29.02.2024
യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി, ലീഗിന് മൂന്നാം സീറ്റില്ല; മാർച്ച് ആദ്യം സ്ഥാനാർഥി പ്രഖ്യാപനം
🖱️യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 16 സീറ്റിൽ കോൺഗ്രസ് മത്സരിക്കും. മലപ്പുറം, പൊന്നാനി സീറ്റുകൾ ലീഗിന്. മൂന്നു സീറ്റ് വേണമെന്ന ലീഗിന്‍റെ ആവശ്യത്തിൽ ബുദ്ധിമുട്ട് അറിയിച്ചതായും വരുന്ന രാജ്യസഭ സീറ്റ് ലീഗിന് നൽകും, അതിനു അടുത്ത് വരുന്ന രാജ്യ സഭ സീറ്റ് കോൺഗ്രസിനായിരിക്കും.അതാണ് ഫോർമുലയെന്നും സതീശൻ വ്യക്തമാക്കി.
സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്; പൊന്നാനിയില്‍ സമദാനി, മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീര്‍
🖱️ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് അബ്ദുസമദ് സമദാനിയും പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീറും മത്സരിക്കും. ഇത്തവണ ഇരുവരുടെയും മണ്ഡലങ്ങൾ വച്ചുമാറുകയാണ് ഉണ്ടായത്. നിലവിൽ മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറും പൊന്നാനിയില്‍ സമദാനിയുമാണ് സിറ്റിങ് എംപിമാർ.തമിഴ്‌നാട്ടിലെ രാമനാഥപുരം സീറ്റിലേക്കും ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. സിറ്റിങ് എംപി നവാസ് കനി തന്നെയാണ് ഇത്തവണയും മത്സരിക്കുക.
ടിപി വധം: കണ്ടെത്തേണ്ടത് മുഖ്യ സൂത്രധാരനെയെന്ന് ആർപിഐ
🖱️ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ഇനി കണ്ടത്തേണ്ടത് സൂത്രധാരകനെയാണെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്‍റ് പി.ആര്‍. സോംദേവ്. ചന്ദ്രശേഖരനെ നിഷ്ഠുരമായി കൊല ചെയ്യാന്‍ ആസൂത്രണം നടത്തിയ വ്യക്തിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ടിപിയുടെ ഭാര്യക്കു വേണ്ട നിയമ സഹായത്തിന് പിന്തുണ നല്‍കുമെന്നും സോംദേവ് അറിയിച്ചു.ക്രൂരമായ കൊലപാതകത്തെ സിപിഎം എങ്ങനെ ന്യായീകരിക്കുന്നുവെന്ന് കോടതിയിലെ വാദങ്ങളിലൂടെ കേരളക്കര കണ്ടുകൊണ്ടിരിക്കുകയാണ്. നിലവിൽ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണ്.
തിരിച്ചടികൾക്കിടെ ബജറ്റ് പാസ്സാക്കി ഹിമാചൽ സർക്കാർ
🖱️രാജ്യസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടികൾ ഏറ്റു വാങ്ങിയെങ്കിലും ബജറ്റ് പാസ്സാക്കി മുഖം രക്ഷിച്ച് ഹിമാചൽ പ്രദേശ് സർക്കാർ. ബജറ്റ് പാസ്സാക്കിയതിനു പിന്നാലെ സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ഇതോടെ ബിജെപിക്ക് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള അവസരവും ഇല്ലാതായിരിക്കുകയാണ്. 15 ബിജെപി എംഎൽഎമാരെ സസ്പെൻഡ് ചെയ്തതിനെത്തുടർന്ന് ബിജെപി സഭ ബഹിഷ്കരിച്ച് പ്രതിഷേധിക്കുന്നതിനിടെയാണ് സർക്കാർ ബജറ്റ് പാസ്സാക്കിയത്. മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവാണ് ബജറ്റ് പ്രമേയം അവതരിപ്പിച്ചത്.
ഹിമാചലിൽ രാജി പിൻവലിച്ച് വിക്രമാദിത്യ സിങ്
🖱️ഹിമാചൽ പ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജി സമർപ്പിച്ച കോൺഗ്രസ് നേതാവും മന്ത്രിയുമായ വിക്രമാദിത്യ സിങ് തന്‍റെ രാജി പിൻവലിച്ചു. പാർട്ടി നിരീക്ഷകരായ ദീപേന്ദർ ഹൂഡ, ഭൂപേഷ് ബാഗേൽ, ഡി.കെ. ശിവകുമാർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലേയാണ് വിക്രമാദിത്യ സിങ് രാജി പിൻവലിച്ചത്.ഇന്നു രാവിലെ ഞാൻ നൽകിയ രാജിക്കത്ത് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നില്ല. പാർട്ടിയുടെ വിശാലമായ താത്പര്യവും ഐക്യവും മുൻനിർത്തി രാജി സമർപ്പിക്കുന്നതിൽ നിന്ന് പിൻതിരിയുകയാണ്. എല്ലാം കെട്ടുകഥകളാണ്. പാർട്ടിയെ ശക്തിപ്പെടുത്തുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ് എന്നാണ് വിക്രമാദിത്യ രാജി പിൻവലിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞത്.
ഹിമാചലിൽ കോൺഗ്രസിന്‍റെ മറുതന്ത്രം; 15 ബിജെപി എംഎൽഎമാരെ പുറത്താക്കി
🖱️ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമം തുടരുന്നതിനിടെ കോൺഗ്രസിന്‍റെ പ്രതിരോധ തന്ത്രം. സ്പീക്കറുടെ ചേംബറിൽ കയറി മുദ്രാവാക്യം വിളിക്കുകയും നിയമസഭയിൽ മോശമായി പെരുമാറുകയും ചെയ്തു എന്നാരോപിച്ച് 15 ബിജെപി എംഎൽഎമാരെ സ്പീക്കർ കുൽദീപ് സിങ് പഠാനിയ പുറത്താക്കി. നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുൻപാണ് നടപടി. രാജ്യസഭാ സീറ്റിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംഎൽഎമാരി കൂറു മാറ്റി വോട്ട് ചെയ്യിച്ച് ബിജെപി സ്ഥാനാർഥിയെ ജയിപ്പിച്ചിരുന്നു.
ജോലിക്ക് ഭൂമി അഴിമതി: റാബ്‌റി ദേവിക്കും മക്കൾക്കും ജാമ്യം
🖱️ജോലിക്കു ഭൂമി അഴിമതിക്കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവിക്കും മക്കളായ മിസ ഭാരതി, ഹേമ യാദവ് എന്നിവർക്കും ജാമ്യം അനുവദിച്ച് ഡൽഹി കോടതി. എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ജാമ്യാ പേക്ഷയെ എതിർക്കാത്ത സാഹചര്യത്തിലാണ് സ്പെഷ്യൽ ജഡ്ജി വിശാൽ ജോഗ്നെ മൂവർക്കും ജാമ്യം നൽകിയത്. റെയിൽവേയിൽ ജോലി നൽകുന്നതിനു പകരമായി ഭൂമി ആവശ്യപ്പെട്ട കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവി മകളും എംപിയുമായ മിസ ഭാരതി എന്നിവർ കേസിൽ പ്രതികളാണ്.
രാജ്യസഭയിൽ ഭൂരിപക്ഷത്തിന് ബിജെപിക്ക് ഇനിയും വേണം നാല് സീറ്റ്
🖱️പാർലമെന്‍റിന്‍റെ ഉപരിസഭയായ രാജ്യസഭയിൽ ഭൂരിപക്ഷം നേടാൻ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിന് ഇനി വേണ്ടത് നാല് സീറ്റ് കൂടി മാത്രം. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 10 സീറ്റുകളിലേക്ക് ബിജെപി പ്രതിനിധികൾ വിജയിച്ചിരുന്നു. 20 പേർ നേരത്തെ എതിരില്ലാതെയും തെരഞ്ഞെടുക്കപ്പെട്ടു. 240 ആണ് രാജ്യസഭയുടെ ഇപ്പോഴത്തെ അംഗബലം. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 121 സീറ്റ്. ഇപ്പോൾ 30 സീറ്റിൽ ജയിച്ചതോടെ എൻഡിഎയ്ക്ക് 117 അംഗങ്ങളായി. ഇതിൽ 97 അംഗങ്ങളും ബിജെപിയിൽ നിന്നാണ്.
പരമ്പരാഗത മേഖലകളിലെ റബർകർഷകർക്കുള്ള കേന്ദ്രവിഹിതത്തിൽ വർധന
🖱️റബർകൃഷി വികസനത്തിനുവേണ്ടിയുള്ള ‘സസ്റ്റൈനബിൾ ആന്റ്റ് ഇൻക്ലൂസീവ് ഡെവലപ്‌മെന്റ്റ് ഓഫ് നാച്ചുറൽ റബർ സെക്റ്റർ’ എന്ന പദ്ധതിക്കായി അടുത്ത 2 വർഷത്തേക്കുള്ള വിഹിതം കേന്ദ്രസർക്കാർ 23% വർധിപ്പിച്ച് 708.69 കോടിയാക്കിയതായി റബർബോർഡ് ചെയർമാൻ ഡോ. സാവർ ധനാനിയ. കേരളവും തമിഴ്നാടും അടക്കമുള്ള പരമ്പരാഗത മേഖലകളിലെ റബർ കർഷകർക്കുള്ള സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങൾ റബർബോർഡ് തുടരുമെന്നും സാവർ ധനാനിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
വന്ദേഭാരത് ട്രെയിനില്‍ വാതകച്ചോര്‍ച്ചയില്ല; പുകവലിച്ചതാവാമെന്ന് സംശയം
🖱️തിരുവനന്തപുരം- കാസർഗോഡ് വന്ദേഭാരത് ട്രെയിനിൽ ഉണ്ടായത് എസിയിൽ നിന്നുള്ള വാതകച്ചോർച്ചയല്ലെന്ന് റെയിൽവേ. പുകയുടെ സാന്നിധ്യമുണ്ടായാൽ പ്രവർത്തിക്കുന്ന അഗ്നിരക്ഷാ വാതകമാണ് എസിയിൽ നിന്നുള്ള വാതകച്ചോർച്ച എന്ന് തെറ്റിദ്ധരിക്കാൻ കാരണമായത്. പരിശോധനയില്‍ ട്രെയിനിലെ സി ഫൈവ് കോച്ചിലെ ശുചിമുറിയില്‍ നിന്നാണ് പുക ഉയര്‍ന്നത് എന്ന് കണ്ടെത്തി. യാത്രക്കാരില്‍ ആരെങ്കിലും പുകവലിച്ചതാകാമെന്നാണ് റെയില്‍വേയുടെ പ്രാഥമിക നിഗമനം. അതിനിടെ സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രൺജീത് ശ്രീനിവാസൻ കൊലക്കേസ്; വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 4 പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു
🖱️ബിജെപി നേതാവ് അഡ്വക്കറ്റ് രൺജിത് ശ്രീനിവാസൻ വധക്കേസിൽ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. ഒന്നു മുതൽ നാലുവരെയുള്ള പ്രതികളായ നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ്, അസ്ലം എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. അപ്പീലിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹർജി മാർച്ച് 13ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി നേരത്തെ 15 പ്രതികൾക്കും വധശിക്ഷ വിധിച്ചു. ഈ സാഹചര്യത്തിൽ ശിക്ഷയുമായി ബന്ധപ്പെട്ട് ഹൈക്കോടതി 15 പ്രതികൾക്കും നോട്ടീസയച്ചിരുന്നു.
ആൺകുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയാകുന്ന കേസുകൾ വർധിച്ചു: ഹൈക്കോടതി
🖱️ലൈംഗികാതിക്രമങ്ങൾ സ്ത്രീകൾക്കെതിരേ മാത്രമല്ല, പുരുഷന്മാർക്ക് എതിരേയുമുണ്ടെന്ന് കേരള ഹൈക്കോടതി. ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണെങ്കിലും പുരുഷന്മാർ ആക്രമിക്കപ്പെടാനുള്ള സാധ്യത അവഗണിക്കാനാവില്ലെന്നും, പോക്‌സോ കേസുകളില്‍ ആണ്‍കുട്ടികള്‍ ഇരകളാകുന്നത് വര്‍ധിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ നിരീക്ഷിച്ചു.ലൈംഗികാതിക്രമത്തിന് ഇരയായവരെ പരിശോധിക്കാൻ വനിതാ ഗൈനക്കോളജിസ്റ്റുകളെ മാത്രം വിളിക്കുന്ന പ്രോട്ടോക്കോൾ ചോദ്യം ചെയ്ത് ഒരു ഡോക്ടർ നൽകിയ ഹർജി പരിഗണിക്കവെയാണ് നിരീക്ഷണം. അതിക്രമത്തിന് ഇരയായവരെ പിന്തുണയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പ്രോട്ടോക്കോള്‍ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നീതി മെഡിക്കൽ സ്റ്റോറിൽ വമ്പൻ ഡിസ്ക്കൗണ്ട്; മരുന്നുകൾക്ക് 16 മുതൽ 70 ശതമാനം വരെ വില കുറയും
🖱️നീതി മെഡിക്കൽ സ്കീമിലൂടെ ലഭിക്കുന്ന മരുന്നുകളുടേയും അനുബന്ധ ഉപകരണങ്ങളുടേയും വില കുറയ്ക്കുമെന്ന് കൺസ്യൂമർഫെഡ്. മരുന്നുകൾക്ക് 16 ശതമാനം മുതൽ 70 ശതമാനം വരെ ഡിസ്ക്കൗണ്ടിൽ രോഗികൾക്ക് നൽകാനാണ് തീരുമാനം. നീതി മെഡിക്കല്‍ സ്‌കീമിന്‍റെ രജത ജൂബിലിയോടനുബന്ധിച്ചാണ് വിലയില്‍ ഇളവ് പ്രഖ്യാപിച്ചത്.ത്രിവേണി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ വിപണന ഉദ്ഘാടനവും പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ഞായറാഴ്ച മുഖ്യമന്ത്രി അങ്കമാലിയില്‍ നിര്‍വഹിക്കും. 16 ശതമാനം മുതല്‍ 70 ശതമാനം വരെ വിലക്കുറവുണ്ടാവുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് പറഞ്ഞു.
ബ്ലാങ്ങാട് കടപ്പുറത്ത് കയറ്റിവെച്ചിരുന്ന വഞ്ചികൾക്ക് തീപിടിച്ചു
🖱️ബ്ലാങ്ങാട് കടപ്പുറത്ത് കയറ്റിവെച്ചിരുന്ന വഞ്ചികൾക്ക് തീപിടിച്ചു. അലുവക്കമ്പനിക്ക് പടിഞ്ഞാറ് ഭാഗത്താണ് കരയിൽ കയറ്റിവെച്ചിരുന്ന മത്സ്യബന്ധന വള്ളങ്ങൾക്കാണ് തീപിടിച്ചത്.ബുധനാഴ്ച ഉച്ചക്ക് 2.20 ഓടെയാണ് സംഭവം. നാട്ടുകാരും, ഫയർഫോഴ്സും, കോസ്റ്റൽ പൊലീസിന്‍റെയും കൂട്ടായ ശ്രമത്തിൽ തീ നിയന്ത്രണ വിധേയമാക്കി. രണ്ടു വള്ളങ്ങളും വലകളും കത്തി നശിച്ചു. പുല്ലിന് തീ പിടിക്കുകയും പീന്നിടത് കരയിൽ കയറ്റിവെച്ചിരുന്ന വള്ളങ്ങളിലേക്ക് പടരുകയായിരുന്നു.
കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിലെ ടാങ്കിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി
🖱️കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിനുള്ളിലെ വാട്ടർ ടാങ്കിനുള്ളിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. കഴക്കൂട്ടം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി. ബോട്ടണി വിഭാഗത്തിനോടു ചേർന്ന പഴയ ടാങ്കിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഈ പ്രദേശം മുഴുവൻ കാടുമൂടികിടക്കുകയായിരുന്നു.ക്യാംപസിലെ ജീവനക്കാരൻ ടാങ്കിന്‍റെ മാനുവൽ ഹോൾ വഴി നോക്കിയപ്പോഴാണ് അസ്ഥികൂടം കിടക്കുന്നതായി കണ്ടെത്തിയത്.
അസമിൽ കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ് രാജിവച്ചു
🖱️അസം കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ് റാണാ ഗോസ്വാമി രാജിവച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചു. റാണാ ഗോസ്വാമി ബിജെപിയിൽ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങളാണ് പുറത്തു വരുന്നത്. നേരത്തെ വിവിധ രാഷട്രീയ വിഷയങ്ങൾ ഉന്നയിച്ച് സംഘടനാ ചുമതലകളിൽ നിന്നും റാണാ ഗോസ്വാമി രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രാഥമിക അംഗത്വവും റാണ ഗോസ്വാമി രാജിവച്ചത്.
രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ അന്തരിച്ചു
🖱️രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ (55) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. ശ്രീലങ്കയിലേക്ക് പോകാനിരിക്കെയാണ് അന്ത്യം. അടുത്തിടെയാണ് ശാന്തന് അമ്മയെ കാണാൻ ശ്രീലങ്കയിലേക്ക് പോകാൻ കേന്ദ്രം എക്സിറ്റ് പെർമിറ്റ് അനുവദിച്ചത്.രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കും മുൻപ് വിട്ടയച്ച ഏഴ് പ്രതികളിലൊരാളായിരുന്നു ശാന്തൻ എന്ന സുതേന്ദിരരാജ.
കോഴിക്കോട് ഇന്ധനവുമായി എത്തിയ ചരക്ക് ട്രെയിനിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം
🖱️ കോഴിക്കോട് എലത്തൂരിൽ ഇന്ധനവുമായി എത്തിയ ചരക്ക് ട്രെയിനിന് തീപിടിച്ചു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ഡിപ്പോയിലേക്ക് ഇന്ധനവുമായി വന്ന ട്രെയിനിന്‍റെ ബോഗിയിലാണ് തീപിടിച്ചത്.പെട്ടെന്നു തന്നെ തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി. ചൊവ്വാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. തീപിടിത്തം ഡിപ്പോയിലെ ജീവനക്കാർ ഫയർഫോഴ്‌സിനെ അറിയിച്ചില്ലെന്നും നാട്ടുകാർ ആരോപിച്ചു.
വർക്കലയിൽ അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചു
🖱️തിരുവനന്തപുരം വർക്കലയിൽ അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ച നിലയിൽ.ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കൊല്ലം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു ട്രെയിനാണ് ഇവരെ തട്ടിയതെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിക്ക് 5 വയസ് പ്രായമാണ് തോന്നിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടേയും മൃതദേഹങ്ങൾ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പൊലീസ് കമ്മിഷണർ ‘സല്യൂട്ട്’ അടിച്ചത് ശരിയായില്ല; നടപടിക്ക് ഉത്തരവിട്ട് ഗുരുഗ്രാം കോടതി
🖱️ജഡ്ജിയെ ശരിയായ രീതിയിൽ സല്യൂട്ട് ചെയ്യാതിരുന്ന അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണർക്കെതിരേ നടപടിക്ക് ഉത്തരവിട്ട് ഗുരുഗ്രാം കോടതി. എസിപി നവീൻ ശർമയ്ക്കെതിരേയാണ് നടപടി സ്വീകരിക്കാൻ ഉത്തരവിട്ടിരിക്കുന്നത്. ഡിസിപി കരൺ ഗോയൽ കേസിൽ അന്വേഷണം നടത്തും. ഒരു വഞ്ചനാക്കേസിലെ പ്രതിയെ ഹാജരക്കുന്നതിനായാണ് എസിപിയും സംഘവുംഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്‍റെ കോടതിയിലെത്തിയത്. കേസ് പരിഗണിച്ചതിനു പിന്നാലെയാണ് വിവാദമായ സല്യൂട്ട് കോടതിയുടെ ശ്രദ്ധയിൽ പെട്ടത്. എസിപി ജഡ്ജിനു മുന്നിൽ നിന്ന് കൈ ഉയർത്തി രണ്ടു വിരലുകൾ കൊണ്ട് നെറ്റിയിൽ തൊടുകയാണുണ്ടായതെന്ന് കോടതി നിരീക്ഷിച്ചു.
ഝാർഖണ്ഡിൽ യാത്രക്കാർക്കു മേലെ ട്രെയിൻ കയറിയിറങ്ങി; 12 പേർ മരിച്ചു
🖱️ഝാർഖണ്ഡിലെ ജമാത്ര റെയിൽവേസ്റ്റേഷനിൽ ട്രെയിൻ കയറിയിറങ്ങി 12 യാത്രക്കാർ മരിച്ചതായി റിപ്പോർട്ട്. കലഝാരിയ റെയിൽവേ സ്റ്റേഷനിലൂടെ കടന്നു പോകുന്നതിനിടെ റെയിൽവേ ലൈനിൽ പുക ഉയരുന്നതായി കണ്ട ലോകോ പൈലറ്റ് പാസഞ്ചർ ട്രെയിൻ നിർത്തുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാർ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് ഇറങ്ങി. അതേ സമയം അടുത്തുള്ള റെയിൽവേ ലൈനിലൂടെ കടന്നു പോയ എക്സ്പ്രസ് ട്രെയിൻ ഈ യാത്രക്കാർക്കു മേലെ കയറിയിറങ്ങുകയായിരുന്നു.
തിരക്കേറിയ റോഡിൽ പ്രസവിച്ച് 33കാരി!
🖱️ഗ്രേറ്റർ നോയ്ഡയിലെ തിരക്കേറിയ വഴിയിൽ പ്രസവിച്ച് 33കാരിയായ യുവതി. വഴിയാത്രക്കാരായ നഴ്സുമാരാണ് യുവതിക്ക് സഹായത്തിനായി എത്തിയത്. ചൊവ്വാഴ്ച നോയ്ഡയിലെ പാരി ചൗക്കിലെ പൊതു വഴിയിലായിരുന്നു സംഭവം. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ പ്രശാന്ത് ശർമയുടെ ഭാര്യ റോഷ്ണി ശർമയാണ് നടുറോഡിൽ പ്രസവിച്ചത്. ഒരു കുട്ടിയുള്ള റോഷ്ണി ആശുപത്രിയിൽ നിന്ന് ലുക്സാറിലുള്ള വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി പ്രസവ വേദനയുണ്ടായത്. ക്ഷീണിതയായ യുവതി നടു റോഡിൽ കിടന്നതോടെ ഭർത്താവ് ശർമ വഴിയാത്രക്കാരോട് സഹായം തേടുകയായിരുന്നു.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5770 രൂപ
പവന് 46160 രൂപ