കരിമ്പന നൊങ്കിന് ആവശ്യക്കാർ ഏറി

നെന്മാറ : കരിമ്പന നൊങ്കിന് ആവശ്യക്കാർ ഏറെയായതോടെ വില്പന സജീവം. വേനൽ ചൂട് അധികരിച്ചതോടെയാണ് കരിമ്പന നൊങ്കിന് ആവശ്യക്കാരും വില്പനയും കൂടിയത്. നെന്മാറ പോത്തുണ്ടി റോഡിൽ കൽനാട്ടിലാണ് നൊങ്ക് കച്ചവടം നടക്കുന്നത്. ചായക്കടയും കരിക്കു വില്പനയും നടക്കുന്നതിനൊപ്പമാണ് പനനൊങ്ക് വിൽപ്പന നടക്കുന്നത്. ചെമ്മന്തോട്, അകമ്പാടം, പോത്തുണ്ടി, തേവർ മണി പ്രദേശങ്ങളിൽ നിന്നാണ് പ്രാദേശികമായി നൊങ്ക് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. വഴിയരികിൽ കുലകളോടെ കെട്ടിത്തൂക്കിയും കൂട്ടിവെച്ചും കരുക്കിനോടൊപ്പമാണ് വില്പന. പോത്തുണ്ടി നെല്ലിയാമ്പതി ഭാഗങ്ങളിലേക്കുള്ള വിനോദസഞ്ചാരികളാണ് പ്രധാനമായും ആവശ്യക്കാർ. ജില്ലയ്ക്ക് പുറത്തുള്ളവർക്ക് കരിമ്പന കുലകൾ കണ്ട് കൗതുകത്തോടെ രുചിച്ചു നോക്കാനും ആവശ്യക്കാരായും വരുന്നു. പ്രാദേശികമായി പന നൊങ്ക് ലഭ്യമല്ലാത്ത ദിവസങ്ങളിൽ കൊഴിഞ്ഞാമ്പാറ, മീനാക്ഷിപുരം, ഗോവിന്ദാപുരം മേഖലകളിൽ നിന്ന് വ്യാപാരികൾ വാഹനത്തിൽ കൊണ്ടുവന്ന കച്ചവടക്കാർക്ക് കരിക്കിനൊപ്പം എത്തിച്ചു നൽകുന്നുണ്ട്. ഒരു നൊങ്കിൽ മൂന്ന് ചുളകളും അപൂർവമായി നാല് ചുളകളും ലഭിക്കും. ഒരു ചുളയ്ക്ക് പത്തു രൂപ തിരക്കിലാണ് വില്പന. മുറിച്ചെടുത്ത് നൊങ്കിൽ നിന്ന് ചുള വേർപ്പെടുത്തി കവറുകളിലാക്കി ഐസ് ബോക്സിനുള്ളിൽ വച്ചും വിൽപ്പന നടത്തുന്നുണ്ട്. ആവശ്യക്കാർക്ക് മുറിക്കാത്ത ഒരു നൊങ്ക് മുഴുവനായും വേണമെന്നുള്ളവർക്ക് 30 രൂപയ്ക്കാണ് വില്പന. കളിപ്പിക്കാൻ ഉടനടി മുറിച്ച് വില്പനയും നടക്കുന്നു. പനയിൽ നിന്ന് താഴെ വീണ് പൊട്ടാത്ത രീതിയിൽ വെട്ടിക്കൊണ്ടുവരുന്നതിന് ചെലവുള്ളതിനാലാണ് വില കൂടിയതെന്ന് കച്ചവടക്കാർ പറഞ്ഞു. പാലക്കാട് ജില്ലയിലെ ബഹുഭൂരിപക്ഷം സ്ഥലത്തെയും കരിമ്പനകൾ മുറിച്ചുമാറ്റിയെങ്കിലും പാലക്കാട്ടുകാർക്കും പന നൊങ്ക് ഗൃഹാതുര വസ്തുവായി മാറി. അടുത്തിടെ തമിഴ്നാട് കരിമ്പനയെ പൈതൃക മരമായി പ്രഖ്യാപിച്ചതോടെ തമിഴ്നാട്ടിൽ കരിമ്പന മുറിക്കുന്നതിന് നിയന്ത്രണവും വന്നു. ഇത് കൂടുതൽ നൊങ്ക് വിപണിയിൽ ലഭിക്കുന്നതിന് കാരണമായി.

നെന്മാറ പോത്തുണ്ടി റോഡിൽ കരിമ്പന നൊങ്ക് വിൽപ്പനയ്ക്കായി ഒരുക്കിയിരിക്കുന്നു.