2024 ഫെബ്രുവരി 24 ശനി
◾ദില്ലി ചലോ മാര്‍ച്ച് പന്ത്രണ്ടാം ദിവസത്തിലേക്ക്. യുവ കര്‍ഷകന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷകരുടെ തീരുമാനം. വെടിയേറ്റ് മരിച്ച യുവ കര്‍ഷകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിച്ചു മാര്‍ച്ച് നടത്തും. തിങ്കളാഴ്ച ലോക വ്യാപാര സംഘടനയുടെ കോലം എല്ലാ ഗ്രാമങ്ങളിലും കത്തിക്കും. വ്യാഴാഴ്ച കൂടുതല്‍ സമരപരിപാടികള്‍ പ്രഖ്യാപിക്കും. സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ സംഘും ആണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക. ഇതിനിടെ, കേന്ദ്രം ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പോകും എന്നു കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.അതേ സമയം ചലോ ദില്ലി മാര്‍ച്ചില്‍ മരിച്ച സമരക്കാരുടെ എണ്ണം അഞ്ചായി എന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.
◾എന്തെല്ലാം എഴുതിവിട്ടിട്ടും ഇന്നലെ വന്നത് കണ്ടല്ലോ എന്നും ജനം എന്തൊക്കെയാണ് സ്വീകരിക്കുന്നത് എന്ന് മനസ്സിലായല്ലോയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശക്തമായ ആരോപണങ്ങള്‍ക്കിടയിലും തദ്ദേശ ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉണ്ടായ നേട്ടം സൂചിപ്പിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
◾മുഖ്യമന്ത്രിയുടെ മുഖാമുഖം സ്റ്റേജ് മാനേജ്‌മെന്റ് ഷോയാണെന്നും സര്‍ക്കാരിനെതിരെ ഒരു ചോദ്യവും ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് മുഖാമുഖം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരളത്തില്‍ എല്‍.ഡി.എഫ് വര്‍ഗീയ ധ്രുവീകരണം നടത്തുന്നുവെന്നും ചില കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമാക്കിയാണ് സി.പി.എമ്മിന്റെ പ്രചാരണ രീതിയെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
◾കൊയിലാണ്ടിയില്‍ കൊല്ലപ്പെട്ട സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിവി സത്യനാഥന്‍ തന്നെ മനപൂര്‍വം അവഗണിച്ചുവെന്നും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്നുമാണ് അഭിലാഷിന്റെ മൊഴി. ഇത് വൈരാഗ്യത്തിന് കാരണമായെന്നും അഭിലാഷിന്റെ മൊഴിയിലുണ്ട്. അതേസമയം, അഭിലാഷ് കൊല നടത്താന്‍ ഉപയോഗിച്ച ആയുധം വാങ്ങിയത് ഗള്‍ഫില്‍ നിന്നാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
◾ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാമതൊരു സീറ്റ് കൂടി വേണമെന്നും അത് കിട്ടാത്ത പ്രശ്നം ഉണ്ടാവില്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ലോക് സഭ സീറ്റ് മാത്രമാണ് ലീഗ് ചോദിച്ചതെന്നും രാജ്യസഭ ആവശ്യപ്പെട്ടിട്ടില്ലെന്നും പി.എം.എ സലാം പ്രതികരിച്ചു.
◾മുസ്ലീം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. മുന്നണി രാഷ്ട്രീയത്തില്‍ സ്വാഭാവികമായ കാര്യമാണിതെന്നും പരസ്പരം വിട്ടുവീഴ്ച ചെയ്താലേ മുന്നണി മുന്നോട്ട് പോകുവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
◾മുസ്ലീംലീഗിന്റെ പിന്തുണയിലാണ് കോണ്‍ഗ്രസ് ജയിച്ചുവരുന്നതെന്നും മുസ്ലിം ലീഗ് ഇല്ലെങ്കില്‍ ഏതെങ്കിലും ഒരു സീറ്റില്‍ കോണ്‍ഗ്രസ് ജയിക്കുമോയെന്നും എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ലീഗിനെ അങ്ങേയറ്റം അവഗണിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും ഏറെക്കാലമായി ഇതു തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം സീറ്റ് എന്ന ലീഗിന്റെ ആവശ്യത്തില്‍ യു.ഡി.എഫിന്റെ സമീപനം ചൂണ്ടിക്കാട്ടിയാണ് ഇ.പി.ജയരാജന്റെ വിമര്‍ശനം
◾ടി.പി.ചന്ദ്രശേഖരനെ വധിച്ചത് പിണറായി വിജയന്‍ അറിഞ്ഞുകൊണ്ടാണെന്ന് വീണ്ടും ആരോപിച്ച് വടകര എംഎല്‍എ കെ.കെ.രമ. അതേസമയം കെ.കെ.ശൈലജയെ വടകരയില്‍ മത്സരിപ്പിക്കുന്നത് കുരുതി കൊടുക്കാനാണെന്നും അവര്‍ വിമര്‍ശിച്ചു.
◾പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ പുനരന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എല്ലാം വിളിച്ചു പറയും എന്ന് കുഞ്ഞനന്തന്‍ പറഞ്ഞതായി കേട്ടിരുന്നുവെന്നും സത്യം പുറത്ത് വരും എന്ന ഘട്ടത്തില്‍ ആയിരുന്നു മരണമെന്നും സുധാകരന്‍ ആരോപിച്ചു.
◾പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദൂരൂഹത ആരോപിച്ച ലീഗ് നേതാവ് കെ എം ഷാജിയെ പിന്തുണച്ച് കെ.മുരളീധരന്‍ എംപി. ഷാജിയെ ഒറ്റതിരിഞ്ഞു ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്ന ഗോവിന്ദന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഷാജിക്ക് പിന്തുണ നല്‍കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
◾നെല്ല് സംഭരണത്തിന് സംസ്ഥാന സബ്‌സിഡിയായി 195.36 കോടി രൂപയും, കൈകാര്യ ചെലവുകള്‍ക്കായി 8.54 കോടി രൂപയും സിവില്‍ സപ്ലൈസ് കോര്‍പറേഷന് അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയത്.
◾എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്ഐഡിസി നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുമതി തേടി ഷോണ്‍ ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചു. കെഎസ്ഐഡിസിക്കെതിരെ അന്വേഷണം ആരംഭിച്ചത് തന്റെ പരാതിയിലാണെന്നും വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് തന്നെ കൂടി കേള്‍ക്കണമെന്നുമാണ് ആവശ്യം.
◾പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തിന് എത്താന്‍ വൈകിയപ്പോള്‍ അസഭ്യപദം ചേര്‍ത്ത് പറഞ്ഞ് നീരസം പ്രകടമാക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പത്രക്കാരോട് വരാന്‍ പറഞ്ഞിട്ട് ഇതെന്ത് മോശമാണെന്ന് പറഞ്ഞ് സുധാകരന്‍ ക്ഷുഭിതനാവുമ്പോള്‍ മൈക്കും ക്യാമറയും ഓണ്‍ ആണെന്ന് നേതാക്കള്‍ ഓര്‍മ്മിപ്പിക്കുകയായിരുന്നു. വി ഡി സതീശന് വേണ്ടി സുധാകരന്‍ 20 മുനിട്ട് കാത്തിരുന്നിരുന്നു.
◾ആറ്റുകാല്‍ പൊങ്കാലയുടെ പശ്ചാത്തലത്തില്‍ ഇന്ന് ഉച്ചമുതല്‍ നാളെ രാത്രി എട്ടു മണിവരെ തലസ്ഥാനത്ത് ഗതാഗതനിയന്ത്രണം. ചരക്കു വാഹനങ്ങള്‍ ഉള്‍പ്പെടെ വലിയ വണ്ടികളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. നാളെയാണ് പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല.
◾തിരുവല്ലയില്‍ നിന്ന് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കായി അന്വേഷണം തുടരുന്നു. പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോയ കുട്ടി ഇന്നലെ ഏറെ വൈകിയും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.
◾പ്രസവത്തിനിടെ ചികിത്സ കിട്ടാതെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പ്രതിയുടെ ആദ്യ ഭാര്യയെയും പ്രതി ചേര്‍ത്തു. പ്രതി നയാസിന്റെ ആദ്യ ഭാര്യ റജീനയെയാണ് കേസില്‍ പ്രതി ചേര്‍ത്തത്.
◾അയല്‍വാസികളായ പൂജാരിമാര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവില്‍ കൊലപാതകം. ചാലുവിള പുറമ്പോക്കില്‍ താമസിക്കുന്ന നാരായണനാണ് കൊല്ലപ്പെട്ടത്. നൂറനാട് സ്വദേശിയായ അരുണിനെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. മൊബൈല്‍ ഫോണിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
◾അയല്‍വീട്ടിലെ നായ കുരച്ചതിനെ തുടര്‍ന്നുണ്ടായ പ്രകോപനത്തില്‍ യുവാവ് നായയെ പാറയില്‍ അടിച്ചു കൊന്ന സംഭവത്തില്‍ ഇടുക്കി സന്യാസിയോട സ്വദേശിയായ കളപുരമറ്റത്തില്‍ രാജേഷിനെതിരെ കമ്പമെട്ട് പൊലീസ് കേസെടുത്തു. ബന്ധുകൂടിയായ അയല്‍വാസിയോടുള്ള വഴക്കാണ് നായയെ കൊലപ്പെടുത്തിയ സംഭവത്തിലേക്ക് എത്തിച്ചത്.
◾കര്‍ണാടകയിലെ ഒരു കോടി രൂപയിലധികം വരുമാനമുള്ള ക്ഷേത്രങ്ങളില്‍ നിന്ന് 10 ശതമാനം നികുതി നിര്‍ബന്ധമാക്കുന്ന ബില്‍ സംസ്ഥാന നിയമസഭയില്‍ പാസായെങ്കിലും നിയമസഭാ കൗണ്‍സിലില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് ഹിന്ദു വിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നുവെന്ന് പ്രതിപക്ഷമായ ബിജെപി ആരോപിച്ചതോടെ ബില്‍ വിവാദമായിരുന്നു. അതേസമയം ചെറിയ ക്ഷേത്രങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ബിജെപി തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു
◾ഉത്തര്‍പ്രദേശില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 15 മരണം. 7 കുട്ടികളും എട്ട് സ്ത്രീകളുമടക്കം 15 പേര്‍ മരിച്ചതായി പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍നിന്ന് പൂര്‍ണിമ ദിനത്തില്‍ ഗംഗാ നദിയില്‍ പുണ്യസ്നാനം നടത്തുന്നതിനായി തീര്‍ത്ഥാടകര്‍ കാദര്‍ഗഞ്ചിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.
◾ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മില്‍ ധാരണ. എഎപി 4 സീറ്റിലും കോണ്‍ഗ്രസ് 3 സീറ്റിലും മത്സരിക്കും. ഹരിയാനയില്‍ പത്തില്‍ ഒരു സീറ്റ് ആം ആദ്മി പാര്‍ട്ടിക്ക് കോണ്‍ഗ്രസ് നല്‍കും. ചണ്ഡീഗഡിലെ ഒരു സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും. ഗോവയിലെ ഓരോ സീറ്റ് വീതം കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും മത്സരിക്കാനും തീരുമാനമായി. ഗുജറാത്തില്‍ രണ്ട് സീറ്റ് കോണ്‍ഗ്രസ് എഎപിക്ക് നല്‍കും.
◾ഉത്തരാഖണ്ഡിന് പിന്നാലെ ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായി മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്ട്രേഷന്‍ ആക്ട് റദ്ദാക്കി അസം സര്‍ക്കാര്‍. അസമില്‍ ഇനി സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം മാത്രമായിരിക്കും വിവാഹം രജിസ്റ്റര്‍ ചെയ്യാനാകുക. ബഹുഭാര്യാത്വം തടയുന്നതിനുള്ള നിയമനിര്‍മ്മാണം ഉടനെന്നും അസം സര്‍ക്കാര്‍ വ്യക്തമാക്കി.
◾മണിപ്പൂര്‍ സര്‍വകലാശാല ക്യാമ്പസില്‍ സ്ഫോടനം. സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്കുണ്ട്. ഓള്‍ ഇന്ത്യ മണിപ്പൂര്‍ സ്റ്റുഡന്റ്സ് യൂണിയന്‍ ഓഫീസിന് മുന്നിലായിരുന്നു സ്ഫോടനം നടന്നതെന്നാണ് വിവരം.
◾ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാമിന്നിംഗസില്‍ ഇംഗ്ലണ്ട് 353 ന് പുറത്തായി. 302 ന് 7 ഏഴ് നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 51 റണ്‍സ് കൂട്ടി ചേര്‍ക്കുന്നതിനിടയില്‍ എല്ലാവരും പുറത്തായി. ഒന്നാമിന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ 131 ന് 4 എന്ന നിലയിലാണ്. 54 റണ്‍സെടുത്ത യശസ്വി ജയ്സ്വാളും ഒരു റണ്ണെടുത്ത സര്‍ഫറാസ് ഖാനുമാണ് ക്രീസില്‍.
◾ഇന്ധന ഉപഭോഗം വര്‍ദ്ധിച്ചതോടെ പുതിയ ഉയരങ്ങള്‍ തൊട്ട് ക്രൂഡോയില്‍ ഇറക്കുമതി. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, ജനുവരിയില്‍ ഇന്ത്യയുടെ ക്രൂഡോയില്‍ ഇറക്കുമതി 21 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് എത്തിയിരിക്കുന്നത്. ജനുവരിയിലെ ക്രൂഡോയില്‍ ഇറക്കുമതി 9.5 ശതമാനം ഉയര്‍ന്ന് 21.39 ദശലക്ഷം മെട്രിക് ടണ്ണിലെത്തി. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. ഇന്ത്യയുടെ ഇന്ധന ഉപഭോഗം 2023 ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയില്‍ 8.2 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. ശക്തമായ സാമ്പത്തിക വളര്‍ച്ചയോടെ പിന്തുണയോടെ രാജ്യത്തിന്റെ എണ്ണ ഡിമാന്‍ഡ് വളര്‍ച്ചയും, ഇറക്കുമതിയും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതേസമയം, അസംസ്‌കൃത എണ്ണ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ജനുവരിയില്‍ 5 ശതമാനം ഉയര്‍ന്ന് 3.97 ടണ്ണായി. ഉല്‍പ്പന്ന കയറ്റുമതി 7.5 ശതമാനം ഉയര്‍ന്ന് 4.84 ദശലക്ഷം ടണ്ണായിട്ടുണ്ട്. 2023-നും 2030-നും ഇടയില്‍ ആഗോള എണ്ണ ഡിമാന്‍ഡ് വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യ വളരെ വലിയ പങ്കുവഹിക്കുമെന്നാണ് വിലയിരുത്തല്‍.
◾ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ സുരക്ഷയുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പ് പുതിയ ഒരു ഫീച്ചര്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. പ്രൊഫൈല്‍ ചിത്രങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന ഫീച്ചറാണിത്. ബീറ്റാ വേര്‍ഷനില്‍ ലഭ്യമായ ഫീച്ചര്‍ താമസിയാതെ തന്നെ എല്ലാവര്‍ക്കും ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പ്രൊഫൈല്‍ ചിത്രം സേവ് ചെയ്യുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും തടയാന്‍ വാട്‌സ്ആപ്പില്‍ സംവിധാനമുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതില്‍ നിന്ന് ഉപയോക്താവിനെ തടയുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്. പ്രൊഫൈല്‍ ചിത്രത്തിന്റെ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ പോകുമ്പോള്‍ വാര്‍ണിങ് സന്ദേശം തെളിയുന്ന തരത്തിലാണ് ക്രമീകരണം. അനുവാദം ഇല്ലാതെ ചിത്രം എടുത്ത് ഷെയര്‍ ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍. നിലവില്‍ പ്രൊഫൈല്‍ ചിത്രം ആരെല്ലാം കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാനുള്ള ഓപ്ഷന്‍ വാട്‌സ്ആപ്പിലുണ്ട്. പ്രൈവസി സെറ്റിങ്‌സ് മെനുവിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.
◾’ഭ്രമയുഗം’ അടക്കമുള്ള മമ്മൂട്ടിയുടെ പരീക്ഷണ ചിത്രങ്ങള്‍ തിയേറ്ററില്‍ ഗംഭീരമായി ഓടിക്കൊണ്ടിരിക്കവെ ട്രെന്‍ഡ് മാറ്റിപ്പിടിച്ച് മമ്മൂട്ടി. പരീക്ഷണ ചിത്രങ്ങള്‍ മാറ്റിവച്ച് വീണ്ടും മാസ് ആക്ഷന്‍ കോമഡിയുമായാണ് മമ്മൂട്ടി ഇനി തിയേറ്ററില്‍ എത്തുക. ‘ടര്‍ബോ’ എന്ന പുതിയ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക് പോസ്റ്റര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടര്‍ബോ. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്. ടര്‍ബോ ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി വേഷമിടുമ്പോള്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും തചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ വിയറ്റ്‌നാം ഫൈറ്റേഴ്‌സാണ് കൈകാര്യം ചെയ്യുന്നത്.
◾അനുപമ പരമശ്വേരന്‍ അതീവ ഗ്ലാമറസ് ആയി എത്തുന്ന ചിത്രമാണ് ‘തില്ലു സ്‌ക്വയര്‍’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടിയുടെ ലിപ്ലോക് രംഗങ്ങളും ഹോട്ട് സീനുകളുമടക്കം ട്രെയ്‌ലറില്‍ ഉണ്ടായിരുന്നു. ഈ ചിത്രത്തിനായി അനുപമ വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. അനുപമയുടെ പ്രതിഫല കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ഒ.ടി.ടി പ്ലേ. സാധാരണയായി ഒരു കോടി രൂപയാണ് അനുപമയുടെ പ്രതിഫലം എന്നാല്‍ ഈ സിനിമയ്ക്കായി 2 കോടിയാണ് താരം വാങ്ങിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. 2022ല്‍ പുറത്തിറങ്ങിയ ക്രൈം കോമഡി ചിത്രം ‘ഡിലെ തില്ലു’വിന്റെ രണ്ടാം ഭാഗമാണ് ഈ സിനിമ. മാലിക് റാം ആണ് സംവിധാനം. സിദ്ദു ജൊന്നാലഗഢ ആണ് നായകന്‍. സായി പ്രകാശ് ഛായാഗ്രഹണം. ചിത്രം മാര്‍ച്ച് 29ന് തിയറ്ററുകളിലെത്തും. എഡിറ്റിംഗ് നവീന്‍ നൂലി. സംഗീതം രാം ആന്‍ഡ് അച്ചു. മാര്‍ച്ച് 29ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. അതേസമയം, വിമല്‍ കൃഷ്ണ ആയിരുന്നു ഡിജെ തില്ലു ചിത്രത്തിന്റെ സംവിധായകന്‍. 2022ല്‍ ഫെബ്രുവരിയില്‍ ആയിരുന്നു ഡിജെ തില്ലു റിലീസ് ചെയ്തത്. സിദ്ദു ജൊന്നാലഗഢ തന്നെയാണ് ഈ ചിത്രത്തിലും നാകനായത്. നേഹ ഷെട്ടി ആയിരുന്നു നായിക.
◾ഹാരിയര്‍, സഫാരി മോഡല്‍ ലൈനപ്പിനൊപ്പം ലഭ്യമായ ടാറ്റയുടെ ഡാര്‍ക്ക് എഡിഷന്‍ സീരീസ് വാങ്ങുന്നവര്‍ക്കിടയില്‍ ഹിറ്റാണ്. ഇപ്പോള്‍, സബ്‌കോംപാക്റ്റ് എസ്യുവിയുടെ വില്‍പ്പന കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ടാറ്റ നെക്‌സോണ്‍ ഡാര്‍ക്ക് എഡിഷന്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ക്രിയേറ്റീവ്, ക്രിയേറ്റീവ്+, ക്രിയേറ്റീവ്+ എസ്, ഫിയര്‍ലെസ്, ഫിയര്‍ലെസ് എസ്, ഫിയര്‍ലെസ്+ എസ് എന്നിങ്ങനെ ആറ് വേരിയന്റുകളില്‍ ഡാര്‍ക്ക് എഡിഷന്‍ 2024 മാര്‍ച്ച് ആദ്യവാരം മുതല്‍ ലഭ്യമാകും. 2024 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ ടാറ്റ നെക്‌സോണ്‍ ഡാര്‍ക്ക് എഡിഷന്‍ ഫ്ലാഷ് ലൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കറുത്ത നിറത്തില്‍ ചായം പൂശിയ ഈ മോഡലിന് മുന്നിലും പിന്നിലും ബമ്പറുകള്‍, അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍ എന്നിവയില്‍ ഇരുണ്ട ടാറ്റ ലോഗോയ്‌ക്കൊപ്പം സ്‌പോര്‍ട്ടി ബ്ലാക്ക് ട്രീറ്റ്‌മെന്റ് ലഭിക്കുന്നു. അകത്ത്, ബ്ലാക്ക് ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, ബ്ലാക്ക് റൂഫ് ലൈനര്‍, പിയാനോ ബ്ലാക്ക് സെന്റര്‍ കണ്‍സോള്‍ എന്നിവയുള്ള ഓള്‍-ബ്ലാക്ക് തീം ഫീച്ചര്‍ ചെയ്യുന്നു. വാഹനത്തിന്റെ എഞ്ചിന്‍ സജ്ജീകരണത്തില്‍ അതേ 1.2 എല്‍ ടര്‍ബോ പെട്രോളും 1.5 എല്‍ ഡീസല്‍ മോട്ടോറുകളും ഉള്‍പ്പെടും. യഥാക്രമം 120ബിഎച്പി, 115ബിഎച്പി മൂല്യമുള്ള പവര്‍ നല്‍കുന്നു. ആറ് സ്പീഡ് മാനുവല്‍, 6-സ്പീഡ് എഎംടി, 6സ്പീഡ് ഡിസിടി ഗിയര്‍ബോക്സ് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുക.
◾സാരോപദേശകഥകളുടെയും ദൃഷ്ടാന്തകഥകളുടെയും രൂപത്തില്‍ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്ന ജന്തുകഥകളുടെ സമാഹാരം. കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് ലളിതമായും രസകരമായും വായിക്കാവുന്ന പുസ്തകം. ലോകക്ലാസിക്കായ ആയിരത്തൊന്നു രാവുകളില്‍നിന്ന് തിരഞ്ഞെടുത്ത ജന്തുകഥകള്‍. ‘ആയിരത്തൊന്നു രാവുകളിലെ ജന്തുകഥകള്‍’. പുനരാഖ്യാനം – എന്‍. മൂസകുട്ടി. മാതൃഭൂമി. വില 128 രൂപ.
◾ഗര്‍ഭകാലത്ത് പ്രത്യക്ഷപ്പെടുന്ന ഒരു ശാരീരിക അവസ്ഥയാണ് ഗര്‍ഭകാല പ്രമേഹം. ഭൂരിഭാഗം പേരിലും പ്രസവശേഷം അപ്രത്യക്ഷമാകുന്ന താല്‍ക്കാലിക അവസ്ഥയാണെങ്കിലും ചിലരില്‍ പ്രമേഹം മാറാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. ഇതിനെ ‘ടൈപ്പ് 2’ പ്രമേഹം എന്നാണ് പറയുന്നത്. ഗര്‍ഭിണികളില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം ഇന്‍സുലിന്റെ പ്രവര്‍ത്തനം തടസപ്പെടുന്നതാണ് ഗര്‍ഭകാല പ്രമേഹം ഉണ്ടാകുന്നതിന്റെ പ്രധാനകാരണം. പോളി സിസ്റ്റിക് ഓവറി സിന്‍ഡ്രോം , അമിതവണ്ണം , വൈകിയുള്ള ഗര്‍ഭധാരണം (35 വയസിനു മുകളിലുള്ളവര്‍), പാരമ്പര്യം തുടങ്ങിയവ ഗര്‍ഭകാല പ്രമേഹത്തിന് കാരണമാകും. ഇത് കൂടാതെ സമീകൃതമല്ലാത്ത ഭക്ഷണരീതിയും വ്യായാമം ഇല്ലാത്ത ജീവിത രീതിയും പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. ഗര്‍ഭകാലപ്രമേഹം വര്‍ധിക്കുന്നതിലൂടെ കുഞ്ഞിന്റെ ഭാരം കൂടാനും പ്രസവം സങ്കീര്‍ണമാകാനും സാധ്യത വളരെ കൂടുതലാണ്. അമ്മമാരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഗര്‍ഭകാല പ്രമേഹമുള്ള അമ്മമാര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഭാര കൂടുതല്‍ ഉണ്ടാകാനും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്. ആയതിനാല്‍ സിസേറിയന്‍ ചെയ്യേണ്ടി വന്നേക്കാം. മാസമെത്താതെയുള്ള പ്രസവം, അമ്മയ്ക്കും കുഞ്ഞിനും ഐസിയു ചികിത്സ എന്നിവയാണ് മറ്റു ചില സങ്കീര്‍ണ്ണതകള്‍. കൃത്യമായി രോഗ നിര്‍ണയം നടത്തുക എന്നതാണ് ഏറ്റവും പ്രധാനം. അനാരോഗ്യകരമായ ഭക്ഷണ രീതി ഒഴിവാക്കുകയും കൃത്യമായി വ്യായാമം ചെയ്യുക എന്നതാണ് പ്രധാനം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിരീക്ഷിക്കേണ്ടതും അത്യാവശ്യമാണ്. ഗര്‍ഭകാല പ്രമേഹമുള്ള സ്ത്രീകള്‍ പ്രസവത്തിനു ശേഷമുള്ള പ്രമേഹ പരിശോധന നടത്തേണ്ടത് വളരെ പ്രധാനമാണ്. ഭൂരിഭാഗം പേരിലും പ്രസവശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാകാറാണ് പതിവ്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.89, പൗണ്ട് – 105.10, യൂറോ – 89.82, സ്വിസ് ഫ്രാങ്ക് – 94.13, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.33, ബഹറിന്‍ ദിനാര്‍ – 220.01, കുവൈത്ത് ദിനാര്‍ -269.35, ഒമാനി റിയാല്‍ – 215.33, സൗദി റിയാല്‍ – 22.10, യു.എ.ഇ ദിര്‍ഹം – 22.57, ഖത്തര്‍ റിയാല്‍ – 22.77, കനേഡിയന്‍ ഡോളര്‍ – 61.46