ഗോവിന്ദാപുരം : വില്പനയ്ക്കെത്തിച്ച 15 ഗ്രാം എം.ഡി.എം.എ.യുമായി മഹാരാഷ്ട്ര സ്വദേശി ഗോവിന്ദാപുരം ബസ്‌സ്റ്റാൻഡിൽ പിടിയിലായി. തമിഴ് വംശജനായ മുംബൈ മാലാട് വെസ്റ്റ് സായ്നാഥ് ചാവ്ൽ ആരോഗ്യരാജ് മുതലിയാറാണ് (30) പിടിയിലായത്. പാലക്കാട് ജില്ലാ പോലീസ് ലഹരിവിരുദ്ധ സ്ക്വാഡും കൊല്ലങ്കോട് പോലീസും നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ബെംഗളൂരുവിൽനിന്ന് കൊണ്ടുവന്ന ലഹരിമരുന്ന് കൊല്ലങ്കോട് ഭാഗത്തേക്ക് വിതരണത്തിനായി എത്തിച്ചപ്പോഴാണ് പിടിയിലായത്.
കഴിഞ്ഞ ആറുമാസത്തിനുള്ളിൽ, ഗോവിന്ദാപുരംവഴി കടത്തിയ 2.7 കിലോഗ്രാം ഹഷീഷ് ഓയിൽ, 100 ഗ്രാം എം.ഡി.എം.എ. എന്നിവ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൊല്ലങ്കോട് പോലീസും ചേർന്ന് പിടികൂടിയിരുന്നു. ചിറ്റൂർ ഡിവൈ.എസ്.പി. സി. സുന്ദരൻ, പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. ആർ. മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് എസ്.ഐ. എച്ച്. ഹർഷാദ്, കൊല്ലങ്കോട് എസ്.ഐ. മധു ബാലകൃഷ്ണൻ, എ.എസ്.ഐ. കെ.എസ്. സുധീർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജെബിൻ ഷാ, ഹസ്സൻ മുഹമ്മദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.