”
ഡൽഹി സർവകലാശാലയിലെ മലയാളി വിദ്യാർഥികൾ കസ്റ്റഡിയിൽ
🖱️സിഎഎക്കെതിരെ പ്രതിഷേധത്തിനൊരുങ്ങിയ ഡൽഹി സർവകലാശാലയിലെ മലയാളി വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. പ്രതിഷേധ പരിപാടി തുടങ്ങുന്നതിനു മുമ്പേയാണ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തത്. സർവകലാശാല ക്യാമ്പസിനകത്തു കയറിയാണ് പൊലീസിന്‍റെ നടപടി. അതേസമയം ക്ലാസിലേക്ക് നടന്നുപോയവരെയും കസ്റ്റഡിയിലെടുത്തെന്ന് വിദ്യാർഥികൾ ആരോപിച്ചു.
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍; മുന്നറിയിപ്പുമായി കെഎസ്ഇബി
🖱️വേനല്‍ കടുത്തതോടെ, സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. തിങ്കളാഴ്ച മാത്രം ഉപഭോഗം 100 ദശലക്ഷ യൂണിറ്റ് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വൈദ്യുതി കരുതലോടെ ഉപയോഗിക്കാൻ നിര്‍ദേശിക്കുകയാണ് കെഎസ്ഇബി. വൈദ്യുതി ഉപഭോഗം ഈ നിലയില്‍ തുടര്‍ന്നാല്‍ സംസ്ഥാനം വൈദ്യുത ക്ഷാമത്തിലേക്ക് പോകുന്നതിനും, വൈദ്യുതി കടമെടുക്കുന്നതുമടക്കമുള്ള വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കുമെന്ന വിലയിരുത്തലിലാണ് കെഎസ്ഇബി.
കേരളത്തിന് ആശ്വാസം: പ്രത്യേക രക്ഷാ പാക്കേജ് അനുവദിക്കാന്‍ നിർദേശിച്ച് സുപ്രീം കോടതി
🖱️രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ കേരളത്തിന് പ്രത്യേക പരിഗണന നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യുന്നതിനായി കേരളത്തിന് ഒറ്റതവണ പ്രത്യേക പാക്കേജ് പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി നിർദേശിച്ചു.
മാസപ്പടി വിവാദത്തിൽ കെഎസ്ഐഡിസിക്കെതിരേ വിമർശനവുമായി ഹൈക്കോടതി
🖱️മാസപ്പടി വിവാദത്തിൽ കെഎസ്ഐഡിസിക്കെതിരേ വിമർശനവുമായി ഹൈക്കോടതി. എസ്എഫ്ഐഒ അന്വേഷണത്തിൽ നിന്നും വിട്ട് നിൽക്കാനാകില്ലെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കെഎസ്ഐഡിസിയോട് ഹൈക്കോടതി നിർദേശിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാപനമെന്ന നിലയ്ക്ക് നിങ്ങൾ തന്നെ അന്വേഷണത്തിന് ആവശ്യപ്പെടണമായിരുന്നു, അന്വേഷണത്തിൽ നിന്ന് മാറി നിൽക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ടി.എൻ. പ്രതാപൻ കെപിസിസി വർക്കിങ് പ്രസിഡന്‍റ്
🖱️കെപിസിസി വർക്കിങ് പ്രസിഡന്‍റായി ടി.എൻ. പ്രതാപനെ നിയമിച്ചു. തൃശൂരിൽ സിറ്റിങ് എംപിയായ പ്രതാപനു പകരം കെ. മുരളീധരനെ ലോക്സഭാ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് പ്രതാപന് സംഘടനാ പദവി നൽകിയിരിക്കുന്നത്. സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണു ഗോപാലാണ് പുതിയ നിയമനം വ്യക്തമാക്കിയത്. നിലവിൽ കൊടിക്കുന്നിൽ സുരേഷും കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖും അടക്കം രണ്ടു വർക്കിങ് പ്രസിഡന്‍റുമാരാണ് കെപിസിസിക്കുള്ളത്.
ഡ്രൈവിങ് പഠിപ്പിക്കാനും കെഎസ്ആർടിസി
🖱️കെഎസ്ആർടിസിയുടെ മേൽനോട്ടത്തിൽ സംസ്ഥാനത്ത് ഡ്രൈവിങ് സ്‌കൂളുകൾ ആരംഭിക്കാൻ ആലോചന. ഇതിന്‍റെ സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി സിഎംഡിക്ക് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാർ നിർദേശം നൽകി. മിതമായ നിരക്കിൽ മികച്ച നിലവാരത്തിലുള്ള ഡ്രൈവിങ് പരിശീലനം നൽകുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. കെഎസ്ആർടിസിയിലെ വിദഗ്ധരായ ഇൻസ്ട്രക്റ്റർമാരുടെ സേവനം ഇതിനായി വിനിയോഗിക്കും. പരിശീലന കേന്ദ്രങ്ങളിൽ ഡ്രൈവിങ് ടെസ്റ്റിനുള്ള സംവിധാനവും ഒരുക്കും.
സിഎഎ യിൽ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
🖱️പൗരത്വ ഭേദഗതി നിയമ (സിഎഎ)ത്തിനെതിരേ രാജ്യത്ത് പ്രതിപക്ഷ പാർട്ടികളുടെയും മുസ്‌ലിം സംഘടനകളുടെയും നേതൃത്വത്തിൽ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ വിശദീകരണവുമായി കേന്ദ്ര സർക്കാർ. നിയമത്തിൽ മുസ്‌ലിംകൾക്ക് ആശങ്ക വേണ്ടെന്നു കേന്ദ്രം വ്യക്തമാക്കി. രാജ്യത്തെ മുസ്‌ലിംകൾക്ക് തുല്യാവകാശമുണ്ടെന്നും പുതിയ നിയമത്തിന്‍റെ പേരിൽ രാജ്യത്തെ ഒരു പൗരനും പൗരത്വം തെളിയിക്കേണ്ടിവരില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
പൗരത്വത്തിന് അപേക്ഷിക്കാൻ പോര്‍ട്ടല്‍ റെഡി
🖱️പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ പൗരത്വത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കാനുള്ള പോര്‍ട്ടല്‍ സജ്ജമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. https://indiancitizenshiponline.nic.in/ എന്ന സൈറ്റിലൂടെ അപേക്ഷകന് പൗരത്വത്തിനായി അപേക്ഷിക്കാം. ഇതിനായി അപേക്ഷകര്‍ക്ക് സ്വന്തം ഇ മെയില്‍ ഐഡിയും മൊബൈല്‍ നമ്പറും നിര്‍ബന്ധമാണ്.
അധ്യയന വർഷം തുടങ്ങുന്നതിന് രണ്ടര മാസം മുമ്പ് പാഠപുസ്‌തകങ്ങൾ വിദ്യാർഥികളുടെ കൈകളിൽ
🖱️സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി അധ്യയന വർഷം തുടങ്ങുന്നതിന് 81 ദിവസം മുമ്പ് പാഠപുസ്‌തകങ്ങൾ വിദ്യാർഥികളുടെ കൈകളിലെത്തിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞവർഷം 60 ദിവസം മുമ്പാണ് പാഠപുസ്‌തകങ്ങൾ വിതരണം ചെയ്‌തത്. കഴിഞ്ഞ എട്ട് വർഷവും അധ്യയനവർഷത്തിന് മുമ്പ് പുസ്തകങ്ങൾ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാരിനായെന്നും മന്ത്രി വി ശിവൻകുട്ടി സംസ്ഥാനതല വിതരണണോദ്‌ഘാടനം നിർവഹിച്ച് പറഞ്ഞു. വഴുതക്കാട് കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്‌എസ്‌എസിൽ നടന്ന ചടങ്ങിൽ ആന്റണി രാജു എംഎൽഎ അധ്യക്ഷനായി.
ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സെയ്നി സത്യപ്രതിജ്ഞ ചെയ്തു
🖱️ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സെയ്നി സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് ഹരിയാന രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. പാര്‍ട്ടി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതിരുന്ന 4 ജെജെപി എംഎല്‍എമാര്‍ സത്യപ്രതിജ്ഞാ വേദിയിലെത്തി. പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള നേതാവായ സൈനി ഹരിയാനയിലെ കുരുക്ഷേത്ര മണ്ഡലത്തിൽ നിന്നുള്ള എംപിയുമാണ്. വിമത ജെജെപി എംഎൽഎമാർ അടുക്കമുള്ള പുതിയ മന്ത്രിസഭയിൽ അംഗങ്ങളാകുമെന്നാണ് വിവരം.
രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തു വിട്ട് കോൺഗ്രസ്
🖱️ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള രണ്ടാം ഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തു വിട്ട് കോൺഗ്രസ്. 43 പേരുടെ പട്ടികയാണ് പുറത്തു വിട്ടിരിക്കുന്നത്. ബിജെപിയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹം പ്രചരിച്ചിരുന്ന കമൽനാഥിന്‍റെ മകനും എംപിയുമായ നകുൽനാഥും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശിലെ ചിന്ദ്വാരയിൽ നിന്നാണ് നകുൽ നാഥ് മത്സരിക്കുന്നത്. രാജസ്ഥാനിലെ ജലോറിൽ നിന്ന് വൈഭവ് ഗേലോട്ടും അസമിലെ ജോർഹട്ടിൽ നിന്ന് ഗൗരവ് ഗോഗോയും മത്സരിക്കും. രാജസ്ഥാനിലെ സ്ഥാനാർഥികളുടെ പട്ടികയിൽ രണ്ടു തവണ എംപി സ്ഥാനം വഹിച്ച സച്ചിൻ പൈലറ്റ് ഉൾപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
തൃശൂര്‍ മെഡി. കോളെജിൽ 606.46 കോടിയുടെ പദ്ധതികൾ
🖱️തൃശൂര്‍ മെഡിക്കല്‍ കോളെജിലെ 606.46 കോടിയുടെ നിര്‍മാണ പദ്ധതികളുടേയും 11.4 കോടിയുടെ പ്രവര്‍ത്തന പദ്ധതികളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളെജിന്‍റെ മുഖച്ഛായ മാറ്റുന്ന തരത്തിലുള്ള വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് മുഖ്യമന്ത്രി തുടക്കം കുറിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 279.19 കോടി ചെലവഴിച്ചുള്ള അമ്മയും കുഞ്ഞും ആശുപത്രി ബ്ലോക്ക്, 285.54 കോടിയുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, 36.73 കോടിയുടെ ഗവ. ഡെന്‍റല്‍ കോളെജ് കെട്ടിടം രണ്ടാംഘട്ട നിര്‍മാണം, 5 കോടിയുടെ ഐസൊലേഷന്‍ ബ്ലോക്ക് എന്നിവയുടെ നിര്‍മാണ ഉദ്ഘാടനമാണ് നടന്നത്.
ആലപ്പുഴ വഴിയുള്ള വന്ദേഭാരത് മംഗളൂരുവിലേക്ക്; മോദി ഫ്ലാഗ് ഓഫ് ചെയ്യും
🖱️വന്ദേഭാരത് അടക്കം മൂന്നു ട്രെയിനുകളുടെ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. മൂകാംബികയിലേക്കുള്ള തീർഥാടകർക്ക് ഇത് ഏറെ പ്രയോജനം ചെയ്യും. തിരുവനന്തപുരം- ആലപ്പുഴ – കാസര്‍ഗോഡ് സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് മംഗളൂരുവിലേക്കു നീട്ടുന്നതിന്‍റെ ഉദ്ഘാടനം, പുതിയതായി പ്രഖ്യാപിച്ച മൈസൂരു- ചെന്നൈ വന്ദേഭാരത് എക്‌സ്പ്രസ്, തിരുപ്പതി- കൊല്ലം എക്‌സ്പ്രസ് എന്നിവയുടെ ഉദ്ഘാടനവും റെയ്‌ല്‍വേ സ്റ്റേഷന്‍ പരിസരത്ത് ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പുകള്‍ തുറക്കല്‍ തുടങ്ങി വിവിധ റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും.
”പത്മജ തൃശൂരിൽ പ്രചാരണത്തിനിറങ്ങും, മറിച്ചുള്ള വാർത്തകൾ തെറ്റ്”, സുരേഷ് ഗോപി
🖱️കോൺഗ്രസ് വിട്ടെത്തിയ പത്മജ വേണുഗോപാൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കില്ലെന്ന വാർത്ത നിഷേധിച്ച് സുരേഷ് ഗോപി. പത്മജയെ തൃശൂരിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറക്കേണ്ടെന്നാണ് ബിജെപി തീരുമാനമെന്ന തരത്തിലായിരുന്നു പുറത്തു വന്ന വാർത്തകൾ. എന്നാൽ അങ്ങനെയൊരു ചിന്ത ബിജെപിക്കുണ്ടായിരുന്നെങ്കില്‍ പത്മജയെ പാര്‍ട്ടിയിലേക്ക് എടുക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.
ട്രെയ്നുകൾക്ക് വേഗം കൂട്ടാൻ ട്രാക്കുകളുടെ വളവ് നിവർത്തും
🖱️ട്രെയ്‌നുകളുടെ വേഗം കൂട്ടല്‍ ഉള്‍പ്പെടെ പാളത്തില്‍ നടത്തേണ്ട അറ്റകുറ്റപ്പണികള്‍ക്ക് നിലവിലെ ട്രെയ്‌നുകളുടെ ബാഹുല്യം തടസമാണെന്ന് തിരുവനന്തപുരം റെയ്‌ല്‍വേ ഡിവിഷണല്‍ മാനെജര്‍ മനീഷ് തപ്യാല്‍.ട്രാക്കുകള്‍ ബലപ്പെടുത്തി വേഗം കൂട്ടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വളവുകള്‍ നിവര്‍ത്തിയും സിഗ്നല്‍ സംവിധാനം നവീകരിച്ചുമാകും വേഗം കൂട്ടുക. ഭൂമി ഏറ്റെടുക്കല്‍ വേണ്ടിവരില്ല. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗം കൈവരിക്കുകയാണ് ലക്ഷ്യം. ട്രെയ്‌നുകൾ ഓടാത്ത സമയം നോക്കിയാണു വളവു നിവർത്തൽ ജോലികൾ നടത്തുന്നത്. അതിൽ കാലതാമസം സ്വാഭാവികമാണ്.
പടയപ്പയെ നീരിക്ഷിക്കാൻ സ്പെഷ്യൽ ടീം
🖱️ജനവാസ മേഖലയിലിറങ്ങി അക്രമം സൃഷ്ടിക്കുന്ന പടയപ്പയെ ശ്രദ്ധിക്കാൻ സ്പെഷൽ ടീം രൂപീകരിക്കും. ആനയ്ക്ക് വനത്തിനുള്ളിൽ തന്നെ വെള്ളവും ആഹാരവും ഉറപ്പാക്കാനുള്ള പദ്ധതികളും നടപ്പാക്കും. ഇടുക്കിയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. പടയപ്പയെ ശ്രദ്ധിക്കാനായി കൂടുതൽ ക്യാമറകളും സ്ഥാപിക്കാനും തീരുമാനമായി. ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് യോഗം ചേർന്നത്. മന്ത്രിമാരും ജനപ്രതിനിധികളും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരും അടക്കം യോഗത്തിൽ പങ്കെടുത്തിരുന്നു.
മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ വിമര്‍ശനം
🖱️ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോതമംഗലത്ത് പ്രതിഷേധം നടത്തിയതിൽ എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ വിമര്‍ശനം. വീട്ടുകാരുടെ സമ്മതമില്ലാതെയല്ലേ മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് കൊണ്ടുപോയതെന്ന് കോടതി ചോദിച്ചു. പ്രതിഷേധത്തിനിടയില്‍ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചില്ലേ, അതിനെതിരെ കേസ് എടുക്കരുതെന്ന് പറയാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ചെയ്ത തെറ്റുകൾ ശരിയാണെന്ന് പറയാനാകുമോ എന്നും കോടതി ചോദിച്ചു.
ബേപ്പൂരില്‍ ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ്; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
🖱️ബേപ്പൂരില്‍ ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ്. ഇതേ തുടർന്ന് ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഒരു രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥനെയും ഒരു ബൂത്ത് ലെവല്‍ ഓഫീസറെയുമാണ് സസ്പെന്‍ഡ് ചെയ്യാൻ തീരുമാനമായത്. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗളാണ് നടപടിയെടുത്തത്.
വാട്ടർ മെട്രോ കളമശേരിയിലേക്കും
🖱️കേരളത്തിന്റെ ജലഗതാഗത രംഗത്ത് വിപ്ളവകരമായ മാറ്റം കൊണ്ടുവന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ കളമശ്ശേരി മണ്ഡലത്തിലേക്കും. വ്യാഴാഴ്‌ച വൈകീട്ട് 5.30ന് നടക്കുന്ന ചടങ്ങിൽ ഏലൂർ വാട്ടർ മെട്രോ ടെർമിനൽ ഉൾപ്പെടെ 4 ടെർമിനലുകൾ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. നാല് ടെർമിനലുകൾ കൂടി ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ രണ്ട് പുതിയ റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിക്കുക.
കുറുവ ദ്വീപ് അടച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി; ഹോട്ടലുടമ തൂങ്ങി മരിച്ചു
🖱️വന്യമൃഗശല്യം മൂലം വയനാട് ജില്ലയിലെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചതിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിലായ കച്ചവടക്കാരൻ ആത്മഹത്യ ചെയ്‌തു. കുറുവ ദ്വീപിനടുത്ത് ഭക്ഷണശാല നടത്തുന്ന സെബാസ്റ്റ്യൻ (60) ആണ് കച്ചവടം നിലച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്. വനം വകുപ്പ് വാച്ചർ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ കുറുവ ദ്വീപ് ആഴ്ചകളായി അടച്ചിടുകയായിരുന്നു. ഇതേതുടർന്ന് ഹോട്ടൽ പൂട്ടിയതോടെ സെബാസ്റ്റ്യന്‍റെ വരുമാനം നിലക്കുകയായിരുന്നു.
ആന്ധ്രയിൽ യുവതി ആത്മഹത്യ ചെയ്തു
🖱️ആന്ധ്രപ്രദേശിലെ വൈ എസ് ആർ കോൺഗ്രസ് പാർട്ടി സർക്കാരിനെ പ്രകീർത്തിച്ചതിന്‍റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായുണ്ടായ അധിക്ഷേപം സഹിക്കാനാകാതെ യുവതി ആത്മഹത്യ ചെയ്തു. 32 കാരിയായ ഗോതി ഗീതാഞ്ജലി ദേവി യാണ് സമൂഹമാധ്യമങ്ങളിലെ അധിക്ഷേപം സഹിക്കാനാകാതെ തീവണ്ടിക്ക് തല വച്ചത്. ജഗൻ മോഹൻ റെഡ്ഡി സർക്കാർ നടപ്പിലാക്കിയ ജഗന്നാഥ ഭവന പദ്ധതിയുടെ ഗുണഭോക്താവായിരുന്നു ഗീതാഞ്ജലി ദേവി. മാർച്ച് 4ന് നടന്ന പരിപാടിയിൽ ഈ പദ്ധതിയെ പുകഴ്ത്തിക്കൊണ്ട് ഗീതാഞ്ജലി സംസാരിക്കുന്ന വീഡിയോ വൈറലായി മാറിയിരുന്നു. ഒടുവിൽ ഞാൻ സ്വപ്നം കണ്ടതു പോലെ വീടു വയ്ക്കുന്നതിനുള്ള സ്ഥലം എന്‍റെ പേരിലായിരിക്കുന്നു. ഞാനേറെ സന്തോഷവതിയാണെന്നും ഗീതാഞ്ജലി പറയുന്നുണ്ട്.
ഇലക്‌ട്രൽ ബോണ്ട്; എസ്‌ബിഐ ശ്രമിച്ചത് കേന്ദ്രത്തെ സംരക്ഷിക്കാൻ: എം വി ഗോവിന്ദൻ
🖱️ഇലക്‌ട്രൽ ബോണ്ട് വിഷയത്തിൽ സുപ്രീംകോടതിയുടെ നിർദേശം നീട്ടിക്കൊണ്ടുപോയി ബിജെപിയെ സഹായിക്കാൻ ശ്രമിച്ച എസ്‌ബിഐ വെട്ടിലായിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം രൂപ വീതം ജനങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് പറഞ്ഞാണ് ബിജെപി അധികാരത്തിലെത്തിയത്. കള്ളപ്പണം സംരക്ഷിക്കാനാണ് ഇലക്ട്രൽ ബോണ്ടിലേക്ക് പണം മാറ്റിയത്. ബിജെപി ഫണ്ടിലേക്കാണ് ഭൂരിപക്ഷം സംഖ്യയും ഒഴുകിയത്.
വീണ്ടും വന്‍ ലഹരിവേട്ട
🖱️ഗുജറാത്തില്‍ വീണ്ടും രാജ്യത്തെ ഞെട്ടിക്കുന്ന മറ്റൊരു ലഹരിവേട്ട. പോർബന്ധർ തീരം വഴി കടത്താൻ ശ്രമിച്ച 450 കോടി രൂപ വില മതിക്കുന്ന ലഹരി മരുന്നാണ് പിടികൂടിയിരിക്കുന്നത്. സംഭവത്തിൽ 6 പാക്കിസ്ഥാൻ സ്വദേശികളും പിടിയിലായി. കോസ്റ്റ് ഗാർഡും എൻസിബിയും അടക്കമുള്ള ഏജൻസികൾ തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്ത് പിടികൂടിയത്.
മുളക് വിലയിൽ ഇടിവ്: കർണാടകയിൽ കർഷകരും പൊലീസും തമ്മിൽ സംഘർഷം
🖱️കർണാടകയിലെ ഹാവേരിയിൽ കർഷകരും പൊലീസും തമ്മിൽ സംഘർഷം. മുളകിന്‍റെ വിലയിൽ ഇടിവുണ്ടായതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടയിലാണ് സംഘർമുണ്ടായത്. സംഭവത്തിൽ ഡിവൈഎസ്പി ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റു. ഹാവേരിയിലെ ബ്യാഡഗി ജില്ലയിലാണ് സംഭവം. ഞായറാഴ്ച വരെ ക്വിന്‍റലിന് 25000 രൂപ വിലയുണ്ടായിരുന്ന മുളകിന് തിങ്കളാഴ്ചയായതോടെ പന്ത്രണ്ടായിരമായി ഇടിഞ്ഞതാണ് കർഷകരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.
ഡൽഹിയിൽ ‘കുപ്രസിദ്ധ വിവാഹം’
🖱️കനത്ത സുരക്ഷയിൽ ഗുണ്ടാക്കല്യാണത്തിന് സാക്ഷിയായി ഡൽഹി. ഗാങ്സ്റ്റർ കാലാ ജാത്തേദി എന്നറിയപ്പെടുന്ന സന്ദീപും റിവോൾവർ റാണി എന്നറിയപ്പെടുന്ന അനുരാധ ചൗധരിയുമാണ് വിവാഹിതരായത്. വിവാഹത്തിനു വേണ്ടി 6 മണിക്കൂർ നീണ്ടു നിൽക്കുന്ന പരോളാണ് ഡൽഹി ഹൈക്കോടതി കാലാ ജാത്തേദിക്ക് അനുവദിച്ചിരുന്നത്. അനുരാധയും വിവിധ കേസുകളിൽ പ്രതിയാണ്. തീഹാർ ജയിലിൽ നിന്ന് 7 കിലോമീറ്റർ അകലെയായുള്ള ദ്വാർക സെക്റ്റർ -3 യിലെ സന്തോഷ് ഗാൻഡനിലുള്ള ബാങ്കറ്റ് ഹാളിലാണ് വിവാഹം നടന്നത്.
തേജസ് ജെറ്റ് ഇടിച്ചു തകർന്നു
🖱️പൊഖ്റാനിലെ ഭാരത് ശക്തി 2024 ൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിനിടെ നാവിക സേനയുടെ തേജസ് ലൈറ്റ് കോമ്പാറ്റ് എയർ ക്രാഫ്റ്റ് ഇടിച്ചു തകർന്നതായി റിപ്പോർട്ട്. രാജസ്ഥാനിലെ ജയ്സൽമേറിൽ ജവാഹർ കോളനിക്കു സമീപമാണ് ജെറ്റ് തകർന്നത്.അപകട സമയത്ത് ജെറ്റിലുണ്ടായിരുന്ന രണ്ടു പൈലറ്റുകളും രക്ഷപ്പെട്ടു. ഇതാദ്യമായാണ് തേജസ് തകരുന്നത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ബൈജൂസിന്‍റെ ഓഫീസുകൾ പൂട്ടുന്നു
🖱️എജ്യു-ടെക് സ്ഥാപനമായ ബൈജൂസിന്‍റെ ഓഫീസുകൾ പൂട്ടുന്നു. പ്രതിസന്ധിക്കിടെ ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് ബംഗളൂരു ആസ്ഥാനം ഒഴികെയുള്ള ഓഫീസുകൾ പൂട്ടുന്നത്. കമ്പനിയിലെ 14,000 ജീവനക്കാർക്ക് വർക്ക് ഫ്രം ഹോമിലേക്ക് മാറാൻ നിർദേശം നൽകി. ആസ്ഥാന ഓഫീസിലെ ജീവനക്കാരും ബൈജൂസ് ട്യൂഷൻ സെന്‍ററുകളിലെ മുന്നൂറോളം ജീവനക്കാരും ഒഴികെ മറ്റെല്ലാവരും വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറും.
പ്രസിദ്ധ് കൃഷ്ണ ഐപിഎല്ലിൽ നിന്ന് പുറത്ത്
🖱️മുഹമ്മദ് ഷമിക്ക് പിന്നാലെ ഇന്ത്യന്‍ പേസറും രാജസ്ഥാന്‍ റോയല്‍സിൻ്റെ പ്രധാന ബൗളറുമായ പ്രസിദ്ധ് കൃഷ്ണ ഐപിഎല്ലിന് പുറത്തേക്ക്. പരിക്കേറ്റതിനെ തുടർന്നാണ് താരത്തിന് ഐപിഎൽ നഷ്ടമാവുക. നിലവിൽ പ്രസിദ്ധ് ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലാണ്. പ്രസിദ്ധ് കൃഷ്‌ണയുടെ പരിക്ക് സഞ്ജു സാംസൺ നായകനാകുന്ന രാജസ്ഥാൻ റോയൽസിന് കനത്ത നഷ്ടമാണുണ്ടാക്കുക.
ട്വന്റി 20 ലോകകപ്പ്: പന്തിന് വഴിതെളിയുന്നു
🖱️വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാനുള്ള വഴിയൊരുങ്ങുന്നു. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് സൂചന നൽകിയത്. പന്തിന് വിക്കറ്റ് കീപ്പിങ് ജോലികൂടി ചെയ്യാനായാൽ ട്വന്റി20 ലോകകപ്പിനുള്ളിൽ ഇന്ത്യൻ ടീമിൽ കളിക്കാനാകുമെന്ന് ഷാ പറഞ്ഞു. 2022 ഡിസംബറിൽ നടന്ന കാറപകടത്തെ തുടർന്ന് കളത്തിനുപുറത്താണ് ഇരുപത്താറുകാരൻ. പന്ത് ശാരീരികക്ഷമത പൂർണമായി കൈവരിച്ചു. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പ്രഖ്യാപനം ഉടനുണ്ടാകും. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്‌റ്റനാണ്. ബാറ്ററായി ടീമിലുണ്ടാകുമെന്ന് പരിശീലകൻ റിക്കി പോണ്ടിങ് വ്യക്തമാക്കിയിരുന്നു.
ഗോൾഡ് റേറ്റ്
ഗ്രാമിന് 6075 രൂപ
പവന് 48600 രൂപ