പ്രഭാത വാർത്തകൾ

📰📰📰📰📰📰📰📰📰📰📰


2024 | മാർച്ച് 29 | വെള്ളി | 1199 | മീനം 16 | വിശാഖം
🪷🙏🏼🪷🙏🏼🪷🙏🏼🪷🙏🏼🪷🙏🏼🪷

◾ ഭീഷണിപ്പെടുത്തുന്നതും അപഹസിക്കുന്നതും വിന്റേജ് കോണ്‍ഗ്രസിന്റെ സംസ്‌കാരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം സ്വാര്‍ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി അവര്‍ നാണമില്ലാതെ മറ്റുള്ളവരില്‍ നിന്ന് പ്രതിബദ്ധത ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ രാജ്യത്തോടുളള എല്ലാ പ്രതിബദ്ധതയും അവര്‍ വേണ്ടെന്ന് വയ്ക്കുകയാണെന്നും മോദി പറഞ്ഞു. 140 കോടി ജനങ്ങള്‍ അവരെ നിരസിക്കുന്നതില്‍ അദ്ഭുതമില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ കടുത്ത സമ്മര്‍ദത്തിലാക്കാന്‍ വ്യാപക ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന് അഭിഭാഷകര്‍ കത്തു നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം.

◾ കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ലെന്നും കേരളത്തില്‍ വ്യവസായികളെ ഭീഷണിപെടുത്തുന്നുവെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. നാട് നന്നാകണം എന്നില്ലെന്നും എനിക്ക് എന്റെ ലാഭം മാത്രം- അതാണ് ഇവിടെയുള്ളവരുടെ ലക്ഷ്യമെന്നും നിര്‍മല സീതാരാമന്‍ കുറ്റപ്പെടുത്തി. കേരളത്തില്‍ അഴിമതിയുടെ പരമ്പരയാണെന്നും സ്വര്‍ണ്ണക്കടത്ത്-ലൈഫ് മിഷന്‍ എന്നിവയെല്ലാം അതില്‍ ചിലതുമാത്രമാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക മാനേജ്മെന്റ് പരാജയമാണെന്നും കടം തിരിച്ചടക്കാന്‍ പൈസ ഇല്ലാത്തതിനാല്‍ ട്രഷറി പണം ഉപയോഗിച്ചാണ് തിരിച്ചടക്കുന്നതെന്നും നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

◾ മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇഡി കസ്റ്റഡി കാലാവധി ഏപ്രില്‍ ഒന്ന് വരെ നീട്ടി. ഇഡി കസ്റ്റഡി കാലാവധി ഇന്നലെ തീര്‍ന്ന സാഹചര്യത്തിലാണ് ഡല്‍ഹി റൗസ് അവന്യൂ കോടതിയില്‍ കെജ്രിവാളിനെ ഹാജരാക്കിയത്. അഭിഭാഷകനെ മറികടന്ന് ഇഡിയോട് കെജ്രിവാള്‍ നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കുകയും രൂക്ഷഭാഷയില്‍ ഇഡിയെ കുറ്റപ്പെടുത്തുകയും ചെയ്തു. പറയാനുള്ളത് ആദ്യം എഴുതിനല്‍കാന്‍ കോടതി പറഞ്ഞെങ്കിലും നേരിട്ട് ബോധിപ്പിക്കണമെന്ന് കെജ്രിവാള്‍ അറിയിക്കുകയായിരുന്നു.

◾ യഥാര്‍ഥ മദ്യനയ അഴിമതി ആരംഭിച്ചത് ഇ.ഡി. അന്വേഷണത്തിന് ശേഷമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കേസില്‍ അറസ്റ്റിലായ ശരത് ചന്ദ്ര റെഡ്ഡിയെ മാപ്പുസാക്ഷിയാക്കിയെന്നും ബി.ജെ.പിക്ക് 55 കോടി രൂപ സംഭാവന നല്‍കിയ ശേഷമാണ് റെഡ്ഡിയെ മാപ്പുസാക്ഷിയാക്കിയതെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി. ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കുകയാണ് ഇ.ഡിയുടെ ലക്ഷ്യമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ബിജെപിക്ക് ലഭിച്ച സംഭാവനയും മദ്യനയവും തമ്മില്‍ ഒരു ബന്ധവും ഇല്ലെന്നും ആരെങ്കിലും, ആര്‍ക്കെങ്കിലും സംഭാവന നല്‍കുന്നത് തങ്ങളുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും ഇ.ഡി. കോടതിയില്‍ വ്യക്തമാക്കി.

◾ ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിവസമാക്കികൊണ്ട് കഴിഞ്ഞ ദിവസമിറക്കിയ ഉത്തരവ് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ ഉത്തരവനുസരിച്ച് മണിപ്പൂരില്‍ ദുഖവെള്ളിയും ഈസ്റ്ററും അവധി ദിവസമായിരിക്കും. ഇതിനിടയില്‍ ശനിയാഴ്ച മാത്രം പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് വ്യക്തമാക്കിയാണ് പുതിയ ഉത്തരവിറക്കിയത്. ഈസ്റ്റര്‍ ദിനത്തിലെ അവധി റദ്ദാക്കിയത് നേരത്തെ വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

◾ കേന്ദ്രം ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിച്ചുവെന്നും ഭരണഘടനാ സംവിധാനങ്ങളെ ഒന്നൊന്നായി തകര്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജുഡീഷ്യറിയില്‍ പോലും കൈ കടത്തുന്നുവെന്നും കേന്ദ്ര ഏജന്‍സികളെ വഴി വിട്ട് ഉപയോഗിക്കുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി.

◾ ഇ.ഡിയെ പേടിക്കേണ്ടവര്‍ പേടിച്ചാല്‍ മതിയെന്നും കേന്ദ്രത്തോട് പോടാ എന്ന് പറയാന്‍ കരുത്തുള്ളവരാണ് ഇടതുപക്ഷമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണാ വിജയന് എതിരായ ഇ.ഡി കേസിന്റെ പശ്ചാത്തലത്തിലാണു പ്രതികരണം.

◾ നീതിമാനായ ഉമ്മന്‍ചാണ്ടിക്കെതിരെ ചെയ്തതിനെല്ലാം കണക്കുചോദിച്ച് കാലം കടന്നുവരുമെന്നും പിണറായിക്കുള്ള വടി വെട്ടാന്‍ പോയിരിക്കുന്നതേയുള്ളുവെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും വേട്ടയാടിയ മുഖ്യമന്ത്രി പിണറായി വിജയന് കാലം കരുതിവച്ച കാവ്യനീതിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കെതിരേയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണമെന്നും ഹസന്‍ പറഞ്ഞു.

◾ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍. ഹൈക്കോടതി മുന്‍ ജഡ്ജി എ ഹരിപ്രസാദിനാണ് ചുമതല. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. കമ്മീഷന്റെ പ്രവര്‍ത്തന ചെലവ് സര്‍വ്വകലാശാല അക്കൗണ്ടില്‍ നിന്ന് നല്‍കും. സര്‍വ്വകലാശാല ചട്ടം അനുസരിച്ചാണ് ഗവര്‍ണ്ണറുടെ ഇടപെടല്‍.

◾ പയ്യാമ്പലത്ത് മുതിര്‍ന്ന സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങള്‍ രാസദ്രാവകമൊഴിച്ച് വികൃതമാക്കിയ സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയെന്നും ഈ ഘട്ടത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അതേസമയം അതിക്രമം നടന്ന സ്മൃതികുടീരങ്ങളില്‍ ജില്ലയിലെ യുഡിഎഫ് നേതാക്കളും സന്ദര്‍ശനം നടത്തി. നടന്നത് നീചമായ അതിക്രമമെന്നും, ഗൂഢാലോചന കൃത്യമായി കണ്ടുപിടിക്കണമെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നും ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

◾ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

◾ അടൂര്‍ കെ.പി.റോഡില്‍ പട്ടാഴി മുക്കിനു സമീപത്ത് കാര്‍ കണ്ടയ്‌നര്‍ ലോറിയുമായി ഇടിച്ച് കാര്‍ യാത്രികരായ രണ്ട് പേര്‍ മരിച്ചു. നൂറനാട് സ്വദേശിനി അനുജ(37), ചാരുംമൂട് സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്.

◾ ആല്‍വാര്‍പെട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 3 പേര്‍ മരിച്ചു. പബ്ബിനുള്ളില്‍ കുടുങ്ങിയവരെയെല്ലാം പുറത്തെത്തിച്ചതായാണ് വിവരം. ഒരു തമിഴ്നാട് സ്വദേശിയും രണ്ട് മണിപ്പുര്‍ സ്വദേശികളുമാണ് മരിച്ചത്.

◾ രാമേശ്വരം കഫേ സ്ഫോടന കേസുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകനെ എന്‍ഐഎ പിടികൂടി. കര്‍ണാടക സ്വദേശി മുസമ്മില്‍ ഷരീഫിനെയാണ് സ്ഫോടനം നടന്ന് 28 ദിവസത്തിനു ശേഷം അറസ്റ്റ് ചെയ്തത്.

◾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കി. ഇഡി പിടിച്ചെടുത്ത 3,000 കോടി രൂപ പാവപ്പെട്ടവര്‍ക്ക് നല്‍കുമെന്ന പരാമര്‍ശത്തിന്മേലാണ് പരാതി. പണം നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമെന്നാണ് ടിഎംസി പരാതിയില്‍ പറയുന്നത്.

◾ മേഘാലയയില്‍ പൗരത്വ നിയമ പ്രതിഷേധത്തിന് പിന്നാലെയുണ്ടായ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയില്‍ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഇതര സമുദായത്തില്‍പ്പെട്ട രണ്ടുപേരെ ചിലര്‍ തല്ലിക്കൊല്ലുകയായിരുന്നു. സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊലീസിന് നിര്‍ദേശം. കേന്ദ്രസേനയെ വിന്യസിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

◾ ബിജെപിയുമായി ഒരു ബന്ധവും ഇല്ലാത്തവര്‍ പോലും ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നുവെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍. സുതാര്യവും കാര്യക്ഷമവുമായ ഭരണമാണ് അതിന് കാരണം. ഇലക്ട്രല്‍ ബോണ്ടില്‍ സുപ്രിം കോടതി നടപടികളെ ബഹുമാനിക്കുന്നുവെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

◾ എന്‍ഡിഎയ്ക്കൊപ്പം കഴിഞ്ഞ വര്‍ഷം ചേര്‍ന്ന യുപിഎ കാലത്തെ വ്യോമയാന മന്ത്രിയും എന്‍സിപി നേതാവുമായ പ്രഫുല്‍ പട്ടേലിനെതിരായ അഴിമതി കേസ് സിബിഐ അവസാനിപ്പിച്ചു. എയര്‍ ഇന്ത്യയ്ക്ക് വിമാനങ്ങള്‍ പാട്ടത്തിനെടുത്ത കേസാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സിബിഐ അവസാനിപ്പിച്ചത്. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം തുടങ്ങിയ അന്വേഷണം മതിയാക്കി സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

◾ ബിജു ജനതാദളില്‍ നിന്നും ബിജെപിയിലേക്ക് കൂറുമാറ്റം. കട്ടക്കില്‍ നിന്ന് ആറ് തവണ എംപിയായ ഭര്‍തൃഹരി മഹ്താബ് തെരഞ്ഞെടുപ്പിന് മുമ്പ് ബിജു ജനതാദള്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാകും. കഴിഞ്ഞ മാസങ്ങളില്‍ നിരവധി ബിജെഡി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

◾ മുന്‍ ഹരിയാന മന്ത്രിയും 10 വര്‍ഷക്കാലം ഹിസാറിലെ എംഎല്‍എയുമായിരുന്ന ഇന്ത്യയിലെ ഏറ്റവും ധനികയായ സാവിത്രി ജിന്‍ഡാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. മകള്‍ സീമ ജിന്‍ഡാലും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.

◾ ബോളിവുഡ് നടന്‍ ഗോവിന്ദ ശിവസേന സ്ഥാനാര്‍ത്ഥിയായി ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഏക്നാഥ് ഷിന്‍ഡേ പാര്‍ട്ടി പതാക നല്‍കിയാണ് താരത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. മുംബൈ നോര്‍ത്ത് വെസ്റ്റ് സീറ്റ് താരത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം.

◾ നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിഞ്ഞിരുന്ന സമാജ് വാദി പാര്‍ട്ടി മുന്‍ എംഎല്‍എ മുക്താര്‍ അന്‍സാരി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. വ്യാജ തോക്ക് ലൈസന്‍സ് കേസില്‍ ജീവപര്യന്തം തടവില്‍ കഴിയവേയാണ് അന്ത്യം. മുക്താര്‍ അന്‍സാരിയുടെ മരണത്തിന് പിന്നാലെ ഗാസിപ്പുരിലും, ബന്ദയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

◾ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ഡല്‍ഹി കാപിറ്റല്‍സിനെതിരെ 12 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 45 പന്തില്‍ ഒറ്റയാള്‍ പോരാട്ടത്തിന്റെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

◾ പ്രാരംഭ ഓഹരി വില്‍പന നടത്തി നടപ്പ് സാമ്പത്തികവര്‍ഷം (2023-24) ഓഹരി വിപണിയിലേക്ക് ചുവടുവച്ചത് 76 കമ്പനികള്‍. ഇവ സംയുക്തമായി സമാഹരിച്ചതാകട്ടെ 61,915 കോടി രൂപയും; തൊട്ടുമുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ധന. കഴിഞ്ഞവര്‍ഷം (2022-23) 37 കമ്പനികളാണ് ഐ.പി.ഒ സംഘടിപ്പിച്ചത്. ഇവ നേടിയത് 52,116 കോടി രൂപയായിരുന്നു. ഇന്ത്യന്‍ ചരിത്രത്തില്‍ ഐ.പി.ഒ വഴി ഏറ്റവുമധികം തുക സമാഹരിച്ചെന്ന റെക്കോഡ് എല്‍.ഐ.സിയുടെ പേരിലാണ്. 2022 മേയില്‍ നടന്ന ഐ.പി.ഒയിലൂടെ 21,000 കോടി രൂപയായിരുന്നു എല്‍.ഐ.സി സമാഹരിച്ചത്. അതേസമയം, എല്‍.ഐ.സിയുടെ ഐ.പി.ഒയെ ഒഴിച്ചുനിറുത്തിയാല്‍ നടപ്പുവര്‍ഷത്തെ സമാഹരണത്തിലെ വളര്‍ച്ച 58 ശതമാനമാണ്. നടപ്പുവര്‍ഷം ഐ.പി.ഒ വഴി ഏറ്റവുമധികം തുക സമാഹരിച്ചത് മാന്‍കൈന്‍ഡ് ഫാര്‍മയാണ് (4,326 കോടി രൂപ). ടാറ്റാ ടെക്‌നോളജീസ് 3,043 കോടി രൂപയും ജെ.എസ്.ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ 2,800 കോടി രൂപയും സമാഹരിച്ച് തൊട്ടുപിന്നാലെയുണ്ട്. 71 കോടി രൂപ സമാഹരിച്ച പ്ലാസ വയേഴ്‌സിന്റേതായിരുന്നു ഏറ്റവും കുഞ്ഞന്‍ ഐ.പി.ഒ. 2022-23ലെ ശരാശരി ഐ.പി.ഒ സമാഹരണം 1,409 കോടി രൂപയായിരുന്നെങ്കില്‍ നടപ്പുവര്‍ഷം പക്ഷേ അത് 815 കോടി രൂപയായി താഴ്ന്നു. നടപ്പുവര്‍ഷം നടന്ന ഐ.പി.ഒകളില്‍ 54 എണ്ണത്തിനും 10 മടങ്ങിലേറെ അപേക്ഷകള്‍ ലഭിച്ചു. റീറ്റെയ്ല്‍ നിക്ഷേപകരില്‍ നിന്ന് മികച്ച പങ്കാളിത്തമുണ്ടായതും ഈ വര്‍ഷം ഐ.പി.ഒകള്‍ക്ക് വലിയ നേട്ടം കൊയ്യാന്‍ വഴിയൊരുക്കി. ഈ വര്‍ഷം ഐ.പി.ഒ വഴി പുതുതായി ഓഹരി വിപണിയിലേക്ക് ചുവടുവച്ച 48 കമ്പനികളും ഇതിനകം നിക്ഷേപകര്‍ക്ക് 10 ശതമാനത്തിലധികം നേട്ടം നല്‍കിയിട്ടുണ്ട്. വിഭോര്‍ സ്റ്റീലാണ് 193 ശതമാനം റിട്ടേണ്‍ നല്‍കി ഏറ്റവും മുന്നിലുള്ളത്. ടാറ്റാ ടെക് 163 ശതമാനം നേട്ടം സമ്മാനിച്ചപ്പോള്‍ ബി.എല്‍.എസ് ഇ-സര്‍വീസസ് നല്‍കിയത് 175 ശതമാനമാണ്.

◾ മൈന ക്രിയേഷന്‍സിന്റെ ബാനറില്‍ ശിവന്‍കുട്ടന്‍ കെ എന്‍ നിര്‍മ്മിച്ച്, ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ജസ്പാല്‍ ഷണ്‍മുഖന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്’. ചിത്രം മെയ് മാസത്തിലേക്ക് റിലീസിന് തയ്യാറെടുക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ധ്യാന്‍ ശ്രീനിവാസന്‍, ഗായത്രി അശോക്, ജോയ് മാത്യു, നിര്‍മല്‍ പാലാഴി, രാജേഷ് പറവൂര്‍, ജയകൃഷ്ണന്‍, സുധി കൊല്ലം, ടോണി, മനോഹരി ജോയ്, അംബിക മോഹന്‍, അഞ്ജു എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു. കഥ ശിവന്‍കുട്ടന്‍ വടയമ്പാടി, തിരക്കഥ, സംഭാഷണം വിജു രാമചന്ദ്രന്‍, പ്രൊജക്റ്റ് ഡിസൈനര്‍ എന്‍ എം ബാദുഷ, ക്യാമറ അശ്വഘോഷന്‍, എഡിറ്റര്‍ കപില്‍ കൃഷ്ണ, ഗാനങ്ങള്‍ സന്തോഷ് വര്‍മ്മ, സംഗീതം ബിജിപാല്‍, കല കോയാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് പറവൂര്‍, മേക്കപ്പ് രാജീവ് അങ്കമാലി, കോസ്റ്റ്യൂം കുമാര്‍ എടപ്പാള്‍, പിആര്‍ഒ പി ശിവപ്രസാദ്, സ്റ്റില്‍സ് ശ്രീനി മഞ്ചേരി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

◾ സംഗീത സംവിധായകനായി വന്ന് നടനായും സംവിധായകനായുമൊക്കെ സിനിമയുടെ പല വഴികളിലൂടെ യാത്ര തുടരുന്ന താരമാണ് വിജയ് ആന്റണി. ഇപ്പോഴിതാ അദ്ദേഹം നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ‘റോമിയോ’യുടെ ട്രെയ്ലര്‍ പുറത്തെത്തിയിരിക്കുകയാണ്. വിനായക് വൈദ്യനാഥന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ വിജയ് ആന്റണിയുടെ നായികയാവുന്നത് മിര്‍ണാളിനി ദേവിയാണ്. യുട്യൂബില്‍ ഏറെ ജനപ്രീതി നേടിയ കാതല്‍ ഡിസ്റ്റന്‍സിംഗ് എന്ന സിരീസിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് വിനായക് വൈദ്യനാഥന്‍. യോഗി ബാബുവാണ് ചിത്രത്തില്‍ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിടി വി ഗണേഷ്, ഇളവരശ്, തലൈവാസല്‍ വിജയ്, സുധ, ശ്രീജ രവി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. വിജയ് ആന്റണി ഫിലിം കോര്‍പറേഷന്റെ ബാനറില്‍ മീര വിജയ് ആന്റണിയാണ് നിര്‍മ്മാണം. ചിത്രത്തിന്റെ 2.46 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. റൊമാന്റിക് എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഈ വേനല്‍ക്കാലത്ത് തിയറ്ററുകളിലത്തും. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ പേര് ലവ് ഗുരു എന്നാണ്.

◾ ഗൂര്‍ഖ 5 ഡോര്‍ എസ്യുവിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഫോഴ്‌സ് മോട്ടോഴ്‌സ്. ഈ വര്‍ഷം പകുതിയോടെ ഇന്ത്യയില്‍ പുറത്തിറങ്ങുമെന്നു പ്രതീക്ഷിക്കുന്ന ഗൂര്‍ഖ 5 ഡോര്‍ എസ്യുവിയുടെ പ്രധാന എതിരാളി മഹീന്ദ്ര ഥാര്‍ അര്‍മദയാണ്. ഡോറുകളിലുള്ള വ്യത്യാസത്തിനു പുറത്ത് ചെറിയ രൂപ മാറ്റങ്ങള്‍ മാത്രമാണ് 3 ഡോര്‍ മോഡലില്‍ നിന്നു ഉണ്ടാകുക. 3 ഡോര്‍ ഗൂര്‍ഖയിലെ 2.6 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാവും 5 ഡോര്‍ ഗൂര്‍ഖയിലും ഉണ്ടാവുക. 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. അടുത്ത സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍(2024 ഏപ്രില്‍- ജൂണ്‍) ഗൂര്‍ഖ 5 ഡോര്‍ എത്തുമെന്നാണ് സൂചന. ഗൂര്‍ഖ 3 ഡോറിന് 15.10 ലക്ഷം രൂപയാണ് വില. 5 ഡോര്‍ ഗൂര്‍ഖക്ക് ഏകദേശം ഒന്നര ലക്ഷം രൂപയോളം കൂടുതല്‍ വില പ്രതീക്ഷിക്കാം. ഗൂര്‍ഖയുടെ പ്രധാന എതിരാളി അര്‍മദയായിരിക്കും. ജൂണ്‍-ഓഗസ്റ്റ് ആകുമ്പോഴേക്കും അര്‍മദയെ പുറത്തിറക്കാനാണ് മഹീന്ദ്രയുടെ ശ്രമം. 3 ഡോര്‍ ഥാറിനെ അപേക്ഷിച്ച് കൂടുതല്‍ വലുപ്പമുള്ള വാഹനമായിരിക്കും സ്വാഭാവികമായും 5 ഡോര്‍ ഥാര്‍ അര്‍മദ. 3 ഡോര്‍ ഥാറില്‍ 150 എച്ച്പി കരുത്തും പരമാവധി 320എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 2.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 130 എച്ച്പി കരുത്തും പരമാവധി 300 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളാണുള്ളത്. ഇതേ എന്‍ജിനുകളിലായിരിക്കും അര്‍മദയും എത്തുക. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാസ്മിഷനുകളാണ് എന്‍ജിനുമായി ബന്ധിപ്പിക്കുക.

◾ ഒരു പ്രാവിനു നല്‍കിയ വാക്കു പാലിയ്ക്കാന്‍ സ്വന്തം മാംസം മുറിച്ചുനല്‍കാന്‍ തയ്യാറായ മുനിയെക്കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങള്‍? ഉപവിഷ്ടനായ ഏതൊരാള്‍ക്കും നീതിപൂര്‍വ്വകമായ വിധി പ്രഖ്യാപിയ്ക്കാനുള്ള നിസ്തുലമായ കഴിവു പ്രദാനം ചെയ്യുന്ന സിംഹാസനത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇരു കൈകളുമില്ലെങ്കിലും മനോഹരമായ ശില്പങ്ങള്‍ നിര്‍മ്മിയ്ക്കാന്‍ കഴിഞ്ഞ അതുല്യനായ ശില്പിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ദൈവങ്ങള്‍ക്കിടയിലെ വഴക്കുകളില്‍ നിന്നും മുനിമാര്‍ക്ക് പറ്റിയ അബദ്ധങ്ങളില്‍ നിന്നും തുടങ്ങി രാജാക്കന്മാരുടെ നന്മകളിലേയ്ക്കും സാധാരണ മനുഷ്യരുടെ സ്വഭാവഗുണങ്ങളിലേയ്ക്കും ഇഴകള്‍ നെയ്ത് നമ്മുടെ പ്രിയങ്കരിയായ സുധാമൂര്‍ത്തി പുരാണങ്ങളിലെ അത്ര അറിയപ്പെടാത്ത കഥകളുടെ വര്‍ണ്ണപ്രപഞ്ചം തീര്‍ക്കുകയാണ്. മനോഹരമായ ചിത്രങ്ങളുടെ അകമ്പടിയോടെ രസകരമായി പ്രതിപാദിച്ചിരിയ്ക്കുന്ന ‘രണ്ടു കൊമ്പുള്ള മുനി’ തീര്‍ച്ചയായും വായനക്കാരെ പിടിച്ചിരുത്തും. കറന്റ് ബുക്സ്. വില 235 രൂപ.

◾ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ പോഷകമാണ് ഇരുമ്പ്. രക്തം ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ അയണിന്റെ കുറവ് വിളര്‍ച്ച എന്ന അവസ്ഥയിലേയ്ക്ക് നയിക്കുന്നു. ശരിയായ അളവില്‍ അയണ്‍ ശരീരത്തില്‍ എത്തിയില്ലെങ്കില്‍ അത് പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. സ്ത്രീകള്‍, കുട്ടികള്‍ എന്നിവരിലാണ് ഇരുമ്പിന്റെ കുറവ് ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലെന്ന് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ക്ഷീണം, തലവേദന, നെഞ്ച് വേദന,പാദങ്ങളും കൈകളും തണുത്തിരിക്കുക, മുടി കൊഴിച്ചില്‍ എന്നിവയാണ് ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന പ്രധാന ലക്ഷണങ്ങള്‍. പുരുഷന്മാര്‍ക്ക് പ്രതിദിനം കുറഞ്ഞത് 8 മില്ലിഗ്രാം ഇരുമ്പ് ആവശ്യമാണ്. സ്ത്രീകള്‍ക്ക് പ്രതിദിനം 18 മില്ലിഗ്രാം ഇരുമ്പ് ആവശ്യമാണ്. ഇരുമ്പിന്റെ കുറവ് പരിഹരിക്കാന്‍ പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ തന്നെ കഴിക്കുക. ഭക്ഷണ ക്രമത്തില്‍ ചീര, ബീറ്റ്‌റൂട്ട്, വാഴപ്പഴം, ഈന്തപ്പഴം എന്നിവ ഉള്‍പ്പെടുത്തുക. ഈ നാല് ചേരുവകള്‍ ശരീരത്തിലെ ഇരുമ്പിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇവയില്‍ മഗ്‌നീഷ്യം, ഫൈബര്‍, വിറ്റാമിന്‍ സി എന്നിവയും ധാരാളമുണ്ട്. കരളിലെ വിഷാംശം പുറന്തള്ളാന്‍ ഈ ഭക്ഷണങ്ങള്‍ സഹായിക്കും. മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും മികച്ചതാണ്. ഇലക്കറികള്‍, പയര്‍, പരിപ്പ്, കടല, സോയാബീന്‍, മുട്ട തുടങ്ങിയവയില്‍ ഉയര്‍ന്ന അളവില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഫ്‌ളാക്‌സ്, മത്തങ്ങ, ചിയ തുടങ്ങിയ വിത്തുകള്‍ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. കപ്പലണ്ടി, വാള്‍നട്ട്, പിസ്ത, ബദാം, കശുവണ്ടി തുടങ്ങിയവ കഴിക്കുന്നത് വിളര്‍ച്ചയകറ്റി രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

ശുഭദിനം

തന്റെ കൊട്ടാരത്തില്‍ വിഭവസമൃദ്ധമായ സദ്യയൊരുക്കാന്‍ രാജാവ് തീരുമാനിച്ചു. പക്ഷേ വിശിഷ്ടമായ മത്സ്യം മാത്രം ലഭിച്ചില്ല. ആ മത്സ്യം എത്തിക്കുന്നവര്‍ക്ക് ധാരാളം സമ്മാനങ്ങള്‍ നല്‍കുമെന്ന് രാജാവ് വിളംബരം ചെയ്തു. വിളംബരം കേട്ട ഒരു മീന്‍ കച്ചവടക്കാരന്‍ തന്റെ കയ്യിലെ വിശിഷ്ടമായ മത്സ്യം രാജാവിന് നല്‍കാനായി കൊട്ടാരത്തിലെത്തി. അപ്പോള്‍ കാവല്‍ക്കാരന്‍ അയാളെ തടഞ്ഞിട്ടുപറഞ്ഞു: തനിക്ക് കിട്ടുന്നസമ്മാനത്തിന്റെ പാതി എനിക്ക് തരാമെന്ന് സമ്മതിച്ചാല്‍ ഞാന്‍ തന്നെ കടത്തിവിടാം. ഇല്ലെങ്കില്‍ തനിക്ക് വന്നവഴി തിരികെ പോകാം. മീന്‍ വില്‍പനക്കാരന്‍ സമ്മതമറിയിച്ചു. അയാള്‍ മീന്‍ രാജാവിന് നല്‍കി. രാജാവ് സമ്മാനം നല്‍കാന്‍ തുനിഞ്ഞപ്പോള്‍ തനിക്ക് 100 ചാട്ടവാറടി സമ്മാനമായി മതിയെന്നായി അയാള്‍. എല്ലാവരും ഇത് കേട്ട് അത്ഭുതപ്പെട്ടു. 50 അടി കഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു: എനിക്കൊരു പങ്കാളിയുണ്ട്. അയാള്‍ കൊട്ടാരം കാവല്‍ക്കാരനാണ്. ബാക്കി അയാള്‍ക്ക് നല്‍കണം. രാജാവിന് കാര്യം മനസ്സിലായി. അന്‍പത് അടി നല്‍കി അയാളെ രാജാവ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പിന്നീട് മീന്‍വില്‍പനക്കാരന് കൈ നിറയെ പണം നല്‍കുകയും ചെയ്തു. ആഗ്രഹങ്ങള്‍ക്ക് അതിരില്ലാതാകുന്നതില്‍ തെറ്റില്ല. പക്ഷേ, അധ്വാനരഹിതമായ ആഗ്രഹങ്ങളില്‍ അടിസ്ഥാനപരമായ ചില പിഴവുകളുണ്ട്. തല്‍സമയത്ത് ലഭിക്കുന്ന നൈമിഷിക നേട്ടങ്ങളിലൂടെയല്ല പ്രവൃത്തികളെ വിലയിരുത്തേണ്ടത്. ദീര്‍ഘകാലടിസ്ഥാനത്തില്‍ വേണം പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കാന്‍. അനര്‍ഹമായവയോടുളള ആര്‍ത്തി അനര്‍ത്ഥങ്ങളിലേക്ക് വഴിതെളിയിക്കും. നമുക്ക് കുറുക്കുവഴി ഉപേക്ഷിക്കാം. വിജയവീഥിയിലേക്കുള്ള യാത്ര തുടരാം – ശുഭദിനം.

🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼