2023 | ഡിസംബർ 31 | ഞായർ | 1199 | ധനു 15 | മകം
???➖➖➖
© Copy rights reserved.
ഷെയർ ചെയ്യാം, കോപ്പിയടിക്കെതിരേ നിയമ നടപടിയെടുക്കും.
➖➖➖➖➖➖➖➖
◾പിണറായി സര്‍ക്കാരിനെതിരേ ‘സമരാഗ്നി ജാഥ’യുമായി കോണ്‍ഗ്രസ്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന ജാഥ ജനുവരി 21 നു കാസര്‍കോട്ടുനിന്ന് ആരംഭിക്കും. ഫെബ്രുവരി അവസാനത്തോടെ തിരുവനന്തപുരത്തു സമാപിക്കും. 140 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തും. ജനുവരി 3, 4, 5 തീയതികളിലായി ജില്ലാ നേതൃയോഗങ്ങള്‍ നടത്താനും കെപിസിസി തീരുമാനിച്ചു.
◾അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങു നടക്കുന്ന ജനുവരി 22 ന് വീടുകളില്‍ ശ്രീരാമജ്യോതി തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്രം രാജ്യത്തിന്റെ സ്വന്തമാണ്. 22 ന് ജനങ്ങള്‍ അയോധ്യയിലേക്കു വരരുതെന്നും മോദി അഭ്യര്‍ത്ഥിച്ചു. അയോദ്ധ്യയില്‍ വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും അടക്കമുള്ള 15,000 കോടി രൂപയുടെ വികസന പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ജയ് ശ്രീറാം വിളിച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്.
◾ലൈംഗികാതിക്രമ കേസിലെ പ്രതിയായ ബിജെപി എംപിയും ഗുസ്തി ഫെഡറേഷന് മുന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷണനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നില്‍ ഗുസ്തി താരങ്ങള്‍. പോലീസ് തടഞ്ഞതോടെ താരങ്ങള്‍ പിരിഞ്ഞുപോയി. ഗുസ്തി താരം വിനേഷ് ഫോഗട്ട് ഖേല്‍രത്ന, അര്‍ജുന അവാര്‍ഡുകള്‍ മടക്കി. അര്‍ജുന അവാര്‍ഡ് ഫലകം കര്‍ത്തവ്യപഥിലും ഖേല്‍ രത്ന പുരസ്കാരം റോഡിലും ഉപേക്ഷിച്ചു.
◾കരിമണല്‍ കമ്പനിയില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവര്‍ പണം കൈപ്പറ്റിയെന്ന ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം നടപടി തുടങ്ങി. കരിമണല്‍ കമ്പനി സിഎംആര്‍എല്ലിനും കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷനും നോട്ടീസ് നല്കി. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പണം നല്‍കിയെന്ന റിപ്പോര്‍ട്ടിലാണ് അന്വേഷണം. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണത്തിനു മുന്നോടിയായിട്ടാണ് നോട്ടീസ് അയച്ചത്.
◾ഇന്നു രാത്രി പുതുവത്സരാഘോഷം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഗതാഗതം അടക്കമുള്ള കാര്യങ്ങളില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. ആഘോഷം അതിരുവിടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്.
◾പെട്രോള്‍ പമ്പുകള്‍ ഇന്നു രാത്രി എട്ടു മുതല്‍ നാളെ രാവിലെ ആറുവരെ അടച്ചിടും. പമ്പുകള്‍ക്കെതിരേയുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ചും പുതുവല്‍സരാഘോഷത്തിനിടെ അക്രമസാധ്യതകള്‍ മുന്നില്‍ കണ്ടുമാണ് പമ്പുകള്‍ അടച്ചിടുന്നത്.
◾പുതുവത്സരാഘോഷത്തിന് തിരക്ക് നിയന്ത്രിക്കാന്‍ ഫോര്‍ട്ട് കൊച്ചിയില്‍ കനത്ത സുരക്ഷയും നിയന്ത്രണങ്ങളും. ഇന്നു വൈകീട്ട് നാലു മണിയോടെ ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള വാഹനങ്ങള്‍ നിയന്ത്രിക്കും. പരിധിക്കപ്പുറം ജനങ്ങളെത്തിയാല്‍ കടത്തിവിടില്ല. പരേഡ് ഗ്രൗണ്ടില്‍ പാപ്പാഞ്ഞി കത്തിക്കും. എന്നാല്‍ വെളി മൈതാനത്ത് ഒരുക്കിയ പാപ്പാഞ്ഞിയെ കത്തിക്കാന്‍ അനുവദിക്കില്ല. ഇതിനിടെ, പരേഡ് ഗ്രൗണ്ടില്‍ പാപ്പാഞ്ഞി ഉയര്‍ന്നു. 80 അടി നീളമുള്ള പാപ്പാഞ്ഞിയാണ് ഉയര്‍ത്തിയത്.
◾ഇന്ന് കോഴിക്കോട് നഗരത്തിലേക്കു ചരക്കുവാഹനങ്ങള്‍ക്കു പ്രവേശനമില്ല. യാത്രക്കാരില്ലാതെ ഡ്രൈവര്‍ മാത്രമായുള്ള കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. വൈകീട്ട് മൂന്നിനു ശേഷം ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്കു നിയന്ത്രണം ഉണ്ടാകും.
◾താമരശ്ശേരി ചുരത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്കു വിലക്ക്. ഇന്നു വൈകിട്ട് മുതല്‍ നാളെ രാവിലെ വരെ പൊലീസ് നിയന്ത്രണമുണ്ടാകും. നാളെ രാവിലെ വരെ വാഹനത്തില്‍നിന്നു പുറത്തിറങ്ങിയുള്ള ആഘോഷങ്ങള്‍ അനുവദിക്കില്ല. ചുരത്തില്‍ വാഹന പാര്‍ക്കിംഗും നിരോധിച്ചിട്ടുണ്ട്.
◾പുതുവത്സരാഘോഷത്തിനു ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നുണ്ടെങ്കില്‍ പോലീസില്‍നിന്ന് അനുമതി വാങ്ങണമെന്ന് തിരുവനന്തപുരം സിറ്റി പോലീസ്. പങ്കെടുക്കുന്നവരുടെ പേരും ഫോണ്‍ നമ്പരും ശേഖരിക്കണം. സിസിടിവി കാമറ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും പോലീസ് നിര്‍ദേശിച്ചു.
◾പുതുവല്‍സരത്തോടനുബന്ധിച്ച് കൊച്ചി മെട്രോ ഇന്ന് അര്‍ധരാത്രി കഴിഞ്ഞ് ഒരു മണിവരെ സര്‍വീസ് നടത്തും. ഇന്നു രാത്രി 10.30 നു ശേഷം 20 മിനിറ്റ് ഇടവിട്ടായിരിക്കും സര്‍വ്വീസ്. പുലര്‍ച്ചെ ഒരു മണിക്കാകും ആലുവ, എസ് എന്‍ ജംഗ്ഷന് സ്റ്റേഷനുകളില്‍ നിന്നുള്ള അവസാന സര്‍വ്വീസ്.
◾ജനുവരി മൂന്നു വരെ മഴയ്ക്കു സാധ്യത. തെക്കു കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ തെക്കന്‍ കേരളത്തിലാണു മഴയ്ക്കു സാധ്യത. പടിഞ്ഞാറു -വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തെക്കന്‍ അറബിക്കടലില്‍ മധ്യഭാഗത്തായി ശക്തി പ്രാപിച്ചു ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.
◾സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര മേഖലകളില്‍ വേഗത്തില്‍ എത്താന്‍ ഹെലി ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇതിനായി ഹെലികോപ്റ്റര്‍ ഓപ്പറേറ്റര്‍ ഏജന്‍സികളുമായി ചര്‍ച്ച നടത്തി ഏകോപിപ്പിക്കും.
◾മകര വിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു. 15 നാണു മകരവിളക്ക്. 20 വരെ ദര്‍ശനത്തിനു സൗകര്യമുണ്ടാകും. 21 നു നടയടയ്ക്കും.
◾കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ രാമക്ഷേത്ര ചര്‍ച്ച വേണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അവര്‍ അറിയിച്ചു.
◾അയോധ്യ വിഷയത്തില്‍ സുപ്രഭാതത്തിലെ മുഖ പ്രസംഗം സമസ്തയുടെ നിലപാടല്ലെന്ന പ്രതികരണവുമായി സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. അയോധ്യ വിഷയത്തില്‍ രാഷ്ട്രീയ കക്ഷികള്‍ എന്തു തീരുമാനിച്ചാലും സമസ്തക്കു വിരോധമില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. കോഴിക്കോട് നടന്ന സമസ്ത യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ശോഭകെടുത്താനാണ് സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. സുരേഷ് ഗോപിയെ സര്‍ക്കാര്‍ വേട്ടയാടുകയാണ്. സുരേഷ് ഗോപിക്കെതിരെ അന്വേഷണം നടത്തിയ കോഴിക്കോട് പൊലീസിന് തെളിവുകളൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ തിരുവനന്തപുരത്ത് രാഷ്ട്രീയ ഗൂഢാലോചന നടത്തി ജാമ്യമില്ലാ വകുപ്പ് ചുമത്തുകയായിരുന്നു. സുരേന്ദ്രന് പറഞ്ഞു.
◾കൊച്ചി മെട്രോയില്‍ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം പത്ത് കോടി പിന്നിട്ടു. 10,33,59,586 ആളുകളാണ് കൊച്ചി മെട്രോ സര്‍വ്വീസ് ആരംഭിച്ച 2017 ജൂണ്‍ 19 മുതല്‍ 2023 ഡിസംബര്‍ 29 വരെ യാത്ര ചെയ്തത്.
◾കണ്ണൂരില്‍ മലിന ജല പ്ലാന്റ് ഉദ്ഘാടന ചടങ്ങില്‍ മേയറും വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും തമ്മില്‍ വാക്കേറ്റം. കണ്ണൂര്‍ മഞ്ചപ്പാലത്തെ മലിന ജലശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് മന്ത്രി എം.ബി. രാജേഷ് വേദി വിട്ടതിനു പിറകേയാണ് മേയര്‍ അഡ്വ ടി.ഒ മോഹനനും വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി കെ രാഗേഷും തമ്മില്‍ വാക്കേറ്റമുണ്ടായത്. തര്‍ക്കം മൂത്ത് പ്രവര്‍ത്തകര്‍ തമ്മിലുള്ള കയ്യാങ്കളിയിലേക്ക് എത്തിയെങ്കിലും പൊലീസ് ഇടപെട്ട് ശാന്തമാക്കുകയായിരുന്നു.
◾മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് മൂന്നു കോടി രൂപ പുതുവത്സര സമ്മാനമായി നല്‍കും. രണ്ടേകാല്‍ കോടി രൂപ അധിക പാല് വിലയായും 75 ലക്ഷം രൂപ കാലിത്തീറ്റ സബ്സിഡിയായും നല്‍കാനാണ് ഭരണ സമിതി തീരുമാനിച്ചത്. നവംബര്‍ ഒന്നു മുതല്‍ 30 വരെ മേഖലാ യൂണിയന് പാല് നല്കിയ എല്ലാ ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങള്‍ക്കും നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് ഒരു രൂപ വീതമാണ് അധികപാല്‍ വിലയായി നല്‍കുക.
◾പത്തനംതിട്ടയിലെ മൈലപ്രയില്‍ വ്യാപാരിയായ വയോധികന് കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍. വ്യാപാരി ജോര്‍ജ് ഉണ്ണുണ്ണി (73) ആണ് മരിച്ചത്. വായില്‍ തുണി തിരുകി, കൈകാലുകള്‍ കെട്ടിയ നിലയിലായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
◾കെട്ടിടത്തിനു മുകളില്‍നിന്നു വീണ് എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ചു. പത്തനംതിട്ട തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊല്ലം ആശ്രാമം സ്വദേശി ജോണ്‍ തോമസ് ആണ് മരിച്ചത്. 26 വയസായിരുന്നു.
◾മന്ത്രി എംബി രാജേഷിന്റെ വാഹനവ്യൂഹം തടസപ്പെടുത്തിയെന്നാരോപിച്ച് പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മെഡിക്കല്‍ ഷോപ്പിലേക്ക് മരുന്നുകൊണ്ടുപോകുകയായിരുന്ന പി.എസ ശ്രീജിത്തിനെയാണ് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്.
◾അയോധ്യാ സന്ദര്‍ശനത്തിനിടെ അപ്രതീക്ഷിതമായി യുവതിയുടെ വീടു സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉജ്ജ്വല യോജന പദ്ധതി പ്രകാരം എല്‍പിജി ലഭിക്കുന്ന മീര മഞ്ജി എന്ന യുവതിയുടെ വീട്ടിലെത്തിയ മോദി അവര്‍ തയാറാക്കിയ ചായ കുടിച്ചു.
◾അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയവത്കരിക്കരുതെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. രാമക്ഷേത്രം ഒരു പാര്‍ട്ടിയുടേതല്ല. എല്ലാവരുടേതുമാണ്. എപ്പോള്‍ വേണമെങ്കിലും അയോധ്യയിലേക്ക് പോകാം. തനിക്ക് പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
◾തമിഴ്നാട്ടില്‍ ഗവര്‍ണര്‍- മുഖ്യമന്ത്രി കൂടിക്കാഴ്ച. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഉടന്‍ തീരുമാനം എടുക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടെന്നു മന്ത്രിമാര്‍ അറിയിച്ചു. ഈ വിഷയം ഉന്നയിച്ച് ഗവര്‍ണര്‍ക്കെതിരേ സുപ്രീം കോടതിയില്‍ കേസ് നല്‍കിയിരിക്കേയാണ് കൂടിക്കാഴ്ച. രാജ് ഭവനില്‍ എത്തിയ എം.കെ.സ്റ്റാലിനെ പ്രധാനവാതില്‍ വരെ ഇറങ്ങി വന്നാണ് ആര്.എന്‍.രവി സ്വീകരിച്ചത്. ഇരുവരും പരസ്പരം പൊന്നാട അണിയിക്കുകയും ഉപഹാരങ്ങള്‍ കൈമാറുകയും ചെയ്തു. നാലു മുതിര്‍ന്ന മന്ത്രിമാരും സ്റ്റാലിനൊപ്പം ഉണ്ടായിരുന്നു.
◾മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. തെങ്നോപ്പാലിലെ മൊറേയില്‍ സുരക്ഷാ സേനയും ആയുധധാരികളായ സംഘവും തമ്മില്‍ വെടിവയ്പുണ്ടായി. ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. രണ്ടു വീടുകള്‍ക്ക് തീയിട്ടു.
◾ഇന്ത്യന്‍ വംശജരായ കോടീശ്വര കുടുംബം അമേരിക്കയില്‍ മരിച്ച നിലയില്‍. യുഎസിലെ മസാച്യുസെറ്റ്സിലെ ബംഗ്ലാവിലാണ് രാകേഷ് കമാല്‍ (57), ഭാര്യ ടീന (54), അവരുടെ 18 വയസ്സുള്ള മകള്‍ അരിയാന എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോണില്‍ കിട്ടാതായതോടെ ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് വീട്ടിലെത്തിയപ്പോഴാണ് മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
◾റഷ്യയുടെ ബെല്‍ഗൊറോഡില്‍ യുക്രെയിന് നടത്തിയ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ 14 പേര് കൊല്ലപ്പെട്ടെന്ന് റഷ്യ. പരിക്കേറ്റ അമ്പതിലേറെ പേരില്‍ 17 പേര് കുട്ടികളാണ്. കഴിഞ്ഞ ദിവസം റഷ്യ യുക്രെയിനിലെ കാര്‍കീവില്‍ നടത്തിയ ആക്രമണത്തില്‍ 39 പേര് കൊല്ലപ്പെട്ടിരുന്നു.
◾ദേശീയ ഗുസ്തി മത്സരങ്ങള്‍ പുനരാരംഭിക്കണമെന്ന് ഗുസ്തി താരം ബജ്റംഗ് പൂനിയ. പാരീസ് ഒളിംപിക്സിനായുളള യാതൊരു തയ്യാറെടുപ്പും നടക്കുന്നില്ല. കഴിഞ്ഞ നാല് ഒളിംപിക്സിലും ഇന്ത്യയ്ക്ക് ഗുസ്തിയില്‍ മെഡല്‍ ലഭിച്ചിരുന്നു. എത്രയും വേഗം നടപടി വേണമെന്നു ബജ്റംഗ് പൂനിയ ആവശ്യപ്പെട്ടു.
◾ഓസ്ട്രേലിയക്കെതിരായ വനിതകളുടെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 3 റണ്‍സിന്റെ തോല്‍വി. ഓസ്ട്രേലിയ ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യക്കായി റിച്ചാഘോഷ് 96 റണ്‍സെടുത്തു. ആദ്യ മത്സരം ജയിച്ച ഓസീസ് ഇതോടെ ഒരു മത്സരം ശേഷിക്കേ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി.
◾വിപണിയില്‍ പണലഭ്യത കുറഞ്ഞതോടെ രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ നിക്ഷേപങ്ങളുടെ പലിശ ഉയര്‍ത്തുന്നു. കഴിഞ്ഞ ദിവസം പ്രമുഖ പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ(എസ്.ബി.ഐ) വിവിധ കാലാവധിയിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് അര ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. ഏഴ് മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ ഇതോടെ മൂന്ന് ശതമാനത്തില്‍ നിന്നും 3.5 ശതമാനമായി. മുതിര്‍ന്ന പൗരന്മാര്ക്ക് ഈ കാലാവധിയില്‍ നാല് ശതമാനം പലിശ ലഭിക്കും. 46 ദിവസം മുതല്‍ 179 ദിവസം വരെ പലിശ നിരക്ക് 0 .25 ശതമാനം ഉയര്‍ത്തി 4.75 ശതമാനമാക്കി. മുതിര്‍ന്ന പൗരന്മാര്ക്ക് 5.25 ശതമാനം പലിശ ലഭിക്കും. 180 ദിവസം മുതല്‍ 210 ദിവസം വരെ 5.75 ശതമാനവും ഒരു വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ആറ് ശതമാനവും പലിശ ലഭിക്കും. ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഫെഡറല്‍ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവയും ഈ മാസം നിക്ഷേപങ്ങളുടെ പലിശ വര്‍ദ്ധിപ്പിച്ചിരുന്നു.
◾വാലിബന്റെ ഇന്നലെ പുറത്തിറങ്ങിയ ഗാനവും വന്‍ ഹിറ്റ് ആണ്. റാക്ക് പാട്ട് എന്ന് പേരിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മോഹന്‍ലാല്‍ ആണ്. ഗാനത്തിന് ഇതിനകം യുട്യൂബില്‍ 1 മില്യണിലധികം കാഴ്ചകളാണ് ലഭിച്ചിരിക്കുന്നത്. മ്യൂസിക് ലിസ്റ്റില്‍ യുട്യൂബില്‍ ട്രെന്‍ഡിംഗ് നമ്പര്‍ ഒന്നുമാണ് ഈ ഗാനം. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ചിത്രത്തിന്റെ സഹരചയിതാവ് കൂടിയായ പി എസ് റഫീക്ക് ആണ്. ഗാനത്തിന്റെ ഇനിഷ്യല്‍ കോമ്പോസിഷനും റഫീക്ക് ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മ്യൂസിക് ഡയറക്ഷനും പ്രോഗ്രാമിംഗും പ്രശാന്ത് പിള്ള. മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന് ആചാരി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന് വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രവുമാണ് ഇത്.
◾നാനി-മൃണാള്‍ ഠാക്കൂര്‍ ചിത്രം ‘ഹായ് നാന്ന’ ഇനി ഒ.ടി.ടിയിലേക്ക്. വമ്പന്‍ റിലീസുകള്‍ക്കിടയിലും തിയേറ്ററില്‍ പിടിച്ചു നിന്ന ചിത്രമാണ് ഹായ് നാന്ന. 40 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 72 കോടി രൂപയാണ് ബോക്സ് ഓഫീസില്‍ നിന്നും നേടിയത്. ചിത്രം നെറ്റ്ഫ്ളിക്സിലാണ് സ്ട്രീമിംഗ് ആരംഭിക്കാന്‍ ഒരുങ്ങുന്നത്. ജനുവരി 4ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം നാനിയുടെ മുപ്പതാമത് ചിത്രം കൂടിയാണ്. പാന്‍ ഇന്ത്യനായി ഒരുങ്ങുന്ന ചിത്രം അച്ഛന് മകള്‍ ബന്ധത്തെ കുറിച്ചാണ് സംസാരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളില്‍ ഹായ് നന്ന എന്ന് പേരിട്ട ചിത്രത്തിന് ഹിന്ദിയില്‍ ‘ഹായ് പപ്പ’ എന്നാണ് പേര് നല്‍കിയത്. ഒരു മുഴുനീള ഫാമിലി എന്റര്‍ടെയ്നറാണ് ചിത്രം.ഹിഷാം അബ്ദുള്‍ വഹാബ് ആണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചത്.
◾ബോളിവുഡ് താരം ദീപിക പദുകോണിനെ ഹ്യുണ്ടേയ് ഇന്ത്യയുടെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചു. ലോകത്തെ സ്വാധീനിക്കുന്ന 100 വ്യക്തികളുടെ ടൈം മാഗസിന് പട്ടികയില്‍ ഇടം നേടിയ ദീപികയുമായുള്ള സഹകരണം ഗുണം ചെയ്യുമെന്ന പ്രതീക്ഷ ഹ്യുണ്ടേയ് ഇന്ത്യ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. മുഖം മിനുക്കിയെത്തുന്ന ഹ്യുണ്ടേയ് ക്രെറ്റയെ അവതരിപ്പിക്കുമ്പോള്‍ പുതിയ ബ്രാന്‍ഡ് അംബാസിഡറുടെ സാന്നിധ്യം പ്രതീക്ഷിക്കാം. ഹ്യുണ്ടേയ് ഇന്ത്യക്ക് രാജ്യത്ത് ആകെ 1,357 സെയില്‍സ് പോയിന്റുകളും 1,535 സര്‍വീസ് പോയിന്റുകളുമുണ്ട്. ആകെ 13 കാര്‍ മോഡലുകളാണ് ഹ്യുണ്ടേയ് ഇന്ത്യയില്‍ വില്‍ക്കുന്നത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന കാറുകള്‍ ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, പശ്ചിമേഷ്യ, ഓസ്ട്രേലിയ, ഏഷ്യ പസഫിക്ക് എന്നീ പ്രദേശങ്ങളിലെ 88 രാജ്യങ്ങളിലേക്ക് ഹ്യുണ്ടേയ് കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്. ജനുവരി 16ന് മുഖം മിനുക്കിയെത്തുന്ന ക്രേറ്റയെ അവതരിപ്പിച്ച് 2024 ഗംഭീരമായി തുടങ്ങാനാണ് ഹ്യുണ്ടേയ് ഇന്ത്യയുടെ ശ്രമം. ട്യൂസോണും വൈകാതെ ഹ്യുണ്ടേയ് പുറത്തിറക്കും. ക്രേറ്റയുടെ ഇ വി വകഭേദവും പുറത്തിറക്കാന്‍ ഹ്യുണ്ടേയ്ക്ക് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ ക്രേറ്റയെ ഹ്യുണ്ടേയ് ഇന്തോനേഷ്യ, തായ്ലാന്ഡ്, വിയറ്റ്നാം എന്നിവിടങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്.
◾ഇന്ത്യന്‍ ചലച്ചിത്രഗാനലോകത്ത് നാലരപ്പതിറ്റാണ്ടായി കേട്ടുകൊണ്ടിരിക്കുന്ന പാട്ടിന്റെ പേരാണ് കെ എസ് ചിത്ര. ആ പാട്ട് തീര്‍ത്ത സ്വകാര്യമായ അനുഭവലോകത്തെ ആവിഷ്കരിക്കുന്ന ഓര്‍മ്മകളുടെ പുസ്തകമാണ് ചിത്രവര്‍ണ്ണങ്ങള്‍. പുലര്‍കാലസുന്ദര സ്വപ്നത്തില്‍, അറിയാതെ എന്നിലെ എന്നില്‍ നീ കവിതയായ്, രാജഹംസമേ, താരാപഥം ചേതോഹരം, മാലേയം മാറോടലിഞ്ഞും… തുടങ്ങി പ്രശസ്ത ചലച്ചിത്രഗാനങ്ങളിലൂടെ ചിത്രയുടെ പാട്ടുജീവിതചരിത്രത്തെ രേഖപ്പെടുത്തുന്നു സംഗീതഗവേഷകനായ രവിമേനോന് ഈ പുസ്തകത്തിലൂടെ. ‘ചിത്രവര്ണങ്ങള്’. രവി മേനോന്. ഡിസി ബുക്സ്. വില 209 രൂപ.
◾അമിതവണ്ണം, ഉദാസീനമായ ജീവിതശൈലി, മോശം ഭക്ഷണ ശീലങ്ങള്‍, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം, പാരമ്പര്യം തുടങ്ങിയവയൊക്കെ പ്രമേഹ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. പ്രായമായവരില്‍ മാത്രമല്ല, ചെറുപ്പക്കാര്‍ക്കിടയിലും പ്രമേഹത്തിനുള്ള സാധ്യത വര്‍ധിച്ചുവരികയാണ്. ഉദാസീനമായ ജീവിതശൈലിയാണ് ഒരു പ്രധാന കാരണം. ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവവും അമിത സ്ക്രീന്‍ സമയവും പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു. അതിനാല്‍ ചെറുപ്പം മുതലേ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക. മോശം ഭക്ഷണ ശീലമാണ് മറ്റൊരു കാരണം. ഉയര്‍ന്ന കലോറി അടങ്ങിയ, സംസ്കരിച്ച, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു. അമിത വണ്ണവും ചെറുപ്പക്കാര്‍ക്കിടയില്‍ പ്രമേഹ സാധ്യത കൂട്ടുന്ന ഘടകമാണ്. ഉറക്കക്കുറവ് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകും. അതിനാല്‍, എല്ലാ ദിവസവും കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് അത്യാവശ്യമാണ്. മാനസിക സമ്മര്‍ദ്ദമാണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സമ്മര്‍ദ്ദം അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ എന്നിവയുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇതുമൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാം. വ്യായാമക്കുറവാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വ്യായാമക്കുറവ് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നേക്കാം. അതിനാല്‍ പതിവായി വ്യായാമം ചെയ്യുക. നിര്‍ജ്ജലീകരണമാണ് ഏഴാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളം കുടിക്കാതിരിക്കുന്നതു മൂലവും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാം. അതിനാല്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലവും പ്രമേഹ സാധ്യത കൂടാം. അതിനാല്‍ ഇക്കാര്യങ്ങള്‍ എല്ലാം മനസിലാക്കി ചെറുപ്പം മുതലേ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക.
ശുഭദിനം
കവിത കണ്ണന്
മുത്തശ്ശനും കൊച്ചുമകളും കൂടി ഉത്സവത്തിന് പോവുകയായിരുന്നു. കടയില്‍ നിന്നും അതിമനോഹരമായ കുപ്പിവളകള്‍ മുത്തച്ഛന് അവള്‍ക്ക് വാങ്ങിക്കൊടുത്തു. രണ്ടുകൈയ്യിലും ആ കുപ്പിവളകള്‍ അണിഞ്ഞ് അവള് തുളളിച്ചാടി നടന്നു. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു ഐസ്ക്രീം വണ്ടി കണ്ട് അവള് പെട്ടെന്ന് ഓടാന്‍ നോക്കി.. മുത്തച്ഛന് അവളുടെ കയ്യില്‍ പെട്ടെന്ന് മുറുക്കെ പിടിച്ചു. കയ്യിലുണ്ടായിരുന്ന കുപ്പിവളകള്‍ പൊട്ടി. മുത്തശ്ശനെന്തിനാണ് എന്റെ വളകള്‍ പൊട്ടിച്ചതെന്ന് ചോദിച്ച് അവള് കരയാന്‍ തുടങ്ങി. മുത്തശ്ശന് പറഞ്ഞു: ആ വളകള്‍ പൊട്ടിയില്ലായിരുന്നുവെങ്കില്‍ നീ കാറിനടിയില്‍ പെട്ടുപോകുമായിരുന്നു. കരുതലിന്റെ മറുവശമായി നമുക്ക് പലപ്പോഴും കാര്‍ക്കശ്യത്തെ കാണാം. ജീവിതത്തിലെ കര്‍ശന പരിശീലനങ്ങളും അനിഷ്ടസംഭവങ്ങളുമാണ് പലപ്പോഴും നമുക്ക് മുന്നോട്ടുളള യാത്രയില്‍ മുതല്‍ക്കൂട്ടാകുന്നത്. ശിക്ഷണ ക്രമങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുമ്പോഴാണ് പൂര്‍ണവളര്‍ച്ച സാധ്യമാകുന്നത്. അപരിചിതര്‍ തരുന്നതൊന്നും വാങ്ങിക്കഴിക്കാതിരുന്നത് അത്തരം കര്‍ശന നിബന്ധന ഉണ്ടായിരുന്നത് കൊണ്ടായിരുന്നു. സ്കൂളില്‍ പോകാന്‍ ഇഷ്ടമില്ലാതിരുന്നിട്ടും നിര്‍ബന്ധപൂര്‍വ്വം കൊണ്ടാക്കിയിരുന്നതും ഇതേ കാര്‍ക്കശ്യത്തിന്റെ ആദ്യ ഭാവങ്ങളാണ്. സുഖങ്ങള്‍ സമ്മാനിക്കുന്നവര്‍ക്ക് അപ്പോഴത്തെ സുവര്‍ണ നിമിഷങ്ങളില്‍ മാത്രമേ താല്പര്യമുണ്ടാകൂ. പുതിയ ആളുകളെ കിട്ടുന്നതിനനുസരിച്ച് അവരുടെ സൗഹൃദവും ആത്മാര്‍ത്ഥതയും മാറിമറിയും.. എന്നാല്‍ സംരക്ഷകര്‍ക്ക് പിടിവാശികളുണ്ടെങ്കിലും ലക്ഷ്യം നല്ലതായിരിക്കും. അത്യാഹിതങ്ങളിലകപ്പെടാതെ കാക്കാനുള്ള ഒരു സംരക്ഷണവലയം അവര്‍ നമുക്ക് ചുറ്റും തീര്‍ത്തിരിക്കും.. ചെറിയ വേദനകളും കരുതലും കാര്‍ക്കശ്യവുമെല്ലാം തനിച്ചുളള തുടര്‍ ജീവിത്തിനുളള മുന്നറിയിപ്പുകളാണ്. അവയെ തുറന്നമനസ്സോടെ നമുക്ക് സ്വീകരിക്കാം – ശുഭദിനം.
➖➖➖➖➖➖➖➖