‘ഹർ ഘർ തിരംഗ’ ആഗസ്റ്റ് 13 മുതൽ 15 വരെ സംസ്ഥാനത്ത് വിപുലമായി ആഘോഷിക്കും

Breaking News:
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ ആഗസ്റ്റ് 13 മുതൽ 15 വരെ സംസ്ഥാനത്ത് വിപുലമായി ആഘോഷിക്കും. ജനങ്ങളുടെ ഹൃദയങ്ങളിൽ ദേശസ്നേഹം വളർത്തുകയും ഇന്ത്യൻ ദേശീയ പതാകയെക്കുറിച്ചുള്ള അവബോധം വളർത്തുകയും ചെയ്യുക എന്നതാണ് ഇതിനു പിന്നിലെ ആശയം.
രാജ്യത്തെ 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ പതാക ഉയർത്തുകയാണ് പരിപാടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പെടെ എല്ലാ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിക്കും.
76 വർഷത്തെ ഇന്ത്യയുടെ സംസ്‌കാരം, പൈതൃകം, വികസനം എന്നിവ പ്രതിപാദിക്കുന്ന വിവിധ പ്രദർശനങ്ങൾ, തിരംഗ് യാത്ര, സൈക്കിൾ റാലി, ദേശഭക്തി ഗാനങ്ങൾ, പ്രത്യേക സമ്മേളങ്ങൾ, സ്വാതന്ത്ര്യ സമര സേനാനികളുടെ കഥകൾ ഉൾപ്പെടുത്തിയ നിശ്ചലദൃശ്യങ്ങൾ, പ്രതിജ്ഞ, സ്വാതന്ത്ര്യ ദിന വിഷയത്തെക്കുറിച്ചുള്ള ക്വിസ്, പ്രഭാഷണം, നൃത്തങ്ങൾ എന്നിവയൊക്കെയാണ് ആസൂത്രണം ചെയ്തിരിക്കുന്ന പ്രധാന പരിപാടികൾ. ഓരോ സ്ഥലത്തും നടത്തുന്ന പരിപാടികളുടെ ഫോട്ടോകളും സെൽഫിയും ഇതിനായി സജ്ജമാക്കിയ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. https://harghartiranga.com ൽ ‘ഒരു പതാക പിൻ’ ചെയ്യാനും ‘സെൽഫി വിത്ത് ഫ്ലാഗ്’ പോസ്റ്റു ചെയ്യാനും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.