07.01.2024
സ്കൂൾ കലോത്സവം: കണ്ണൂർ കുതിപ്പു തുടരുന്നു
?️ജനകീയ മത്സരങ്ങളുമായി സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിനം പൂര്‍ത്തിയാകുമ്പോള്‍ പോയിന്‍റ് നിലയില്‍ തുടർച്ചയായ രണ്ടാം ദിനവും കണ്ണൂർ കുതിപ്പ് തുടരുന്നു. ഇന്നലെ വൈകിട്ടുവരെയുള്ള മത്സരഫലം കണക്കിലെടുക്കുമ്പോൾ 640 പോയിന്‍റുകളാണു കണ്ണൂരിന്. 625 പോയിന്‍റുമായി കോഴിക്കോട് രണ്ടാമതും 623 പോയിന്‍റുമായി പാലക്കാട് തൊട്ടുപിന്നിലുമുണ്ട്. തൃശൂർ 608 പോയിന്‍റുമായി നാലാം സ്ഥാനത്തെത്തിയപ്പോൾ ഇന്നലെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ആതിഥേയരായ കൊല്ലം അഞ്ചാം സ്ഥാനത്തായി.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മൂന്നു തവണ പ്രധാനമന്ത്രി കേരളം സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്
?️വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മൂന്നു തവണകൂടി പ്രധാനമന്ത്രി കേരളം സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. ജനുവരി മൂന്നിലെ തൃശൂർ സന്ദർശനത്തിനു പുറമേയാണി മൂന്നു സന്ദർശനം എന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസി ഐഎൻഎസ് റിപ്പോർട്ട്.ജനുവരിയിൽ ഒരുതവണയും ഫെബ്രുവരിയിൽ രണ്ടുതവണയും പ്രധാനമന്ത്രി സംസ്ഥാനം സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സന്ദർശനത്തിൽ കൊച്ചിൻ ഷിപ്പ്യാർഡ്, ദേശീയപാത, കൊച്ചി മെട്രൊ എന്നിവയുമായി ബന്ധപ്പെട്ട് മൂന്നു പുതിയ പദ്ധതികൾ സമർപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. മോദിയുടെ തൃശൂർ സന്ദർശനത്തിനു പിന്നാലെ ബിജെപി പ്രവർത്തകരുടെ ആത്മവീര്യം വർധിപ്പിച്ചെന്നാണ് വിലയിരുത്തൽ.
ഇന്ത്യയുടെ സൗരദൗത്യം വിജയം
?️ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ-1 ലക്ഷ്യത്തിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദൗത്യം ലക്ഷ്യത്തിലെത്തിയ വിവരം രാജ്യത്തെ അറിയിച്ചത്. ഇന്ത്യ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുന്നുവെന്ന് നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. ലഗ്രാഞ്ച് പോയിന്‍റ് 1ന് (എൽ1) ചുറ്റുമുള്ള ഹാലോഭ്രമണപഥത്തിലാണ് പേടകം ചുവടുറപ്പിക്കുന്നത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് എൽ1 പോയിന്‍റ്. ഭൂമിയിൽ നിന്നു സൂര്യനിലേക്കുള്ള ദൂരത്തിന്‍റെ ഒരു ശതമാനം മാത്രമാണ് ഈ ദൂരം. മുഴുവൻ സമയവും സൂര്യനെ തടസങ്ങളില്ലാതെ നിരീക്ഷിക്കാനാകുമെന്നതാണു ഭൂമിക്കും സൂര്യനുമിടയിലെ എൽ1 പോയിന്‍റിന്‍റെ സവിശേഷത.
ഗവർണർക്കെതിരേ അസഭ്യ പരാമർശവുമായി എം.എം. മണി
?️ഗവർണർ ആരിഫ് മുഹമ്മദ് ഹാനെതിരേ അസഭ്യ പരാമർശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം. മണി. ഭൂ നിയമ ഭേദഗതിയിൽ ഒപ്പു വയ്ക്കാത്ത ഗവർണർ നാറിയാണെന്നായിരുന്നു മണിയുടെ പരാമർശം. ഇടുക്കി ജില്ലയിൽ പ്രവേശിക്കുന്നത് പെറപ്പ് പണിയാണെന്നും ഗവർണർക്ക് വ്യാപാരികൾ പൊന്നുകൊണ്ട് പുളിശേരി വച്ച് കൊടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഒരുമാതിരി അഞ്ചാം തരം പണിയാണ്, മര്യാദകേടാണ് ഗവര്‍ണര്‍ കാണിക്കുന്നതെന്നും എം.എം. മണി പറഞ്ഞു.
കടമെടുക്കൽ പരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ
?️സംസ്ഥാനത്തിന് കടമെടുക്കൽ പരിധി വീണ്ടും വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. സാമ്പത്തിക വർഷത്തെ അവസാനത്തിൽ 1838 കോടി മാത്രമേ കടമെടുക്കാനാവൂ എന്ന് വ്യക്തമാക്കി കേന്ദ്ര ധനവകുപ്പ് സംസ്ഥാന സർക്കാരിന് കത്തയച്ചു.ജനുവരിമുതൽ മാർച്ചുവരെ 7000 കോടി കടമെടുക്കാമെന്നായിരുന്നു കണക്കുകൂട്ടൽ.മൂന്നു സാമ്പത്തികവർഷങ്ങളിൽ കേരളത്തിന്റെ പബ്ലിക് അക്കൗണ്ടിലെ ശരാശരി തുക കണക്കാക്കി കേന്ദ്രം വായ്പപ്പരിധി നിശ്ചയിച്ചതോടെ ഈ പ്രതീക്ഷയും അവസാനിച്ചു.
വ്യാജ വാർത്തയിൽ ദേശാഭിമാനിക്കെതിരേ വി.ഡി. സതീശൻ
?️അൻസിൽ ജലീലിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ദേശാഭിമാനി പത്രത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദേശാഭിമാനി പത്രം വ്യാജ രേഖ ചമച്ചെന്ന് വ്യക്തമായതായി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ സിപിഎമ്മിന് പങ്കുണ്ടെന്നും ദേശാഭിമാനിയും സിപിഎമ്മും നഷ്ടപരിഹാരം നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് തോമസ് ഐസക്ക്
?️കിഫ്ബി മസാല ബോണ്ട് കേസിൽ ഈ മാസം 12 ന് ഹാജരാകണമെന്നാവശ്യപ്പെടണമെന്ന ഇഡിയുടെ നോട്ടീസിന് ഹാജരാകാനാവില്ലെന്ന് അറിയിച്ച് മുൻ മന്ത്രി തോമസ് ഐസക്ക്. സമൻസ് ലഭിച്ചിട്ടില്ലെന്നും വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും അദ്ദേഹം പ്രതികരിച്ചു.”ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. പന്ത്രണ്ടാം തീയതി ഹാജരാകില്ല. ഇഡി ബിജെപിയുടെ രാഷ്ട്രീയ ആയുധമാണ്. ഇഡിയെ എനിക്ക് ഭയമില്ല”- തോമസ് ഐസക്ക് പറഞ്ഞു.
രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ച ദിവസം ഗവർണർ ഇടുക്കിയിലേക്ക്
?️ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടുക്കിയിലെത്തുന്ന ചൊവ്വാഴ്ച ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്. ഭൂപതിവ് ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരേ പ്രതിഷേധിച്ചാണ് ഇടതു മുന്നണി രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചിരുന്നു.ഇടുക്കി ജില്ലാ കമ്മിറ്റിയാണ് രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചത്. അന്നേ ദിവസം തന്നെ ഗവർണർ ഇടുക്കിയിൽ എത്തുന്നത് അംഗീകരിക്കാൻ ആവില്ലെന്നാണ് ഇടത് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.
മെത്രാപ്പോലീത്തയ്‌ക്കെതിരേ ശബ്‌ദരേഖ പുറത്തായി
?️മലങ്കര ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തയ്‌ക്കെതിരായി സമൂഹ മാധ്യമം വഴി ഫാ. മാത്യൂസ് വാഴക്കുന്നം നടത്തിയ മോശമായ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ദേഹത്തോട് വിശദീകരണം തേടി. മെത്രാപൊലീത്തയെ വിമർശിക്കുന്ന ഫാ. മാത്യൂസ് വാഴക്കുന്നത്തിന്‍റെ ശബ്ദരേഖ പുറത്തായതോടെയാണ് നടപടി.ഫാ. മാത്യുസ് വാഴക്കുന്നം പ്രസ്തുത പ്രതികരണത്തില്‍ ബാവായോടു നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയും തന്‍റെ ഭാഗം കൂടി കേള്‍ക്കാന്‍ അവസരം നല്‍കണമെന്ന് ബാവായോട് അപേക്ഷിക്കുകയും ചെയ്തു. കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ അച്ചനോട് ബാവാ ഉത്തരവ് നൽകി.
മാസപ്പടിയിൽ നിന്നല്ല, ജനങ്ങളുടെ നികുതിയിൽ നിന്നാണ് പെൻഷൻ ചോദിക്കുന്നത്
?️മാസപ്പടിയിൽ നിന്നല്ല ജനങ്ങളുടെ നികുതിയിൽ നിന്നാണ് പെൻഷൻ ചോദിക്കുന്നതെന്ന് ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി.പിണറായിയുടെതല്ലാത്ത കോൺഗ്രസ് വിളിച്ചാലും ബിജെപി വിളിച്ചാലും മുസ്ലിംലീഗ് വിളിച്ചാലും പോകുമെന്നും മറ്റ് ഏത് പാര്‍ട്ടി വിളിച്ചാലും രാത്രിയോ പകലോ എന്നൊന്നും നോക്കാതെ പരിപാടികളില്‍ പങ്കെടുക്കും. ഇക്കാര്യം ആദ്യം മുതൽ തന്നെ പറഞ്ഞിരുന്നുവെന്നും മറിയക്കുട്ടി പറഞ്ഞു.
അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ഗണേഷ് കുമാറിനും ക്ഷണം
?️ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം. വാളകത്തെ ഗണേഷ് കുമാറിന്‍റെ വീട്ടിൽ നേരിട്ടെത്തിയാണ് ആർഎസ്എസ് നേതാക്കൾ മന്ത്രിയെ ചടങ്ങിലേക്ക് ക്ഷണിച്ചത്.അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, അക്ഷയ് കുമാര്‍, പ്രമുഖ സംവിധായകരായ രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി, നിര്‍മ്മാതാവ് മഹാവീര്‍ ജെയിന്‍, ചിരഞ്ജീവി, മോഹന്‍ലാല്‍, ധനുഷ്, റിഷബ് ഷെട്ടി തുടങ്ങി നിരവധി സിനിമ താരങ്ങൾക്ക് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണമുണ്ട്.
പ്രധാനമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകേണ്ടത് മുഖ്യമന്ത്രി:കെ. സി വേണുഗോപാൽ
?️സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയണ്ടത് മുഖ്യമന്ത്രിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇത്തരം നീചമായ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി എന്തുകൊണ്ടാണ് മറുപടി നൽകാത്തത്. അദ്ദേഹത്തിന്‍റെ അനുചരൻമാരല്ല മറുപടി നൽകേണ്ടതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.ബുധനാഴ്ച തൃശൂരിൽ നടന്ന സമ്മേളനത്തിൽ ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വർണക്കടത്ത് നടന്നതെന്ന് അറിയാമെന്ന് മോദി പറഞ്ഞിരുന്നു. എല്ലാ ഏജൻസികളും അദ്ദേഹത്തിന്‍റെ കീഴിലാണ്. ഒരാൾ കുറ്റവാളിയാണെന്ന് കണ്ടെത്തിയാൽ നടപടി സ്വീകരിക്കേണ്ടതല്ലേ. പ്രസംഗിക്കാനുള്ള ഒരു വാചകം മാത്രമായിട്ടാണ് പ്രധാനമന്ത്രി ഉപയോഗിച്ചതെന്നും വേണുഗോപാൽ പറഞ്ഞു.
റിസര്‍വ് ബാങ്ക് നിര്‍ദേശം കേരള ബാങ്കിന് ബാധകമല്ല
?️സഹകരണ സംഘങ്ങള്‍ പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ക്കരുത് എന്ന റിസര്‍വ് ബാങ്ക് നിർദേശം കേരള ബാങ്കിന് ബാധകമല്ലെന്ന് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍. ആര്‍ബിഐ നിർദേശം വാര്‍ത്തയായി അവതരിപ്പിക്കുമ്പോള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കേരള സംസ്ഥാന സഹകരണ ബാങ്കിന്‍റെ സൈന്‍ ബോര്‍ഡ് അടങ്ങിയ വിഷ്വല്‍ ക്ലിപ്പിങ് കാണിച്ചിരുന്നു. കേരള സംസ്ഥാന സഹകരണ ബാങ്ക് ഇന്ത്യയിലെ ആര്‍ബിഐ അംഗീകൃത ഷെഡ്യൂള്‍ ബാങ്കാണ്. അതിനാല്‍ ആര്‍ബിഐയുടെ ഈ നിർദേശം ബാങ്കിന് ബാധകവുമല്ലെന്ന് അദ്ദേഹം അറിയിച്ചു.
വിഴിഞ്ഞം തുറമുഖം: മെയ് 31ന് ട്രയൽ റൺ
?️രാജ്യാന്തര തുറമുഖപദ്ധതി മേയ് 31ന് ട്രയൽ റൺ നടത്തുമെന്നു മന്ത്രി വി.എൻ. വാസവൻ. തുറമുഖത്തിന്‍റെ ഔദ്യോഗിക കമ്മിഷനിങ് ഡിസംബറിൽ നടക്കും. സർക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള ആർബിട്രേഷൻ കേസ് താമസിക്കാതെ ഒത്തുതീർപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ആർബിട്രേഷൻ ഒത്തു തീർത്താൽ മാത്രമേ കേന്ദ്രത്തിന്‍റെ വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭിക്കുകയുള്ളൂ. കേസ് ഒത്തുതീർക്കാൻ സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.ഫണ്ടില്ലെന്ന പേരിൽ വിഴിഞ്ഞം പോലുള്ള വലിയ വികസന പദ്ധതികൾ മുടങ്ങില്ല. അത്തരം സാഹചര്യമുണ്ടായാൽ സഹകരണമേഖലയിൽ നിന്നുള്ള സാമ്പത്തികസഹായം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്കാരിച്ചയാൾ, ജീവനോടെ കൺമുന്നിൽ
?️ശബരിമല നിലയ്ക്കലിൽ മരിച്ചെന്ന് കരുതി സംസ്കരിച്ചയാൾ തിരിച്ചെത്തി. മഞ്ഞത്തോട് ആദിവാസി ഊരിലെ രാമനെന്ന് തെറ്റിദ്ധരിച്ച് അജ്ഞത മൃതദേഹം സംസ്‌കരിച്ചു. എന്നാൽ രാമനെ ഇന്ന് കൊക്കാത്തോട് നിന്നും കണ്ടെത്തി.മക്കൾ തിരിച്ചറിഞ്ഞത് കൊണ്ടാണ് മരിച്ചത് രാമൻ ബാബു എന്ന് കരുതി മൃതദേഹം മറവ് ചെയ്തത് എന്നാണ് പൊലീസിന്‍റെ വിശദീകരണം. മറവ് ചെയ്ത മൃതദേഹം ആരുടേതെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണിപ്പോൾ പൊലീസ്. രാമൻ ബാബുവിനെ ഇന്ന് ഉച്ചയോടെ കോന്നി കൊക്കാത്തോട്ടിൽ വച്ചാണ് ജീവനോടെ കണ്ടെത്തിയത്.
കേന്ദ്രം ഞെരുക്കുകയാണെന്ന് പ്രചരണം നടത്തി അച്ഛനും മരുമകനും ചേർന്ന് ജനങ്ങളെ വഞ്ചിക്കുകയാണ്:വി. മുരളീധരൻ
?️കേന്ദ്രപദ്ധതികൾ ഓരോന്നും തളങ്ങളുടെതാണെന്ന വ്യാജപ്രചരണം നടത്തുകായണ് എൽഡിഎഫ് സർക്കാരെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേന്ദ്രം ഞെരുക്കുകയാണെന്ന് ഒരുവശത്ത് പ്രചരിപ്പിക്കുന്നു. മറുവശത്ത് കേന്ദസർക്കാർ പ്രവർത്തനങ്ങൾക്ക് സർക്കാരിന്‍റെ താണെന്ന് ജനങ്ങളെ തെറ്റിധരിപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.മൂന്നാറിലെ ദേശീയപാതയും അടുത്തെ ഇക്കോ ലോഡ്ജുമെല്ലാം മന്ത്രി മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. എന്നാൽ അവ സംസ്ഥാന സർക്കാരിന്‍റെ നേട്ടമാണെന്നാണ് ചൂണ്ടിക്കാട്ടിയിരുന്നത്. എന്തു തന്നെയയാലും കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതിയെക്കുറിച്ച് ജനങ്ങൾക്ക് അറിയാനായി. ദേശീയപാതയോരങ്ങളിലെല്ലാം അമ്മായിയച്ഛന്‍റെയും മരുമകന്‍റെയും പടംവെച്ച് ജനങ്ങളെ പറ്റിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.
പ്രിയാ വർഗീസിന്‍റെ നിയമനം ചട്ടവിരുദ്ധമല്ല
?️പ്രിയാ വർഗീസിന്‍റെ നിയമനം ചട്ടവിരുദ്ധമല്ലെന്ന് കണ്ണൂർ സർവകലാശാല സുപ്രീംകോടതിയിൽ. യുജിസി വാദങ്ങളെ എതിർത്താണ് കണ്ണൂർ സർവകലാശാല സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.അസോസിയേറ്റ് പ്രഫസർ നിയമനത്തിനുള്ള എല്ലാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നും സത്യവാങ് മൂലത്തിൽ സർവകലാശാല രജിസ്ട്രാർ വ്യക്തമാക്കുന്നു. പ്രിയാ വർഗീസിന്‍റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരേ വന്ന ഹർജികളിൽ നൽകിയ മറുപടിയിലാണ് സർവകലാശാല ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം ഏറ്റെടുത്ത് വീട്ടുകാർ
?️താമരശേരി കോരങ്ങാട് സർക്കാർ ഹൈസ്കൂളിലെ വിദ്യാർഥിയെ ഒരു സംഘം വിദ്യാർഥികൾ മദിച്ച സംഭവത്തിനു പിന്നാലെ തിരിച്ചടിച്ച് മർദനമേറ്റ വിദ്യാർഥിയുടെ കുടുംബവും നാട്ടുകാരും. മർദിച്ച വിദ്യാർഥികളെ തിരിച്ചടിച്ചാണ് പകരം വീട്ടിയത്.സ്കൂളിനു സമീപത്തെ കടയിൽവെച്ചായിരുന്നു സംഭവം. ഇതിനിടെ കടയിൽ എത്തിയ വിദ്യാർഥിനിക്ക് പരുക്കേറ്റു. സംഘർഷത്തിനിടെ തലയിടിച്ചുവീണാണ് പരുക്കേറ്റത്.കഴിഞ്ഞദിവസം വിദ്യാർഥികൾ തമ്മിൽ വയലിലും റോഡിലുമായി ഏറ്റുട്ടിയിരുന്നു. ഇതിന്‍റെ തുടർച്ചയയാണ് ഇന്ന് ട്യൂഷൻ കഴിഞ്ഞ ഇറങ്ങിയ വിദ്യാർഥികളെ കഴിഞ്ഞദിവസം മർദനമേറ്റ വിദ്യാർഥികളുടെ ബന്ധുക്കൾ മർദിച്ചത്.
പന്തളം രാജകുടുംബാംഗം ചോതിനാൾ അംബിക തമ്പുരാട്ടി അന്തരിച്ചു
?️പന്തളം രാജകുടുംബാംഗമായ ചോതിനാൾ അംബിക തമ്പുരാട്ടി (നന്ദിനി-76) അന്തരിച്ചു. കൈപ്പുഴ തെക്കേമുറി കൊട്ടാരത്തിൽ മൂലംനാൾ ലക്ഷ്മി തമ്പുരാട്ടിയുടെയും കടിയക്കോൽ ശങ്കരനാരായണൻ നമ്പൂതിരിയുടെയും മകളാണ്. മാവേലിക്കര ഗ്രാമത്തിൽ കൊട്ടാരത്തിൽ നന്ദകുമാർ വർമയാണ് ഭർത്താവ്. മകൾ അംബിക വർമ.
വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു
?️വണ്ടിപ്പെരിയാറില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനും മുത്തശ്ശനും കുത്തേറ്റു. വണ്ടിപ്പെരിയാര്‍ ടൗണില്‍വച്ചാണ് കുത്തേറ്റത്. കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട അര്‍ജുന്‍റെ പിതാവിന്‍റെ സഹോദരനാണ് കുത്തിയത്.പ്രതിക്ക് വധ ശിക്ഷ നൽകണമെന്നായിരുന്നു കുട്ടിയുടെ അച്ഛൻ ഉൾപ്പെടെയുള്ളവരുടെ ആവശ്യം. വിചാരണ സമയത്ത് പൊലീസും പ്രോസിക്യൂഷനും നല്ലപോലെ സഹകരിച്ചുവെന്നും പുതിയതായി ചുമതല ഏറ്റ ജഡ്ജി കേസ് നന്നായി പഠിച്ചിട്ടുണ്ടെന്നാണ് വിശ്വാസമെന്നും അച്ഛന്‍ പറഞ്ഞിരുന്നു.
മഞ്ഞു മൂടി ഉത്തരേന്ത്യ
?️ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. പഞ്ചാബ് ഹരിയാന, ഛത്തീസ്ഗഡ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇന്നും തണുപ്പ് കൂടുമെന്നാണ് മുന്നറയിപ്പ്. ജനുവരി 9വരെ അതിശൈത്യം തുടരുമെന്ന് വ്യക്തമാക്കുന്നു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ സ്ഥിതി മോശമാണ്. കടുത്ത തണുപ്പിനൊപ്പം വായുമലിനീകരണം കൂടി ശക്തമായതോടെ പനി പടർന്നു പിടിക്കുകയാണ്. കടുത്ത പനിയും ചുമയും ബാധിച്ച് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം കൂടി. കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യ വിദഗ്ധർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
റേഷൻ അഴിമതി കേസിൽ തൃണമൂല്‍ നേതാവ് അറസ്റ്റിൽ
?️പശ്ചിമ ബംഗാളിലെ റേഷന്‍ കുംഭകോണവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബോംഗാവ് മുനിസിപ്പാലിറ്റിയുടെ മുന്‍ ചെയര്‍മാനുമായ ശങ്കര്‍ ആധ്യയെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. നീണ്ട 17 മണിക്കൂര്‍ റെയ്ഡിന് ശേഷമാണ് അറസ്റ്റ്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്നുള്ള തൃണമൂല്‍ നേതാവാണ് ശങ്കര്‍ ആധ്യയെ. ബോംഗാവോണിലെ സിമുല്‍ത്തോളയിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അഴിമതിയെത്തുടര്‍ന്ന് ഈ അടുത്ത് അറസ്റ്റിലായ മന്ത്രി ജ്യോതിപ്രിയോ മല്ലിക്കിന്‍റെ അടുത്തയാളാണ് ശങ്കര്‍ ആധ്യ.
ദാവൂദിന്‍റെ സ്വത്ത് ലേലത്തിൽ കിട്ടിയത് 5 കോടി രൂപ
?️അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ കുടുംബാംഗങ്ങളുടെ പേരിൽ മഹാരാഷ്‌ട്രയിലെ രത്നഗിരിയിലുള്ള രണ്ടു കൃഷിസ്ഥലങ്ങൾ ലേലം ചെയ്തു. ഖേഡ് താലൂക്കിലെ മുംബ്കെയിലുള്ള നാല് ആസ്തികളാണ് ലേലത്തിനു വച്ചത്. എന്നാൽ, ഇതിൽ രണ്ടെണ്ണം ലേലം കൊള്ളാൻ ആരുമെത്തിയില്ല. 170.98 ചതുരശ്ര മീറ്ററും 1730 ചതുരശ്ര മീറ്ററും വിസ്തൃതിയുള്ള രണ്ടു കൃഷിഭൂമികൾക്ക് യഥാക്രമം 2.01 കോടി രൂപയും 3.28 ലക്ഷം രൂപയും വില ലഭിച്ചു.
22 ന് കൽറാം ക്ഷേത്രം സന്ദർശിക്കുമെന്ന് ഉദ്ധവ് താക്കറെ
?️അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠ ചടങ്ങ് നടക്കുന്ന 22 ന് മഹാരാഷ്ട്രയിലെ നാസിക്കിലെ കൽറാം ക്ഷേത്രം സന്ദർശിക്കുമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. പ്രതിഷ്ഠ ചടങ്ങിലേക്ക് താക്കറയ്ക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല. പിന്നാലെയാണ് പ്രതികരണം. ക്ഷേത്രദർശനത്തിനു പുറമേ ഗോദാവരിയുടെ തീരത്ത് മഹാ ആരതി നടത്തും. അതുകൂടാതെ തന്‍റെ പിതാവും ശിവസേനയുടെ സ്ഥാപകനുമായ ബാൽ താക്കറെയുടെ ജന്മദിനമായ ജനുവരി 23 ന് നാസിക്കിൽ റാലി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഭോപ്പാലിൽ അനാഥാലയത്തിൽ നിന്ന് 26 ഓളം പെൺകുട്ടികളെ കാണാതായി
?️ഭോപ്പാലിൽ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് 26 ഓളം പെൺകുട്ടികളെ കാണാതായതായി റിപ്പോർട്ട്. ജാർഖണ്ഡ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ പെൺകുട്ടികളെയാണ് അനാഥാലയത്തിൽ നിന്ന് കാണാതായത്. അനാഥാലയത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ ചെയര്‍മാന്‍ പ്രിയങ്ക് കനുങ്കോ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ മാനേജർ അനിൽ മാത്യുവിനെതിരെ പൊലീസ് കേസെടുത്തു.
ഭാരത് ജോഡോ ന്യായ് യാത്രയുടെ മുദ്രാവാക്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
?️രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ മുദ്രാവാക്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതൃത്വം. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് യാത്രയുടെ മുദ്രാവാക്യം പ്രഖ്യാപിച്ചത്. “നീതി കിട്ടും വരെ…’ എന്നാണ് മുദ്രാവാക്യം. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മാധ്യമ വിഭാഗത്തിന്‍റെ ചുമതലയുള്ള ജയ്റാം രമേശ്, സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ഇതോടൊപ്പം പബ്ലിസിറ്റി കമ്മിറ്റി രൂപീകരിച്ചതായും കോൺഗ്രസ് നേതൃത്വം അറിയിച്ചു. ഏഴുപേരടങ്ങുന്ന കമ്മിറ്റിയിൽ അജയ് മാക്കനും വേണുഗോപാലും ഉൾപ്പെടെയുള്ളവർ അംഗങ്ങളാണ്.
ടി20 ലോകകപ്പ്: ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിൽ
?️ന്യൂയോർക്കിലും തീപാറും പോരാട്ടം. ജൂണില്‍ നടക്കുന്ന ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യയും ബദ്ധവൈരികളായ പാക്കിസ്ഥാനും നേർക്കുനേർ എത്തുന്നു. ജൂണ്‍ ഒൻപതിന് ന്യൂയോർക്കിലാണ് കായികലോകം കാത്തിരിക്കുന്ന പോരാട്ടം. ഗ്രൂപ്പ് എ യില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനേയും കൂടാതെ അയര്‍ലന്‍ഡ്, ക്യാനഡ, യുഎസ്എ എന്നീ ടീമുകളുമുണ്ട്. ജൂണ്‍ ഒന്നിന് ലോകകപ്പിന് തുടക്കമാകും. ആദ്യ മത്സരം ക്യാനഡയും യുഎസ്എയും തമ്മിലാണ്. ജൂണ്‍ അഞ്ചിനാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5810 രൂപ
പവന് 46480 രൂപ