നെല്ലിയാംപതിയിലെ മാൻ പാറ തുറന്ന് കൊടുക്കണം

നെല്ലിയാമ്പതി: വിനോദ സഞ്ചാരികള്‍ക്ക് മുന്നില്‍ അടഞ്ഞുകിടക്കുന്ന മാന്‍പാറ വ്യൂപോയിന്റ് പുതുവര്‍ഷത്തില്‍ തുറന്നുകിട്ടുമെന്ന പ്രതീക്ഷയിലാണ് നെല്ലിയാമ്പതിക്കാര്‍. പശ്ചിമ ഘട്ട മലനിരകളിലെ ഉയരം കൂടിയ ഈ ഭാഗത്തു നിന്ന് പാലക്കാട് ജില്ലയിലേയും, തമിഴ്‌നാട്ടിലെയും വിദൂര കാഴ്ച്ചകള്‍ കാണാന്‍ കഴിയുന്നതിനാല്‍ നിരവധി സഞ്ചാരികളാണ് മാന്‍പാറയിലേക്ക് ജീപ്പ് യാത്ര നടത്തിയിരുന്നത്. നിരവധി സിനിമകള്‍ക്ക് ലൊക്കേഷന്‍ കൂടിയായിരുന്ന ഈ ഭാഗം പ്രശസ്തവുമാണ്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തിനകത്തു നിന്നും നെല്ലിയാമ്പതി എത്തുന്നവര്‍ കണ്ടിരിക്കേണ്ട സ്ഥലമെന്ന രീതിയില്‍ അടയാളപ്പെടുത്തിയ മാന്‍പാറ 2010 ലാണ് വനം വകുപ്പ് യാത്ര നിരോധനം ഏര്‍പ്പെടുത്തിയത്. ഇതോടെ കാനനകാഴ്ച്ചയും, മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന നെല്ലിയാമ്പതിയുടെ തേയിലത്തോട്ടങ്ങളും, മലനിരകളുടെയും കാഴ്ച്ചകള്‍ സഞ്ചാരികള്‍ക്ക് അന്യമായി. ഇതോടെ നെല്ലിയാമ്പതിയിലെ ടൂറിസവുമായി ബന്ധപ്പെട്ട് കഴിയുന്ന നൂറിലധികം ജീപ്പ് ഡ്രൈവര്‍മാരുടെയും റിസോര്‍ട്ട് ഉടമകളും പ്രതിസന്ധിയിലായി. നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പ്രകൃതി ദൃശ്യങ്ങള്‍ കാണുന്നതിനും ആസ്വദിക്കുന്നതിനും ആവശ്യമായ നടപടികള്‍ വനം വകുപ്പ് സ്വീകരിച്ചില്ല. എന്നാല്‍ നെല്ലിയാമ്പതിയിലെ മിന്നാംപാറയിലേക്കും, കേശവന്‍പാറയിലേക്കും വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഫീസ് ഇടാക്കി ട്രക്കിംങ് അനുവദിക്കുന്നുണ്ട്. എന്നിട്ടും പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമല്ലാതായിരുന്നിട്ടുകൂടി സഞ്ചാരികള്‍ക്ക് തുറക്കാന്‍ നടപടിയുണ്ടായില്ല. മാന്‍പാറയിലേക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് നെല്ലിയാമ്പതി സംരക്ഷണ സമിതി കണ്‍വീനര്‍ റഷീദ് ആലത്തൂര്‍ വനം വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സന് പരാതി നല്‍കി. മാന്‍പാറയിലെ ടൂറിസം സാധ്യതകള്‍ വിലയിരുത്തുന്നതിനും, നേരില്‍ കാണുന്നതിനുമായി ജനുവരി രണ്ടിന് കെ.എഫ്.ഡി.സി. ഡയറക്ടര്‍ പി.എ.റസാഖ് മൗലവി പ്രദേശം സന്ദര്‍ശിക്കും.