സായാഹ്ന വാർത്തകൾ

2024 .ഏപ്രിൽ 17 . ബുധൻ

◾ വെള്ളിയാഴ്ച്ച തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. തമിഴ്നാട്ടില്‍ വൈകീട്ട് ആറ് മണി വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ചെന്നൈയിലും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി കൊങ്കുനാട്ടിലും പ്രചാരണം നടത്തും.

◾ 75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് യുഎഇയില്‍ പെയ്തതെന്ന് റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് അല്‍ ഐനിലെ ഖതം അല്‍ ഷക്ല പ്രദേശത്താണ്. 24 മണിക്കൂറിനുള്ളില്‍ 254.8 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. പലയിടങ്ങളിലും മഴയ്ക്കൊപ്പം ഇടിമിന്നലും ആലിപ്പഴ വര്‍ഷവുമുണ്ടായി. ദുബൈ, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ തുടങ്ങി ഭൂരിഭാഗം നഗരങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ദുബൈ വിമാനത്താവളത്തിലെ നിരവധി വിമാന സര്‍വിസുകള്‍ മഴ കാരണം റദ്ദാക്കി.

◾ ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഇതുവരെ പ്രവര്‍ത്തനക്ഷമമാക്കിയ 18 ദുരിതാശ്വാസ, അഭയകേന്ദ്രങ്ങളില്‍ 1,333 പേരെ പ്രവേശിപ്പിച്ചതായി നാഷണല്‍ സെന്റര്‍ ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു. അല്‍-ബുറൈമിയില്‍ നിന്ന് സോഹാറിലേക്കുള്ള വാദി അല്‍ ജിസി റോഡും, അല്‍ ജബല്‍ അല്‍ അഖ്ദര്‍ റോഡും സുരക്ഷ കണക്കിലെടുത്ത് അടച്ചിട്ടതായി അറിയിപ്പില്‍ പറയുന്നു.

◾ റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്ക് കുത്തനെ ഉയര്‍ത്തിയതോടെ അഞ്ച് വര്‍ഷത്തിനിടെ വാണിജ്യ ബാങ്കുകളിലെ മുതിര്‍ന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപങ്ങള്‍ കുതിച്ചുയരുന്നു. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ പുതിയ ഗവേഷണ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്തെ വിവിധ ബാങ്കുകളിലായി 7.4 ലക്ഷം മുതിര്‍ന്ന പൗരന്മാരുടെ മൊത്തം സ്ഥിരനിക്ഷേപം 34 ലക്ഷം കോടി രൂപയാണ്. ഇക്കാലയളവില്‍ അക്കൗണ്ട് ഉടമകളുടെ എണ്ണത്തില്‍ 81 ശതമാനവും തുകയില്‍ 150 ശതമാനവും വര്‍ദ്ധനയാണുണ്ടായത്. മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങളില്‍ 90 ശതമാനവും 15 ലക്ഷം രൂപ മുതല്‍ താഴേക്കുള്ള തുകയാണെന്നും എസ്. ബി. ഐ റിപ്പോര്‍ട്ട് പറയുന്നു. നിലവില്‍ മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ ഏഴ് മുതല്‍ എട്ടു ശതമാനം വരെ വാര്‍ഷിക പലിശയാണ് നല്‍കുന്നത്. 2018-്വ19 സാമ്പത്തിക വര്‍ഷത്തില്‍ 4.1 ലക്ഷം അക്കൗണ്ടുകളിലായി 14 ലക്ഷം കോടി രൂപയാണ് മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപമായി ഉണ്ടായിരുന്നത്. അഞ്ച് വര്‍ഷത്തിനിടെ മുതിര്‍ന്ന പൗരന്മാരുടെ അക്കൗണ്ടുകളിലെ ശരാശരി ബാലന്‍സ് 38.7 ശതമാനം ഉയര്‍ന്ന് 4.6 ലക്ഷം കോടി രൂപയായി. നിക്ഷേപങ്ങളുടെ സുരക്ഷിതത്വവും മികച്ച വരുമാനവും ബാങ്കുകളിലേക്ക് പണമൊഴുക്ക് വര്‍ദ്ധിപ്പിക്കുകയാണ്. നാണയപ്പെരുപ്പം നേരിടുന്നതിനായി 2022 മേയ് മുതല്‍ റിസര്‍വ് ബാങ്ക് മുഖ്യ നിരക്കായ റിപ്പോ 2.5 ശതമാനം വര്‍ദ്ധിപ്പിച്ചതാണ് ബാങ്കുകളിലേക്കുള്ള പണമൊഴുക്ക് വര്‍ദ്ധിപ്പിച്ചത്. വാണിജ്യ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഏഴര ശതമാനം വരെ പലിശയാണ് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് അര ശതമാനം കൂടുതല്‍ പലിശയും ലഭിക്കും. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌ക്കീമിലൂടെ അഞ്ച് വര്‍ഷത്തേക്ക് ഉറപ്പായ വരുമാനത്തോടെ 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ കഴിയും.

◾ പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിയില്‍ ചാംപ്യനാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അഖിലേഷ് യാദവിനൊപ്പം ഗാസിയാബാദില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടുനിരോധനവും ജിഎസ്ടിയും സാധാരണക്കാരന്റെ നടുവൊടിച്ചുവെന്നും അദാനിയെ വളര്‍ത്താനാണ് മോദി നോക്കിയതെന്നും ഇലക്ടറല്‍ ബോണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ കൊള്ളയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

◾ ബിജെപിയിലേക്ക് കോണ്‍ഗ്രസില്‍ നിന്നുള്ള കുത്തൊഴുക്കു തടയാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുന്നില്ലെന്നും, കേരളത്തില്‍ പോലും ഉന്നത നേതാക്കളുടെ മക്കള്‍ ബിജെപിയിലേക്ക് പോകുന്ന കാഴ്ചയാണ് നടക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിജെപിയെ ഭയന്ന് സ്വന്തം കൊടി പോലും ഉപയോഗിക്കാനാവാത്ത കോണ്‍ഗ്രസിന് ഫാസിസത്തെ നേരിടാന്‍ എങ്ങനെ സാധിക്കുമെന്നും എംവി ഗോവിന്ദന്‍ ചോദിച്ചു.

◾ സംസ്ഥാനത്ത് കഴിഞ്ഞവട്ടം തിരഞ്ഞെടുക്കപ്പെട്ട 18 യു.ഡി.എഫ് എം.പി.മാരും ബി.ജെ.പി.ക്കൊപ്പമാണെന്ന് അവരുടെ പ്രവര്‍ത്തനം തെളിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിനുവേണ്ടി കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഒരക്ഷരം പാര്‍ലമെന്റില്‍ ഉരിയാടാന്‍ യു.ഡി.എഫ് എം.പിമാര്‍ തയ്യാറായില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

◾ സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രചാരണം തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്ന് കെ.കെ രമ എംഎല്‍എ. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ കെ കെ ശൈലജയ്ക്കെതിരായ സൈബര്‍ ആക്രമണം അംഗീകരിക്കാനാകാത്ത തെറ്റാണെന്നും പരാതി നല്‍കി 20 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിയുണ്ടായില്ലെന്നും രമ പറഞ്ഞു. താന്‍ അടക്കമുള്ള വനിതാ പൊതുപ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണത്തിന്റെ ഇരകളാണെന്നും, ശൈലജയുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോ താന്‍ കണ്ടിട്ടില്ലെന്നും ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിനെ മുഖവിലയ്ക്കെടുത്താണ് പ്രതികരിക്കുന്നതെന്നും കെ.കെ രമ വിശദീകരിച്ചു.

◾ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്ററിട്ട മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്ലമിനെതിരെ പോലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന അധിക്ഷേപം നിറഞ്ഞതും അപകീര്‍ത്തികരവുമായ ആക്രമണത്തിനെതിരെ ശൈലജ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കിയിരുന്നു. ‘

◾ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച വിചാരണ കോടതി ശിരസ്തദാര്‍ താജുദ്ദീന്റെ മൊഴിയില്‍ ആശയക്കുഴപ്പം. തൃശ്ശൂരിനും എറണാകുളത്തിനുമിടയിലുള്ള യാത്രക്കിടെ 2022 ഫെബ്രുവരിയില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ച ഫോണ്‍ നഷ്ടമായെന്നാണ് വിചാരണ കോടതി ശിരസ്തദാര്‍ താജുദ്ദീന്‍ ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണത്തിനിടെ മൊഴി നല്‍കിയത്. എന്നാല്‍ മാധ്യമ വാര്‍ത്തകള്‍ക്ക് പിറകെ തന്റെ ഫോണ്‍ ആരെങ്കിലും ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കുകയും അങ്ങനെയുണ്ടായിട്ടില്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്തെന്ന് മൊഴി നല്‍കിയിട്ടുണ്ട്. ഫെബ്രുവരിയില്‍ നഷ്ടമായ ഫോണ്‍ എങ്ങനെയാണ് ജൂലൈയില്‍ പരിശോധിച്ചത് എന്ന ചോദ്യമോ മറുപടിയോ റിപ്പോര്‍ട്ടിലില്ല. ഇത് ദുരൂഹമാണെന്നാണ് അതിജീവിത ആരോപിക്കുന്നത്.

◾ വയനാട് സുഗന്ധഗിരി വന ഭൂമിയില്‍ നിന്ന് 126 മരങ്ങള്‍ മുറിച്ചു കടത്തിയതില്‍ കല്‍പ്പറ്റ റേഞ്ച് ഓഫിസര്‍ കെ.നീതുവിനെ സസ്പെന്‍ഡ് ചെയ്തു. ഡിഎഫ്ഒ ഷജ്ന കരീമിനോട് വിശദീകരണം തേടിയിട്ടുണ്ട്. മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരമേഖലാ സിസിഎഫിനെ ചുമതലപ്പെടുത്തി. സംഭവത്തില്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസറും 2 റേഞ്ച് ഓഫിസര്‍മാരും ഉള്‍പ്പെടെ 18 വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് ഉന്നതാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

◾ ഒരു മണ്ഡലത്തിലും പെന്തകോസ്ത് സഭകള്‍ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചിട്ടില്ലെന്ന് പെന്തകോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ. പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്കെതിരെ പരസ്യ നിലപാട് എടുത്ത യുണൈറ്റഡ് പെന്തകോസ്ത് സിനഡ് എന്ന സംഘടനയ്ക്ക് പിന്നില്‍ എല്‍ഡിഎഫാണെന്ന് പിസിഐ ഭാരവാഹികള്‍ വ്യക്തമാക്കി. സിനഡ് രണ്ട് മാസം മുന്‍പ് തുടങ്ങിയ തട്ടിക്കൂട്ട് സംഘടനയാണെന്നും അവര്‍ക്ക് പിന്നില്‍ ഇടതുമുന്നണി നേതാക്കളാണെന്നും അവര്‍ പറഞ്ഞു. അതോടൊപ്പം ഇടതുപക്ഷം നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് യുണൈറ്റഡ് പെന്തകോസ്ത് സിനഡിന്റെ പത്രസമ്മേളനമെന്ന് യു ഡിഎഫ് ആഭിമുഖ്യമുള്ള ഡെമോക്രാറ്റിക് ബിലീവേഴ്സ് ഫോറവും വ്യക്തമാക്കി.

◾ തൃശൂര്‍ പൂരത്തിനു മുന്നോടിയായി ആനകളുടെ എഴുന്നള്ളിപ്പിനുള്ള നിയന്ത്രണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവ് ഭേദഗതി ചെയ്യുമെന്ന് മന്ത്രി കെ.രാജന്‍. വെറ്ററിനറി സംഘത്തിന്റെ പരിശോധനക്ക് ശേഷം ആനകളെ വീണ്ടും പരിശോധിക്കില്ല. വനം വകുപ്പിന്റെ ഉത്തരവില്‍ നിന്നും ഇത് ഉടന്‍ ഒഴിവാക്കുമെന്നും പുതിയ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും പൂരം നല്ല രീതിയില്‍ നടത്താന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

◾ തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. രാത്രി ഏഴോടെയാണ് സാമ്പിളിന് തുടക്കമാകുക. പാറമേക്കാവ് വിഭാഗമാണ് ആദ്യം തിരികൊളുത്തുക. തുടര്‍ന്ന് തിരുവമ്പാടി വിഭാഗത്തിന്റെ ഊഴമാണ്. പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങളുടെ ചമയപ്രദര്‍ശനത്തിനും ഇന്ന് തുടക്കമായി.

◾ ഐഎന്‍എലിനെ ആദരിക്കാന്‍ വേണ്ടിയാണ് പച്ചക്കൊടി പിടിച്ച് റാലി നടത്തിയതെന്നും ഫാസിസത്തിന് മുന്നില്‍ കൊടിമടക്കി കീശയില്‍ വയ്ക്കാന്‍ പറയുന്നതല്ല ഇടതുരാഷ്ട്രീയമെന്നും വയനാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനിരാജ. രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോകള്‍ക്ക് മറുപടിയായി ചെങ്കൊടിക്കൊപ്പം പച്ചക്കൊടിയും ഉയര്‍ത്തിയായിരുന്നു ഇന്നലെ വയനാട്ടിലെ ആനിരാജയുടെ റോഡ് ഷോ.

◾ അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ പിന്തുണച്ച നേതൃത്വത്തിന്റെ നടപടിക്കെതിരെ സര്‍ക്കാര്‍ അഭിഭാഷകരുടെ സംഘടനക്കുള്ളില്‍ ഭിന്നത. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കോടതി ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനം സംഘടന ഉപേക്ഷിച്ചു. എന്നാല്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിചേര്‍ത്തവരുടെ വീടുകളില്‍ നടന്ന റെയ്ഡിന്റെ ശൈലിയെയാണ് എതിര്‍ത്തതെന്നും അനീഷ്യയുടെ കുടുംബത്തോടൊപ്പം തന്നെയാണെന്നും അസിസ്റ്റന്റ് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.

◾ പ്ലസ് ടു കോഴക്കേസിലെ ലീഗ് നേതാവ് കെ.എം ഷാജിയുടെ കേസ് രാഷ്ട്രീയ പ്രേരിതമെന്ന ആരോപണം തെറ്റാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. നിയമത്തിന്റെ പഴുത് ഉപയോഗിച്ച് രക്ഷപ്പെടാനാണ് കെഎം ഷാജി ശ്രമിക്കുന്നത്. കേസിലെ സ്‌കൂള്‍ മാനേജറും, ടീച്ചര്‍മാരും സത്യം മറയ്ക്കാനാണ് ശ്രമിക്കുന്നത്. സത്യം പുറത്ത് വരാന്‍ വിശദമായ അന്വേഷണം വേണം. ഹര്‍ജി തള്ളണമെന്ന ഷാജിയുടെ അപേക്ഷ അംഗീകരിക്കരുതെന്നും മറുപടി സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കുന്നതിന് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് തനിക്കെതിരെ വിജിലന്‍സ് പ്ലസ് ടു കോഴക്കേസ് രജിസ്റ്റര്‍ ചെയ്തത് എന്നാണ് കെഎം ഷാജിയുടെ വാദം.

◾ കേരള സര്‍വകലാശാല ആസ്ഥാനത്ത് നടത്താനിരുന്ന ജോണ്‍ ബ്രിട്ടാസ് എം.പിയുടെ പ്രഭാഷണം വി.സി. തടഞ്ഞു. മാതൃകാ പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടി. കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ജനാധിപത്യം വെല്ലുവിളികളും കടമകളും എന്ന പ്രതിമാസ പ്രഭാഷണ പരിപാടിക്കാണ് വിലക്ക്. എന്നാല്‍ രാഷ്ട്രീയ അജണ്ടയുള്ള പരിപാടി അല്ലെന്നു യൂണിയന്‍ വിശദീകരിച്ചു. എന്താണ് ജനാധിപത്യം എന്നതില്‍ വ്യക്തമായ ധാരണ ഇല്ലാത്തവരാണ് വി സി ആയി ഇരിക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസും പ്രതികരിച്ചു.

◾ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഉത്സവത്തോട് അനുബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളം അടച്ചിടാന്‍ തീരുമാനം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച വൈകിട്ട് നാല് മണി മുതല്‍ രാത്രി 9 വരെ അഞ്ചു മണിക്കൂര്‍ അടച്ചിടുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. തടസങ്ങളേതുമില്ലാതെ പൈങ്കുനി ആറാട്ട് ഉത്സവം നടത്തുന്നതിന് വേണ്ടിയാണ് പ്രവര്‍ത്തനം നിര്‍ത്തുന്നതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ സമയത്ത് തിരുവനന്തപുരത്ത് എത്തേണ്ടതും, തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടതുമായ വിമാനങ്ങളുടെ സമയക്രമം മാറ്റിയിട്ടുണ്ട്. ഈ വിവരങ്ങള്‍ അതത് വിമാനക്കമ്പനികളില്‍ നിന്ന് യാത്രക്കാര്‍ക്ക് ലഭ്യമാകുമെന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി.

◾ കളക്ഷനില്‍ റെക്കോര്‍ഡിട്ട് കെഎസ്ആര്‍ടിസി. ഈ മാസം 15നാണ് റെക്കോര്‍ഡ് കളക്ഷന്‍ നേടിയത്. 8.57 കോടി രൂപയാണ് ഈ ഒറ്റ ദിവസത്തെ കെഎസ്ആര്‍ടിസിയുടെ വരുമാനം. 4324 ബസ്സുകള്‍ ഓപ്പറേറ്റ് ചെയ്തതില്‍ 4179 ബസ്സുകളില്‍ നിന്നുള്ള വരുമാനമാണ് 8.57 കോടി രൂപയെന്ന് കെഎസ്ആര്‍ടിസി വിശദീകരിച്ചു. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരം ഡെഡ് കിലോമീറ്റര്‍ ഒഴിവാക്കി സര്‍വ്വീസുകള്‍ പുന:ക്രമീകരിച്ചിരുന്നു.

◾ സംസ്ഥാനത്തെ ഡ്രൈവിംഗ് പരീക്ഷകളില്‍ വീഴ്ചയുണ്ടെന്ന് സിഎജിയുടെ കണ്ടെത്തല്‍. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമ്പോള്‍ സീറ്റ് ബെല്‍റ്റോ- ഹെല്‍മെറ്റോ ധരിക്കാറില്ലെന്നും ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതര്‍ പരീക്ഷകളില്‍ ഇടപെടുന്നുവെന്നും എജിയുടെ പരിശോധന റിപ്പോര്‍ട്ടിലുണ്ട്. നവീകരിച്ച ട്രാക്കുകളും ഡ്രൈവിംഗ് ടെസ്റ്റില്‍ പരിഷ്‌ക്കാരങ്ങളും ആവശ്യമാണെന്നും സിഎജി ശുപാര്‍ശ ചെയ്തു.

◾ കോണ്‍ക്രീറ്റിങ്ങിനായി കുതിരാന്‍ ഇടതുതുരങ്കം അടച്ചതിനാല്‍ വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ ടോള്‍ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. വാണിയമ്പാറ സ്വദേശി ജോര്‍ജ് ഫിലിപ്പാണ് ഹര്‍ജി നല്‍കിയത്.

◾ കണ്ണൂര്‍ മട്ടന്നൂരില്‍ വാഹനാപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. മട്ടന്നൂര്‍ ചാവശേരി 19ാം മൈലില്‍ കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചേര്‍ത്തല സ്വദേശി കുമാരിയാണ് മരിച്ചത്. കുട്ടികള്‍ അടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു.

◾ ബലാല്‍സംഗ കേസിലെ പ്രതിയായ ഇന്‍സ്പെക്ടര്‍ സൈജു എം വി മരിച്ച നിലയില്‍. കൊച്ചി അംബേദ്കര്‍ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് സൈജുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബലാത്സംഗ കേസില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്യാന്‍ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതിനിടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

◾ വ്യാജപുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ(68) കുഴഞ്ഞുവീണ് മരിച്ചു. ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങാനായി വരിനില്‍ക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ട്രഷറി ജീവനക്കാര്‍ ഉടന്‍തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

◾ മുംബൈയില്‍ ഒരു ഗ്യാംങ് വാറും നടക്കില്ല. അധോലോകത്തിന് മുംബൈയില്‍ ഒരു ഇടവും നല്‍കില്ല. ഇത് മഹാരാഷ്ട്രയാണ്, ഇത് മുംബൈയാണ്. ഇത്തരമൊരു കാര്യം ചെയ്യാന്‍ ആരും ധൈര്യപ്പെടാതിരിക്കാന്‍ അത് ഏത് ലോറന്‍സ് ബിഷ്‌ണോയി സംഘമായാലും അവരെ അവസാനിപ്പിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വസതിക്ക് നേരെ വെടിവയ്പ്പ് ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ച ഏകനാഥ് ഷിന്‍ഡെ സുരക്ഷയും സംരക്ഷണവും ഉറപ്പ് നല്‍കി.

◾ അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ പൂര്‍ത്തിയായ ശേഷമുള്ള ആദ്യ രാമ നവമി ദിനത്തില്‍ രാമക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ നെറ്റിയില്‍ സൂര്യ രശ്മി പതിക്കുന്ന സൂര്യ അഭിഷേക് അഥവാ സൂര്യ തിലക് ചടങ്ങ് നടന്നു. ഏതാനും നിമിഷങ്ങള്‍ മാത്രം നീളുന്ന സൂര്യ തിലക് ചടങ്ങിന് സാക്ഷിയാവാന്‍ നിരവധി വിശ്വാസികളാണ് ക്ഷേത്രത്തിലേക്ക് എത്തിയത്.

◾ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയ വിമര്‍ശകനും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ഭര്‍ത്താവ് കൂടിയായ ഡോക്ടര്‍ പറക്കാല പ്രഭാകര്‍. മോദി അധികാരത്തില്‍ തുടര്‍ന്നാല്‍ അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ദുരന്തമാകുമെന്നും ഈ തിരഞ്ഞെടുപ്പിലെ പോരാട്ടം മോദിയും ഇന്ത്യയിലെ ജനങ്ങളും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു.

◾ തെരഞ്ഞെടുപ്പ് ദിനത്തില്‍ തീര്‍ഥാടനം മാറ്റിവച്ച് വോട്ടെടുപ്പില്‍ പങ്കാളികളാകണമെന്ന് ഗോവ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഫിലിപ്പെ നെരി ഫെറാവോ. ജനാധിപത്യ മതേതര മൂല്യങ്ങള്‍ ഉയത്തിപിടിക്കുന്ന സ്ഥാനാത്ഥിയെ പിന്തുണയ്ക്കണമെന്നും വോട്ടെടുപ്പിന്റെ തലേന്ന് ഗോവയില്‍ നിന്നുളള തീര്‍ഥാടനം മാറ്റിവയ്ക്കണമെന്നുമാണ് ബിഷപ്പിന്റെ ആഹ്വാനം. മെയ് ആറിന് ഗോവയില്‍ നിന്നും വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം.

◾ യുഎഇയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എംഎസ് സി ഏരീയസ് എന്ന് കപ്പലിലെ ഇന്ത്യക്കാരെ തടഞ്ഞുവച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസിഡര്‍ വ്യക്തമാക്കി. നിലവിലെ പേര്‍ഷ്യന്‍ കടലിലെ കാലാവസ്ഥ മോശമാണെന്നും, അതിനാല്‍ കപ്പലിന് തുറമുഖത്ത് നങ്കൂരമിടാന്‍ കഴിഞ്ഞിട്ടില്ല. കാലാവസ്ഥാ പ്രശ്നം തീര്‍ന്ന് കപ്പല്‍ നങ്കൂരമിട്ടാല്‍ ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി അയക്കാന്‍ നടപടി തുടങ്ങുമെന്നും അംബാസഡര്‍ വ്യക്തമാക്കി. കപ്പലിലെ ഇന്ത്യക്കാരുമായി എംബസി അധികൃതരുടെ കൂടിക്കാഴ്ച്ച ഇന്ന് നടന്നേക്കുമെന്നാണ് സൂചന.

◾ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സാമ്പത്തിക ഇടപാടുകളും മറ്റ് ക്രയവിക്രയങ്ങളും വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും നിരീക്ഷിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടരുന്നു. ഫ്ലൈയിംഗ് സ്‌ക്വാഡ് അടക്കമുള്ള വിവിധ സ്‌ക്വാഡുകളെ വിന്യസിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ പരിശോധനകള്‍ നടത്തുന്നത്. ഇതുവരെ 4,650 കോടി രൂപ മൂല്യമുള്ള വസ്തുക്കള്‍ പിടിച്ചെടുത്തതായി ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി.

◾ ക്രോം ബ്രൗസറിനൊരു പ്രീമിയം പതിപ്പുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. ബിസിനസുകളെ ലക്ഷ്യമിട്ട് ഗൂഗിള്‍, അവരുടെ ക്രോം ബ്രൗസറിന് ഒരു സുരക്ഷാ മേക്ക് ഓവര്‍ നല്‍കാന്‍ പോവുകയാണ്. ക്രോം എന്റര്‍പ്രൈസ് പ്രീമിയം എന്നാണ് പുതിയ ഫീച്ചറിന് പേര് നല്‍കിയിരിക്കുന്നത്. പ്രതിമാസം പണമടയ്ക്കാന്‍ തയ്യാറുള്ളവര്‍ക്കായി വിപുലമായ സുരക്ഷാ ഫീച്ചറുകളാണ് വാഗ്ദാനം ചെയ്യുന്നത്. ബ്രൗസര്‍ ക്രമീകരണങ്ങളും എന്റര്‍പ്രൈസ് ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന ആപ്പുകളും പോലുള്ള കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഐടി അഡ്മിനുകളെ അനുവദിച്ചുകൊണ്ട് ഗൂഗിള്‍ കുറച്ചുകാലമായി എന്റര്‍പ്രൈസ് ക്രോം ഉപയോഗിച്ചുവരികയാണ്. ഡാറ്റ സംരക്ഷണം, മാല്‍വെയര്‍ ഗാര്‍ഡുകള്‍, ഫിഷിങ് പരിരക്ഷ എന്നിവയും ക്രോം എന്റര്‍പ്രൈസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു ഉപയോക്താവിന് പ്രതിമാസം ആറ് ഡോളര്‍ എന്ന നിരക്കില്‍, ക്രോം എന്റര്‍പ്രൈസ് പ്രീമിയം സുരക്ഷ കൂടുതല്‍ മെച്ചപ്പെടുത്തുന്നു. ക്രോം എന്റര്‍പ്രൈസ് പ്രീമിയം രണ്ട് ഫ്ലേവറുകളിലാണ് വരുന്നത്: ഒന്ന് സൗജന്യമായ ‘കോര്‍’, രണ്ടാമത്തേത് – പ്രീമിയം. ഓണ്‍ലൈന്‍ സുരക്ഷ, ആഴത്തിലുള്ള മാല്‍വെയര്‍ സ്‌കാനിങ്, ട്രാക്കുകളിലെ ഡാറ്റ ചോര്‍ച്ച തടയല്‍, കൂടാതെ ഏത് തരത്തിലുള്ള വെബ്‌സൈറ്റുകളാണ് എന്നതിനെ അടിസ്ഥാനമാക്കി യുആര്‍എല്‍കള്‍ ഫില്‍ട്ടര്‍ ചെയ്യാന്‍ നിങ്ങളെ അനുവദിക്കുന്ന ഒരു വെബ് ബ്രൗസറായി ഗൂഗിള്‍ ഈ പതിപ്പ് അവതരിപ്പിക്കുന്നു. അതേസമയം, സൗജന്യമായതും പ്രീമിയം ക്രോം പതിപ്പുകള്‍ക്ക് ചില വലിയ വ്യത്യാസങ്ങളുണ്ട്. മാല്‍വെയറുകളുടെ കടന്നുകയറ്റവും വിവരച്ചോര്‍ച്ചയുമൊക്കെ ആഴത്തില്‍ തടയാന്‍ പ്രീമിയം പതിപ്പ് തന്നെ ഉപയോഗിക്കേണ്ടിവരും. എങ്കിലും ബേസിക് ആയിട്ടുള്ള സുരക്ഷ കോര്‍ പതിപ്പും വാഗ്ദാനം ചെയ്യുന്നുണ്ട്.

◾ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഒടുവില്‍ തങ്ങളുടെ ബൊലേറോ നിയോ എസ്യുവി മോഡല്‍ ലൈനപ്പ് പുതിയ ബൊലേറോ നിയോ പ്ലസ് 9-സീറ്റര്‍ പതിപ്പിനൊപ്പം വിപുലീകരിച്ചു. യഥാക്രമം 11.39 ലക്ഷം രൂപ ( എക്സ്-ഷോറൂം), 12.49 ലക്ഷം ( എക്സ്-ഷോറൂം) രൂപ വിലയുള്ള പി4, പി10 എന്നീ രണ്ട് ട്രിം ലെവലുകളിലാണ് പുതിയ മോഡല്‍ ലഭ്യമാക്കുന്നത്. ബൊലേറോ നിയോ 7-സീറ്റര്‍ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍, മഹീന്ദ്ര ബൊലേറോ നിയോ പ്ലസിന് ഏകദേശം 1.49 ലക്ഷം രൂപയും ഒരു ലക്ഷം രൂപ വില കൂടുതലാണ്. ഡയമണ്ട് വൈറ്റ്, മജസ്റ്റിക് സില്‍വര്‍, നാപ്പോളി ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഈ മോഡല്‍ എത്തുന്നത്. 118 ബിഎച്പി കരുത്തും 280 എന്‍എം ടോര്‍ക്കും നല്‍കുന്ന പുതിയ 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനാണ് മഹീന്ദ്ര ബൊലേറോ നിയോ പ്ലസിന് കരുത്ത് പകരുന്നത്. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ പുതിയ 6-സ്പീഡ് ഓട്ടോമാറ്റിക്, 6-സ്പീഡ് മാനുവല്‍, എഎംടി യൂണിറ്റ് എന്നിവ ഉള്‍പ്പെടും.

◾ കുട്ടിക്കാലത്ത് നേരിടുന്ന പീഡനം മുതിര്‍ന്നാലും മാനസിക-ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനം. വൈകാരികവും ശാരീരികവും ലൈംഗികവുമായ ദുരുപയോഗം അല്ലെങ്കില്‍ വൈകാരികവും ശാരീരികവുമായ അവഗണന പോലുള്ള കുട്ടിക്കാലത്ത് നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ വ്യക്തികള്‍ക്ക് പിന്നീട് ജീവിതത്തില്‍ മാനസിക പ്രശ്നങ്ങള്‍ക്കൊപ്പം നീണ്ടകാല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. അമേരിക്കയിലെ കേംബ്രിഡ്ജ്, ലൈഡന്‍ സര്‍വകലാശാലകളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കുട്ടിക്കാലത്ത് നേരിട്ട ദുരനുഭവം അയാള്‍ വളരും തോറും അയാളുടെ മസ്തിഷ്‌കത്തെ ബാധിക്കുന്നതായി കണ്ടെത്തി. ഇത് പൊണ്ണത്തടി, ക്ഷീണം, ട്രോമ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂട്ടുന്നു. ഇവയെല്ലാം തലച്ചോറിന്റെ ഘടനയെയും അങ്ങനെ തലച്ചോറിന്റെ ആരോഗ്യത്തെയും ബാധിക്കുന്നു. 40-നും 70-നും ഇടയില്‍ പ്രായമുള്ള 21,000 പേരുടെ എംആര്‍ഐ സ്‌കാന്‍, ബോഡി മാസ് ഇന്‍ഡക്സ്, സിആര്‍പി തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ചായിരുന്നു പഠനം. കുട്ടിക്കാലത്ത് നേരിടുന്ന പീഡനത്തിന്റെ ആഘാതം തലച്ചോറിന്റെ പ്രവര്‍ത്തനം, ഹൃദയത്തിന്റെ ആരോഗ്യം, രോഗപ്രതിരോധ ശേഷി തുടങ്ങിയവയെ ബാധിക്കുന്നയായി പഠനത്തില്‍ കണ്ടെത്തി. സ്റ്റാറ്റിസ്റ്റിക്കല്‍ മോഡലിംഗ് ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ കുട്ടിക്കാലത്ത് പീഡനങ്ങള്‍ നേരിടേണ്ടി വന്നവരുടെ ബോഡി ഇന്‍ഡക്‌സ് വര്‍ധിക്കുന്നതായും ട്രോമയിലാകാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ സ്ഥീരികരിക്കുന്നു. കൂടാതെ ഇവരുടെ രോഗപ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമല്ലാതാകുന്നതിന്റെ സൂചനകള്‍ നല്‍കുന്നതായും പഠനത്തില്‍ ചൂണ്ടികാണിക്കുന്നു. ഇത് പൊണ്ണത്തടി കാരണമാണെന്നും പഠനം വ്യക്തമാക്കുന്നു. കൂടുതല്‍ ബോഡി മാസ് ഇന്‍ഡക്‌സ്, ട്രോമ എന്നിവ ഉള്ളവരിലെ മസ്തിഷ്‌ക കനവും വ്യാപിതിയും വ്യാപകമായി കൂടുന്നതായും കുറയുന്നതായും കാണാന്‍ സാധിച്ചു. മസ്തിഷ്‌ക കോശങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ശാരീരിക ക്ഷതം സംഭവിക്കുന്നു എന്നാണ് ഇതിനര്‍ഥം. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. എന്നാല്‍ തലച്ചോറിലെ സെല്ലുലാര്‍ തലത്തില്‍ ഈ ആഘാതങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കാന്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 83.68, പൗണ്ട് – 104.27, യൂറോ – 88.94, സ്വിസ് ഫ്രാങ്ക് – 91.87, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.73, ബഹറിന്‍ ദിനാര്‍ – 222.06, കുവൈത്ത് ദിനാര്‍ -271.53, ഒമാനി റിയാല്‍ – 217.38, സൗദി റിയാല്‍ – 22.31, യു.എ.ഇ ദിര്‍ഹം – 22.79, ഖത്തര്‍ റിയാല്‍ – 22.99, കനേഡിയന്‍ ഡോളര്‍ – 60.58.