പ്രഭാത വാർത്തകൾ
2023 | ഡിസംബർ 23 | ശനി | 1199 | ധനു 7 | ഭരണി
???➖➖➖
© Copy rights reserved.
ഷെയർ ചെയ്യാം, കോപ്പിയടിക്കെതിരേ നിയമ നടപടിയെടുക്കും.
➖➖➖➖➖➖➖➖
◾മുപ്പത്തഞ്ചു ദിവസമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസിന് ഇന്നു തിരുവനന്തപുരത്തു സമാപനം. നവകേരള സദസ് വന്‍ ജനമുന്നേറ്റമായി എന്നു മുഖ്യമന്ത്രി പിണറായി വിജയന് അവകാശപ്പെട്ടു. സമാപന ദിനമായ ഇന്നു തിരുവനന്തപുരത്തു സംഘര്‍ഷത്തിനു സാധ്യത. കരിങ്കൊടി പ്രതിഷേധക്കാരെ മര്‍ദിച്ചതിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നു ഡിജിപി ഓഫീസിലേക്കു മാര്‍ച്ചു നടത്തും.
◾ലൈംഗികാതിക്രമ കേസിലെ പ്രതിയായ ബിജെപി എംപി ബ്രിജ്ഭൂഷണിന്റെ പാനല്‍ ഗുസ്തി ഫെഡറേഷന് ഭാരവാഹികളായി ജയിച്ചതോടെ ഒളിമ്പിക് മെഡല്‍ ജേതാവ് ബജ്രംഗ് പൂനിയ പത്മശ്രീ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിനു മുന്നിലെ ഫുട്പാത്തില്‍ ഉപേക്ഷിച്ചു. മോദിയെ കാണണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഇദ്ദേഹത്തെ പോലീസ് തടഞ്ഞു. ഇതോടെയാണ് പത്മശ്രീ പുരസ്കാരം ഉപേക്ഷിച്ചത്. കഴിഞ്ഞ ദിവസം ഗുസ്തി താരം സാക്ഷി മാലിക് ഗുസ്തി മല്‍സരങ്ങളില്‍നിന്നു വിടപറഞ്ഞിരുന്നു.
◾കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ 1404.50 കോടി രൂപ കൂടി നികുതി വിഹിതമായി അനുവദിച്ചു. സാമൂഹ്യ സുരക്ഷ പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് തുക. ജനുവരി പത്തിനു മുമ്പ് സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട 72,000 കോടി രൂപയുടെ നികുതി വിഹിതം നേരത്തെ അനുവദിച്ചിരുന്നു.
◾ചാലക്കുടിയില്‍ എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു. നേതൃത്വം നല്കിയ പ്രതി നിധിന് പുല്ലനെ പോലീസ് ബലം പ്രയോഗിച്ചു പിടികൂടിയങ്കിലും സിപിഎം പ്രവര്‍ത്തകര്‍ മോചിപ്പിച്ചു. രാത്രി പ്രതികളെ പിടിക്കാനെത്തിയ ഡിവൈഎസ്പി ടിഎസ് സിനോജിന് നേരെ വീണ്ടും ആക്രമണം. പോലീസ് ലാത്തി വീശി. അഞ്ചു ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യപ്രതി നിധിനായി തെരച്ചില്‍ തുടരുകയാണ്. ചാലക്കുടി ഐടിഐ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ വിജയിച്ചതിനു പിറകേ ആഹ്ലാദപ്രകടനം നടത്തി മടങ്ങുന്നതിനിടെയാണ് പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തത്.
◾കരിങ്കൊടി പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനം ഇടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാലൊടിഞ്ഞു. കോണ്‍ഗ്രസ് കാട്ടാക്കട ബ്ലോക്ക് സെക്രട്ടറി അന്‍സലാ ദാസന്റെ കാലാണ് ഒടിഞ്ഞത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കാലില്‍ ശസ്ത്രക്രിയ നടത്തി. അകമ്പടി വാഹനം മനപൂര്‍വം കാലിലൂടെ കയറ്റിയെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
◾മറിയക്കുട്ടിയുടെ ഹര്‍ജി രാഷ്ടീയ പ്രേരിതമെന്ന സര്‍ക്കാരിന്റെ നിലപാട് ഹര്‍ജിക്കാരിയെ അപഹസിക്കുന്നതിനു തുല്യമാണെന്നു ഹൈക്കോടതി. സര്‍ക്കാര്‍ നിലപാട് ഞെട്ടിച്ചെന്ന് കോടതി പറഞ്ഞതോടെ രാഷ്ട്രീയ പ്രേരിതമാണെന്ന വാദം സര്‍ക്കാര്‍ പിന്‍വലിച്ചു. ഹര്‍ജിക്കാരിക്കു ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായം നല്‍കാമെന്നു കോടതി നിര്‍ദേശിച്ചു. ഈ പെന്ഷന് സ്റ്റാറ്റൂട്ടറിയല്ല എന്നു സര്‍ക്കാര്‍ വാദിച്ചു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴി ചാരിയാല്‍ ആളുകള്‍ക്കു ജീവിക്കണ്ടേ എന്നും കോടതി ചോദിച്ചു.
◾തനിക്കു മാത്രമല്ല, എല്ലാവര്ക്കും പെന്ഷന് ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് കോടതിയില്‍ ഹര്‍ജി നല്കിയ ഇടുക്കി അടിമാലി സ്വദേശിയായ മറിയക്കുട്ടി. തന്നെക്കാള്‍ ദുരിതമനുഭവിക്കുന്ന നിരവധി പേരുണ്ട്. കോടതിയില്‍ സര്‍ക്കാര്‍ ഇന്ന് തന്നെ അപമാനിച്ചു. കോടതിയില്‍നിന്നു നീതി പ്രതീക്ഷിക്കുന്നുണ്ട്. മറിയക്കുട്ടി പറഞ്ഞു.
◾കൊച്ചി എം.ജി റോഡിലെ സ്പെക്ട്രം സോഫ്ട് ടെക് എന്ന ഔട്സോഴ്സിംഗ് സ്ഥാപനത്തില്‍ ഇന്‍കംടാക്സ് റെയ്ഡ്. നൂറു കോടിയോളം രൂപ കടലാസ് കമ്പനികളുണ്ടാക്കി ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്റില്‍ നിക്ഷേപിച്ചെന്നാണ് കണ്ടെത്തല്‍. സ്ഥാപനത്തില്‍ മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ ജോലികളാണ് പ്രധാനമായും ചെയ്യുന്നത്. ആം ആദ്മി പാര്‍ടിയുടെ മുന്‍ കേരള കോഡിനേറ്റര്‍ മനോജ് പദ്മനാഭന്, ക്ലീറ്റസ് ജോബ്, ജോസഫ് കുരിശിങ്കല്‍ തുടങ്ങിയവരാണ് സ്ഥാപനത്തിന്റെ സാരഥികള്‍.
◾സംസ്ഥാന പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയില്‍ അഞ്ചു വനിതാ മോര്‍ച്ച പ്രവര്‍ത്തര്‍ അതിക്രമിച്ചു കയറി പ്രതിഷേധിച്ച സംഭവത്തില്‍ റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയും പ്രതിയാക്കുന്നു. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചവര്‍ക്കെതിരെ തിരുവനന്തപുരം മ്യൂസിയം പൊലിസ് കേസെടുത്തു. വണ്ടിപ്പെരിയാര്‍ കേസില്‍ പ്രതി അര്‍ജുനെ വെറുതെ വിട്ടതില്‍ പ്രതിഷേധിച്ചായിരുന്നു മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ ഡിജിപിയുടെ വീട്ടില്‍ കയറി പ്രതിഷേധിച്ചത്.
◾മുഖ്യമന്ത്രി നയിക്കുന്ന നവകേരള യാത്ര ബസിനു കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുവമോര്‍ച്ചാ പ്രവര്‍ത്തകരും. തിരുവനന്തപുരം പാറശാലയില്‍ പൊലീസും യുവമോര്‍ച്ച പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. നെയ്യാറ്റിന്‍കരയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. വെള്ളായണി ജങ്ഷനില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
◾ഡിജിപി ഓഫീസിലേക്ക് കെ എസ് യു മാര്‍ച്ചിലെ സംഘര്‍ഷത്തിനിടെ അറസ്റ്റിലായ 10 കെ എസ് യു പ്രവര്‍ത്തകര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍. ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളില്‍ പോസ്റ്റര്‍ കീറിയെന്ന കേസില്‍ ജാമ്യം ലഭിച്ചു. പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന കേസില്‍ ജാമ്യ ഹര്‍ജി ഇന്നു കോടതി പരിഗണിക്കും.
◾വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ ഹര്‍ജി നല്കി.
◾മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന് മാപ്പു പറയണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. അന്നേ തീര്‍ത്തേനെ എന്ന ഭീഷണി വിലപ്പോവില്ല. അന്നു തീര്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് അദ്ദേഹം ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നത്. പിണറായി വിജയന് ആരാണെന്നും കെ സുധാകരന് ആരാണെന്നും കേരളത്തിന് അറിയാമെന്ന് ശിവന്‍കുട്ടി പറഞ്ഞു.
◾അഞ്ചു ദിവസം മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമായി രണ്ട് ചക്രവാതച്ചുഴികളുണ്ട്.
◾ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരം സഞ്ജു സാംസണ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 108 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.
◾പ്രതിപക്ഷം കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. യുഡിഎഫും ബിജെപിയും സര്‍ക്കാരിനെതിരെ വിറളി പിടിച്ച നിലയിലാണ്. ഗവര്‍ണര്‍ പരിധികളല്ലാം ലംഘിക്കുന്നുവെന്നും ഗോവിന്ദന് കുറ്റപ്പെടുത്തി.
◾നവകേരള ബസിനായി ക്ലിഫ് ഹൗസില്‍ മരം മുറിക്കുന്നതിനിടെ വീണ് രണ്ട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. . ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍നിന്നു ക്ലിഫ് ഹൗസിലേക്കു പോകുന്ന വഴിയിലെ മരിച്ചില്ലകള്‍ മുറിച്ചു മാറ്റുന്നതിനിടെയാണ് ശീജിത്ത്, പ്രവീണ്‍ എന്നിവര്‍ വാഹനത്തില്‍നിന്ന് വീണത്.
◾ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ചതിനു വീട്ടമ്മയില്‍നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എകസ്റ്റന്ഷന് ഓഫീസര്‍ പിടിയില്‍. മലപ്പുറം വഴിക്കടവ് വിഇഒ നിജാഷിനെയാണു വിജിലന്‍സ് സംഘം പിടികൂടിയത്. ആദ്യ ഗഡുവായ നാല്‍പ്പതിനായിരം രൂപ ലഭിക്കുമ്പോള്‍ 20000 രൂപ നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടത്.
◾കെഎസ്ആര്‍ടിസിയിലെ വിരമിക്കുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യ വിതരണത്തിനായി വരുമാനത്തില്‍നിന്ന് മാറ്റിവയ്ക്കേണ്ട തുക ഹൈക്കോടതി അഞ്ചു ശതമാനമാക്കി കുറച്ചു. പത്ത് ശതമാനം മാറ്റിവെക്കണമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ഉത്തരവ്.
◾കണ്ടല സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ മുഖ്യപ്രതികളായ ഭാസുരാംഗന്റെയും മകന് അഖില്‍ജിത്തിന്റെയും ജാമ്യാപേക്ഷ എറണാകുളം പിഎംഎല്‍എ കോടതി തള്ളി. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട് നടന്നെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ വാദം.
◾പാലക്കാട് കോങ്ങാട് പട്ടികജാതി വിഭാഗത്തിലെ പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 82 വര്‍ഷം കഠിന തടവും മൂന്നു ലക്ഷത്തി നാല്പതിനായിരം രൂപ പിഴയും ശിക്ഷ. മാങ്കാവ് സ്വദേശി ശിവകുമാറിനെയാണ് പട്ടാമ്പി പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്.
◾വീട്ടമ്മയേയും മകന്റെ സുഹൃത്തിനേയും തെങ്ങില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച കേസില്‍ സദാചാര ഗുണ്ടകള്‍ക്ക് മൂന്നു വര്‍ഷം തടവും രണ്ടായിരം രൂപ പിഴയും ശിക്ഷ. പ്രതികളായ സുധീര്‍, റിയാദ്, ഇര്‍ഷാദ്, സിറാജുദ്ദീന്, അനസ്, ഷാഫി, ജിജു, സഫീര്‍, സിനു എന്നിവരെയാണ് കടയ്ക്കല്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
◾ആലപ്പുഴ നൂറനാട് മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ മുരളീധരന് ഉണ്ണിത്താന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. പോലീസ് കേസെടുത്തു.
◾വയനാട്ടില്‍ കോളേജ് ബസ് ഡ്രൈവറെ ഒരു സംഘം ബസ് തടഞ്ഞിട്ട് മര്‍ദിച്ചു. നടവയല്‍ സിഎം കോളേജിലെ ബസ് ഡ്രൈവര്‍ പി.എസ്. ഷിന്‍സിനാണ് മര്‍ദനമേറ്റത്. കോളേജില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വന്ന വിദ്യാര്‍ത്ഥിനിയുടെ ഭര്‍ത്താവിന്റെ വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന തര്‍ക്കത്തിന്റെ പേരിലാണു മര്‍ദനം.
◾പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ പൊലീസ് ലാത്തികൊണ്ട് മര്‍ദ്ദിച്ചു. ആലപ്പുഴ കനകക്കുന്ന് പൊലീസിനെതിരെ പരാതിയുമായി രക്ഷിതാക്കള്‍. പൊലീസുകാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ മൂന്നു വിദ്യാര്‍ത്ഥികളെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾കോഴിക്കോട് കട്ടാങ്ങലില്‍ ആദിവാസി വിഭാഗക്കാരനായ വിദ്യാര്‍ത്ഥിയെ പോലീസ് മര്‍ദ്ദിച്ചു. അമ്മാവനുമായി വഴക്കിട്ടെന്ന പേരിലാണ് കുന്ദമംഗലം എസ്ഐയുടെ നേതൃത്വത്തിലുളള സംഘം മര്‍ദ്ദിച്ചതെന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി പറഞ്ഞു. അന്വേഷണം ആരംഭിച്ചെന്ന് താമരശേരി ഡിവൈഎസ്പി അറിയിച്ചു.
◾അങ്കമാലിക്കടുത്തു കറുകുറ്റിയില്‍ ന്യൂഇയര്‍ കുറീസില്‍ തീപിടുത്തം. മൂന്നുനില കെട്ടിടത്തില്‍ താഴെയുള്ള റസ്റ്റോറന്റിലേക്കും മുകളിലെ ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനത്തിലേക്കും തീപടര്‍ന്നു.
◾എല്‍പിജി വാണിജ്യ സിലിണ്ടറിന്റെ വില 39.50 രൂപ കുറച്ചു. ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍.പി.ജി സിലിണ്ടറിന്റെ ചില്ലറ വില്പന വില 1757.50 രൂപയാകും. ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
◾കനത്ത മഴയില്‍ തമിഴ്നാട്ടിലെ നാലു ജില്ലകളിലായി 31 പേര് മരിച്ചെന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. ധനസഹായമായി രണ്ട് ഗഡുക്കളായി 900 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
◾ഇന്ത്യയുടെ റിപ്പബ്ളിക് ദിനത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അതിഥിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ഇമ്മാനുവല്‍ മാക്രോണ്‍ സ്വീകരിച്ചു.
◾കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധനം പിന്‍വലിച്ചെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. എന്തു വസ്ത്രം ധരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം ഓരോ വ്യക്തിക്കും ഉണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.
◾തമിഴ്നാട്ടിലെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ കേസുകളുടെ ചുമതല ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന് തിരിച്ചുനല്‍കി. ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ സ്വമേധയാ എടുത്ത ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിനെ ഹൈക്കോടതിയുടെ മധുര ബെഞ്ചിലേക്കു മാറ്റിയിരുന്നു. പിന്നീട് സുപ്രീം കോടതി ഇദ്ദേഹത്തിന്റെ നടപടികളെ പ്രശംസിച്ചിരുന്നു.
◾ധൈര്യമുണ്ടെങ്കില്‍ തന്നെ കത്തിക്കണമെന്നു വെല്ലുവിളിച്ച പൊലീസുകാരനെ പോലീസൂകാരിയായ ഭാര്യ കത്തിച്ചു. ബെംഗളൂരുവിലെ ബാസവനഗുഡിയിലാണ് സംഭവം. സഞ്ജയ് എന്ന പൊലീസ് കോണ്‍സ്റ്റബിളാണ് മരിച്ചത്. പങ്കാളിയായിരുന്ന റാണിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചു നടന്ന തര്‍ക്കമാണ് തീവയ്പില്‍ കലാശിച്ചത്. ഇരുവരും ഒരേ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്നപ്പോഴാണു വിവാഹിതരായത്. ഇവര്‍ക്കു രണ്ടു കുട്ടികളുണ്ട്.
◾പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ഒളിച്ചോടിയ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഷോളിങ്ങനല്ലൂരിനടുത്തുള്ള സ്വകാര്യ സ്കൂളിലെ അധ്യാപികയായ 32 കാരിയായ ഹെപ്സിബയാണ് പോക്സോ കേസില്‍ അറസ്റ്റിലായത്. യുവതി ഏതാനും വര്‍ഷം മുമ്പ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിരുന്നു. ഇതിനിടെയാണ് തന്റെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായി അധ്യാപിക പ്രണയത്തിലായത്.
◾യുഎഇയില്‍ നിന്ന് ഇന്ത്യക്കാരടക്കം 303 യാത്രക്കാരുമായി പുറപ്പെട്ട ചാര്‍ട്ടേഡ് വിമാനം യാത്രാമദ്ധ്യേ ഫ്രാന്‍സ് തടഞ്ഞുവച്ചു. മനുഷ്യക്കടത്ത് സംശയിച്ചാണ് നടപടി. അന്വേഷണം തുടങ്ങിയെന്നും യാത്രക്കാരെ ചോദ്യം ചെയ്യുന്നുവെന്നും ഫ്രാന്‍സ് അറിയിച്ചു.
◾ഗാസ പ്രമേയം യുഎന്‍ രക്ഷാ സമിതി പാസാക്കി. വോട്ടെടുപ്പില്‍ നിന്ന് അമേരിക്കയും റഷ്യയും വിട്ടുനിന്നു. ഉടന്‍ വെടിനിര്‍ത്തല്‍ ഉണ്ടാകണമെന്നു പ്രമേയത്തില്‍ പറയുന്നില്ല. ഇരുപക്ഷവും വെടിനിര്‍ത്തല്‍ ഉടമ്പടി ഉണ്ടാക്കണമെന്ന ആവശ്യം മാത്രമാണ് പ്രമേയത്തിലുള്ളത്.
◾ഐസ്ലാന്ഡില് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭൂകമ്പത്തിനു പിന്നാലെ സജീവമായ അഗ്നിപര്‍വ്വതങ്ങള്‍ നാലായിരത്തോളം പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഗ്രിന്‍ഡവിക് നഗരത്തിനു സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. റോഡിലും ഭൂമിയിലും വലിയ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഈസ്റ്റ് ബംഗാള്‍ – ഒഡിഷ എഫ്.സി. മത്സരം ഗോള്‍രഹിത സമനിലയില്‍. ഇതോടെ പത്ത് കളികള്‍ അവസാനിച്ചപ്പോള്‍ ഒഡീഷ അഞ്ചാം സ്ഥാനത്തും ഈസ്റ്റ് ബംഗാള്‍ ഏഴാം സ്ഥാനത്തുമാണ്.
◾ഓസ്ട്രേലിയക്കെതിരായ വനിതകളുടെ ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ടാം ദിനം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 7 ന് 376 എന്ന ശക്തമായ നിലയില്‍. ദീപ്തി ശര്‍മയുടേയും സ്മൃതി മന്ഥാനയുടേയും ജെമീമ റോഡ്രിഗസിന്റേയും റിച്ച ഘോഷിന്റേയും അര്‍ദ്ധ സെഞ്ച്വറികളാണ് ഇന്ത്യന്‍ ടീമിന് മികച്ച സ്കോര്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത്.
◾ആഗോള വിപണിയില്‍ ഇന്ത്യന്‍ നിര്‍മിത വിസ്കിക്ക് ഡിമാന്‍ഡ് കൂടുകയാണ്. എന്നാല്‍ കയറ്റുമതിക്ക് ചില നിയമകുരുക്കുകളുണ്ട്. ഇന്ത്യന്‍ കാലാവസ്ഥ അനുസരിച്ച് ഇവിടെ വിസ്കി ഒരു വര്‍ഷത്തിനുള്ളില്‍ പാകപ്പെടാറുണ്ട്. പക്ഷേ ചില രാജ്യങ്ങള്‍ക്ക് അവരുടേതായ മാനദണ്ഡങ്ങളുണ്ട്. ഈ രാജ്യങ്ങളിലെ നിയമം അനുസരിച്ച് ഇവ മൂന്ന് വര്‍ഷമെടുത്ത് പാകപ്പെട്ടാല്‍ മാത്രമേ വാങ്ങുകയുള്ളു. സ്വതന്ത്ര വ്യാപാര കാരാറുകളുമായി ബന്ധപ്പെട്ട് മറ്റ് രാജ്യങ്ങളുമായുള്ള ചര്‍ച്ചയില്‍ ഈ നിയമത്തില്‍ മാറ്റം വരുത്താനാകുമോ എന്നതും പരിശോധിക്കും. ഇത് ഇന്ത്യന്‍ നിര്‍മിത വിസ്കി കയറ്റുമതി ഉയര്‍ത്തും. സ്പിരിറ്റിന് ഡിമാന്‍ഡ് വര്‍ധിച്ചുവരുന്നതിനാല്‍ രാജ്യത്തെ മദ്യം ഉള്‍പ്പെടെയുള്ള ലഹരിപാനീയങ്ങളുടെ കയറ്റുമതി കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ 100 കോടി ഡോളര്‍ (8,400 കോടി രൂപ) കടക്കും. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 32.5 കോടി ഡോളറിന്റെ (2,730 കോടി രൂപ) കയറ്റുമതിയാണ് നടന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ഈ മേഖലയില്‍ നിന്നുള്ള കയറ്റുമതി 23 കോടി ഡോളറിലെത്തിയതായി (1,932 കോടി രൂപ) വാണിജ്യ മന്ത്രാലയത്തിലെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ ഉല്‍പ്പന്നങ്ങളുടെ ആഗോള വ്യാപാരം ഏകദേശം 13,000 കോടി യു.എസ് ഡോളറാണ്.
◾ബോളിവുഡില്‍ നിന്നുള്ള അപ്കമിംഗ് റിലീസുകളില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് ഹൃത്വിക് റോഷന് നായകനാവുന്ന ഫൈറ്റര്‍. പഠാന് സംവിധായകന് ഒരുക്കുന്ന ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായിക. ഒരു ഏരിയല്‍ ആക്ഷന്‍ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമായി പ്ലാന്‍ ചെയ്യപ്പെട്ടിരിക്കുന്ന ചിത്രവുമാണിത്. രണ്ടാഴ്ച മുന്‍പെത്തിയ ചിത്രത്തിന്റെ ടീസര്‍ വലിയ പ്രേക്ഷകപ്രീതിയാണ് നേടിയിരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനവും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഇഷ്ക് ജൈസാ കുച്ച് എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കുമാര്‍ ആണ്. വിശാല്‍- ശേഖര്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അവരും ഒപ്പം ശില്പ റാവുവും മെല്ലോ ഡിയും ചേര്‍ന്നാണ്. അനില്‍ കപൂര്‍, കരണ്‍ സിംഗ് ഗ്രോവര്‍, അക്ഷയ് ഒബ്റോയ്, സഞ്ജീദ ഷെയ്ഖ്, തലത് അസീസ്, സഞ്ജീവ് ജെയ്സ്വാള്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദും റമണ്‍ ചിബും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥാരചന. തിരക്കഥ റമണ്‍ ചിബ്, സംഭാഷണം ഹുസൈന് ദലാല്‍, അബ്ബാസ് ദലാല്‍, പ്രൊഡക്ഷന്‍ ഡിസൈനിംഗ് രജത് പൊഡ്ഡാര്‍, എഡിറ്റിംഗ് ആരിഫ് ഷെയ്ഖ്, വിഷ്വല്‍ എഫക്റ്റ്സ് സ്റ്റുഡിയോ റീഡിഫൈന്‍ ആന്‍ഡ് ഡിനെഗ്. വയാകോം 18 സ്റ്റുഡിയോസ്, മാര്‍ഫ്ലിക്സ് പിക്ചേഴ്സ് എന്നീ ബാനറുകളില്‍ മംമ്ത ആനന്ദ്, റമണ്‍ ചിബ്, അങ്കു പാണ്ഡെ, കെവിന് വാസ്, അജിത്ത് അന്ധേരെ എന്നിവരാണ് ഫൈറ്റര്‍ നിര്‍മ്മിക്കുന്നത്. ജനുവരി 25 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
◾ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജീവിതം സിനിമയാവുന്നു. ‘മേം അടല്‍ ഹൂ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഉല്ലേഖ് എന്‍.പി.യുടെ ‘ദ് അണ്‍ടോള്‍ഡ് വാജ്പേയി: പൊളിറ്റീഷ്യന് ആന്‍ഡ് പാരഡോക്സ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രവി ജാദവ് ആണ്. വാജ്പേയിയുടെ ജീവിതം സിനിമയാവുമ്പോള്‍ രാഷ്ട്രീയവും വ്യക്തിപരവുമായ എല്ലാ കാര്യങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുമെന്നാണ് പ്രേക്ഷകരും രാഷ്ട്രീയ നിരീക്ഷകരും പ്രതീക്ഷിക്കുന്നത്. ഉത്കര്‍ഷ് നൈതാനി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ പങ്കജ് ?ത്രിപാഠിയാണ് വാജ്പേയി ആയി വേഷമിടുന്നത്. പൗല മഗ്ലിന്‍ ആണ് സോണിയ ഗാന്ധിയായി എത്തുന്നത്. വിനോദ് ഭാനുശാലി, സന്ദീപ് സിംഗ്, സാം ഖാന്, കമലേഷ് ഭാനുശാലി, വിശാല്‍ ഗുര്‍നാനി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന താരങ്ങള്‍.
◾റേഞ്ച് റോവര്‍ സ്പോര്‍ട് എസ് വി വേരിയന്റിനെ ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ വില്പനയ്ക്കുവച്ചു. 3.0 ലീറ്റര്‍ ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനുള്ള മോഡലും കൂട്ടത്തിലുണ്ട്. ആറുമുതല്‍ എട്ടു മാസത്തിനകം ഇന്ത്യന്‍ റോഡുകളില്‍ റേഞ്ച് റോവര്‍ സ്പോര്‍ട് എസ് വി വേരിയന്റ് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റേഞ്ച് റോവറിന്റെ ഏറ്റവും ശക്തമായ 635എച്ച്പി, 800എന്‍എം, 4.4 ലീറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി8 എന്‍ജിനുള്ള കാറാണ് റേഞ്ച് റോവര്‍ സ്പോര്‍ട് എസ് വി. ഫോര്‍വീല്‍ ഡ്രൈവിനെ പിന്തുണക്കുന്ന കാറില്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് നല്‍കിയിട്ടുള്ളത്. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്ക് കുതിക്കാന്‍ വെറും 3.6 സെക്കന്‍ഡ് മതി ഈ വാഹനത്തിന്. പരമാവധി വേഗത മണിക്കൂറില്‍ 290 കിലോമീറ്റര്‍. സാധാരണ സ്പോര്‍ട് മോഡലിനെ അപേക്ഷിച്ച് ചെറിയ രീതിയില്‍ മാത്രമേ ഡിസൈനില്‍ മാറ്റങ്ങളുള്ളൂ. കൂടുതല്‍ വലിയ മുന്‍-പിന്‍ഭാഗങ്ങളും പുതിയ മുന്‍- പിന് ബംപറുകളും ഗ്രില്ലിലെ മാറ്റങ്ങളും ഡ്യുല്‍ ട്വിന്‍ എക്സ്ഹോസ്റ്റും സ്പോര്‍ട് എസ് വിയിലുണ്ട്. മുന്നിലെ ഡിസൈനിലെ മാറ്റം വി8 എന്‍ജിനും ബ്രേക്കുകള്‍ക്കും വേണ്ട അധിക കൂളിങ് സംവിധാനത്തെക്കൂടി കണക്കാക്കിയുള്ളതാണ്.
◾ലിംഗബോധം, സദാചാരം, പ്രണയം, പ്രത്യുത്പാദനാവകാശം, ശരീരരാഷ്ട്രീയം, കോവിഡാനന്തര സാമൂഹികപരിണാമം തുടങ്ങിയ വിഷയങ്ങളില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ മലയാളി മുന്നോട്ടും പിന്നോട്ടും നടന്ന ദൂരങ്ങളെ സാമൂഹികമനശ്ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ വിശകലനം ചെയ്യുന്ന പുസ്തകം. ‘മലയാളിയുടെ മനോലോകം’. റ്റിസി മറിയം തോമസ്. ഡിസി ബുക്സ്. വില 198 രൂപ.
◾ജോലിക്കിടയില്‍ പോലും കലോറി എരിച്ചുകളയാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. നിങ്ങളുടെ രക്തം ഒഴുകുന്നതിനും കുറച്ച് കലോറി എരിച്ചുകളയുന്നതിനും വേണ്ടി ഓരോ മണിക്കൂറിലും എഴുന്നേറ്റു നില്ക്കുക. നിങ്ങളുടെ പേശികളെ ഉള്‍പ്പെടുത്താനും കലോറി എരിച്ചുകളയുന്നതിനുമായി ലെഗ് ലിഫ്റ്റ്, ചെയര്‍ സ്ക്വാറ്റുകള്‍, ഡെസ്ക് പുഷ്-അപ്പുകള്‍ എന്നിവ പോലുള്ള ലളിതമായ വ്യായാമങ്ങള്‍ ചെയ്യുക. എലിവേറ്റര്‍ ഉപയോഗിക്കുന്നതിന് പകരം, സാധ്യമാകുമ്പോഴെല്ലാം പടികള്‍ കയറുക. ഈ ലളിതമായ മാറ്റം കലോറി എരിച്ച് കളയാനും നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഫോണ്‍ കോളുകളില്‍ ഇരിക്കുന്നതിനുപകരം, കലോറി എരിച്ചുകളയാന്‍ നിങ്ങളുടെ ഓഫീസിന് ചുറ്റും നടക്കുകയോ പുറത്തേക്ക് നടക്കുകയോ ചെയ്യുക. സ്റ്റാന്‍ഡിംഗ് ഡെസ്ക്കുകള്‍ കൂടുതല്‍ പ്രചാരം നേടുന്നു, കാരണം അവ കൂടുതല്‍ കലോറി എരിച്ചുകളയാനും ജോലി ചെയ്യുമ്പോള്‍ നിങ്ങളുടെ ഭാവം മെച്ചപ്പെടുത്താനും അനുവദിക്കുന്നു. നിങ്ങളുടെ മേശപ്പുറത്ത് റെസിസ്റ്റന്‍സ് ബാന്‍ഡുകള്‍ സൂക്ഷിക്കുക, നിങ്ങളുടെ പേശികളെ ഇടപഴകാനും കലോറി എരിച്ചുകളയാനും ദ്രുത വ്യായാമങ്ങള്‍ക്കായി അവ ഉപയോഗിക്കുക. ജലാംശം നിലനിര്‍ത്തുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല, നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ കലോറി എരിച്ചുകളയാന്‍ സഹായിക്കുകയും ചെയ്യുന്നു. ദിവസം മുഴുവന്‍ ആഴത്തില്‍ ശ്വസിക്കുന്നത് നിങ്ങളുടെ പേശികളിലേക്കുള്ള ഓക്സിജന്റെ ഒഴുക്ക് വര്‍ദ്ധിപ്പിക്കാനും കലോറി എരിച്ചുകളയാനും സഹായിക്കും.
ശുഭദിനം
കവിത കണ്ണന്
ഒരിക്കല്‍ കുറെ ഈച്ചകള്‍ ചേര്‍ന്ന് ഒരു തേനീച്ചയെ കളിയാക്കിക്കൊണ്ടിരിക്കുയാണ്. എത്രമാത്രം അലഞ്ഞിട്ടാണ് ഓരോ പൂവില്‍ നിന്നും തേന്‍ കണ്ടെത്തി അതുമാത്രം കഴിക്കാന്‍ ശമിക്കുന്നത്. ഞങ്ങളെ കണ്ടുപഠിക്കൂ.. ധാരാളം മാലിന്യങ്ങള്‍ ഇവിടെയുണ്ട്. വലിയ അല്ലല്ലോ അലച്ചിലോ ഒന്നുമില്ലാതെ ആ മാലിന്യങ്ങള്‍ ഞങ്ങള്‍ക്ക് ഭക്ഷണമായുണ്ടാകും. അല്ലാതെ ഓരോ ദിവസവും നൂറോളം പൂവുകള്‍ തേടി അലഞ്ഞുനടക്കേണ്ട കാര്യമൊന്നും നമുക്കില്ലല്ലോ.. പക്ഷേ, തേനീച്ച ഒന്നും മിണ്ടാതെ തന്റെ ജോലി തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതെല്ലാം കേട്ട് ഒരു തത്ത മരക്കൊമ്പില്‍ ഇരിക്കുന്നുണ്ടായിരുന്നു. അത് തേനീച്ചയോട് ചോദിച്ചു: ഇവര്‍ ഇത്രയധികം കളിയാക്കിയിട്ടും നിനക്ക് വിഷമമൊന്നും തോന്നുന്നില്ലേ.. തേനീച്ച പുഞ്ചിരിച്ചുകൊണ്ടുപറഞ്ഞു: ഞാന്‍ ശേഖരിക്കുന്ന തേനിന്റെ ഗുണവും രുചിയും ഇവര്‍ക്ക് മനസ്സിലാകില്ല. അത് ഞാന്‍ എത്ര മനസ്സിലാക്കിക്കാന്‍ ശ്രമിച്ചാലും കാര്യവുമില്ല.. തേനീച്ച അടുത്ത പൂവ് തേടി പറന്നു.. നിങ്ങള്‍ക്ക് ഒരു സ്വപ്നമില്ലേ.. അതൊന്നും നടക്കാന്‍ പോകുന്നില്ല… എന്തിനാ വേണ്ടാത്ത വയ്യാവവേലി ഒക്കെ വലിച്ചുവെക്കുന്നേ.. ഉളളതൊക്കെ ചെയ്തു പോയാല്‍ പോരേ.. ഇതൊന്നും സാധ്യമാകുന്നതല്ലെടോ.. നമ്മുടെ ഒരു സ്വപ്നം മറ്റുളളവരോട് പങ്ക് വെക്കാന്‍ ശ്രമിച്ചാല്‍ ഈ മറുപടികളെല്ലാം നമുക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. നമ്മുടെ സ്വപ്നങ്ങളൊന്നും നാം ആരേയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കരുത്. ഇനി അഥവാ ശ്രമിച്ചാലും അവര്‍ക്കത് മനസ്സിലാകണമെന്നില്ല. പിന്നാലെ നടന്ന് ബോധ്യപ്പെടുത്തുന്നത് നമ്മുടെ ആത്മവിശ്വാസത്തിന്റെ കുറവാണ്. സ്വപ്നങ്ങളുടെ ചിറകുകള് മുളപ്പിക്കുക…. നിശബ്ദമായി മുന്നേറുക… വിശ്വാസം സ്വന്തം കഴിവില്‍ മാത്രമാകട്ടെ – ശുഭദിനം.
➖➖➖➖➖➖➖➖