വാർത്താകേരളം


                     

04.12.2023 

ഉത്തരേന്ത്യയിൽ വെന്നിക്കൊടി പാറിച്ച് ബിജെപി; തെലങ്കാനയിൽ ചരിത്രവിജയവുമായി കോണ്‍ഗ്രസ്
?️ഉത്തരേന്ത്യയിൽ തകർപ്പൻ വിജയം സ്വന്തമാക്കി ബിജെപി. നാലിടങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികരത്തിലേക്ക്. ഒരു സംസ്ഥാനത്തും മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യപിക്കാതെ മോദിയെ മുന്നിൽ നിർത്തി മത്സരിച്ചാണ് രാജസ്ഥാനിലും ഛത്തീസ്ഗഢിലും മധ്യപ്രദേശിലും ബിജെപി വിജയക്കൊടി പാറിച്ചിരിക്കുന്നത്. ശിവരാജ് സിങ് ചൗഹാന്‍ മാജിക്കും സ്ത്രീവോട്ടര്‍മാര്‍ക്ക്‌ അദ്ദേഹത്തിലുള്ള വിശ്വാസവും അതിനൊപ്പം കേന്ദ്രമന്ത്രിമാരെയും എംപിമാരെയും ഇറക്കിയാണ് ബിജെപി മധ്യപ്രദേശില്‍ കാര്യങ്ങള്‍ തിരുത്തിയെഴുതിയത്.അതേസമയം, തെലങ്കാനയിൽ കെസിആറിന്‍റെ പ്രതീക്ഷകളെ തകർത്തെറിഞ്ഞ് കോൺഗ്രസ് തകർപ്പൻ വിജയത്തിലൂടെയാണ് അധികാരത്തിലേക്കെത്തുന്നത്.തെലങ്കാനയിൽ ചരിത്രവിജയവുമായി കോണ്‍ഗ്രസ് സ്വന്തമാക്കിയിരിക്കുന്നത്.

രാഹുലിനും പ്രിയങ്കയ്ക്കും തിരിച്ചടിയായി മധ്യപ്രദേശും ഛത്തിസ്‌ഗഡും
?️രാജസ്ഥാനിൽ ബിജെപിയുടേത് പ്രതീക്ഷിച്ച വിജയമാണ്. എന്നാൽ മധ്യപ്രദേശിലെ മഹാവിജയവും ഛത്തിസ്ഗഡിലെ അട്ടിമറിയും ആരും പ്രതീക്ഷിച്ചതല്ല. 2018ൽ കോൺഗ്രസ് വിജയിച്ച മൂന്നു സംസ്ഥാനങ്ങളും ബിജെപിക്ക് നൽകിയ വലിയ ഭൂരിപക്ഷം ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്‍റ ആത്മവിശ്വാസത്തെക്കൂടി ബാധിക്കും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളിൽ കോൺഗ്രസിനേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധി വാദ്‌രയ്ക്കും ഒഴിഞ്ഞുമാറാനാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

തകർന്നത് കെഎസിആറിന്‍റെ ദേശീയ രാഷ്‌ട്രീയ മോഹം
?️തെലങ്കാനയിലെ കോൺഗ്രസ് വിജയം തകർത്തത് കെ. ചന്ദ്രശേഖര റാവുവിന്‍റെ ഹാട്രിക് സ്വപ്നവും ദേശീയ രാഷ്‌ട്രീയ മോഹങ്ങളും. ഇന്ദ്രപ്രസ്ഥം ലക്ഷ്യമിട്ട് പാർട്ടിയുടെ പേര് തെലങ്കാന രാഷ്‌ട്ര സമിതി എന്നതിൽ നിന്ന് ഭാരത് രാഷ്‌ട്ര സമിതിയാക്കി മാറ്റിയ കെസിആറിനെ സ്വന്തം നാട്ടുകാർ തന്നെ കൈയൊഴിയുകയായിരുന്നു. ഹിന്ദി ഭൂമികയിൽ തകർന്ന കോൺഗ്രസിനാകട്ടെ, തെലങ്കാനയിലെ വിജയം പിടിവള്ളിയായി. ദക്ഷിണേന്ത്യയിൽ കർണാടകയിലും കേരളത്തിലുമായി ചുരുങ്ങിയ പാർട്ടിയുടെ തെലുങ്കുനാട്ടിലെ വേരുകൾ വീണ്ടെടുക്കാനായത് ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആത്മവിശ്വാസം നൽകും.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം രാജ്യസഭയിൽ ബിജെപിക്കു കരുത്താകും
?️നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയം ഏപ്രിലിൽ നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു നേട്ടമാകും. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റേതുൾപ്പെടെ 59 എംപിമാരാണ് ഏപ്രിൽ ആദ്യവാരം രാജ്യസഭയിൽ നിന്നു വിരമിക്കുന്നത്. ഇവരിൽ 12 പേർ ഇപ്പോൾ തെരഞ്ഞെടുപ്പു നടന്ന തെലങ്കാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളിൽ നിന്നാണ്. 245 അംഗ രാജ്യസഭയിൽ ആറ് ഒഴിവുകളുണ്ട്. ബിജെപിക്ക് നിലവിൽ 94 എംപിമാരാണുള്ളത്. കോൺഗ്രസിന് 30 പേർ. എൻഡിഎ ഘടകക്ഷികൾ കൂടി ചേർന്നാലും ഇപ്പോൾ കേന്ദ്ര സർക്കാരിന് ഭൂരിപക്ഷമില്ല. വൈഎസ്ആർ കോൺഗ്രസും ബിജെഡിയും ഉൾപ്പെടെ കക്ഷികൾ പ്രശ്നാധിഷ്ഠിത പിന്തുണ നൽകുന്നതാണ് നിർണായക ബില്ലുകൾ പാസാക്കാൻ സർക്കാരിന് തുണയാകുന്നത്.

ഛത്തിസ്‌ഗഡ് മുഖ്യമന്ത്രിയാകാൻ രമൺ സിങ്ങും അരുൺ സാവയും
?️അഞ്ചു വർഷത്തെ ഇടവേളയ്ക്കുശേഷം ബിജെപി അധികാരത്തിൽ തിരിച്ചെത്തിയ ഛത്തിസ്ഗഡിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യത കൽപ്പിക്കുന്നത് രമൺ സിങ്ങിനും അരുൺ സാവയ്ക്കും. മുതിർന്ന ആർഎസ്എസ് നേതാവ് അഭ്യാരാം സാവയുടെ മകനാണ് അരുൺ. എബിവിപിയിലും യുവമോർച്ചയിലും പ്രവർത്തിച്ച സാവോ 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ 1.4 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2018ൽ ഒബിസി വിഭാഗങ്ങളുടെ പിന്തുണയുള്ള ഭൂപേഷ് ബഘേലിനെ കോൺഗ്രസ് മുഖ്യമന്ത്രിയാക്കിയതിനു മറുപടിയായാണ് ബിജെപി അരുണിനെ നേതൃത്വത്തിലേക്കു കൊണ്ടുവന്നത്.

മധ്യപ്രദേശിൽ അഞ്ചാമൂഴം കാത്ത് ചൗഹാൻ
?️മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിങ് ചൗഹാന് അഞ്ചാമൂഴം ലഭിച്ചേക്കും. ആരെയും മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയില്ലെങ്കിലും തെരഞ്ഞെടുപ്പിലെ വൻ വിജയമാണ് ചൗഹാനു സാധ്യത വർധിപ്പിച്ചത്. നിയമസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിനടുത്താണു ബിജെപിയുടെ നില. ചൗഹാൻ സർക്കാരിന്‍റെ വനിതാ ക്ഷേമ പദ്ധതികൾ വിജയത്തിൽ നിർണായക പങ്കുവഹിച്ചെന്ന് വിലയിരുത്തുന്നുണ്ട് നേതൃത്വം. സ്ഥിരം തട്ടകമായ ബുധിനിയിൽ 1,04,974 വോട്ടിനാണ് ചൗഹാന്‍റെ വിജയമെന്നതും അവഗണിക്കാനാവില്ല കേന്ദ്ര നേതൃത്വത്തിന്.

രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് 5 പേർ പരിഗണനയിൽ
?️വസുന്ധര രാജെ സിന്ധ്യയ്ക്ക് മുഖ്യമന്ത്രിയായി മൂന്നാമൂഴം ലഭിക്കുമോ എന്നതാണ് രാജസ്ഥാനിൽ ബിജെപി അധികാരത്തിലേക്കു മടങ്ങിയെത്തുമ്പോൾ ഉയരുന്ന ചോദ്യം. ഏറെക്കാലമായി ബിജെപി കേന്ദ്ര നേതൃത്വവുമായി രസത്തിലല്ല വസുന്ധര. നിയമസഭാ തെരഞ്ഞെടുപ്പിൽ ആരെയും മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടാതിരുന്നത് വസുന്ധരയെ ഒഴിവാക്കാനാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, സംസ്ഥാന ബിജെപിയിലെ കരുത്തുറ്റ നേതാവായതിനാൽ കേന്ദ്ര നേതൃത്വത്തിന് അവരെ അവഗണിക്കാനാവില്ലെന്നതാണ് യാഥാർഥ്യം. അഞ്ചു നേതാക്കൾക്കാണ് പ്രധാനമായും സാധ്യത കൽപ്പിക്കപ്പെടുന്നത്.

തെലങ്കാനയിൽ തുണയായത് കനുഗോലുവിന്‍റെ കൗശലങ്ങൾ
?️തെലങ്കാനയിൽ പിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡി കോൺഗ്രസിനെ മുന്നിൽ നിന്നു നയിച്ചപ്പോൾ അണിയറയിൽ നിശബ്ദമായി പ്രവർത്തിച്ചത് തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനുഗോലു. റെഡ്ഡിക്കും കനുഗോലുവിനും വേണ്ട പിന്തുണയും പിൻബലവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും.പ്രശാന്ത് കിഷോറിന്‍റെ ഐ പാക്കിനൊപ്പം തെരഞ്ഞെടുപ്പു രംഗത്തെത്തിയ കനുഗോലു കർണാടകയിൽ കോൺഗ്രസിന്‍റെ വിജയത്തോടെയാണ് ദേശീയ ശ്രദ്ധയാകർഷിക്കുന്നത്.

‘കുട്ടിയെ തട്ടിക്കൊണ്ടുപോയത് നവകേരള സദസിന് പണം കണ്ടെത്താനെന്ന് സോഷ്യൽ മീഡിയ പോസ്റ്റ്; യുവാവിനെതിരേ കേസ്
?️കൊല്ലത്ത് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും നവകേരള സദസിനുമെതിരേ അപവാദപ്രചാരണം നടത്തിയ ആൾക്കെതിരേ കേസ്. കാസർഗോഡ് കുഞ്ചത്തൂർ സ്വദേശി അബ്ദുൾ മനാഫിനെതിരേയാണ് (48) മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയത് നവകേരള സദസിന് പണം കണ്ടെത്തുന്നതിനാണെന്നും മുഖ്യമന്ത്രിക്ക് ഇതിൽ പങ്കുണ്ടെന്നുമായിരുന്നു ഇയാൾ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തിയത്. ഇയാളെ സ്റ്റേഷനിൽ വരുത്തി ഫോൺ പിടിച്ചെടുത്തശേഷം നോട്ടീസ് നൽകി വിട്ടയച്ചു. ഐടി നിയമം, കലാപ ആഹ്വാനം, ഇന്ത്യൻ ശിക്ഷാനിയമം 153-ാം വകുപ്പ് തുടങ്ങിയവ പ്രകാരമാണ് കേസെടുത്തത്.

കുസാറ്റ്‌ ദുരന്തം: സംഘാടനപ്പിഴവെന്ന്‌ പ്രാഥമികനിഗമനം
?️കുസാറ്റ്‌ ദുരന്തത്തിന്‌ വഴിവച്ചത്‌ സംഘാടനത്തിലെ പാളിച്ചയെന്ന്‌ പൊലീസിന്റെ പ്രാഥമികനിഗമനം. ലഭിച്ചിരിക്കുന്ന മൊഴികൾ, വീഡിയോ ദൃശ്യങ്ങൾ, അന്വേഷണത്തിന്റെ ഭാഗമായി ഇതിനകം ലഭിച്ച വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ നിഗമനത്തിൽ എത്തിയത്‌. എന്നാൽ, എല്ലാ വശങ്ങളും പരിശോധിച്ച്‌ അന്വേഷണം പൂർത്തിയാകുന്നമുറയ്‌ക്കേ ദുരന്തകാരണത്തെക്കുറിച്ച്‌ തീർപ്പിലെത്തൂ. പരിപാടിയിൽ എത്തുന്നവരുടെ എണ്ണം, അധികംപേർ എത്തിയാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, പ്രവേശനത്തിനുള്ള സൗകര്യങ്ങൾ എന്നിവയിൽ ഉൾപ്പെടെ സംഘാടകർക്ക്‌ കൃത്യമായ ധാരണയുണ്ടായില്ല.

ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസ് ഒന്നിച്ചു നിൽക്കണമായിരുന്നു
?️നാലു സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിലും തോൽവിയിലേക്ക് പോവുന്ന കോൺഗ്രസിനെതിരേ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടി ബിജെപിക്കെതിരേ യോജിച്ചു പോവാൻ കഴിയാത്തത് കൊണ്ടാണെന്ന് അദ്ദേഹം വിമർശിച്ചു.വർഗീയതക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ല. എല്ലാവരും ഒന്നിച്ച് നിന്നാൽ ബി ജെപിയെ പരാജയപ്പെടുത്താവുന്നതേയുള്ളൂ. ഇക്കാര്യം മനസിലാക്കി പ്രവർത്തിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

ആദിവാസി വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ ക്യാമ്പുമായി വനിതാ കമ്മീഷൻ
?️ആദിവാസി വിഭാഗത്തിലുൾപ്പെട്ട സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാനത്തെ 11 ജില്ലകളിൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. ആദ്യ ക്യാമ്പ് മലപ്പുറത്തും നിലമ്പൂരിലുമായി നാല്, അഞ്ച് തിയതികളിൽ നടത്താൻ തീരുമാനിച്ചതായി സതീദേവി അറിയിച്ചു.
പട്ടികവർഗ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മനസിലാക്കുകയും, അടിയന്തര ഇടപെടൽ നടത്തി പ്രശ്നപരിഹാരത്തിനായുള്ള സാഹചര്യങ്ങൾ ഒരുക്കുക എന്നതാണ് ക്യാമ്പിന്‍റെ മുഖ്യലക്ഷ്യം.

മിചൗങ് ചുഴലിക്കാറ്റ്: കേരളത്തിൽ മഴ ശക്തമാകില്ല
?️ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മിചൗങ് ചുഴലിക്കാറ്റ് തിങ്കളാഴ്ചയോടെ ശക്തി പ്രാപിക്കുമെങ്കിലും കേരള തീരത്തിന് ഭീഷണിയില്ല. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ശക്തമായേക്കില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ വിലയിരുത്തൽ. സംസ്ഥാനത്ത് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കും ഇല്ല.

തെക്ക്‌ ഭാഗത്തും ആക്രമണം കടുപ്പിച്ച്‌ ഇസ്രയേൽ
?️താൽക്കാലിക വെടിനിർത്തൽ അവസാനിച്ചതിനുപിന്നാലെ ഗാസയിൽ ആക്രമണം കടുപ്പിച്ച്‌ ഇസ്രയേൽ. വടക്കൻ ഗാസയിൽനിന്നുള്ളവരടക്കം കേന്ദ്രീകരിച്ചിരിക്കുന്ന തെക്കൻ ഗാസയിലേക്കാണ്‌ ആക്രമണം വ്യാപിപ്പിച്ചത്‌. ഇതോടെ എങ്ങോട്ട്‌ പോകുമെന്ന ആശങ്കയിലാണ്‌ ജനങ്ങൾ. ഗാസയിലുടനീളം നാനൂറിലധികം ഇടങ്ങൾ ഒറ്റരാത്രികൊണ്ട് ആക്രമിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. യുദ്ധം പുനരാരംഭിച്ചശേഷം 193 പേർ കൊല്ലപ്പെട്ടതായി ഹമാസ്‌ ആരോഗ്യമന്ത്രാലയം പറഞ്ഞു. അതേസമയം, വടക്കൻ ഗാസയിലെ ജബലിയ ക്യാമ്പിലേക്ക്‌ ശനിയാഴ്‌ച ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽമാത്രം 100 പേർ കൊല്ലപ്പെട്ടതായി പലസ്‌തീൻ വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട്‌ ചെയ്യുന്നു.

സാമ്പത്തികശാസ്രതജ്ഞനും ദളിത് ചിന്തകനുമായ ഡോ.എം. കുഞ്ഞാമൻ മരിച്ച നിലയിൽ
?️പ്രമുഖ സാമ്പത്തിക വിദഗ്ധനും ദലിത് ചിന്തകനുമായ ഡോ.എം. കുഞ്ഞാമൻ (74) അന്തരിച്ചു. ശ്രീകാര്യത്തെ സ്വകാര്യ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. സ്ഥലത്ത് പൊലീസെത്തി പരിശോധനനടത്തുകയാണ്.സാമ്പത്തിക ശാസ്ത്രം എംഎയിൽ ഒന്നാം റാങ്ക് നേടിയ ആദ്യ ദലിത് കേരളീയനായിരുന്നു അദ്ദേഹം. പാലക്കാട് ജില്ലയിലെ പട്ടാമ്പിയാണ് സ്വദേശം. 27 വർഷം കേരള സർവ്വകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു അദ്ദേഹം.

ഇന്ത്യ വീണ്ടും ഐഎംഒ കൗൺസിലിൽ
?️സമുദ്രമേഖലയുടെ മേൽനോട്ടം വഹിക്കുന്ന അന്താരാഷ്‌ട്ര മാരിടൈം ഓർഗനൈസേഷന്റെ (ഐഎംഒ) കൗൺസിലിലേക്ക്‌ ഇന്ത്യയെ വീണ്ടും തെരഞ്ഞെടുത്തു. ലണ്ടനിൽ വെള്ളിയാഴ്‌ച നടന്ന സമ്മേളനത്തിലാണ്‌ തെരഞ്ഞെടുത്തത്‌. 2025 വരെയാണ്‌ കാലയളവ്‌. സംഘടനയുടെ എക്‌സിക്യൂട്ടീവ്‌ വിഭാഗമാണ്‌ കൗൺസിൽ. കടൽമാർഗമുള്ള അന്താരാഷ്ട്ര വ്യാപാരത്തിൽ ഏറ്റവും താൽപ്പര്യമുള്ള 10 രാജ്യങ്ങളുള്ള ബി വിഭാഗത്തിലാണ്‌ ഇന്ത്യ.

മിഷോങ് ചുഴലിക്കാറ്റ്: കേരളത്തില്‍ നിന്നുള്ള 35 ട്രെയിനുകള്‍ റദ്ദാക്കി
?️മിഷോങ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിലെ 118 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വെ. കേരളത്തില്‍ സര്‍വീസ് നടത്തുന്ന 35 ട്രെയിനുകളും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വെ അറിയിച്ചു.കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതും അവിടെ നിന്ന് തിരിച്ചുവരുന്നതുമായ 35 ട്രെയിനുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയ ഈ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്നും റെയില്‍വെ അറിയിച്ചു.

തട്ടിപ്പിന് ഉപയോഗിച്ച 3200 ഫോണുകളും ടാബുകളും നിർവീര്യമാക്കി
?️സംസ്ഥാനത്ത് 3200 മൊബൈല്‍ ഫോണുകളും ടാബുകളും നിര്‍ജീവമാക്കി. നാല് മാസത്തിനിടെ കേരളത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതും അതിനു ശ്രമിച്ചതുമായ മൊബൈല്‍ ഫോണുകളും ടാബുകളുമാണ് കേരള പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്‍ഡ്യ (ട്രായ്) നിര്‍ജീവമാക്കിയത്.
ഈ മൊബൈല്‍ ഫോണുകളില്‍ ഉപയോഗിച്ച 1800 സിം കാര്‍ഡുകളും ബ്ലോക്ക് ചെയ്തു. മൊബൈല്‍ ഫോണുകള്‍ ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച്‌ സൈബര്‍ തട്ടിപ്പ് നടത്തുന്ന സംഘങ്ങളുടേതാണ്. മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പരുകള്‍ ഉള്‍പെടുത്തിയാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. ഇതില്‍ ആയിരത്തോളം ഫോണുകള്‍ ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട കമ്പനികളുടേതാണെന്നാണ് കണ്ടെത്തല്‍.

മത്സ്യ ചിത്രം തീർത്ത് മുഖ്യമന്ത്രിക്ക് ആദരം
?️നിരവധി മീഡിയങ്ങളിൽ ചിത്രങ്ങൾ നിർമ്മിക്കുന്ന ഡാവിഞ്ചി സുരേഷിന്‍റെ തൊണ്ണൂറ്റി മൂന്നാമത്തെ ചിത്രം കയ്പമംഗലം മണ്ഡലത്തിലെ അഴീക്കോട്‌ നിർമിച്ചു. മത്സ്യ തൊഴിലാളികളുടെ സഹകരണതോടെ സംസം വള്ളത്തിലാണ് മുപ്പത്തിഎട്ട് തരത്തിലുള്ള വിവിധ നിറങ്ങളിലുള്ള കടൽ മത്സ്യങ്ങളും കായൽ മത്സ്യങ്ങളും ഉപയോഗിച്ച് വള്ളത്തിന്‍റെ മുൻവശത്തായുള്ള സ്ഥലത്ത് 16 അടി വലുപ്പത്തിൽ പ്ലൈവുഡിന്‍റെ തട്ട് അടിച്ചു അതിനു മുകളിൽ ചിത്രം പൂർത്തിയാക്കിയത്.

വൈക്കത്തഷ്ടമി: കനത്ത സുരക്ഷയൊരുക്കി ജില്ലാ പൊലീസ്
?️വൈക്കത്തഷ്ടമിയോടനുബന്ധിച്ച് ശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്. ഇതിനായി വൈക്കം എ.എസ്.പിയുടെ കീഴില്‍ 500 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. നിലവിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമേയാണിത്. അഷ്ടമി ദർശനം, പള്ളിവേട്ട, ആറാട്ട് എന്നീ ആഘോഷങ്ങൾക്ക് മുന്നോടിയായാണ് മുൻകരുതൽ. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി പൊലീസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു.

പ​ര​മ്പ​രാ​ഗ​ത ഔ​ഷ​ധ മേ​ഖ​ലാ വ​ള​ര്‍ച്ച​യ്ക്ക് രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ആ​വ​ശ്യം
?️പ​ര​മ്പ​രാ​ഗ​ത ഔ​ഷ​ധ മേ​ഖ​ല​യു​ടെ വ​ള​ര്‍ച്ച​യ്ക്ക് രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും പ​ങ്കാ​ളി​ത്ത​വും ആ​വ​ശ്യ​മാ​ണെ​ന്ന് ഗ്ലോ​ബ​ല്‍ ആ​യു​ര്‍വേ​ദ ഫെ​സ്റ്റി​വെ​ലി​ലെ (ജി​എ​എ​ഫ്-2023) വി​ദേ​ശ പ്ര​തി​നി​ധി​ക​ള്‍. കാ​ര്യ​വ​ട്ടം ഗ്രീ​ന്‍ഫീ​ല്‍ഡ് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ജി​എ​എ​ഫി​ലെ അ​ന്താ​രാ​ഷ്‌​ട്ര സ​ഹ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ച​ര്‍ച്ച​ചെ​യ്ത​ത്.

രാഹുലിനെ പരിഹസിച്ച് അൻവർ
?️നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നിടത്ത് പരാജയപ്പെട്ടതിനു പിന്നാലെ രാഹുൽ ഗാന്ധിയെ പരിഹസിച്ച് നിലമ്പൂർ എംഎൽഎ പി.വി അൻവർ. പടനായകൻ യുദ്ധം നയിക്കേണ്ടത്‌ യുദ്ധഭൂമിയിൽ നിന്നാണ്.ഇല്ലെങ്കിൽ യുദ്ധം തോൽക്കും.അല്ലാണ്ടെ വയനാട്ടിൽ വന്നിരുന്നല്ലെന്ന് അദ്ദേഹം പരിഹസിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അൻവറിന്‍റെ പരിഹാസം.

കെഎസ്ആർ‌ടിസിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം
?️കെഎസ്ആർടിസി പമ്പ സൂപ്പർഫാസ്റ്റും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. മൈലപ്ര പള്ളിപ്പടിക്കു സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വെട്ടിപ്പുറം ശാന്തിപുരം സ്വദേശിയായ അമ്പി (55) ആണ് മരിച്ചത്.

തമിഴ്നാട്ടിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
?️തമിഴ്നാട്ടിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു, 20 പേർക്ക് പരുക്ക്. കന്യാകുമാരി സ്വദേശിയായ മണികണ്ഠനാണ് മരിച്ചത്. ചെന്നൈ-ട്രിച്ചി ദേശീയ പാതയിൽ പഴവേലി ഗ്രാമത്തിന് സമീപമായിരുന്നു അപകടം. ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 45 യാത്രക്കാർ ഉണ്ടായിരുന്നു.ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്‌ച എസ്‌എഫ്‌എ സംസ്ഥാന വ്യാപകമായി പഠിപ്പ്‌മുടക്കും
?️സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിൽ പ്രതിഷേധിച്ച്‌ ബുധനാഴ്‌ച എസ്‌എഫ്‌എ സംസ്ഥാന വ്യാപകമായി പഠിപ്പ്‌മുടക്കും. പഠിപ്പുമുടക്ക്‌ വിജയിപ്പിക്കാൻ എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്‌തു.

ബൗളർമാർ തിളങ്ങി:കേരളത്തിന് അഞ്ചാം വിജയം
?️വിജയ് ഹസാരെ ട്രോഫി ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിൽ കേരളത്തിന് അഞ്ചാം ജയം. തങ്ങളുടെ ആറാം മത്സരത്തിൽ പുതുച്ചേരിയെ ആറു വിക്കറ്റിനാണ് കേരളം കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 32.2 ഓവറിൽ 116 റൺസിന് ഓൾഔട്ടായി. 19.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ കേരളം ലക്ഷ്യം നേടി.

ഗോൾഡ് റേറ്റ്
ഗ്രാമിന് 5845 രൂപ
പവന് 46760 രൂപ