2024 മാർച്ച് 15 വെള്ളി
1199 മീനം 2 കാർത്തിക
◾ എസ്ബിഐ നല്‍കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. ഒന്നാം ഭാഗത്തില്‍ ബോണ്ട് വാങ്ങിയവരുടേയും രണ്ടാം ഭാഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും വിവരങ്ങളാണുളളത്. എന്നാല്‍ ബോണ്ട് വാങ്ങി കോടികള്‍ സംഭാവന നല്‍കിയവരുടെ ലിസ്റ്റില്‍ രാജ്യത്തെ പല പ്രമുഖ കമ്പനികളുടെ പേരുണ്ടെങ്കിലും അദാനി, റിലയന്‍സ് കമ്പനികളുടെ പേര് ലിസ്റ്റിലില്ല.
◾ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച എസ്.ബി.ഐ കൈമാറിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങളില്‍ അവ്യക്തത. കമ്പനികള്‍ക്കുപുറമേ ഒട്ടേറെ വ്യക്തികളും ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ടെങ്കിലും എസ്.ബി.ഐ. ഡീകോഡ് ചെയ്തുനല്‍കിയാല്‍ മാത്രമേ ബോണ്ടുകള്‍ വാങ്ങിയ വ്യക്തികള്‍ ആരെല്ലാമാണെന്നും ആര്‍ക്കുവേണ്ടിയാണ് വാങ്ങിയതെന്നും അറിയാനാകൂ.വിഷയം വീണ്ടും സുപ്രീംകോടതിയിലെത്തിയാല്‍ തരംതിരിക്കാന്‍ കൂടുതല്‍ സമയംവേണമെന്ന വാദം എസ്.ബി.ഐ. ആവര്‍ത്തിക്കാനാണ് സാധ്യത. അതേസമയം കമ്പനികളില്‍ പലതും സ്വന്തംപേരിലായിരിക്കില്ല ബോണ്ട് വാങ്ങിയിരിക്കുക. അതുകൊണ്ടുതന്നെ പേരുവിവരങ്ങള്‍ അറിഞ്ഞാല്‍പ്പോലും ഇക്കാര്യം കണ്ടെത്തുക പ്രയാസമായിരിക്കും.
◾ ഗാര്‍ഹിക പാചകവാതകവില കുറച്ചതിനു പിന്നാലെ രാജ്യത്ത് ഇന്ധന വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. ഇന്ന് രാവിലെ ആറുമുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. അതേസമയം രാജ്യത്തെ ജനങ്ങളുടെ ക്ഷേമം മാത്രമാണ് പ്രധാനമന്ത്രി ലക്ഷ്യം വെക്കുന്നതെന്ന് ഇന്ധന വില കുറച്ചതിലൂടെ വ്യക്തമായെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി എക്‌സ് പ്ലാറ്റ് ഫോമില്‍ കുറിച്ചു.
⬛കോണ്‍ഗ്രസിന്റെ അഞ്ചിന ‘കിസാന്‍ ന്യായ്’ ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി. വിളകള്‍ക്ക് താങ്ങുവില നിശ്ചയിക്കും. കാര്‍ഷിക കടം എഴുതിത്തള്ളാന്‍ പ്രത്യേക കടാശ്വാസ കമ്മിഷന്‍ രൂപീകരിക്കും. വിള ഇന്‍ഷുറന്‍സ് തുക മുപ്പത് ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലൂടെ ലഭ്യമാക്കാന്‍ നടപടിയുണ്ടാകും. കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുന്ന തരത്തില്‍ കയറ്റുമതി – ഇറക്കുമതി നിയമം പുനക്രമീകരിക്കും. കാര്‍ഷിക സാമഗ്രികള്‍ക്കുള്ള ജി എസ് ടി എടുത്തുകളയാന്‍ നിയമം ഭേദഗതിചെയ്യുമെന്നതടക്കമുള്ള അഞ്ചിന ‘കിസാന്‍ ന്യായ്’ ഉറപ്പുകളാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്.
◾ഔദ്യോഗിക വസതിയില്‍ കാല്‍തെന്നി വീണ് നെറ്റിയില്‍ ഗുരുതരമായി പരിക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രി വിട്ടു. നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റ മമതക്ക് മുറിവില്‍ തുന്നലിട്ടിട്ടുണ്ട്. സൗത്ത് കൊല്‍ക്കത്തയിലെ ബള്ളികഞ്ചിലെ പരിപാടി കഴിഞ്ഞ് ഔദ്യോഗിക വസതിയില്‍ എത്തിയശേഷം രക്തസമ്മര്‍ദ്ദം താഴ്ന്നതിനെ തുടര്‍ന്ന് കാല്‍തെന്നി വീഴുകയായിരുന്നുവെന്നാണ് വിവരം. വീഴ്ചയില്‍ വീട്ടിലെ ഫര്‍ണിച്ചറില്‍ തലയിടിച്ചാണ് നെറ്റിയില്‍ ഗുരുതരമായി പരിക്കേറ്റത്.
⬛ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പത്തനംതിട്ടയില്‍. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രധാന മണ്ഡലങ്ങളിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണയോഗമാണിത്. 19-ന് പ്രധാനമന്ത്രി പാലക്കാട്ടും എത്തുന്നുണ്ട്. അവിടെ റോഡ് ഷോയില്‍ പങ്കെടുക്കും.
◾ പൗരത്വ ഭേദഗതി നിയമം കേരളം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനവിരുദ്ധവും വര്‍ഗ്ഗീയ അജണ്ടയുടെ ഭാഗവുമാണ് ഈ നിയമം. സംസ്ഥാന സര്‍ക്കാര്‍ നേരത്തെ എടുത്ത തീരുമാനത്തില്‍ തന്നെ ഉറച്ചു നില്‍ക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് ചട്ടം ഉണ്ടാക്കിയതിനെതിരെ കേരളം നിയമപരമായ തുടര്‍നടപടി സ്വീകരിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു .
◾സംസ്ഥാനത്തെ 13,560 സ്‌കൂള്‍ ഉച്ച ഭക്ഷണ പാചക തൊഴിലാളികള്‍ക്ക് ഫെബ്രുവരിയിലെ വേതന വിതരണത്തിനായി 16.31 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തില്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പാചക തൊളിലാളികള്‍ക്ക് 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തില്‍ 13,500 രുപവരെയാണ് വേതനം ലഭിക്കുന്നത്. ഇതില്‍ കേന്ദ്ര വിഹിതം 600 രൂപമാത്രമാണ് എന്നും മന്ത്രി വ്യക്തമാക്കി.
◾പൂഞ്ഞാര്‍ സംഭവത്തില്‍ ഹുസൈന്‍ മടവൂരിന് നല്‍കിയ മറുപടി, ‘അത് പറയേണ്ടതുതന്നെയെന്നും നിലപാടില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൂഞ്ഞാറില്‍ കാണിച്ചത് തെമ്മാടിത്തമാണെന്നും വൈദികന് നേരെ വണ്ടികയറ്റുകയായിരുന്നുവെന്നും പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
◾പാലക്കാട് എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങിമരിച്ച സംഭവത്തില്‍, രണ്ട് എക്സൈസ് ജീവനക്കാര്‍ക്കെതിരെ നടപടി. പ്രതി തൂങ്ങിമരിച്ച സമയത്ത്, രാത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ആത്മഹത്യ ചെയ്തതില്‍ ദുരൂഹതയുണ്ടെന്ന പ്രതിയുടെ കുടുംബത്തിന്റെ ആരോപണത്തെ തുടര്‍ന്ന് , കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണo.
◾പാകിസ്ഥാന് പുല്‍വാമ ആക്രമണത്തില്‍ പങ്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ആന്റോ ആന്റണി. കശ്മീര്‍ ഗവര്‍ണ്ണറായിരുന്ന സത്യപാല്‍ മാലികിന്റെ വാക്കുകള്‍ ആവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ആന്റോ ആന്റണി വിശദീകരിച്ചു. ആന്റോ ആന്റണിയുടെ പരാമര്‍ശം ദേശീയതലത്തില്‍ ചര്‍ച്ചയായി മാറിയിരുന്നു.
◾ആന്റോ ആന്റണിക്കെതിരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി. ആന്റോ ആന്റണിയുടെ പുല്‍വാമ പരാമര്‍ശം ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യന്‍ സൈനികരെയാണ് അവഹേളിച്ചത്. തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെയാണ് എംപി അവഹേളിച്ചത് എന്നും അദ്ദേഹം പറഞ്ഞു. ആന്റോ ആന്റണിയുടെ നിലപാട് രാജ്യവിരുദ്ധം എന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസും പറഞ്ഞു.
◾ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരം ഇടതുമുന്നണിയും യുഡിഎഫും തമ്മിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മും ബിജെപിയും തമ്മിലാണെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ നിലപാട് പൂര്‍ണ്ണമായും തള്ളിയ മുഖ്യമന്ത്രി മത്സരത്തില്‍ ഇടതുമുന്നണി വലിയ വിജയം നേടുമെന്നും പറഞ്ഞു. ബിജെപിക്ക് കനത്ത രീതിയിലുള്ള പുറകോട്ട് പോക്ക് ഈ തെരഞ്ഞെടുപ്പില്‍ സംഭവിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
⬛മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങളില്‍ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയന്‍. വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരായ എസ്എഫ്ഐഒ അന്വേഷണവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളിലാണ് മുഖ്യമന്ത്രി രോഷാകുലനായത്. നിങ്ങള്‍ക്ക് ചെവി കേള്‍ക്കുന്നില്ലേ എന്നായിരുന്നു സ്വരം കടുപ്പിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തിരിച്ചുള്ള ചോദ്യം.
⬛എറണാകുളത്ത് നടന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍. 55 ലക്ഷം പേര്‍ക്ക് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൊടുത്തിട്ട് ഏഴ് മാസമാകുന്നു, മുഖ്യമന്ത്രി കേരളത്തെ എവിടെ എത്തിച്ചു എന്നും വി.ഡി.സതീശന്‍ ചോദിച്ചു. പിണറായിയും മോദിയും തമ്മില്‍ അണ്ണനും തമ്പിയും ബന്ധമാണ്. കേരളത്തില്‍ ബിജെപിയുടെ ബി ടീം ക്യാപ്റ്റനാണ് ഇ.പി ജയരാജന്‍ എന്നും വിഡി സതീശന്‍ ആരോപിച്ചു. ഇ പി ക്യാപ്റ്റനായ ബിജെപി ബി ടീമിന്റെ നോണ്‍പ്ളേയിങ് ക്യാപ്റ്റനും കോച്ചുമാണ് പിണറായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
⬛നരേന്ദ്രമോദി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പാക്കിയാണ് മുന്നോട്ട് പോകുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. മന്ത്രിമാരാകട്ടെ, ഉദ്യോഗസ്ഥരാകട്ടെ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണ്. കാപ്പില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ച് നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾കലോത്സവ കോഴ കേസില്‍ നൃത്തപരിശീലകരായ പ്രതികളുടെ അറസ്റ്റ് തടയാതെ ഹൈക്കോടതി. കേരള സര്‍വകലാശാല കലോത്സവ കോഴക്കേസില്‍ കന്റോണ്‍മെന്റ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടും മൂന്നും പ്രതികളായ ജോമെറ്റ് മൈക്കിള്‍, സൂരജ് എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കാന്‍ മാറ്റി. ഹര്‍ജിയില്‍ കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടിയിട്ടുണ്ട്.
⬛കലോത്സവത്തിലെ കോഴക്കേസില്‍ വിധി കര്‍ത്താവായ കണ്ണൂര്‍ ഷാജി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് പുറത്ത്. ഷാജിയുടെ ശരീരത്തില്‍ അടിയേറ്റതിന്റെ പാടുകള്‍ ഇല്ല. കീടനാശിനി അകത്ത് ചെന്നാണ് മരണം. മറ്റു കൂടുതല്‍ പരിശോധനകള്‍ക്കായി ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു. ഷാജിയുടെ മുറിയില്‍ നിന്നും കീടനാശിനിയുടേതെന്ന് സംശയിക്കുന്ന കുപ്പി പൊലീസ് കണ്ടെടുത്തിരുന്നു.
◾കേരള സര്‍വ്വകലാശാല യുവജനോത്സവത്തിനിടയിലെ സംഘര്‍ഷവും വിധികര്‍ത്താവ് ഷാജിയുടെ മരണമടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് സര്‍വകലാശാലയിലെ നിലവിലെ യൂണിയന്‍ അസാധുവാക്കുമെന്ന് വി സി വ്യക്തമാക്കി. കാലാവധി പുതുക്കണം എന്ന യൂണിയന്റെ ആവശ്യം തള്ളിക്കളഞ്ഞാണ് വി സി തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സ്റ്റുഡന്റ്സ് സര്‍വീസ് ഡയറക്ടര്‍ക്ക് സര്‍വകലാശാല യൂണിയന്റെ ചുമതല കൈമാറുമെന്നും വി സി വ്യക്തമാക്കി.
◾കെഎസ്ഇബിക്ക് ലഭിക്കാനുള്ള കുടിശിക സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തി. വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. പല വകുപ്പുകളില്‍ നിന്നായി കോടികണക്കിന് രൂപയാണ് കെഎസ്ഇബിക്ക് കിട്ടാനുള്ളത്.
◾സംസ്ഥാനത്തെ വന്യജീവി ആക്രമണ പ്രതിസന്ധി പരിഹരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. 36 ഇടങ്ങളില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ സജ്ജമാക്കി. മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്താന്‍ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളും തയ്യാറാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
◾കൊച്ചി സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് വികസനത്തിനായി 2.4967 ഹെക്ടര്‍ ഭൂമി റോഡ് നിര്‍മ്മാണത്തിന് അനുവദിച്ച്, രാഷ്ട്രപതിയുടെ ഉത്തരവ്. തൃക്കാക്കര നോര്‍ത്ത് വില്ലേജിലെ നിര്‍ദ്ദിഷ്ട ഭൂമി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന് ഒരു മാസത്തിനുള്ളില്‍ കൈമാറുമെന്നും ഭൂമി വിലയായി 23.06 കോടി രൂപ കോര്‍പ്പറേഷന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് നല്‍കുമെന്നും മന്ത്രി പി രാജീവ് അറിയിച്ചു
⬛കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ഇ-കെവൈസി മസ്റ്ററിംഗ് ഈ മാസം 15, 16, 17 തീയതികളില്‍ നടത്തുമെന്ന് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. മാര്‍ച്ച് 15, 16, 17 തീയതികളില്‍ റേഷന്‍ വിതരണം ഉണ്ടായിരിക്കുന്നതല്ല എന്നും മന്ത്രി അറിയിച്ചു.
◾മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശം അനുസരിച്ച് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും വയറിംഗ് സംബന്ധമായ വിശദ പരിശോധനകള്‍ നടത്തി. ബസുകളില്‍ ബ്രേക്ക്, ന്യൂമാറ്റിക് ഡോര്‍ എന്നിവിടങ്ങളില്‍ എയര്‍ ലീക്ക് ഉണ്ടാകുന്നതായി കണ്ടെത്തി.819 ബസുകളുടെ എയര്‍ ലീക്ക് പരിഹരിച്ചെന്നും മറ്റുള്ളവയുടെ തകരാറുകള്‍ 30ന് മുന്‍പ് പരിഹരിക്കുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
◾സി.കെ. മണിശങ്കറേയും, എന്‍.സി മോഹനനേയും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. എന്‍ സി മോഹനനെ പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയുടെ പേരിലും മണിശങ്കറിനെ തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയുടെ പേരിലും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇരുവരെയും കഴിഞ്ഞവര്‍ഷം ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തിരുന്നു.
◾ ഗുരുവായൂരമ്പലത്തിന് പുതിയ മേല്‍ശാന്തി. വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മനയിലെ മധുസൂദനന്‍ നമ്പൂതിരിയാണ് പുതിയ മേല്‍ശാന്തി. രണ്ടാം തവണയാണ് 53 വയസുള്ള മധുസൂദനന്‍ നമ്പൂതിരി ഗുരുവായൂരില്‍ മേല്‍ശാന്തിയാകുന്നത്.
◾ചാലക്കുടി മുരിങ്ങൂര്‍ പാലത്തിനടിയില്‍ പുരുഷന്റേതെന്നാണ് തോന്നിക്കുന്ന അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ പറമ്പില്‍ മരം വെട്ടാനെത്തിയവരാണ് അസ്ഥികൂടം കണ്ടത്. കഴിഞ്ഞ കുറേ നാളുകളായി ഈ ഭാഗം കാടു കയറിക്കിടക്കുകയായിരുന്നു. മുന്നാഴ്ച മുമ്പാണ് തൊട്ടടുത്ത പറമ്പിലെ കാടു വെട്ടിത്തെളിച്ചത്.
◾പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കടലില്‍ മുങ്ങി പൂജ ചെയ്യുന്നതിലാണ് ശ്രദ്ധയെന്നും രാജ്യത്തെ യാഥാര്‍ഥ പ്രശ്നങ്ങള്‍ മോദി കാണുന്നില്ലെന്നും രാഹുല്‍ ഗാന്ധി. മോദി ദ്വാരകയില്‍ കടലിനടിയിലേക്ക് പോകുമ്പോള്‍ ക്യാമറകളും കൂടെ പോകുന്നു, മോദി ആകാശത്ത് പറക്കുമ്പോളും അതിര്‍ത്തിയില്‍ പോകുമ്പോളും എല്ലാം മാധ്യമങ്ങളുണ്ട്. വിലക്കയറ്റവും തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങളൊന്നും ചര്‍ച്ചയാകുന്നില്ലെന്നും ഭാരത് ജോഡോ ന്യായ് യാത്രയുടെ നാസികിലെ കര്‍ഷക സമ്മേളനത്തില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞു.
◾തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അജിത് പവാര്‍ വിഭാഗം ക്ലോക്ക് ചിഹ്നം ഉപയോഗിക്കുന്നത് വിലക്കി സുപ്രീംകോടതി. ശരദ് പവാറിന്റെ പേരും ചിത്രവും ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. അജിത് പവാര്‍ പക്ഷത്തിന് എന്‍.സി.പി.യുടെ ഔദ്യോഗിക ‘ക്ലോക്ക്’ ചിഹ്നം നല്‍കിയതിനെതിരേ ശരദ് പവാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. നേരത്തെ അജിത് പവാര്‍ വിഭാഗത്തെ ഔദ്യോഗികവിഭാഗമായി അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ക്ലോക്ക് ചിഹ്നം അനുവദിച്ചിരുന്നു..
മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ഭാര്യയും,മുന്‍ കോണ്‍ഗ്രസ് എംപിയുമായ പ്രണീത് കൗര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ഡല്‍ഹി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചു. ബിജെപി ടിക്കറ്റില്‍ പട്ട്യാലയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചേക്കും എന്നാണ് സൂചന .പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ പ്രണീത് കൗറിനെ കോണ്‍ഗ്രസ് സസ്പെന്‍സ് ചെയ്തിരുന്നു.
◾50 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമ്പൂര്‍ണ സൂര്യഗ്രഹണം ഏപ്രില്‍ 8 ന്. സൂര്യനും ഭൂമിക്കുമിടയില്‍ നേര്‍രേഖയില്‍ വരുന്ന ചന്ദ്രന്‍ സൂര്യനെ മറയ്ക്കുന്നതോടെ പകല്‍ രാത്രിയാകും. വടക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലുമാണ് ഈ സമ്പൂര്‍ണ സൂര്യഗ്രഹണം അനുഭവപ്പെടുക.
◾പേടിഎം സേവനങ്ങള്‍ മാര്‍ച്ച് 15ന് ശേഷം ലഭ്യമാകില്ല. പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് പേടിഎം സേവനങ്ങള്‍ക്ക് വിലക്ക് വീണിരിക്കുന്നത്. ഈ വര്‍ഷം ജനുവരി 31-ന് തുടര്‍ച്ചയായ ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പേടിഎമ്മിന് ആര്‍ബിഐ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. 2024 ഫെബ്രുവരി 29-ന് ശേഷം പുതിയ നിക്ഷേപങ്ങളോ ക്രെഡിറ്റോ സ്വീകരിക്കുന്നതില്‍ നിന്ന് പിപിബിഎലിന് ആര്‍ബിഐ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ സമയപരിധി പിന്നീട് 15 ദിവസം കൂടി നീട്ടി മാര്‍ച്ച് 15 വരെയാക്കുകയായിരുന്നു. പേടിഎം ബാങ്ക് പ്രവര്‍ത്തന രഹിതമാകുന്നത് ഏതൊക്കെ സേവനങ്ങളെ ബാധിക്കുമെന്ന് നോക്കാം. ഉപയോക്താക്കള്‍ക്ക് പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാവില്ല. എന്നാല്‍ അക്കൗണ്ടിലുള്ള പണം പിന്‍വലിക്കാനും ട്രാന്‍സ്ഫര്‍ ചെയ്യാനുമാകും. പാര്‍ട്‌നര്‍ ബാങ്കുകളില്‍നിന്ന് റീഫണ്ട്, ക്യാഷ്ബാക്ക് എന്നിവയും ലഭിക്കും. ശമ്പളം, സര്‍ക്കാര്‍ ധനസഹായം, സബ്‌സിഡി എന്നിവ പേടിഎം ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കില്ല. വാലറ്റിലേക്ക് പണം ചേര്‍ക്കാനോ ട്രാന്‍സ്ഫര്‍ ചെയ്യാനോ ആകില്ല. എന്നാല്‍ നിലവില്‍ ബാലന്‍സ് ഉണ്ടെങ്കില്‍ അത് ഉപയോഗിച്ച് പേയ്‌മെന്റ് നടത്താം. പേടിഎം ബാങ്ക് ഉപയോഗിച്ച് ഫസ്ടാഗ് റീചാര്‍ജ് ചെയ്യാനാകില്ല. പേടിഎം ബാങ്ക് അനുവദിച്ച നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് പ്രവര്‍ത്തന രഹിതമാവും. പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ടിലേക്ക് യുപിഐ, ഐഎംപിഎസ് എന്നിവ ഉപയോഗിച്ചും പണം ട്രാന്‍സ്ഫര്‍ ചെയ്യാനാകില്ല.
◾ഉണ്ണി മുകുന്ദന്‍, മഹിമാ നമ്പ്യാര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘ജയ് ഗണേഷ്’. പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ശങ്കര്‍ ആണ്. തിരക്കഥയും അദ്ദേഹം തന്നെ. റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ലിറിക്കല്‍ വീഡിയോ ആണ് ഗാനം റിലീസായിരിക്കുന്നത്. ശങ്കര്‍ ശര്‍മ്മ സംഗീതം പകര്‍ന്ന് ആര്‍സീ ഗാനരചന നിര്‍വ്വഹിച്ച് ആലപിച്ച ‘നേരം ഈ കണ്ണുകള്‍ നനയും..’ എന്ന ഗാനം ഏറെ ശ്രദ്ധനേടുകയാണ്. ഏപ്രില്‍ പതിനൊന്നിന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ ജോമോള്‍ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്നു. ഹരീഷ് പേരടി, അശോകന്‍,രവീന്ദ്ര വിജയ്,നന്ദു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഡ്രീംസ് എന്‍ ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണിമുകുന്ദന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെല്‍വരാജ് നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്‍, മനു മഞ്ജിത്ത്, വാണി മോഹന്‍, രഞ്ജിത്ത് ശങ്കര്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു.
◾ അനാര്‍ക്കലി മരിക്കാര്‍ അല്‍ത്താഫ് സലീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനോദ് ലീല സംവിധാനം ചെയ്യുന്ന ‘മന്ദാകിനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. കല്ല്യാണവേഷത്തിലിരിക്കുന്ന അനാര്‍ക്കലിയെയും അല്‍ത്താഫിനെയും പോസ്റ്ററില്‍ കാണാം. സ്പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കോമഡി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത് എന്നാണ് ഫസ്റ്റ് ലുക്കില്‍ നിന്നുള്ള സൂചനകള്‍. ഗണപതി, വിനീത് തട്ടില്‍, അശ്വതി ശ്രീകാന്ത്, അജയ് വാസുദേവ്, ജാഫര്‍ ഇടുക്കി, ജൂഡ് അന്താണി ജോസഫ്, ജിയോ ബേബി തുടങ്ങീ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഷിജു. എം. ഭാസ്‌കറിന്റെതാണ് കഥ. ബിബിന് അശോക് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഷിജു എം ഭാസ്‌കര്‍ തന്നെയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഈ വര്‍ഷം പകുതിയോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
◾ടൊയോട്ട ഇന്ത്യ ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റയുടെ വില കൂട്ടി. 87,000 രൂപ വരെയാണ് വര്‍ധിപ്പിച്ചതെന്ന് വി3 കാര്‍സ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വില അപ്‌ഡേറ്റിന് ശേഷം, ഇന്നോവ ക്രിസ്റ്റയുടെ എക്‌സ്-ഷോറൂം വില ഇപ്പോള്‍ 19.99 ലക്ഷം രൂപയില്‍ തുടങ്ങി 26.3 ലക്ഷം രൂപ വരെ ഉയരുന്നു. 2024 മാര്‍ച്ചിലെ പുതിയ വിലകള്‍ മുമ്പത്തേക്കാള്‍ 3.57 ശതമാനം കൂടുതലാണ്. ജിഎക്സ് സീരീസ് വകഭേദങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യാതൊരു മാറ്റവുമില്ലാതെ വില നിലനിര്‍ത്തിയിട്ടുണ്ട്. ഇവയുടെയെല്ലാം വില 19,99,000 രൂപ മാത്രമാണ്. വിഎക്സ് സീരീസ് വേരിയന്റുകളുടെ (വിഎക്സ് 7എസ് മാനുവല്‍, വിഎക്സ് എഫ്എല്‍ടി 7എസ് മാനുവല്‍, വിഎക്സ് 8എസ് മാനുവല്‍, വിഎക്സ് എഫ്എല്‍ടി 8എസ് മാനുവല്‍) വില 85,000 രൂപ വര്‍ധിച്ചു. അതായത് അതിന്റെ വിലയില്‍ 3.57% വ്യത്യാസം ഉണ്ടായി. ഈ വേരിയന്റുകളുടെ പുതിയ വില യഥാക്രമം 24,64,000 രൂപയും 24,69,000 രൂപയുമാണ്. ടോപ്പ് എന്‍ഡ് വേരിയന്റായ ദത 7ട മാനുവലിന് 87,000 രൂപയുടെ വിലവര്‍ദ്ധനയുണ്ടായി. അതിന്റെ ഫലമായി 3.42% വില വര്‍ദ്ധനയുണ്ടായി, അതിന്റെ പുതിയ വില 26,30,000 രൂപയായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ പ്രണയം… ഭാഷയില്ലാത്ത, ദേശമില്ലാത്ത, ഒരതിര്‍വരമ്പുമില്ലാത്ത ഒരനുഭൂതി! മാനുഷികമായ പ്രണയങ്ങള്‍ക്ക് ബന്ധങ്ങള്‍ ഉടലെടുത്ത കാലത്തോളം പഴക്കമുണ്ട്. ഭൂമിയില്‍ ആഘോഷിക്കപ്പെട്ട പ്രണയങ്ങള്‍ നിരവധിയാണ്. പ്രണയമെന്ന മാസ്മരികമായ ജീവിതാവസ്ഥയിലൂടെ ഒരുവട്ടമെങ്കിലും കടന്നുപോകാത്തവരായി ആരും തന്നെയുണ്ടാകില്ല. കടുത്ത ജീവിതാവസ്ഥയില്‍, ദുരിതത്തില്‍, മരണം മുന്നില്‍ക്കണ്ടുള്ള ജീവിതത്തില്‍പ്പോലും ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് പ്രണയം തോന്നാം. അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ് രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതിയില്‍ പോളണ്ടിലെ ഓഷ്വിറ്റ്‌സ് ഉന്മൂലനക്യാമ്പില്‍ മൊട്ടിട്ട ഒരു പ്രണയം. ‘മാലാ സിമെറ്റ്ബോം ഓഷ്വിറ്റ്സ് ക്യാമ്പിലെ പ്രണയം’. ഹരീഷ് അനന്തകൃഷ്ണന്‍. മാതൃഭൂമി ബുക്സ്. വില 221 രൂപ.
◾50 വയസ്സിന് താഴെയുള്ളവരില്‍ വന്‍കുടലിലെ ക്യാന്‍സര്‍ വര്‍ദ്ധിച്ച് വരുന്നതായി പുതിയ പഠനം. അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമക്കുറവ് തുടങ്ങിയവയാണ് അര്‍ബുദം ബാധിക്കുന്നതിന് പിന്നിലെ ചില കാരണങ്ങള്‍. ഡല്‍ഹി സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 2023ല്‍ നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. വന്‍കുടലിനെയോ മലാശയത്തെയോ ബാധിക്കുന്ന അര്‍ബുദമാണ് വന്‍കുടല്‍ ക്യാന്‍സര്‍. കോളന്‍ ക്യാന്‍സര്‍ എന്നും അറിയപ്പെടുന്നു. മലാശയത്തില്‍ രക്തസ്രാവം, മലവിസര്‍ജ്ജന ശീലങ്ങളിലെ മാറ്റങ്ങള്‍, വയറുവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. കൂടാതെ ചികിത്സിച്ചില്ലെങ്കില്‍ മറ്റ് അവയവങ്ങളിലേക്കും ഇത് പടര്‍ന്നേക്കാം. സംസ്‌കരിച്ച മാംസവും കൊഴുപ്പും അടങ്ങിയ അനാരോഗ്യകരമായ ഭക്ഷണക്രമം വന്‍കുടല്‍ കാന്‍സറിലേക്ക് നയിക്കുന്നു. നമ്മള്‍ കഴിക്കുകയും കുടിക്കുകയും ചെയ്യുന്ന ഭക്ഷണമാണ് കുടല്‍ ബാക്ടീരിയയെ ബാധിക്കുന്നത്. ഭക്ഷണക്രമം, പൊണ്ണത്തടി, ചില മരുന്നുകള്‍ എന്നിവ കുടലിലെ ബാക്ടീരിയകളെ മാറ്റുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഗട്ട് മൈക്രോബയോമിലെ മാറ്റം ക്യാന്‍സര്‍ വളരാന്‍ സഹായിക്കുന്ന വീക്കം ഉണ്ടാക്കുന്നു. ചില സാധാരണ ലക്ഷണങ്ങളില്‍ വയറിളക്കം, മലബന്ധം, വയറുവേദന. ഭാരം കുറയല്‍, മലത്തില്‍ രക്തം തുടങ്ങിയവ ശ്രദ്ധിക്കാതെ പോകരുത്. വന്‍കുടല്‍ കാന്‍സര്‍, ക്രോണ്‍സ് രോഗം, വന്‍കുടല്‍ പുണ്ണ് തുടങ്ങിയ കോശജ്വലന രോഗങ്ങളുടെ വികസനത്തിനും കാരണമാകുന്നു. മോശം ഭക്ഷണക്രമം, സംസ്‌കരിച്ച ഭക്ഷണങ്ങള്‍, ഭക്ഷണത്തിലെ നാരുകളുടെ കുറവ് എന്നിവ വന്‍കുടല്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. യുവാക്കള്‍ക്കിടയിലെ പൊണ്ണത്തടി നിരക്ക് വര്‍ദ്ധിക്കുന്നതും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിലെ അധിക കൊഴുപ്പ് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതായും വിദഗ്ധര്‍ പറയുന്നു.
ശുഭദിനം
ആ ദ്വീപില്‍ ക്ഷാമമുണ്ടായപ്പോള്‍ അയാള്‍ തന്റെ ഭാര്യയുമായി അടുത്ത ദ്വീപിലേക്ക് യാത്രയായി. യാത്രാമദ്ധ്യേ പഴകി ദ്രവിച്ച മരപ്പാളികളുളള ഒരു തൂക്കുപാലം ഉണ്ടായിരുന്നു. അതുകടന്നാല്‍ മാത്രമേ അവര്‍ക്ക് അടുത്ത ദ്വീപിലേക്ക് എത്തിച്ചേരാനാകൂ.. അവര്‍ വളരെ കഷ്ടപ്പെട്ട് ആ പാലത്തിലൂടെ കടന്ന് സുരക്ഷിതമായി അടുത്ത ദ്വീപിലേക്ക് കടന്നു. ഇനിയൊരിക്കലും ഈ വഴി തിരിച്ചുവരില്ലെന്ന് ശപഥം ചെയ്യാനും മാത്രം ദുര്‍ഘടമായിരുന്നു പാലത്തിലൂടെയുളള അവരുടെ യാത്ര.. വര്‍ഷങ്ങള്‍ കടന്നുപോയി. അവര്‍ക്കൊരു കുഞ്ഞ് ജനിച്ചു. സന്തോഷമായി അവിടെ ജീവിച്ചുവരവേ ആ ദ്വീപിലും ക്ഷാമമാരംഭിച്ചു. പട്ടിണികിടന്നു മരിക്കുന്ന അവസ്ഥയെത്തി. അപ്പോഴാണ് തങ്ങളുടെ പഴയ ദ്വീപ് ഇപ്പോള്‍ വിളകളാല്‍ സമൃദ്ധമാണെന്ന് അറിഞ്ഞത്. തിരികെ ആ ദ്വീപിലേക്ക് പോകാന്‍ അവര്‍ അലോചിച്ചപ്പോഴേ ഭാര്യ പറഞ്ഞു: അന്ന് ആ പാലം കടന്നുവന്നത് ഓര്‍ക്കാനേ വയ്യ. അന്നത്തെ സ്ഥിതിയല്ല ഇപ്പോള്‍.. ഇപ്പോള്‍ നമുക്കൊരു കുഞ്ഞ് കൂടിയുണ്ട്. അവനെങ്ങാനും ആ വെള്ളത്തില്‍ വീണാലോ.. അവര്‍ ആ ഭീതിജനിപ്പിക്കുന്ന പാലത്തെയോര്‍ത്ത് യാത്ര വേണ്ടെന്നുവെച്ചു. മാസങ്ങള്‍ കടന്നുപോയി. ഇനിയും ഇവിടെ തുടര്‍ന്നാല്‍ പട്ടിണികിടന്ന് മരിക്കുമെന്ന് ഉറപ്പായപ്പോള്‍ ഒരിക്കല്‍ കൂടി ഒരു ശ്രമം നടത്താന്‍ അവര്‍ തീരുമാനിച്ചു. പട്ടിണി കിടന്ന് മരിക്കുന്നതിനേക്കാള്‍ നല്ലതാണ് വെള്ളം കുടിച്ച് മരിക്കുന്നത്.. അവര്‍ കുഞ്ഞിനെയുമെടുത്ത് യാത്ര തുടങ്ങി. പാലത്തിനടുത്തെത്തിയപ്പോള്‍ അവര്‍ അമ്പരന്നു.. പഴയ ദ്രവിച്ച് വീഴാറായ പാലത്തിന്റെ സ്ഥാനത്ത് പുതിയ പാലം ഇത്രയും നാള്‍ അവരെഅലട്ടിയിരുന്ന പ്രശ്‌നത്തിന് വളരെ നേരത്തെ തന്നെ പരിഹാരമുണ്ടായിരുന്നു. അവര്‍ അതറിയാതെ പോയതാണ്. നമ്മുടെ ജീവിതവും പലപ്പോഴും ഇങ്ങനെയാണ്. അനുദിനം എത്രയോ കാര്യങ്ങളെ ഓര്‍ത്ത് നാം വ്യാകുലപ്പെടുന്നു. പക്ഷേ അതിനെ നേരിടാനിറങ്ങുമ്പോഴാണ് പലതിനും നാം ചിന്തിച്ച് ഭയപ്പെട്ടയത്ര വ്യാപ്തി ഉണ്ടായിരുന്നില്ലെന്ന് മനസ്സിലാകുന്നത്. ഇന്നലകളെ ഓര്‍ത്ത് ദുഃഖിക്കാതെ, നാളെയെ ഓര്‍ത്ത് വ്യാകുലപ്പെടാതെ, ഇന്നില്‍ വിശ്വസിക്കുക.. ഇന്നില്‍ ജീവിക്കുക.. കാരണം ഇന്നുമാത്രമാണ് സത്യം..
ശുഭദിനം.