07.12.2023
യുവ ഡോക്ടറുടെ ആത്മഹത്യയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
?️മെഡിക്കല്‍ കോളജിലെ യുവ പജി ഡോക്ടറുടെ ആത്മഹത്യയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്ത്രീധനത്തിന്‍റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതിനു പിന്നാലെയാണ് ഡോ. ഷഹന (26) ആത്മഹത്യ ചെയ്തതെന്ന ആരോപണം ഉണ്ടായ സാഹചര്യത്തിലാണ് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശുവികസന ഡയറക്ടര്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
യുവ ഡോക്റ്ററുടെ ആത്മഹത്യ: ആരോപണ വിധേയനെ പദവിയിൽ നിന്ന് നീക്കി പിജി ഡോക്റ്റേഴ്സ് അസോസിയേഷൻ
?️മെഡിക്കല്‍ കോളെജിലെ പിജി ഡോക്റ്ററായിരുന്ന ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ പിജി ഡോക്റ്റർ ഇ.എ. റുവൈസിനെ പ്രസിഡന്‍റ് പദത്തിൽ നിന്ന് നീക്കി പിജി ഡോക്റ്റേഴ്സ് അസോസിയേഷൻ. വിവാഹം കഴിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച ഡോക്റ്ററുടെ കുടുംബം ഉയർന്ന സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായി ഷഹ്നയുടെ ഉമ്മ വനിതാ കമ്മിഷനോട് വെളിപ്പെടുത്തിയിട്ടുണ്ട്. വനിതാകമ്മിഷൻ അധ്യക്ഷ അഡ്വ.പി. സതീദേവിയുടെ നേതൃത്വത്തിൽ മരണപ്പെട്ട ഡോക്റ്ററുടെ വീട് സന്ദർശിച്ചപ്പോഴാണ് മാതാവ്, സഹോദരന്‍ എന്നിവർ മൊഴി നൽകിയത്. സംഭവത്തിൽ ന്യൂനപക്ഷ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
നവകേരള സദസിനായി മതിൽ പൊളിക്കൽ പരിപാടി തുടരുന്നു
?️നവകേരള സദസിനായി പരിപാടി നടക്കുന്ന സ്കൂളുകളുടെ മതിൽ പൊളിക്കൽ പരിപാടി തുടരുന്നു. എറണാകുളം പെരുമ്പാവൂരിലെ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്‍റെ ചുറ്റു മതിലിന്‍റെ ഒരു ഭാഗമാണ് ഇത്തവണ പൊളിച്ചു മാറ്റിയത്. നവകേരള സദസിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനാണ് മതിൽ പൊളിച്ചതെന്നാണ് ആരോപണം.
‘ഇന്ത്യ’ സഖ്യത്തിൽ അതൃപ്തി;പ്രതിപക്ഷ യോഗം മാറ്റിവെച്ചു
?️തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുൾപ്പെടെ പ്രമുഖ നേതാക്കൾ പിന്മാറിയതോടെ വിശാല പ്രതിപക്ഷ മുന്നണി “ഇന്ത്യ’ ഇന്നു നടത്താനിരുന്ന ഏകോപനസമിതി യോഗം മാറ്റി. ഈ മാസം മൂന്നാംവാരം യോഗം ചേരാനാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പ്രതിപക്ഷ യോഗം ചേരുമെന്നു പ്രഖ്യാപിച്ചത്.തൊട്ടുപിന്നാലെ മമത യോഗത്തിനില്ലെന്നു പ്രഖ്യാപിച്ചു. ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ, എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയവരും പിന്മാറിയതോടെ യോഗം മാറ്റാൻ കോൺഗ്രസ് നിർബന്ധിതമായി.
രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയാകും
?️തെലങ്കാനയിലെ ആദ്യ കോൺഗ്രസ് സർക്കാരിനെ പിസിസി അധ്യക്ഷൻ എ. രേവന്ത് റെഡ്ഡി നയിക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നാളെ ഹൈദരാബാദിൽ സത്യപ്രതിജ്ഞ. തെലങ്കാനയിൽ നിന്നുള്ള എഐസിസി നിരീക്ഷകരോടും മുതിർന്ന നേതാക്കളോടും ചർച്ച നടത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, റെഡ്ഡിയെ നിയമസഭാ കക്ഷി നേതാവാക്കി മുന്നോട്ടുപോകാൻ തീരുമാനിച്ചതായി വേണുഗോപാൽ. എന്നാൽ, മന്ത്രിസഭാംഗങ്ങളുടെ എണ്ണം, ഉപമുഖ്യമന്ത്രിമാരുണ്ടാകുമോ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം പ്രതികരിച്ചില്ല.
വസുന്ധരയ്ക്കും ചൗഹാനും മുൻഗണന, ഛത്തിസ്ഗഡിൽ രേണുകയ്ക്ക് സാധ്യത
?️ബിജെപിക്കു ഭരണത്തുടർച്ച ലഭിച്ച മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നേക്കും. ഭരണം തിരിച്ചുപിടിച്ച രാജസ്ഥാനിൽ വസുന്ധര രാജെ സിന്ധ്യയ്ക്ക് വീണ്ടുമൊരു അവസരം നൽകുമെന്നും സൂചന. എന്നാൽ, ഛത്തിസ്ഗഡിൽ മുൻ മുഖ്യമന്ത്രി രമൺ സിങ്ങിനു പകരം കേന്ദ്രമന്ത്രി രേണുക സിങ്ങിനെയാണു പരിഗണിക്കുന്നത്. ദേശീയ നേതൃത്വം ഇക്കാര്യങ്ങളിൽ ഏകദേശ ധാരണയിലെത്തിയതായാണ് റിപ്പോർട്ട്. മൂന്നു സംസ്ഥാനങ്ങളിലും പാർട്ടിയുടെ ഭാവിയും ലോക്സഭാ തെരഞ്ഞെടുപ്പും മുന്നിൽക്കണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനും ഇടയുണ്ട്.
മിചൗങ് ചുഴലിക്കാറ്റിന്‍റെ തീവ്രത കുറയുന്നു
?️മഴ കുറഞ്ഞെങ്കിലും മിചൗങ് ചുഴലിക്കാറ്റ് വിതച്ച ദുരിതം തുടരുകയാണ്. ചെന്നെയിലെ വിവിധ മേഖലകൾ ഇപ്പോഴും വെള്ളക്കെട്ടിൽ നിന്ന് മോചനം നേടിയിട്ടില്ല. മഴ കുറഞ്ഞ സാഹചര്യത്തിൽ രക്ഷാ പ്രവർത്തനം വീണ്ടും തുടരും. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട് എന്നീ ജില്ലകളിൽ പൊതു അവധിയാണ്. അതേസമയം, ആന്ധ്ര തീരം തൊട്ട മിചൗങ് ചുഴലിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞു. ചുഴലിക്കാറ്റ് ന്യൂനമർദമായി മാറുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. സംസ്ഥാനത്തിന്‍റെ ദക്ഷിണ ജില്ലകളിൽ ചുഴലി നാശനഷ്ടങ്ങൾ വിതച്ചെങ്കിലും കൂടുതൽ വടക്കോട്ട് നീങ്ങി മിചൗങ് ദുർബലമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണവിഭാഗം അറിയിച്ചു.
ആലഞ്ചേരിക്കും താഴത്തിനും സ്ഥാനചലനമുണ്ടായേക്കും
?️സീറോ മലബാർ സഭയുടെ അങ്കമാലി അതിരൂപതയിൽ കുർബാന തർക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിന് വത്തിക്കാൻ നേരിട്ട് ഇടപെടുന്നു. ഇതിന്‍റെ ഭാഗമായി വത്തിക്കാൻ പ്രതിനിധി കർദിനാൾ ലിയോ പോൾ ജിറേലി കൊച്ചിയിലെത്തി സീറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി ചർച്ച നടത്തിയെന്നാണ് വിവരം.
‘സബ് ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനത്തിനായി കോഴ ആവശ്യപ്പെട്ടു’; പരാതിയുമായി അധ്യാപിക
?️സബ് ജില്ലാ കലോത്സവത്തിൽ വിജയിപ്പിക്കാൻ കോഴ ആവശ്യപ്പെട്ടതായി ആരോപണം. നൃത്ത അധ്യാപികയാണ് പരാതിയുമായി രംഗത്തെത്തിയത്. തിരുവനന്തപുരം സ്വദേശിയും നൃത്ത അധ്യാപകനുമായ വിഷ്ണു, കൊല്ലം സ്വദേശിയും മേക്കപ്പ് ആർട്ടിസ്റ്റുമായ ശരത്ത് എന്നിവർ പണം ആവശ്യപ്പെട്ടെന്നാണ് പരാതി. ജില്ലാ കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കുന്നതിന് വേണ്ടി കോഴ ചോദിച്ചുവെന്നാണ് ഇവർ പറയുന്നത്. മോഹിനിയാട്ടം, കേരള നടനം എന്നീ ഇനങ്ങളിൽ വിജയിപ്പിക്കാമെന്നായിരുന്നു വാഗ്ദാനം.
ഓൺലൈൻ ചൂതാട്ടത്തിന് ജിഎസ്ടി
?️പണം വച്ചുള്ള ചൂതാട്ടത്തിന് ജിഎസ്ടി നിർണയിക്കുന്നതിൽ വ്യക്തത വരുത്തി സംസ്ഥാന ജിഎസ്‌ടി നിയമ ഭേദഗതിക്ക് ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അമ്പതാമത് ജിഎസ്‌ടി കൗൺസിൽ യോഗം കാസിനോ, കുതിരപന്തയം, ഒൺലൈൻ ഗെയിമുകൾ ഉൾപ്പെടയുള്ളവയ്‌ക്ക് 28 ശതമാനം ജിഎസ്‌ടി നിശ്ചയിച്ചിരുന്നു.നികുതി ചുമത്തേണ്ടത് പന്തയത്തിന്‍റെ മുഖവിലയ്‌ക്കാണെന്നും തീരുമാനിച്ചു. തുടർന്ന് കേന്ദ്ര സർക്കാർ ജിഎസ്‌ടി നിയമ ഭേദഗതി വരുത്തി വിജ്ഞാപനം ചെയ്‌തിരുന്നു. ഇതനുസരിച്ചുള്ള ദേദഗതിയാണ് സംസ്ഥാന ജിഎസ്‌ടി നിയമത്തിൽ കൊണ്ടുവരുന്നത്.
”മുസ്ലീം പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി മിശ്ര വിവാഹം നടത്തുന്നു, പിന്നിൽ സിപിഎം”; നാസർ ഫൈസി കൂടത്തായി
?️മിശ്ര വിവാഹത്തിനെതിരേ പരാമർശവുമായി സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. മുസ്ലീം പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി മിശ്ര വിവാഹം നടത്തുന്നുവെന്നും ഇതിനു പിന്നിൽ സിപിഎമ്മും ഡിവൈഎഫ്ഐയും ആണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.ഹിന്ദു മുസ്ലീമിനെ വിവാഹം കഴിച്ചാലെ മതേതരത്വമാവൂ എന്നാണ് ചിലർ കരുതുന്നതെന്നും അതിനെതിരേ ജാഗ്രത പുലർത്തണമെന്നും സുന്നി മഹല്ല് ഫെഡറേഷൻ കോഴിക്കോട് ജില്ലാ സാരഥീസംഗമം കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധന
?️സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം കൊവിഡ് കേസുകളിൽ വർധന. നാലാം തീയതി മാത്രം കേരളത്തില്‍ 104 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി.ശ്വാസതടസം ഉൾപ്പെടെ ലക്ഷണങ്ങൾ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. ആർടിപിസി ആർ പരിശോധനകളുടെ എണ്ണവും കൂട്ടിയതായി റിപ്പോർട്ടുകളുണ്ട്. ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്സിന്‍ അടക്കം എടുത്തതിനാൽ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
സാമ്പത്തിക പ്രതിസന്ധിക്കിടെ കോട്ടയം കലക്‌ടർ ബംഗ്ലാവ് നവീകരണത്തിന് 85 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ
?️സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കോട്ടയം കലക്‌ടറുടെ ബംഗ്ലാവിന് നവീകരണത്തിന് 85 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. കേരളത്തിലെ സ്മാർട്ട് റവന്യൂ നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. കോട്ടയം ജില്ലാ നിർമിതി കേന്ദ്രമാണ് പ്രവൃത്തിയുടെ നിർവഹണ ഏജൻസി.
പൊതുമരാമത്ത് വകുപ്പിനെ ഒഴിവാക്കിയാണ് നിര്‍മിതി കേന്ദ്രത്തിന് ചുമതല നല്‍കിയിരിക്കുന്നത്. കലക്ടര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇത്തരമൊരുമാറ്റമെന്ന് റവന്യു വകുപ്പിന്‍റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
കിഫ്ബി മസാല ബോണ്ട്: സമൻസ് ഉത്തരവിനെതിരെയുള്ള ഹർജി പരിഗണിക്കും
?️കിഫ്ബി മസാല ബോണ്ടില്‍ സമന്‍സ് അയയ്ക്കാന്‍ ഇഡിക്ക് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായി നൽകിയ അപ്പീല്‍ ഹൈക്കോടതി പരിഗണിക്കും. തോമസ് ഐസകും കിഫ്ബിയുമാണ് ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകിയത്.കിഫ്ബിക്ക് വേണ്ടി അഡ്വക്കറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ് ഹാജരാകും. ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, ജസ്റ്റിസ് വിജി അരുണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
മുഖ്യമന്ത്രിക്ക് ഉപദേശമല്ല, ചികിത്സയാണ് ആവശ്യം
?️സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നല്കുന്ന നികുതി വിഹിതം (ഡെവലൂഷന് ഓഫ് ടാക്സ്) സംബന്ധിച്ച് കോണ്‍ഗ്രസിന് ശക്തമായ എതിര്‍പ്പുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇക്കാര്യം നിയമസഭയിലും പുറത്തും പറഞ്ഞിട്ടുണ്ട്. പക്ഷെ കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി മുഴുവനും കേന്ദ്രം ഉണ്ടാക്കിയതാണെന്ന വാദത്തോടെ യോജിപ്പില്ല.കേന്ദ്ര നല്‍കേണ്ട പണം നല്‍കണം. യൂട്ടലൈസേഷന്‍ സര്‍ട്ടിഫിക്കറ്റും ഓഡിറ്റ് റിപ്പോര്‍ട്ടും നല്‍കാത്തതാണ് പണം നല്‍കാന്‍ വൈകിയതെന്ന് കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഇതെല്ലാം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ഭരണപരമായ കാര്യങ്ങളാണ്. നികുതി വിഹിതം കുറച്ചതില്‍ മാത്രമാണ് പ്രതിപക്ഷത്തിന് എതിര്‍പ്പ്.
കനകക്കുന്നിൽ ചന്ദ്രനിറങ്ങി
?️ലോകപ്രശസ്തമായ “മ്യൂസിയം ഓഫ് മൂൺ’ ഇൻസ്റ്റലേഷൻ ആദ്യമായി കേരളത്തിലെത്തി. ആർട്ടിസ്റ്റ് ലൂക് ജെറമിന്റെ പൂർണമായ മേൽനോട്ടത്തിലാണ് ഇൻസ്റ്റലേഷൻ സ്ഥാപിച്ചത്. രാത്രി 7 മണിക്ക് കനകക്കുന്നിൽ ഏതാണ്ട് 3 നില കെട്ടിടത്തിന്റെ ഉയരത്തിൽ 23 അടി വ്യാസമുള്ള ചന്ദ്രഗോളം ഉദിച്ചുയർന്നു.ചാന്ദ്രപ്രകാശത്തിനു സമാനമായ വെളിച്ചം ഉള്ളിൽ നിന്ന് ഉപരിതലത്തെ പ്രകാശപൂരിതമാക്കിയതിനാൽ പ്രകാശിക്കുന്ന ചന്ദ്രൻ കൺമുന്നിൽ നിൽക്കുന്ന അനുഭവമാണ് കാണികൾക്കു ലഭിച്ചത്. ജനുവരിയിൽ ആരംഭിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ആമുഖമായാണ് ഈ ഇൻസ്റ്റലേഷൻ കനകക്കുന്നിൽ ഒരൊറ്റ രാത്രിയിൽ പ്രദർശിപ്പിച്ചത്.
നവ കേരള സദസ്: എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് അവധി
?️എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് രണ്ട് ദിവസങ്ങളിലായി അവധി പ്രഖ്യാപിച്ചു. നവ കേരള സദസ് നടക്കുന്ന സാഹചര്യത്തിൽ ഗതാഗതക്കുരുക്കിൻ്റെ സാധ്യത കണക്കിലെടുത്താണ് എറണാകുളം ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്.
ഫാറൂഖ് കോളെജിനെതിരേ നിയമ നടപടിക്ക് ജിയോ ബേബി
?️കോഴിക്കോട് ഫറൂഖ് കോളെജിൽ പരിപാടിക്കു ക്ഷണിച്ചതിനു ശേഷം മുൻകൂട്ടി അറിയിക്കാതെ റദ്ദാക്കിയ സംഭവത്തിൽ പ്രതിഷേധവുമായി സംവിധായകൻ ജിയോ ബേബി. കോളെജിലെ ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട പരിപാടിക്കാണു ജിയോ ബേബിയെ ക്ഷണിച്ചിരുന്നത്. അതിനുവേണ്ടി കോഴിക്കോട് എത്തിയ ശേഷമാണു പരിപാടി റദ്ദാക്കിയ വിവരം അറിഞ്ഞത്. ഇതിനു കൃത്യമായ കാരണം ബോധിപ്പിച്ചതുമില്ല.
വിദ്യാർഥികൾ ലിഫ്റ്റ് ചോദിക്കുന്നതിനെതിരേ മോട്ടോർ വാഹന വകുപ്പ്
?️വിദ്യാർഥികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിലേക്കു വരുമ്പോഴും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്. പക്ഷേ, ഇത് അപകടത്തിലേക്ക് നയിക്കാമെന്ന് മുന്നറിയിപ്പ് നൽകുന്നു സംസ്ഥാന മോട്ടോർ വാഹന വകുപ്പ്.വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണെന്നും ജാഗ്രത പാലിക്കണമെന്നും മോട്ടോർവാഹന വകുപ്പ് വ്യക്തമാക്കുന്നു.
സർക്കാർ ഓഫിസുകളിലെ ബോർഡുകളിൽ പകുതി മലയാളം വേണം
?️സർക്കാർ ഓഫിസുകളിലെ എല്ലാ ബോർഡുകളും ആദ്യനേർപകുതി മലയാളത്തിലും രണ്ടാം നേർപകുതി ഇംഗ്ലിഷിലും പ്രദർശിപ്പിക്കണമെന്നു സർക്കുലർ.വാഹനങ്ങളുടെ ബോർഡുകൾ മുൻവശത്ത് മലയാളത്തിലും പിൻവശത്ത് ഇംഗ്ലിഷിലും ഒരേ വലുപ്പത്തിൽ എഴുതി പ്രദർശിപ്പിക്കണം. ഓഫീസ് മുദ്രകൾ, ഉദ്യോഗസ്ഥരുടെ പേരും ഔദ്യോഗിക പദവിയുമടങ്ങുന്ന തസ്തിക മുദ്രകൾ എന്നിവ മലയാളത്തിൽക്കൂടി തയാറാക്കണം.
മജിസ്ട്രേറ്റുമാരും സബ് ജഡ്ജുമാരും ഇനി സിവിൽ ജഡ്ജുമാർ
?️കേരള ജുഡീഷ്യൽ സർവീസിലെ മുൻസിഫ്- മജിസ്ട്രേറ്റ്, സബ്ജഡ്ജ് /ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എന്നീ തസ്തികളുടെ പേരുകൾ പുനർനാമകരണം ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.മുൻസിഫ്- മജിസ്ട്രേറ്റ് എന്നത് സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) എന്നും സബ് ജഡ്ജ് / ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എന്നത് സിവിൽ ജഡ്ജ് (സീനിയർ ഡിവിഷൻ) എന്നുമാണു പുനർനാമകരണം ചെയ്യുക. ഇതിനായി 1991 ലെ കേരള ജുഡീഷ്യൽ സർവീസ് ചട്ടങ്ങൾ ഭേദഗതി ചെയ്യും. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണു മാറ്റം.
ഗോഗമേദിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് രാജസ്ഥാനിൽ ബന്ദ്
?️രാജസ്ഥാനിൽ രജപുത്ര സംഘടനയായ ശ്രീ രാഷ്ട്രീയ രജ്പുത് കർണി സേന ആഹ്വാനം ചെയ്ത ബന്ദിൽ പലയിടത്തും സംഘർഷം. ചെവ്വാഴ്ച സേന പ്രസിഡന്‍റായ സുഖ്ദേവ് സിങ് ഗോഗമേദിയെ വീട്ടിലെത്തിയ ആക്രമിസംഘം വെടിവെച്ചു കൊന്നതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ ബന്ദ് നടത്തുന്നത്. കൊലപാതകവുമായിവ ബന്ധപ്പെട്ടവരെ ഉടൻ കണ്ടെത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഷിർപപഥ് റോഡും ഇവർ തടഞ്ഞു. ചുരു, ഉദയ്പുർ, ആൽവാർ, ജോധ്പുർ എന്നിവിടങ്ങളിലും പ്രതിഷേധങ്ങൾ ഉണ്ടായി. കൊലയാളികൾക്കായി തിരച്ചിൽ നടത്തുകയാണെന്ന് രാജസ്ഥാൻ പൊലീസ് മേധാവി ഉമേഷ് മിശ്ര അറിയിച്ചു.
ഭീഷണിയുമായി വിഘടനവാദി നേതാവ്
?️ഡിസംബർ 13 ന് മുൻപായി പാർലമെന്‍റിന് നേർക്ക് ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുര്‍പത്വന്ദ് സിങ് പുന്നൂന്‍. വീഡിയോ സന്ദേശത്തിലൂടെയാണ് ഭീഷണി. ഇതോടെ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്.2001-ല്‍ ഭീകരവാദികള്‍ നടത്തിയ പാര്‍ലമെന്‍റ് ആക്രമണത്തിന് 22 വര്‍ഷം തികയുന്ന ദിവസമാണ് ഡിസംബര്‍ 13.പാര്‍ലമെന്‍റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്‍റെ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് പുന്നൂന്‍ ഭീഷണി സന്ദേശം പുറത്തുവിട്ടിട്ടുള്ളത്.
കോട്ടപ്പുറം ബിഷപ്പിന്‍റെ സ്ഥാനാരോഹണം ജനുവരി 20ന്
?️കോട്ടപ്പുറം രൂപതയുടെ നിയുക്ത ബിഷപ്പ് മോൺ. ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്‍റെ മെത്രാഭിഷേകം ജനുവരി 20ന് വടക്കൻ പറവൂർ കോട്ടപ്പുറം സെന്‍റ് മൈക്കിൾസ് കത്തീഡ്രലിൽ 3 മണിക്ക് നടക്കും. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മെത്രാഭിഷേക കർമ്മങ്ങളുടെ മുഖ്യ കാർമികനാകും.
രാജ്യത്ത് ഓരോ മണിക്കൂറിലും 3 പേർ കൊല്ലപ്പെടുന്നു
?️രാജ്യത്ത് ഓരോ മണിക്കൂറിലും മൂന്നിലധികം പേർ കൊല്ലപ്പെടുന്നതായി എൻസിആർബി (national crime records bureau) റിപ്പോർട്ട് . ഓരോ ദിവസവും 78 പേർ കൊല്ലപ്പെടുന്നുവെന്നും 2022 ൽ 28,522 പേരാണ് കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2021 ൽ 29,272 പേരും 2020 ൽ 29,193 പേരുമാണ് കൊല്ലപ്പെട്ടത്. ഈ കണക്കനുസരിച്ച് നോക്കിയാൽ 2022 ൽ കൊലപാതകങ്ങളിൽ കുറവുണ്ടായതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തർക്കങ്ങളാണ് കൊലപാതകങ്ങളുടെ പ്രധാന കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
100 വിദേശ വെബ്‌സൈറ്റുകള്‍ കേന്ദ്ര സർക്കാർ നിരോധിച്ചു
?️രാജ്യത്ത് 100 വെബ് സൈറ്റുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ. നിക്ഷേപ, വായ്പ് തട്ടിപ്പുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വിദേശരാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള സൈറ്റുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരിക്കുന്നത്. ലോൺ അപ്പുമായി ബന്ധപ്പെട്ട് നിരവധി കുടുങ്ങിയ സാഹചര്യത്തിലാണ് കേന്ദ്രത്തിന്‍റെ നടപടി. സ്ത്രീകളെയും തൊഴിൽ ഇല്ലാത്തവരേയും യുവാക്കളേയും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരേയും ലക്ഷ്യമിട്ടാണ് ഇത്തരം ആപ്പുകൾ തട്ടിപ്പ് നടത്തിയിരുന്നതെന്ന് ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്‍റർ അറിയിച്ചു. അന്വേഷണത്തിലൂടെ തട്ടിപ്പു നടത്തുന്ന ആപ്പുകൾ കണ്ടെത്തിയാണഇ് നിരോധനം.
നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ 10 ബിജെപി എംപിമാർ രാജിവച്ചു
?️മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച 2 കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ10 ബിജെപി എംപിമാർ രാജിവച്ചു. ഇതോടെ കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി ഉണ്ടാകാനുള്ള സാധ്യത വർധിച്ചു. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമര്‍, സഹമന്ത്രി പ്രഹ്‌ളാദ് പട്ടേല്‍, ഋതി പഥക്, രാകേഷ് സിങ്, ഉദയ് പ്രതാപ് സിങ്, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ദിയ കുമാരി, അരുണ്‍ സോ, ഗോമ്തി സായി തുടങ്ങിയവരാണ് രാജിവച്ചത്. രാജ്യസഭാ എംപി കിരോരി ലാൽ മീണയും രാജി സമർപ്പിച്ചു.
സുഖ്‌ദേവ് സിങ് ഗോഗമേദി വധക്കേസ്: 2 പേർ അറസ്റ്റിൽ
?️രാജസ്ഥാനിലെ പ്രമുഖ രജപുത്ര നേതാവ് സുഖ്‌ദേവ് സിങ് ഗോഗമേദിയെ കൊലപ്പെടുത്തിയ സംഭവത്തിൽ 2 പേർ അറസ്റ്റിൽ. ഹരിയാന മഹേന്ദ്രഘട്ട് സ്വദേശി നിതിൻ ഫൗജി, രാജസ്ഥാൻ സ്വദേശി രോഹിത് സിങ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിൽ വച്ച് 2 പേരെ പൊലീസ് പിടികൂടുന്നത്. ഭൂമി തർക്കവുമായി ബന്ധപ്പെട്ട വിഷയമാണ് കൊലപാതകത്തിന്‍റെ കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5745 രൂപ
പവന് 45960 രൂപ