പ്രഭാത വാർത്തകൾ*

🔘🔘🔘🔘🔘🔘🔘🔘🔘🔘

 വാർത്തകൾ വിരൽത്തുമ്പിൽ

   *

2024 | ഏപ്രിൽ 26 | വെള്ളി | 1199 | മേടം 13 | അനിഴം l 1445 l ശവ്വാൽ 17
➖➖➖➖➖➖➖➖

◾ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും. രാജ്യത്തെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. കേരളമടക്കം 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്. കര്‍ണാടകയില്‍ 14 സീറ്റിലും രാജസ്ഥാനില്‍ 13 സീറ്റിലും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ എട്ട് സീറ്റിലും മധ്യപ്രദേശില്‍ ഏഴിടത്തും അസം, ബിഹാര്‍ എന്നിവിടങ്ങളില്‍ അഞ്ചിടത്തും ബംഗാള്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ മൂന്നിടത്തും ജമ്മുകശ്മീര്‍, മണിപ്പൂര്‍, ത്രിപുര എന്നിവിടങ്ങളില്‍ ഓരോയിടത്തുമാണ് തിരഞ്ഞെടുപ്പ്. രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.

◾ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണുന്നതിനൊപ്പം മുഴുവന്‍ വിവിപാറ്റുകളിലേയും സ്ലിപ്പുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. രണ്ട് ജഡ്ജിമാരും പ്രത്യേകം വിധികളാണ് പ്രസ്താവിക്കുക.

◾ ഇന്ദിരാ ഗാന്ധിയുടെ സ്വത്ത് ലഭിക്കാന്‍ പൈതൃക സ്വത്ത് അവകാശ നിയമം രാജീവ് ഗാന്ധി റദ്ദാക്കിയെന്ന വിമര്‍ശനവുമായി നരേന്ദ്രമോദി. ഇന്ദിരാഗാന്ധിയുടെ മരണം സംഭവിച്ചപ്പോഴാണ് പഴയ നിയമം റദ്ദാക്കിയതെന്നും സ്വത്ത് നഷ്ടപ്പെടാതിരിക്കാനാണ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ഇത് ചെയ്തതെന്നും മോദി വിമര്‍ശിച്ചു. അദ്ദേഹം എടുത്തുകളഞ്ഞ നികുതിയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ വീണ്ടും കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു.

◾ രണ്ട് യാത്രകള്‍ നടത്തിയാണ് കോണ്‍ഗ്രസ് പ്രകടനപത്രിക തയ്യാറാക്കിയിരിക്കുന്നതെന്നും പ്രകടന പത്രിക കോണ്‍ഗ്രസിന്റേതാണെങ്കിലും അതിലെ ശബ്ദം ജനങ്ങളുടേതാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനാണ് ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

◾ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നത് പ്രധാനമന്ത്രിയുടെ ശീലമായി മാറിയെന്നും ഇത്തരത്തില്‍ സംസാരിക്കുന്ന താങ്കള്‍ താങ്കളുടെ പദവിയുടെ അന്തസ്സ് ഇല്ലാതാക്കുകയാണെന്നും തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയമാണ് താങ്കളെക്കൊണ്ട് ഇത്തരം മോശമായ ഭാഷ പറയിപ്പിച്ചതെന്നും പ്രധാനമന്ത്രിക്കെഴുതിയ തുറന്ന കത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അസമത്വത്തെ കുറിച്ച് ഞങ്ങള്‍ പറയുമ്പോള്‍ നിങ്ങളത് ഹിന്ദുവെന്നും മുസ്ലീമെന്നും ബോധപൂര്‍വ്വം വേര്‍തിരിക്കുന്നുവെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

◾ ആരോപണ ശരങ്ങളുമായി ടി.ജി.നന്ദകുമാറിന്റെ വാര്‍ത്താസമ്മേളനം. ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ ഇ പി ജയരാജനെയും തന്നെയും കണ്ടിരുന്നുവെന്നും ഇടതുമുന്നണി സഹായിച്ചാല്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്നും പകരം എസ്എന്‍സി ലാവലിന്‍ കേസ്, സ്വര്‍ണ്ണക്കടത്ത് കേസ് എന്നിവ സെറ്റില്‍ ചെയ്ത് തരാം എന്ന് ഉറപ്പ് കൊടുത്തുവെന്നും ടി.ജി.നന്ദകുമാര്‍. പക്ഷെ തൃശ്ശൂര്‍ സിപിഐ സീറ്റായതിനാല്‍ ഇ പി സമ്മതിച്ചില്ലെന്നും അങ്ങനെ ആദ്യ ചര്‍ച്ച പരാജയപ്പെട്ടു പോയെന്നും ടി ജി നന്ദകുമാര്‍ പറയുന്നു. അതേസമയം ബിജെപിയില്‍ ചേരാന്‍ ഇ പി ജയരാജന്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും പിണറായിയുടെ രക്ഷകനായാണ് ചര്‍ച്ച നടത്തിയതെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു. ശോഭ സുരേന്ദ്രന്‍ അന്യായമായി കൈയ്യടക്കിയ ഭൂമിയായിരുന്നു തന്നോട് വില്‍ക്കാന്‍ പറഞ്ഞതെന്നും അതിനാലാണ് ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരുന്നതെന്നും നന്ദകുമാര്‍ വ്യക്തമാക്കി.

◾ തന്നെ വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അടിയന്തരമായി അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാവണമെന്നും ഇക്കാര്യത്തില്‍ തെളിവുകള്‍ സഹിതം നന്ദകുമാറിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും നടപടി ഇല്ലെങ്കില്‍ ഡിജിപിയുടെ വീട്ടിനു മുന്നില്‍ സമരം ചെയ്യുമെന്നും ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍ . ഒരു സ്ത്രീയെന്ന നിലയില്‍ തന്നെ അപമാനിക്കാനും ആക്ഷേപിക്കാനും ആണ് നന്ദകുമാര്‍ ശ്രമിക്കുന്നതെന്നും ശോഭ വ്യക്തമാക്കി.

◾ ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയ സിപിഎം നേതാവ് ഇ പി ജയരാജനാണെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ആരോപണത്തിന് മറുപടിയുമായി ഇ.പി.ജയരാജന്‍. കെ സുധാകരനാണ് ബിജെപിയിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നതെന്നും നേരത്തെ സുധാകരന്‍ ബിജെപിയിലേക്ക് പോകാന്‍ വണ്ടി കയറി ചെന്നൈയിലെത്തിയതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് തിരിച്ചയക്കുകയായിരുന്നുവെന്നും ഇപി ജയരാജന്‍ തുറന്നടിച്ചു.

◾ ബിജെപിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തിയ സിപിഎം നേതാവ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ തന്നെയാണെന്ന് ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തലിനൊപ്പം തെളിവുകളും ശോഭ സുരേന്ദ്രന്‍ ഹാജരാക്കി. ജയരാജന്‍ ബിജെപിയില്‍ ചേരുന്നതിനുള്ള 90 ശതമാനം ചര്‍ച്ചകളും പൂര്‍ത്തിയായിരുന്നുവെന്നും പിന്നെ എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജന്‍ പറയട്ടെയെന്നും ശോഭ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

◾ ശോഭാ സുരേന്ദ്രന്‍ പറയുന്നത് കള്ളമാണെന്നും, ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഇപി ജയരാജന്‍. ശോഭ സുരേന്ദ്രനുമായി തന്റെ മകന്‍ ഫോണില്‍ സംസാരിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

◾ ഇപി ജയരാജന്‍ മകന്റെ ഫോണിലൂടെ തന്നെ ബന്ധപ്പെട്ടുവെന്ന ശോഭാ സുരേന്ദ്രന്റെ ആരോപണം നിഷേധിച്ച് ഇപി ജയരാജന്റെ മകന്‍ ജിജിന്ത് രാജ്. ശോഭ സുരേന്ദ്രന്‍ എറണാകുളത്തെ വിവാഹ വീട്ടില്‍ വച്ച് തന്നെ പരിചയപ്പെട്ടിരുന്നു. ഫോണ്‍ നമ്പര്‍ ചോദിച്ചുവാങ്ങിയത് ശോഭയാണ്. ഒന്നുരണ്ട് തവണ ഇങ്ങോട്ട് വിളിച്ചു. പക്ഷേ ഞാന്‍ ഫോണ്‍ എടുത്തില്ല. തന്നെ വിവാദങ്ങളിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും ജിജിന്ത് രാജ് പ്രതികരിച്ചു.

◾ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ സിപിഎം ബിജെപിക്ക് വോട്ട് മറിക്കുമെന്ന് കോണ്‍ഗ്രസ്. ഒരു ബൂത്തില്‍ നിന്ന് സിപിഎമ്മിന്റെ 25 കേഡര്‍ വോട്ട് വീതം ബിജെപിക്ക് നല്‍കാന്‍ ധാരണയായെന്ന് ടി.എന്‍.പ്രതാപന്‍ എംപി ആരോപിച്ചു. വീണാ വിജയനെ സംരക്ഷിക്കാനും എ.സി.മൊയ്തീന്റെയും എം.കെ.കണ്ണന്റെയും അറസ്റ്റ് ഒഴിവാക്കാനുമായി 50,000 വോട്ട് ആണ് സിപിഎം തൃശൂര്‍ മണ്ഡലത്തില്‍ മറിച്ചു നല്‍കുകയെന്നും പ്രതാപന്‍ ആരോപിച്ചു. ബിജെപിക്ക് വോട്ട് നല്‍കുന്നതിന്റെ പേരില്‍ സിപിഎമ്മിനകത്തു തന്നെ പൊട്ടിത്തെറി നടന്നിട്ടുണ്ടെന്നും യഥാര്‍ഥ കമ്യൂണിസ്റ്റുകള്‍ ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്യുമെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.

◾ രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി വി അന്‍വര്‍ എംഎല്‍എക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് മണ്ണാര്‍ക്കാട് കോടതി. അന്‍വറിനെതിരെ കേസെടുക്കാന്‍ നാട്ടുകല്‍ എസ് എച്ച് ഒയ്ക്കാണ് നിര്‍ദേശം നല്‍കിയത്. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

◾ സമസ്ത ഉള്‍പ്പെടെയുള്ള സാമുദായിക സംഘടനകള്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ നിലപാട് എടുക്കുമ്പോള്‍ ചില കേന്ദ്രങ്ങള്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നേതാക്കളെയും പ്രവര്‍ത്തകരെയും അണികളെയും ഭീകരത സൃഷ്ടിച്ച് ഭീഷണിപ്പെടുത്താനുള്ള ഇത്തരം നീക്കങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ലെന്നും ഗോവിന്ദന്‍ പ്രതികരിച്ചു.

◾ പാണക്കാട് സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേര്‍ന്നതല്ലെന്ന് പി വി അന്‍വര്‍ . സാദിഖലിയുടെ ഏകപക്ഷീയവും ധിക്കാരപരവുമായ നിലപാടുകളാണ് ലീഗിനെ പ്രതിസന്ധിയില്‍ എത്തിച്ചത്. ഒരു കാലത്തും ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാത്ത ജിഫ്രി തങ്ങളും കൂടെയുള്ളവരും ഇപ്പോള്‍ എല്‍ ഡി എഫിനൊപ്പം നില്‍ക്കുകയാണെന്നും അപ്പോള്‍ സ്വാഭാവികമായും ലീഗിന് ബേജാര്‍ ഉണ്ടാകും എന്നും അന്‍വര്‍ പറഞ്ഞു.

◾ എല്‍ഡിഎഫിനോട് ജനങ്ങള്‍ കൂടുതലായി അടുക്കുന്നുവെന്ന് കെ കെ ശൈലജ. വ്യക്തിഹത്യ എല്ലായിടത്തും ഉണ്ടായിട്ടുണ്ട്. അതില്‍ നടപടി തുടരും. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥികളെ കാണാന്‍ വമ്പിച്ച ജനക്കൂട്ടം ആണ് എല്ലായിടത്തും എത്തിച്ചേരുന്നതെന്നും ഷൈലജ പറഞ്ഞു.

◾ വയനാട്ടില്‍ നിന്നും പിടിച്ചെടുത്ത കിറ്റുകള്‍ ക്ഷേത്രത്തിലേക്ക് വിതരണം ചെയ്യാനായി ഭക്തന്‍ തയ്യാറാക്കിയ കിറ്റുകളായിരുന്നെന്ന വിശദീകരണവുമായി എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനായി തയ്യാറാക്കിയതെന്ന് കരുതുന്ന കിറ്റുകള്‍ ഇന്നലെ രാത്രി ജില്ലയില്‍ രണ്ടിടങ്ങളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ബത്തേരിയില്‍ കിറ്റുകള്‍ പിടിച്ചെടുത്തതിന് പിന്നാലെ ബി.ജെ.പിക്കെതിരെ എല്‍.ഡി.എഫും യു.ഡി.എഫും രംഗത്തെത്തിയിരുന്നു.

◾ വോട്ടിന് ബിജെപി പണം നല്‍കിയെന്ന ആരോപണവുമായി ഒളരി ശിവരാമപുരം കോളനിയിലെ ഓമന , ലീല എന്നിവര്‍ പരാതി നല്‍കി. പ്രദേശത്തെ ബിജെപി പ്രവര്‍ത്തകനായ സുഭാഷ് വീട്ടിലെത്തി പണം നല്‍കിയെന്നും പണം വേണ്ടെന്ന് പറഞ്ഞ് മടക്കിനല്‍കിയിട്ടും വാങ്ങിയില്ലെന്നും പരാതിക്കാര്‍ പറയുന്നു.

◾ തൃശ്ശൂര്‍ പൂരത്തിന് പൊലീസിന്റെ അനാവശ്യ ഇടപെടല്‍ ഉണ്ടായതുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. വകുപ്പ് തല പരിശോധന ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടായിട്ടുണ്ടോ, കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടത്. ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

◾ കൊല്ലം പരവൂരിലുള്ള അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.അനീഷ്യ ആത്മഹത്യ ചെയ്ത കേസില്‍, കുറ്റാരോപിതരെ അറസ്റ്റ് ചെയ്ത നടപടി നാടകമെന്ന് ജസ്റ്റിസ് ഫോര്‍ അനീഷ്യ ഐക്യദാര്‍ഢ്യ സമിതി ആരോപിച്ചു . പ്രോസിക്യൂഷന്‍ ഡയറക്ടറേറ്റും, പൊലീസും തമ്മിലെ കൂട്ടുകെട്ടില്‍ അവതരിപ്പിക്കപ്പെട്ട നാടകമാണ് ഇത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി എന്ന് ഉറപ്പുവരുത്തിയതിനു ശേഷം, അനീഷ്യ ആത്മഹത്യ ചെയ്ത് മൂന്നുമാസം പിന്നിട്ടിട്ടാണ് അറസ്റ്റ്. ക്രൈം ബ്രാഞ്ച് അന്വേഷണം പ്രതികളെ രക്ഷിക്കാനാണെന്നും, കേസ് സി.ബി.ഐ. അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് അനീഷ്യയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

◾ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാനാണ് ഈ വേഗത്തിലുള്ള നടപടി.

◾ പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല മുന്‍വിസി എംആര്‍ ശശീന്ദ്രനാഥിനെ സസ്പെന്‍ഡ് ചെയ്ത ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു. വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ വിസി വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാണ് ഗവര്‍ണര്‍ നടപടിയെടുക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തത്.

◾ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണം ഗുരുതര സംഭവമെന്ന് ഹൈക്കോടതി. മനുഷ്യത്വരഹിതമായ ആക്രമണമാണ് നിരവധി കുട്ടികള്‍ക്ക് മുന്നില്‍ വിദ്യാര്‍ത്ഥി നേരിടേണ്ടിവന്നത്. ആക്രമണം തടയാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി. നിലവില്‍ കേസ് അന്വേഷിക്കുന്നത് സിബിഐ ആണ്.

◾ അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പട്ന ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ആറു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 20 ഓളം പേരെ കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതായി പട്ന സീനിയര്‍ പൊലീസ് സൂപ്രണ്ട് രാജീവ് മിശ്ര പറഞ്ഞു. ഗോലാംബറിന് സമീപമുള്ള പാല്‍ ഹോട്ടലിലാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

◾ തെലങ്കാനയില്‍ ബി ആര്‍ എസ്സും കോണ്‍ഗ്രസും ചേര്‍ന്ന് നല്‍കിയ മുസ്ലിം സംവരണം അവസാനിപ്പിക്കുമെന്നും ഈ സംവരണം റദ്ദാക്കിയ ശേഷം എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങള്‍ക്കായി വീതിച്ച് നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സിദ്ദിപേട്ടില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ഇത് ബി ജെ പിയുടെ തീരുമാനമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

◾ ജാര്‍ഖണ്ഡില്‍ മത്സരിക്കാന്‍ മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്‍പ്പന സോറന്‍. കല്‍പ്പനയെ ഗാണ്ടേയ് നിയമസഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായാണ് ജെഎംഎം പ്രഖ്യാപിച്ചത്. മെയ് 20 നാണ് ഗാണ്ടേയിലെ ഉപതെരഞ്ഞെടുപ്പ് . ജെഎംഎം എംഎല്‍എ സര്‍ഫറാസ് അഹമ്മദ് രാജി വെച്ച സാഹചര്യത്തിലാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.

◾ ബിജെപി സ്ഥാനാര്‍ത്ഥി കൊമ്പെല്ലാ മാധവി ലതയ്ക്ക് 221.37 കോടി രൂപയുടെ സ്വത്തെന്ന് വെളിപ്പെടുത്തല്‍. തെലങ്കാനയിലെ ഏറ്റവും സമ്പന്നരായ സ്ഥാനാര്‍ത്ഥിയാണ് മാധവി. ബുധനാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

◾ സന്ദേശ്ഖാലിയില്‍ ലൈംഗികാരോപണ കേസിലും ഭൂമികൈയേറ്റ ആരോപണത്തിലും അഞ്ചുപേര്‍ക്കെതിരെ കേസെടുത്ത് സിബിഐ. താന്‍ ലൈംഗിക അതിക്രമത്തിനിരയായെന്നും, തന്റെ ഭൂമി കൈയേറിയെന്നും ആരോപിച്ച് അതിജീവിത നല്‍കിയ പരാതിയിന്‍മേലാണ് കേസെടുത്തത്. നേരത്തെ കല്‍ക്കട്ട ഹൈകോടതിയാണ് സന്ദേശ്ഖാലി വിഷയത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

◾ ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 35 റണ്‍സിന് തോല്‍പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് 20 പന്തില്‍ 50 റണ്‍സെടുത്ത രജത് പട്ടിദാറിന്റേയും 51 റണ്‍സെടുത്ത വിരാട് കോലിയുടേയും മികവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. എന്നാല്‍ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

◾ ആര്‍ബിഐ നടപടിയെ തുടര്‍ന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് കൂപ്പുകുത്തിയതോടെ, ആക്‌സിസ് ബാങ്ക് രാജ്യത്തെ നാലാമത്തെ വലിയ ബാങ്ക്. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ കൊട്ടക് മഹീന്ദ്ര ബാങ്കിനെ മറികടന്നാണ് ആക്‌സിസ് ബാങ്ക് നാലാമതെത്തിയത്. ഓണ്‍ലൈന്‍ വഴി പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നതില്‍ നിന്ന് ആര്‍ബിഐ വിലക്കിയതിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ കൊട്ടക് മഹീന്ദ്ര ബാങ്ക് പത്തുശതമാനമാണ് ഇടിഞ്ഞത്. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ വിപണി മൂല്യം 3.29 ലക്ഷം കോടി രൂപയാണ്. ഓഹരി വില 4.82 ശതമാനം കുതിച്ചതോടെ ആക്‌സിസ് ബാങ്കിന്റെ വിപണിമൂല്യം 3.43 ലക്ഷം കോടി രൂപയായി ഉയര്‍ന്നതോടെയാണ് കൊട്ടക് മഹീന്ദ്ര ബാങ്കിനെ മറികടന്ന് നാലാമതെത്തിയത്. നാലാം പാദത്തില്‍ 7,129 കോടി രൂപ ലാഭം നേടിയതാണ് ആക്‌സിസ് ബാങ്കിന്റെ മുന്നേറ്റത്തിന് സഹായകമായത്. മുന്‍ വര്‍ഷം സമാന കാലയളവില്‍ 5,728 കോടിയായിരുന്ന സ്ഥാനത്താണ് ലാഭത്തില്‍ ഉണ്ടായ വര്‍ധന. എച്ച്ഡിഎഫ്‌സി ബാങ്ക് ആണ് ഒന്നാം സ്ഥാനത്ത്. 11.5 ലക്ഷം കോടി രൂപയാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണിമൂല്യം. രണ്ടാം സ്ഥാനത്ത് ഐസിഐസിഐ ബാങ്ക് ആണ്. 7.78 ലക്ഷം കോടി രൂപ. എസ്ബിഐ ആണ് മൂന്നാം സ്ഥാനത്ത്. 6.99 ലക്ഷം കോടി രൂപ. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരി വില 1,662 രൂപയായാണ് താഴ്ന്നത്.

◾ ദിലീപ് ചിത്രം ‘പവി കെയര്‍ടേക്കറി’ലെ പുതിയ ഗാനം ശ്രദ്ധ നേടുന്നു. ‘പുലര്‍കാലെ പൂവിളികേട്ടു’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. വിജയ് യേശുദാസും നിത്യ മാമനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം ഒരുക്കിയത്. വിനീത് കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം നാളെയാണ് റിലീസ് ചെയ്യാനൊരുങ്ങുന്നത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂഹി ജയകുമാര്‍, ശ്രേയ രുഗ്മിണി, റോസ്മിന്‍, സ്വാതി, ദിലിന രാമകൃഷ്ണന്‍ തുടങ്ങീ അഞ്ച് നായികമാരാണ് ചിത്രത്തിലുള്ളത്. രാജേഷ് രാഘവനാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്. ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സഫടികം ജോര്‍ജ്, അഭിഷേക് ജോസഫ്, മാസ്റ്റര്‍ ശ്രീപത്, ഷൈജു അടിമാലി, ദീപു പണിക്കര്‍, ഷാഹി കബീര്‍, ജിനു ബെന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

◾ പ്രേക്ഷകപ്രീതി നേടിയ സണ്ണി വെയ്ന്‍-അലന്‍സിയര്‍ ചിത്രം ‘അപ്പന്‍’ന് ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യിലെ പ്രോപ്പര്‍ട്ടി പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കുള്ളത്ര തന്നെ പ്രാധാന്യം പ്രോപ്പര്‍ട്ടികള്‍ക്കും ഉണ്ടെന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. പെരുമാനിക്കാരെ പുറം ലോകവുമായ് ബന്ധിപ്പിക്കുന്ന പൊതുശകടം ‘പെരുമാനി മോട്ടോഴ്സ്’ എന്ന ബസ്സിന്റെ ഫോട്ടോയും കൂട്ടത്തിലുണ്ട്. ‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യര്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ മജു തന്നെയാണ് തയ്യാറാക്കിയത്. സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതൊരു ഫാന്റസി ഡ്രാമയാണ്. യൂന്‍ വി മൂവീസും മജു മൂവീസും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിര്‍മ്മാതാവ്. മെയ് മാസത്തില്‍ തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ദീപ തോമസ്, രാധിക രാധാകൃഷ്ണന്‍, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

◾ ആഢംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യൂ മറ്റൊരു ഇലക്ട്രിക് കാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബിഎംഡബ്ല്യൂ ഐ5 എം60 എക്‌സ്‌ഡ്രൈവിന്റെ എക്‌സ് ഷോറൂം വില 1,19,50,000 രൂപയാണ്. പുതിയ കാര്‍ ആല്‍പൈന്‍ വൈറ്റില്‍ നോണ്‍-മെറ്റാലിക് പെയിന്റ് വര്‍ക്കുകളിലും എം ബ്രൂക്ലിന്‍ ഗ്രേ, എം കാര്‍ബണ്‍ ബ്ലാക്ക്, കേപ് യോര്‍ക്ക് ഗ്രീന്‍, ഫൈറ്റോണിക് ബ്ലൂ, ബ്ലാക്ക് സഫയര്‍, സോഫിസ്റ്റോ ഗ്രേ, ഓക്‌സൈഡ് ഗ്രേ, മിനറല്‍ വൈറ്റ് എന്നിവ ഉള്‍പ്പെടുന്ന മെറ്റാലിക് പെയിന്റ് വര്‍ക്കുകളിലും ലഭ്യമാണ്. ഇത് രാജ്യത്തെ എല്ലാ ബിഎംഡബ്ല്യൂ ഡീലര്‍ഷിപ്പുകളിലും ലഭ്യമാണ്. ഏറ്റവും മികച്ച എക്‌സിക്യൂട്ടീവ് സെഡാന്‍ എന്ന വിശേഷണത്തോടെയാണ് കാര്‍ അവതരിപ്പിക്കുന്നത്. നൂറ് കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ 3.8 സെക്കന്‍ഡ് മാത്രം മതി. 230 കിലോമീറ്ററാണ് പരമാവധി വേഗം. ആറ് എയര്‍ബാഗുകള്‍, അറ്റന്റ്റീവ്‌നെസ് അസിസ്റ്റന്‍സ് അടക്കം സുരക്ഷാ സംവിധാനങ്ങളും വാഹനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ഡൈനാമിക് സ്റ്റബിലിറ്റി കണ്‍ട്രോളില്‍ കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍ (സിബിസി), ഓട്ടോ ഹോള്‍ഡോടുകൂടിയ ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, സൈഡ്-ഇംപാക്റ്റ് പ്രൊട്ടക്ഷന്‍ എന്നിവ ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ നിരവധി സുരക്ഷാ സംവിധാനങ്ങളോട് കൂടിയാണ് വാഹനം പുറത്തിറങ്ങുക. മറികടന്ന കിലോമീറ്ററുകള്‍ കണക്കാക്കാതെ രണ്ട് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയോടെയാണ് കാര്‍ വരുന്നത്. റിപ്പയര്‍ അടക്കമുള്ള കാര്യങ്ങള്‍ക്ക് മൂന്നാം വര്‍ഷം മുതല്‍ പരമാവധി അഞ്ചാം വര്‍ഷം വരെ വാറന്റി ആനുകൂല്യങ്ങള്‍ നീട്ടാനും സാധിക്കും. ഉയര്‍ന്ന വോള്‍ട്ടേജ് ബാറ്ററിക്ക് എട്ട് വര്‍ഷത്തേക്ക് അല്ലെങ്കില്‍ 1,60,000 കിലോമീറ്റര്‍ വരെയാണ് വാറന്റി ലഭിക്കുക.

◾ സിനിമാറ്റിക് ശൈലിയില്‍ എഴുതപ്പെട്ട കഥകള്‍. സമകാലത്തിന്റെ നെട്ടോട്ടങ്ങളുടെയും ആധുനികമായ അസ്വാരസ്യങ്ങളുടെയും ഇടയിലൂടെ കടന്നുപോകുന്ന മനുഷ്യജീവിതങ്ങള്‍. അവരുടെ നൊമ്പരങ്ങളും നിസ്സഹായതകളും സന്ധികളും ആഘോഷങ്ങളും ഉശിരിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പുകളും. സായിപ്പ് ടോണിയുടെ തോക്ക്, പരാതി നമ്പര്‍ 1166/2023 പൂപ്പരുത്തി, പരേതയുടെ മെസ്സേജ്, ലാവ, കാട്ടിലെ കരിമ്പത്മനാഭന്‍, കള്ളന്‍ ഡീസന്റ് ആണ്, റാഹേലും ലോറന്‍സും, റോസീറ്റാ തുടങ്ങിയ എട്ട് കഥകളുടെ സമാഹാരം. ‘ലാവ’. എംസി ജോസഫ്. ഗ്രീന്‍ ബുക്സ്. വില 128 രൂപ.

◾ ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാന്‍ ശരീരത്തില്‍ പൊട്ടാസ്യം വളരെ അത്യാവശ്യമാണ്. പൊട്ടാസ്യം കുറഞ്ഞാലും കൂടിയാലും അത് ശരീരത്തെ വളരെ ദോഷകരമായിട്ട് തന്നെ ബാധിയ്ക്കും. മസിലുകളുടേയും പേശികളുടേയും പ്രവര്‍ത്തനത്തിന് പൊട്ടാസ്യം വളരെ അത്യാവശ്യമുള്ള ഒന്നാണ്. ഹൃദയപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാനും പൊട്ടാസ്യത്തിന്റെ സാന്നിധ്യം അനിവാര്യമാണ്. ദഹനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പൊട്ടാസ്യം ലഭിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ഏറ്റവും ദോഷകരമായ അവസ്ഥയാണ് മലബന്ധവും വയറു വീര്‍ക്കലും. വിശപ്പില്ലാത്ത അവസ്ഥ നിങ്ങള്‍ക്കുണ്ടെങ്കില്‍ അതിന് കാരണമാവുന്നതും പലപ്പോഴും പൊട്ടാസ്യത്തിന്റെ അഭാവം തന്നെയാണ്. ശരീരത്തില്‍ സോഡിയം അളവ് കുറയുമ്പോള്‍ പലപ്പോഴും ഇത്തരം അവസ്ഥ ഉണ്ടാവുന്നു. പൊട്ടാസ്യം കൂടുമ്പോള്‍ കിഡ്‌നി പ്രവര്‍ത്തനം തന്നെ നിലച്ചു പോകും. കിഡ്‌നി ശരിയായി രക്തത്തില്‍ നിന്ന് ഇതിനെ അരിച്ചു വേര്‍തിരിക്കുന്നില്ലെന്നതാണ് അതില്‍ നിന്ന് മനസിലാക്കേണ്ടത്. പൊട്ടാസ്യത്തിന്റെ അളവ് കൂടിയാല്‍ ഛര്‍ദ്ദിക്കുകയും ആഹാരം കഴിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. ഹൃദയാഘാതവും പക്ഷാഘാതവും ഇതുമൂലം ഉണ്ടാവും. നെഞ്ചിടിപ്പ് വര്‍ദ്ധിയ്ക്കുന്ന അവസ്ഥ ഉണ്ടാവുന്നതും ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് വ്യക്തമാക്കുന്നു. ഇത് പലപ്പോഴും സ്‌ട്രോക്ക് പോലുള്ള ആരോഗ്യ പ്രതിസന്ധികളിലേക്ക് നയിക്കുന്നു. അമിത ക്ഷീണം നിങ്ങളെ പലപ്പോഴും വളരെയധികം ബുദ്ധിമുട്ടിക്കും. എന്ത് കാര്യം ചെയ്യുമ്പോഴും ക്ഷീണം നിങ്ങളെ അലട്ടുന്നുവെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്.

ശുഭദിനം
കവിത കണ്ണന്‍
അയാള്‍ ദരിദ്രനായിരുന്നുവെങ്കിലും വളരെ സന്തോഷവാനായിരുന്നു. രാത്രി അയാള്‍ ജനാലുകളെല്ലാം തുറന്നിട്ട് സമാധാനത്തോടെ ഉറങ്ങും. എന്നാല്‍ ധനികനായ അയല്‍ക്കാരന്റെ സ്ഥിതി ഇതായിരുന്നില്ല. എല്ലാം കെട്ടിപ്പൂട്ടിവെച്ച് അയാള്‍ തന്റെ നിധി കാത്തു.. മാത്രമല്ല, പല ദിവസങ്ങളിലും ഉറക്കവും സമാധാനവുമില്ലാത്ത രാത്രികളും പകലുകളമായിരുന്നു അയാളെ തേടിയെത്തിയത്. തന്റെ അയല്‍ക്കാരന്റെ സന്തോഷത്തില്‍ അയാള്‍ക്ക് അസൂയതോന്നി. ഒരു ദിവസം ഒരു പെട്ടിനിറയെ പണവുമായി അയാള്‍ അയല്‍ക്കാരന്റെ വീട്ടിലെത്തി. പണം കണ്ടപ്പോള്‍ അയാള്‍ക്ക് സന്തോഷമായി. പക്ഷേ, തുടര്‍ന്നുളള പകലും അന്ന് രാത്രിയും അയല്‍ക്കാരന്റെ സമാധാനം നഷ്ടപ്പെട്ടു. രാത്രി ഉറക്കവും.. പിറ്റെ ദിവസം തന്നെ അയല്‍ക്കാരന്‍ പണമടങ്ങിയപെട്ടി അയാളെ തിരിച്ചേല്‍പ്പിച്ചു. ഒന്നും നഷ്ടപ്പെടാനില്ലാത്ത ജീവിതമാണ് സ്വാതന്ത്ര്യത്തിന്റെ പരകോടി. മറ്റാരെങ്കിലും എന്തെങ്കിലും കവര്‍ന്നെടുക്കുമെന്ന ചിന്തവന്നാല്‍ പിന്നീടുളള ഒരു നിമിഷം പോലും സന്തോഷകരമായി ജീവിക്കാന്‍ സാധിക്കില്ല. സ്വന്തമാക്കുന്നതെല്ലാം സ്വതന്ത്രമായ ശ്വാസോച്ഛ്വാസത്തിനുപോലും വിഘാതമാകുന്നുവെങ്കില്‍ അവയെ ഉപക്ഷേിക്കുന്നതു തന്നെയാണ് നല്ലത്.. കാരണം അവിടെ നിന്നാണ് സന്തോഷത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വാതില്‍ തുറക്കപ്പെടുന്നത് – ശുഭദിനം.
➖➖➖➖➖➖➖➖