2023 | നവംബർ 28 | ചൊവ്വ | 1199 | വൃശ്ചികം 12 | രോഹിണി
◾ഉറങ്ങാതെ കേരളം. കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയി പത്തു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഘത്തെ സംസ്ഥാനത്തുടനീളം തെരഞ്ഞ് പോലീസും ജനവും. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അബിഗേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്. മൂത്ത മകന്‍ ജോനാഥനൊപ്പം വൈകുന്നേരം 4.45 നു ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. ഓയൂര്‍ കാറ്റാടിമുക്കില്‍ വെള്ള സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ എത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്. കുഞ്ഞിനെ കണ്ടെത്താന്‍ രാത്രിയിലും തെരച്ചില്‍. പോലീസിനു പുറമേ, നാട്ടുകാരും യുവജന സംഘടനാ പ്രവര്‍ത്തകരും മാത്രമല്ല വിവിധ പ്രദേശങ്ങളില്‍നിന്ന് എത്തിയവരും അന്വേഷണത്തിനിറങ്ങി.
◾കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മൂന്നു മണിക്കൂറിനുശേഷമാണ് മോചനദ്രവ്യമായി അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ട് കുഞ്ഞിന്റെ അമ്മയ്ക്കു ഫോണ്‍ സന്ദേശം എത്തിയത്. പിന്നീട് ബന്ധുവിനെ വിളിച്ച് പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം തന്നാല്‍ രാവിലെ പത്തിനു കുട്ടിയെ തിരിച്ചേല്‍പിക്കുമെന്ന് ഒരു സ്ത്രീയാണ് അറിയിച്ചത്. ഫോണ്‍ നമ്പര്‍ പാരിപ്പള്ളിയിലെ ഒരു കടയിലേതാണ്. സിസിടിവി ദൃശ്യങ്ങളില്‍നിന്നു കണ്ടെത്തിയ കാറിന്റെ നമ്പര്‍ ഒരു ബൈക്കിന്റേതാണ്.
◾ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. റാഞ്ചല്‍ സംഘത്തിലെ രണ്ടു പേര്‍ ഓട്ടോറിക്ഷയില്‍ പാരിപ്പള്ളിയിലെ കടയിലെത്തി ബിസ്‌കറ്റും റെസ്‌കും വാങ്ങിയിരുന്നു. കടയുടമയുടെ ഫോണില്‍നിന്നാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ വിളിച്ചത്. കടയുടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാ ചിത്രം തയ്യാറാക്കിയത്.
◾ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുറ്റമറ്റ അന്വേഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. പൊലീസ് ഊര്‍ജിതമായി അന്വേഷിക്കുകയാണ്. സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
◾നവകേരള സദസിലും ബസിലും ബോംബ് വയ്ക്കുമെന്ന് ഭീഷണിക്കത്ത്. ഗതാഗത മന്ത്രിയുടെ ഓഫീസില്‍ ലഭിച്ച ഭീഷണിക്കത്ത് ഡിജിപിക്കു കൈമാറി. കന്‍ോണ്‍മെന്റ് പൊലീസ് കേസെടുത്തു.
◾പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ആദ്യം പറഞ്ഞത് കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത് നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു സര്‍ക്കാരായതുകൊണ്ടാണ് അങ്ങനെ പറയാന്‍ കഴിഞ്ഞത്. തങ്ങള്‍ മത നിരപേക്ഷമാണെന്ന് അവകാശപ്പെട്ടാല്‍ മാത്രം മതനിരപേക്ഷമാകില്ല. അതിന് ഉരകല്ലുണ്ട്. വര്‍ഗീയതയോട് സന്ധി ചെയ്യില്ലെന്നതാണ് ആ ഉരകല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾മലപ്പുറം എടപ്പാളില്‍ നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അഭിവാദ്യം ചെയ്യാന്‍ നട്ടുച്ചയ്ക്ക് കൊച്ചുകുട്ടികളെ ഒരു മണിക്കൂറോളം റോഡരികില്‍ നിര്‍ത്തി. എടപ്പാള്‍ തുയ്യം ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ഉച്ചയ്ക്ക് ഒന്നരയോടെ റോഡരികില്‍ നിര്‍ത്തിയത്. പൊന്നാനിയില്‍ സ്‌കൂള്‍ ബസുകളിലാണ് ആളുകളെ എത്തിച്ചത്.
◾സര്‍ക്കാര്‍ ആശുപത്രികളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കി മാറ്റണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവു പരിശോധിച്ചുവരികയാണെന്നും എന്തു ചെയ്യണമെന്നു തീരുമാനമെടുത്തിട്ടില്ലെന്നും സംസ്ഥാന ആരോഗ്യ വകുപ്പ്. ഡിസംബര്‍ 31 നു മുമ്പ് കേന്ദ്രം നിര്‍ദേശിച്ച വലുപ്പത്തിലുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചില്ലെങ്കില്‍ ആരോഗ്യ മേഖലയ്ക്കുള്ള കേന്ദ്രവിഹിതം തടഞ്ഞേക്കും.
◾പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാടമ്പിയെപോലെ പെരുമാറുന്നുവെന്നും താനാണ് കോണ്‍ഗ്രസിന്റെ എല്ലാമെന്ന ധാരണയാണ് അദ്ദേഹത്തിനെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കെപിസിസി പ്രസിഡന്റിനെ പോലും സതീശന്‍ അപ്രസക്തനാക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
◾കെ റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന് നവകേരള സദസില്‍ ആവശ്യപ്പെട്ട പാണക്കാട് കുടുംബാംഗം ഹസീബ് തങ്ങളോട് ‘കെ റെയില്‍ പോലൊരു മികച്ച പദ്ധതി നടപ്പിലാക്കാതിരിക്കാനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഹസീബ് തങ്ങള്‍ തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ വെളിപെടുത്തിയത്. മുഖ്യമന്ത്രിയുടെ മറുപടി ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും ഹസീബ് തങ്ങള്‍ പറഞ്ഞു. സര്‍ക്കാര്‍ നടത്തുന്ന പരിപാടിയെ ബഹിഷ്‌കരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന ആമുഖത്തോടെയാണ് അദ്ദേഹം സംസാരിച്ചത്.
◾നവകേരള സദസിന് വേദിയാകുന്ന എറണാകുളം പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മതിലും സ്റ്റേജും കൊടിമരവും പൊളിക്കണമെന്ന് സംഘാടക സമിതി. സംഘാടക സമിതി ചെയര്‍മാന്‍ ബാബു ജോസഫ് നഗരസഭാ സെക്രട്ടറിക്കു നല്‍കിയ കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. പിന്നീട് അവയെല്ലാം നിര്‍മിച്ചുതരാമെന്ന വാഗ്ദാനവും കത്തിലുണ്ട്.
◾തിരൂരില്‍ നവകേരള സദസില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡു ചെയ്തു. മലപ്പുറം ഡിസിസി അംഗം എപി മൊയ്തീനെയാണ് മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയി സസ്പെന്‍ഡു ചെയ്തത്.
◾കുസാറ്റ് ദുരന്തത്തിനു പിറകേ സ്‌കൂള്‍ ഓഫ് എന്‍ജിനിയറിംഗ് പ്രിന്‍സിപ്പല്‍ ഡോ. ദീപക് കുമാര്‍ സാഹുവിനെ മാറ്റി. രജിസ്ട്രാര്‍ക്കു പ്രിന്‍സിപ്പല്‍ നല്‍കിയ കത്ത് പുറത്തായതിനു പിറകേയാണ് നടപടി.
◾കുസാറ്റില്‍ തിക്കിലും തിരക്കിലുംപ്പെട്ട് നാലു പേര്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സുരക്ഷാ വീഴ്ച അടക്കം പരിശോധിച്ച് വിശദീകരണം നല്‍കാന്‍ ആലുവ റൂറല്‍ എസ്.പിക്കും കൊച്ചി സര്‍വകലാശാലാ രജിസ്ട്രാര്‍ക്കും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
◾പ്രമുഖ വ്യവസായിയും ധനലക്ഷ്മി ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സി.കെ. ഗോപിനാഥന്‍ അന്തരിച്ചു. 70 വയസായിരുന്നു. പാലക്കാട് കൂറ്റനാട് സ്വദേശിയാണ്.
◾തൃശൂരില്‍ രണ്ടു വ്യാജ ഡോക്ടര്‍മാര്‍ പിടിയിലായി. കുന്നംകുളം, തൃശൂര്‍ കിഴക്കേക്കോട്ട എന്നിവിടങ്ങളിനിന്നാണ് പൈല്‍സ്, ഫിസ്റ്റുല രോഗങ്ങള്‍ക്കു പാരമ്പര്യ ചികിത്സ നടത്തിയവര്‍ പിടിയിലായത്. കുന്നംകുളം യൂണിറ്റി ആശുപത്രിക്കു സമീപം പൈല്‍സ്, ഫിസ്റ്റുല ക്ലിനിക് നടത്തിയിരുന്ന ബംഗാളി ത്രിദീപ് കുമാര്‍ റോയ്, കിഴക്കുംപാട്ടുകര താഹോര്‍ അവന്യൂവില്‍ മുപ്പതു വര്‍ഷമായി ഹോമിയോ ക്ലിനിക് നടത്തിയിരുന്ന ദിലീപ് കുമാര്‍ സിക്തര്‍ എന്നിവരാണ് പിടിയിലായത്.
◾ന്യൂസിലന്‍ഡിലേക്കും ഇസ്രായേലിലേക്കും ജോലി വിസ നല്‍കാമെന്നു വാഗ്ദാനം നല്‍കി ഒന്നരക്കോടി രൂപയോളം കബളിപ്പിച്ച കേസില്‍ സുല്‍ത്താന്‍ബത്തേരി സ്വദേശി ബാബു മാത്യുവിനെ മുണ്ടക്കയം പൊലീസ് അറസ്റ്റു ചെയ്തു.
◾മലേഷ്യയിലേയ്ക്ക് തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് രണ്ടു ലക്ഷം രൂപാ വീതം തട്ടിയ കേസില്‍ കന്യാകുമാരി വേദനഗര്‍ ഇരുളപ്പപുരം ബാവാ കാസിമിനെ (49) പൊലീസ് അറസ്റ്റു ചെയതു.
◾കോഴിക്കോട് വളയത്ത് ബീഹാര്‍ സ്വദേശി മാലികിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു ജീവപര്യന്തം തടവുശിക്ഷ. ബീഹാര്‍ സ്വദേശി ബച്ചന്‍ ഋഷിയെയാണ് വടകര സെഷന്‍സ് കോടതി ശിക്ഷിച്ചത്. അര ലക്ഷംരൂപ പിഴത്തുക കൊല്ലപ്പെട്ട മാലികിന്റെ ഭാര്യക്കു നല്‍കണം. 2022 മെയ് 21 നാണ് വളയം – കല്ലാച്ചി റോഡ് പണിക്കെത്തിയ തൊഴിലാളി മാലിക് കൊല്ലപ്പെട്ടത്.
◾അര കിലോയോളമുള്ള കല്ല് മൂത്രസഞ്ചിയില്‍നിന്നു നീക്കം ചെയ്തു. ഓച്ചിറ സ്വദേശി അബ്ദുല്‍ റഹ്‌മാന്‍ കുഞ്ഞ് എന്ന 65 കാരന്റെ മൂത്ര സഞ്ചിയില്‍ നിന്നാണ് 15 സെന്റീമീറ്റര്‍ വലിപ്പമുള്ള രണ്ട് കല്ലുകളാണ് അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയിലെ യൂറോളജി വിഭാഗം നീക്കം ചെയ്തത്.
◾ഉത്തര കാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തിറക്കാന്‍ ഡ്രില്ലിംഗ് പുനരാരംഭിച്ചെങ്കിലും രക്ഷാദൗത്യം വൈകുന്നു. അതിവേഗം തുരക്കാനുള്ള എന്‍ജിനിയറിംഗ് സംവിധാനങ്ങളുള്ള കരസേനയുടെ സഹായം തേടാത്തതിനെതിരേ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
◾പാലിന്റെയും മാംസത്തിന്റെയും ഉല്‍പാദനത്തില്‍ രാജ്യത്ത് ഉത്തര്‍പ്രദേശിന് ഒന്നാം സ്ഥാനം. ആകെ പാല്‍ ഉല്‍പ്പാദനത്തില്‍ 15.72 ശതമാനവും ഉത്തര്‍പ്രദേശില്‍നിന്നാണ്. മൊത്തം മാംസ ഉല്‍പാദനത്തിലെ 12.20 ശതമാനവും യുപിയില്‍നിന്നാണ്. 2022-23 ല്‍ രാജ്യത്തെ മൊത്തം പാല്‍ ഉല്‍പ്പാദനം 2305.8 ലക്ഷം ടണ്ണാണ്. മാംസ ഉല്‍പ്പാദനം 97.7 ലക്ഷം ടണ്ണാണ്.
◾കര്‍ണാടകയില്‍ തൊള്ളായിരത്തോളം ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടര്‍ പിടിയിലായി. ഡോ. ചന്ദന്‍ ബല്ലാല്‍ എന്നയാളും സഹായിയും ലാബ് ടെക്നീഷ്യനുമായ നിസാറുമാണ് പിടിയിലായത്. മൂന്നു വര്‍ഷത്തിനിടെയാണ് ഇവര്‍ ഇത്രയേറെ അബോര്‍ഷന്‍ നടത്തിയത്.
◾യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധുവിനെ ഖാലിസ്ഥാന്‍ വിഘടനാവാദികളെ പിന്തുണയ്ക്കുവര്‍ വളഞ്ഞുവച്ചു. ന്യൂയോര്‍ക്കിലെ ഗുരുദ്വാര സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് സംഭവം. കാനഡയില്‍ ഹര്‍ദീപ് സിംഗ് നിജ്ജറിനെ കൊലപ്പെടുത്തിയതിനു പിറകില്‍ യുഎസ് അംബാസഡര്‍ തരണ്‍ജിത്ത് സിംഗാണെന്ന് ആരോപിച്ചാണു തടഞ്ഞുവച്ചത്.
◾ഹമാസ്- ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ രണ്ടു ദിവസത്തേക്കുകൂടി നീട്ടി. ഖത്തര്‍ വിദേശകാര്യ വക്താവ് മാജിദ് അല്‍ അന്‍സാരിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ പ്രഖ്യാപിച്ച നാലു ദിവസത്തെ വെടിനിര്‍ത്തല്‍ ഇന്നലെ അവസാനിക്കാനിരിക്കേയാണ് ഇരുകൂട്ടരും രണ്ടു ദിവസത്തേക്കുകൂടി വെടിനിര്‍ത്തല്‍ നീട്ടാന്‍ തയാറായത്.
◾സാമൂഹിക മാധ്യമ ആപ്പില്‍ പങ്കുവച്ച ചൈനീസ് സ്ത്രീയുടെ വില്‍പത്രം കോടതി റദ്ദാക്കി. സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ട വില്‍പ്പത്രം നിലനില്‍ക്കില്ലന്ന് കോടതി വിധിക്കുകയായിരുന്നു. സ്ത്രീയുടെ മരണത്തിന് പിന്നാലെ വില്‍പ്പത്രത്തിന്റെ ഉള്ളടക്കത്തെ ചൊല്ലി മക്കളും മുത്തശ്ശിയും തമ്മില്‍ തര്‍ക്കമുണ്ടായതോടെയാണ് കേസ് കോടതിയിലെത്തിയത്.
◾ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ഇന്ത്യയുടെ മൂന്നാമത്തെ മത്സരം ഇന്ന്. ഗുവാഹത്തിയില്‍ നടക്കുന്ന മത്സരം വൈകീട്ട് 7 മണിക്ക് ആരംഭിക്കും. ആദ്യ രണ്ട് കളികളിലും ജയിച്ച ഇന്ത്യന്‍ യുവനിരക്ക് ഈ മത്സരം കൂടി ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.
◾ഐപിഎല്‍ 2024 സീസണില്‍ ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കും. ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് തിരികെപ്പോയതിനു പിന്നാലെയാണ് ഗുജറാത്ത് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചിരിക്കുന്നത്.
◾റിസര്‍വ് ബാങ്ക് ആദ്യമായി പുറത്തിറക്കിയ സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ മെച്യുരിറ്റി തുക പ്രഖ്യാപിച്ചു. യൂണിറ്റിന് 6,132 രൂപയാണ് നവംബര്‍ 30ന് കാലാവധി പൂര്‍ത്തിയാകുന്ന സ്വര്‍ണ ബോണ്ടുകള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. 2023 നവംബര്‍ 20നും 24നും ഇടയിലുള്ള ഒരാഴ്ചയിലെ സ്വര്‍ണ വിലയുടെ ശരാശരിയാണ് ഇതിനായി പരിഗണിച്ചത്. 2015 നവംബര്‍ 30നാണ് റിസര്‍വ് ബാങ്ക് ആദ്യ സോവറിന്‍ ഗോള്‍ഡ് ബോണ്ട് പുറത്തിറക്കിയത്. അന്ന് ഒരു ഗ്രാമിന് തുല്യമായ യൂണിറ്റിന് 2,684 രൂപയാണ് നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നതനുസരിച്ച് യൂണിറ്റിന് 6,132 രൂപ വീതം നിക്ഷേപകര്‍ക്ക് തിരികെ ലഭിക്കും. അതായത് എട്ട് വര്‍ഷം കൊണ്ട് ഇരട്ടിയിലേറെ നേട്ടം. 2015 ഒക്ടോബര്‍ 30ന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് ഗോള്‍ഡ് ബോണ്ടിലെ നിക്ഷേപ തുകയ്ക്ക് സ്വര്‍ണത്തിന്റെ വില കൂടാതെ 2.75 ശതമാനം പലിശയും വാഗ്ദാനം ചെയ്തിരുന്നു. പലിശ ആറ് മാസത്തിലൊരിക്കല്‍ നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വരവ് വയ്ക്കുകയാണ് ചെയ്തിരുന്നത്. ഈ പലിശ കൂടി കൂട്ടുമ്പോള്‍ നേട്ടം 13.65 ശതമാനമാകും. എല്ലാവര്‍ഷവും പല ഘട്ടങ്ങളിലായി റിസര്‍വ് ബാങ്ക് സ്വര്‍ണ ബോണ്ട് വില്‍പ്പന നടത്താറുണ്ട്. ഗോള്‍ഡ് ബോണ്ടിന്റെ വ്യവസ്ഥ പ്രകാരം സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിക്കുന്നതിന് മുന്‍പുള്ള മൂന്ന് ദിവസത്തെ ഇന്ത്യന്‍ ബുള്ള്യന്‍ ആന്‍ഡ് ജുവലേഴ്‌സ് അസോസിയേഷന്റെ 999 പരിശുദ്ധിയുള്ള സ്വര്‍ണത്തിന്റെ ശരാശരി വില കണക്കാക്കിയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുക. നിലവില്‍ 2.5 ശതമാനമാണ് ഗോള്‍ഡ് ബോണ്ടിന് പലിശ.
◾മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ ജോഷിയുടെ സംവിധാനത്തില്‍ ജോജു ജോര്‍ജ്ജ് നായകനാകുന്ന ഫാമിലി-മാസ്സ്-ആക്ഷന്‍ മൂവി ‘ആന്റണി’യുടെ ട്രെയിലര്‍ റിലീസായി. ചിത്രം ഡിസംബര്‍ 1 ന് തിയറ്ററുകളിലെത്തും. നെക്സ്റ്റല്‍ സ്റ്റുഡിയോസ്, അള്‍ട്രാ മീഡിയ എന്റര്‍ടൈന്‍മെന്റ് എന്നിവയോടൊപ്പം ചേര്‍ന്ന് ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദര്‍ശന്‍, ആശ ശരത് എന്നിവരാണ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് ‘സരിഗമ’യും തിയേറ്റര്‍ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ് സ്വന്തമാക്കിയിരിക്കുന്നത്. കുടുംബപ്രേക്ഷകരെ പ്രത്യേകം പരിഗണിച്ച് ഒരുക്കിയ ‘ആന്റണി’യില്‍ മാസ്സ് ആക്ഷന്‍ രംഗങ്ങള്‍ക്ക് പുറമെ വൈകാരിക ഘടകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘പൊറിഞ്ചു മറിയം ജോസി’ന്റെ വന്‍ വിജയത്തിന് ശേഷം ജോഷി-ജോജു കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സിനിമയാണ് ‘ആന്റണി’. 2019 ഓഗസ്റ്റ് 23നാണ് ‘പൊറിഞ്ചു മറിയം ജോസ്’ തിയറ്റര്‍ റിലീസ് ചെയ്തത്.
◾നന്ദമുരി ബാലകൃഷ്ണയുടെ ഒടുവിലെത്തിയ ‘ഭഗവന്ത് കേസരി’യും ഹിറ്റ് ചിത്രമായി മാറിക്കഴിഞ്ഞു. ബാലയ്യയുടെ ഭഗവന്ത് കേസരിയുടെ ഫൈനല്‍ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തായി. ഭഗവന്ത് കേസരി ആഗോളതലത്തില്‍ 112.75 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നത്. ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്ന് 88.55 കോടി രൂപയും നേടി. ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്ന് 1.90 കോടി രൂപയും നേടിയെന്നാണ് റിപ്പോര്‍ട്ട്. വിദേശത്ത് ഭഗവന്ത് കേസരി 14.05 കോടി രൂപയും ആകെ നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. ഭഗവന്ത് കേസരി ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. ഹിന്ദി പതിപ്പിനും നന്ദമൂരി ബാലകൃഷ്ണ തന്നെ ഡബ് ചെയ്തിരിക്കുന്നു. ബാലയ്യ നായകനായി അടുത്തിടെയെത്തിയ രണ്ട് സിനിമകളായ അഖണ്ഡയും വീര സിംഹ റെഡ്ഡിയും വന്‍ ഹിറ്റായി മാറിയിരുന്നു. ബാലയ്യ നായകനായി അനില്‍ രവിപുഡി സംവിധാനം ചെയ്ത ഭഗവന്ത് കേസരി ഹാട്രിക് വിജയ ചിത്രമായി മാറുകയും ചെയ്തതിനാല്‍ യുവ നായകന്‍മാരും അമ്പരക്കുകയാണ്. നന്ദമുരി ബാലകൃഷ്ണയ്ക്കും ശ്രീലീലയ്ക്കുമൊപ്പം ചിത്രത്തില്‍ കാജല്‍ അഗര്‍വാളിന് പുറമേ അര്‍ജുന്‍ രാംപാലും പ്രധാന വേഷത്തില്‍ എത്തി.
◾2023 ജനുവരി ഓട്ടോ എക്‌സ്‌പോയില്‍ ആണ് ഹ്യുണ്ടായ് അയോണിക് 5 ഇലക്ട്രിക് എസ്യുവിയെ അവതരിപ്പിച്ചത്. ഇതുവരെ ഈ കാറിന്റെ 1,000 യൂണിറ്റുകള്‍ കമ്പനി വിറ്റു എന്നാണ് പുതിയ റിപ്പോര്‍ട്ട്. കോന ഇലക്ട്രിക് എസ്യുവിക്ക് ശേഷം ഹ്യുണ്ടായിയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക് ഓഫറാണ് ഹ്യുണ്ടായ് അയോണിക് 5 ഇവി. 45.95 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള അയോണിക്ക് 5 രാജ്യത്ത് പ്രാദേശികമായി അസംബിള്‍ ചെയ്യുന്നു. ഹ്യുണ്ടായ് ഗ്രൂപ്പിന്റെ കിയ ഇവി6മായി പങ്കിട്ട ഇ-ജിഎംപി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് അയോണിക്ക് 5 നിര്‍മ്മിച്ചിരിക്കുന്നത്. ഇലക്ട്രിക് എസ്യുവിക്ക് ആഡംബര കാബിനോടുകൂടിയ അസാധാരണമായ ഡിസൈന്‍ ഭാഷയാണ് ലഭിക്കുന്നത്. മോട്ടോര്‍ 350 എന്‍എം പീക്ക് ടോര്‍ക്കും 214 ബിഎച്ച്പിയും ഉത്പാദിപ്പിക്കുന്നു. വെറും 6.1 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ അയോണിക് 5 ന് കഴിയുമെന്ന് ഹ്യുണ്ടായ് അവകാശപ്പെടുന്നു. ഒറ്റ ചാര്‍ജില്‍ 631 കിലോമീറ്ററാണ് ഹ്യുണ്ടായ് അയോണിക് 5-ന്റെ എആര്‍എഐ അവകാശപ്പെടുന്ന റേഞ്ച്. ചാര്‍ജ് ചെയ്യുന്നതിനായി, ഹ്യുണ്ടായ് രണ്ട് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.
◾ഇന്ദുഗോപന്‍ എഴുതുകയാണ്, എപ്പോഴത്തേയും പോലെ ശാന്തമായി ഒരു പുഴയൊഴുകും പോലെ, ഒട്ടുമേ ഇടര്‍ച്ചയില്ലാതെ, അദ്ദേഹത്തിന്റെ ആത്മകഥയാണ്. കടന്ന് പോയ നാടുകള്‍ വീടുകള്‍, ഭൂമിയാണ് ഈ പുസ്തകത്തിന്റെ അടിസ്ഥാനം. ഭൂമിയുടെ അടയാളമാണ് ഗന്ധം. തന്നെ കടന്നുപോയ ഗന്ധങ്ങളിലൂടെ പൂര്‍ണമാകുന്ന ആത്മാനുഭവങ്ങള്‍. ഒപ്പം – എഴുത്ത് എന്ന വാസന. അതിനെ സ്ഫുടം ചെയ്തെടുക്കുന്ന വഴികള്‍. ഹൃദയസ്പര്‍ശിയായ ഓര്‍മകള്‍ തുടങ്ങിയവയിലൂടെയുള്ള സഞ്ചാരവും. ആത്മസുഗന്ധിയായ അനുഭവപുസ്തകം. ‘വാസന’. ജി ആര്‍ ഇന്ദുഗോപന്‍. സൈന്ധവ ബുക്സ്. വില 199 രൂപ.
◾വൈറ്റമിനുകളും ധാതുക്കളും ഫൈബറും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ ഈന്തപ്പഴത്തില്‍ കലോറിയും പഞ്ചസാരയുടെ അളവും കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ മിതമായി കഴിച്ചില്ലെങ്കില്‍ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കുന്നത് ആരോഗ്യം ശോഷിക്കുന്നതിന് കാരണമായേക്കാം. രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് അമിതമായി വര്‍ദ്ധിക്കുന്ന അവസ്ഥയാണ് ഹൈപ്പര്‍കലീമിയ. ഈന്തപ്പഴം പൊട്ടാസ്യത്തിന്റെ സമ്പന്നമായ ഉറവിടമാണ്. അവ കൂടുതല്‍ കഴിക്കുന്നത് ഹൈപ്പര്‍കലീമിയ എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് ലിറ്ററിന് 3.6 മുതല്‍ 5.2 മില്ലിമോള്‍ വരെയാണ് ഉണ്ടാവേണ്ടത്. പൊട്ടാസ്യത്തിന്റെ അളവ് ലിറ്ററിന് 7 മില്ലിമോളില്‍ കൂടുതലായാല്‍ ഉടന്‍ വൈദ്യസഹായം തേടണം. ഈന്തപ്പഴത്തില്‍ കലോറിയും ഊര്‍ജ്ജ സാന്ദ്രതയും കൂടുതലായതിനാല്‍ ശരീരഭാരം വര്‍ധിക്കാനും കാരണമാകും. ഈന്തപ്പഴത്തിന്റെ ഒരു ഗ്രാമില്‍ 2.8 കലോറിയാണ് അടങ്ങിയിട്ടുള്ളത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും ഈന്തപ്പഴം അമിതമായി കഴിക്കുന്നത് കാരണമാകും. ഉണങ്ങിയ പഴങ്ങള്‍ സംരക്ഷിക്കുന്നതിനും ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കുന്നതിനും ചേര്‍ക്കുന്ന രാസ വസ്തുവാണ് സള്‍ഫൈറ്റുകള്‍. ഈന്തപ്പഴത്തിനൊപ്പം ശരീരത്തിലേക്ക് കടക്കുന്ന സള്‍ഫൈറ്റുകള്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ചര്‍മ്മത്തില്‍ തിണര്‍പ്പ്, വയറുവേദന, വയറിളക്കം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്കും സള്‍ഫൈറ്റുകള്‍ കാരണമാകും. പല ഉണങ്ങിയ പഴങ്ങളിലും കാണപ്പെടുന്ന പൂപ്പല്‍ മൂലവും തിണര്‍പ്പ് ഉണ്ടാകാം. ഈന്തപ്പഴം അമിതമായി കഴിക്കുന്നത് മലബന്ധം, വയറുവേദന തുടങ്ങിയ വയറുവേദന പ്രശ്നങ്ങള്‍ക്ക് കാരണമാകും. ആസ്ത്മയുള്ളവരില്‍ 80% ആളുകള്‍ക്കും പൂപ്പല്‍ പോലുള്ള വായുവിലൂടെ പകരുന്ന വസ്തുക്കളോട് അലര്‍ജിയുണ്ട്. ഈന്തപ്പഴം പോലുള്ള ഉണങ്ങിയ പഴങ്ങളിലും കാണപ്പെടുന്ന പൂപ്പലുകളും അലര്‍ജിക്ക് കാരണമാകാം.
ശുഭദിനം
കവിത കണ്ണന്‍
നദീതീരത്തുകൂടി നടന്നുപോകുമ്പോള്‍ അവിടെ ഒരു വയോധികന്‍ ഇരിക്കുന്നത് കണ്ട് അയാള്‍ ചോദിച്ചു: താങ്കള്‍ എന്താണ് ഇവിടെ ഇരിക്കുന്നത്? വയോധികന്‍ പറഞ്ഞു: ഞാന്‍ ഈ നദി വറ്റുന്നതും കാത്തിരിക്കുകയാണ്. എ്ന്നിട്ട് വേണം എനിക്ക് അപ്പുറം കടക്കാന്‍. എന്ത് വിഢ്ഢിത്തമാണ് താങ്കള്‍ പറയുന്നത്? അയാള്‍ ചോദിച്ചു. വെള്ളമില്ലാതാകുന്നതും നോക്കിയിരുന്നാല്‍ താങ്കള്‍ക്കെപ്പോഴെങ്കിലും പുഴ കടക്കാന്‍ ആകുമോ? അപ്പോള്‍ വയോധികന്‍ പറഞ്ഞു: ഇതു തന്നെയാണ് ഈ നാട്ടിലെ ചെറുപ്പക്കാരോട് ഞാന്‍ കാലങ്ങളായി പറയുന്നത്. ജീവിതത്തിലെ പ്രശ്‌നങ്ങളും ഉത്തരവാദിത്തങ്ങളും തീര്‍ന്നതിന് ശേഷം ആഘോഷിക്കാനിരുന്നാല്‍ ഒരിക്കലും ആനന്ദിക്കാനാകില്ല. പക്ഷേ, അത് ആര്‍ക്കും മനസ്സിലാകുന്നില്ല,. ദീര്‍ഘമായ കാത്തിരിപ്പ് വിരസമാണെന്നുമാത്രമല്ല, പ്രയോജനരഹിതവുമാണ്. എന്തെങ്കിലും വരാന്‍വേണ്ടിയോ, എന്തെങ്കിലും ഒഴിവാകാന്‍ വേണ്ടിയോ കാത്തിരിക്കുന്ന ആരും തങ്ങളുടെ ആഗ്രഹങ്ങളിലേക്കെത്തിച്ചേരില്ല. രണ്ട് സത്യങ്ങള്‍ നാം അംഗീകരിച്ചേമതിയാകൂ.. ഒന്ന്. എല്ലാം അനുകൂലമായ ശേഷം യാത്ര തുടങ്ങിയാല്‍ നാം ഒരടിപോലും മുന്നോട്ട് വെക്കില്ല. രണ്ട്. തനിക്ക് വേണ്ടിമാത്രമല്ലാതെ സംഭവിക്കുന്ന ഒരു കാര്യത്തേയും ആര്‍ക്കും തന്നിഷ്ടപ്രകാരം ഉപയോഗിക്കാനാകില്ല. എല്ലാ പ്രശ്‌നങ്ങളുടേയും ഇടയിലൂടെ കടന്നുപോകണം, എന്റെ നല്ലകാലം ഞാന്‍ തന്നെയാണ് സൃഷ്ടിക്കേണ്ടത് എന്ന തിരിച്ചറിവുകള്‍ അവനവന്റെ ആത്മബലത്തേയും കര്‍മശേഷിയേയും വര്‍ദ്ധിപ്പിക്കും. നമുക്ക് കാത്തിരിപ്പ് മതിയാക്കാം.. പ്രതിസന്ധികളെ നേരിടാം, തരണം ചെയ്യാം – ശുഭദിനം.
➖➖➖➖➖➖➖➖