര്‍ത്ഥാടത്തിനെത്തിയ വൈപ്പിന്‍ സ്വദേശി സനോജാണ് ആദ്യം പുഴയില്‍ മുങ്ങി മരിച്ചിത്. ഇതിനു പിന്നാലെ ഈ അപകടം നടന്ന സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ അകലെവെച്ച് തീര്‍ത്ഥാടനത്തിനെത്തിയ രണ്ട് പേര്‍ കൂടി പുഴയില്‍ മുങ്ങി മരിച്ചു. ഊട്ടി സ്വദേശികളായ മണി, റൊണാള്‍ഡ് എന്നിവരാണ് മരിച്ചത്.

◾ പത്തനംതിട്ട തിരുവല്ല ചാത്തങ്കരി സ്വദേശിയായ ഭിന്നശേഷിക്കാരനായ 16കാരന് തിരുവനന്തപുരം വെള്ളറടയിലെ സ്നേഹ ഭവന്‍ സ്പെഷ്യല്‍ സ്‌കൂളില്‍ വെച്ച് ക്രൂരമര്‍ദ്ദനമേറ്റെന്നു പരാതി. ദേഹമാസകലം മര്‍ദ്ദനമേറ്റ പാടുകളുമായാണ് 16കാരന്‍ ആശുപത്രിയില്‍ എത്തിയത്. ഡോക്ടറാണ് പൊലീസിലും ചൈല്‍ഡ് ലൈനിലും വിവരമറിയിച്ചത്.

◾ കേരളത്തിലെ ഒമ്പത് ജില്ലകളില്‍ ചൂട് ഉയരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വേനല്‍ മഴ ആശ്വാസമാകുമെന്ന് കരുതിയെങ്കിലും നേരിയ മഴ മാത്രമാണ് അനുഭവപ്പെട്ടത്.

◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണീര്‍ മോദിയുടെ കണ്ണുകള്‍ പോലും വിശ്വസിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തമിഴ് അറിയില്ലെന്ന് പറഞ്ഞ് മോദി കരയും. എന്നാല്‍ ഹിന്ദി അടിച്ചേല്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും. മോദിയെ തമിഴ് ജനത എങ്ങനെ വിശ്വസിക്കുമെന്നാണ് സ്റ്റാലിന്റെ ചോദ്യം. വിമാനങ്ങളില്‍ തമിഴില്‍ അറിയിപ്പ് നിര്‍ബന്ധമാക്കുമെന്ന മോദിയുടെ 2019ലെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചാണ് സ്റ്റാലിന്റെ വിമര്‍ശനം.

◾ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. കോടതിയില്‍ തീരുമാനമായ കേസുമായി ബന്ധപ്പെട്ടാണ് പുതിയ നോട്ടീസെന്നും ഇന്നലെ രാത്രിയോടെയാണ് നോട്ടീസ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ടീസ് കണ്ട് ഞെട്ടിയെന്നും ഈ രാജ്യത്ത് ജനാധിപത്യമില്ലേയെന്നും ശിവകുമാര്‍ ചോദിച്ചു.

◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഭാര്യ സുനിത കേജ്രിവാളും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്‍പന സോറനും ഇന്നലെ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ജാര്‍ഖണ്ഡില്‍ നടന്ന അതേ സംഭവമാണ് ഡല്‍ഹിയില്‍ ആവര്‍ത്തിച്ചതെന്നും ഇതിനെതിരെ ഒരുമിച്ച് പോരാടുമെന്നും കല്‍പന സോറന്‍.

◾ ഏപ്രില്‍ 19 ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി പെമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗനാ മേനും ഉള്‍പ്പെടെ 10 ബി.ജെ.പി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി അവസാനിച്ചതിനാല്‍ ഖണ്ഡുവും മറ്റ് ഒമ്പത് സ്ഥാനാര്‍ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പവന്‍ കുമാര്‍ സെയിന്‍ ആണ് അറിയിച്ചത്. ആറ് മണ്ഡലങ്ങളില്‍ ഒരോ നാമനിര്‍ദേശ പത്രിക വീതം മാത്രമാണ് ലഭിച്ചതെന്നും നാലിടങ്ങളില്‍ എതിര്‍ സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

◾ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷേദ്പുര്‍ എഫ്‌സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 19 കളികളില്‍ നിന്ന് 30 പോയന്റോടെ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു പോയന്റ് കൂടെ നേടിയാന്‍ ടീമിന് പ്ലേ ഓഫ് ഉറപ്പിക്കാം.

◾ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിന് പഞ്ചാബ് കിംഗ്സിനെതിരെ 21 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ലക്നൗ 54 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കിന്റേയും 43 റണ്‍സെടുത്ത ക്രുണാല്‍ പാണ്ഡ്യയുടേയും കരുത്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തു. എന്നാല്‍ 70 റണ്‍സെടുത്ത ശിഖര്‍ ധവാനും 42 റണ്‍സെടുത്ത ജോണ് ബെയര്‍സ്റ്റോയും മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്‌സിന് മികച്ച തുടക്കം സമ്മാനിച്ചെങ്കിലും 5 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടാനേ സാധിച്ചുള്ളുൂ.

◾ രാജ്യത്ത് വിദേശനാണ്യ ശേഖരത്തില്‍ വന്‍ വര്‍ദ്ധനവ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, മാര്‍ച്ച് 22ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 642.631 ബില്യണ്‍ യുഎസ് ഡോളറില്‍ എത്തി. തുടര്‍ച്ചയായ അഞ്ചാമത്തെ ആഴ്ചയാണ് വിദേശനാണ്യ ശേഖരം റെക്കോര്‍ഡ് നിലവാരത്തില്‍ എത്തുന്നത്. ഇതിന് തൊട്ടു മുന്‍പുള്ള ആഴ്ച 639.3 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. ഒരാഴ്ചയ്ക്കിടെ 140 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. വിദേശനാണ്യ ശേഖരത്തിലെ പ്രധാന ഘടകങ്ങളില്‍ ഒന്നായ വിദേശ കറന്‍സി ആസ്തി 568.264 ബില്യണ്‍ യുഎസ് ഡോളറാണ്. ഇക്കുറി സ്വര്‍ണശേഖരത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. 347 മില്യണ്‍ യുഎസ് ഡോളറില്‍ നിന്നും 51.487 ബില്യണ്‍ ഡോളറായാണ് സ്വര്‍ണശേഖരം വര്‍ദ്ധിച്ചിരിക്കുന്നത്. ഒരു രാജ്യത്തിന്റെ സെന്‍ട്രല്‍ ബാങ്കിന്റെയോ, മോണിറ്ററി അതോറിറ്റിയുള്ള സ്ഥാപനത്തിന്റെയോ ആസ്തികളെയാണ് വിദേശനാണ്യ ശേഖരമെന്ന് വിളിക്കുന്നത്.

◾ ഇതുവരെ കാണാത്ത അവതാരത്തില്‍ പൃഥ്വിരാജ് സുകുമാരനെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ബഡേ മിയാന്‍ ചോട്ടെ മിയാന്‍’. അടുത്തിടെ പുറത്തുവിട്ട ട്രെയിലറും ഇപ്പോള്‍ റിലീസായ പോസ്റ്ററും നിഗൂഢമായ ലക്ഷ്യത്തോടെ നില്‍ക്കുന്ന ഒരു വില്ലനെയാണ് കാണിക്കുന്നത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ക്കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച പൃഥ്വിരാജ് സുകുമാരന്‍, വളരെ വ്യത്യസ്തമായ വില്ലന്‍ വേഷമാണ് എത്തുന്നത്. ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന ആക്ഷന്‍ സിനിമയിലെ വില്ലന്റെ ഫസ്റ്റ്ലുക്കാണ് ഇപ്പോള്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. അക്ഷയ് കുമാര്‍, ടൈഗര്‍ ഷെറോഫ് എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ പ്രധാന വില്ലന്‍ കഥാപാത്രത്തെയാണ് പ്രഥ്വിരാജ് അവതരിപ്പിക്കുന്നത്. താരത്തിന്റെ മലയാളം ആമുഖത്തോടെയാണ് മുന്‍പ് ഇറങ്ങിയ ടീസര്‍ ആരംഭിച്ചിരുന്നത്. ഇത് ആദ്യമായാണ് അക്ഷയും ടൈഗറും ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നത്. ഷാഹിദ് കപൂര്‍ നായകനായ ബ്ലഡി ഡാഡി എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫര്‍ ഒരുക്കുന്ന ചിത്രമാണിത്. മുടി നീട്ടി വളര്‍ത്തി ഒരു മാസ്‌ക് കൊണ്ട് മുഖം മറച്ച രീതിയിലാണ് പൃഥ്വിരാജിനെ വില്ലനായി അവതരിപ്പിക്കുന്നത്.

◾ പൃഥ്വിരാജ് നായകനായ ‘ആടുജീവിത’ത്തിന് യുഎഇ കളക്ഷനിലും മികച്ച നേട്ടം. യുഎഇയില്‍ പൃഥ്വിരാജിന്റെ ആടുജീവിതം 7.62 കോടി രൂപയിലധികം നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജിസിസിയില്‍ എല്ലാ രാജ്യങ്ങളിലും ആടുജീവിതം സിനിമ റിലീസ് ചെയ്തിരുന്നില്ല. ബഹ്റൈനിലും ഏപ്രില്‍ മൂന്ന് മുതല്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ‘ആടുജീവിതം’ സിനിമ ബ്ലസ്സി ഒരുക്കുന്നത്. നജീബായി പൃഥ്വിരാജ് ആടുജീവിതത്തില്‍ വേഷമിട്ടിരിക്കുന്നു. ലോക നിലവാരത്തിലാണ് പൃഥിരാജിന്റെ ആടുജീവിതം സിനിമ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഒരു ചിത്രമായിരിക്കും ആടുജീവിതം എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനര്‍. കെ എസ് സുനിലാണ് ഛായാഗ്രഹണം. എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്.

◾ അഞ്ച് പുതിയ എഎംടി വേരിയന്റുകള്‍ (മൂന്ന് പെട്രോള്‍, രണ്ട് ഡീസല്‍) അവതരിപ്പിച്ചുകൊണ്ട് ടാറ്റ മോട്ടോഴ്‌സ് നെക്‌സോണ്‍ നിരയെ നിശബ്ദമായി പരിഷ്‌കരിച്ചു. നെക്‌സോണ്‍ നിരയില്‍ അഞ്ച് പുതിയ എഎംടി വേരിയന്റുകള്‍ നിര്‍മ്മാതാവ് അവതരിപ്പിച്ചു. നെക്സോണ്‍ പെട്രോള്‍ എഎംടി മോഡലുകളുടെ ശ്രേണി ഇപ്പോള്‍ സ്മാര്‍ട്+ വേരിയന്റിന് 10 ലക്ഷം രൂപ എക്സ്-ഷോറൂം മുതല്‍ ആരംഭിക്കുന്നു, അതേസമയം ഡീസല്‍ എഎംടി വേരിയന്റുകള്‍ പ്യുവര്‍ ട്രിമ്മിന് 11.80 എക്സ്-ഷോറൂം ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. മുമ്പ്, ഏറ്റവും താങ്ങാനാവുന്ന നെക്‌സോണ്‍ പെട്രോള്‍ എഎംടിയുടെ വില 11.70 ലക്ഷം രൂപയായിരുന്നു (എക്‌സ്-ഷോറൂം), എന്‍ട്രി ലെവല്‍ ഡീസല്‍ എഎംടി വേരിയന്റ് 13 ലക്ഷം രൂപയില്‍ (എക്‌സ് ഷോറൂം) ആരംഭിച്ചു. ഈ വകഭേദങ്ങളെല്ലാം മിഡ്-സ്പെക്ക് ക്രിയേറ്റീവ് ട്രിം അടിസ്ഥാനമാക്കിയുള്ളതാണ്. 120 ബിഎച്പി കരുത്തും 170 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിവുള്ള 1.2-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് നെക്സോണ്‍ എഎംടിയുടെ കരുത്ത്. വേരിയന്റിനെ ആശ്രയിച്ച് 6-സ്പീഡ് എഎംടി, 5സ്പീഡ് മാനുവല്‍, 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി (പാഡില്‍ ഷിഫ്റ്ററുകള്‍ ഉള്‍ക്കൊള്ളുന്നു) ഈ പവര്‍ഹൗസ് ജോടിയാക്കാം. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കില്‍, ഇത് 115 ബിഎച്പി കരുത്തും 260 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

◾ ജീവിതക്കാഴ്ചകളെ സരളഭാഷയില്‍ ആവിഷ്‌കരിക്കുന്ന കഥകള്‍. സ്‌നേഹവും പ്രണയവും ദാമ്പത്യവും ജീവിതവിഹ്വലതകളും പ്രമേയമാവുന്ന ഇവ തീര്‍ത്തും വ്യത്യസ്തമായ അനുഭവങ്ങളാകുന്നു. ഭയം, സുഭദ്രമ്മ, ജാനുവമ്മ, പാരതന്ത്ര്യം, മൈലാഞ്ചി, സോനാഗാച്ചി, അമ്മയും മകനും, അവശിഷ്ടങ്ങള്‍, ചേക്കേറുന്ന പക്ഷികള്‍, ഗാന്ധിജിയുടെ പ്രസക്തി, അടുക്കള തീപിടിച്ച രാത്രി, അമ്മാളുക്കുട്ടിയുടെ ഭര്‍ത്താവ്, വിടവാങ്ങുന്ന ദുബായ്ക്കാരന്‍ എന്നീ 13 കഥകളുടെ സമാഹാരം. ‘ചേക്കേറുന്ന പക്ഷികള്‍’. ഒമ്പതാം പതിപ്പ്. മാധവിക്കുട്ടി. ഡിസി ബുക്സ്. വില 114 രൂപ.

◾ യാത്രകളില്‍ പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് യാത്രക്കിടയിലെ മനംപുരട്ടലും ഛര്‍ദ്ദിക്കാനുള്ള തോന്നലും തലവേദനയുമൊക്കെ. പൊതു-സ്വകാര്യ വാഹനങ്ങളിലെ യാത്രകളിലാണ് പലരെയും ഈ പ്രശ്‌നങ്ങള്‍ അലട്ടുന്നത്. മോഷന്‍ സിക്നസ്സാണ് ഇതിനു കാരണമായി പറയപ്പെടുന്നത്. ഇന്ദ്രിയങ്ങള്‍ തമ്മില്‍ വിരുദ്ധത ഉണ്ടാകുമ്പോഴാണ് മോഷന്‍ സിക്നസ്സ് ഉണ്ടാകുന്നത്. പ്രത്യേകിച്ച് കണ്ണും ചെവിയും തമ്മിലുള്ള വിരുദ്ധതായണ് ഇതിന് പ്രധാനകാരണം. ഇവ ഒഴിവാക്കാനുള്ള ചില ടിപ്‌സുകള്‍ ഇനി പറയാം…പുറം കാഴ്ചകള്‍ നോക്കിയിരിക്കുക, വണ്ടി ഓടിക്കുന്നതായി കരുതുക. പറ്റുമെങ്കില്‍ കാര്‍ ഡ്രൈവ് ചെയ്യുന്നതായി കരുതുക. റോഡില്‍ തന്നെ ശ്രദ്ധിക്കുന്നതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് ഇത്തരം അസ്വസ്ഥതകള്‍ പൊതുവെ ഉണ്ടാവില്ല. യാത്ര ചെയ്തുകൊണ്ടിരിക്കുന്നതിന്റെ എതിര്‍ ദിശയിലേക്ക് ഈ പ്രശ്‌നമുള്ളവര്‍ ഒരിക്കലും ഇരിക്കരുത്. ദൂരത്തുള്ള ചലിക്കാത്ത വസ്തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. വായിക്കുക, കാര്‍ഡ് കളിക്കുക തുടങ്ങി ഒരേ ബിന്ദുവില്‍ നോക്കുന്ന കാര്യങ്ങളെല്ലാം ഒഴിവാക്കുക. ചുറ്റും നോക്കരുത്. ഒരു വശത്തു നിന്നും മറ്റൊരു വശം വരെയും കൂടുതല്‍ നോക്കരുത്. ഇരുണ്ട സണ്‍ഗ്ലാസുകള്‍ വയ്ക്കുക. അതുപോലെ പറ്റുമെങ്കില്‍ ഉറങ്ങുക. അപ്പോള്‍ കാഴ്ചകള്‍ മിന്നിമറയുന്നത് കണ്ണുകള്‍ അറിയില്ല. ഭക്ഷണങ്ങളുടെ രൂക്ഷമായ മണം ഒഴിവാക്കുന്നത് മനംപുരട്ടല്‍ തടയാന്‍ സഹായിക്കും. യാത്ര ചെയ്യുമ്പോഴും അതിന് മുമ്പും കഴിക്കുന്ന ആഹാരം ശ്രദ്ധിക്കുക. അതുപോലെ സോഡയ്ക്ക് പകരം ധാരാളം വെള്ളം കുടിക്കുക. ശുദ്ധവായു ലഭിക്കുന്നത് പലര്‍ക്കും ആശ്വാസം നല്‍കും. അതിനാല്‍ സാധിക്കുമെങ്കില്‍ ജനല്‍ തുറന്ന് താഴേക്ക് കുനിഞ്ഞ് നന്നായി ശ്വസിക്കുക. അതുപോലെ ഈ പ്രശ്നമുള്ള മറ്റുള്ളവരില്‍ നിന്നും അകന്നിരിക്കുക. ഇതിനെ കുറിച്ച് പറയുന്നത് കേള്‍ക്കുന്നതും ഈ അസ്വസ്ഥതകള്‍ കാണുന്നതും ചിലപ്പോള്‍ നിങ്ങളിലും ഇതേ പ്രശ്നമുണ്ടാക്കും. യാത്രാ വേളകളില്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കരുത്. അയഞ്ഞ വസ്ത്രങ്ങളായിരിക്കും യാത്രയ്ക്ക് സൗകര്യപ്രദം. ഒരു കഷ്ണം നാരങ്ങ വലിച്ച് കുടിച്ചു കൊണ്ടിരിക്കുന്നത് വളരെയധികം ആശ്വാസം നല്‍കും. അതുപോലെ ഛര്‍ദ്ദിയെ പ്രതിരോധിക്കാന്‍ ഇഞ്ചി വളരെ നല്ലതാണ്. പരമാവധി ഉപ്പ് രസമുള്ള എന്തെങ്കിലും കഴിക്കുക. കൂടാതെ പുതിന ഇലയും മനംപിരട്ടല്‍ ശമിപ്പിക്കാന്‍ നല്ലതാണ്.

ശുഭദിനം

നേരം പുലര്‍ന്നുവരുന്നതേയുളളൂ. ആ ഗുരുവും ശിഷ്യനും കൂടി കടല്‍ത്തീരത്തുകൂടി നടക്കുകയായിരുന്നു. ശിഷ്യന്റെ ഒരു കയ്യില്‍ വലയും മറ്റേകയ്യില്‍ മീന്‍ നിറഞ്ഞ ഒരു കുട്ടയുമുണ്ട്. ആ നടത്തത്തിനിടയില്‍ ഒരു യാചകന്‍ അവരുടെ മുന്നിലേക്ക് വന്നു യാചിച്ചു. ശിഷ്യന്‍ തന്റെ കയ്യിലിരുന്ന മീനുളള കുട്ട യാചകനെ ഏല്‍പ്പിച്ചു. യാചകന് സന്തോഷമായി. ഇന്ന് ആ കുട്ടയിലെ മീന്‍വിററാല്‍ അവനും കുടുംബത്തിനും വയറുനിറയെ ഭക്ഷണം കഴിക്കാം. യാചകന്‍ നന്ദി പറഞ്ഞ് നടന്നുനീങ്ങി. താന്‍ തന്റെ ഗുരു പഠിപ്പിച്ചതുപോലെ തന്നെ ചെയ്ത കൃതാര്‍ത്ഥതയില്‍ അയാള്‍ ഗുരുവിനെ നോക്കി. ഗുരു അവനെയൊന്ന് സൂക്ഷിച്ചു നോക്കി. എന്നിട്ടു പറഞ്ഞു: പ്രിയപ്പെട്ടവനെ, നീ നിന്റെ കയ്യിലുണ്ടായിരുന്ന മത്സ്യമത്രയും അവന് നല്‍കി. അതിന്നവന്റെ ഉദരപൂരണത്തിന് സഹായകമാണ്. എന്നാല്‍, നിന്റെ മറുകൈയ്യിലുണ്ടായിരുന്ന വല നീയവന് നല്‍കിയിരുന്നുവെങ്കില്‍ എന്നന്നേക്കും അവനത് ഉപജീവനമാര്‍ഗ്ഗമായേനെ. ശരിക്കും ഉയിര്‍പ്പ് എന്ന് പറയുന്നത് ഇത്തരം ഉള്‍ക്കാഴ്ചകളിലേക്കുളള എഴുന്നേല്‍പ്പ് തന്നെയാകണം.. അങ്ങനെതന്നെയാകുകയും വേണം.. എല്ലാവര്‍ക്കും ഉയിര്‍പ്പിന്റെ, ഈസ്റ്ററിന്റെ ആശംസകള്‍.