???????????
2023 | ഡിസംബർ 31 | ഞായർ | 1199 | ധനു 15 | മകം
????????????????
◾പുതുവല്‍സരാഘോഷത്തിന് ഒരുങ്ങി നാടും നഗരവും. കാര്‍ണിവെലുകളില്‍ ആര്‍പ്പുവിളികള്‍ മുഴങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മാത്രമല്ല, ബീച്ചുകളിലും മലയോരങ്ങളിലുമെല്ലാം നവവല്‍സരാഘോഷം. ചുരങ്ങളില്‍ ആഘോഷത്തിനു വിലക്കുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഗതാഗതം അടക്കമുള്ള കാര്യങ്ങളില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി.
◾പെട്രോള്‍ പമ്പുകള്‍ ഇന്നു രാത്രി എട്ടു മുതല്‍ നാളെ രാവിലെ ആറുവരെ അടച്ചിടും. പമ്പുകള്‍ക്കെതിരേയുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് പമ്പുകള്‍ അടച്ചിടുന്നത്.
◾ഇടുക്കിയിലെ കുമളി ചെക്ക് പോസ്റ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. മോട്ടോര്‍ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റിലെ പല ഭാഗത്തായി സൂക്ഷിച്ചിരുന്ന പണം വിജിലന്‍സ് പിടിച്ചെടുത്തു. എക്സൈസ്, ലൈവ്സ്റ്റോക്ക്, മോട്ടോര്‍ വാഹന വകുപ്പ്, ജി എസ് ടി എന്‍ഫോഴ്സ്മെന്റ് എന്നീ വകുപ്പുകളുടെ ഓഫീസ് സമുച്ചയത്തിലായിരുന്നു വിജിലന്‍സ് പരിശോധന. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന അയ്യപ്പ ഭക്തരുടെ വാഹനങ്ങളില്‍നിന്ന് കൈക്കൂലി വാങ്ങുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
◾നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും അടുത്ത രണ്ടു ദിവസം എറണാകുളത്ത്. സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്രന്റെ മരണത്തെത്തുടര്‍ന്ന് മാറ്റിവച്ച നാലുമണ്ഡങ്ങളിലെ നവകേരളസദസാണ് നാളെയും രണ്ടാം തീയതിയുമായി നടക്കുക. തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിലെ നവകേരള സദസാണ് ഈ ദിവസങ്ങളില്‍ നടക്കുക.
◾കേരളത്തിലെ മുക്കിലും മൂലയിലും പൊതു ഗതാഗതം കൊണ്ടുവരുന്ന പദ്ധതി മുഖ്യമന്ത്രി അനുവദിച്ചാല്‍ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ഇടവഴികളിലും പൊതുഗതാഗതം എത്തിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. പഠിച്ച ശേഷം വിവരം പറയാമെന്നു മുഖ്യമന്ത്രി പറഞ്ഞെന്നും ഗണേഷ്‌കുമാര്‍ അറിയിച്ചു.
◾തിരുവനന്തപുരത്തെ നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേരു മാറ്റുന്നു. നേമം സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നാക്കും. കൊച്ചുവേളിയുടെ പേര് തിരുവനന്തപുരം നോര്‍ത്ത് എന്നാക്കും. ഇരു സ്റ്റേഷനുകളേയും തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന്റെ ഉപഗ്രഹ ടെര്‍മിനലുകളുമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണു പേരുമാറ്റം.
◾ലോകമെങ്ങുമുള്ള കേരളീയര്‍ക്ക് സന്തോഷകരവും ഐശ്വര്യപൂര്‍ണവുമായ പുതുവര്‍ഷം ആശംസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിന്റെ പുരോഗതിയും ക്ഷേമൈശ്വര്യങ്ങളും ഐക്യവും ഊട്ടിവളര്‍ത്തി സന്തോഷവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന വര്‍ഷമാകട്ടെ 2024 എന്ന് ഗവര്‍ണര്‍ ആശംസിച്ചു.
◾പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കോവളം തീരത്തു തിരക്ക്. പോലീസ് ഇടറോഡുകളിലടക്കം വാഹന പരിശോധന നടത്തുന്നുണ്ട്. ഇന്ന് അര്‍ദ്ധരാത്രിയോടെ ബീച്ചിലുള്ളവരെ ഒഴിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
◾മൂന്നാം തീയതി ബിജെപി തൃശൂരില്‍ സംഘടിപ്പിക്കുന്ന സ്ത്രീ ശക്തി മോദിക്കൊപ്പം പരിപാടിയില്‍ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം അംഗം മിന്നു മോള്‍, ഗായിക വൈക്കം വിജയലക്ഷ്മി, പെന്‍ഷന്‍ കുടിശികയ്ക്കായി സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച മറിയക്കുട്ടി തുടങ്ങിയവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.
◾സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാലിന് രാവിലെ കൊല്ലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എട്ടാം തീയതി സമാപന സമ്മേളനത്തില്‍ സിനിമാ താരം മമ്മൂട്ടി മുഖ്യാതിഥി ആകും. 239 ഇനങ്ങളിലായി പതിനാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
◾സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹരിത പ്രോട്ടോകോള്‍ പാലിക്കും. ഹരിത കര്‍മ സേനയുടേയും വിദ്യാര്‍ത്ഥികളുടേയും നേതൃത്വത്തിലാണ് കലോത്സവ നഗരി പ്ലാസ്റ്റിക്ക് വിമുക്തമാക്കുക. വിവിധ ഇടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍കൊണ്ട് ക്രിയേറ്റീവ് ഉത്പന്നങ്ങളുണ്ടാക്കാനും തീരുമാനമുണ്ട്.
◾പരാതിക്കാരില്‍നിന്നു കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ഇടുക്കി പെരുവന്താനം പൊലീസ് സ്റ്റേഷനിലെ മൂന്ന് എസ്ഐമാര്‍ക്ക് സസ്പെന്‍ഷന്‍. ബിജു പി ജോര്‍ജ്, സാലി പി, ബഷീര്‍, പി എച്ച് ഹനീഷ് എന്നിവരെയാണ് സസ്പെന്‍ഡു ചെയ്തത്.
◾കുതിരാന്‍ പാലത്തിനു മുകളില്‍ ഇന്നോവ കാറും ട്രെയിലര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരന്‍ മരിച്ചു. പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം. കാറിലുണ്ടായിരുന്ന അഞ്ചുപേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാംഗ്ലൂരില്‍നിന്നു കോട്ടയത്തേക്കു പോകുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കുതിരാനിലെ റോഡ് ഇടിഞ്ഞ ഭാഗത്തു നിര്‍മ്മാണം നടക്കുന്നതിനാല്‍ ഒറ്റ ട്രാക്കിലൂടെയാണ് വാഹനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും കടത്തിവിടുന്നത്.
◾എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഇവരുടെ രണ്ടു പെണ്‍മക്കള്‍ക്കും വെട്ടേറ്റിട്ടുണ്ട്. പിറവം കക്കാട് സ്വദേശി ബേബി (58), ഭാര്യ സ്മിത എന്നിവര്‍ ആണ് മരിച്ചത്. പ്രവാസിയായിരുന്ന ബേബി കുറച്ചു കാലങ്ങളായി നാട്ടിലാണ് താമസം. 18 ഉം 21 ഉം വയസുള്ള പെണ്‍മക്കള്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളാണ്.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾നടക്കാനിറങ്ങിയ പ്രഥമാധ്യാപകന്‍ അജ്ഞാത വാഹനമിടിച്ച് മരിച്ചു. കൊട്ടാരക്കര ചക്കുവരയ്ക്കല്‍ ജിഎച്ച്എസ് സ്‌കൂളിലെ പ്രഥമാധ്യാപകനും ശ്രീകാര്യം ചാവടിമുക്ക് സെയ്ന്റ് ജൂഡ് അപ്പാര്‍ട്ട്മെന്റിലെ താമസക്കാരനുമായ കൊട്ടാരക്കര കോട്ടവട്ടം സുരേഷ് ഭവനില്‍ സുരേഷ് കുമാര്‍(55) ആണ് മരിച്ചത്.
◾പത്തനംതിട്ട മൈലപ്രയില്‍ കടയ്ക്കുള്ളില്‍ വ്യാപാരിയെ കൊലപ്പെടുത്തിയത് മോഷണത്തിനിടെയാണെന്ന് പോലീസ്. കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ഉപയോഗിച്ച കൈലി മുണ്ടുകളും ഷര്‍ട്ടും പൊലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട ജോര്‍ജ് ഉണ്ണുണ്ണിയുടെ കഴുത്തിലെ ഒന്‍പതു പവന്റെ മാല മോഷ്ടിച്ചിട്ടുണ്ട്. കടയിലെ മേശയിലുണ്ടായിരുന്ന പണവും നഷ്ടമായിട്ടുണ്ട്.
◾രാജ്യത്തിന് ഒരു സാമ്പാര്‍ മുന്നണി സര്‍ക്കാരിന്റെ ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി അധികാരത്തിലെത്തും. ജനങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു ബദലില്ല. മോദിയുടെ ഗ്യാരന്റികള്‍ വോട്ട് കിട്ടാനുള്ളതല്ല, രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്കുള്ള ഉറപ്പാണത്. ഒരു തീരുമാനവും തന്റേതല്ല, രാജ്യതാല്‍പര്യം മാത്രമാണ് പരിഗണന. കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലടക്കം ബിജെപി ശക്തമായ മുന്നേറ്റം നടത്തുന്നുണ്ടെന്നും മോദി അവകാശപ്പെട്ടു.
◾രാജ്യത്തെ ഓരോ പെണ്‍കുട്ടിക്കും പുരസ്‌കാരങ്ങളേക്കാള്‍ വലുത് ആത്മാഭിമാനമാണെന്ന് രാഹുല്‍ ഗാന്ധി. മോദി സ്വയം പ്രഖ്യാപിത ബാഹുബലിയാണ്. ഗുസ്തിതാരങ്ങളുടെ കണ്ണീരിനേക്കാള്‍ വലുതാണോ രാഷ്ട്രീയ നേട്ടങ്ങള്‍. രാജ്യത്തിന്റെ സംരക്ഷകനായ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഇത്തരം ക്രൂരത കാണുമ്പോള്‍ വേദനയുണ്ട്. സാമൂഹിക മാധ്യമമായ എക്സിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
◾പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കീ ബാത്തിലാണ് ആശംസകളറിയിച്ചത്. ഈ വര്‍ഷം രാജ്യം ഏറെ നേട്ടങ്ങള്‍ സ്വന്തമാക്കിയെന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ ഊര്‍ജം പുതിയ വര്‍ഷത്തിലും മുന്നോട്ട് പോകാന്‍ സഹായിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
◾മുംബൈയില്‍ ബോംബ് സ്ഫോടനം നടക്കുമെന്ന് അജ്ഞാതന്റെ ഫോണ്‍ഭീഷണി. പോലീസ് സംഘങ്ങള്‍ വിവിധയിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. ഫോണ്‍ വിളിച്ച ആളെ കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ട്.
◾പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് അയോധ്യയിലേക്ക് മാറ്റണമെന്ന് ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. രാമന്റെ പേരില്‍ മോദി വോട്ടും ചോദിക്കും. ജനങ്ങള്‍ക്കു വേണ്ടി മറ്റൊന്നും ചെയ്യാത്തതിനാലാണ് ഇതെന്നും സഞ്ജയ് റാവത്ത് വിമര്‍ശിച്ചു.
◾മ്യാന്‍മറിലെ സൈനിക ക്യാമ്പ് വിഘടനാ വാദികള്‍ പിടിച്ചെടുത്തതോടെ നൂറ്റമ്പതിലേറെ സൈനികര്‍ ഇന്ത്യയിലെ മിസറാമിലുള്ള ലോങ്ടലായ് ജില്ലയില്‍ അഭയം തേടി. അതിര്‍ത്തിയിലുള്ള ആസാം റൈഫിള്‍സിന്റെ കസ്റ്റഡിയിലാണ് ഈ സൈനികര്‍. മ്യാന്മര്‍ സര്‍ക്കാരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് ആസാം റൈഫിള്‍സ് അധികൃതര്‍ അറിയിച്ചു.
◾രാജ്യത്തെ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകള്‍ ഉയര്‍ത്തി. 2024 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തിലെ പലിശ നിരക്കുകളാണ് പുതുക്കി നിശ്ചയിച്ചത്. ഇതോടെ, ചെറുകിട സമ്പാദ്യ പദ്ധതിയില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് ഉയര്‍ന്ന പലിശ ലഭിക്കും. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകള്‍ സര്‍ക്കാര്‍ പാദാടിസ്ഥാനത്തില്‍ പരിഷ്‌കരിക്കാറുണ്ട്. നേരത്തെ നിക്ഷേപം ആരംഭിച്ചവര്‍ക്കും, പുതുതായി നിക്ഷേപം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പുതുക്കിയ പലിശ നിരക്ക് ലഭിക്കുന്നതാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ പ്രത്യേക ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്കും, പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച പലിശ നിരക്കില്‍ വര്‍ദ്ധനവ് ഉണ്ടായതായി ധനമന്ത്രാലയം അറിയിച്ചു. ഇക്കുറി, പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്കില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. എന്നാല്‍, സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. 10 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കായുള്ള സമ്പാദ്യ പദ്ധതിയായ സുകന്യ സമൃദ്ധിയുടെ പലിശ നിരക്കില്‍ 8.2 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. പോസ്റ്റ് ഓഫീസ് വഴിയാണ് ഈ സ്‌കീമില്‍ ചേരാന്‍ കഴിയുക.
◾ജോഷി സംവിധാനം ചെയ്ത് 2019 ല്‍ റിലീസായ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ജോജു ജോര്‍ജ്, നൈല ഉഷ,ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം കേരളത്തിലെ ബോക്സോഫീസില്‍ വന്‍ വിജയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു. ‘നാ സാമി രംഗ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നാഗര്‍ജ്ജുനയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. നാ സാമി രംഗയില്‍ ജോജു ജോര്‍ജ് അഭിനയിച്ച വേഷം നാഗാര്‍ജ്ജുനയാണ് ചെയ്യുന്നത്, ചെമ്പന്‍ വിനോദിന്റെ വേഷം അല്ലാരി നരേഷ് ചെയ്യുന്നു. ആഷിക രംഗനാഥാണ് നായികയായി എത്തുന്നത് രുക്ഷാര്‍ ധില്ലന്‍, മിര്‍ണ മേനോന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തെലുങ്കില്‍ എത്തിയപ്പോള്‍ തൃശ്ശൂര്‍ ഗ്രാമ പാശ്ചത്തലം തീര്‍ത്തും തെലുങ്ക് ഗ്രാമീണ രീതിയിലേക്ക് മാറ്റിയിട്ടുണ്ട്. ചിത്രത്തില്‍ പൊറിഞ്ചു മറിയം എന്നിവരുടെ ഗാനങ്ങള്‍ ഇല്ലെങ്കിലും തെലുങ്കില്‍ അതുണ്ട്. ഇത്തരത്തില്‍ വലിയ മാറ്റങ്ങളോടെയാണ് പൊറിഞ്ചു മറിയം ജോസ് തെലുങ്കില്‍ നാ സാമി രംഗയായി മാറുന്നത്.
◾ശ്രീനാഥ് ഭാസി, അനൂപ് മേനോന്‍, വിശാഖ് നായര്‍, അശ്വത് ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ എം സിദ്ദിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എല്‍എല്‍ബി (ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്സ്) എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജനുവരി 19 ന് ചിത്രം പ്രദര്‍ശനത്തിനെത്തും. റോഷന്‍ അബൂബക്കര്‍, സുധീഷ്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലന്‍, കാര്‍ത്തിക സുരേഷ്, സീമ ജി നായര്‍, നാദിറ മെഹ്‌റിന്‍, കവിത ബൈജു, ചൈത്ര പ്രവീണ്‍ എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങള്‍. രണ്ടത്താണി ഫിലിംസിന്റെ ബാനറില്‍ മുജീബ് രണ്ടത്താണി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസല്‍ അലി നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍, കൈലാസ് എന്നിവര്‍ സംഗീതം പകരുന്നു.
◾തദ്ദേശീയ വാഹന നിര്‍മ്മാണ രംഗത്തെ രണ്ട് പ്രമുഖ കമ്പനികളായ ടാറ്റ മോട്ടോഴ്‌സും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും യഥാക്രമം പഞ്ച് ഇവി ഇലക്ട്രിക് മൈക്രോ എസ്യുവി, നവീകരിച്ച എക്സ്യുവി 300, എക്സ്യുവി 400 എന്നിവ പുറത്തിറക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ്. ടാറ്റയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പഞ്ച് ഇലക്ട്രിക് ജനുവരിയിലോ ഫെബ്രുവരിയിലോ ഷോറൂമുകളില്‍ എത്തും. എന്നിരുന്നാലും ഔദ്യോഗിക ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ല. സിട്രോണ്‍ ഇസി3 യുടെ എതിരാളിയായി സ്ഥിതി ചെയ്യുന്ന ഈ മൈക്രോ ഇവി രണ്ട് ട്രിമ്മുകളില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. എംആര്‍ (ഇടത്തരം റേഞ്ച്), എല്‍ആര്‍ (ലോംഗ് റേഞ്ച്). ആല്‍ഫ ആര്‍ക്കിടെക്ചറിന്റെ പരിഷ്‌ക്കരിച്ച പതിപ്പായ ടാറ്റയുടെ ജെന്‍ 2 ഇവി പ്ലാറ്റ്‌ഫോമില്‍ , ലിക്വിഡ്-കൂള്‍ഡ് ബാറ്ററിയാല്‍ പൂരകമാകുന്ന സ്ഥിരമായ മാഗ്നറ്റ് സിന്‍ക്രണസ് മോട്ടോറായിരിക്കും പഞ്ച് ഇവി പവര്‍ ചെയ്യുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2024 മഹീന്ദ്ര എക്സ്യുവി300 ഫെയ്സ്ലിഫ്റ്റ് ഫെബ്രുവരിയില്‍ ലോഞ്ചിന് ഒരുങ്ങുന്നു. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ് തുടങ്ങിയ പുതിയ ഫീച്ചറുകളും സബ്കോംപാക്റ്റ് എസ്യുവിക്ക് ലഭിക്കും.
◾പൊളിച്ചെഴുത്ത്, അഴിച്ചുപണി എന്നൊക്കെ വിശേഷിപ്പിക്കാവുന്ന കൃതി. കവിതയും ഫാന്റസിയും പൈങ്കിളിയും കഴുകനും അപസര്‍പ്പകനും രാഷ്ട്രീയതത്ത്വസംഹിതയും എല്ലാം ചേര്‍ന്ന മിശ്രിതത്തില്‍ പാകപ്പെടുത്തിയ ഒരപൂര്‍വ്വ നോവല്‍. ‘നാട്ടുക്കൂട്ടം’. സി വി ആനന്ദബോസ്. ഡിസി ബുക്സ്. വില 379 രൂപ.
◾അത്താഴം കഴിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതില്‍ അത്താഴത്തിന് വലിയ പങ്കാണുള്ളത്. അത്താഴം അത്തിപ്പഴത്തോളം എന്ന പഴഞ്ചൊല്ലു പോലെ, രാത്രിയിലെ ആഹാരം കുറച്ച് മാത്രമേ കഴിക്കാവൂ. കൂടാതെ, രാത്രി 8ന് മുമ്പ് ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ഭക്ഷണ സമയം നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കല്‍, ഉപാപചയ നിയന്ത്രണം, ഹൃദയാരോഗ്യം, ഉറക്കചക്രം എന്നിവയെയും ബാധിക്കും. രാത്രിയില്‍ അമിതമായി കഴിക്കുന്നത് ശരീര ഭാരം കൂടുന്നതിനും, കുടവയര്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകും. രാത്രിയില്‍ കഴിക്കുന്ന ആഹാരം ദഹിക്കുന്നതിന് കൂടുതല്‍ സമയം വേണ്ടിവരുന്നു. ഉറങ്ങുന്ന സമയം, നമ്മുടെ ശരീരം വിശ്രമാവസ്ഥയിലായിരിക്കും അതുകൊണ്ട്, ഭക്ഷണം ദഹിക്കാനും സമയം കൂടുതലായി വേണ്ടിവരും. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പായെങ്കിലും ഭക്ഷണം കഴിക്കണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അമിതമായി കൊഴുപ്പ്, പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ഒഴിവാക്കി പകരം പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണങ്ങളാണ് രാത്രിയില്‍ കഴിക്കേണ്ടത്.
?????????????????