കെജ്‌രിവാളിനെ 6 ദിവസത്തേക്ക് റിമാൻഡിൽ വിട്ട് കോടതി
മദ്യ നയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ റിമാൻഡിൽ വിട്ട് കോടതി. ഈ മാസം 28 വരെയുള്ള ആറു ദിവസമാണ് ഇഡിയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. മൂന്നു മണിക്കൂറിലേറെ നീണ്ടു നിന്ന വാദത്തിനൊടുവിലാണ് കോടതി ഉത്തരവ്. ഡൽഹി റൗസ് അവന്യു പിഎംഎൽഎ കോടതിയിലാണ് കെജ്‌രിവാളിനെ ഹാജരാക്കിയിരുന്നത്. കെജ്‌രിവാൾ മദ്യനയ അഴിമതിക്കേസിലെ മുഖ്യ ആസൂത്രകനാണെന്നും 9 തവണ സമൻസ് അവഗണിച്ചുവെന്നും 10 ദിവസത്തേക്ക് കസ്റ്റഡിയിൽ നൽകണമെന്നുമായിരുന്നു ഇഡി കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്.
കെജ്‌രിവാളിനെതിരേ 7 കുറ്റങ്ങൾ ചുമത്തി ഇഡി
🖱️ഡൽഹിയിലെ മദ്യ നയ അഴിമതിയുടെ മുഖ്യ ആസൂത്രകനും ഗുണഭോക്താവും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആണെന്ന് ആരോപിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്. അറസ്റ്റിലായതിനു പിന്നാലെ കെജ്‌രിവാളിനെതിരേ 7 വൻ കുറ്റങ്ങളാണ് ഇഡി ചുമത്തിയിരിക്കുന്നത്. ഇഡി ക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എഎസ് വി രാജുവാണ് കെജ്‌രിവാളിനെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങളുടെ പട്ടിക കോടതിയിൽ നൽകിയത്. കള്ളപ്പണ നിരോധന നിയമം നടപ്പിലാക്കുന്നതിനായുള്ള പ്രത്യേക കോടതിയിലാണ് കെജ്‌രിവാളിനെ ഹാജരാക്കിയിരിക്കുന്നത്.
അറസ്റ്റിലായതിന് ശേഷം ആദ്യ പ്രതികരണവുമായി കെജ്‌രിവാൾ
🖱️ജയിലിനകത്താണെങ്കിലും അല്ലെങ്കിലും എന്‍റെ ജീവിതം രാജ്യത്തിനു വേണ്ടി സമർപ്പിച്ചിരിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അറസ്റ്റിലായതിനു ശേഷമുള്ള കെജ്‌രിവാളിന്‍റെ ആദ്യ പ്രതികരണമാണിത്. കോടതിയിൽ ഹാജരാക്കുന്നതിനിടെ ടിവി9 നെറ്റ്വർക്കിനോടാണ് കെജ്‌രിവാൾ സംസാരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് കെജ്‌രിവാളിനെ അകറ്റാനായുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് കെജ്‌രിവാളിന്‍റെ അറസ്റ്റെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചിട്ടുണ്ട്.
കെജ്‌രിവാളിന്‍റെ അറസ്റ്റിൽ ഡൽഹിയിൽ കനത്ത പ്രതിഷേധം; മന്ത്രി
🖱️ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതോടെ കനത്ത പ്രതിഷേധവുമായി എഎപി. ബിജെപി ഓഫീസിലേക്ക് മന്ത്രിമാരായ അതിഷിയുടെയും സൗരഭ് ഭരദ്വാജിന്‍റെയും നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. അതിഷിയടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രവർത്തകരെ വലിച്ചിഴച്ചാണ് പൊലീസ് വാഹനങ്ങളിൽ കയറ്റിയത്. പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ ഗതാഗതം സ്തംഭിച്ചു. ശക്തമായ പ്രതിഷേധത്തിനുള്ള സാധ്യത മുന്നിൽക്കണ്ട് ഡൽഹിയിൽ പൊലീസ് നേരത്തെതന്നെ ശക്തമായ സുരക്ഷയായിരുന്നു ഏർപ്പെടുത്തിയത്.
കലാമണ്ഡലം സത്യഭാമക്കെതിരേ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
🖱️കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണനു നേരെ ജാതി അധിക്ഷേപം നടത്തിയ സംഭവത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരേ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. പുരുഷമാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമാണ് സത്യഭാമയുടെ വാക്കുകൾ. ഒരു യുട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിനിടെയാണ് വിവാദ പരാമർശം ഉയർത്തിയത്. തൃശ്ശൂർ ജില്ലാ പൊലീസ് മേധാവിയും സാംസ്കാരിക വകുപ്പ് ഗവൺമെന്‍റ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാ കുമാരി ആവശ്യപ്പെട്ടു.
ജലജന്യ രോഗങ്ങൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി
🖱️സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിൽ ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വേനൽക്കാലത്ത് ശുദ്ധ ജല ലഭ്യത കുറവായതിനാൽ ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വയറിളക്ക രോഗങ്ങൾ നിർജലീകരണത്തിനും തുടർന്നുള്ള സങ്കീർണ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. വയറിളക്ക രോഗങ്ങൾ, മഞ്ഞപിത്തത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റീസ്-എ, ഹെപ്പറ്റൈറ്റിസ് ഇ, കോളറ, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ അസുഖങ്ങൾ ഇത്തരത്തിൽ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഉയർന്ന ചൂട് കാരണം പെട്ടെന്ന് നിർജലീകരിക്കുന്നതിനാൽ ദാഹം തോന്നിയില്ലെങ്കിലും വെളളം കുടിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
സുരേഷ് ഗോപി ക്ഷണിച്ച നൃത്തപരിപാടിക്കില്ല; മറ്റൊരു പരിപാടിയുണ്ടെന്ന് ആർഎൽവി രാമകൃഷ്ണൻ
🖱️സുരേഷ് ഗോപി ക്ഷണിച്ച നൃത്തപരിപാടി നിരസിച്ച് നർത്തകൻ ആർഎൽവി രാമകൃഷ്ണൻ. ക്ഷണിച്ചതിൽ സന്തോഷമുണ്ടെന്നും അതേ ദിവസം മറ്റൊരു പരിപാടിയുള്ളതിനാലാണ് ക്ഷണം നിരസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമർശത്തിനു പിന്നാലെയാണ് വേദി നൽകാമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി അറിയിച്ചത്. കൊല്ലത്തെ കുടുംബ ക്ഷേത്രത്തില്‍ 28 ന് നടക്കുന്ന ചിറപ്പ് മഹോത്സവത്തിലേക്ക് രാമകൃഷ്ണനെ പരിപാടിക്കായി ക്ഷണിക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. പ്രതിഫലം നൽകിത്തന്നെയാണ് ക്ഷണിക്കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.
‘കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ എത്തുമ്പോള്‍ എന്തുകൊണ്ട് നിശബ്ദമാകുന്നു?’; വി.ഡി. സതീശൻ
🖱️ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റു ചെയ്യുന്ന കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് നിശബ്ദമാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വര്‍ണ കള്ളക്കടത്തും ലൈഫ് മിഷനും കരുവന്നൂരും മാസപ്പടിയുമൊക്കെ എവിടെ പോയയെന്നും സതീശൻ ചോദിച്ചു. കേരളത്തിലെ സിപിഎമ്മും പിണറായി വിജയനും കേന്ദ്രത്തിലെ സംഘപരിവാര്‍ നേതൃത്വവുമായുള്ള അവിഹിത ബാന്ധവമാണ് ഈ മൃദുസമീപനത്തിന് കാരണം. കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ബിജെപി കേരളത്തില്‍ പിണറായി വിജയനെ പിന്തുണയ്ക്കുകയാണ്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ബിജെപി കേന്ദ്ര മന്ത്രിയും തമ്മിലുള്ള ബിസിനസ് പാര്‍ട്ണര്‍ഷിപ്പ് ചോദ്യം ചെയ്യാത്തതിന് കാരണവും ഇതുതന്നെയാണ്.
രാത്രി കർഫ്യൂവിനെതിരെ കോഴിക്കോട് എൻഐടിയിൽ പ്രതിഷേധം
🖱️കോഴിക്കോട് എൻഐടിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ ക്യാംപസ് ഉപരോധിച്ച് വിദ്യാർഥികൾ. ജീവനക്കാർ അടക്കമുള്ളവരെ അകത്തേക്കു കടത്തി വിടാതെയാണ് പ്രതിഷേധം. മുക്കം റോഡിലെ പ്രധാന കവാടവും രാജ്പഥിലും വിദ്യാർഥികൾ ഇരുന്നു പ്രതിഷേധിച്ചു. കെമിക്കൽ എൻജിനീയറിങ് ബ്ലോക്ക് കവാടവും തടയുമെന്നും വിദ്യാർഥികൾ അറിയിച്ചു. 24 മണിക്കൂറും തുറന്നിരിക്കുന്ന ക്യാംപസ് ഇനി രാത്രി 11 നു ശേഷം പ്രവർത്തിക്കില്ലെന്നാണു സ്റ്റുഡന്‍റ് വെൽഫയർ ഡീൻ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നത്. വിദ്യാർഥികൾ 12 മണിക്കുള്ളിൽ കോളെജ് ഹോസ്റ്റലിൽ കയറണം. ലംഘിക്കുന്നവരെ ഹോസ്റ്റലിൽ നിന്നു പുറത്താക്കുമെന്നും സർക്കുലറിൽ പറയുന്നു.
പത്തനംതിട്ടയിൽ തൊട്ടിലിന്‍റെ കയർ കഴുത്തിൽ കുരുങ്ങി 5 വയസുകാരി മരിച്ചു
🖱️കോന്നി ചെങ്ങറയിൽ തൊട്ടിലിന്‍റെ കയർ കഴുത്തിൽ കുരുങ്ങി കുട്ടി മരിച്ചു. ഹരിവിലാസം ഹരിദാസ്- നീതു ദമ്പതികളുടെ മകളായ അഞ്ചു വയസുകാരി ഹൃദ്യയാണ് മരിച്ചത്.
പെരുമാറ്റ ചട്ടലംഘനം; മുഖ്യമന്ത്രിക്കെതിരേ തെരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി
🖱️മുഖ്യമന്ത്രിക്കെതിരേ പെരുമാറ്റ ചട്ടലംഘനത്തിന് തെരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി. എൻ പ്രതാപനാണ് പരാതി നൽകിയത്. മുഖ്യമന്ത്രിക്ക് പുറമെ, ചീഫ് സെക്രട്ടറി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ എന്നിവര്‍ക്കുമെതിരെ പരാതി നൽകിയിട്ടുണ്ട്.മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം കേരളം മുഴുവനും വിതരണം ചെയ്യുന്നത് പെരുമാറ്റ ചട്ടലംഘനമാണെന്ന് കാട്ടിയാണ് പരാതി. സംസ്ഥാന സര്‍ക്കാരിന്‍റെ പൊതു ഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം 16 പേജുള്ള പുസ്തകമായി പ്രിന്‍റ് ചെയ്ത് വീട് കയറി വിതരണം ചെയ്യുന്നത് മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
”നിറമോ ജാതിയോ നോക്കി കലാകാരന്‍റെ കല അളക്കുന്നത് ശരിയല്ല”; പി.സി. ജോർജ്
🖱️നിറമോ ജാതിയോ നോക്കി കലാകാരന്‍റെ കല അളക്കുന്നത് ശരിയല്ലെന്ന് ബിജെപി നേതാവ് പി.സി. ജോർജ്. ഈ വിഷയത്തിൽ അഭിപ്രായം പറയാൻ തനിക്ക് നൃത്തമറിയില്ല, സാഹിത്യവുമറിയില്ല, എന്നാൽ ജാതിയോ നിറമോ നോക്കി കല അളക്കരുത്. സ്ത്രീയാണോ പുരുഷനാണോ എന്ന് നോക്കിയും കല അളക്കരുതെന്നും അദ്ദേഹം പ്രതികരിച്ചു. ചലച്ചിത്രതാരം വിനീതിനെ പോലെ നൃത്തം ചെയ്യാൻ നർത്തകിമാർക്കു പോലും സാധിക്കില്ല. വിധികർത്താക്കൾക്ക് മുന്നിൽ കറുത്ത കുട്ടിയും വെളുത്ത കുട്ടിയും എത്തുമ്പോൾ വെളുത്ത കുട്ടിയോട് ആഭിമുഖ്യം തോന്നിയേക്കാം. ഇതു മറികടക്കാൻ നന്നായി മേക്കപ്പ് ഇട്ടാൽ മതിയെന്നും സത്യഭാമയുടെ പ്രതികരണത്തിൽ പ്രതികരിച്ച് പി.സി.ജോർജ് പറഞ്ഞു.
‘കെജ്‌രിവാൾ ജയിലിലിരുന്ന് ഡൽഹി ഭരിക്കും’: ആം ആദ്മി പാർട്ടി
🖱️ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ കെജ്‌രിവാളിന്‍റെ വസതിക്കു മുന്നിൽ 144 പ്രഖ്യാപിച്ചു. നിരവധി ആം ആദ്മി പാർട്ടി പ്രവർത്തകരാണ് വസതിക്കു മുൻപിൽ തടിച്ചു കൂടിയിരിക്കുന്നത്. ഇഡി നടപടിയിൽ നിന്ന് സംരക്ഷണത്തിന് വിസമ്മതിച്ചു കൊണ്ടുള്ള ഡൽഹി ഹൈക്കോടതി വിധിക്കെതിരേയുള്ള അപ്പീൽ ഹർജി അടിയന്തരമായി രാത്രി തന്നെ പരിഗണിക്കാൻ സുപ്രീം കോടതിയിൽ ആവശ്യപ്പെടുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു. അരവിന്ദ് കെജ്‌രിവാൾ ജയിലിൽ നിന്ന് ഡൽഹി ഭരിക്കുമെന്നും അദ്ദേഹം തന്നെ ഡൽഹി മുഖ്യമന്ത്രിയായി തുടരുമെന്നും ആം ആദ്മി നേതാവും മന്ത്രിയുമായ അതിഷി എക്സിൽ കുറിച്ചു.
റെക്കോഡുകൾ മറികടന്ന് വൈദ്യുതി ഉപഭോഗം
🖱️അന്തരീക്ഷ താപനില ക്രമാതീതമായി വർധിച്ച പശ്ചാത്തലത്തിൽ റെക്കോഡുകൾ മറികടന്ന് വൈദ്യുതി ഉപഭോഗം കുതിക്കുകയാണ്. കഴിഞ്ഞ ദിവസം പീക്ക് ടൈമിലെ ആവശ്യകത 5,150 മെഗാവാട്ടിലെത്തി. സർവകാല റെക്കോഡാണിത്. കഴിഞ്ഞ ദിവസങ്ങളിലെ മൊത്തം ഉപഭോഗവും ശരാശരി 100 ദശലക്ഷം യൂണിറ്റ് കടന്നു. എയർ കണ്ടീഷണർ, കൂളർ, ഫാൻ ഉപയോഗം കൂടുന്നതാണ് ഇതിനുള്ള കാരണം. ജനങ്ങൾ വൈദ്യുതി ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് കെഎസ്ഇബി അഭ്യർഥിച്ചിട്ടുണ്ട്.
കെ പൊന്മുടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
🖱️കെ പൊന്മുടി വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.രാജ്ഭവനിൽ 3.30ന് നടന്ന ചടങ്ങിൽ ഗവർണർ ആർ എൻ രവി പൊന്മുടിക്ക് സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് കെ പൊന്മുടിയെ സത്യപ്രതിജ്ഞയ്ക്കായി ഗവർണർ ക്ഷണിച്ചത്. വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കഴിഞ്ഞ ഡിസംബറിൽ തടവുശിക്ഷ ലഭിച്ചതിനെത്തുടർന്നാണ് പൊൻമുടിയുടെ മന്ത്രിസ്ഥാനം നഷ്‌ടപ്പെട്ടത്. എന്നാൽ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്‌തതിന് പിന്നാലെ സ്റ്റാലിൻ വീണ്ടും പൊന്മുടിയെ മന്ത്രിയാക്കാൻ ശുപാർശ ചെയ്‌തു. എന്നാൽ ഗവർണർ ഇതിനെ എതിർത്തതിന്റെ തുടർന്ന് തമിഴ്‌നാട് സർക്കാർ കോടതിയെ സമീപിക്കുകയായിരുന്നു.
ചൂടിനാശ്വാസമായി സംസ്ഥാനത്ത് വേനൽ മഴയെത്തി
🖱️പൊള്ളുന്ന ചൂടിനാശ്വാസമായി സംസ്ഥാനത്ത് വേനൽമഴയെത്തി. മധ്യകേരളത്തിൽ എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും മലയോര മേഖലകളിലുമാണ് മഴയെത്തിയത്. കാസർഗോഡ്, മലപ്പുറം, തൃശൂർ, പാലക്കാട്, ഇടുക്കി, ജില്ലകളിലും ചിലയിടങ്ങളിൽ നേരിയ മഴ ലഭിച്ചു. അതേസമയം, കേരളത്തിലെ വേനല്‍മഴ 5 വര്‍ഷക്കാലയളവിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ച് ഒന്ന് മുതലാണ് വേനല്‍മഴയുടെ തോത് രേഖപ്പെടുത്തിത്തുടങ്ങുക. നിലവിലെ കണക്കുകള്‍ പ്രകാരം ഇതുവരെ സംസ്ഥാനത്താകെ ലഭിച്ചത് 1.8 മില്ലിമീറ്റര്‍ മഴയാണ്.
കെഎഎൽ ജീവനക്കാർക്ക് ആനുകൂല്യം നൽകാത്ത സർക്കാർ നടപടിക്കെതിരേ ഗവർണർക്ക് റിപ്പോർട്ട് നൽകി ലോകായുക്ത
🖱️കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡിന്‍റെ (കെഎഎൽ) വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യം നൽകാത്ത സർക്കാർ നടപടിക്കെതിരേ ഗവർണർക്ക് റിപ്പോർട്ട് നൽകി ലോകായുക്ത. സർക്കാരിന്‍റേയും കെഎഎല്ലിന്‍റേയും വിശദീകരണം തൃപ്തികരമല്ലെന്നുകാട്ടിയാണ് ലോകായുക്തയുടെ അസാധാരണ നടപടി. ലോകായുക്ത അധികാരങ്ങള്‍ വെട്ടിക്കുറച്ച നിയമം പ്രാബല്യത്തിലായതിന് പിന്നാലെയാണ് നിയമത്തിലെ പഴുതുപയോഗിച്ച് അസാധാരണ നടപടി. ആനുകൂല്യം ലഭിക്കാത്തതിനെ തുടർന്നു മുൻ ജീവനക്കാർ ലോകായുക്തയെ സമീപിക്കുകയായിരുന്നു.
മോദിയുടെ മതപരാമർശം: പരാതി നൽകി തൃണമൂൽ കോൺഗ്രസ്
🖱️തെരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് പ്രധാനമന്ത്രിക്കെതിരെ പരാതി നൽകി തൃണമൂൽ കോൺഗ്രസ്. 19 ന് നടന്ന സമ്മേളനത്തിൽ മതത്തെക്കുറിച്ച് പ്രസംഗിച്ചെന്നാരോപിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ഇന്ത്യ സഖ്യം ഹിന്ദുക്കളെ തുടർച്ചയായി അപമാനിക്കുകയാണെന്നും മറ്റു മതങ്ങളെ വിമർശിക്കുന്നില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഉന്നത പദവിയിലിരിക്കുന്ന വ്യക്തി ഇത്തരത്തിൽ പ്രസംഗിക്കുന്നതിലൂടെ രാജ്യത്ത് വർഗീയതയുണ്ടാക്കുകയാണെന്നും അത് സംഘർഷങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ആർഎൽവി പുഷ്പക് ലാൻഡിങ് പരീക്ഷണ വിജയകരം
🖱️ഐഎസ്ആർഒയുടെ റീയൂസബിൾ ലോഞ്ച് വെഹിക്കിൾ പുഷ്പകിന്‍റെ ലാൻഡിങ് പരീക്ഷണം വിജയകരം. പുഷ്പകിന്‍റെ രണ്ടാമത്തെ ലാന്‍റിങ് പരീക്ഷണമാണിത്. ആദ്യ പരീക്ഷണം കഴിഞ്ഞ വർഷമാണ് നടത്തിയത്. കർണാടകയിലെ ചലകാരേയിൽ രാവിലെ ഏഴുമണിയോടെയായിരുന്നു പരീക്ഷണം. ചിനൂക്ക് ഹെലികോപ്റ്ററിൽ 4.5 കിലോമീറ്റർ ഉയരത്തിൽ പേടകത്തെ എത്തിച്ച് താഴെക്കിട്ടു. പേടകം സ്വയം ദിശമാറ്റി ലാൻഡ് ചെയ്തു.
കെജ്‌രിവാളിനെതിരെ അണ്ണാ ഹസാരെ
🖱️മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. താനും കെജ്‌രിവാളും മദ്യത്തിനെതിരെ ഒരുമിച്ച് ശബ്ദമുയർത്തിയവർ ആയിരുന്നെന്നും എന്നാൽ കെജ്രിവാൾ പിന്നീട് മദ്യത്തിനായി പ്രത്യേക നയം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ചെയ്തികളുടെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി സർക്കാരിന്‍റെ മദ്യനയത്തെ അണ്ണാ ഹസാരെ വിമർശിച്ചിരുന്നു. മദ്യത്തേപ്പോലെ അധികാരവും മത്തുപിടിപ്പിക്കുമെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിനെഴുതിയ കത്തിൽ അദ്ദേഹം പറഞ്ഞത്.
ഹിമാചലിൽ 3 സ്വതന്ത്ര എംഎൽഎമാർ രാജി വച്ചു
🖱️ഹിമാചൽ പ്രദേശിൽ ബിജെപിക്ക് പിന്തുണ നൽകിയിരുന്ന 3 സ്വതന്ത്ര എംഎൽഎ മാർ രാജി സമർപ്പിച്ചു. ബിജെപി ടിക്കറ്റിൽ വീണ്ടും മത്സരിക്കാനായാണ് രാജി നൽകിയിരിക്കുന്നത്. കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു സ്ഥാനാർഥിക്കു വോട്ടു നൽകിയ ആശിഷ് ശർമ( ഹമിർപുർ മണ്ഡലം), ഹോഷിയാർ സിങ്(ദെഹ്റ), കെ.എൽ. താക്കൂർ(നാലാഗർ) എന്നിവരാണ് നിയമസഭാ സെക്രട്ടറിക്ക് രാജി നൽകിയത്. ഞങ്ങൾ മൂന്നു പേരും ബിജെപിയിൽ ചേർന്നതിനു ശേഷം പാർട്ടി ടിക്കറ്റിൽ വീണ്ടും മത്സരിക്കുമെന്ന് ഹോഷിയാർ സിങ് വ്യക്തമാക്കി.
എയർഇന്ത്യയ്ക്ക് 80 ലക്ഷം രൂപ പിഴ
🖱️ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമങ്ങളും ഫ്ലൈറ്റ് ക്രൂവിന്‍റെ മാനേജ്മെന്‍റ് സിസ്‌റ്റവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ലംഘിച്ചുവെന്ന് കാട്ടി എയർ ഇന്ത്യയ്ക്ക് 80 ലക്ഷം രൂപ പിഴ ചുമത്തി. ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആണ് പിഴ ചുമത്തിയത്. ജനുവരിയിൽ എയർ ഇന്ത്യയുടെ സ്‌പോട്ട് ഓഡിറ്റ് നടത്തിയതിനു ശേഷമാണ് നിയമലംഘനങ്ങൾ പുറത്തുവന്നത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എയർ ഇന്ത്യ ലിമിറ്റഡ് 60 വയസിനു മുകളിലുള്ള വിമാന ജീവനക്കാരുമായി ചില സന്ദർഭങ്ങളിൽ ഒരുമിച്ച് പറക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് വ്യോമയാന നിയമങ്ങളുടെ ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
മദ്യനയ അഴിമതി: കവിതയ്ക്ക് ജാമ്യമില്ല
🖱️ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിആർഎസ് നേതാവ് കെ. കവിതയ്ക്ക് ജാമ്യമില്ല. കവിതയുടെ ജാമ്യഹർജി നിരസിച്ച സുപ്രീം കോടതി അവരോട് വിചാരണക്കോടതിയെ സമീപിക്കാൻ നിർദേശിച്ചു. പ്രോട്ടൊകോൾ മറികടക്കാനില്ലെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും എം.എം. സുന്ദരേഷും ബേല എം. ത്രിവേദിയും ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു. അതേസമയം, കവിതയെ കേസിൽ സർക്കാരിന്‍റെ സാക്ഷിയാക്കിയേക്കുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്: പ്രതി പി.ജി. മനുവിന് ജാമ്യം
🖱️അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി മുൻ സർക്കാർ പ്ലീഡർ പി ജി മനുവിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിൽ വിചാരണ തീരുന്നതു വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, 2 ലക്ഷം രൂപയുടെ ബോണ്ട്, 2 ആൾ ജാമ്യവും എന്നിവയാണ് ഉപാധികള്‍. കേസിൽ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉപാധികളോടെ കോടതി ജാമ്യം നൽകിയത്.
”അതും മണിയാശാന്‍റെ നാടന്‍ പ്രയോഗം”, ന്യായീകരണവുമായി സിപിഎം
🖱️ഡീന്‍ കുര്യാക്കോസിനെതിരായ എം.എം. മണിയുടെ അധിക്ഷേപ പരാമര്‍ശത്തെ ന്യായീകരിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്. മണിയുടേത് നാടന്‍ ഭാഷാ പ്രയോഗം മാത്രമാണ്. സിപിഎം ആരെയും വ്യക്തിഹത്യ നടത്തുന്ന പാര്‍ട്ടിയെല്ലെന്നും വര്‍ഗീസ് പറഞ്ഞു. ഡീന്‍ കുര്യാക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുവേ ജീവിച്ചിരിക്കുന്ന എംപിയാണെന്നും, ഇടുക്കി തൂക്കുപാലത്തെ പാര്‍ട്ടി പരിപാടിയില്‍ നടത്തിയ പ്രസംഗത്തില്‍ എം.എം. മണി പരിഹസിച്ചിരുന്നു. ബ്യൂട്ടി പാര്‍ലറില്‍ കയറി പൗഡറും പൂശി ഫോട്ടോ എടുത്ത് നടപ്പാണ്, കെട്ടിവച്ച കാശുപോലും ഡീനിന് കിട്ടില്ല, എന്നിങ്ങനെയായിരുന്നു മണിയുടെ പ്രസംഗം. മുന്‍ എംപി പി.ജെ. കുര്യനെ പെണ്ണുപിടിയനെന്നും എംഎല്‍എ വിശേഷിപ്പിച്ചു.
വേമ്പനാട്ട് കായൽ കീഴടക്കാനൊരുങ്ങി 62കാരി
🖱️വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പിൽ ചരിത്രം കുറിക്കാൻ 62 കാരിയും. ശനിയാഴ്ച തൃശൂർ അഞ്ചേരി പുത്തൻപുരയിൽ ഡോ. കുഞ്ഞമ്മ മാത്യൂസ് വേമ്പനാട്ടുകയാലിന്റെ ആഴമേറിയ ഏഴ് കിലോമീറ്ററോളം ദൂരം നീന്തിക്കടക്കാനൊരുങ്ങുകയാണ്. അതിസാഹസികമായ ഈ ഉദ്യമത്തിലൂടെ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിക്കാനുള്ള ഒരുക്കത്തിലാണ് കുഞ്ഞമ്മ.ചുരുങ്ങിയകാലം കൊണ്ടുതന്നെ നീന്തലിൽ മികച്ച പ്രകടനം കാഴ്ചവച്ചുതുടങ്ങിയ കുഞ്ഞമ്മ മാത്യൂസിനെ കൂടുതൽ ഉന്നതിയിലെത്തിക്കണമെന്ന് കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബ് പരിശീലകൻ ബിജു തങ്കപ്പനാണ് ആശയമുദിച്ചത്.
പ്രൈം വോളി: കാലിക്കറ്റ് ഹീറോസിന് കന്നിക്കിരീടം
🖱️പ്രൈം വോളിബോള്‍ ലീഗ് മൂന്നാം സീസണ്‍ കിരീടം കാലിക്കറ്റ് ഹീറോസിന്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ ഡല്‍ഹി തൂഫാന്‍സിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കാലിക്കറ്റ് കന്നിക്കിരീടം ഉയര്‍ത്തിയത്. സ്‌കോര്‍: 15-13, 15-10, 13-15, 15-12. ആദ്യ രണ്ട് സെറ്റുകള്‍ നേടി ജയമുറപ്പിച്ച ഹീറോസിനെ മൂന്നാം സെറ്റില്‍ ഡല്‍ഹി വിറപ്പിച്ചെങ്കിലും, തുടര്‍സെറ്റില്‍ ആ മികവ് ആവര്‍ത്തിക്കാനായില്ല. ഹീറോസ് നായകന്‍ ജെറോം വിനീതാണ് ഫൈനലിലെ താരം, ലീഗിലെ ഏറ്റവും മൂല്യമേറിയ താരവും വിനീത് തന്നെ.
ബലാത്സംഗ കേസ്: ബ്രസീലിയൻ മുൻ ഫുട്ബോളർ റൊബീന്യോ അറസ്റ്റിൽ
🖱️ബലാത്സംഗ കേസിലെ കോടതി വിധിയ്ക്ക് പിന്നാലെ ബ്രസീൽ മുന്നേറ്റക്കാരനായിരുന്ന റൊബീന്യോ അറസ്റ്റിൽ. സാന്റോസിലെ ഫ്ലാറ്റിലെത്തിയാണ് പൊലീസ് താരത്തെ അറസ്റ്റ് ചെയ്തത്. 2013ൽ ഇറ്റലിയിൽ അൽബേനിയൻ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിൽ കുറ്റാക്കാരനെന്ന് കണ്ടെത്തിയ റൊബീന്യോയ്ക്ക് ബ്രസീൽ കോടതി കഴിഞ്ഞ ദിവസം ഒമ്പത് വർഷം ജയിൽശിക്ഷ വിധിച്ചിരുന്നു. ഇറ്റാലിയൻ കോടതിയിലായിരുന്നു കേസിന്റെ പ്രാരംഭ നിയമ നടപടികൾ.
ഗോൾഡ് റേറ്റ്
ഗ്രാമിന് 6135 രൂപ
പവന് 49080 രൂപ