വാർത്താകേരളം

പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ
🖱️ഏറെ ചർച്ച ചെയ്യപ്പെട്ട പൗരത്വ ഭേദഗതി നിയമത്തിന്‍റെ വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. ഇതോടെ നിയമം പ്രാബല്യത്തിൽ വന്നു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിമുകൾ അല്ലാത്തവർക്ക് പൗരത്വം നൽകുന്ന നിയമം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപേ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് അമിത് ഷാ അടക്കമുള്ള കേന്ദ്ര മന്ത്രിമാർ പ്രഖ്യാപിച്ചിരുന്നു. നിയമത്തിന്‍റെ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ പൗരത്വം നൽകുന്നതിനുള്ള നടപടികൾക്ക് തുടക്കമായി.

ഇലക്റ്ററൽ ബോണ്ട് വിവരങ്ങള്‍ ഉടന്‍ പുറത്തുവിടണം; എസ്ബിഐക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം
🖱️ഇലക്റ്ററൽ ബോണ്ട് കേസിൽ എസ്ബിഐക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ബോണ്ട് പ്രകാരം രാഷ്ട്രീയ പാർട്ടികൾക്കു ലഭിച്ച പണത്തിന്‍റെ വിവരങ്ങൾ ചൊവ്വാഴ്ച തന്നെ എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നും മാര്‍ച്ച് 15നകം കമ്മീഷൻ ഇത് പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ബോണ്ടുകളുടെ വിവരങ്ങള്‍ നല്‍കാന്‍ ജൂണ്‍ 30 വരെ സമയംതേടി എസ്ബിഐ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്‍റെ നടപടി.

പൗരത്വ ഭേദഗതി നിയമം രാജ്യത്തെ അസ്വസ്ഥമാക്കാൻ, ഒറ്റക്കെട്ടായി എതിർക്കും: പിണറായി വിജയൻ
🖱️പൗരത്വ നിയമഭേദഗതി ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്രസർക്കാർ‌ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുള്ളതാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സംഘപരിവാറിന്‍റെ ഹിന്ദുത്വ വർഗീയ അജണ്ടയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. മതാടിസ്ഥാനത്തിൽ ഇന്ത്യൻ പൗരത്വത്തെ നിർവചിക്കുകയാണ്. ഇത് മാനവികതയോടും രാജ്യത്തിന്‍റെ പാരമ്പര്യത്തോടും ജനങ്ങളോടുമുള്ള തുറന്ന വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. മാത്രമല്ല തുല്യ അവകാശങ്ങളുള്ള ഇന്ത്യൻ പൗരന്മാരെ പലതട്ടുകളാക്കാനുള്ള നീക്കം ഒറ്റക്കെട്ടായി എതിർക്കപ്പെടണമെന്നും പിണറായി വിജയൻ പറഞ്ഞു.
ഒരുമാസത്തെ ക്ഷേമപെൻഷൻ അനുവദിച്ചു
🖱️സംസ്ഥാനത്ത് ഒരുമാസത്തെ ക്ഷേമപെൻഷൻ അനുവദിച്ച് സംസ്ഥാന സർക്കാർ. വെള്ളിയാഴ്ച പെൻഷൻ വിതരണം ചെയ്യുമെന്ന് ധനവകുപ്പ് അറിയിച്ചു. ഏഴുമാസത്തെ കുടിശിക നിലനിൽക്കെയാണ് പെൻഷൻ അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ഒരുമാസത്തെ ക്ഷേമപെൻഷൻ നൽകാനായി 900 കോടി രൂപയാണ് വേണ്ടത്. അതേസമയം പെൻഷൻ നൽകാത്തത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് സിപിഐ വിമർശനം ഉന്നയിച്ചിരുന്നു.

പൗരത്വ നിയമം കേന്ദ്ര സര്‍ക്കാരിന്‍റെ തെരഞ്ഞെടുപ്പ് സ്റ്റണ്ട്: വി.ഡി. സതീശൻ
🖱️പൗരത്വ നിയമം കേന്ദ്ര സര്‍ക്കാരിന്‍റെ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് യുഡിഎഫ് ചെയർമാനും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശൻ. നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നാളെ യുഡിഎഫ് മണ്ഡലതലങ്ങളില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമം നടപ്പാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് പരസ്പരം ശത്രുക്കളാക്കി അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തി അധികാരം നിലനിര്‍ത്താനുള്ള ഹീനമായ ഫാസിസ്റ്റ് തന്ത്രമാണ് ബിജെപി നടപ്പാക്കുന്നത്.

ലോ കോളെജ് വിദ്യാർഥിനിയെ മർദിച്ച കേസ്; ഡിവൈഎഫ്ഐ പ്രവർത്തകൻ കീഴടങ്ങി
🖱️കടമ്മനിട്ട ലോ കോളെജിലെ വിദ്യാർഥിനിയെ മർദിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫ് പൊലീസിൽ കീഴടങ്ങി. കേസിൽ ഒന്നാം പ്രതി കൂടിയായ തള്ളിയിരുന്നു. അറസ്റ്റു ചെയ്തതിൽ വിമർശനമുയരുന്നതിനിടെയാണ് കീഴടങ്ങിയത്. സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗമാണ് ജയ്സൺ. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ജെയ്സൺ സുപ്രീംകോടതിയെ സമീപിച്ചത്.ഡിസംബർ 20നാണ് നിയമ വിദ്യാർഥിനിക്ക് മർദനമേറ്റത്. 13നു മുൻപു പൊലീസിൽ കീഴടങ്ങാൻ ജയ്സനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. യൂത്ത് കോൺഗ്രസ് സമരത്തെ തുടർന്ന് കഴിഞ്ഞ മാസം ജെയ്സണെ കോളെജിൽ നിന്നും പുറത്താക്കിയിരുന്നു.

വനിതാ പ്രതിനിധ്യം കൊടുക്കാൻ കഴിയാത്തതിൽ വിഷമമുണ്ട്: സതീശൻ
🖱️കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് എഐസിസി വക്താവ് ഷമ മുഹമ്മദ് നടത്തിയ വിമർശനത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഷമ ഒരു പാവം കുട്ടിയാണ്.ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ വനിതകൾക്ക് പ്രാതിനിധ്യം കുറവാണ്,അത് ഉറപ്പാക്കാനാവാത്തതിൽ വിഷമമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സുധാകരന് മറുപടിയുമായി ഷമയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്
🖱️ഷമ മുഹമ്മദ് പാർട്ടിയിലെ ആരുമല്ലെന്ന് കെ. സുധാകരന്‍റെ പ്രതികരണത്തിൽ മറുപടിയായി ഫെയ്സ് ബുക്കിൽ എഐസിസി വക്താവെന്ന് പോസ്റ്റ് ചെയ്ത് ഷമ. കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സ്ത്രീകളെ അവഗണിച്ചെന്ന ഷമ മുഹമ്മദിന്‍റെ വിമർശനത്തോട് രൂക്ഷമായ ഭാഷയിലായിരുന്നു സുധാകരൻ പ്രതികരിച്ചത്. അവരൊന്നും പാർട്ടിയുടെ ആരുമല്ല, വിമർശനത്തെ കുറിച്ച് അവരോടു തന്നെ ചോദിച്ചാൽ മതിയെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പിന്നാലെയാണ് ഫെയ്സ് ബുക്കിൽ എന്‍റെ ഐടി എന്ന അടിക്കൂറിപ്പോടെ ഷമ പോസ്റ്റ് പങ്കുവച്ചത്.

കേരളത്തിലെ ഹാർബറുകളിലേക്ക് ട്രെയിനിൽ മത്സ്യം എത്തിക്കുന്നതിൽ ദുരൂഹത
🖱️ഇതര സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിനുകളിൽ കേരളത്തിലേക്ക് വൻതോതിൽ മത്സ്യം എത്തിക്കുന്നതിൽ. ശീതീകരണ സംവിധാനങ്ങളില്ലാതെ ഒരു ദിവസത്തിലേറെ ട്രെയിനു‌കളിലെ ലഗ്ഗേജ്‌ റേക്കുകളിൽ ഇരിക്കുന്ന മത്സ്യം പ്രധാനമായും നീണ്ടകര, തങ്കശ്ശേരി, വാടി, വിഴിഞ്ഞം, ബേപ്പൂർ പോലുള്ള കേരളത്തിലെ മത്സ്യ ഹാർബറുകളിലേക്കു തന്നെയാണ് എത്തുന്നത്. കേരളത്തിൽ നിന്ന് പിടിച്ച മത്സ്യമെന്ന ലേബലിൽ ഇവിടങ്ങളിൽനിന്നു വിറ്റഴിക്കുകയും ചെയ്യുന്നു.

റബറിന് തറവിലയായി 250 രൂപ; കേന്ദ്ര പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കുന്നതായി തുഷാർ വെള്ളാപ്പള്ളി
🖱️റബറിന് തറവിലയായി 250 രൂപ നിശ്ചയിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബിഡിജെസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. താൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഉറപ്പ് ലഭിച്ചിരിക്കുന്നതെന്നും കോട്ടയത്തുനിന്നും മാറി മത്സരിക്കില്ലെന്നും തുഷാർ പറഞ്ഞു. പുതുപ്പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു തുഷാറിന്‍റെ പ്രതികരണം.

ചതിയന്മാർക്കൊപ്പം പ്രവർത്തിക്കാനില്ല; സിപിഎം അംഗത്വം പുതുക്കില്ലെന്ന് എസ്. രാജേന്ദ്രൻ
🖱️സിപിഎം അഗത്വം പുതുക്കാൻ താത്പര്യമില്ലെന്ന് ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ. സിപിഎം നേതാക്കളെത്തി മെമ്പർഷിപ്പ് പുതുക്കാൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു രാജേന്ദ്രന്‍റെ പ്രതികരണം. പാര്‍ട്ടി അംഗത്വം പുതുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനര്‍ഥം ബിജെപിയില്‍ പോകുമെന്നല്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു. എനിക്ക് മാനസികമായി ഉണ്ടായ വിഷമത്തിന്‍റെ ഭാഗമാണ് ഈ തീരുമാനം. അനുഭവിച്ചത് ഞാനാണ്. എന്നെ പ്രവർത്തിപ്പിക്കരുതെന്ന് കരുതുന്ന ആളുകളും ചതി ചെയ്ത ആളുകളുമാൾക്കുമൊപ്പം നിൽക്കാനും ഇരിക്കാനും പ്രയാസമുണ്ട്’ – രാജേന്ദ്രൻ പ്രതികരിച്ചു.

മലയാളി വിദ്യാര്‍ഥിനി ബംഗളൂരുവിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നു വീണു മരിച്ചു
🖱️ഇടുക്കി ചെമ്മണ്ണാർ സ്വദേശിനിയായ ഫിസിയോതെറാപ്പി വിദ്യാർഥിനി ബംഗളൂരുവിൽ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു. എണ്ണംപ്ലോക്കൽ അനില (19) ആണ് മരിച്ചത്. ശനിയാഴ്ചയാണ് അപകടമുണ്ടായത്. ബംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ഥിനിയായ അനില മരിച്ച വിവരം കോളേജ് അധികൃതരാണ് വീട്ടില്‍ അറിയിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

അമ്പലപ്പുഴയിൽ ചൊവ്വാഴ്ച കോൺഗ്രസ് ഹർത്താൽ
🖱️കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ചൊവ്വാഴ്ച അമ്പലപ്പുഴ തെക്കുപഞ്ചായത്തിൽ ഹർത്താൽ. ദേശീയപാത വികസനത്തിന്‍റെ പേരിൽ അമ്പലപ്പുഴ കച്ചേരിമുക്കിലെ അശാസ്ത്രീയമായ നിർമാണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

കാവേരീ ജലം തമിഴ്നാടിന് വിട്ടു കൊടുക്കുന്ന പ്രശ്നമില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി
🖱️നിലവിലെ സാഹചര്യത്തിൽ കാവേരീ നദീ ജലം തമിഴ്നാടിന് വിട്ടു കൊടുക്കുന്ന പ്രശ്നമില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കൃഷ്ണ രാജ സാഗർ അണക്കെട്ടിൽ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം ഒഴുക്കിയതിനെത്തുടർന്ന് സർക്കാരിനെതിരേ പ്രതിഷേധം ശക്തമായിരുന്നു. എന്നാൽ ബംഗളൂരുവിലേക്കാണ് ജലം നൽകിയതെന്ന് ഡി.കെ. ശിവകുമാർ വ്യക്തമാക്കി. ഇതു വരെയും കർണാടക ജലം തമിഴ്നാട്ടിലേക്ക് നൽകിയിട്ടില്ല. വെള്ളം തുറന്നു വിട്ടാൽ പോലും നാലു ദിവസമെടുത്താണ് ജലം തമിഴ്നാട്ടിലേക്കെത്തുകയെന്നും ശിവകുമാർ പറഞ്ഞു.

പഞ്ഞിമിഠായിയും ഗോപി മഞ്ചൂരിയനും നിരോധിച്ച് കർണാടക
🖱️കൃത്രിമ നിറം ചേർത്ത പഞ്ഞി മിഠായിയും ഗോപി മഞ്ചൂരിയനും നിരോധിച്ച് കർണാടക. ഇവയിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന കൃത്രിമ നിറമാമായ റൊഡാമിൻ -ബി ടാര്‍ട്രാസിന്‍ പോലെയുള്ളവ ചേര്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ആരോഗ്യ മന്ത്രായലം ഇവയുടെ വിൽപ്പന നിരോധിച്ചത്. ആരോഗ്യമന്ത്രാലയം നടത്തിയ പരിശോധനയില്‍ പഞ്ഞിമിഠായിയിലും ഗോപി മഞ്ചൂരിയിലും 107-ഓളം കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയതായി വകുപ്പ് മന്ത്രി ദിനോശ് ഗുണ്ടുറാവു വാർത്താ സമ്മേളത്തിൽ പറഞ്ഞു.

ഗ്യാൻവാപിക്കു പിന്നാലെ മധ്യപ്രദേശിലെ ഭോജശാലയിലും എഎസ്ഐ സർവേ
🖱️മധ്യപ്രദേശിലെ ധർ ജില്ലയിൽ ഭോജശാല ക്ഷേത്രവും കമാൽ മൗല മോസ്കും ഉൾപ്പെടുന്ന വളപ്പിൽ സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് (എഎസ്ഐ) മധ്യപ്രദേശ് ഹൈക്കോടതി അനുമതി നൽകി. വാഗ്‌ദേവിയുടെ ക്ഷേത്രമായാണ് ഹിന്ദു വിശ്വാസികൾ ഭോജശാലയെ കണക്കാക്കുന്നത്. മുസ്‌ലിംകൾക്ക് ഇത് കമാൽ മൗല മോസ്കാണ്. വെള്ളിയാഴ്ചകളിൽ വരുന്ന വിശേഷദിവസങ്ങളിൽ ഇവിടെ സംഘർഷങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തവണ വെള്ളിയാഴ്ചയാണ് വസന്തപൗർണമി. ഈ ദിവസം മുസ്‌ലിംകൾ നിസ്കരിക്കാനും ഹിന്ദുക്കൾ ആരാധിക്കാനും എത്തുന്നത് ഒരേ സമയത്താകും.

രാജസ്ഥാനിലെ ബിജെപി എംപി രാഹുൽ കസ്വാൻ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു
🖱️രാജസ്ഥാനിലെ ബിജെപി എംപിയായ രാഹുൽ കസ്വാൻ കേൺഗ്രസ് അംഗത്വം സ്വീകരിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിലാണ് രാഹുൽ പാർട്ടി അംഗത്വം സ്വീകരിച്ചത്. രാജസ്ഥാനിലെ ചുരു മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ അംഗമാണ് രാഹുൽ. രഷ്ട്രീയ കാരണങ്ങളാൽ ബിജെപിയിൽ നിന്ന് രാജിവെയ്ക്കുകയാണെന്ന് അദ്ദേഹം എക്സ്പ്ലാറ്റ്ഫോമിലൂടെ അറിയിച്ചിരുന്നു. ചുരുവിൽ നിന്ന് രണ്ട് തവണ എംപിയായ രാഹുലിന് ഇത്തവണ ബിജെപി സീറ്റ് നൽകിയിരുന്നില്ല.

ഓസ്കർ വേദിയിൽ തിളങ്ങി നോളന്‍റെ ഓപ്പൻഹൈമർ
🖱️96-മത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ക്രിസ്റ്റഫർ നോളന്‍റെ ഓപ്പൻഹൈമർ വാരിക്കൂട്ടിയത് ഏഴ് അവാർഡുകൾ. മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ട ഓപ്പൻഹൈമറിലൂടെ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനുമായി. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്, ആറ്റം ബോബിന്‍റെ പിതാവ് എന്നറിയപ്പെടുന്ന റോബർട്ട് ഓപ്പൻഹൈമറെ അവതരിപ്പിച്ച കിലിയൻ‌ മർഫിയാണ്. മികച്ച സഹനടനായി ഇതേ ചിത്രത്തിലെ അഭിനയത്തിന് റോബർട്ട് ഡൗണി ജൂനിയർ തെരഞ്ഞെടുക്കപ്പെട്ടു.

5000 കോടിയുടെ കടപ്പത്രം: ലേലം ഇ-കുബേർ സംവിധാനം വഴി
🖱️സംസ്ഥാന വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 5000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കാൻ തീരുമാനം. ഇതിനായുള്ള ലേലം റിസർവ് ബാങ്കിന്‍റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. കേരളത്തിന് 13,608 കോടി രൂപ കടമെടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിനെ തുടർന്നാണിത്. മൊത്തം 26,000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. ഇതിൻമേൽ കേന്ദ്രസർക്കാരുമായി സംസ്ഥാനം ചർച്ച നടത്താൻ കോടതി ആവശ്യപ്പെട്ടിരുന്നു.

സംവിധായകനും നടി കാവേരിയുടെ മുൻ ഭർത്താവുമായ സൂര്യ കിരൺ അന്തരിച്ചു
🖱️തെന്നിന്ത്യൻ സിനിമാ സംവിധായകനും നടി കാവേരിയുടെ മുൻ ഭർത്താവുമായ സൂര്യകിരൺ അന്തരിച്ചു. 48 വയസ്സായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ചതിനെത്തുടർന്ന് കുറച്ചു ദിവസങ്ങളായി ചെന്നൈ ജിഇഎം ആശുപത്രിയിൽ ചികിത്സയിലായിരുന്നു സൂര്യകിരൺ. തിങ്കളാഴ്ച വൈകിട്ടോടെ ചെന്നൈയിലെ വീട്ടിൽ വച്ചാണ് മരണം സ്ഥിരീകരിച്ചത്. ബാല താരമായി സിനിമയിലേക്ക് എത്തിയ സൂര്യ കിരൺ തമിഴ്, മലയാളം, തെലുങ്കു ഭാഷകളിലായി 200 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2003ൽ സത്യം എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്.

അഗ്നി-5 മിസൈൽ പരീക്ഷണം വിജയം
🖱️ഇന്ത്യയുടെ പ്രതിരോധ പദ്ധതിയായ ഓപ്പറേഷൻ ദിവ്യാസ്ത്രയുടെ ഭാഗമായി വികസിപ്പിച്ചെടുത്ത അഗ്നി-5 മിസൈലിന്‍റെ ആദ്യ പരീക്ഷണം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ലോഞ്ച് വെഹിക്കിൾ ഉപയോഗിച്ച് വിവിധ ലക്ഷ്യങ്ങളിൽ ആക്രമണം നടത്താൻ ശേഷിയുള്ള മിസൈലാണ് അഗ്നി-5. പോർമുനകൾ ഉപയോഗിച്ച് ലക്ഷ്യങ്ങൾ ഭേദിച്ചു കഴിഞ്ഞാൽ ലോഞ്ച് വെഹിക്കിൾ തിരിച്ചെത്തും. ഇതു വീണ്ടും ഉപയോഗിക്കാനും സാധിക്കും. ആണവായുധങ്ങൾ അടക്കം അഗ്നി 5 മിസൈലിൽ പോർമുനകളായി ഉപയോഗിക്കാൻ സാധിക്കും.

കൊടും ചൂടിൽ വെന്തുരുകി കേരളം
🖱️സംസ്ഥാനത്ത് ഇനിയും കൊടും ചൂടിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം. തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, മലപ്പുറം, കോഴിക്കോട് കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യത.

തിരുവനന്തപുരം വിമാനത്താവളത്തിന് രാജ്യാന്തര പുരസ്‌കാരം
🖱️എയർപോർട്ട് കൗൺസിൽ ഇന്‍റർനാഷണലിന്‍റെ (എസിഐ) 2023ലെ എയർപോർട്ട് സർവീസ് ക്വാളിറ്റി (എഎസ്‌ക്യു) രാജ്യാന്തര പുരസ്‌കാരം തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിന്. എയർപോർട്ടുകളിലെ മികച്ച ആഗമനം വിഭാഗത്തിലാണ് പുരസ്കാരം. ബെംഗളുരുവിലെ കെംപഗൗഡ ഇന്‍റർനാഷണൽ എയർപോർട്ട്, യുഎഇയിലെ അബുദാബി സായിദ്‌ ഇന്‍റർനഷനൽ എയർപോർട്ട് എന്നിവർക്കും ഈ വിഭാഗത്തിൽ പുരസ്കാരമുണ്ട്.

ചിന്നക്കനാൽ പഞ്ചായത്തിൽ പടർന്നു പിടിച്ച കാട്ടുതീ ശമിച്ചു
🖱️ചിന്നക്കനാൽ പഞ്ചായത്തിൽ നാല് മണിക്കൂളോളമായി പടർന്നു പിടിച്ച കാട്ടുതീയ്ക്ക് ശമനമായി. എല്ലാവർഷവും ഇവിടെ കാട്ടു തീ ഉണ്ടാവാറുണ്ട്. വനം വകുപ്പ് തിരിച്ചിട്ട അതിർത്തിക്കു പുറത്തേക്ക് തീ പടരില്ല എന്നാണ് നാട്ടുകാരുടെ പക്ഷം. ചിന്നക്കാനാൽ- സൂര്യനെല്ലി വനമേഖലയിലെ പുൽമേടുകളിൽ സ്ഥിരമായി ഈ കാട്ടുതീ ഉണ്ടാകുന്നത് വഴി പുൽമേടുകളിലെ ഉണങ്ങിയ പോതപുല്ല് കരിയുകയും പുതുമഴ പെയ്യുമ്പോൾ ആനകൾക്ക് ഇഷ്ടഭക്ഷണം ആയി പുതിയ പുല്ല് കിളിർക്കുകയും ചെയ്യും എന്നാണ് നാട്ടുകാരായ രാജാമണിയും രാജേന്ദ്രനും പറഞ്ഞത്.

മോൺസൺ മാവുങ്കലിന്‍റെ വീട്ടിൽ മോഷണം; വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടമായതായി പരാതി
🖱️പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൺസൺ മാവുങ്കലിന്‍റെ വീട്ടിൽ മോഷണം നടന്നതായി പരാതി. മോൺസൺ മാവുങ്കലിന്‍റെ കലൂരിലുള്ള വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്. മകൻ മനസ് മോൺസൻ എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകിയത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. വീട്ടിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമായെന്ന് സംശയമുണ്ടെന്നും പരാതിയിൽ പറയുന്നു.

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്‍റണ്‍: സാത്വിക്-ചിരാഗ് ഷെട്ടി സഖ്യത്തിന് കിരീടം
🖱️ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ സാത്വിക് സായിരാജ് രങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യത്തിന് കിരീടം. ചൈനയുടെ ലീ ജെ-ഹുയി, യാങ് പോ സുവാന്‍ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സായിരാജ്-ചിരാഗ് സഖ്യത്തിന്‍റെ വിജയം. 37 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ 21-11, 21-17 എന്ന് സ്‌കോറിനായിരുന്നു വിജയം. മത്സരത്തില്‍ ഒരിക്കല്‍ പോലും സ്വാതിക്-ചിരാഗ് സഖ്യത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ ചൈനീസ് സംഘത്തിന് കഴിഞ്ഞില്ല.

ഗോൾഡ് റേറ്റ്
ഗ്രാമിന് 6075 രൂപ
പവന് 48600 രൂപ