പ്രഭാത വാർത്തകൾ

2024 മാർച്ച് 26 ചൊവ്വ

1199 മീനം 13 അത്തം

1445 റമദാൻ 15

◾ ആദായ നികുതി വകുപ്പ് തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പായി അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ സാമ്പത്തിക പ്രതിസന്ധിയിലായ കോണ്‍ഗ്രസ് പാര്‍ട്ടി ജനങ്ങളില്‍നിന്ന് പണം ശേഖരിച്ച് പ്രചരണം നടത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രചാരണസാമഗ്രി തയ്യാറാക്കാന്‍, സ്ഥാനാര്‍ഥി പര്യടനത്തിന്, നേതാക്കളുടെ പര്യടനത്തിന് എന്ന ക്രമത്തില്‍ സാധാരണ മൂന്നുഘട്ടമായിട്ടാണ് ഹൈക്കമാന്‍ഡ് സഹായം നല്‍കിയിരുന്നത്. ഇക്കുറി ആദ്യഘട്ടം സഹായംപോലും എത്തിയിട്ടില്ല. അക്കൗണ്ടില്‍ നടപടി നേരിട്ടതോടെ ഹൈക്കമാന്‍ഡില്‍നിന്നുള്ള കാര്യമായ സഹായം സംസ്ഥാനഘടകങ്ങള്‍ പ്രതീക്ഷിക്കാത്തതിനാല്‍ ‘സഹായിക്കണം, വോട്ടിനും ചെലവിനും’ എന്ന് വീടുകയറി പറയാനാണ് പാര്‍ട്ടി ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾ പ്രൊഫൈല്‍ പിക്ചര്‍ ക്യാംപയിനുമായി ആം ആദ്മി പാര്‍ട്ടി. ‘മോദി കാ സബ്സേ ബഡാ ഡര്‍ കെജ്രിവാള്‍’ എന്ന് എഴുതിയിരിക്കുന്ന പ്രൊഫൈല്‍ പിക്ചര്‍ ആണ് ആം ആദ്മി പാര്‍ട്ടി പ്രചരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്. മോദിയുടെ ഏറ്റവും വലിയ ഭയം കെജ്രിവാള്‍ എന്നാണ് ഈ വരികള്‍ അര്‍ത്ഥമാക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെയാണ് ഈ തരത്തിലുള്ള ക്യാമ്പയിന്‍ ആരംഭിച്ചത്.

◾ സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയില്‍ രാഷ്ട്രീയ തര്‍ക്കങ്ങളുടെ പേരില്‍ ഹര്‍ജിയുമായെത്തുന്ന പ്രവണത കഴിഞ്ഞ നാളുകളില്‍ വര്‍ധിച്ചു വരികയാണെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി. രാഷ്ട്രപതിക്കെതിരെ കേരളത്തിന്റെ ഹര്‍ജിയടക്കം എത്തിയ പാശ്ചത്തലത്തിലാണ് എ ജിയുടെ പ്രതികരണം.

◾ വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി സി ശശീന്ദ്രന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് നല്‍കി. പുതിയ വൈസ് ചാന്‍സിലര്‍ ആയ ഡോക്ടര്‍ പി സി ശശീന്ദ്രന്‍ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് രാജിവെക്കുന്നു എന്നാണ് പ്രതികരിച്ചത് . എന്നാല്‍ ചാന്‍സിലര്‍ രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ വിസി എം ആര്‍ ശശീന്ദ്രനാഥിനെ മാറ്റിയ ശേഷമാണ് ഇദ്ദേഹത്തിന് ചുമതല നല്‍കിയത്. വെറ്റിനറി സര്‍വകലാശാലയിലെ റിട്ടയേഡ് അധ്യാപകനായിരുന്നു പി സി ശശീന്ദ്രന്‍.

◾ സിദ്ധാര്‍ത്ഥന്‍ മരിച്ച സംഭവത്തില്‍ നേരത്തെ സസ്പെന്‍ഡ് ചെയ്ത്, പിന്നീട് തിരിച്ചെടുത്ത 33 വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും സസ്പെന്‍ഷന്‍. ഇത് സംബന്ധിച്ച ഉത്തരവ് ഡീന്‍ പുറത്തുവിട്ടു. ഏഴ് പ്രവൃത്തി ദിനങ്ങളിലേക്കാണ് സസ്പെന്‍ഷന്‍. 33 വിദ്യാര്‍ത്ഥികളെയും കുറ്റവിമുക്തരാക്കി വിസി ഇറക്കിയ ഉത്തരവ് പിന്‍വലിച്ചാണ് സസ്‌പെന്‍ഷന്‍.

◾ സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഇതുവരെ സിബിഐക്ക് ഫയല്‍ പോയിട്ടില്ലെന്ന് തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍. കേസ് ഫയല്‍ സിബിഐക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം റഫര്‍ ചെയ്യേണ്ടതായിരുന്നുവെന്നും കേസിനെ തട്ടിക്കളിക്കാന്‍ സമ്മതിക്കില്ലെന്നും ഉടന്‍ സിബിഐ അന്വേഷണം തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

◾ മുഖ്യമന്ത്രി പിണറായി വിജയനെ ലോക്സഭാ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ സുരേന്ദ്രന്‍. മലപ്പുറത്ത് എല്‍ഡിഎഫ് സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ റാലിയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി. നിയമത്തിന്റെ ബലത്തില്‍ മുസ്ലിങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് പ്രസംഗിച്ച മുഖ്യമന്ത്രി ഹിന്ദു മുസ്ലിം വിഭജനം സൃഷ്ടിച്ച് വിദ്വേഷം വളര്‍ത്താനാണ് ശ്രമിച്ചതെന്നും പരാതിയില്‍ പറയുന്നു.

◾ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത് ക്രൈം ബ്രാഞ്ച്. ഇഡി പിടിച്ചെടുത്ത ഒറിജിനല്‍ രേഖകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ അന്വേഷണം അനിശ്ചിതമായി ഇങ്ങനെ നീട്ടിക്കൊണ്ടു പോകാന്‍ അനുവദിക്കില്ലെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

◾ 80 ശതമാനം വിലക്കുറവില്‍ മരുന്നുകള്‍ വിതരണം ചെയ്യുമെന്ന വാഗ്ദാനത്തില്‍ ട്വന്റി ട്വന്റി പാര്‍ട്ടി ഭരിക്കുന്ന കിഴക്കമ്പലത്ത് സാബു എം ജേക്കബ് ഇക്കഴിഞ്ഞ 21-ാം തിയതി ഉദ്ഘാടനം ചെയ്ത മെഡിക്കല്‍ സ്റ്റോര്‍ അടച്ചുപൂട്ടി. ഉദ്ഘാടനവുമായി ബന്ധപ്പെട്ട എല്ലാ വീഡിയോയും പോസ്റ്ററുകളും സമൂഹമാധ്യമങ്ങളില്‍ നിന്നടക്കം പിന്‍വലിക്കാനും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പെരുമാറ്റ ചട്ടം നിലവില്‍ വന്നതിന് ശേഷമാണ് മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ മെഡിക്കല്‍ സ്റ്റോര്‍ പൂട്ടാന്‍ ഉത്തരവിട്ടത്.

◾ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിങിന്റെ പേരില്‍ സസ്പെന്റ് ചെയ്യപ്പെട്ട രണ്ട് വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ വിദ്യാര്‍ത്ഥികള്‍ 2021 ബാച്ചിലെ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തതായി ആരോപണം ഉയര്‍ന്നിരുന്നു. സിദ്ധാര്‍ത്ഥന്റെ മരണത്തിന് പിന്നാലെ പഴയ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഈ വിദ്യാര്‍ത്ഥികളെയും സര്‍വകലാശാല അധികൃതര്‍ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഇവര്‍ക്കെതിരെ തെളിവുകളോ പരാതിയോ ആന്റി റാഗിംങ് സമിതിക്ക് കിട്ടിയിരുന്നില്ല. ഇടക്കാല ഉത്തരവായാണ് രണ്ട് വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷന് സ്റ്റേ അനുവദിച്ചത്.

◾ തെരഞ്ഞെടുപ്പ് പ്രചാരണ ഫ്ളക്സില്‍ ക്ഷേത്രത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിന് തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടിഎന്‍ പ്രതാപന്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. തൃപ്രയാര്‍ തേവരുടെ ചിത്രം ഫ്ളക്‌സിലുള്‍പ്പെടുത്തിയത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമായി കണ്ട് നടപടിയെടുക്കണമെന്നാണ് പരാതിയില്‍ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

◾ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം പോരെന്ന് വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും. ഇടത് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പേരിലാണ് യോഗത്തില്‍ രൂക്ഷമായ തര്‍ക്കം ഉണ്ടായത്.

◾ യുഎഇയിലും ഖത്തറിലും എത്തി പ്രവാസികളെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ച് ഷാഫി പറമ്പില്‍. പരമാവധി പ്രവാസി വോട്ടുറപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. ഇതിനായി പ്രത്യേക വിമാനം ഏര്‍പ്പാടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. വിമാന നിരക്കിലെ കൊള്ള, മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിലെ പ്രശ്നങ്ങള്‍, പ്രവാസി വോട്ടവകാശം എന്നിവയെല്ലാം ഷാഫിയുടെ ഗള്‍ഫ് സന്ദര്‍ശനത്തില്‍ ചര്‍ച്ചയായി. സാമ്പത്തിക ഭദ്രതയെ ബാധിക്കാത്ത തരത്തിലാണെങ്കില്‍ വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് വരണമെന്ന് ഷാഫി പ്രവാസികളോട് അഭ്യര്‍ത്ഥിച്ചു.

◾ നിരോധിത മത-തീവ്ര സംഘടനകളുമായി സിപിഎം ബാന്ധവത്തിന് ശ്രമിക്കുന്നുവെന്നും ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടുമായി സിപിഎമ്മിന് രഹസ്യധാരണയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എഎം ആരിഫ് ശബരിമലയിലേക്ക് യുവതികളെ കയറ്റിവിടാന്‍ നേതൃത്വം കൊടുത്ത ആളാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ശോഭ സുരേന്ദ്രന്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥി ആയതോടെ എല്‍ഡിഎഫ്- യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഉറക്കം പോയെന്നും ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയില്‍ ജയിച്ചാല്‍ കേന്ദ്രമന്ത്രിയാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

◾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രത്യേക സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുന്നതിന് വേണ്ടി പണമോ, പാരിതോഷികമോ, മദ്യമോ, മറ്റ് സാധന സാമഗ്രികളോ വിതരണം ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് അധികൃതര്‍. പരിശോധനകള്‍ക്കായി ജില്ലയില്‍ ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. പോളിങ് കഴിയുന്നത് വരെ വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പണം, മദ്യം, ആയുധങ്ങള്‍, ആഭരണങ്ങള്‍, സമ്മാനങ്ങള്‍ പോലുള്ള സാമഗ്രികള്‍ എന്നിവ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ കര്‍ശനമായ പരിശോധന നടത്തും.

◾ മൈലപ്ര സഹകരണ ബാങ്കിന്റെ പേരില്‍ വാണിജ്യ ബാങ്കില്‍ ഉണ്ടായിരുന്ന രണ്ടു കോടിയോളം രൂപ പിന്‍വലിച്ചതിനും വിനിയോഗിച്ചതിനും രേഖയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്ക് സെക്രട്ടറി ഷാജി ജോര്‍ജ്ജിനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു . ഭരണസമിതി അറിയാതെ തുക പിന്‍വലിച്ച് കണക്കില്‍ വരവ് വെയ്ക്കാതെ വിനിയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി .

◾ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞ് പിതാവ് ആശുപത്രിയിലെത്തിച്ച കാളികാവിലെ രണ്ടര വയസുകാരിയുടെ മരണം മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് കണ്ടെത്തല്‍. കുട്ടിയുടെ തലയിലും നെഞ്ചിലുമേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. തലയില്‍ അടിയേറ്റ് രക്തം കട്ട പിടിച്ചിരുന്നുവെന്നും വാരിയെല്ല് പൊട്ടിയിരുന്നതായും പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായി. ഉദരംപൊയില്‍ സ്വദേശി മുഹമ്മദ് ഫായിസ് മകള്‍ ഫാത്തിമ നസ്രിനെ കൊലപ്പെടുത്തിയതാണെന്ന് അമ്മയും ബന്ധുക്കളും ആരോപിച്ചിരുന്നു. ആരോപണത്തെ തുടര്‍ന്ന്് പിതാവ് മുഹമ്മദ് കോന്തത്തൊടിക ഫായിസിനെ (24) കാളികാവ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

◾ കോതമംഗലം കള്ളാടിന് സമീപം ചെങ്ങമനാട്ട് ഏലിയാസിന്റെ ഭാര്യ സാറാമ്മയെ (72) മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇവര്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.സ്ഥലത്ത് മഞ്ഞള്‍പ്പൊടി വിതറിയിട്ടുണ്ട്. സംഭവത്തില്‍ കോതമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.

◾ മദ്യക്കുപ്പി ഒളിപ്പിച്ചു വെച്ചുവെന്ന് പറഞ്ഞ് മകനെ മര്‍ദ്ദിക്കുകയും കത്തി കൊണ്ട് നെഞ്ചത്ത് കുത്താന്‍ ശ്രമിക്കുകയും ചെയ്ത പിതാവിനെ സുല്‍ത്താന്‍ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. ബത്തേരി പുത്തന്‍കുന്ന് കരപ്പുറത്ത് വീട്ടില്‍ കെ.എന്‍ വിശ്വംഭരന്‍ (84) ആണ് പിടിയിലായത്.

◾ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി തലശ്ശേരി എരഞ്ഞോളിയില്‍ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. എരഞ്ഞോളിയിലെ അനൂപ്, നിഷ ദമ്പതികളുടെ മകള്‍ യാഷികയാണ് മരിച്ചത്.

◾ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന വീട്ടമ്മ കണ്ടെയ്നര്‍ ലോറിയുടെ ടയറിനിടയിലേക്കു തെറിച്ചു വീണ് മരിച്ചു. നീറിക്കാട് കല്ലമ്പള്ളി കൊല്ലകുഴിയില്‍ ബിനോയിയുടെ ഭാര്യ പ്രിയ (46) ആണു മരിച്ചത്.

◾ ഉത്സവപരിപാടികള്‍ നടക്കുന്നതിനിടെ സമീപത്തെ മൈതാനത്തു കിടന്നുറങ്ങിയ യുവാവിന്റെ തലയിലൂടെ മിനി ബസ് കയറിയിറങ്ങി തത്ക്ഷണം മരിച്ചു. കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കതില്‍വീട്ടില്‍ പൊന്നമ്മയുടെ മകന്‍ രാജീവാ(25)ണ് മരിച്ചത്.

◾ ആനപ്രേമികളുടെ ഹരമായിരുന്ന മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു. കേരളത്തില്‍ അങ്ങോളമിങ്ങോളം ആരാധകരുളള മംഗലാംകുന്ന് അയ്യപ്പന്‍ തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള നിരവധി പൂരങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു.

◾ കുടിവെള്ള ക്ഷാമം രൂക്ഷമായ ബംഗളുരുവില്‍ കാര്‍ കഴുകാനും ചെടി നനയ്ക്കാനും കുടിവെള്ളം ഉപയോഗിച്ചവര്‍ക്ക് 5000 രൂപ പിഴ ചുമത്തി ബംഗളുരു അധികൃതര്‍. അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്കായി കുടിവെള്ളം ഉപയോഗിച്ച 22 കുടുംബങ്ങള്‍ക്കാണ് അധികൃതര്‍ പിഴ ചുമത്തിയത്.

◾ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഏപ്രില്‍ ഏഴ് വരെയുള്ള 21 മത്സരങ്ങളുടെ മത്സരക്രമം മാത്രം പുറത്തു വിട്ടിരുന്ന ബിസിസിഐ ഐപിഎല്ലിലെ മുഴുവന്‍ മത്സരങ്ങളുടെയും മത്സരക്രമം പുറത്തുവിട്ടു. മെയ് 26ന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ഐപിഎല്‍ ഫൈനല്‍.

◾ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിന് നാലു വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സ് 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു 49 പന്തില്‍ 77 റണ്‍സെടുത്ത വിരാട് കോലിയുടെയും 10 പന്തില്‍ 28 റണ്‍സെടുത്ത് അവസാന ഓവറുകളില്‍ കത്തിക്കയറിയ ദിനേശ് കാര്‍ത്തിക്കിന്റേയും ബാറ്റിംഗ് കരുത്തില്‍ നാല് പന്ത് ശേഷിക്കേ വിജയലക്ഷ്യത്തിലെത്തി.

◾ ചെറുകിട സംരംഭങ്ങള്‍ക്ക് മൂലധനം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി മുദ്രാ യോജനപ്രകാരം കേരളത്തില്‍ വിതരണം ചെയ്ത വായ്പകള്‍ എക്കാലത്തെയും ഉയരത്തില്‍. നടപ്പ് സാമ്പത്തികവര്‍ഷം (2023-24) ഇതിനകം 19.13 ലക്ഷം അപേക്ഷകര്‍ക്കായി 17,319.95 കോടി രൂപയുടെ വായ്പകളാണ് കേരളത്തില്‍ അനുവദിച്ചതെന്നും ഇതില്‍ 17,179.58 കോടി രൂപ വിതരണം ചെയ്തെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. നടപ്പുവര്‍ഷം അവസാനിക്കാന്‍ ഒരാഴ്ച കൂടി ശേഷിക്കേയാണ് മുദ്രാ വായ്പകളിലെ ഈ മുന്നേറ്റം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) കേരളത്തില്‍ വിതരണം ചെയ്ത മുദ്രാ വായ്പകളുടെ മൂല്യം 15,079 കോടി രൂപയായിരുന്നു. 17.81 ലക്ഷം പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. 50,000 രൂപവരെ ലഭിക്കുന്ന ശിശു, അമ്പതിനായിരത്തിന് മുകളില്‍ 5 ലക്ഷം രൂപവരെ കിട്ടുന്ന കിഷോര്‍, 5 ലക്ഷത്തിന് മുകളില്‍ 10 ലക്ഷം രൂപവരെ നേടാവുന്ന തരുണ്‍ എന്നിങ്ങനെ മൂന്ന് വായ്പാ വിഭാഗങ്ങളാണ് മുദ്രാ വായ്പയിലുള്ളത്. ഇതില്‍ കിഷോര്‍ വായ്പയ്ക്കാണ് കേരളത്തില്‍ ഡിമാന്‍ഡ് കൂടുതല്‍. നടപ്പുവര്‍ഷം ഇതിനകം 8.05 ലക്ഷം അപേക്ഷകര്‍ക്കായി കിഷോര്‍ വിഭാഗത്തില്‍ 9,123.70 കോടി രൂപ വായ്പ അനുവദിച്ചു. ഇതില്‍ 9,047 കോടി രൂപ വിതരണം ചെയ്തു. 47,293 അപേക്ഷകരുള്ള തരുണ്‍ വിഭാഗത്തില്‍ അനുവദിച്ച വായ്പാത്തുക 4,370.32 കോടി രൂപയാണ്. വിതരണം ചെയ്തത് 4,320.15 കോടി രൂപ. 10.61 ലക്ഷം അപേക്ഷകരാണ് സംസ്ഥാനത്ത് ശിശു വിഭാഗത്തിലുള്ളത്. ഇവര്‍ക്കായി 3,825.93 കോടി രൂപ അനുവദിച്ചതില്‍ 3,812.43 കോടി രൂപ വിതരണം ചെയ്തുകഴിഞ്ഞു. ദേശീയതലത്തില്‍ നടപ്പുവര്‍ഷത്തെ (2023-24) വായ്പാ വിതരണം 5 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ്.

◾ തെന്നിന്ത്യന്‍ സംവിധായകന്‍ ലോകേഷ് കനകരാജും ശ്രുതി ഹാസനും പ്രധാന വേഷത്തിലെത്തുന്ന ‘ഇനിമേല്‍’ മ്യൂസിക് വീഡിയോ പുറത്ത്. മ്യൂസിക് വീഡിയോ കമ്പോസ് ചെയ്തിരിക്കുന്നതും പാടിയിരിക്കുന്നതും ശ്രുതി ഹാസന്‍ തന്നെയാണ്. സംവിധായകനില്‍ നിന്നും പ്രണയ നായകനിലേക്കുള്ള ലോകേഷിന്റെ ചുവടുമാറ്റം വളരെ പോസിറ്റീവ് ആയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. കമല്‍ ഹാസനാണ് ദ്വാരകേഷ് പ്രഭാകര്‍ സംവിധാനം ചെയ്ത ഇനിമേല്‍ എന്ന മ്യൂസിക് വീഡിയോയുടെ ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ് ഇനിമേല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഭുവന്‍ ഗൗഡ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഇനിമേലിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് ഫിലോമിന്‍ രാജ് ആണ്.

◾ മലയാളത്തിന്റെ എക്കാലത്തെയും വമ്പന്‍ ഹിറ്റ് ചിത്രമായിരിക്കുകയാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’. മഞ്ഞുമ്മല്‍ ബോയ്സ് ആഗോളതലത്തില്‍ 200 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. യുകെ അയര്‍ലാന്‍ഡ് എന്നിവടങ്ങളിലും മലയാള സിനിമകളില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്നാണ് ഒരു പുതിയ റിപ്പോര്‍ട്ട്. യുകെയിലും അയര്‍ലാന്‍ഡിലും 2018ന്റെ ആകെ കളക്ഷനാണ് മഞ്ഞുമ്മല്‍ ബോയ്സ് മറികടന്നത് എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2018 യുകെയില്‍ ആകെ 7.89 കോടി രൂപയായിരുന്ന നേടിയത്. മഞ്ഞുമ്മല്‍ ബോയ്സാകട്ടേ യുകെയില്‍ 7.90 കോടി രൂപയിലധികം നേടിയിരിക്കുകയാണ്. കേരളത്തിലും മിഡില്‍ ഈസ്റ്റിലുമൊഴികെയുള്ളിടങ്ങളില്‍ മലയാളത്തിന്റെ കളക്ഷനില്‍ നിലവില്‍ ഒന്നാമത് മഞ്ഞുമ്മല്‍ ബോയ്സ് ആണ് എന്നും റിപ്പോര്‍ട്ടുണ്ട്. മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടില്‍ 50 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്ന ബോക്സ് ഓഫീസ് റിപ്പോര്‍ട്ടും മലയാളത്തിന്റെ വമ്പന്‍ വിജയമാണ് സൂചിപ്പിക്കുന്നത്. ഇതാദ്യമായിട്ടാണ് മലയാളത്തില്‍ നിന്നുള്ള ഒരു ചിത്രം ഇത്തരം നേട്ടത്തിലെത്തുന്നത്. വലിയ സ്വീകാര്യതയാണ് കേരളത്തിന് പുറത്ത് ചിത്രം നേടുന്നത്. കര്‍ണാടകത്തില്‍ നിന്നും ഏകദേശം 11 കോടിയോളം മഞ്ഞുമ്മല്‍ ബോയ്സ് നേടിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

◾ സിട്രോണുമായി കരാര്‍ ഒപ്പിട്ട് ബ്ലൂ സ്മാര്‍ട്. 4000 ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനുള്ള കരാറാണ് ഇരുകമ്പനികളും ഒപ്പിട്ടിരിക്കുന്നത്. കരാര്‍ പ്രകാരം ബ്ലൂ സ്മാര്‍ട് മൊബിലിറ്റിയുടെ ക്യാബ് ആയി ഓടാന്‍ 12 മാസത്തേയ്ക്ക് 4000 ഇ സി 3 ഇലക്ട്രിക് കാറുകള്‍ എത്തും. ഇതോടെ ടാറ്റയുടെയും മഹീന്ദ്രയുടെയും ഇവി ഉപയോഗിച്ചിരുന്ന ബ്ലൂ സ്മാര്‍ട്ടിലേക്കു സിട്രോണ്‍ ഇ സി 3 ഇവി കൂടി എത്തും. ആദ്യഘട്ടത്തില്‍ സിട്രോണ്‍ 125 യൂണിറ്റുകള്‍ കൈമാറി. ഇ വി കള്‍ ഫ്ലാഗ് ഓഫ് ചെയ്തത് ബെംഗളൂരുവിലെ ബ്ലൂ സ്മാര്‍ട് മൊബിലിറ്റി ക്യാബ് അഗ്രിഗേറ്ററിന്റെ ചാര്‍ജിങ് ഹബ്ബില്‍ നിന്നാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇ സി 3 ഇ വി കള്‍ ബ്ലൂ സ്മാര്‍ട്ടിലെത്തും. 2023 ഫെബ്രുവരിയിലാണ് സിട്രോണിന്റെ ഇ സി 3 ഇലക്ട്രിക് കാറുകള്‍ ഇന്ത്യയിലെത്തിയത്. എയര്‍ കൂള്‍ഡ് ബാറ്ററിയാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്. 29.2 കിലോവാട്ട് ബാറ്ററിക്ക് 320 കി.മീ റേഞ്ചുണ്ട്. ഓട്ടത്തില്‍ ചാര്‍ജാകാന്‍ റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനം. 57 മിനിറ്റില്‍ 80 ശതമാനം വരെ ചാര്‍ജുചെയ്യാം. നിലവിലെ ഇലക്ട്രിക്കുകള്‍ക്ക് ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം തുടര്‍ച്ചയായി ഉപയോഗിക്കാന്‍ സാധിക്കാത്തപ്പോള്‍ ഇ സി 3 എത്ര തവണ വേണമെങ്കിലും ഫാസ്റ്റ് ചാര്‍ജ് ചെയ്യാം. സാധാരണ 15 ആംപ് സോക്കറ്റില്‍ കുത്താനാകുന്ന സ്ലോ ചാര്‍ജറുമുണ്ട്. ബാറ്ററിക്ക് 1.40 ലക്ഷം അല്ലെങ്കില്‍ 7 കൊല്ലം, മോട്ടറിന് 1 ലക്ഷം അല്ലെങ്കില്‍ 5 വര്‍ഷം, വാഹനത്തിന് 3 വര്‍ഷം അല്ലെങ്കില്‍ 125 കിലോമീറ്റര്‍ എന്നിങ്ങനെ വാറന്റി. ഫീല്‍, ഫീല്‍ വൈബ്, ഷൈന്‍, ഷൈന്‍ വൈബ് മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 12.69 ലക്ഷം രൂപ മുതല്‍ 13.49 ലക്ഷം രൂപ വരെയാണ്.

◾ ജ്ഞാനപീഠ ജേതാവായ എം.ടി. വാസുദേവന്‍നായരുടെ വയലാര്‍ അവാര്‍ഡുനേടിയ നോവല്‍. എം.ടി. വാസുദേവന്‍ നായര്‍ രചിച്ച മലയാളത്തിലെ പ്രശസ്തമായ നോവലാണ് ‘രണ്ടാമൂഴം’. മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലില്‍ ഭീമനാണ് കേന്ദ്രകഥാപാത്രം. അഞ്ചു മക്കളില്‍ രണ്ടാമനായ ഭീമന് എല്ലായ്പ്പോഴും അര്‍ജ്ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിക്കുന്നുള്ളൂ. പാഞ്ചാലിയുടെ കാര്യത്തിലും ഇത് തുടരുന്നു. ഇതാണ് പേരിനു പിന്നില്‍. മഹാഭാരതത്തില്‍ വളരെ അകലെ കാണപ്പെടുന്ന പല കഥാപാത്രങ്ങളും രണ്ടാമൂഴത്തില്‍ വളരെ അടുത്ത് നോക്കികാണാന്‍ കഥാകാരന്‍ ശ്രമിക്കുന്നു. ഉദാഹരണത്തിന് വിശോകന്‍. ഭീമന്റെ സാരഥിയായ വിശോകനെ മഹാഭാരതത്തില്‍ വളരെ ചെറുതായി ആണ് കാണിക്കുന്നത്. രണ്ടാമൂഴത്തില്‍ കര്‍ണ്ണനെ വധിക്കാന്‍ കിട്ടിയ അവസരത്തില്‍ അത് തന്റെ സഹോദരനാണ് എന്ന് പറഞ്ഞ് പിന്തിരിപ്പിക്കുന്നത് വിശോകനാണ്. കഥാതന്തുവില്‍ വളരെ വലിയ മാറ്റം വരുത്തുന്ന ഒരു സംഭവത്തില്‍ പ്രധാനപ്പെട്ട കഥാപാത്രമായി മാറുന്നത് വിശോകനാണ്. അതുപോലെ ബലന്ധര, അത്ര പ്രാധാന്യം ഇല്ലാത്ത ഒരു കഥാപാത്രമാണെങ്കിലും ഭീമന്റെ മനസ്സില്‍ ബലന്ധരക്ക് പ്രാധാന്യം കല്പിക്കപ്പെടുന്നു. ‘രണ്ടാമൂഴം’. എം.ടി. വാസുദേവന്‍നായര്‍. 60-ാം പതിപ്പ്. കറന്റ് ബുക്സ്. വില 475 രൂപ.

◾ നിത്യജീവിതത്തില്‍ പലപ്പോഴും ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇടയ്ക്ക് അതൊന്ന് വൃത്തിയാക്കാനും അണുനാശിനി കൊണ്ട് തുടയ്ക്കാനും ശ്രദ്ധിക്കാറുണ്ടോ? ഇല്ലെങ്കില്‍ സൂക്ഷിക്കണം. ഇയര്‍ഫോണുകളില്‍ അടിഞ്ഞു കൂടുന്ന അഴുക്കും അണുക്കളും ചെവിയില്‍ അണുബാധയുണ്ടാക്കി കേള്‍വി ശക്തിയെ തന്നെ ബാധിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വൃത്തിയാക്കാത്ത ഇയര്‍ഫോണുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ ചെവിയിലെ ഈര്‍പ്പവും ചൂടുമൊക്കെ ചേര്‍ന്ന് അണുക്കളുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കാറുണ്ട്. ഹാനികരങ്ങളായ അണുക്കള്‍ ഇയര്‍ കനാലിലേക്ക് വന്ന് അണുബാധകള്‍ ഇത് മൂലം ഉണ്ടാകാം. അണുബാധകള്‍ ചെവിയില്‍ നീര്‍ക്കെട്ടിനും ദ്രാവകങ്ങള്‍ കെട്ടിക്കിടക്കാനും ഇടയാക്കും. ചെവിക്കുള്ളിലെ കേള്‍വിയെ സഹായിക്കുന്ന അതിലോല ഘടകങ്ങളെയും ഇത് ബാധിക്കും. അടിക്കടിയുണ്ടാകുന്ന അണുബാധകള്‍ താത്ക്കാലികവും സ്ഥിരവുമായ കേള്‍വി നഷ്ടത്തിന് കാരണമാകുന്നതാണ്. ഹെഡ്‌ഫോണുകള്‍ പലരുടെ ഉപയോഗത്തിനായി പങ്കുവയ്ക്കുന്നതും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അണുക്കള്‍ പടരാനിടയാക്കും. ഇയര്‍ഫോണുകളിലെ ബാക്ടീരിയ സാന്നിധ്യം ചെവിക്കുള്ളിലും ചുറ്റിനുമുള്ള ചര്‍മ്മ സംബന്ധിയായ പ്രശ്‌നങ്ങളെ അധികരിപ്പിക്കും. ശ്രവണ സംവിധാനത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇത്തരം ചര്‍മ്മ പ്രശ്‌നങ്ങള്‍ ഹാനികരമാണ്. പ്രതിരോധ ശക്തി കുറഞ്ഞ വ്യക്തികളിലും മുന്‍പ് ചെവിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായവരും അണുവാഹകരായ ഹെഡ്‌ഫോണുകളെ പ്രത്യേകം കരുതിയിരിക്കണം. ഇയര്‍ഫോണുകളും ഹെഡ്‌സെറ്റുകളുമെല്ലാം നിത്യവും വൃത്തിയാക്കേണ്ടതും ആരുമായും പങ്കുവയ്ക്കാതിരിക്കേണ്ടതും ഇതിനാല്‍ തന്നെ മുഖ്യമാണ്. ദീര്‍ഘമായി ഹെഡ്‌ഫോണുകള്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഇടയ്ക്ക് ബ്രേക്ക് എടുത്ത് ഇവ മാറ്റി വയ്ക്കുന്നത് ചെവിക്ക് വിശ്രമം നല്‍കാനും ഈര്‍പ്പവും അണുക്കളും അടിയാതിരിക്കാനും സഹായിക്കും.

ശുഭദിനം
🌹
കുന്നിന്‍മുകളിലാണ് അയാളുടെ വീട്. അവിടെ അയാള്‍ക്കൊരു ചെറിയ കടയുമുണ്ട്. താഴ്വരയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തന്റെ കഴുതയുടെ പുറത്ത് വെച്ച് കൊണ്ടുപോകും. ഏകദേശം അമ്പത് കിലോയോളം അയാള്‍ തന്റെ കഴുതയുടെ പുറത്ത് വെക്കാറുണ്ട്. വിശ്വസ്തനായ കഴുത അത് ചുമന്ന് കൊണ്ട് പോകും. പിന്നീടയാള്‍ക്ക് തോന്നി ഈ സാധനങ്ങളുടെ അളവ് അല്‍പം കൂട്ടാം എന്ന്. അതങ്ങനെ എണ്‍പത് കിലോ ആയി. എങ്കിലും പരിഭവിക്കാതെ കഴുത തന്റെ ജോലി തുടര്‍ന്നു. അയാള്‍ പിന്നീടത് നൂറ് കിലോയില്‍ എത്തിച്ചു. ഭാരം ചുമക്കാനാകാതെ കഴുത തളര്‍ന്നുവീണു. ഉടന്‍ തന്നെ അയാള്‍ നൂറ് കിലോ ഭാരം തൊണ്ണൂറ് കിലോയാക്കി കുറച്ചു. തന്റെ യജമാനന് തന്നോടുളള ഇഷ്ടമോര്‍ത്ത് കഴുത തന്റെ ജോലി തുടര്‍ന്നു.. ചൂഷണം ചെയ്യുന്നവര്‍ക്ക് കര്‍മ്മത്തോടോ ആ കര്‍മ്മം ചെയ്യുന്നവരോടോ ഒരു പ്രതിബദ്ധതയും ഉണ്ടാകില്ല. ആ പ്രവൃത്തിയിലൂടെ തനിക്ക് ലഭിക്കുന്ന നേട്ടങ്ങളില്‍ മാത്രമാകും അവരുടെ ചിന്ത. പല ചൂഷകരും ഔദാര്യത്തിന്റെ മുഖംമൂടിയണിയുന്നവരായിരിക്കും. അവര്‍ പണിക്കാരുടെ തലച്ചോര്‍ വൈകാരികതകൊണ്ട് വിലക്കെടുക്കും. തന്ത്രപരമായ ഇടപെടലുകളിലൂടെ ആളുകളുടെ പ്രതികരണശേഷി നശിപ്പിക്കും. എല്ലുമുറിയെ പണിയെടുക്കുന്നതില്‍ തെറ്റൊന്നുമില്ല, പക്ഷേ, അത് നമ്മുടെ മജ്ജയും മാംസവും പറിച്ചെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കു വേണ്ടിയാകരുത്. നമ്മുടെ തലച്ചോറിനും സാമര്‍ത്ഥ്യത്തിനും വിലയിടാന്‍ പഠിക്കണം. എന്നാല്‍ മനഃസാക്ഷിക്ക് വിലയിടാനും പാടില്ല. ഒന്നും ആര്‍ക്കും സൗജന്യമായി നല്‍കേണ്ടതില്ല. അതിപ്പോള്‍ ഭയത്തിന്റെ പേരിലാണെങ്കിലും സ്‌നേഹത്തിന്റെ പേരിലാണെങ്കിലും. കാരണം ഗുണനിലവാരമുളള ജീവിതം ഒരിക്കലും നമുക്ക് സൗജന്യമായി ലഭിക്കുകയില്ല. നമുക്ക് വണ്ടിക്കാളകളാകാതിരിക്കാന്‍ ശ്രമിക്കാം, ചൂഷണത്തെ തിരിച്ചറിയാം

🌹

ശുഭദിനം.