ലോക്സഭ തെരഞ്ഞെടുപ്പ് ഏപ്രിൽ 10നു ശേഷം
?️ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 10നു ശേഷം. തെരഞ്ഞെടുപ്പ് തീയതി ഏപ്രിൽ 16 എന്ന് പരീക്ഷണാർഥമുള്ള ദിവസമായി കണക്കാക്കി നടപടികൾ സ്വീകരിക്കാനാവശ്യപ്പെട്ട് രാജ്യത്തെ ജില്ലാ കലക്റ്റർമാർക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ കത്തയച്ചു. ജില്ലാ കലക്റ്റർമാരാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർമാർ. ഏപ്രിൽ പകുതിയോടെ പാർലമെന്‍റ് തെരഞ്ഞെടുപ്പ് എന്ന് പ്രതീക്ഷയിലാണ് രാജ്യം മുന്നോട്ടുപോവുന്നത്. അത് ഏറെക്കുറെ സ്ഥിരീകരിക്കുന്നതാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. ഉത്സവങ്ങൾ, പരീക്ഷകൾ എന്നിവയൊക്കെ കണക്കിലെടുത്താവും തീയതി തീരുമാനിക്കുക.
ഇടക്കാല ബജറ്റിനൊരുങ്ങി കേന്ദ്രസർക്കാർ
?️ഇടക്കാല ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ബജറ്റിന്‍റെ അവസാന ഘട്ട തയാറെടുപ്പിന്‍റെ ഭാഗമായി ബുധനാഴ്ച കേന്ദ്ര സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിൽ ഹൽവ തയാറാക്കിക്കൊണ്ടുള്ള ആഘോഷം സംഘടിപ്പിച്ചു. കേന്ദ്രധന മന്ത്രി നിർമല സീതാരാമൻ ധനമന്ത്രി ഹൽവ ജീവനക്കാർക്ക് വിതരണം ചെയ്തു. സമ്പൂർണ ബജറ്റ് അവതരണമല്ലെങ്കിലും സാമ്പത്തിക വളർച്ചയെ സഹായിക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാം എന്നാണ് പ്രതീക്ഷ. ധനകാര്യ സെക്രട്ടറി ഡോ. ടി.വി. സോമനാഥൻ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.
ഫെബ്രുവരി 16 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കർഷക സംഘടനകൾ
?️ഫെബ്രുവരി 16 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കർഷക സംഘടനകൾ. കാർഷിക വിളകൾക്ക് താങ്ങുവില അടക്കം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദിന് ആഹ്വാനം നൽകിയിരിക്കുന്നത്. കർഷക സംഘടനകൾക്ക് പുറമെ, വ്യാപാരികളോടും ട്രാൻസ്പോർട്ടർമാരോടും ബന്ദിനെ പിന്തുണയ്ക്കാനും അന്നേദിവസം പണിമുടക്ക് നടത്താനും ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. സംയുക്ത കിസാൻ മോർച്ച സംഘടനകൾ ബന്ദിന്‍റെ ഭാഗമാകും. രാജ്യത്തിന് ഇതു വലിയൊരു സന്ദേശമാകുമെന്ന് നേതാക്കൾ പറയുന്നു.
മാത്യു കുഴൽനാടന് തിരിച്ചടി; റിസോർട്ട് ഭൂമിയിലെ സർക്കാർ പുറമ്പോക്ക് ഏറ്റെടുക്കാൻ കലക്‌ടറുടെ അനുമതി
?️മാത്യു കുഴൽനാടന്‍റെ റിസോർട്ട് ഭൂമിയിലെ 50 സെന്‍റ് സർക്കാർ പുറംമ്പോക്ക് ഏറ്റെടുക്കാൻ കലക്‌ടറുടെ അനുമതി. കയ്യേറ്റം ചൂണ്ടിക്കാട്ടിയുള്ള ലാൻഡ് റവന്യു തഹസിൽദാരുടെ റിപ്പോർട്ടിനു പിന്നാലെയാണ് കലക്‌ടറുടെ നടപടി. വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് വാങ്ങിയ ശേഷം കൈയേറ്റം ഒഴിപ്പിക്കൽ നടപടി ആരംഭിക്കും.മാത്യു കുഴൽനാടന് ചിന്നക്കാലിൽ അധിക ഭൂമിയുണ്ടെന്ന വിജിലൻസിന്‍റെ കണ്ടെത്തൽ റവന്യു വകുപ്പ് ശരിവച്ചിരുന്നു. ഇത് സംബന്ധിച്ച് ഉടുമ്പൻചോല ലാൻഡ് റവന്യു തഹസിൽദാർ ഇടുക്കി ജില്ലാ കലക്‌ടർക്ക് റിപ്പോർട്ടും സമർപ്പിച്ചു.
എപിപി അനീഷ്യയുടെ ആത്മഹത്യ; വിഷയം ഗൗരവകരമായി കാണണമെന്ന് മുഖ്യമന്ത്രിക്ക് സതീശന്‍റെ കത്ത്
?️കൊല്ലം പരവൂരിൽ എപിപി അനീഷ്യ ആത്മഹത്യ ചെയ്ത സംഭവം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്. നിയമവിരുദ്ധമായി എന്തും ചെയ്യാന്‍ തയാറുള്ള ഒരു സംഘം പ്രോസിക്യൂഷന്‍ രംഗത്ത് ഉണ്ടെന്ന് അടിവരയിടുന്നതാണ് അനീഷ്യയുടെ വെളിപ്പെടുത്തലുകളില്‍ പലതും. അനീഷ്യയോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചതും കേസുകള്‍ അട്ടിമറിക്കുന്നതിന്‍റെ ഭാഗമായാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതും പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രിക്കയച്ച കത്തിൽ സതീശൻ പറയുന്നു.
മുഖ്യമന്ത്രിയുടെ ഗൺമാന് ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ്
?️നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥർക്കും പൊലീസിന്‍റെ നോട്ടീസ്. ചോദ്യം ചെയ്യാനായി തിങ്കളാഴ്ച ഹാജരാവാനാണ് ഗൺമാനായ അനിൽകുമാറിനും സുരക്ഷാ ഉദ്യോഗസ്ഥന്‍ എ.സന്ദീപിനും നോട്ടീസ് അയച്ചിരിക്കുന്നത്.യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടതിയെ സമീപിച്ചതോടെ ഒരു മാസം മുൻപാണ് പൊലീസ് കേസെടുത്തത്. പിന്നീട് നടപടികളോന്നും ഉണ്ടായിരുന്നില്ല. വീണ്ടും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടതിയെ സമീപിക്കാനൊരുങ്ങിയതോടെയാണ് പൊലീസിന്‍റെ നടപടി.
സംസ്ഥാന സർക്കാർ പാവപ്പെട്ട രോഗികളെ കൊലയ്ക്ക് കൊടുക്കുന്നു; തിരുവഞ്ചൂർ രാധാകൃഷ്ണൻ
?️കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കേരളത്തിലെ പാവപ്പെട്ടവരെ മറന്നുകൊണ്ട് അഴിമതിയും ധൂർത്തും നടത്തി ദുർഭരണം തുടരുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. സർക്കാർ ആശുപത്രികളിൽ പാവപ്പെട്ട രോഗികൾക്ക് മരുന്ന് വിതരണം നിർത്തിവെച്ച നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ച മുതൽ തുടർച്ചയായി 3 ദിവസം ബാങ്ക് അവധി
?️ജനുവരി 26 മുതൽ തുടർച്ചയായി മൂന്നു ദിവസങ്ങളിൽ ബാങ്ക് അവധി. ജനുവരി 26ന് റിപ്പബ്ലിക് ദിനം പ്രമാണിച്ച് അടയ്ക്കുന്ന ബാങ്കുകൾ പിന്നീട് 29ന് ആയിരിക്കും വീണ്ടും പ്രവർത്തനം ആരംഭിക്കുക. 27ന് നാലാം ശനിയാഴ്ച, 28 ഞായറാഴ്ച എന്നിവ മൂലം ബാങ്കുകൾ അടഞ്ഞു കിടക്കും. തമിഴ്നാട്ടിലും ഉത്തർപ്രദേശിലും ജനുവരി 25ന് തൈപ്പൂയം, മുഹമ്മദ് ഹസ്രാത്ത് അലിയുടെ പിറന്നാൾ എന്നിവ പ്രമാണിച്ച് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മാർച്ച് വരെ അയോധ്യയിൽ പോകരുത്: മന്ത്രിമാരോട് മോദി
?️അയോധ്യയിലെ രാമക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നത് മാർച്ച് വരെ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ മന്ത്രിസഭാംഗങ്ങളോടു നിർദേശിച്ചു. പ്രാണപ്രതിഷ്ഠയ്ക്കു ശേഷം ഭക്തരുടെ നിയന്ത്രണാതീതമായ തിരക്കാണ് അയോധ്യയിൽ അനുഭവപ്പെടുന്നത്. പ്രോട്ടോകോളുകൾ ഉള്ള മന്ത്രിമാരടക്കം വിഐപികൾ സന്ദർശനം നടത്തുന്നത് സാധാരണക്കാരുടെ ദർശനത്തിന് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്.
തൃണമൂൽ ബംഗാളിലും എഎപി പഞ്ചാബിലും ഒറ്റയ്ക്ക് മത്സരിക്കും
?️ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപേ ഇന്ത്യ പ്രതിപക്ഷ മുന്നണിക്ക് വൻ തിരിച്ചടി. സീറ്റ് വിഭജന ചർച്ചകളിൽ വിവാദം കൊഴുക്കുന്നതിനിടെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പാർട്ടിയും പഞ്ചാബിൽ ആം ആദ്മി പാർട്ടിയും ഒറ്റയ്ക്കു മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് താൻ നൽകിയ നിർദേശങ്ങൾ കോൺഗ്രസ് പൂർണമായും തള്ളി. അതു കൊണ്ട് തൃണമൂൽ ബംഗാളിൽ ഒറ്റയ്ക്കു മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പ്രഖ്യാപിച്ചു. മമതയുടെ പ്രഖ്യാപനത്തിനു പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രിയും എ എ പി നേതാവുമായ ഭഗവന്ത് മന്നും പഞ്ചാബിൽ തങ്ങൾ ഒറ്റയ്ക്കു മത്സരിക്കുമെന്ന് വ്യക്തമാക്കി. സീറ്റ് വിഭജനത്തിൽ കോൺഗ്രസ് തുടരുന്ന കടുത്ത നിലപാടുകളാണ് ആം ആദ്മി പാർട്ടിയെയും അകറ്റിയിരിക്കുന്നത്.
അമിത് ഷായ്ക്ക് കത്തയച്ച് ഖാർഗെ
?️ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അസം പൊലീസ് സംരക്ഷണം നൽകുന്നില്ലെന്ന് കാട്ടി കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാഹുൽ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ സുരക്ഷ പ്രശ്നങ്ങൾ നേരിടുന്നതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ബിജെപി പ്രവർത്തകർ യാത്രയ്ക്ക് നേരെ അസമിൽ അക്രമം അഴിച്ചിവിടുന്നു. സോനിത് പൂർ ജില്ലയിൽ ബിജെപി പ്രവർത്തകർ ആക്രമിച്ചു. അസം പൊലീസ് ബിജെപി പ്രവർത്തകരെ സംരക്ഷിക്കുന്നു. ആരെയും അറസ്റ്റ് ചെയ്യാൻ തയ്യാറാവുന്നില്ല. യാത്രയ്ക്ക് എതിരായ അക്രമങ്ങളിൽ നടപടി സ്വീകരിക്കാൻ അസം മുഖ്യമന്ത്രിക്കും ഡിജിപിക്കും കേന്ദ്രം നിർദേശം നൽകണമെന്നും ഖർഗെ പറഞ്ഞു.
താമരശേരിയിൽ സ്വർണക്കടയിൽ മോഷണം; 50 പവനോളം നഷ്ടപ്പെട്ടതായി നിഗമനം
?️വയനാട് തമരശേരി നഗരത്തിൽ ജ്വവല്ലറിയിൽ മോഷണം. പുലർച്ചെ പൊലീസ് സ്റ്റേഷനു സമീപം കുന്നിക്കൽ പള്ളിക്കു മുൻവശത്തെ റന ഗോൾഡിലാണ് കവർച്ച നടന്നത്. 50 പവനോളം സ്വർണം നഷ്ടപ്പെട്ടതായാണ് വിവരം.കെട്ടിടത്തിന്‍റെ മുകളിലേക്ക് കയറുന്ന സ്റ്റെയറിന്‍റെ ഷട്ടർ തുറന്ന് ജ്വല്ലറിയുടെ ചുമരു തുരന്നാണ് മോഷ്ടാക്കൾ അകത്തു കടന്നതെന്നാണ് വിവരം. കൊടുവള്ളി ആവിലോറ സ്വദേശി അബ്ദുൽ സലാമിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. രാത്രി 7.30ന് കട അടച്ച് പോയതാണ്. രാവിലെ എത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്.
ആനപ്രേമികൾക്ക് നൊമ്പരമായി കൊമ്പൻ ഭാരത് വിനോദ് ചെരിഞ്ഞു
?️ആനപ്രേമികൾക്ക് നൊമ്പരമായി കോട്ടയത്തെ കൊമ്പൻ ഭാരത് വിനോദ് ചെരിഞ്ഞു. കുളമ്പ് രോഗത്തെ തുടർന്ന് 22 ദിവസമായി ചികിത്സയിലായിരുന്ന കൊമ്പൻ ബുധനാഴ്ച പുലർച്ചെയാണ് ചെരിഞ്ഞത്. പുലർച്ചെ ഒന്നരയോടെ രോഗം മൂർച്ഛിച്ച കൊമ്പന്റെ സ്ഥിതി ഗുരുതരമാവുകയായിരുന്നു. തുടർന്ന് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വെറ്ററിനറി സർജനും ആന വിദഗ്ധനുമായ ഡോ.സാബു സി ഐസക്കിന്‍റെ ചികിത്സയിലായിരുന്നു കൊമ്പൻ. കോട്ടയം ഭാരത് ആശുപത്രി ഗ്രൂപ്പിൻറെ ഉടമസ്ഥതയിലുള്ള കൊമ്പനാണ് ഭാരത് വിനോദ്. തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനും പൂരത്തിനും അടക്കം വിവിധ ക്ഷേത്രോത്സവങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു കൊമ്പൻ.
എക്സാലോജിക്കിനെതിരെ എസ്എഫ്ഐഒ അന്വേഷണത്തിന് തടസമില്ല; ഹൈക്കോടതി
?️മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണാ വിജയന്‍റെ കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി.ഈ കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കാത്തതിനാൽ കേസ് ഫെബ്രുവരി 12 ന് വീണ്ടും പരിഗണിക്കും.സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ അന്വേഷണത്തിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കാതിരിക്കുന്നത്.
മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം
?️മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കോയമ്പത്തൂർ ദോബിപ്പാളയം സ്വദേശി കെ പാൽരാജ് (74) ആണ് മരിച്ചത്. ചൊവ്വാഴ്ച മൂന്നാരിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.മറ്റു മൂന്നുപേരോടൊപ്പം എസ്റ്റേറ്റ് കാന്‍റീനിൽ പോയി മടങ്ങിവരുന്ന വഴിയിൽ രാത്രി 9.30നായിരുന്നു ആനയുടെ ആക്രമണം. പാൽരാജിനെ ആന അടിച്ചു വീഴ്‌ത്തിയ ശേഷം ചവിട്ടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.പിന്നീട് നാട്ടുകാർ ബഹളംവെച്ചാണ് ആനയെ കാട്ട് കയറ്റിയത്.
ക്രിസ്മസ്- ന്യു ഇയർ ബമ്പർ
?️സംസ്ഥാന സർക്കാറിന്‍റെ ക്രിസ്മസ്- ന്യു ഇയർ ബമ്പർ BR 95 ലോട്ടറിയുടെ ഒന്നാം സമ്മാനമായ 20 കോടി xc 224091 എന്ന നമ്പറിന്. പാലക്കാട്ടെ ഏജന്‍റ് ഷാജഹാൻ വിറ്റ ടിക്കറ്റാണിതെന്നാണ് വിവരം. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.ഇതോടെ ഓണം ബംപറിനു പിന്നാലെ ക്രിസ്തമസ് ബംപറും പാലക്കാട് ജില്ലയ്ക്കാണ് അടിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ലക്ഷമി ലക്കിസെന്‍ററിലാണ് ടിക്കറ്റ് വിറ്റത്. എന്നാൽ ആർക്കാണ് ടിക്കറ്റ് വിറ്റതെന്നും എന്നാണ് വിറ്റതെന്നും അറിയില്ലെന്ന് എജന്‍റ് പറയുന്നു.
ജോണി നെല്ലൂർ കേരള കോൺഗ്രസ് എമ്മിലേക്ക്
?️ഇടവേളക്ക് ശേഷം സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്ന യു.ഡി.എഫ് മുൻ സെക്രട്ടറിയും നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി മുന്‍ നേതാവും മുൻ എം.എൽ.എയുമായ ജോണി നെല്ലൂർ വീണ്ടും കേരള കോൺഗ്രസ് എമ്മിലേക്ക്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഇദ്ദേഹം പാർട്ടി നേതൃത്വത്തിലെത്തും. തന്റെ മാതൃപാർട്ടി കേരള കോൺഗ്രസ് എം ആണെന്നും ആ പാർട്ടിയിൽ നിന്നുകൊണ്ട് ഇനിയുള്ള കാലം പൊതുപ്രവർത്തനം നടത്താനാണ് ആഗ്രഹിക്കുന്നതെന്നും ജോണി നെല്ലൂർ പറഞ്ഞു.
എയർ ഇന്ത്യയ്ക്ക് കോടികൾ പിഴ ചുമത്തി ഡിജിസിഎ
?️എയർ ഇന്ത്യയ്ക്ക് 1.10 കോടി രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ചില ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തുന്ന വിമാനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന കണ്ടെത്തലിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. വിവിധ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ച് എയർ ഇന്ത്യ ജീവനക്കാരൻ തന്നെ വിമാനക്കമ്പനിക്കെതിരേ റിപ്പോർട്ട് നൽകിയതായി ഡിജിസിഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. റിപ്പോർട്ട് സമഗ്രമായി പരിശോധിച്ചതായും ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയതായും ഡിജിസിഎ പറയുന്നു.
ഇന്ത്യക്കാർക്ക് യുഎഇ ഏർപ്പെടുത്തിയ വിസ നിയന്ത്രണം പിന്‍വലിച്ചു
?️യുഎഇയിലെ കമ്പനികളിൽ ജോലി ചെയ്യുന്നതിനുള്ള വിസ ഇന്ത്യ, പാക്കിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാർക്ക് തൊഴിൽ വിസ നൽകുന്നത് താത്കാലികമായി നിയന്ത്രിച്ച സർക്കാർ തീരുമാനം പിന്‍വലിച്ചു. അതേസമയം, വിസ ചട്ടങ്ങളിൽ പൊതുവായ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും, ഏതെങ്കിലും രാജ്യക്കാർക്ക് നിരോധനമോ നിയന്ത്രണമോ ഏർപ്പെടുത്തിയിട്ടില്ല എന്നതാണ് യുഎഇ സർക്കാർ നൽകുന്ന വിശദീകരണം.
കാസർഗോഡ് കെപിസിസി അംഗം കെ.കെ. നാരായണൻ ബിജെപിലേക്ക്
?️ കാസർഗോഡ് നിന്നുള്ള കെപിസിസി അംഗം കെ.കെ. നാരായണൻ ബിജെപിയിൽ ചേരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ അംഗത്വം സ്വീകരിക്കും.കോൺഗ്രസിന് കീഴിലുള്ള നീലേശ്വരത്തെ അഗ്രികൾചറൽ ഇംപ്രൂവ്മെന്‍റ് കോ- ഓപ്പറേറ്റീവ് സോസൈറ്റിയുടെപ്രസിഡന്‍റ് എൻകെബിഎം ആശുപത്രി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു വന്ന ആളാണ് നാരായണൻ. കാസർഗോഡ് ഡിസിസി ജനറല്‍ സെക്രടറി ആയിരുന്നു.
മമത ബാനർജി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു
?️തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബനർജിക്ക് കാറപടകത്തിൽ പരുക്ക്. ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്ത് ബംഗാളിലെ ബർദ്വാൻ ജില്ലയിൽ നിന്ന് കൊൽക്കത്തയിലേക്ക് മടങ്ങുംവഴിയാണ് അപകടം. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിനു മുന്നിലേക്ക് മറ്റൊരു വാഹനം പെട്ടെന്ന് വന്നതാണ് അപകടകാരണം. അപകടസമയം മമത ബാനർജി കാറിന്‍റെ മുൻവശത്തായിരുന്നെന്നും പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ അവരുടെ തല മുൻവശത്തെ ചില്ലിൽ ഇടിക്കുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. പരുക്ക് നിസാരമാണെന്നാണ് വിവരം.
കൊച്ചിയിൽ മൂന്നാമത്തെ റോ-റോ വരുന്നു
?️നഗരസഭയുടെ മൂന്നാമത്തെ റോ-റോ യുടെ നിര്‍മ്മാണം ഫെബ്രുവരിയില്‍ ആരംഭിക്കും. സ്മാര്‍ട്ട് സിറ്റി ബോര്‍ഡില്‍ നേരത്തെ പദ്ധതിക്ക് 10 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് മേയറുടെ ആവശ്യപ്രകാരം മുഴുവന്‍ പണവും അനുവദിക്കാന്‍ സ്മാര്‍ട്ട് സിറ്റി ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. 15 കോടി രൂപയാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് മൂന്നാമത്തെ റോ-റോ യ്ക്ക് ആവശ്യപ്പെട്ടിട്ടുള്ളത്. 2024 ഫെബ്രുവരിയില്‍ നിർമാണം ആരംഭിച്ച് 2025 ഫെബ്രുവരിയില്‍ ഒരു വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
വിദ്യാർഥി വിസ വെട്ടിക്കുറച്ച് ക്യാനഡ
?️അന്താരാഷ്ട്ര വിദ്യാർഥി വിസകളിൽ 35 ശതമാനം വെട്ടിക്കുറയ്‌ക്കാൻ ക്യാനഡ. ഒന്റാറിയോപോലെ ചില പ്രവിശ്യകളിൽ 50 ശതമാനത്തോളം കുറയും. വിസകൾക്ക് രണ്ടു വർഷത്തെ പരിധി ഏർപ്പെടുത്തുമെന്നും കുടിയേറ്റകാര്യ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. 2024-ൽ 3,64,000 പുതിയ വിസയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവർഷം ഏകദേശം 5,60,000 എണ്ണമാണ് അനുവദിച്ചത്. സെപ്തംബർ ഒന്നുമുതൽ ചില ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ വർക്ക് പെർമിറ്റ് നൽകുന്നത് നിർത്തും. മെഡിസിൻ, നിയമം തുടങ്ങിയ പ്രൊഫഷണൽ പ്രോഗ്രാമുകളിലും മാസ്റ്റേഴ്സ്, ഡോക്ടറൽ പ്രോഗ്രാമുകളിലുമുള്ള വിദ്യാർഥികളുടെ പങ്കാളികൾക്ക് മാത്രമാകും ഓപ്പൺ വർക്ക് പെർമിറ്റുകൾ ലഭ്യമാകുക.
കഥകളിമേള ആചാര്യൻ ആയാംകുടി കുട്ടപ്പമാരാർ അന്തരിച്ചു
?️പ്രശസ്ത കഥകളിമേള ആചാര്യൻ ആയാംകുടി കുട്ടപ്പമാരാർ അന്തരിച്ചു. 93 വയസായിരുന്നു. തിരുവല്ല മതിൽഭാഗത്തെ മുറിയായിക്കൽ വീട്ടിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അന്ത്യം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏതാനും മാസമായി വിശ്രമ ജീവിതത്തിലായിരുന്നു.ഗുരു ചെങ്ങന്നൂർ കഥകളി പുരസ്കാരം, കേരള കലാമണ്ഡലം പുരസ്കാരം, കേരള സർക്കാരിന്‍റെ പല്ലാവൂർ അപ്പു മാരാർ സ്മാരക പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടി എത്തയിട്ടുണ്ട്. നീണ്ട ഏട്ട് പതിറ്റാണ്ടായി കഥകളി ലോകത്തെ ചെണ്ട അതികായനായി അറിയപ്പെടുന്നു.
പാർലമെന്‍റിനെ പിന്തുണയ്ക്കണമെന്ന് സുപ്രീം കോടതി; പറ്റില്ലെന്ന് സോളിസിറ്റർ ജനറൽ
?️പാർലമെന്‍റ് പാസാക്കിയ നിയമത്തിനൊപ്പമല്ലേ സർക്കാർ നിൽക്കേണ്ടതെന്നു സുപ്രീം കോടതി. പാർലമെന്‍റിന്‍റെ ഭേദഗതിക്കെതിരേ സോളിസിറ്റർ ജനറലിന് എങ്ങനെ നിലപാടെടുക്കാനാകുമെന്നും പരമോന്നത കോടതിയുടെ ചോദ്യം. അലിഗഡ് മുസ്‌ലിം സർവകലാശാലയ്ക്ക് ന്യൂനപക്ഷ പദവി നൽകിയ 1981ലെ നിയമം സംബന്ധിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേഹ്തയുടെ നിലപാടിൽ സുപ്രീം കോടതി അമ്പരപ്പ് പ്രകടിപ്പിച്ചത്. എഎംയുവിനു ന്യൂനപക്ഷ പദവി നൽകിയ 1981ലെ ഭേദഗതി 2006ൽ അലഹാബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരായ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച്.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5770 രൂപ
പവന് 46160 രൂപ