🔘🔘🔘🔘🔘🔘🔘🔘🔘🔘
വാർത്തകൾ വിരൽത്തുമ്പിൽ
*
2024 | മെയ് 20 | തിങ്കൾ | 1199 | ഇടവം 6 | ചിത്തിര l 1445 l ദുൽഖഅദ് 11
➖➖➖➖➖➖➖➖
◾ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇറാനിലെ ഈസ്റ്റ് അസര്‍ബൈജാന്‍ പ്രവിശ്യയില്‍ ജോള്‍ഫയ്ക്കടുത്തു വനമേഖലയില്‍ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കേണ്ടിവന്നെന്നാണ് ഇറാന്‍ വാര്‍ത്താ ഏജന്‍സി വിശദീകരിക്കുന്നത്. ഇറാന്‍ വിദേശകാര്യമന്ത്രിയും ഹെലികോപ്റ്ററില്‍ ഒപ്പമുണ്ടായിരുന്നു. മൂടല്‍മഞ്ഞും മഴയും മൂലം മോശം കാലാവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനം അതീവദുഷ്‌കരമാണെന്ന സര്‍ക്കാര്‍ അറിയിപ്പല്ലാതെ വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അപകടം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഹെലിക്കോപ്റ്റര്‍ കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റിനു വേണ്ടി പ്രാര്‍ഥിക്കാന്‍ ഇറാനികളോട് അഭ്യര്‍ഥിച്ചിരിക്കുകയാണ് വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ്. അതേസമയം അപകട സ്ഥലത്തു നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ആശങ്കാജനകമാണെന്ന് അധികൃതരെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
◾ രാജ്യത്തെ 49 മണ്ഡലങ്ങളിലേക്കുള്ള ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്. ഉത്തര്‍പ്രദേശിലെ 14 ഉം മഹാരാഷ്ട്രയിലെ 13ഉം പശ്ചിമ ബംഗാളിലെ 7ഉം ബീഹാറിലേയും ഒഡീഷയിലേയും 5ഉം ജാര്‍ഖണ്ഡിലെ 3ഉം ജമ്മുകാശ്മീരിലേയും ലഡാക്കിലേയും ഒന്ന് വീതവും മണ്ഡലങ്ങളിലേക്ക് ഇന്നാണ് തിരഞ്ഞെടുപ്പ്. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, പീയൂഷ് ഗോയല്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രമുഖര്‍ ഇന്ന് ജനവിധി തേടും. ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലും ഇതോടൊപ്പം പോളിങ് നടക്കും.
◾ എഎപിയുടെ വളര്‍ച്ച മോദിയെ ഭയപ്പെടുത്തുന്നുവെന്ന് അരവിന്ദ് കെജ്രിവാള്‍. കെജ്രിവാളിന്റെ പി എ ബൈഭവ് കുമാറിന്റെ അറസ്റ്റിനെതിരായി ബിജെപി ദേശീയ ആസ്ഥാനത്തേക്ക് ആം ആദ്മി പാര്‍ട്ടി നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ നേതാക്കളെയും മോദിക്ക് അറസ്റ്റ് ചെയ്യാമെന്നും താന്‍ ആദ്യം പോകുമെന്നും കെജ്രിവാള്‍ പറഞ്ഞു. എഎപിയുടെ ബാങ്ക് അക്കൗണ്ടുകള്‍ വൈകാതെ മരവിപ്പിക്കും. എഎപിയ്ക്കുള്ളില്‍ ഒരു ഓപ്പറേഷന്‍ ചൂല്‍ നടപ്പാക്കുകയാണെന്നും കെജ്രിവാള്‍ ആരോപിച്ചു.
◾ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപുകളില്‍ എത്തിയതായി കാലാവസ്ഥാ വകുപ്പ്. മേയ് 31നു കേരളത്തില്‍ എത്തുമെന്നാണു പ്രതീക്ഷ. ബംഗാള്‍ ഉള്‍ക്കടലില്‍ ഈ സീസണിലെ ആദ്യ ന്യൂനമര്‍ദം രൂപപ്പെടുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ മഴ. അതേ സമയം കേരളത്തിലെ ഒറ്റപെട്ട സ്ഥലങ്ങളില്‍ മെയ് 22 വരെ അതിതീവ്ര മഴക്ക് സാധ്യതയെന്നും കാലാവസ്ഥ അറിയിപ്പ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് റെഡ് അലര്‍ട്ടും എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
◾ ഒറ്റമഴയില്‍ പെയ്ത വെള്ളത്തില്‍ മുങ്ങി തലസ്ഥാനം. സ്മാര്‍ട്ട്റോഡ് നിര്‍മാണം നടക്കുന്ന ഇടങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. ഉള്ളൂര്‍, മുക്കോലയ്ക്കല്‍, കുളത്തൂര്‍, കുമാരപുരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ വീടുകളില്‍ വെള്ളംകയറി. കൂടാതെ ചാലയില്‍ കടകളിലേക്ക് വെള്ളംകയറിയതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി.
◾ കാലാവസ്ഥാ വകുപ്പ് ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിനോദസഞ്ചാരികള്‍ക്കായി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ നല്‍കി. വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ടൂറിസം വകുപ്പ്, ഡി.ടി.പി.സി എന്നിവ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
◾ മെഡിക്കല്‍ കോളേജില്‍ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന് ആരോപണം. എന്നാല്‍ തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. ജേക്കബ് മാത്യു. സാധാരണ ഇത്തരം ഒടിവുമായെത്തുന്ന രോഗികള്‍ക്ക് നല്‍കുന്ന സ്റ്റാന്‍ഡേര്‍ഡ് ചികിത്സയും സര്‍ജറിയുമാണ് ഇവിടെയും നടത്തിയിട്ടുള്ളതെന്നും കൈയിലെ മുട്ടിന് താഴെ ഒടിവുണ്ടായതിനാല്‍ വിദഗ്ധ പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയ നടത്തി പ്ലേറ്റ് ഇടുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
◾ കയ്യിലെ ആറാം വിരല്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനെത്തിയ നാലു വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയ ചികിത്സാപിഴവില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ഡോ. ബിജോണ്‍ ജോണ്‍സനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് മെഡിക്കല്‍ കോളേജ് എസിപി പ്രേമചന്ദ്രന്‍ പറഞ്ഞു. ഇന്ന് മെഡിക്കല്‍ ബോര്‍ഡ് ചേരുന്നുണ്ടെന്നും അതിനുശേഷമായിരിക്കും ഡോക്ടറെ ചോദ്യം ചെയ്യുകയെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
◾ ചേര്‍ത്തലയില്‍ ഭാര്യയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി രാജേഷിനെ പൊലീസ് പിടികൂടി. രാജേഷിനെ കഞ്ഞിക്കുഴിയിലെ സ്വകാര്യ ബാറിന്റെ മുന്നില്‍ നിന്നും ആണ് പിടികൂടിയത്. തിരുനല്ലൂര്‍ സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായിരുന്ന അമ്പിളി (42) യെയാണ് രാജേഷ് നടുറോഡില്‍ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം പണമടങ്ങിയ ബാഗും കൈക്കലാക്കിയാണ് രാജേഷ് കടന്നുകളഞ്ഞത്. പിടിയിലായ രാജേഷിനെ സംഭവസ്ഥലത്തും അമ്പിളിയുടെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.
◾ കണ്ണൂരില്‍ ബോംബ് നിര്‍മാണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരക മന്ദിരം പണിയുന്നത് വിവാദമായതോടെ എല്ലാം ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എംവി ഗോവിന്ദനും, ജില്ലാ സെക്രട്ടറി എം.വി.ജയരാജനും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒന്നും പറയാനില്ലെന്ന് അറിയിച്ചു.
◾ കണ്‍സ്യൂമര്‍ ഫെഡിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരണ വകുപ്പ് ക്രമക്കേടുകള്‍ കണ്ടെത്തി. പ്രതിദിനം 15 കോടിയോളം രൂപയുടെ വില്‍പ്പനയും വാങ്ങലും നടക്കുന്ന സ്ഥാപനമായ കണ്‍സ്യൂമര്‍ ഫെഡില്‍ കഴിഞ്ഞ 6 വര്‍ഷമായി ഓഡിറ്റിങ്ങ് നടന്നിട്ടില്ല. എത്ര രൂപക്ക് സാധനങ്ങളെടുത്തെന്നോ എത്ര രൂപക്ക് വില്‍പ്പന നടത്തിയെന്നോ ചോദിച്ചാലും കൃത്യമായ കണക്കോ മറുപടിയോ ഇല്ലെന്നാണ് കണ്ടെത്തല്‍.
◾ സോളാര്‍ സമരം പെട്ടന്ന് അവസാനിപ്പിച്ചതിന് പിന്നില്‍ ഒത്തുതീര്‍പ്പെന്ന ആരോപണങ്ങളോട് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സമരത്തില്‍ എല്ലാ മുദ്രാവാക്യവും നടക്കണമെന്നില്ല, എത്രകാലമായി ഇന്‍ക്വിലാബ് വിളിക്കുന്നു. എന്നിട്ട് വിപ്ലവം ജയിച്ചോ. അതുപോലെ എല്ലാം പെട്ടെന്ന് നടക്കണമെന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
◾ പാലാ നഗരസഭയില്‍ നിന്ന് കാണാതായ വിവാദ എയര്‍പോഡ്സ് തിരികെ കിട്ടിയതായി പാലാ പൊലീസ് അറിയിച്ചു. എയര്‍പോഡ്സ് സ്റ്റേഷനില്‍ എത്തിച്ചത് ആരെന്ന് വെളിപ്പെടുത്താനാകില്ലെന്ന് പൊലീസ് പറഞ്ഞു. സിപിഎം കൗണ്‍സിലറായ ബിനു പുളിക്കക്കണ്ടം എയര്‍പോഡ്സ് മോഷ്ടിച്ചെന്നായിരുന്നു കേരള കോണ്‍ഗ്രസ് എം കൗണ്‍സിലറായ ജോസ് ചീരംകുഴിയുടെ പരാതി.
◾ അവയവക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി കൊച്ചിയില്‍ പിടിയില്‍. തൃശ്ശൂര്‍ വലപ്പാട് സ്വദേശി സബിത്ത് നാസര്‍ എന്നയാളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്. ഇരകളെ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് വിദേശത്തേക്ക് കടത്തി, വൃക്ക കച്ചവടം ആണ് സംഘം നടത്തിവന്നിരുന്നത്.
◾ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതി കസ്റ്റഡിയില്‍ നിന്ന് ചാടിപോയി. കേരളാ പൊലീസ് ദില്ലി എയര്‍പോര്‍ട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു കൊണ്ടുവരികയായിരുന്ന പോക്സോ കേസ് പ്രതിയാണ് തമിഴ്നാട് കാവേരിപട്ടണം എന്ന സ്ഥലത്തുവെച്ച് രക്ഷപെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് പോക്സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയ പീഡന കേസിലെ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടതെന്നാണ് വിവരം.
◾ കാലാവസ്ഥാ വ്യതിയാനം മൂലം തൃശൂര്‍ ജില്ലയില്‍ നെല്ലുത്പാദനം പകുതിയായി കുറഞ്ഞതായി കേരള കര്‍ഷക സംഘം. നെല്ലുത്പാദനത്തില്‍ മാത്രം 150 കോടിയിലേറെ നഷ്ടമാണ് തൃശൂര്‍ ജില്ലയില്‍ തന്നെ സംഭവിച്ചിട്ടുള്ളത്. ഇതുമൂലം വൈക്കോല്‍ മാത്രം ആശ്രയിച്ചു മുന്നോട്ടു നീങ്ങുന്ന നാട്ടിന്‍പുറങ്ങളിലെ ക്ഷീര കര്‍ഷകരും ദുരിതത്തിലായി. പുതിയ വര്‍ഷം കൃഷി ആരംഭിക്കുന്നതിനു മുമ്പായി നഷ്ടപരിഹാരം ലഭ്യമായില്ലെങ്കില്‍ മുന്നോട്ടു പോകാനാവില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി.
◾ ഇടുക്കിയില്‍ 171 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ജലജന്യ രോഗങ്ങള്‍ തുടങ്ങിയ പകര്‍ച്ച വ്യാധികളാണ് ഇടുക്കിയിലും കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം നാലു പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 25 പേര്‍ എലിപ്പനി സംശയിച്ച് ചികിത്സയിലുണ്ട്. ഡെങ്കിപ്പനിയും മലമ്പനിയും പരത്തുന്ന കൊതുകുകള്‍ പെറ്റുപെരുകാതിരിക്കാന്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
◾ മലപ്പുറം കരുവാരക്കുണ്ട് ഡിഎന്‍ഒ യുപി സ്‌കൂളില്‍ ചട്ടവിരുദ്ധ നിയമനങ്ങള്‍ക്കായി മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ വന്‍ ക്രമക്കേട് നടത്തിയതായി വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. വ്യാജ രേഖയുണ്ടാക്കി അധ്യാപകര്‍ അനധികൃതമായി ശമ്പളയിനത്തില്‍ കൈപ്പറ്റിയത് ഒരു കോടിയോളം രൂപയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
◾ ആരെയും പരാജയപ്പെടുത്താനല്ല സമസ്തയുടെ പ്രവര്‍ത്തനമെന്ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത മുഖപത്രമായ സുപ്രഭാതത്തിന്റെ ഗള്‍ഫ് എഡിഷന്റെ ഉദ്ഘാടനം കഴിഞ്ഞ് സംസാരിക്കുകയായിരുന്നു തങ്ങള്‍. വളരാന്‍ വേണ്ടി സുപ്രഭാതം നടത്തുന്ന മത്സരത്തില്‍ ചിലര്‍ക്ക് അസൂയ സ്വാഭാവികമെന്നും അദ്ദേഹം പറഞ്ഞു. സുപ്രഭാതം ഗള്‍ഫില്‍ എത്തുന്ന ചടങ്ങ് ബഹിഷ്‌കരിച്ചവരെ ജനം ബഹിഷ്‌കരിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
◾ തന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്ന് ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാര്‍ സെവേറിയോസ്. സഭയ്ക്ക് ഒരു പോറലും ഏല്‍ക്കില്ലെന്നും മെത്രാപ്പൊലീത്ത വ്യക്തമാക്കി. സസ്പെന്‍ഷന്‍ സ്റ്റേ ചെയ്തതിന് പിന്നാലെ റാന്നി ക്നാനായ വലിയ പള്ളിയില്‍ ശുശ്രൂഷകള്‍ നടത്തിയതിന് ശേഷമാണ് കരഞ്ഞുകൊണ്ട് മെത്രാപ്പൊലീത്ത പ്രതികരിച്ചത്.
◾ അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ മൃതദേഹം അമേരിക്കയില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ കൊച്ചിയില്‍ എത്തിച്ചു. ഇന്ന് രാവിലെ 9 മണി മുതല്‍ മറ്റന്നാള്‍ രാവിലെ വരെ ബിലീവേഴ്സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് പൊതുദര്‍ശനം.തുടര്‍ന്ന് 11 മണിയോടെ സംസ്‌കാര ചടങ്ങുകള്‍ തുടങ്ങും. ഉച്ചയ്ക്ക് ഒരു മണിക്കാണ് സംസ്‌കാരം.
◾ കേരള ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് രമേശ് ചെന്നിത്തല. കേരളത്തിലെ ഏറ്റവും മികച്ച കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ രോഗികള്‍ക്കും അവരുടെ ഉറ്റവര്‍ക്കും വിശ്വാസം നഷ്ടമായി. ഇവിടെ ഏതെങ്കിലും തരത്തിലുള്ള രോഗത്തിനു ചികിത്സ തേടിയെത്തുന്നവര്‍ ഏതു വിധത്തിലാണ് മടങ്ങിപ്പോവുക എന്ന് ഒരു ഉറപ്പുമില്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
◾ മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഇന്നലെ രാവിലെ നടന്ന അപകടങ്ങളില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. കാസര്‍കോട് ബേത്തൂര്‍പാറയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. ബന്തടുക്ക സ്വദേശി കുഞ്ഞികൃഷ്ണന്‍, ഭാര്യ ചിത്ര എന്നിവരാണ് മരിച്ചത്. മലപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് 18 വയസുകാരനാണ് മരിച്ചത്. കുന്നുംപുറം എആര്‍ നഗര്‍ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.
◾ പത്തനംതിട്ടയില്‍ കനത്ത മഴയ്ക്കിടെ പുറമറ്റം കവുങ്ങുംപ്രയാര്‍ മര്‍ത്തോമ്മ പളളി സെമിത്തേരിയുടെ മതില്‍ തകര്‍ന്നു. കല്ലറ പൊളിഞ്ഞ്, മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. ശവപ്പെട്ടി പിന്നീട് മറ്റൊരിടത്തേയ്ക്ക് മാറ്റി. എന്നാല്‍ കല്ലറയ്ക്ക് കേടുപാട് പറ്റിയതായി സമ്മതിച്ച പളളി അധികൃതര്‍, ശവപ്പെട്ടി പുറത്തുവന്നുവെന്ന വിവരം നിഷേധിച്ചു.
◾ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ വീണു വയോധികന് ദാരുണാന്ത്യം. ചാക്ക പരക്കുടി ലെയ്നില്‍ വിക്രമനാണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. വിക്രമന്‍ ഒറ്റക്ക് ആയിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. വെള്ളത്തില്‍ കാല്‍തെറ്റി വീണതിനെ തുടര്‍ന്ന് മരിച്ചതാകുമെന്നാണ് പ്രാഥമിക നിഗമനം.
◾ ശക്തമായ ഇടിമിന്നലേറ്റ് വൈക്കത്ത് ഒരു വീട്ടിലെ വൈദ്യുത മീറ്ററും ഭിത്തിയും തകര്‍ന്നുവീണു .അപകടം നടന്ന മുറിയില്‍ ആ സമയത്ത് ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
◾ കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ ആകാശ് (22), വെട്ടിക്കവല സ്വദേശി ശ്രീജിത്ത് (22) എന്നിവര്‍ മുങ്ങിമരിച്ചു.കോട്ടൂര്‍ കനാല്‍ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. മുങ്ങല്‍ വിദഗ്ധരും പൊലീസും എത്തിയാണ് തുടര്‍ന്ന് ഇരുവരുടെയും മൃതദേഹം പുറത്തെടുത്തത്.
◾ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായുള്ള ദയാധനം ഏത് സമയവും നല്‍കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ എംബസി റിയാദ് ഗവര്‍ണറേറ്റിനെ അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും റഹീം നിയമസഹായ സമിതി അംഗങ്ങളും റിയാദ് ഗവര്‍ണറേറ്റിലെത്തി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. പണം എങ്ങനെ കുടുംബത്തിന് കൈമാറണം എന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശം നല്‍കണമെന്ന് ഗവര്‍ണറേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
◾ എഎപി പ്രതിഷേധത്തിന് എതിരെ സ്വാതി മലിവാള്‍ എംപി. 12 വര്‍ഷം മുമ്പ് എല്ലാവരും നിര്‍ഭയക്ക് വേണ്ടി തെരുവിലിറങ്ങിയെന്നും എന്നാല്‍ ഇന്ന് തെളിവുകള്‍ നശിപ്പിച്ച ഒരു വ്യക്തിക്ക് വേണ്ടി തെരുവില്‍ ഇറങ്ങുന്നുവെന്ന് സ്വാതി മലിവാള്‍ കുറ്റപ്പെടുത്തി. മനീഷ് സിസോദിയ ഉണ്ടായിരുന്നെങ്കില്‍ തനിക്കീ ഗതി വരില്ലായിരുന്നു എന്നും സ്വാതി മലിവാള്‍ സാമൂഹ്യമാധ്യമമായ എക്സില്‍ കുറിച്ചു.
◾ ദില്ലിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താപനില 44 ഡിഗ്രി വരെയായി ഉയര്‍ന്നേക്കാമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം ദില്ലിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ സ്ഥിതി ഒരാഴ്ചയോളം തുടരുമെന്നും പ്രവചനമുണ്ട്.
◾ ഇന്ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജമ്മുകശ്മീരില്‍ മുന്‍ സാര്‍പഞ്ച് ഐജാസ് അഹമ്മദ് ഷെയ്ഖ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. അനന്ത് നാഗില്‍ രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികള്‍ക്കും വെടിയേറ്റ് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ ഇപ്പോഴും ഭീകരവാദം ഉണ്ടെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ള വ്യക്തമാക്കി.
◾ ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ഇന്ത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് റാലിയിലേക്ക് ആള്‍ക്കൂട്ടം ഇരച്ചെത്തിയതോടെ രാഹുല്‍ ഗാന്ധിക്കും അഖിലേഷ് യാദവിനും വേദിയെ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞില്ല. ബാരിക്കേഡുകള്‍ മറികടന്നും പ്രവര്‍ത്തകര്‍ ഇരച്ചെത്തുകയും തിക്കുംതിരക്കും സുരക്ഷാ ഭീഷണിയിലേക്ക് നയിക്കുകയും ചെയ്തതോടെ നേതാക്കള്‍ റാലി വെട്ടിച്ചുരുക്കി വേദി വിടുകയായിരുന്നു. പ്രസംഗം നടത്താന്‍ കഴിയാതെ വന്നതോടെ വേദിയിലിരുന്ന് 15 മിനിട്ടോളം രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും രാഷ്ട്രീയം ചര്‍ച്ച ചെയ്തതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ തരംഗമായി.
◾ പാര്‍ട്ടി അധ്യക്ഷന്‍ ഖര്‍ഗെയുടെ മുന്നറിയിപ്പിന് ശേഷവും മമത ബാനര്‍ജിക്ക് നേരെ അധിക്ഷേപം തുടര്‍ന്ന സാഹചര്യത്തില്‍ അധിര്‍ രഞ്ജന്‍ ചൗധരിക്ക് കോണ്‍ഗ്രസ് താക്കീത് നല്‍കിയേക്കും. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ നടക്കുന്ന മമതയെ ഇന്ത്യ സഖ്യവുമായി സഹകരിപ്പിക്കാനാവില്ലെന്നും മമത അവസരവാദിയാണെന്നും, വിശ്വസിക്കാന്‍ കൊള്ളില്ലെന്നും ചൗധരി വിമര്‍ശിച്ചിരുന്നു.
◾ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സിനിമാ രംഗം വിടുമെന്ന് കങ്കണ റണാവത്ത്. ബോളിവുഡ് സിനിമാലോകം ഒരു നുണയാണെന്നും അവിടെയുള്ളതെല്ലാം വ്യാജമാണെന്നും ഒരു ഹിന്ദി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കങ്കണ പറഞ്ഞു.
◾ മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ മിഷനിലേയും ഭാരത് സേവാശ്രം സംഘത്തിലേയും ചില സന്യാസിമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ നിന്ന് ബി.ജെ.പിയെ പിന്തുണയ്ക്കുകയാണെന്ന മമതാ ബാനര്‍ജിയുടെ പ്രസ്താവനക്കെതിരെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
◾ യുഎഇയില്‍ വ്യാജ സ്വദേശിവത്കരണം നടത്തിയ 1,370 ലേറെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. സ്വദേശിവത്കരണ ടാര്‍ഗറ്റ് മറികടക്കുന്നതിനായാണ് സ്ഥാപനങ്ങള്‍ വ്യാജ സ്വദേശി നിയമനങ്ങള്‍ നടത്തിയത്. നിയമങ്ങള്‍ ലംഘിക്കരുതെന്ന് മന്ത്രാലയം കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
◾ സൗദി അറേബ്യയില്‍ താമസിക്കുന്ന ഉംറ വിസക്കാര്‍ക്ക് ആ വിസ ഉപയോഗിച്ച് ഹജ്ജ് ചെയ്യാന്‍ കഴിയില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഉംറ തീര്‍ഥാടകര്‍ വിസയുടെ കാലാവധി പാലിക്കണം. കാലാവധി അവസാനിക്കുന്നതിന് മുമ്പ് മക്ക വിടണം. അല്ലാത്തപക്ഷം നിയമനടപടി നേരിേടണ്ടിവരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
◾ ഇന്ത്യക്കാര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം ഉണ്ടായ കിര്‍ഗിസ്താനിലെ ബിഷ്‌കേക്കില്‍ സ്ഥിതി പൂര്‍ണ്ണമായും ശാന്തമായെന്ന് കിര്‍ഗ് സര്‍ക്കാര്‍ അറിയിച്ചു. നഗരത്തില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി 2700 പൊലീസുകാരെ അധികമായി നിയോഗിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളെ ഇപ്പോള്‍ ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.
◾ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചെസ്റ്റര്‍ സിറ്റിക്ക്. ലീഗിലെ അവസാന മത്സരത്തില്‍ വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്തിയാണ് മാഞ്ചെസ്റ്റര്‍ സിറ്റി എട്ടാം തവണ കിരീടത്തില്‍ മുത്തമിട്ടത്. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് സിറ്റിയുടെ വിജയം. സിറ്റിയുടെ തുടര്‍ച്ചയായ നാലാം പ്രീമിയര്‍ ലീഗ് കിരീടമാണിത്.
◾ ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെ നാല് വിക്കറ്റിന് കീഴടക്കി സണ്‍ റൈസേഴ്സ് ഹൈദരാബാദ് പോയന്റ് പട്ടികയില്‍ രണ്ടാമതെത്തി. പഞ്ചാബ് ഉയര്‍ത്തിയ 215-റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടന്നു. 28-പന്തില്‍ നിന്ന് 66-റണ്‍സെടുത്ത അഭിഷേക് ശര്‍മയുടെ ഇന്നിംഗ്സാണ് ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ചത്.
◾ ഐപിഎല്ലില്‍ ഇന്നലെ രണ്ടാമത് നടക്കാനിരുന്ന രാജസ്ഥാന്‍ റോയല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം മഴ മൂലം ഉപേക്ഷിച്ചു. രണ്ടും മൂന്നും സ്ഥാനക്കാരെ നിര്‍ണയിക്കുന്നതിനായുള്ള ലീഗ് ഘട്ടത്തിലെ ഈ മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമും ഓരോ പോയിന്റ് വീതം പങ്കിട്ടു. ഇതോടെ 17 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിനൊപ്പം എത്തിയെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ഹൈദരാബാദിന് പിന്നിലായിപ്പോയ രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തായി. മെയ് 22ന് നടക്കുന്ന എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുമായി രാജസ്ഥാന്‍ റോയല്‍സ് എറ്റുമുട്ടും. നാളെ നടക്കുന്ന ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. ഇതിലെ വിജയികള്‍ നേരിട്ട് ഫൈനലിലെത്തുമ്പോള്‍ തോല്‍ക്കുന്നവര്‍ രാജസ്ഥാന്‍ – ബാംഗ്ലൂര്‍ എലിമിനേറ്ററിലെ വിജയികളുമായി ഏറ്റുമുട്ടും. ഇതില്‍ വിജയിക്കുന്നവര്‍ 26ന് ചെന്നൈയില്‍ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും.
◾ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച 1,47,935 കോടി രൂപയാണ് എട്ടു കമ്പനികള്‍ ഒന്നടങ്കം വിപണി മൂല്യത്തിലേക്ക് ചേര്‍ത്തത്. റിലയന്‍സും എല്‍ഐസിയുമാണ് മുന്‍പന്തിയില്‍. എല്‍ഐസിയുടെ വിപണി മൂല്യത്തില്‍ 40000 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. 6,16,212 കോടി രൂപയായാണ് വിപണി മൂല്യം ഉയര്‍ന്നത്. ഒരാഴ്ച കൊണ്ട് റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ 36,467 കോടി രൂപയാണ് ഉയര്‍ന്നത്. നിലവില്‍ 19,41,110 കോടി രൂപയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം. ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐടിസി, എസ്ബിഐ എന്നിവയാണ് വിപണി മൂല്യം കൂടിയ മറ്റു കമ്പനികള്‍. അതേസമയം ടിസിഎസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയുടെ വിപണി മൂല്യത്തില്‍ ഇടിവ് ഉണ്ടായി. ടിസിഎസിന് 16,588 കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. അതിനിടെ ഈ മാസം ഇതുവരെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ച മൊത്തം തുക 28,200 കോടിയായി. പൊതുതെരഞ്ഞെടുപ്പ് ഫലം എന്താകും എന്ന അനിശ്ചിതത്വമാണ് വിപണിയെ സ്വാധീനിച്ചത്. കൂടാതെ ചൈനീസ് വിപണി കൂടുതല്‍ ആകര്‍ഷണീയമായതും പുറത്തേയ്ക്കുള്ള നിക്ഷേപ ഒഴുക്കിന് കാരണമായതായി വിപണി വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ മാസം 8,700 കോടി രൂപ മാത്രമാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ പിന്‍വലിച്ചത്.
◾ അജിത്ത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഒരേ ഗെറ്റപ്പില്‍ അജിത്ത് കുമാറിന്റെ മൂന്ന് ചിത്രങ്ങള്‍ ചേര്‍ത്തുള്ള കളര്‍ഫുള്‍ പോസ്റ്റര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ റിലീസ് 2025 പൊങ്കലിന് ആയിരിക്കുമെന്നും പോസ്റ്ററില്‍ ഉണ്ട്. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ അതിവേഗം പുരോമഗിക്കുകയാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിലെ അജിത്ത് ഉള്‍പ്പെടുന്ന ആക്ഷന്‍ സീക്വന്‍സിന്റെ ചിത്രീകരണമാണ് ഹൈദരാബാദില്‍ പ്രധാനമായും നടന്നത്. പതിവുപോലെ ഡ്യൂപ്പിനെ ഒഴിവാക്കിക്കൊണ്ടാണ് സംഘട്ടന രംഗങ്ങളില്‍ അജിത്ത് പങ്കെടുത്തത്. അതേസമയം വിടാമുയര്‍ച്ചിയെന്ന മറ്റൊരു ചിത്രം കൂടി അജിത്ത് കുമാറിന്റേതായി പുറത്തെത്താനുണ്ട്. മഗിഴ് തിരുമേനിയാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം.
◾ സീന്‍ മാറിക്കൊണ്ടിരിക്കുന്ന മലയാള സിനിമയ്ക്ക് മറ്റൊരു ഹിറ്റ് കൂടി ലഭിച്ചിരിക്കുകയാണ്. പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിച്ചെത്തിയ ‘ഗുരുവായൂരമ്പല നടയില്‍’ ആണ് ആ ചിത്രം. മൂന്ന് ദിവസം മുന്‍പ് റിലീസ് ചെയ്ത ചിത്രം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞു. വീണ്ടും തിയറ്ററുകളില്‍ ചിരിപടര്‍ത്തിയ ഈ ചിത്രത്തിന് മികച്ച പബ്ലിസിറ്റി അടക്കം ലഭിക്കുകയാണ്. ഈ അവസരത്തില്‍ ചിത്രം ആകെ നേടിയ ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകളും പുറത്തുവരികയാണ്. പ്രമുഖ എന്റര്‍ടെയ്ന്‍മെന്റ് വെബ്സൈറ്റായ സാക്നില്‍കിന്റെ റിപ്പോര്‍ട്ട് പ്രകാരം മൂന്ന് ദിവസം കൊണ്ട് 30 കോടിയാണ് ഗുരുവായൂരമ്പല നടയില്‍ നേടിയിരിക്കുന്നത്. 15.55 കോടിയാണ് മൂന്ന് ദിവസത്തെ ഓവര്‍സീസ് കളക്ഷന്‍. 14.45 കോടി ഇന്ത്യയില്‍ നിന്നും ചിത്രം നേടി. കേരളത്തില്‍ നിന്നും ഏഴ് കോടിയിലേറെ ചിത്രം നേടിയതെന്നും ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആടുജീവിതം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജിന്റേതായി റിലീസ് ചെയ്ത സിനിമയാണ് ഗുരുവായൂരമ്പല നടയില്‍. അനശ്വര രാജന്‍, നിഖില വിമല്‍, ജഗദീഷ്, ബൈജു, യോഗി ബാബു, ഇര്‍ഷാദ്, പി വി കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
◾ നാലാം തലമുറ സ്വിഫ്റ്റിന് സിഎന്‍ജി മോഡലുമായി മാരുതി സുസുക്കി ഉടന്‍ എത്തും. ഒരു കിലോ സിഎന്‍ജിക്ക് 32 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ സി സീരിസ് എന്‍ജിനില്‍ സിഎന്‍ജി കിറ്റുമായി എത്തുന്ന വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ മാരുതി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുതിയ സ്വിഫ്റ്റിന്റെ 1.2 ലീറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന് 82 ബിഎച്ച്പി കരുത്തും 112 എന്‍എം ടോര്‍ക്കുമുണ്ട്. ഇതേ എന്‍ജിന്‍ തന്നെയാണ് സിഎന്‍ജി മോഡലിലുമെങ്കിലും കരുത്ത് കുറവായിരിക്കും. മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രമായിരിക്കും സിഎന്‍ജി. നിലവില്‍ മാനുവല്‍, ഓട്ടമാറ്റിക് മോഡലുകളിലായി ഇറങ്ങിയ സ്വിഫ്റ്റിന് 6.49 ലക്ഷം രൂപ മുതല്‍ 9.64 ലക്ഷം രൂപ വരെയാണ് വില. പെട്രോള്‍ മോഡലിനെക്കാള്‍ 90000 മുതല്‍ 95,000 രൂപ വരെ വിലക്കൂടുതലും സിഎന്‍ജി എന്‍ജിന് പ്രതീക്ഷിക്കാം. ഏതൊക്കെ മോഡലിലാണ് സിഎന്‍ജി പുറത്തിറക്കുക എന്ന വിവരം മാരുതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
◾ പെണ്ണില്‍നിന്നുള്ള വിടുതലും പെണ്ണിലേക്കുള്ള മടക്കവും അനുഭവിപ്പിക്കുന്ന കഥകള്‍. ലോകത്തെ നിരീക്ഷിക്കുന്നതിനപ്പുറം ഇവ ലോകത്തെ ഹൃദയത്തിലേക്ക് ക്ഷണിക്കുന്നു. നിയമങ്ങള്‍ക്ക് വിധേയമായ ജീവിതത്തിന്റെ വഴികളില്‍ കഥാപാത്രങ്ങള്‍ വ്യവസ്ഥ തെറ്റിച്ച് പ്രണയിക്കുകയും കൂട്ടിമുട്ടുകയും തിരിച്ചറിയുകയും ചെയ്യുന്നു. വികാരങ്ങളെ കൊഴിച്ചിട്ടു സഞ്ചരിക്കുന്ന പച്ചയും വശ്യവുമായ കഥകള്‍. ‘ഹരിത വൈശികം’. രണ്ടാം പതിപ്പ്. ബി മുരളി. ഡിസി ബുക്സ്. വില 142 രൂപ.
◾ ചായ കൂടുതല്‍ തവണ കുടിക്കുന്നതു പോലെ തന്നെ പാല്‍ ചായ കൂടുതല്‍ തിളപ്പിക്കുന്നതും ആരോഗ്യത്തിന് പ്രശ്നമാണെന്ന് ആരോഗ്യവിദഗ്ധര്‍. കടുപ്പം വേണമെന്ന് കരുതി ഒരുപാട് നേരം ചായ തിളപ്പിക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യും. ചായ അമിതമായി തിളപ്പിക്കുന്നതിലൂടെ ചായയ്ക്ക് രുചി വ്യത്യാസം ഉണ്ടാവുകയും അസിഡിറ്റിക്ക് കാരണമാവുകയും ചെയ്യും. ചായയുടെ പോഷകഗുണങ്ങള്‍ നഷ്ടമാകാനും ഇത് കാരണമാകും. കൂടാതെ കാന്‍സറിന് കാരണമാകുന്ന കാര്‍സിനോജന്‍ പുറന്തള്ളും. അധികമായി തിളപ്പിക്കുന്നതു മൂലം ചായയുടെ ഗുണങ്ങള്‍ കൂടില്ലെന്ന് മനസ്സിലാക്കുക. ആദ്യ അഞ്ച് മിനിറ്റില്‍ തന്നെ തേയിലയുടെ കടുപ്പം ഇറങ്ങും. ഇതില്‍ കൂടുതല്‍ സമയം തിളപ്പിക്കുന്നത് ചായയുടെ ഗുണങ്ങളെ ഓക്സിഡൈസ് ചെയ്യുന്നതിലേക്ക് നയിക്കും. പാലില്‍ അടങ്ങിയ പ്രോട്ടീനും തെയിലയിലെ പോളിഫെനോളുകളുമാണ് ചായയ്ക്ക് ഗുണവും മണവും രുചിയും നല്‍കുന്നത്. കൂടുതല്‍ നേരം വെക്കുന്നത് തേയിലയുടെ കടപ്പു കൂട്ടാന്‍ കാരണമാകും. ഇത് ചായക്ക് ചവര്‍പ്പ് രുചി നല്‍കും. അമിതമായി തിളപ്പിക്കുന്നത് പാലിലെ പ്രോട്ടീനുകളുടെ ഘടനയില്‍ മാറ്റം വരുത്തും. ഇത് ദഹനക്കേടിന് കാരണമാകും. അമിതമായി തിളപ്പിക്കുന്നത് അസിഡിറ്റി ഉണ്ടാക്കും. ഇത് നെഞ്ചെരിച്ചില്‍ അല്ലെങ്കില്‍ വയറ്റിലെ അസ്വസ്ഥത പോലുള്ള ലക്ഷണങ്ങള്‍ വര്‍ധിപ്പിക്കും.
ശുഭദിനം
കവിത കണ്ണന്‍
രാജഗുരുവിനെ എല്ലാവര്‍ക്കും വലിയ ബഹുമാനമായിരുന്നു. രാജാവ് അദ്ദേഹത്തെ കാണുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കും. ഒരു ദിവസം രാജാവ് ഗുരുവിനോട് ചോദിച്ചു: അറിവാണോ സ്വഭാവമാണോ മുഖ്യം? കുറച്ച് ദിവസം കഴിഞ്ഞ് ഇതിന് മറുപടി തരാമെന്ന് ഗുരു പറഞ്ഞു. പിറ്റേന്ന് ഗുരു ഖജനാവില്‍ നിന്ന് കുറച്ച് സ്വര്‍ണ്ണനാണയങ്ങള്‍ കൊണ്ടുപോയി. കാവല്‍ക്കാരന്‍ കണ്ടെങ്കിലും പ്രതികരിച്ചില്ല. പല ദിവസങ്ങളിലും ഇതാവര്‍ത്തിച്ചപ്പോള്‍ കാവല്‍ക്കാരന്‍ ഇത് രാജാവിനോട് പറഞ്ഞു. അടുത്തദിവസം ഗുരു രാജാവിനെ കാണാന്‍ എത്തിയിട്ടും അദ്ദേഹം എഴുന്നേറ്റതേയില്ല. കാര്യം മനസ്സിലാക്കിയ ഗുരു രാജാവിനോട് ചോദിച്ചു: എന്നെ കണ്ടപ്പോള്‍ താങ്കള്‍ എഴുന്നേല്‍ക്കാഞ്ഞത് ഞാന്‍ പണമെടുത്ത വിവിരം അറിഞ്ഞതുകൊണ്ടാണ്. താങ്കളുടെ ചോദ്യത്തിന് ഉത്തരം ഇപ്പോള്‍ കിട്ടിയെന്ന് ഞാന്‍ കരുതുന്നു. സ്വഭാവം മോശമായാല്‍ എത്ര ഉന്നതനാണെങ്കിലും ബഹുമാനിക്കാന്‍ നാം മടിക്കും. അതുകൊണ്ട് സ്വഭാവം തന്നയാണ് മുഖ്യം. ബഹുമാനം പിടിച്ചുവാങ്ങുന്നവരുമുണ്ട്, അത് സ്വഭാവികമായി നേടിയെടുക്കുന്നവരും ഉണ്ട്. ധനാഢ്യന്റെയും അധികാരിയുടേയും പിറകെ ആളുകള്‍ വട്ടമിട്ടു നടക്കുന്നത് അയാളുടെ സ്വഭാവവൈശിഷ്ട്യത്തിനുള്ള സാക്ഷ്യപത്രമല്ല. അത് അവരുടെ ശേഷിയെ ചൂഷണം ചെയ്യുന്നതിന് വേണ്ടി മാത്രമാണ്. എന്ന് ഇവയ്ക്ക് നാശം സംഭവിക്കുന്നുവോ അന്ന് ഇതെല്ലാം ഇല്ലാതെയും ആകും.. ബഹുമാനിക്കുക എന്നത് ഒരു വാക്കോ പ്രവൃത്തിയോ അല്ല. അതൊരാള്‍ക്കു മറ്റൊരാളോട് തോന്നുന്ന സ്വാഭാവികവികാരമാണ്. ആ സ്വാഭാവികത നമുക്കും നേടിയെടുക്കാന്‍ സാധിക്കട്ടെ
🌹
ശുഭദിനം.