വാർത്താകേരളം

05.12.2023  

ചെന്നൈ പ്രളയദുരിതത്തിൽ മരണം അഞ്ച്
?️നിർത്താതെ പെയ്ത മഴയിൽ വെള്ളക്കെട്ടിലായി ചെന്നൈ നഗരം. പ്രളയദുരിതത്തിൽ മരണം അഞ്ചായി. മിഷോങ് ചുഴലിക്കാറ്റ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളെ രൂക്ഷമായി ബാധിച്ചു. വേളാച്ചേരിയിൽ കെട്ടിടം തകർന്നാണ് മൂന്നുപേർ മരിച്ചത്. രാവിലെ ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിൽ മതിൽ ഇടിഞ്ഞുവീണ് രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചിരുന്നു.

ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്
?️ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്‍റെ അന്വേഷണം ഇനി ക്രൈംബ്രാഞ്ചിന്. കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസിൽ അന്വേഷണം നടത്തുക. റൂറൽ‌ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസിന്‍റെ നേതൃത്വത്തിലാവും അന്വേഷണം. ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ചാത്തന്നൂർ സ്വദേശി പദ്മകുമാർ, ഭാര്യ അനിതാകുമാരി, മകൾ അനുപമ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ മൂന്നുപേർക്ക് പങ്കുള്ളതായാണ് പൊലീസിന്‍റെ കണ്ടെത്തൽ.

കുസാറ്റ് ദുരന്തം: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു ഹൈക്കോടതിയിൽ
?️കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു ഹൈക്കോടതിയെ സമീപിച്ചു. കെഎസ്‌യു പ്രസിഡന്‍റ് അലോഷ്യസ് സേവ്യറാണ് ഹൈക്കോടതിയെ സമീപിച്ചത്. കേരളത്തിലെ സർവ്വകലാശാലയിൽ തിക്കിലും തിരക്കിലും അകപ്പെട്ടുണ്ടായ ആദ്യ ദുരന്തത്തിൽ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. മാത്രമല്ല സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രിൻസിപ്പലിന്‍റെ കത്ത് സർവ്വകലാശാല രജിസ്ട്രാർ അവഗണിച്ചതാണ് ദുരന്തത്തിന്‍റെ ആക്കം കൂട്ടിയതെന്നും ഹർജിയിൽ ആരോപിക്കുന്നു. ചെവ്വാഴ്ച ഹൈക്കോടതി ഹർജി പരിഗണിക്കും.

തമിഴ്നാട്ടിൽ കനത്ത മഴ; 118 ട്രെയിൻ സര്‍വീസുകള്‍ റദ്ദാക്കി
?️മിചൗങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെ കരതൊടുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ തീവ്രമഴ തുടരുകയാണ്. ചെന്നൈ നഗരത്തിൽ വിവിധയിടങ്ങളിൾ രൂക്ഷമായ വെള്ളക്കെട്ടാണ് ഉണ്ടായിരിക്കുന്നത്. ചെന്നൈയിൽ നിർമ്മാണത്തിലിരിക്കുന്ന മതിൽ തകർന്ന് രണ്ട് പേർ മരിച്ചു, 10 അന്താരാഷ്ട്ര വിമാനങ്ങൾ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. ചെന്നൈയിൽ നിന്നുമുള്ള 20 ഓളം വിമാനങ്ങൾ റദ്ദാക്കി. 23 വിമാനങ്ങള്‍ വൈകും. ട്രെയിന്‍ ഗതാഗതവും നിലച്ചു. 118 ട്രെയിൻ സര്‍വീസുകള്‍ റദ്ദാക്കി. കേരളത്തില്‍ കൂടി കടന്നുപോകുന്ന 35 സര്‍വീസുകളും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു. കനത്ത മഴയില്‍ സബ് വേകളും അടിപ്പാലങ്ങളും മുങ്ങി. നിരവധി ഇടങ്ങളില്‍ മരങ്ങള്‍ കടപുഴകി. വഴിയോരങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി.

നവകേരള സദസ്: പെരുമ്പാവൂരിലെ കടകൾ ദീപാലങ്കാരമാക്കാൻ നിർദേശം
?️പെരുമ്പാവൂരിൽ വച്ചുനടക്കുന്ന നവകേരള സദസിന് മുന്നോടിയായി കടയുടമകളോട് ദീപാലങ്കാരം നടത്താൻ നിർദേശിച്ച് ലേബർ ഓഫീസർ. ഡിസംബർ 10 -ാം തീയതിയാണ് പെരുമ്പാവൂരിൽ നവകേരള സദസ് നടക്കുന്നത്. ‘ഇതൊരു സർക്കാർ പ്രോഗ്രാം ആണ്. ആയതിനാൽ എല്ലാവരും സഹകരിക്കണം. നവകേരള സദസ് പ്രമാണിച്ച് 8‌‌/12/2023, 9/12/2023 തീയതികളിൽ എല്ലാ കടകളിലും ദീപാലങ്കാരം നടത്തേണ്ടതുണ്ട്.’ എന്നാണത്രെ നിർദേശം. എന്നാൽ താൻ കടയുടമകളോട് അഭ്യർഥിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ കത്ത് നൽകുകയോ ഓർഡർ കൊടുക്കുകയോ ചെയ്തില്ലെന്ന് ലേബർ ഓഫീസർ ജയപ്രകാശ് പറഞ്ഞു.

ചെന്നൈയിൽ മുതലയിറങ്ങി; ഭീതിയിൽ ജനങ്ങൾ
?️മിചൗങ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ചെന്നൈയിൽ കനത്ത മഴ. വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് മുതല റോഡിലിറങ്ങിയതായുള്ള വിവരങ്ങൾ പുറത്തു വരുന്നുണ്ട്. മുതല റോഡ് മുറിച്ചു കടക്കുന്നതായുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാഹനങ്ങൾ ഓടുന്ന റോഡിലൂടെ ഒരു മുതല മറുവശത്തേക്കു പോകുന്നതാണ് വിഡിയോയിലുള്ളത്. കാർ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

ലോക്‌സഭയിൽ സുധാകരന്‍റെ അടിയന്തിര പ്രമേയ നോട്ടീസ്
?️പാർലമെന്‍റ് ശീതകാല സമ്മേളനം നടക്കാനിരിക്കെ കേരളത്തിലെ പ്രശ്നങ്ങൾ ഉയ‍ര്‍ത്തി കെപിസിസി പ്രസിഡന്‍റും കണ്ണൂർ എംപിയുമായ കെ. സുധാകരന്‍റെ അടിയന്തര പ്രമേയ നോട്ടീസ്. വിഐപി സുരക്ഷയുടെ പേരിൽ കേരളത്തിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന് കാട്ടിയാണ് സുധാകരന്‍റെ നോട്ടീസ്. സര്‍ക്കാരിനെതിരേ പ്രതിഷേധിച്ചവരെ ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ. ബൈജു നേരിട്ട രീതി ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിച്ചു
?️മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിച്ചു. സുൽത്താൻ ബത്തേരി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 84,600 പേജുകളുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. കുറ്റപത്രത്തിൽ അഗസ്റ്റിൻ സഹോദരന്മാരടക്കം 12 പ്രതികളാണ് ഉള്ളത്. 420 സാക്ഷികൾ, 900 രേഖകൾ എന്നിവയും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

മിസോറാമില്‍ സെഡ്പിഎം അധികാരത്തിലേക്ക്
?️മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിൽ പുത്തൻ കുതിപ്പുമായി സെഡ്‌പിഎം അധികാരത്തിലേക്ക്. ഭരണകക്ഷിയായ എംഎൻഎഫിനെ ഏറെ പിന്നിലാക്കിയാണ് സെഡ്‌പിഎമ്മിന്‍റെ കുതിപ്പ്. രൂപീകരിച്ചിട്ട് 4 വർഷം മാത്രമായ സെഡ്‌പിഎം പാർട്ടി ചരിത്ര വിജയത്തിലേക്കാണ് മുന്നേറുന്നത്. 40 സീറ്റുകളിലേക്ക് 174 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. അതേസമയം ഭരണകക്ഷിയായ എംഎൻഎഫിന് വലിയ തിരിച്ചടിയാണ് കിട്ടിയത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തോറ്റു.

തൃശൂരിൽ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്
?️മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൈലറ്റ് വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. അത്തിക്കപ്പറമ്പ് പുത്തൻവീട്ടിൽ റഷീദിനാണ് (36) പരിക്കേറ്റത്. നവകേരള സദസിന്‍റെ ഭാഗമായി മന്ത്രിമാർ സഞ്ചരിച്ചിരുന്ന ബസിന്‍റെ പൈലറ്റ് വാഹനമാണ് ബൈക്ക് യാത്രികനെ ഇടിച്ചത്. ചേലക്കരയിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ചെറുതുരുത്തിയിൽവച്ച് തിങ്കളാഴ്ച വൈകിട്ടാണ് അപകടം. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊച്ചി മെട്രൊ രണ്ടാംഘട്ടത്തിന്‌ 379 കോടി
?️കൊച്ചി മെട്രൊ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടമായ പിങ്ക് ലൈനിന്‍റെ നിർമ്മാണത്തിന് 378.57 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ‌‌ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വഴി കാക്കനാടുവരെ നീളുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിന് ഭരണാനുമതി നൽകുന്നതാണ് ധനവകുപ്പിന്‍റെ തീരുമാനം. 11.8 കിലോമീറ്ററാണ് രണ്ടാം ഘട്ട നിർമ്മിതി.

രാഹുൽ എൽഡിഎഫിനോടല്ല, ബിജെപിയോടാണ് മത്സരിക്കേണ്ടത്; എം.വി ഗോവിന്ദൻ
?️രാഹുൽ ഗാന്ധി എൽഡിഎഫിനോടല്ല, ബിജെപിയോടാണ് മത്സരിക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബിജെപിയാണ് ഫാഷിസ്റ്റ് നിലപാട് സ്വീകരിക്കുന്ന പാർട്ടിയെന്നും, അദ്ദേഹം വയനാട്ടിൽ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ബിജെപിയാണെന്നും ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ ബിജെപി പ്രധാന ശക്തിയല്ല. ഇന്ത്യ മുന്നണിയുടെ വിശാല കേന്ദ്രങ്ങളിൽ ഒന്നാണ് കേരളം. അങ്ങനെയുള്ള കേരളത്തിലാണോ ബിജെപിയെ തോൽപ്പിക്കാൻ മത്സരിക്കേണ്ടത്? അതോ ബിജെപിക്ക് സ്വാധീനമുള്ള സ്ഥലത്ത് മത്സരിക്കണോ എന്നു ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചിന്നക്കനാൽ റിസർവ് വനമാക്കുന്നതിനുള്ള നടപടികൾ മരവിപ്പിച്ചു
?️ഇടുക്കി ജില്ലയിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്‍റിന് പാട്ടത്തിന് കൊടുത്തിരുന്നതും പാട്ടക്കാലാവധി അവസാനിച്ചതുമായ പ്രദേശം ‘ചിന്നക്കനാൽ റിസർവ്’ ആയി പ്രഖ്യാപിക്കാനുള്ള പ്രാഥമിക വിജ്ഞാപനം സംബന്ധിച്ച തുടർനടപടികൾ മരവിപ്പിച്ചു. ഇതു സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് കാര്യങ്ങൾ വിശദമായി വിലയിരുത്തിയതായി വനംമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.

മണിപ്പൂരിൽ അശാന്തി നിറച്ച് വീണ്ടും വെടിവെയ്പ്
?️മണിപ്പൂരിൽ വീണ്ടും അശാന്തി നിറച്ച് വെടിവെയ്പ്. 13 പേർ കൊല്ലപ്പെട്ടു. ടെങ്നോപാലിലാണ് വെടിവെയ്പ് നടന്നത്. മെയ്തെയ് ഭീകര സംഘടനയായ യുഎൻഎൽഎഫ് അംഗങ്ങളാണ് കൊല്ലപ്പെട്ടത്. കുക്കി മേഖലയിലേക്ക് കടന്നുകയറാനുള്ള ശ്രമത്തിനിടെയാണ് വെടിവെയ്പ് നടന്നത്. അതേസമയം മൃതദേഹങ്ങളുടെ അടുത്ത് നിന്ന് ആയുധങ്ങളൊന്നും കണ്ടെടുത്തിട്ടില്ല. അതിനാൽതന്നെ ഈ മേഖലയിൽ ഉള്ളവരാണ് കൊല്ലപ്പെട്ടതെന്ന് തോന്നുന്നില്ലെന്ന് സൈന്യം അറിയിച്ചു. കൊല്ലപ്പെട്ടവരുടെ മറ്റു വിവരങ്ങൾ ലഭ്യമല്ല. നേരത്തെ സംഘർഷം നടന്ന പ്രദേശത്തു നിന്ന് ഏറെ അകലെയുള്ള സ്ഥലത്താണ് വെടിവെയ്പ് നടന്നത്.

കേരളത്തിന് വായ്പാ പരിധിയിൽ പ്രത്യേക ഇളവുകളില്ല: നിർമല സീതാരാമൻ
?️സംസ്ഥാനത്തിന്‍റെ വായ്പ പരിധി വർധിപ്പിക്കണമെന്ന ആവശ്യത്തിൽ നിലവിലെ നിബന്ധനകളിൽ ഇളവു വരുത്താനാവില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ലോക്സഭയിൽ എൻ. കെ. പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ പ്രതികരണം. നിലവിലെ വായ്പാപരിധിക്ക് പുറമെ കേരളത്തിന്‍റെ മൊത്ത ആഭ്യന്തര ചരക്ക് സേവന ഉല്പാദനത്തിന്‍റെ ഒരു ശതമാനം കൂടി വായ്പ അധികമായി എടുക്കാൻ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

പരാജയം സഖ്യത്തെ ബാധിക്കില്ല: ‘ഇന്ത്യ’
?️നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കുണ്ടായ വിജയം “ഇന്ത്യ’ സഖ്യത്തെ ബാധിക്കില്ലെന്നു പ്രതിപക്ഷ നേതാക്കൾ. സഖ്യത്തിൽ ഇതൊരു ആഘാതവുമുണ്ടാക്കില്ലെന്നു പറഞ്ഞ നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള പ്രതിപക്ഷം കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്നു കൂട്ടിച്ചേർത്തു. പരാജയം വിലയിരുത്തി തിരുത്തലുകൾ വരുത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. തെരഞ്ഞെടുപ്പു ഫലം പ്രതിപക്ഷ സഖ്യത്തെ ബാധിക്കില്ലെന്നും അദ്ദേഹം. ആർജെഡി നേതാവ് മനോജ് ഝായും ഇതേ അഭിപ്രായം പങ്കുവച്ചു.

ആർ. ബിന്ദുവിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം:വി. ഡി സതീശൻ
?️കണ്ണൂർ സർവ്വകലാശാല പുനർനിയമനത്തിൽ അനധികൃത ഇടപെടൽ നടത്തിയ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. വിസിയുടെ നിയമനത്തിൽ മന്ത്രി ഇടപെട്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് നടപടി.മന്ത്രിയുടെ അനധികൃത ഇടപെടൽ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവുമാണെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ പറയുന്നു.

ഗുരുവായൂരിൽ ശബരിമല തീർഥാടകരുടെ ബസിന് തീപിടിച്ചു
?️ഗുരുവായൂരിൽ ശബരിമല തീർഥാടകരുടെ ബസിന് തീപിടിച്ചു. സേലം എടപ്പാടിയിൽ നിന്നും വരുന്ന ബസിനാണ് തീപിടിച്ചത്. 7 കുട്ടികളടക്കം 50 ഓളം പേരായിരുന്നു ബസിലുണ്ടായിരുന്നത്. പെട്രോൾ പമ്പിന് മുന്നിലെത്തിയപ്പോൾ ബസ് ഓഫാക്കുകയും മുൻ വശത്തു നിന്നും തീ ഉയരുകയുമായിരുന്നു.
ഡ്രൈവറുടെ സീറ്റ് കത്തി നശിച്ചു. ഫയർഫോഴ്സും പൊലീസും ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും പെട്രോൾ പമ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയണച്ചിരുന്നു. സെൽഫ് മോട്ടോർ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് ബസ് ഡ്രൈവർ പറഞ്ഞു.

തിരുവനന്തപുരത്ത് തിമിംഗല സ്രാവ് കരക്കടിഞ്ഞു
?️സൗത്ത് തുമ്പയിൽ തിമിംഗില സ്രാവ് കരക്കടഞ്ഞു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇനത്തിൽപ്പെട്ട സ്രാവാണ് കരക്കടിഞ്ഞത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. മത്സ്യത്തൊഴിലാളികളുടെ വലയിൽ കുരുങ്ങിയ സ്രാവ് ചത്ത് കരക്കടിയുകയായിരുന്നു. ശ്രദ്ധയിൽപ്പെട്ട മത്സ്യത്തൊഴിലാഴികൾ കടലിലേക്ക് തള്ളിവിടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

കാട്ടു പന്നികളെ തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു
?️കാട്ടുപന്നി ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. മലപ്പുറം കിഴിശ്ശേരിയിൽ കുഴിഞ്ഞൊളം വെള്ളാലിൽ‌ അബ്ദുറസാഖിന്‍റെ മകൻ സിനാൻ (17) ആണ് മരിച്ചത്. സിനാന്‍റെ സുഹൃത്ത് ഷംനാദിനും ഇതേ കമ്പിയിൽ നിന്നും ഷോക്കേറ്റിരുന്നു. ഷംനാദ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നാണ് ഷോക്കേറ്റത്.

വയനാട്ടിൽ അയ്യപ്പ ഭക്തർക്കു നേരെ കാട്ടാന ആക്രമണം
?️വയനാട് കല്ലൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാന ആക്രമണം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന കർ‌ണ്ണാടകയിൽ നിന്നുള്ള സംഘത്തിന്‍റെ വാഹനം കല്ലൂർ 67ൽ വെച്ച്‌ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ ബസിന്‍റെ മുൻഭാഗം തകർന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക്‌ പരിക്കേറ്റു.

ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം
?️പടിഞ്ഞാറന്‍ സുമാത്രയിലെ മരാപ്പി അഗ്നിപര്‍വം പൊട്ടിത്തെറിച്ച് 11 പേര്‍ മരിച്ചു. പര്‍വതാരോഹകരാണ് അപകടത്തിൽപ്പെട്ടത്. പന്ത്രണ്ട് പേരെ കാണാതായി. തുടര്‍ച്ചയായി സ്‌ഫോടനം ഉണ്ടാകുന്നതിനാൽ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്ന സമയത്ത് പ്രദേശത്ത് 75ഓളം പര്‍വതാരോഹകരാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഭൂരിപക്ഷത്തെയും രക്ഷപെടുത്താനായി. ചിലര്‍ക്കു ഗുരുതരമായി പൊളളലേറ്റിട്ടുണ്ട്.

തെലങ്കാനയിൽ വ്യോമസോനാ പരിശീലന വിമാനം തകർന്ന് 2 പൈലറ്റുമാർ മരിച്ചു
?️തെലങ്കാനയിൽ വ്യോമസോനാ പരിശീലന വിമാനം തകർന്ന് രണ്ടു പൈലറ്റുമാർ മരിച്ചു. പരിശീലനം നടത്തുന്ന പൈലറ്റും പരിശീലനം നേടുന്ന പൈലറ്റുമാണ് മരിച്ചത്. എയർഫോഴ്സ് ട്രെയിനർ വിമാനമാണ് തകർന്നു വീണത്. ദൈനംദിന പരിശീലനത്തിന്‍റെ ഭാഗമായി ഹൈദരാബാദ് എയർഫോഴ്സ് അക്കാദമിയിൽ നിന്നു പറന്നുയർന്ന വിമാനം മേദക് ജില്ലയിലാണ് തകർന്നുവീണത്.

സവർക്കറുടെ ചിത്രം നീക്കുന്ന കാര്യം സ്പീക്കർ തീരുമാനിക്കും
?️കർണാടക നിയമസഭയിലെ വി.ഡി. സവർക്കറുടെ ചിത്രം നീക്കം ചെയ്യണമോ എന്നു സ്പീക്കർ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യ. മുൻ ബിജെപി സർക്കാരിന്‍റെ കാലത്താണ് ബെളഗാവിയിലെ സുവർണ വിധാൻ സൗധയിൽ ഗാന്ധിജിയും സ്വാമി വിവേകാനന്ദനുമുൾപ്പെടെയുള്ളവരുടെ ചിത്രം സ്ഥാപിച്ചത്. ഇതോടൊപ്പം സവർക്കറുടെ ചിത്രം സ്ഥാപിച്ചതിനെതിരേ അന്നു പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ചിത്രം നീക്കുമോ എന്ന ചോദ്യമുയർന്നത്.

പുതുച്ചേരിയെ വീഴ്‌ത്തി കേരളം
?️ക്യാപ്‌റ്റൻ സഞ്ജു സാംസണിന്റെ മിന്നും വെടിക്കെട്ടിൽ പുതുച്ചേരിയെ വീഴ്‌ത്തി കേരളം. വിജയ്‌ ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ ആറ്‌ വിക്കറ്റിനാണ്‌ ജയം. 117 റൺ വിജയലക്ഷ്യം 181 പന്ത്‌ ബാക്കിനിൽക്കേ കേരളം മറികടന്നു. ആറാമനായെത്തിയ സഞ്ജു 13 പന്തിൽ പുറത്താകാതെ 35 റണ്ണടിച്ചു. മൂന്ന്‌ സിക്‌സറും നാല്‌ ഫോറും അകമ്പടിയായി. നേരത്തേ മൂന്നുവീതം വിക്കറ്റ്‌ നേടിയ അഖിൽ സ്‌കറിയയുടെയും സിജോമോൻ ജോസഫിന്റെയും ബൗളിങ്‌ മികവിലാണ്‌ കേരളം പുതുച്ചേരിയെ ഒതുക്കിയത്‌. സ്‌കോർ: പുതുച്ചേരി 116 (32.2), കേരളം 121/4 (19.5). ഗ്രൂപ്പ്‌ എയിൽ 20 പോയിന്റുമായി രണ്ടാമതാണ്‌. അവസാന മത്സരത്തിൽ ഇന്ന് കേരളം റെയിൽവേസിനെ നേരിടും.

അഞ്ചാം ട്വന്റി 20 : ഇന്ത്യക്ക് ആവേശ ജയം
?️അഞ്ചാം ട്വന്റി 20 യിൽ ഇന്ത്യക്ക് ആവേശ ജയം. ഓസീസിനെ ആറ് റണ്ണിന് തോൽപ്പിച്ചു. ജയം അവസാന ഓവറിൽ. അർഷ്‌ദീപ്‌ സിങ്ങിന്റെ തകർപ്പൻ പ്രകടനം ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ട്വന്റി 20യിൽ ഇന്ത്യക്ക്‌ ആവേശ ജയമൊരുക്കി. 161 റണ്ണായിരുന്നു ഓസീസിന്റെ ലക്ഷ്യം. അവസാന ഓവറിൽ മൂന്ന്‌ വിക്കറ്റ്‌ ശേഷിക്കെ പത്ത്‌ റണ്ണും. എന്നാൽ അർഷ്‌ദീപ്‌ വെറും മൂന്ന്‌ റണ്ണാണ്‌ വിട്ടുകൊടുത്തത്‌. ക്യാപ്‌റ്റൻ മാത്യു വെയ്‌ഡിന്റെ വിക്കറ്റും വീഴ്‌ത്തി. ഇന്ത്യക്ക്‌ ആറ്‌ ൺ ജയം. പരമ്പര 4-1നാണ്‌ ഇന്ത്യൻ യുവനിര സ്വന്തമാക്കിയത്‌.റണ്ണൊഴുകുമെന്ന്‌ കരുതിയ പിച്ചിൽ ഓസ്‌ട്രേലിയൻ ബൗളർമാർ മിടുക്ക്‌ കാട്ടിയപ്പോൾ എട്ടിന്‌ 160 റണ്ണാണ്‌ ഇന്ത്യക്ക്‌ നേടാനായത്‌. 37 പന്തിൽ 53 റണ്ണെടുത്ത ശ്രേയസ്‌ അയ്യരാണ്‌ ഭേദപ്പെട്ട സ്‌കോറൊരുക്കിയത്‌.

ഗോൾഡ് റേറ്റ്
ഗ്രാമിന് 5885 രൂപ
പവന് 47080 രൂപ