വാർത്താകേരളം

01.03.2024

ഗവർണർക്ക് തിരിച്ചടി; ലോകായുക്ത ബില്ലിന് രാഷ്‌‌ട്രപതിയുടെ അംഗീകാരം
🖱️ലോകായുക്ത നിയമഭേദഗതി ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പു വച്ചു. ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന ബില്ലിനാണ് അംഗീകാരം നൽകിയിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമെന്ന് ആരോപിച്ച് ഗവർണർ ഏറെക്കാലം തടഞ്ഞു വച്ച ബില്ലിന് അംഗീകാരം ലഭിച്ചതോടെ സംസ്ഥാന സർക്കാരിന് നേട്ടമായി. 2022 ഓഗസ്റ്റിലാണ് സംസ്ഥാന നിയമസഭ ബില്ലുകൾ പാസ്സാക്കിയത്. ഗവർണർ നിരന്തരമായി ബില്ലുകൾ തടഞ്ഞു വച്ചതോടെ ഇതിനെതിരേ സർക്കാർ കോടതിയെ സമീപിച്ചിരുന്നു.

പ്രതിരോധ കുത്തിവയ്പ്പുകള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്
🖱️സംസ്ഥാനത്ത് വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പല വാക്‌സിനുകള്‍ ഒരുമിച്ച് കൈകാര്യം ചെയ്യുമ്പോഴുള്ള പിഴവുകള്‍ ഒഴിവാക്കാനും വാക്‌സിനേഷന്‍ പ്രക്രിയ സുഗമമാക്കാനും വേണ്ടിയാണു മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. എല്ലാ ആരോഗ്യ പ്രവര്‍ത്തകരും മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

പി.ജയരാജനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്: ഒരാളൊഴികെ മറ്റ് 8 പേരെയും വെറുതേവിട്ട് ഹൈക്കോടതി
🖱️സിപിഎം നേതാവ് പി.ജയരാജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ ഒഴികെയുള്ള എല്ലാവരെയും വെറുതെ വിട്ട് ഹൈക്കോടതി. രണ്ടാം പ്രതി പ്രശാന്ത് കുറ്റക്കാരനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബാക്കി 8 പ്രതികളെ ഹൈക്കോടതി വെറുതെവിട്ടത്.1999ലെ തിരുവോണ നാളിൽ പി. ജയരാജനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ് കേസ്. ആർഎസ്എസ് നേതാക്കളായിരുന്നു കേസിലെ പ്രതികൾ. കണിച്ചേരി അജി, മനോജ്, പാറ ശശി, എളന്തോട്ടത്തില്‍ മനോജ്, കുനിയില്‍ സനൂപ്, ജയപ്രകാശന്‍, പ്രമോദ്, തൈക്കണ്ടി മോഹനന്‍ എന്നിവരെ വെറുതെ വിട്ടു.

തിരുവനന്തപുരത്ത് ശശി തരൂർ യുഡിഎഫ് സ്ഥാനാർഥി
🖱️തിരുവനന്തപുരത്ത് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് യുഡിഎഫ്. ശശി തരൂർ തന്നെയാണ് ഇക്കുറിയും തിരുവനന്തപുരത്ത് മത്സരത്തിനിറങ്ങുക. സമരാ​ഗ്നി വേദിയിലായിരുന്നു പ്രഖ്യാപനം. സം​ഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് പ്രഖ്യാപനം നടത്തിയത്.ഇടത് സ്ഥാനാർഥിയായി സിപിഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രനെ നിർത്തുമ്പോൾ എൻഡിഎ സ്ഥാനാർഥിയായി എത്തുന്നത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ്.

സന്ദേശ്ഖാലി സംഘർഷം: ഷാജഹാനെ 6 വർഷത്തേക്ക് സസ്പെൻഡ് ചെയ്ത് തൃണമൂൽ
🖱️സന്ദേശ് ഖാലി അക്രമക്കേസിൽ അറസ്റ്റിലായതിനു പിന്നാലെ ഷാജഹാൻ ഷെയ്ഖിന പാർട്ടിയിൽ നിന്ന് ആറു വർഷത്തേക്ക് സസ്പെൻഡ് ചെയ്ത് തൃണമൂൽ കോൺഗ്രസ്. പാർട്ടി നേതാവ് ഡെറിക് ഒബ്രിയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിരവധി ലൈംഗികാതിക്രമക്കേസുകളാണ് ഷാജഹാനെതിരേ ഉയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പാർട്ടി നടപടി. കോൽക്കൊത്ത ഹൈക്കോടതിയുടെ നിർദേശ പ്രകാരം മിനാഖാനിലെ വസതിയിൽ നിന്നാണ് ഷാജഹാനെ അറസ്റ്റ് ചെയ്തത്. സന്ദേശ്ഖാലി സംഘർഷമുണ്ടായി 55 ദിവസങ്ങൾക്കു ശേഷമാണ് കേസിലെ പ്രധാന പ്രതി അറസ്റ്റിലായത്.

വയനാട് ജില്ലാ പ്രസിഡന്‍റിനെ തൽസ്ഥാനത്തു നിന്ന് നീക്കി ബിജെപി
🖱️വിവാദ പരാമർശത്തിനെ തുടർന്ന് വയനാട് ബിജെപി ജില്ലാ പ്രസിഡന്‍റിനെതിരെ നടപടിയെടുത്ത് സംസ്ഥാന നേതൃത്വം. വയനാട് ബിജെപി ജില്ലാ പ്രസിഡന്‍റ് കെ.പി മധുവിനെ തൽസ്ഥാനത്തു നിന്നു നീക്കി. പുൽപ്പള്ളി സംഘർഷത്തിനു കാരണം ളോഹ ഇട്ടവരെന്ന മധുവിന്‍റെ പരാമർശം വിവാദമായതിനു പിന്നാലെയാണ് നടപടി. പകരം ജില്ലാ പ്രസിഡന്‍റിന്‍റെ ചുമതല പ്രശാന്ത് മലവയലിനാണ്.

ഹിമാചലിൽ കൂറുമാറി വോട്ട് ചെയ്ത 6 എംഎൽഎമാരെ അയോഗ്യരാക്കി
🖱️ഹിമാചൽ പ്രദേശിൽ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് നടത്തിയ തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്ത ആറ് കോൺഗ്രസ് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി. കോൺഗ്രസിന്‍റെ വിപ്പ് ലംഘിച്ച് ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്തത് കൂറുമാറ്റമായി കണക്കിലെടുത്താണ് നടപടി. 68-അംഗ ഹിമാചൽ പ്രദേശ് നിയമസഭയിൽ കോൺഗ്രസിന്‍റെ അംഗബലം ഇതോടെ നാൽപ്പതിൽ നിന്ന് 34 ആയി കുറഞ്ഞു. അതേസമയം, സ്പീക്കറുടെ ചേംബറിൽ മുദ്രാവാക്യം വിളിക്കുകയും, നിയമസഭയിൽ അപമര്യാദയായി പെരുമാറുകയും ചെയ്തു എന്നാരോപിച്ച് 15 ബിജെപി എംഎൽഎമാരെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

നിരാഹാര സമരത്തിനിടെ നെഞ്ചുവേദന
🖱️മൂന്നാറിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നിരാഹാര സമരം അനുഷ്ഠിച്ച് ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്‍റെ ആരോഗ്യ നില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. നെഞ്ചുവേദന അനുഭവപ്പെട്ടതോടെ പൊലീസ് എത്തിയാണ് എംപിയെ ആശുപത്രിയിലേക്ക് മാറ്റി‍യത്.പടയപ്പ ഉൾപ്പെടെയുള്ള അക്രമകാരികളായ കാട്ടാനകൾ ജനവാസ മേഖലയിൽ എത്തുന്നത് തടയണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡീൻ കുര്യാക്കോസ് നിരാഹാര സമരം തുടങ്ങിയത്. നിരാഹാര സമരം മൂന്നു ദിവസം പിന്നിട്ടപ്പോഴാണ് ആരോഗ്യനില വഷളായത്.

സിദ്ധാർഥിന്‍റെ മരണം; പ്രത്യേക അന്വേഷണ സംഘം
🖱️വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥിന്‍റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. സംസ്ഥാന പൊലീസ് മേധാവിക്കാണ് നിർദേശം നൽകിയത്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രിയുടെ ഉത്തരവിൽ പറയുന്നത്.അതേസമയം, സിദ്ധാർഥൻ മരിച്ച സംഭവത്തിൽ പ്രധാന പ്രതി കസ്റ്റഡിയിൽ. പാലക്കാടു നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ശബരിമല അരവണയിൽ പ്രകൃതിദത്ത ഏലയ്ക്ക നല്‍കാനുള്ള തയ്യാറെടുപ്പില്‍ വനം വികസന കോര്‍പറേഷന്‍
🖱️ശബരിമല സന്നിധാനത്ത് അരവണ നിര്‍മാണത്തിനാവശ്യമായ ഏലയ്ക്ക നല്‍കാനുള്ള തയ്യാറെടുപ്പില്‍ വനം വികസന കോര്‍പറേഷന്‍. ഇതിനായി ഏലയ്ക്ക സംഭരിച്ചതായി കോര്‍പറേഷന്‍ ചെയര്‍മാന്‍ ലതിക സുഭാഷ് പറഞ്ഞു. കോര്‍പറേഷന്റെ നേതൃത്വത്തിലുള്ള വിവിധ സ്ഥലങ്ങളില്‍ കൃഷി ചെയ്ത ഏലയ്ക്കയാണ് ഇതിനായി ഉപയോഗിക്കുക.മുന്‍ ദേവസ്വം പ്രസിഡന്റിന്റെ കാലത്ത് ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും നടപ്പിലായില്ല.

സമരാഗ്നി വേദിയില്‍ പ്രവർത്തകരോട് രോഷാകുലനായി സുധാകരൻ
🖱️സമരാഗ്നി വേദിയിൽ പ്രവർത്തകരോട് രോഷാകുലനായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. പ്രവർത്തകർ നേരത്തെ പിരിഞ്ഞു പോയതിലാണ് സുധാകരൻ പ്രസംഗത്തിനിടെ അതൃപ്തി അറിയിച്ചത്. മുഴുവൻ സമയവും പ്രസംഗം കേൾക്കാൻ പറ്റില്ലെങ്കിൽ പിന്നെന്തിനാണ് വന്നതെന്ന് സുധാകരൻ ചോദിച്ചു.ലക്ഷക്കണക്കിന് രൂപ മുടക്കിയാണ് സമ്മേളനം സംഘടിപ്പിച്ചത്. 2 പേർ സംസാരിച്ച് കഴിയുമ്പോഴേക്കും ആളുകൾ പോവുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഇങ്ങനെ ആണെങ്കില്‍ എന്തിന് പരിപാടി സംഘടിപ്പിക്കുന്നു എന്നും അദ്ദേഹം ചോദിച്ചു.

മാതാവ് കൊന്ന് കുഴിച്ചുമൂടി‍യ നവജാത ശിശുവിന്‍റെ മൃതദേഹം പുറത്തെടുത്തു
🖱️താനൂരിൽ മാതാവ് കൊന്ന് കുഴിച്ചു മൂടിയ 3 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്തു. പുറത്തെടുത്ത മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റി. യുവതിയെ സംഭവസ്ഥലത്ത് എത്തിച്ചാണ് പൊലീസ് മൃതദേഹം പുറത്തെടുത്തത്. ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.

അധ്യാപകരുടെ പൊതു സ്ഥലമാറ്റം: അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ തുടരും
🖱️സംസ്ഥാനത്തെ ഹയർ സെക്കൻഡറി അധ്യാപകരുടെ പൊതുസ്ഥലം മാറ്റ ഉത്തരവിനെതിരേ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച സ്റ്റേ തുടരും. സ്റ്റേ നീക്കണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. വ്യക്തിപരമായി പരാതിയുള്ളവർക്ക് ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. ഇനി അഥവാ സർക്കാരാണ് സമീപിക്കുന്നതെങ്കിൽ 10 ദിവസത്തിനകം ട്രൈബ്യൂണൽ തീരുമാനമെടുക്കണം. ട്രൈബ്യൂണൽ ഉത്തരവിനെതിരെ സർക്കാരും ഏതാനും അധ്യാപകരും നൽകിയ ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

ലീഗിന്‍റെ രാജ്യസഭാ സീറ്റ്; വോട്ടുചോർച്ച ഭയന്ന് യുഡിഎഫ്
🖱️മുസ്ലിം ലീഗിന് നല്‍കിയ രണ്ടാം രാജ്യസഭാ സീറ്റ് കോട്ടയം ഉള്‍പ്പെടെയുള്ള മധ്യ കേരളത്തിലെ മണ്ഡലങ്ങളില്‍ തിരിച്ചടിയാകുമെന്ന് യുഡിഎഫിൽ ആശങ്ക. രാജ്യസഭാ സീറ്റ് ലീഗിന് നല്‍കിയതിനെതിരേ കോൺഗ്രസിനുള്ളിൽ പോലും കടുത്ത അമർഷമുണ്ട്. പരമ്പരാഗതമായി യുഡിഎഫിനെ തുണയ്ക്കുന്ന ക്രൈസ്തവ, ഹൈന്ദവ വിഭാഗങ്ങള്‍ക്കിടയിൽ ലീഗിന് രണ്ടാം സീറ്റ് നൽകിയത് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ക്രൈസ്തവ വിഭാഗങ്ങള്‍ യുഡിഎഫിന്‍റെ വോട്ടു ബാങ്കുകളെ സ്വാധീനിക്കുന്ന കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ മണ്ഡലങ്ങളില്‍ മുന്നണിയുടെ ജയസാധ്യതയെ പോലും ഇതു സാരമായി ബാധിച്ചേക്കാമെന്ന് കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കൾ പോലും ഭയക്കുന്നുണ്ട്.

തൃപ്പൂണിത്തുറ സ്ഫോടനം: 4 പ്രതികൾ കീഴടങ്ങി
🖱️ തൃപ്പൂണിത്തുറ സ്ഫോടന കേസില്‍ നാല് പ്രതികൾ കീഴടങ്ങി. പുതിയകാവ് ക്ഷേത്ര ഭാരവാഹികളായ നാലു പേരാണ് കീഴടങ്ങിയത്. ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതികളെ കോടതിയിൽ ഹാജരാക്കി. പുതിയകാവ് വടക്കുംഭാഗം കരയോഗം ഭാരവാഹികളായ സജീവ് ചന്ദ്രന്‍, രാജേഷ് കെ ആര്‍, സത്യന്‍, രാജീവ് എന്നിവരാണ് ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. വെടിക്കെട്ട് ഏറ്റെടുത്ത കരാറുകാര്‍ക്ക് പണം കൈമാറിയവരാണ് ഇവര്‍. മനപൂര്‍വ്വമല്ലാത്ത നരഹത്യ, സ്‌ഫോടകവസ്തു നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ്.

കാര്യവട്ടം ക്യാംപസിലെ വാട്ടർടാങ്കിൽ നിന്ന് കണ്ടെത്തിയത് പുരുഷന്‍റെ അസ്ഥികൂടം; അരികിൽ കണ്ണടയും ടൈയും
🖱️കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിലെ പഴയ വാട്ടർ ടാങ്കിൽ നിന്ന് കണ്ടെത്തിയത് പുരുഷന്‍റെ അസ്ഥികൂടമെന്ന് സ്ഥിരീകരിച്ചു. ടാങ്കിൽ നിന്ന് തൊപ്പി, കണ്ണട, ടൈ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തൂങ്ങിമരിച്ചുവെന്നാണ് നിഗമനം. ടാങ്കിനുള്ളിൽ നിന്ന് കയറും കണ്ടെടുത്തിട്ടുണ്ട്. ഫൊറൻസിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അസ്ഥികൂടത്തിന് മൂന്നു വർഷം പഴക്കമുണ്ടെന്നാണ് കരുതുന്നത്. സമീപത്തു നിന്ന് തലശേരി സ്വദേശിയുടെ ഡ്രൈവിങ് ലൈസൻസും കണ്ടെത്തിയിട്ടുണ്ട്.

ഉത്സവ പറമ്പിലെ ചോക്ക് മിഠായിയിൽ മാരക രാസവസ്തുവായ റോഡമിന്‍ ബി; പിടിച്ചെടുത്ത് പാലക്കാട് ഭക്ഷ്യസുരക്ഷാ വകുപ്പ്
🖱️ഉത്സവപറമ്പിൽ നിന്നും റോഡമിൻ ബി കലർന്ന മിഠായികൾ കണ്ടെത്തി. പാലക്കാട് മണപ്പുള്ളിക്കാവില്‍ ഉത്സവ പറമ്പില്‍ നിന്നുമാണ് റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടിച്ചെടുത്തത്. പാലക്കാട് ജില്ലാ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മിഠായി കണ്ടെത്തിയത്. വസ്ത്രങ്ങൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് റോഡമിൻ ബി. ചോക്ക് മിഠായിയുടെ നിറത്തിനായി ഉപയോഗിക്കുന്നത്. റോഡമിന്‍ ബി ശരീരത്തില്‍ ചെന്നാല്‍ കാന്‍സറും കരള്‍ രോഗങ്ങളും ഉണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നു. യുഎസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ വെബ്സൈറ്റ് അപകടകാരിയായി വിലയിരുത്തിയ രാസവസ്തുവാണ് റോഡമിന്‍ ബി.

ജയപ്രദ ഒളിവിൽ; അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി
🖱️മുൻ എംപിയും നടിയുമായ ജയപ്രദയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ട് ഉത്തർപ്രദേശ് കോടതി. തെരഞ്ഞെടുപ്പു ലംഘനവുമായി ബന്ധപ്പെട്ട കേസിൽ 7 തവണ സമൻസ് അയച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി നടപടി. മാർച്ച് 6നകം കോടതിയിൽ ഹാജരാക്കണം. നിലവിൽ ജയപ്രദ എവിടെയാണെന്ന് കണ്ടെത്താൻ സാധിക്കുന്നില്ലെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

ഹെപ്പറ്റൈറ്റിസ് രോഗബാധ
🖱️മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോ​ഗ ബാധ പടർന്നു പിടിക്കുന്നതായി റിപ്പോർട്ടുകൾ. രോ​ഗം ബാധിച്ചു കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് പേർ മരിച്ചതോടെയാണ് മലപ്പുറം ജില്ലയിൽ ആരോഗ്യ വകുപ്പ് ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോ​ഗ ബാധ കൂടുതലായും റിപ്പോർട്ടു ചെയ്തിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ ആരോ​ഗ്യ വകുപ്പ് നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്.

നടൻ അടഡേ മനോഹർ അന്തരിച്ചു
🖱️തമിഴ് നാടക, ചലച്ചിത്ര നടൻ അടഡേ മനോഹർ അന്തരിച്ചു. 68 വയസായിരുന്നു. ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ചെറിയ പ്രായംമുതൽ നാടകങ്ങളിൽ അഭിനയിച്ച മനോഹർ അനേകം നാടകങ്ങളിൽ വേഷമിട്ടു. 35 നാടകങ്ങൾ എഴുതി സംവിധാനം ചെയ്തു. നാടകത്തിലെ ഹാസ്യവേഷങ്ങളിലൂടെയാണ് ഏറെയും ശ്രദ്ധിക്കപ്പെട്ടത്. റേഡിയോനാടകങ്ങളിലും സജിവമായിരുന്നു. ഇരുപത്തഞ്ചിൽപരം സിനിമകളിൽ ഹാസ്യ, സ്വഭാവ വേഷങ്ങളിൽ അഭിനയിച്ചു.

മധ്യപ്രദേശിൽ വാഹനാപകടം; 14 മരണം
🖱️മധ്യപ്രദേശിൽ പിക്കപ്പ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് 14 പേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. ദിൻഡോരി ജില്ലയിലെ ബദ്ജർ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. ദേവാരി ഗ്രാമത്തിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗ്രാമീണർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും പൊലീസും ചേർന്ന് പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തമിഴ്നാട് സർക്കാർ പരസ്യത്തിൽ ചൈനീസ് പതാകയുള്ള റോക്കറ്റ്
🖱️കുലശേഖരപട്ടണത്ത് ഇസ്രൊ വിക്ഷേപണ കേന്ദ്രം തുടങ്ങുന്നതുമായി ബന്ധപ്പെട്ട പരസ്യത്തിൽ ചൈനീസ് പതാകയുള്ള റോക്കറ്റിന്‍റെ ചിത്രം ഉൾപ്പെടുത്തിയത് തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനെ വിവാദത്തിലാക്കി. പുതിയ വിക്ഷേപണ കേന്ദ്രം ഡിഎംകെ സർക്കാരിന്‍റെ നേട്ടമായി ചിത്രീകരിക്കുന്ന പരസ്യത്തിലാണ് അബദ്ധം പിണഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെയും ചിത്രത്തിനു പശ്ചാത്തലമായി ചൈനീസ് റോക്കറ്റിന്‍റെ ചിത്രം നൽകിയത് ഇന്ത്യയുടെ നേട്ടങ്ങളെ ഡിഎംകെ വിലകുറച്ചു കാണുന്നതിന്‍റെ തെളിവാണെന്ന് മോദി പറഞ്ഞു. പരസ്യം ഇന്ത്യൻ ശാസ്ത്രജ്ഞരെ അപമാനിക്കുന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി.

യാത്രക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു; എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ
🖱️വിമാനത്തിൽ നിന്നിറങ്ങി നടന്നു പോകുന്നതിനിടെ 80-കാരൻ ഹൃദയാഘാതം മൂലം മരണപ്പെട്ട കേസിൽ എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ. യാത്രക്കാരൻ വീൽ ചെയർ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും അതാണ് ഹൃദയാഘാതത്തിന് ഇടയാക്കിയതെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മുംബൈ ടെർമിനലിൽ വച്ചായിരുന്നു സംഭവം. ന്യൂയോർക്കിൽ നിന്ന് മുംബൈയിലേക്ക് ഭാര്യയ്ക്കൊപ്പം യാത്ര ചെയ്തിരുന്ന ഇന്ത്യൻ- അമെരിക്കൻ വംശജനാണ് മരണപ്പെട്ടത്.

മുംബൈ സ്ഫോടന പരമ്പരക്കേസിലെ പ്രതി അബ്ദുൾ കരീമിനെ കുറ്റവിമുക്തനാക്കി
🖱️1993ലെ മുംബൈ സ്ഫോടന പരമ്പരയിലെ പ്രധാന പ്രതി അബ്ദുൽ കരീം തുണ്ടയെ കുറ്റവിമുക്തനാക്കി. തെളിവുകളുടെ അഭാവത്തിൽ ടാഡ ( ഭീകര വിരുദ്ധ നിയമം) കോടതിയാണ് അബ്ദുൽ കരീമിനെ കുറ്റവിമുക്തനാക്കിയത്. ദാവൂദ് ഇബ്രാഹിമിന്‍റെ അടുത്ത അനുയായി എത്തു കരുതുന്ന അബ്ദുൽ കരീമിനെയും പപ്പു എന്നറിയപ്പെടുന്ന ഇർഫാനെയും ഹമീറുദ്ദീനും എതിരെ 2021 സെപ്റ്റംബർ 30നാണ് ടാഡ നിയമപ്രകാരം കുറ്റം ചുമത്തിയത്.

അസമിൽ കോൺഗ്രസ് മുൻ വർക്കിങ് പ്രസിഡന്‍റ് റാണാ ഗോസ്വാമി ബിജെപിയിൽ ചേർന്നു
🖱️അസം കോൺഗ്രസ് മുൻ വർക്കിങ് പ്രസിഡന്‍റ് റാണാ ഗോസ്വാമി ബിജെപിയിൽ ചേർന്നു. ഗുവാഹത്തിയിലെ ബിജെപി ആസ്ഥാനത്ത് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ പാർട്ടി അംഗത്വം നൽകി. റാണ ഗോസ്വാമി കോൺഗ്രസിൽ വർക്കിങ് പ്രസിഡന്‍റ് സ്ഥാനത്തു നിന്നും രാജിവച്ചിരുന്നു. നേരത്തെ വിവിധ രാഷട്രീയ വിഷയങ്ങൾ ഉന്നയിച്ച് സംഘടനാ ചുമതലകളിൽ നിന്നും റാണാ ഗോസ്വാമി രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രാഥമിക അം​ഗത്വവും റാണ ഗോസ്വാമി രാജിവച്ചത്.

ശ്രേയസ് അയ്യരും ഇഷാൻ കിഷനും വാർഷിക കരാറിൽ നിന്ന് പുറത്ത്
🖱️വാർഷിക കരാറിൽ നിന്ന് ശ്രേയസ് അയ്യരെയും ഇഷാൻ കിഷനെയും പുറത്താക്കി ബിസിസിഐ. റിങ്കു സിങ്ങും തിലക് വർമയും പട്ടികയിൽ പുതുതായി ഇടം പിടിച്ചു. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഗ്രേഡ് സി വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിലില്ലാത്ത സമയത്ത് താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിന്‍റെ ഭാഗമാകണമെന്ന നിബന്ധന ലംഘിച്ചതാണ് നടപടിക്ക് കാരണം. 2023-24 വർഷത്തേക്കുള്ള കരാറാണ് ബിസിസിആഐ പുറത്തു വിട്ടത്. ആഭ്യന്തര ക്രിക്കറ്റിൽ ശ്രേയസ് അയ്യർ മുംബൈ താരവും ഇഷാൻ ഝാർഖണ്ഡ് താരവുമാണ്. എന്നാൽ ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തിൽ നിന്ന് പരിക്കുണ്ടെന്ന് കാരണം കാണിച്ച് ശ്രേയസ് പിന്മാറിയിരുന്നു. മാനസിക സമ്മർദം എന്ന കാരണത്താൽ ഇഷാനും മത്സരത്തിൽ നിന്ന് വിട്ടു നിന്നു.

ആ​രാ​ധ​ക​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി: റൊ​ണാ​ള്‍ഡോ​യ്ക്ക് ഒ​രു മ​ത്സ​ര​വി​ല​ക്ക്
🖱️അ​ല്‍-​ഷ​ബാ​ബി​നെ​തി​രാ​യ സൗ​ദി പ്രോ ​ലീ​ഗ് വി​ജ​യ​ത്തി​ന് ശേ​ഷം ആ​രാ​ധ​ക​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​ന് അ​ല്‍-​ന​സ്ര്‍ ഫോ​ര്‍വേ​ഡ് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യ്ക്ക് ഒ​രു മ​ത്സ​ര​ത്തി​ല്‍ വി​ല​ക്ക്. സൗ​ദി പ്രോ ​ലീ​ഗ് മ​ത്സ​ര​ത്തി​നി​ടെ ഗാ​ല​റി​യി​ല്‍നി​ന്നു​ള്ള ‘മെ​സ്സി മെ​സ്സി’ വി​ളി​ക​ളോ​ട് മോ​ശ​മാ​യി പ്ര​തി​ക​രി​ച്ച​തി​നാ​ണ് ഇ​പ്പോ​ള്‍ റൊ​ണാ​ള്‍ഡോ​യ്ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. മെ​സി ആ​രാ​ധ​ക​ര്‍ക്കു​നേ​രെ റൊ​ണാ​ള്‍ഡോ അ​ശ്ലീ​ല അം​ഗ​വി​ക്ഷേ​പം ന​ട​ത്തി​യി​രു​ന്നു. സൗ​ദി ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ ഡി​സി​പ്ലി​ന​റി ആ​ന്‍ഡ് എ​ത്തി​ക്സ് ക​മ്മി​റ്റി​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

ഫ്രഞ്ച് ഫുട്‌ബോളര്‍ പോഗ്‌ബയ്‌ക്ക് നാല് വര്‍ഷം വിലക്ക്
🖱️ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞ ഫ്രഞ്ച് ഫുട്‌ബോളര്‍ പോള്‍ പോഗ്‌ബയ്‌ക്ക് നാല് വര്‍ഷം വിലക്ക്. ഉത്തേജക പരിശോധനയിൽ ടെസ്റ്റോസ്‌റ്റെറോണിന്റെ അളവ് കൂടുന്ന മരുന്ന് അപയോഗിച്ചതായി തെളിഞ്ഞതോടെ ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിനായി കളിക്കുന്ന മുപ്പതുകാരനെ കഴിഞ്ഞ സെപ്‌തംബർ മുതൽ താരത്തിന് താൽക്കാലിക വിലക്കേർപ്പെടുത്തിയിരുന്നു.

ഗോൾഡ് റേറ്റ്
ഗ്രാമിന് 5760 രൂപ
പവന് 46080 രൂപ