ചിറ്റൂർ : നവജാത ശിശുവിനെ വീട്ടിലെ കുളിമുറിയില്‍ വെള്ളം നിറച്ച ബേസിനില്‍ കണ്ടെത്തി. നല്ലേപ്പിള്ളി കണക്കമ്പാറ ഇന്ദിരാ നഗര്‍ കോളനിയില്‍ ശരവണന്റേയും ലിനിയുടെയും 14 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെയാണ് സ്വന്തം വീട്ടിലെ കുളിമുറിയിലുള്ള വെള്ളം നിറച്ച ബേസിനില്‍ കണ്ടെത്തിയത്.27-ാം തിയതി ഉച്ചക്കുശേഷം ഒന്നരമണിയോടെയാണ് സംഭവം. ലിനി തന്റെ കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് അടുത്ത വീട്ടിലെ ഏതാനുംപേര്‍ എത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് വീട്ടിലെ കുളിമുറിയില്‍ വെള്ളം നിറച്ച ബേസിനില്‍ ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു. പ്രാഥമികമായ ശുശ്രൂഷ നടത്തി ഉടൻ ചിറ്റൂര്‍ ഗവ: താലുക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായി തൃശൂര്‍ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
കോയമ്പത്തൂര്‍ സ്വകാര്യ കോളേജിലെ എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥിയായ അഭിനയയുടേയും കൂട്ടുകാരികളുടെയും സമയോചിതമായ ഇടപെടലാണ് നവജാത ശിശുവിന്റെ ജീവൻ രക്ഷിക്കാനായതെന്ന് നാട്ടുകാരും പറഞ്ഞു. ഇവരാണ് വിവരം അറിഞ്ഞ ഉടൻ തിരച്ചില്‍ നടത്തി നവജാത ശിശുവിനെ കണ്ടെത്തി പ്രാഥമിക ശുശ്രൂഷ നടത്തുകയും ചെയ്തത്.ചിറ്റൂര്‍ ഡിവൈ.എസ്.പി സി.സുന്ദരന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം വിശദമായ അന്വേ ഷണം ആരംഭിച്ചു. ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ദ്ധരും സംഭവ സ്ഥലം പരിശോധിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.സതീഷ്, വാര്‍ഡംഗം സദാനന്ദൻ എന്നിവര്‍ സ്ഥലത്തെത്തി.