2024 | ജനുവരി 5 | വെള്ളി | 1199 | ധനു 20 | ചിത്തിര
◾അറബിക്കടലില്‍ ലൈബീരിയന്‍ പതാകയുള്ള ചരക്കു കപ്പല്‍ സായുധരായ ആറംഗ സംഘം റാഞ്ചി. കപ്പലില്‍ 15 ഇന്ത്യക്കാരുണ്ടെന്നാണു വിവരം. കപ്പല്‍ റാഞ്ചികളെ നേരിടാന്‍ നാവിക സേന സൈനിക നീക്കം ആരംഭിച്ചു. യുദ്ധക്കപ്പലായ ഐഎന്‍എസ് കൊച്ചിയും ചരക്കു കപ്പലിനടുത്തേക്ക് തിരിച്ചിട്ടുണ്ട്. എംവി ലില നോര്‍ഫോക് എന്ന കപ്പലാണു റാഞ്ചിയതെന്ന് ഇന്നലെ വൈകിട്ടാണ് നാവികസേനയ്ക്കു സന്ദേശം ലഭിച്ചത്.
◾ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് വിഷയത്തില്‍ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം ക്ഷണിച്ചു. നിലവിലെ രീതിയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ഈ മാസം 15 നകം അഭിപ്രായം അറിയിക്കാം. നിര്‍ദേശങ്ങള്‍ ഒറ്റ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല സമിതിക്കു കൈമാറും. നിയമ മന്ത്രാലയം നിയമിച്ച ഉന്നതതല സമിതിയുടെ സെക്രട്ടറിയാണ് ഇതു സംബന്ധിച്ച പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
◾തിരുവല്ലം കസ്റ്റഡി മരണത്തില്‍ മൂന്നു പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി ആവശ്യപ്പെട്ട് സിബിഐ. തിരുവല്ലം എസ്എച്ച്ഒ ആയിരുന്ന സുരേഷ് വി.നായര്‍, എസ്ഐ വിപിന്‍ പ്രകാശ്, ഗ്രേഡ് എസ് ഐ സജീവ് കുമാര്‍ എന്നിവരാണ് പ്രതികള്‍. ദമ്പതികളെ ആക്രമിച്ചതിന് തിരുവല്ലം പൊലീസ് കസ്റ്റഡിലെടുത്ത സുരേഷ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28 നാണ് മരിച്ചത്.
◾കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പെരുമ്പാവൂര്‍ ഡിപ്പോയിലെ സ്പെഷ്യല്‍ അസിസ്റ്റന്റ് ടി.എസ് സജിത്ത് കുമാറിനെ സസ്പെന്‍ഡ് ചെയ്തു. വിജിലന്‍സ് അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. 2022 ല്‍ എറണാകുളം ജില്ലാ ഓഫീസില്‍ ജോലിയിലിരിക്കെ മുവാറ്റുപുഴ യൂണിറ്റില്‍ എത്തി ഒരു സ്റ്റാളിന്റെ മൂന്നു മാസത്തെ വാടക കൈപ്പറ്റിയെന്നാണു കണ്ടെത്തല്‍.
◾ജിഎസ് ടി നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഒരാഴ്ച മുമ്പായിരുന്നു സര്‍ക്കാര്‍ അനുമതിക്കായി ഓര്‍ഡിനന്‍സ് രാജ്ഭവന് കൈമാറിയത്.
◾ഇന്ന് ശക്തമായ മഴയ്ക്കു സാധ്യത. ഇടുക്കിയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്.
◾കേരളത്തില്‍ ബി.ജെ.പി ടിക്കറ്റില്‍ ഗവര്‍ണര്‍ മത്സരിക്കണമെന്നു പരിഹസിച്ച വൃന്ദ കാരാട്ട് ഏതെങ്കിലും പൊതുതെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടുണ്ടോയെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-പുതുവത്സര വിരുന്നിനു തന്നെ ക്ഷണിച്ചിരുന്നു. പോകാതിരുന്നത് എന്തുകൊണ്ടാണെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണം. തന്നോടു ചോദിക്കുന്നതുപോലെ മുഖ്യമന്ത്രിയോടും ചോദ്യങ്ങള്‍ ഉന്നയിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
◾കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ വളപ്പിലേക്കു നേഴ്‌സുമാര്‍ നടത്തിയ മാര്‍ച്ചിനിടെ എസ്ഐയെ ഭീഷണിപ്പെടുത്തിയ എം വിജിന്‍ എംഎല്‍എയെ ഒഴിവാക്കി പൊലീസ് കേസെടുത്തു. കെജിഎന്‍എ ഭാരവാഹികളും കണ്ടാല്‍ അറിയാവുന്ന നൂറോളം പേരുമാണ് കേസിലെ പ്രതികള്‍. എസ്ഐയും എംഎല്‍എയും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
◾കണ്ണൂരില്‍ എം വിജിന്‍ എംഎല്‍എയോട് പൊലീസ് കാണിച്ചത് തെറ്റായ നടപടിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പൊലീസ് കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തി. ശാന്തനായ എംഎല്‍എയോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.
◾കണ്ണൂര്‍ പഴയങ്ങാടിയില്‍ കരിങ്കൊടി പ്രതിഷേധക്കാര്‍ക്ക് മര്‍ദനമേറ്റതിന്റെ ഉത്തരവാദിത്തം പൊലീസിനാണെന്ന് സിപിഎം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി വി വിനോദ്. പൊലീസിന് കാര്യശേഷിയില്ലാത്തതുകൊണ്ടാണ് പഴയങ്ങാടിയില്‍ പ്രശ്നങ്ങളുണ്ടായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ നീക്കമുണ്ടെന്ന് പൊലീസിനെ സിപിഎം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ അതു ഗൗനിച്ചില്ലെന്നും വിനോദ് പറഞ്ഞു.
◾കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കേരള ഹൈക്കോടതി മുന്നില്‍. കഴിഞ്ഞ വര്‍ഷം ഫയല്‍ ചെയ്ത ഒരു ലക്ഷത്തോളം കേസുകളില്‍ എണ്‍പത്തി ആറായിരത്തി എഴുനൂറ് കേസുകള്‍ ഹൈക്കോടതി തീര്‍പ്പാക്കി. കോടതിയെ പേപ്പര്‍ രഹിതമാക്കുന്നതിലും കേരള ഹൈക്കോടതി ഏറെ മുന്നിലാണ്.
◾നിയമസഭയിലേക്കു മത്സരിക്കാനും കെപിസിസി പ്രസിഡന്റാകാനും ആഗ്രഹമുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന ആവശ്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കണമെന്നു നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
◾സ്‌കൂള്‍ കലോത്സവത്തില്‍ നാടന്‍പാട്ട് വേദിയില്‍ പ്രതിഷേധം. സൗണ്ട് സിസ്റ്റത്തില്‍ അപാകതയുണ്ടെന്ന് ആരോപിച്ചാണ് നാടന്‍പാട്ട് പരിശീലകരായ കലാകാരന്മാര്‍ പ്രതിഷേധിച്ചത്. സംഘാടകര്‍ ഗൗനിക്കാത്തതിനാല്‍ അവര്‍ പാട്ടു പാടി പ്രതിഷേധിച്ചു. പൊലീസിനെ വരുത്തി പ്രതിഷേധക്കാരെ പുറത്താക്കിയാണു മല്‍സരം തുടര്‍ന്നത്.
◾സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീല്‍ ബാഹുല്യം. മുന്‍സിഫ് കോടതി മുതല്‍ ഹൈക്കോടതി വരെയുള്ള കോടതികളില്‍ നിന്ന് അപ്പീലുമായി വിദ്യാര്‍ഥികള്‍ എത്തുന്നുണ്ട്. ഇതോടെ കൂടുതല്‍ പേര്‍ മല്‍സരത്തിനു വേദിയിലെത്തി. എല്ലാ വേദികളിലും അര്‍ധരാത്രിക്ക് ശേഷമാണ് ഇന്നലെ മല്‍സരങ്ങള്‍ അവസാനിച്ചത്.
◾ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം- ലോകമാന്യ തിലക് നേത്രാവതി എക്സ്പ്രസ് 13 വരെ കോട്ടയം വഴി തിരിച്ചുവിടും.
◾നവകേരള സദസില്‍ റവന്യു വകുപ്പില്‍ തീര്‍പ്പാക്കാനുള്ള 1,06,177 അപേക്ഷകളില്‍ 48,553 അപേക്ഷകളും സാമ്പത്തിക സഹായം തേടുന്നവയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായം ആവശ്യപ്പെട്ടാണ് ഇവയിലേറെയും അപേക്ഷകള്‍.
◾തൃശൂര്‍ ജില്ലയിലെ തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സാമ്പത്തിക ഇടപാടുകളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത് അന്വേഷണം തുടങ്ങി. വ്യാജ ആധാരം ഈടായി നല്‍കി ബാങ്ക് ഭരണസമിതിയുടെ ഒത്താശയോടെ മൂന്നര കോടിരൂപയുടെ വായ്പാ തട്ടിപ്പു നടത്തിയെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.
◾ബിജെപിയില്‍ ചേര്‍ന്ന ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെ എല്ലാ ചുമതലകളില്‍നിന്നും നീക്കം ചെയ്തു. ഷൈജു കുര്യനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ കമ്മീഷനേയും നിയോഗിച്ചു. ഇന്നലെ രാത്രി ചേര്‍ന്ന ഭദ്രാസന കൗണ്‍സിലിന്റേതാണ് തീരുമാനം.
◾ബിജെപിയില്‍ ചേര്‍ന്ന ഫാ. ഷൈജു കുര്യനെതിരെ വനിത കമ്മീഷനില്‍ പരാതി. വീട്ടമ്മയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി. ഫാ. മാത്യൂസ് വാഴക്കുന്നമാണ് പരാതിക്കാരന്‍. സ്ത്രീയുടേതായി പ്രചരിക്കുന്ന ശബ്ദരേഖ സഭാ നേതൃത്വത്തിനും വൈദികന്‍ കൈമാറിയിട്ടുണ്ട്.
◾ഇടുക്കി മാങ്കുളത്ത് ജനപ്രതിനിധികളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആക്രമിച്ചെന്ന് ആരോപിച്ച് നാളെ മാങ്കുളം പ്രദേശത്തു ഹര്‍ത്താല്‍. സംഘര്‍ഷത്തില്‍ നാട്ടുകാര്‍ക്കെതിരേയും ഡിഎഫ്ഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
◾കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ട്രാന്‍സ് വിഭാഗക്കാരെ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയില്‍ നിയമിക്കും. അപേക്ഷ ക്ഷണിച്ച് നാളെ പരസ്യം നല്‍കും.
◾ഗോവയില്‍ പുതുവത്സരമാഘോഷത്തിന് പോയി മരിച്ച യുവാവിന്റെ നെഞ്ചിലും പുറത്തും മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഡിജെ പാര്‍ട്ടിക്കിടെ സ്റ്റേജില്‍ കയറി നൃത്തം ചെയ്തതിനു സുരക്ഷാ ജീവനക്കാര്‍ മര്‍ദിച്ചു കൊന്ന് കടലില്‍ തള്ളിയതാണെന്നു കുടുംബം ആരോപിച്ചു.
◾പുതുവര്‍ഷം ആഘോഷിക്കാനെത്തിയ യുവതികള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ കൊല്ലം ഇരവിപുരം സ്വദേശി അഖിലിനെ വര്‍ക്കല പൊലീസ് അറസ്റ്റു ചെയ്തു.
◾മൂന്നാറില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ 12 വയസുള്ള മകളെ പീഡിപ്പിച്ചു മുങ്ങിയ പ്രതി പിടിയില്‍. ഇതര സംസ്ഥാന തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശി സെലാന്‍ ആണ് പിടിയിലായത്. ബോഡിമെട്ട് എക്സൈസ് ചെക്പോസ്റ്റ് ജീവനക്കാരാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്.
◾നിലമ്പൂര്‍ രാധ വധക്കേസില്‍ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. പ്രതികളായ ബിജു നായര്‍, ഷംസുദ്ദീന്‍ എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്.
◾തിരുവനന്തപുരത്ത് 13 കിലോ ഹാഷിഷ് ഓയിലും രണ്ടര കിലോ കഞ്ചാവുമായി പിടിയിലായ മൂന്ന് പ്രതികള്‍ക്ക് 11 വര്‍ഷം വീതം കഠിന തടവും രണ്ടു ലക്ഷത്തി പതിനായിരം രൂപ വീതം പിഴയും ശിക്ഷ. മനു വില്‍സന്‍, അന്‍വര്‍ സാദത്ത്, രാജ് മോഹന്‍ എന്നിവരെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
◾കോഴിക്കോട് മലാപ്പറമ്പില്‍ ദേശീയപാത നിര്‍മാണം നടക്കുന്നിടത്ത് റോഡ് ഇടിഞ്ഞ് ലോറി മറിഞ്ഞു. റോഡിന്റെ അടിയിലായുള്ള മണ്ണ് പൂര്‍ണമായും ഇടിഞ്ഞു താഴുകയായിരുന്നു.
◾ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഉടനേ അറസ്റ്റു ചെയ്യേണ്ടെന്ന് നിയമോപദേശം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കിയേക്കും.
◾മധുര ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ നടത്തണമെന്നും പള്ളി പൊളിച്ച് ശ്രീകൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഭാവിയില്‍ ഇത്തരം ഹര്‍ജിയുമായി വരരുതെന്നും സുപ്രീം കോടതി താക്കീത് നല്‍കി. മധുര കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോടു ചേര്‍ന്നുള്ളതാണ് ഷാഹി ഈദ്ഗാഹ് പള്ളി.
◾ബംഗാളില്‍ കോണ്‍ഗ്രസിന് രണ്ടു സീറ്റ് നല്‍കാമെന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിര്‍ദ്ദേശം തള്ളി കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. ഇന്ത്യ സഖ്യത്തിന്റെ കണ്‍വീനര്‍ സ്ഥാനം നിതീഷ് കുമാറിന് നല്‍കാനാവില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
◾തമിഴ്നാട്ടില്‍ പൊങ്കല്‍ സമ്മാനമായി കിറ്റിനു പുറമേ, വീട്ടമ്മമാര്‍ക്കുള്ള വേതനമായി റേഷന്‍ കാര്‍ഡുടമകള്‍ക്ക് ആയിരം രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഈ മാസം 10 ന് പണം ബാങ്ക് അക്കൗണ്ടിലെത്തും.
◾ഹലാല്‍ മുദ്രയുള്ള ഭക്ഷണം നിരോധിച്ചതു സംബന്ധിച്ച് സുപ്രീംകോടി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടു വിശദീകരണം തേടി. അടിയന്തിരമായി ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഹലാല്‍ മുദ്രയുള്ള ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, വില്പന, വിതരണം എന്നിവ യുപി സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
◾രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കില്‍ കാറുകള്‍ക്ക് 250 രൂപ ടോള്‍ ഈടാക്കും. മഹാരാഷ്ട്ര മന്ത്രിസഭയാണ് തീരുമാനിച്ചത്.
◾അമേരിക്കയിലെ ലോവയില്‍ സ്‌കൂളില്‍ 17 കാരന്റെ വെടിവയ്പില്‍ ആറാം ക്ലാസുകാരി കൊല്ലപ്പെട്ടു. കൊലയാളിയായ വിദ്യര്‍ത്ഥി ജീവനൊടുക്കുകയും ചെയ്തു. വെടിവയ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
◾ഇന്ത്യന്‍ ബാങ്കുകളുടെ വിദേശ ശാഖകളില്‍ 25 ശതമാനവും അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ട്. 2019 മാര്‍ച്ച് 31 വരെ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് (സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍) 152 വിദേശ ശാഖകളാണുണ്ടായിരുന്നത്. എന്നാല്‍ 2023ല്‍ ഇത് 113 എണ്ണമായി കുറഞ്ഞു. 2018ലെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന്റെ ആഘാതത്തെ തുടര്‍ന്ന് ഇന്ത്യന്‍ ബാങ്കുകളുടെ വിദേശ ശാഖ ക്ഷീണം നേരിട്ട് തുടങ്ങിയിരുന്നു. റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ പത്ത് ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകള്‍ക്കായി 132 വിദേശ ശാഖകളും നാല് സ്വകാര്യ ബാങ്കുകള്‍ക്കായി വിദേശത്ത് 20 ശാഖകളുമാണ് ഉണ്ടായിരുന്നത്. പിന്നീട് ഈ എണ്ണം കുറയാന്‍ തുടങ്ങി. 2022-23 സാമ്പത്തിക വര്‍ഷത്തോടെ മറ്റ് രാജ്യങ്ങളിലുള്ള പൊതുമേഖലാ ബാങ്ക് ശാഖകളുടെ എണ്ണം 100 ആയും സ്വകാര്യ മേഖലാ ബാങ്ക് ശാഖകളുടെ എണ്ണം 13 ആയും കുറഞ്ഞു. ബാങ്ക് ഓഫ് ബറോഡയാണ് ഏറ്റവും കൂടുതല്‍ വിദേശ ശാഖകള്‍ അടച്ചുപൂട്ടിയ പൊതുമേഖലാ ബാങ്ക്. ബാങ്ക് ഓഫ് ബറോഡയുടെ 9 വിദേശ ശാഖകളാണ് 2019ന് ശേഷം അടച്ചുപൂട്ടിയത്. നിലവില്‍ ഈ ബാങ്കിന് 29 വിദേശ ശാഖകളുണ്ട്. ഏഴ് വിദേശ ശാഖകള്‍ പൂട്ടിയ എസ്.ബി.ഐയാണ് പട്ടികയില്‍ രണ്ടാമത്. 2019-2023 കാലയളവില്‍ എസ്.ബി.ഐയുടെ വിദേശ ശാഖകളുടെ എണ്ണം 41ല്‍ നിന്ന് 34 ആയി കുറഞ്ഞു. ഐ.സി.ഐ.സി.ഐ ബാങ്കാണ് ഏറ്റവും കൂടുതല്‍ വിദേശ ശാഖകള്‍ അടച്ചുപൂട്ടിയ സ്വകാര്യ ബാങ്ക്. 2019 മുതല്‍ 2023 വരെ ഈ ബാങ്കിന്റെ അഞ്ച് വിദേശ ശാഖകള്‍ക്ക് പൂട്ടുവീണു. അതേസമയം എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഒരു വിദേശ ശാഖപോലും ഈ കാലയളവില്‍ അടച്ചുപൂട്ടിയില്ല. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കാണെങ്കിലും എച്ച്.ഡി.എഫ്.സി ബാങ്കിന് മൂന്ന് വിദേശ ശാഖകള്‍ മാത്രമേയുള്ളൂ.
◾വാട്സ്ആപ്പ് ചാറ്റുകള്‍ നഷ്ടപ്പെടാതെ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഗൂഗിള്‍ ഡ്രൈവിലേക്ക് അപ്ലോഡ് ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. വാട്സ്ആപ്പ് ചാറ്റുകള്‍ ഗൂഗിള്‍ ഡ്രൈവില്‍ സൗജന്യമായാണ് സ്റ്റോര്‍ ചെയ്യാറുള്ളത്. ഗൂഗിള്‍ അക്കൗണ്ട് ഉള്ളവര്‍ക്കെല്ലാം 15 ജിബി സ്റ്റോറേജ് ഗൂഗിള്‍ സൗജന്യമായി നല്‍കാറുണ്ട്. ഇതിന് പുറമേയാണ് വാട്സ്ആപ്പിനും സൗജന്യമായി സ്റ്റോറേജ് അനുവദിച്ചിരുന്നത്. എന്നാല്‍, അധികം വൈകാതെ ഈ സൗജന്യ സേവനം നിര്‍ത്തലാക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍ ഡ്രൈവ്. അധിക സ്റ്റോറേജ് ലഭ്യമാക്കുന്ന സംവിധാനത്തിനാണ് ഗൂഗിള്‍ ഡ്രൈവ് പൂട്ടിടുന്നത്. ഇതോടെ, ചാറ്റ് ഹിസ്റ്ററി, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവയെല്ലാം സ്റ്റോര്‍ ചെയ്യണമെങ്കില്‍ ഗൂഗിള്‍ ഡ്രൈവില്‍ നിന്ന് ലഭിക്കുന്ന സ്റ്റോറേജ് ഉപയോഗിക്കുന്നതാണ്. 2024-ന്റെ ആദ്യ പകുതിയില്‍ തന്നെ സൗജന്യ സ്റ്റോറേജ് അവസാനിപ്പിക്കും. 30 ദിവസം മുന്‍പ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്. അതേസമയം, ഗൂഗിള്‍ ഡ്രൈവിലേക്ക് ചാറ്റുകള്‍ ബാക്കപ്പ് ചെയ്യാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് വാട്സ്ആപ്പ് ചാറ്റ് ട്രാന്‍സ്ഫര്‍ ടൂള്‍ വഴി മറ്റൊരു ഉപകരണത്തിലേക്ക് ചാറ്റുകള്‍ മാറ്റുകയോ, ഫോണില്‍ തന്നെ സൂക്ഷിക്കുകയോ ചെയ്യാവുന്നതാണ്. ചാറ്റുകള്‍ ബാക്കപ്പ് ചെയ്യാന്‍ ഗൂഗിള്‍ ഡ്രൈവിനെ ആശ്രയിക്കുന്ന ഉപഭോക്താക്കള്‍ക്ക് പുതിയ നടപടി വലിയ തിരിച്ചടിയാകും.
◾മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രം ‘യാത്ര’യുടെ രണ്ടാം ഭാഗമായ ‘യാത്ര 2’വിന്റെ ടീസര്‍ പുറത്തിറങ്ങി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയായിട്ടാണ് യാത്രയില്‍ മമ്മൂട്ടി എത്തിയത്. യാത്രയുടെ രണ്ടാം ഭാഗത്തില്‍ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകന്‍ വൈഎസ് ജഗന്റെ രാഷ്ട്രീയ യാത്രയാണ് പ്രമേയമാകുന്നത്. നടന്‍ ജീവയാണ് ജഗന്‍ റെഡ്ഡിയെ അവതരിപ്പിക്കുന്നത്. മഹി വി. രാഘവിന്റെ സംവിധാനത്തില്‍ എത്തിയ യാത്ര 2019ല്‍ ആയിരുന്നു റിലീസ് ചെയ്തത്. യാത്ര 2 ഈ വര്‍ഷം ഫെബ്രുവരി 8ന് ആണ് തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നത്. സന്തോഷ് നാരായണനാണ് സംഗീതം. ഛായാഗ്രഹണം മധി. കേതകി നാരായണ്‍, സുസന്നെ ബെര്‍നെറ്റ്, മഹേഷ് മഞ്ജരേക്കര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തില്‍ സോണിയാ ഗാന്ധി ആയാണ് സുസന്നെ ബെര്‍നെറ്റ് എത്തുന്നത്. സോണിയാ ഗാന്ധിയായുള്ള സുസന്നെയുടെ രൂപസാദൃശ്യം നേരത്തെ വൈറലായിരുന്നു. വൈ.എസ്. രാജശേഖര റെഡ്ഡിയുടെ പദയാത്രയായിരുന്നു യാത്രയുടെ പ്രമേയം. ഏകദേശം നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ സംവിധായകന്‍ യാത്രയുടെ രണ്ടാം ഭാഗവുമായെത്തുമ്പോള്‍ മമ്മൂട്ടി അതിഥി വേഷത്തിലാണ് എത്തുന്നത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് യാത്ര 2 വരുന്നത് എന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
◾ഷൈന്‍ ടോം ചാക്കോയെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന സിനിമയുടെ ടീസര്‍ പുറത്ത്. ഷൈന്‍ ടോം ചാക്കോയുടെ നൂറാമത്തെ ചിത്രം കൂടിയാണ് വിവേകാനന്ദന്‍ വൈറലാണ്. സ്വാസികയും ഗ്രേസ് ആന്റണിയുമാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കോമഡി- എന്റര്‍ടൈനര്‍ ഴോണറില്‍ പുറത്തിറങ്ങുന്ന ചിത്രം സംവിധായകന്‍ കമലിന്റെ തിരിച്ചുവരവ് കൂടിയായിരിക്കും എന്നാണ് പ്രേക്ഷകര്‍ കണക്കുകൂട്ടുന്നത്. മെറീന മൈക്കിള്‍, ജോണി ആന്റണി, മാലാ പാര്‍വതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാര്‍ഥ് ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കര്‍, സ്മിനു സിജോ, വിനീത് തട്ടില്‍, അനുഷാ മോഹന്‍ എന്നീ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രകാശ് വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
◾ബെംഗളുരു ആസ്ഥാനമായുള്ള ഏഥര്‍ പുതിയ വൈദ്യുത സ്‌കൂട്ടര്‍ പുറത്തിറക്കുന്നു. ഏഥര്‍ അപെക്‌സ് എന്നു പേരിട്ടിരിക്കുന്ന ഈ സ്‌കൂട്ടര്‍ ഏഥര്‍ പുറത്തിറക്കുന്ന ഏറ്റവും വേഗമേറിയ സ്‌കൂട്ടറാണെന്ന സവിശേഷതയുമുണ്ട്. 450 എക്‌സില്‍ റാപ് മോഡാണെങ്കില്‍ ഏഥര്‍ അപെക്‌സില്‍ റാപ് പ്ലസ് മോഡാണുള്ളത്. പ്രീബുക്കിങ് ആരംഭിച്ചിട്ടുള്ള ഏഥര്‍ അപെക്‌സ് ജനുവരി ആറിനാണ് ലോഞ്ച് ചെയ്യുക. പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഏഥറിന്റെ പുതിയ വാഹനം ഏഥര്‍ 450എസ്, 450എക്‌സ് എന്നീ മുന്‍ മോഡലുകളോട് സാമ്യം പുലര്‍ത്തുന്നുണ്ട്. 450 എക്‌സിലേതുപോലെ 7 ഇഞ്ച് ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍ തന്നെയാണ് പുതിയ സ്‌കൂട്ടറിലും. ബ്ലൂടൂത്ത് കണക്ടിവിറ്റി, ഓണ്‍ബോര്‍ഡ് നാവിഗേഷന്‍, ഹില്‍ഹോള്‍ഡ്, ഫോണ്‍ കോള്‍ എടുക്കാനും സംഗീതം കേള്‍ക്കാനുമുള്ള സംവിധാനം, ഓട്ടോ ഇന്‍ഡിക്കേറ്റര്‍ കട്ട് ഓഫ്, സൈഡ് സ്റ്റാന്‍ഡ് സെന്‍സര്‍, പാര്‍ക്ക് അസിസ്റ്റ് എന്നിവയെല്ലാം ഫീച്ചറുകളില്‍ പ്രതീക്ഷിക്കാം. ഏഥറിന്റെ മറ്റു മോഡലുകളിലേതുപോലെ സിംഗിള്‍ പീസ് സീറ്റായിരിക്കും പുതിയ മോഡലിലുമുണ്ടാവുക. അപെക്‌സ് മോഡലിന് എക്‌സിനേക്കാള്‍ വില പ്രതീക്ഷിക്കാം. ഈ മാസം മാര്‍ച്ചില്‍ ഏഥര്‍ 450 അപെക്‌സ് ഉപഭോക്താക്കളുടെ കൈകളിലെത്തുമെന്നാണ് കമ്പനി അറിയിക്കുന്നത്.
◾മാറിവരുന്ന കേരളചരിത്രത്തില്‍ പല സമൂഹങ്ങളും അവരുടെ പാരമ്പര്യത്തൊഴിലുകള്‍ ഉപേക്ഷിക്കുകയോ വിട്ടുപോവുകയോ നവീകരിക്കുകയോ ചെയ്തിട്ടുണ്ട്. കേരളത്തിന്റെ ആധുനികവല്ക്കരണം പല സമൂഹങ്ങളെയും ഇതിനു സഹായിക്കുകയും ചില സമൂഹങ്ങളെ പ്രതിസന്ധിയിലാക്കുകയും ചെയ്യുകയുണ്ടായി. ഇത്തരമൊരു യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുവാന്‍ പ്രേരിപ്പിക്കുന്നു എന്നതാണ് ഈ അലക്കുസമൂഹത്തിന്റെ ജീവിതം നല്‍കുന്ന പാഠം. ഈ പുസ്തകം മനുഷ്യരോടു നേരിട്ട് സംസാരിച്ചും അറിഞ്ഞും കേട്ടും പഠിച്ചവയാണ്. അത് ബഹിഷ്‌കൃതസമൂഹത്തെക്കുറിച്ചുള്ള പഠനമാണ്. അതേസമയം ആത്മാഭിമാനവും ആത്മബോധവുമുള്ള സമൂഹത്തെക്കുറിച്ചുള്ള അന്വേഷണമാണ്. ‘വെള്ളാവി- അലക്കുമൈതാനത്തെ കാണാപ്പുറങ്ങള്‍’. ആതിര എ.കെ. ഒലീവ് പബ്ളിക്കേഷന്‍സ്. വില 180 രൂപ.
◾സ്ത്രീകളെ ബാധിക്കുന്ന കാന്‍സറുകളില്‍ ഒന്നാണ് അണ്ഡാശയ അര്‍ബുദം അഥവാ ഓവേറിയന്‍ കാന്‍സര്‍. ഇന്ത്യയിലെ സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന കാന്‍സറുകളില്‍ ഒന്നാണ് ഇത്. യുഎസ് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച്, 2023-ല്‍ അണ്ഡാശയ അര്‍ബുദബാധിതരുടെ എണ്ണം 19,710 ആയി. 13,000-ത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അണ്ഡാശയം എന്നറിയപ്പെടുന്ന സ്ത്രീകളുടെ പ്രത്യുത്പാദന അവയവത്തില്‍ ആരംഭിക്കുന്ന ഒരു തരം അര്‍ബുദമാണ് അണ്ഡാശയ അര്‍ബുദം. ഇത് അണ്ഡാശയത്തില്‍ അസാധാരണമായ കോശങ്ങള്‍ വികസിക്കുന്നതിന് കാരണമാകുന്നു. അത് പെരുകുകയും ട്യൂമര്‍ രൂപപ്പെടുകയും ചെയ്യുന്നു. പ്രാരംഭ ഘട്ടത്തില്‍ തന്നെ പലരും തിരിച്ചറിയാതെ പോകുന്നു. വയറുവേദന, പെല്‍വിക് വേദന, വയറിലെ അസ്വസ്ഥത, മലവിസര്‍ജ്ജന ശീലങ്ങളിലെ മാറ്റങ്ങള്‍, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍ എന്നിവയാണ് അണ്ഡാശയ അര്‍ബുദത്തിന്റെ സാധാരണ ലക്ഷണങ്ങള്‍. അടിവയര്‍-വയറുവേദന, വയറിന്റെ വലിപ്പവും വീക്കവും, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് അല്ലെങ്കില്‍ വയറു നിറഞ്ഞതായി തോന്നല്‍ എന്നിവ അണ്ഡാശയ അര്‍ബുദത്തിന്റെ മറ്റ് ലക്ഷണങ്ങളായാണ് വിദഗ്ധര്‍ പറയുന്നത്. 50 വയസോ അതില്‍ കൂടുതലോ പ്രായമുള്ള സ്ത്രീകള്‍ക്ക് അണ്ഡാശയ കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. പാരമ്പര്യമായി അണ്ഡാശയം, സ്തനങ്ങള്‍, മറ്റ് അര്‍ബുദങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ അണ്ഡാശയ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പിക്ക് വിധേയമാകുന്നവരിലും അണ്ഡാശയ കാന്‍സറിനുള്ള സാധ്യത കൂടുതലാണ്. അമിതഭാരം അല്ലെങ്കില്‍ പൊണ്ണത്തടി. പുകവലിയും അപകടസാധ്യത വര്‍ദ്ധിപ്പിക്കും.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 83.15, പൗണ്ട് – 105.45, യൂറോ – 90.80, സ്വിസ് ഫ്രാങ്ക് – 97.61, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.68, ബഹറിന്‍ ദിനാര്‍ – 220.59, കുവൈത്ത് ദിനാര്‍ -270.38, ഒമാനി റിയാല്‍ – 216.00, സൗദി റിയാല്‍ – 22.17, യു.എ.ഇ ദിര്‍ഹം – 22.64, ഖത്തര്‍ റിയാല്‍ – 22.84, കനേഡിയന്‍ ഡോളര്‍ – 62.23.