വാർത്താകേരളം

കൊല്ലത്തു നിന്നു തട്ടിക്കൊണ്ടു പോയ ആറു വയസുകാരിയെ കണ്ടെത്തി
?️ഓയൂരിൽ നിന്ന് കാണാതായ ആറു വയസുകാരി അബിഗേൽ സാറയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തു ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം കുട്ടിയെ ഉപേക്ഷിച്ചു രക്ഷപ്പെട്ടതായാണ് സൂചന.
ഇരുപതു മണിക്കൂർ നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ തിരിച്ചു കിട്ടിയത്.

തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു
?️ഉത്തരാഖണ്ഡ് സിൽകാര ടണൽ രക്ഷാദൗത്യം വിജയകരമായി പൂർത്തിയായി. തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. ഗുരുതരാവസ്ഥയിലും അടിയന്തിരമായി വൈദ്യസഹായം ആവശ്യമുള്ള 5 പേരെയാണ് ആദ്യം പുറത്തെത്തിച്ചത്. പിന്നാലെ മറ്റുള്ളവരെയും പുറത്തെത്തിക്കുകയായിരുന്നു. 17 ദിവസത്തെ രക്ഷാപ്രവര്‍ത്തനമാണ് ഇന്നലെ ഫലം കാണ്ടത്.

”കുട്ടിയെ ഉപേക്ഷിച്ചത് പൊലീസ് നിരീക്ഷണം ഭേദിക്കാനാവാത്തതിനാൽ, കുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കും”
?️ഓയൂരിൽ നിന്നും കാണാതായ കുഞ്ഞിനെ കണ്ടെത്തിയ വാർത്ത ഏറെ സന്തോഷം നൽകുന്നതാണെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ്. കേരളം ഒന്നാകെ കാത്തിരുന്ന വാർത്തയാണിതെന്നും പൊലീസും ജനങ്ങളും ഉൾപ്പെടെ കേരളം ഒന്നാകെ നടത്തിയ ശ്രമങ്ങളുടെ ഫലമാണ് കുട്ടിയെ നമുക്ക് തിരിച്ചു കിട്ടാൻ കാരണമെന്നും മന്ത്രി പറഞ്ഞു. പൊലീസിനെ മറികടന്ന് കുട്ടിയെ കടത്താനാവാത്തതിനാലാണ് കുഞ്ഞിനെ ഉപേക്ഷിച്ച് പോയതെന്നും പൊലീസ് സേന പ്രത്യേക അഭിന്ദനങ്ങൾ അർഹിക്കുന്നതായും മന്ത്രി പറഞ്ഞു.

ബില്ലുകൾ രാഷ്ട്രപതിക്കയച്ച് ഗവർണറുടെ നിർണായക നീക്കം
?️കേരള നിയമസഭ പാസാക്കിയ ഏഴു ബില്ലുകൾ രാഷ്ട്രപതിക്കയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലുകളിൽ ഒപ്പിട്ടു നൽകാത്തതിനെതിരെ സുപ്രീംകോടതിയിൽ കേസ് നടക്കുന്നതിനിടെയാണ് ഗവർണറുടെ നിർണായക നീക്കം. അതേസമയം ബില്ലുകളിൽ ഒന്നിൽ ഗവർണർ ഒപ്പിട്ടു നൽകി. പൊതുജനാരോഗ്യ ബില്ലാണ് ഒപ്പിട്ടു നൽകിയിരിക്കുന്നത്. ലോകയുക്ത ബിൽ, സർവ്വകലാശാല നിയമ ഭേദഗതി ബിൽ (രണ്ടെണ്ണം), ചാൻസ്‌ലർ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, സേ‍ര്‍ച് കമ്മിറ്റി എക്സ്പാൻഷൻ ബിൽ, സഹകരണ ബിൽ (മിൽമ) എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് വിട്ടത്.

കേരളവർമയിൽ എസ്എഫ്ഐക്ക് തിരിച്ചടി
?️ശ്രീ കേരളവർമ കോളെജ് ചെയർമാൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് തിരിച്ചടി. എസ്എഫ്ഐ ചെയർമാന്‍റെ വിജയം ഹൈക്കോടതി റദ്ദാക്കി. മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വീണ്ടും വോട്ടെണ്ണാനാണ് കോടതിയുടെ നിർദേശം. ചെയർമാൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ കെഎസ് യു സ്ഥാനാർഥി ശ്രീക്കുട്ടൻ ഒരു വോട്ടിന് വിജയിച്ചുവെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്.

പി.വി അൻവർ എംഎൽഎക്കെതിരെയും നവകേരള സദസിൽ പരാതി
?️മന്ത്രി അഹമ്മദ് ദേവർകോവിലിന് പിന്നാലെ നവകേരള സദസിൽ പി.വി. അൻവർ എംഎൽഎയ്ക്കെതിരെ പരാതി. ഭൂപരിഷ്കരണ നിയമം ലംഘിച്ച് അൻവർ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. പൊതു പ്രവർത്തകനായ കെ.വി ഷാജിയാണ് നവകേരള സദസിൽ പരാതി നൽകിയത്. ഭൂമി കണ്ടുകെട്ടണമെന്ന താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവ് റവന്യു ഉദ്യോഗസ്ഥർ നടപ്പാക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. അനധികൃത ഭൂമി കണ്ടുകെട്ടി ആദിവാസികൾക്ക് വിതരണം ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഭൂപരിഷ്കരണ നിയമം ലംഘിച്ച് കൈവശം വച്ചിരിക്കുന്ന ഭൂമി സ്വമേധയാ സർക്കാരിലേക്ക് നൽകാൻ ഒക്‌ടോബർ 26 നാണ് താലൂക്ക് ലാന്‍റ് ബോർഡ് ഉത്തരവിട്ടത്. ഒരാഴ്ചക്കുള്ളിൽ നടപടി പൂർത്തിയാക്കിയില്ലെങ്കിൽ ഭൂമി കണ്ടുകെട്ടുമെന്നായിരുന്നു ഉത്തരവ്.

ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ 2 ദിവസം കൂടി നീട്ടി
?️ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ രണ്ടു ദിവസം കൂടി നീട്ടി. നാലു ദിവസത്തെ വെടിനിര്‍ത്തല്‍ അവസാനിച്ച ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് കൂടുതൽ ഇളവിനുള്ള തീരുമാനം. യുഎസിന്‍റെയും ഖത്തറിന്‍റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളിലാണ് ധാരണ. ഹമാസും ഇസ്രയേലും ഇക്കാര്യത്തിൽ സമവായത്തിലെത്തിയെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മജീദ് അല്‍ അന്‍സാരി അറിയിച്ചു. ഗാസ മുനമ്പിലേക്കു കൂടുതല്‍ സഹായം എത്തിക്കാനും അതോടൊപ്പം സാധ്യമാകുന്നത്രയും ബന്ദികളെയും പലസ്തീന്‍ തടവുകാരെയും മോചിപ്പിക്കാനാകും ഈ കാലയളവ് വിനിയോഗിക്കുകയെന്നു മജീദ് അല്‍ അന്‍സാരി അറിയിച്ചു.

ജാതി സെൻസസ് സുപ്രീം കോടതിയിൽ; ഹർജി മാറ്റണമെന്ന് കേരളം
ജാതി സെൻസസ് നടത്തി കേരളത്തിലെ പിന്നാക്ക സംവരണ പട്ടിക പുതുക്കുന്നതിനെതിരായ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ‌സർക്കാരും സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷനും സുപ്രീംകോടതിയിൽ‌ കത്തു നൽ‌കി. കേസ് പരിഗണിക്കാനിരിക്കെയാണ് കേസ് മാറ്റിവ‍യ്ക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ് നൽകിയ ഹർജിയിൽ‌ കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും പിന്നാക്ക വിഭാഗ കമ്മീഷനും സുപ്രീംകോടതി കഴിഞ്ഞ മാസം നോട്ടീസ് അയച്ചിരുന്നു.

മലക്കപ്പാറ ആദിവാസി കോളനിയിൽ പുഴുവരിച്ച് അവശ നിലയിലായ വയോധിക മരിച്ചു
?️അതിരപ്പള്ളി മലക്കപ്പാറ വീരൻകുടി ആദിവാസിക്കോളനിയിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക കമലമ്മ പാട്ടി മരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനിലയിലായ വയോധികയ്ക്ക് ഊരിലെത്തി ചികിത്സ നൽകണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായിരുന്നില്ല.ട്രൈബൽ ഡിപ്പാർട്ട്മെന്‍റിന്‍റെ ഭാഗത്തു നിന്ന് ഈ ഭാഗത്തേക്ക് യാതൊരുവിധ ശ്രദ്ധയും എത്തുന്നില്ലെന്ന് പലതവണ ഊരിലുള്ളവർ പരാതിപ്പെട്ടിരുന്നു. ഏഴു കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവിടെ അസുഖബാധിതരാകുന്നവരെ നാലുകിലോമീറ്ററോളം കാട്ടിലൂടെ ചുമന്നാണ് പുറത്തെത്തിക്കുന്നത്. അതിന് ആളുകൾ ഇല്ലാത്തതിനാലാണ് കമലമ്മ പാട്ടിക്ക് ഊരിലെത്തി ചികിത്സ നൽകണമെന്ന് ഊരിലുള്ളവർ ആവശ്യപ്പെട്ടത്. എന്നാൽ അധികൃതരുടെ ഭാഗത്തു നിന്ന് വേണ്ട നടപടിയുണ്ടായില്ലെന്നും അവർ ആരോപിക്കുന്നു.

കൊച്ചി വിമാനത്താവളത്തിൽ ഫാസ്ടാഗ് പ്രവേശനവും സ്മാര്‍ട്ട് പാര്‍ക്കിങ്ങും
?️കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ (സിയാല്‍) ഫാസ്ടാഗ് പ്രവേശനം, ഡിജിറ്റല്‍ പാര്‍ക്കിങ് സംവിധാനങ്ങള്‍ ഡിസംബര്‍ ഒന്നിന് നിലവില്‍ വരും. സമഗ്രമായ ഈ സംവിധാനം, യാത്രക്കാരുടെ വിമാനത്താവളത്തിലേക്കുള്ള പ്രവേശനം – പുറത്തുകടക്കല്‍ പ്രക്രിയ എളുപ്പമാക്കുകയും പാര്‍ക്കിങ് കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്യും.

കൊല്ലം – ചെങ്കോട്ട പാതയിൽ ശബരിമല സ്പെഷ്യലിനായി കാത്തിരിപ്പ്
?️ശബരിമല തീർഥാടകർക്കായി ചെങ്കോട്ട – പുനലൂർ – കൊല്ലം പാതയിൽ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ തീർഥാടന കാലത്താണ് ആദ്യമായി എറണാകുളം – താംബരം ശബരിമല സ്പെഷ്യൽ സർവീസ് ആരംഭിച്ചത്. ഇക്കൊല്ലം മണ്ഡലകാലം ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും സപെഷ്യൽ സർവീസ് ആരംഭിക്കുന്ന കാര്യത്തിൽ അറിയിപ്പൊന്നും ഉണ്ടായിട്ടില്ല.

ആകര്‍ഷകമായ സമ്മാന പദ്ധതിയുമായി കെഎസ്ഇബി
?️വൈദ്യുതി ബില്‍ കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ പ്രോത്സാഹനാര്‍ത്ഥം ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ സമ്മാന പദ്ധതിയുമായി കെഎസ്ഇബി. രണ്ടു വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള വൈദ്യുതി ബില്‍ കുടിശിക വമ്പിച്ച പലിശ ഇളവോടെ അനായാസം അടച്ചുതീര്‍ക്കാനുള്ള മാര്‍ഗമാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി.

കുട്ടിക്കാനത്ത് വാഹനാപകടം; ശബരിമല തീർഥാടകൻ മരിച്ചു
?️കൊട്ടാരക്കര ദിണ്ടുഗൽ ദേശീയ പാതയിൽ കുട്ടിക്കാനത്തിന് സമീപം വാഹനാപകടത്തിൽ ശബരിമല തീർത്ഥാടകൻ മരിച്ചു. ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങിയ തീർഥാടകൻ ചെന്നൈ സ്വദേശി വെങ്കിടേഷ് ആണ് മരിച്ചത്.
ശബരിമല ഭക്തർ സഞ്ചരിച്ച കാറും ട്രാവലറും തമ്മിലാണ് കൂട്ടിയിടിച്ചത്.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യത
?️ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായും ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

‘പിണറായിയുടെ ചായ കുടിച്ചാലേ കോൺഗ്രസ് ആവൂ എന്നില്ല, പങ്കെടുത്തവർക്കെതിരെ നടപടി സ്വീകരിക്കും’
?️നവകേരളസദസിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷവിമർശനം ഉയർത്തി കെ. മുരളീധരൻ. പ്രവർത്തകർക്ക് തല്ല് കിട്ടുമ്പോൾ നവകേരള സദസിൽ പോയി ചായ കുടിക്കുന്നവർ പാർട്ടിയിൽ വേണ്ടെന്നും അവരെ കോൺഗ്രസ് എന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.രണ്ടുമൂന്നു പേർ പ്രഭാതയോഗത്തിൽ പങ്കെടുത്തെന്ന് വച്ച് കോൺഗ്രസ് ഇല്ലാതാവുന്നില്ല. പിണറായിയുടെ ചായ കുടിച്ചാലേ കോൺഗ്രസ് ആവൂ എന്ന് ചിന്തിക്കുന്നവർ പാർട്ടിയിൽ വേണ്ടാ. അങ്ങനെയുള്ളവർക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കലാകാരന്മാരെ ഇന്ത്യയിൽ നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി
?️പാക്കിസ്ഥാൻ കലാകാരന്മാരെ ഇന്ത്യയിൽ നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. ഇത്രയും ഇടുങ്ങിയ ചിന്താഗതി പാടില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാരനെ കോടതി വിമർശിച്ചു. നേരത്തെ ഇതേ ഹർജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് ഹർജിക്കാരൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

രാജസ്ഥാനിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടും: അശോക് ഗെഹ്ലോത്ത്
?️രാജസ്ഥാനിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ് ഭരണ തുടർച്ച നേടുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത്. ജനങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഭാഷ‍യാണ് ബിജെപി പ്രയോഗിക്കുന്നത്. അതിലൂടെ ജനങ്ങളെ വർഗീയ ധ്രൂവികരണത്തിലേക്ക് നയിക്കുകയാണ് അവരുടെ ല‍ക്ഷ്യം. എന്നാൽ ജനങ്ങൾ അത് നിരാകരിക്കുകയാണ് ഉണ്ടായത്.

അമിത്ഷായ്‌ക്കെതിരേ വിവാദ പരാമർശം
?️കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കോടതിയുടെ സമൻസ്. ഉത്തർപ്രദേശ്‌ സുൽത്താൻപൂരിലെ എംപി-എംഎൽഎ കോടതിയുടേതാണ് സമൻസ്. ഡിസംബർ 16ന് ഹാജരാകാൻ നിർദേശം. 2018-ൽ ആഭ്യന്തരമന്ത്രി അമിത് ഷായെക്കുറിച്ച് മോശം പരാമർശം നടത്തിയെന്ന കേസിലാണ് നടപടി.2018ൽ ബെംഗളൂരുവിൽ നടന്ന വാർത്താ സമ്മേളനത്തിൽ അമിത് ഷാ കൊലപാതകിയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

ബം​ഗളൂരുവിൽ ഒരു കുടുംബത്തിലെ 5 പേർ ആത്മഹത്യ ചെയ്ത നിലയിൽ
?️ബം​ഗളൂരുവിൽ ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ. കടബാധ്യത മൂലമുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. മരിച്ചവരിൽ 3 കുട്ടികളുമുണ്ട്. തുമകുരു ജില്ലയിലാണ് സംഭവം. ​ഗരീബ് സാബ്(42), ഭാര്യ സുമയ്യ( 35), മക്കളായ ഹസീറ(14), സുബാൻ(10), മുനീർ (8) എന്നിവരാണ് മരിച്ചത്. വീട്ടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് മരണം നടന്നതെന്നാണ് നി​ഗമനം. ആത്മഹത്യക്കുറിപ്പും ലോൺ നൽകിയവർ നിരന്തരമായി ശല്യം ചെയ്യുന്നുവെന്ന് പറയുന്ന വീഡിയോയും പൊലീസ് കണ്ടെടുത്തു. തുമകുരുവിൽ കബാബ് വിൽപ്പനക്കാരനാണ് ​ഗരീബ്. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.

നാ​ഗേ​ഷ് ട്രോ​ഫി ക്രി​ക്ക​റ്റ് ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ള്‍ കൊ​ച്ചി​യി​ലും
?️കാ​ഴ്ച പ​രി​മി​ത​രു​ടെ അ​ന്ത​ര്‍ സം​സ്ഥാ​ന ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റാ​യ നാ​ഗേ​ഷ് ട്രോ​ഫി ദേ​ശീ​യ ബ്ലൈ​ന്‍ഡ് ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റ് ആ​റാം പ​തി​പ്പി​ന്‍റെ ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ള്‍ക്കു കൊ​ച്ചി വേ​ദി​യാ​കും. അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ന്ന ഗ്രൂ​പ്പ് സി ​മ​ത്സ​ര​ങ്ങ​ള്‍ തൃ​പ്പൂ​ണി​ത്തു​റ പാ​ല​സ് ഓ​വ​ല്‍ ഗ്രൗ​ണ്ടി​ലാ​ണ് ന​ട​ക്കു​ന്ന​ത്. അ​ടു​ത്ത മാ​സം 18 മു​ത​ല്‍ 22 വ​രെ​യാ​ണ് സി ​ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ള്‍.ആ​തി​ഥേ​യ​രാ​യ കേ​ര​ള​ത്തി​നു പു​റ​മെ ബി​ഹാ​ര്‍, ഝാ​ര്‍ക്ക​ണ്ഡ്, ഒ​ഡി​ഷ, ഉ​ത്ത​ര്‍പ്ര​ദേ​ശ് ടീ​മു​ക​ളാ​ണ് സി ​ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. 28 ടീ​മു​ക​ള്‍ മ​ത്സ​രി​ക്കു​ന്ന ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ള്‍ ആ​റു വേ​ദി​ക​ളി​ലാ​യാ​ണ് ന​ട​ക്കു​ന്ന​ത്.

ഗോൾഡ് റേറ്റ്
ഗ്രാമിന് 5735 രൂപ
പവന് 45380 രൂപ