പുതുവത്സരാഘോഷം അതിരുവിടരുത്

പാലക്കാട്‌ : ജില്ലയിലെ പുതുവത്സരാഘോഷങ്ങള്‍ നല്ല രീതിയില്‍ നടത്തുന്നതിനും നിയന്ത്രിക്കുന്നതിനും ആഘോഷങ്ങള്‍ക്കിടയിലെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ജില്ലാ പോലീസ് പരിപൂര്‍ണ സജ്ജം.
പുതുവത്സരാഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിനു മാത്രമായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ എട്ടു ഡിവൈഎസ്പി, 26 ഇൻസ്പെക്ടര്‍മാര്‍, 145 എസ്‌ഐമാര്‍, 1225 പോലീസുകാര്‍, 92 വനിതാ പോലീസുകാര്‍ എന്നിവരുള്‍പ്പെടെ 1500 പോലീസ് ഉദ്യോഗസ്ഥരെ ജില്ലയില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിരീക്ഷിക്കുന്നതിനും ലഹരി പദാര്‌ഥങ്ങളുടെ ഉപയോഗം തടയുന്നതിനും പൊതു സ്ഥലത്തുള്ള മദ്യപാനം തടയുന്നതിനും വാഹന പരിശോധന നടത്തുന്നതിനും അതിര്‍ത്തി സുരക്ഷ ശക്തമാക്കുന്നതിനും പ്രത്യേകം സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.
ജില്ലയില്‍ പല ഭാഗങ്ങളിലും ടൂറിസ്റ്റ്കേന്ദ്രങ്ങള്‍, ക്ലബുകള്‌, ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍, എന്നിവ കേന്ദ്രീകരിച്ച്‌ പുതുവത്സരാഘോഷങ്ങളും, ഡിജെ പാര്‍ട്ടികളും നടത്തുന്നതായി പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ആഘോഷങ്ങളില്‍ നിരോധിത മയക്കുമരുന്നുകളും ലഹരി പദാര്‍ഥങ്ങളും ഉപയോഗിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് പ്രത്യേക പോലീസ് വിന്യാസവും നിരീക്ഷണവും ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി പൊതു വഴികളില്‍ പടക്കം പൊട്ടിക്കുന്നവര്‍ക്കെതിരേയും പൊതു നിരത്തുകളില്‍ എഴുതുന്നവര്‍ക്കെതിരേയും കര്‍ശന നടപടികള്‍ സ്വീകരിക്കും.
പടക്കം പൊട്ടിക്കല്‍, മൈക്ക് ഉപയോഗം എന്നിവയില്‍ കോടതി നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. പുതുവത്സരാഘോഷം രാത്രി 11ന് അവസാനിപ്പിക്കണമെന്നും ബാറുകള്‍ രാത്രി പതിനൊന്നിനു തന്നെ അടയ്ക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്.