⬛തിരുവനന്തപുരത്ത് ഭാര്യയുടെ മൂക്ക് വെട്ടി ഭർത്താവ്
തിരുവനന്തപുരം: പോത്തൻകോട് കല്ലൂരിൽ ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടി. കല്ലൂർ കുന്നുകാട് കാവുവിളാകത്ത് വീട്ടിൽ സുധ (49) യുടെ മൂക്കാണ് ഭർത്താവ് അനിൽകുമാർ വെട്ടി പരിക്കേൽപ്പിച്ചത്.
സംഭവത്തിനു ശേഷം അനിൽകുമാർ ഒളിവിൽ പോയി. അനിൽകുമാറും സുധയും തമ്മിൽ കുറച്ചു കാലങ്ങളായി പിണക്കത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
സുധയുടെ ബന്ധുവിന്റെ മരണവീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. സുധയുടെ കൈ വിരലിനും പരിക്കുണ്ട്. പ്രതിയ്ക്കെതിരെ വധ ശ്രമത്തിന് പോത്തൻകോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
⬛രാംലല്ല അഭിഭാഷകനെ ഇറക്കിയത് എക്സാലോജിക് പേടിസ്വപ്നമായപ്പോൾ: കെ.സുധാകരൻ
തിരുവനന്തപുരം: എക്സാലോജിക് ഇടപാട് മുഖ്യമന്ത്രിക്കു പേടിസ്വപ്നമായിമാറിയ പശ്ചാത്തലത്തിലാണ് അയോധ്യ കേസിൽ രാംലല്ലയ്ക്ക് വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ സി.എസ്.വൈദ്യനാഥനെ കേരള സർക്കാരിനു വേണ്ടി കെഎസ്ഐഡിസി ചുമതലപ്പെടുത്തിയതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി.
സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗാഢബന്ധത്തിന്റെ ഒടുവിലത്തെ തെളിവാണിത്. രാംലല്ലയുടെ അഭിഭാഷകനും മാസപ്പടി കേസിലെ അഭിഭാഷകനും ഒന്നായത് യാദൃശ്ചികമല്ല.
സുരക്ഷിതത്വം ഉറപ്പാക്കാൻ സംഘപരിവാർ കൂടാരത്തിലാണ് മുഖ്യമന്ത്രിയും മകളും എത്തിയിരിക്കുന്നത്. രക്ഷപ്പെടാൻ ആരുമായും സമരസപ്പെടുന്ന അവസ്ഥയിലാണിപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി. സുപ്രീംകോടതിയിൽ കെഎസ്ഐഡിസിക്ക് സ്വന്തം സ്റ്റാൻഡിംഗ് കൗണ്‍സൽ ഉള്ളപ്പോഴാണ് ശൂന്യമായ ഖജനാവിൽനിന്ന് ക്ഷേമപെൻഷൻ പോലും നല്കാൻ പണമില്ലാത്തപ്പോൾ 25 ലക്ഷം രൂപ മുടക്കി അഭിഭാഷകനെ ഇറക്കുന്നത്.
പൊതുതെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ ബിജെപി സിപിഎം ബന്ധം ഊട്ടിയുറപ്പിക്കാൻ നേരിട്ടും ഇടനിലക്കാർ വഴിയും ദ്രുതഗതിയിലുള്ള നീക്കങ്ങളാണ് നടക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വഴിനീളെ പിണറായി വിജയന്റെ പോലീസ് തല്ലിച്ചതച്ചപ്പോൾ അത് ആസ്വദിക്കാൻ ഗവർണറും ഉണ്ടായിരുന്നുവെന്നു സുധാകരൻ കൂട്ടിച്ചേർത്തു.
⬛ബിജെപിയും ആർഎസ്എസും വിഷമാണെന്ന് മല്ലികാർജ്ജുൻ ഖാർഗെ
ന്യൂഡൽഹി: ഒരിക്കൽക്കൂടി നരേന്ദ്രമോദി പ്രധാനമന്ത്രിയായാല്‍ രാജ്യത്ത് ഇനി തെരഞ്ഞെടുപ്പുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ബിജെപിയും ആർഎസ്എസും വിഷമാണെന്നും മോദി വീണ്ടും വന്നാല്‍ 2024 ലേത് അവസാന തെരഞ്ഞെടുപ്പാകുമെന്നും അദ്ദേഹം പറഞ്ഞു.
ഒഡീഷയിലെ കോണ്‍ഗ്രസ് പരിപാടിയിലാണ് മല്ലികാർജ്ജുൻ ഖാർഗെ ബിജെപിയേയും ആർഎസ്എസിനേയും രൂക്ഷമായി വിമർശിച്ചത്. ഇന്ത്യയില്‍ ഏകാധിപത്യം വരുമെന്നും ജനാധിപത്യം ഇല്ലാതാകുമെന്നും മല്ലികാർജ്ജുൻ ഖാർഗെ വിമര്‍ശിച്ചു. റഷ്യയിലെ പുടിനെ പോലെയാകും മോദിയെന്നും ഖാർഗെ പരിഹസിച്ചു.
നിതീഷ് കുമാർ ഇന്ത്യ സഖ്യം വിട്ടതുമൂലം ഒന്നും സംഭവിക്കില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റ് നിർണയ ചർച്ചകൾ ഉടൻ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
⬛സിആർപിഎഫിന്റെ അരയിൽ ഉള്ളത് കളിത്തോക്കല്ല,ഗോവിന്ദൻ അതെടുപ്പിക്കരുത്: കെ. സുരേന്ദ്രൻ*
കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയ സിആർപിഎഫ് സേനാംഗങ്ങളുടെ അരയിലുള്ളത് കളിത്തോക്കല്ലെന്നും എസ്എഫ്ഐക്കാരെ ഇളക്കിവിട്ട് എം.വി. ഗോവിന്ദൻ അതെടുപ്പിക്കാൻ പ്രേരിപ്പിക്കരുതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
ഭരണപരാജയം മറച്ചുവയ്ക്കാൻ എസ്എഫ്ഐക്കാരെ ഗവർണർക്കെതിരെ ഇളക്കിവിടുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചെയ്യുന്നത്. സിആർപിഎഫ് വന്നാലും ഗവർണറെ വിടില്ലെന്നാണ് ഗോവിന്ദൻ പറയുന്നത്.
ഭരണഘടനാപരമായി ഗവർണറെ പ്രവർത്തിക്കാൻ അനുവദിക്കാതെ കലാപമുണ്ടാക്കാനാണ് ശ്രമം നടത്തുന്നത്. സർവകലാശാലകളുടെ പരമാധികാരി ചാൻസലറായ ഗവർണറാണെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ ചട്ടങ്ങളും പാലിച്ച് ഗവർണർ സർവകലാശാലകളിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളെ തടസപ്പെടുത്തി ഗവർണറെ ശാരീരികമായി ആക്രമിക്കാനുള്ള നീക്കങ്ങളിൽനിന്നും എസ്എഫ്ഐക്കാരോട് പിന്മാറാൻ ഗോവിന്ദൻ തന്നെ പറയുന്നതായിരിക്കും നല്ലത്.
ഗവർണറെ ആക്രമിക്കാൻ വന്നാൽ എന്താ നടക്കുകയെന്നു പോലും ഗോവിന്ദന് അറിയില്ലേയെന്നും സുരേന്ദ്രൻ ചോദിച്ചു.