➖➖➖➖➖➖➖➖
◾മഞ്ചേരിയില്‍ തീര്‍ത്ഥാടകരുടെ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷയിലുണ്ടായിരുന്ന അഞ്ചുപേര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മജീദ്, മുഹ്സിന, തെസ്നിമ, റൈസാ, മോളി എന്നിവരാണ് മരിച്ചത്. കിഴക്കേതലയില്‍നിന്ന് പുല്ലൂരിലേക്ക് പോകുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍ പെട്ടത്. നാലു കുട്ടികളും രണ്ടു സ്ത്രീകളുമാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. കര്‍ണാടകത്തില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസാണ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്.
◾മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവ കേരള സദസ് ബസിനുനേരെ ആലപ്പുഴയില്‍ കരിങ്കൊടി കാണിച്ച കെ എസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘം വളഞ്ഞിട്ട് മര്‍ദിച്ചു. ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. കെ എസ് യു ജില്ലാ പ്രസിഡന്റ് തോമസ്, യൂത്ത് കോണ്‍സംസ്ഥാന സെക്രട്ടറി അജോയ് ജോയ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
◾ആലപ്പുഴയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബിന്റെ വീടിനുനേരെ ആക്രമണം. കൈതവനയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനുനേരെ കരിങ്കൊടി കാണിച്ചതിനു പിറകേയാണ് ആക്രമണമുണ്ടായത്. ജോബിന്റെ ഭാര്യയെ തള്ളി താഴെയിട്ടു. വീടിന്റെ ചില്ലുകളും അകത്തുകയറി ഫര്‍ണീച്ചറുകള്‍ അടക്കമുള്ളവയും തകര്‍ത്തിട്ടുണ്ട്. സിഐടിയു പ്രവത്തകരാണ് ആക്രമണം നടത്തിയതെന്നാണ് പരാതി.
*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ക്രിസ്മസ് കളക്ഷനും*
മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ക്രിസ്മസ് കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടതു പൊലീസിന്റെയും സര്‍ക്കാരിന്റെയും അനാസ്ഥമൂലമാണെന്ന് ആരോപിച്ച് നാളെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് സായാഹ്ന ധര്‍ണ നടത്തും. ‘മകളെ മാപ്പ് ‘എന്ന പേരില്‍ ധര്‍ണ നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം.പി അറിയിച്ചു.
◾മാവേലിക്കരയില്‍ ആറു വയസുകാരി മകള്‍ നക്ഷത്രയെ മഴു കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അച്ഛന്‍ ശ്രീമഹേഷ് ട്രെയിനില്‍നിന്നു ചാടി ജീവനൊടുക്കി. വിചാരണക്കുശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനടുത്താണു പുറത്തേക്കു ചാടിയത്. ടോയ്ലെറ്റില്‍ പോകുകയായിരുന്ന ഇയാള്‍ കാവലുണ്ടായിരുന്ന രണ്ടു പൊലീസുകാരെ തള്ളി മാറ്റി ട്രാക്കിലേക്ക് ചാടുകയായിരുന്നെന്നു പോലീസ് പറയുന്നു.
◾പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം രണ്ടിന് തൃശൂരില്‍ എത്തും. ബിജെപി സംഘടിപ്പിക്കുന്ന സ്ത്രീശക്തി സംഗമത്തില്‍ പങ്കെടുക്കും. രണ്ടു ലക്ഷം സ്ത്രീകള്‍ പങ്കെടുക്കും. കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയില്ലെന്നു പരിപാടികള്‍ വിശദീകരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആരോപിച്ചു. വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ പാര്‍ട്ടിക്കാരനെ ശിക്ഷയില്‍നിന്നു രക്ഷിച്ചത് സിപിഎം ഗൂഡാലോചന നടത്തിയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
◾സംഘപരിവാറിന്റെ ഗുഡ് ലിസ്റ്റില്‍ കയറിപ്പറ്റാനാണ് ഗവര്‍ണറുടെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഗവര്‍ണറുടെ മാനസിക നില ജനത്തിന് അറിയാം. സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടല്‍ അനുവദിക്കില്ല. വണ്ടിപ്പെരിയാറില്‍ വീഴ്ചയുണ്ടെങ്കില്‍ നടപടി വേണമെന്നും ഗോവിന്ദന്‍ പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾കൊല്ലം ചക്കുവള്ളി പരബ്രഹ്‌മ ക്ഷേത്ര മൈതാനത്തു തിങ്കളാഴ്ച നവകേരള സദസ് നടത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ അനുമതി ഹൈക്കോടതി റദ്ദാക്കി. ക്ഷേത്രമൈതാനം ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതു ചോദ്യം ചെയ്ത് ഹിന്ദു ഐക്യവേദി ഭാരവാഹികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
◾കൊല്ലം കടക്കല്‍ ക്ഷേത്ര മൈതാനത്ത് നടത്താനിരുന്ന നവ കേരള സദസ്സ് മറ്റൊരിടത്തേക്കു മാറ്റും. ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവ കേരള സദസ് നടത്തുന്നത് ഹൈക്കോടതി തടഞ്ഞതിനു പിറകേയാണ് തീരുമാനം. കടയ്ക്കല്‍ ക്ഷേത്രത്തില്‍ നവ കേരള സദസ്സിന് വേദി നിശ്ചയിച്ചതിനെതിരായ കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് തീരുമാനം.
◾നവ കേരള സദസിന്റെ പഞ്ചായത്ത് തല വിളംബര ഘോഷയാത്രയില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ സര്‍ക്കുലര്‍. കൊല്ലം ചിതറ പഞ്ചായത്ത് പ്രസിഡന്റ് സിപിഎം നേതാവ് എംഎസ് മുരളിയാണ് സര്‍ക്കുലര്‍ ഇറക്കിയത്.
◾എല്ലാ കാലത്തും പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരിക്കില്ലെന്ന് പൊലീസ് ക്രിമിനലുകള്‍ ഓര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുദ്രാവാക്യം വിളിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് നോക്കിനില്‍ക്കെയാണ് പിണറായി വിജയന്റെ ഗണ്‍മാനും അംഗരക്ഷകരും ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദ്ദിച്ചതെന്നു സതീശന്‍ പറഞ്ഞു.
◾സംവിധായകന്‍ രഞ്ജിത്ത് ആറാം തമ്പുരാനായി നടക്കുന്നതുകൊണ്ടല്ല ചലച്ചിത്രോല്‍സവം വിജയകരമായി നടന്നതെന്നു ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍. ഏകാധിപതിയായി പെരുമാറുന്ന രഞ്ജിത്തിനോടു തങ്ങള്‍ക്ക് ഒരു വിധേയത്വവും ഇല്ലെന്ന് കൗണ്‍സില്‍ അംഗം മനോജ് കാന പറഞ്ഞു.
◾വണ്ടിപ്പെരിയാര്‍ പോക്സോ കേസിന്റെ തെളിവുകളെല്ലാം അന്വേഷണ ഉദ്യോഗസ്ഥന്‍ നശിപ്പിച്ചതു സിപിഎമ്മിന്റെ നിര്‍ദേശമനുസരിച്ചാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഡിവൈഎഫ്ഐക്കാരനായ പ്രതിയെ രക്ഷിക്കാനാണ് കേസ് ആട്ടിമറിച്ചത്. സര്‍ക്കാരും സിപിഎമ്മും എന്തു ക്രൂരകൃത്യവും ചെയ്യുമെന്നതിന്റെ തെളിവാണിത്. സതീശന്‍ കുറ്റപ്പെടുത്തി.
◾കേരള കോണ്‍ഗ്രസ് (എം) ന് എപ്പോള്‍ വേണമെങ്കിലും യുഡിഎഫിലേക്ക് തിരിച്ചു വരാമെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി. കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിന്റെ അവിഭാജ്യ ഘടകമായിരുന്നു. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് കേരള കോണ്‍ഗ്രസ് (എം) മുന്നണി വിട്ടതെന്നും അദ്ദേഹം പറഞ്ഞു.
◾കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ഭര്‍തൃവീട്ടില്‍ ഷബ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ സഹോദരി ഹഫ്സത്ത് പൊലീസില്‍ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനാലാണു കീഴടങ്ങിയത്. റിമാന്‍ഡിലുള്ള പ്രതി ഹനീഫയുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി തള്ളി. ഭര്‍ത്താവിന്റെ അമ്മ നബീസയും റിമാന്‍ഡിലാണ്.
◾തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഡോ. റുവൈസ് നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. ഷഹനയുടെ ആത്മഹത്യയില്‍ പങ്കില്ലെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നും റുവൈസ് ഹര്‍ജിയില്‍ പറയുന്നു.
◾യുട്യൂബ് ലൈക്ക് ചെയ്താല്‍ സ്ഥിരം വരുമാനം തരാമെന്നു വാഗ്ദാനം ചെയ്തു നിരവധി പേരില്‍നിന്നു പണം തട്ടിയെടുത്ത കേസില്‍ രണ്ടു പേര്‍കൂടി പിടിയിലായി. തമിഴ്നാട്ടുകാരനായ രാജേഷ് (21), ബംഗളൂരു സ്വദേശി ചക്രധാര്‍ (36) എന്നിവരെയാണ് എറണാകുളം സൈബര്‍ ക്രൈം സംഘം ബംഗളൂരുവില്‍നിന്ന് പിടികൂടിയത്.
◾കൊല്ലത്ത് വയോധികയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ മരുമകള്‍ മഞ്ജുമോള്‍ തോമസിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
◾ചിങ്ങവനം സ്വകാര്യ ബാങ്ക് കൊള്ളയടിച്ച കേസില്‍ മുഖ്യപ്രതി കളഞ്ഞൂര്‍ പാടം സ്വദേശി ഫൈസല്‍ രാജ് (35) പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. ഒരു കോടിയിലേറെ രൂപയുടെ സ്വര്‍ണവും പണവുമാണ് കോട്ടയം ചിങ്ങവനത്തെ ബാങ്കില്‍ നിന്ന് കവര്‍ന്നത്. കൊടകര ഇസാഫ് ബാങ്ക് കവര്‍ച്ചാ കേസിലെയും പ്രതിയാണ് ഇയാള്‍.
◾മാവേലിക്കരയില്‍ ആംബുലന്‍സും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് രോഗി മരിച്ചു. ചെറിയനാട് പാലിയത്ത് പ്രശാന്ത് (39) ആണ് മരിച്ചത്. മാവേലിക്കര മിച്ചല്‍ ജംഗ്ഷനില്‍ രാത്രി എട്ടരയോടെയായിരുന്നു അപകടം. അതുവഴിയെത്തിയ റവന്യൂ മന്ത്രി കെ രാജന്‍ ഫയര്‍ ഫോഴ്സിനെയും പൊലീസിനെയും വിളിച്ചുവരുത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.
◾സിപിഎമ്മുകാരെ വധിക്കാന്‍ ശ്രമിച്ച കേസിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് 22 വര്‍ഷവും ആറു മാസവും കഠിനതടവ് ശിക്ഷ. 5,60,000 രൂപ പിഴയുമടക്കണം. പാലക്കാട് അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ സന്തോഷ്, നിതീഷ്, പ്രസാദ്, മനോജ്, വിനോദ്, ശിവദാസ്, പുരുഷോത്തമന്‍, കണ്ണന്‍, എന്നിവരെയാണ് ശിക്ഷിച്ചത്. 2013 സെപ്റ്റംബറില്‍ ആണ് സിപിഎം പ്രവര്‍ത്തകരായ രതീഷിനെയും ഷിജിനെയും കണ്ണമ്പ്രയില്‍ വെട്ടിപരിക്കല്‍പ്പിച്ചത്.
◾ചലച്ചിത്ര മേളയുടെ സമാപന വേദിയില്‍ അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന് കൂവല്‍. പ്രസംഗത്തിനു ക്ഷണിച്ചപ്പോഴാണ് കൂവിയത്. ചലച്ചിത്ര ആക്കാദമിയുമായി ബന്ധപ്പെട്ടുള്ള വിവാദമാണ് രഞ്ജിത്തിനെതിരെ പ്രതിഷേധം ഉയരാന്‍ കാരണം.
◾കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാം പ്രതി പത്മകുമാറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൂടുതല്‍ വലിയ ക്രിമിനലുകള്‍ക്കുള്ള സുരക്ഷാ ബ്ലോക്കിലേക്കു മാറ്റി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദന ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിനൊപ്പമാണ് പത്മകുമാറിനെ പാര്‍പ്പിച്ചിരിക്കുന്നത്. ട്രെയിനില്‍ നിന്നും ചാടി മരിച്ച ശ്രീമഹേഷും ഇതേ സെല്ലിലായിരുന്നു.
◾പാലക്കാട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളെ ആക്രമിച്ച നാലു സാമൂഹ്യവിരുദ്ധരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് മെഡിക്കല്‍ കോളേജ് പരിസരത്ത് ഒരു സംഘം ആളുകള്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. നാലു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
◾തലശേരിയില്‍ ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന 733 ലിറ്റര്‍ മാഹി മദ്യം എക്സൈസ് കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ചിരുന്ന കോഴിക്കോട് വടകര സ്വദേശി എ.കെ ചന്ദ്രനെ അറസ്റ്റു ചെയ്തു.
◾തിരുവനന്തപുരം പാളയത്ത് ഹോട്ടലില്‍ തീപിടുത്തം. അണ്ടര്‍പാസിനു സമീപത്തുള്ള സംസം ഹോട്ടലിലെ അടുക്കളയിലാണ് തീപിടുത്തമുണ്ടായത്.
◾തിരുച്ചിറപ്പള്ളിയിലെ പ്രണവ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസില്‍ നടന്‍ പ്രകാശ് രാജിനെ തമിഴ്നാട് പൊലീസ് കുറ്റമുക്തനാക്കി. നിക്ഷേപ തട്ടിപ്പുമായി നടന് ബന്ധമില്ലെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക വിഭാഗം റിപ്പോര്‍ട്ട് നല്‍കി. ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ പരസ്യചിത്രത്തില്‍ അഭിനയിക്കുക മാത്രമാണ് പ്രകാശ് രാജ് ചെയ്തതെന്നാണ് വിശദീകരണം. കേസില്‍ പ്രകാശ് രാജിന് എന്‍ഫോഴ്സ്മെന്റ് സമന്‍സ് അയച്ചിരിക്കേയാണ് പോലീസിന്റെ നടപടി.
◾പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ ബിജെപി എംപിക്ക് പങ്കുള്ളതുകൊണ്ടാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ വിഷയത്തെക്കുറിച്ചു മിണ്ടാതിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. സഭയില്‍ വിശദീകരണം തരാത്ത അമിത് ഷാ ചില ചാനലുകളില്‍ സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമിത് ഷാക്ക് അഹങ്കാരമാണ്. അമിത് ഷാ പാര്‍ലമെന്റില്‍ സംസാരിക്കുന്നതുവരെ പ്രതിഷേധം തുടരും. ഇന്ത്യ സഖ്യത്തിന്റെ വിശാലയോഗം ചൊവ്വാഴ്ച അശോക ഹോട്ടലില്‍ ചേരുമെന്നും ജയ്റാം രമേശ് വ്യക്തമാക്കി.
◾രാജസ്ഥാനില്‍ ബിജെപി നേതാവ് ഭജന്‍ലാല്‍ ശര്‍മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിമാരായി ദിയകുമാരിയും പ്രേംചന്ദ് ഭൈരവയും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ, മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട് തുടങ്ങിയവര്‍ വേദിയില്‍ ഉണ്ടായിരുന്നു.
◾2024 ലെ ഹജ്ജിന് ഇന്ത്യയില്‍നിന്ന് 1,75,025 തീര്‍ഥാടകര്‍ക്ക് അനുമതിയെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. സൗദിയിലെത്തുന്ന ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഉറപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
◾28 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഈ വര്‍ഷം അമേരിക്കയില്‍ നിന്ന് നാടുകടത്തിയെന്നു കേന്ദ്ര സര്‍ക്കാര്‍. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് വെള്ളിയാഴ്ച ലോക് സഭയില്‍ ഇക്കാര്യം അറിയിച്ചത്.
◾ഇറാനിലേക്കു പോകാന്‍ ഇന്ത്യക്കാര്‍ക്ക് ഇനി വിസ ആവശ്യമില്ല. സൗദി ഉള്‍പ്പടെ 33 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിസയില്‍ ഇളവ് അനുവദിച്ചത്.
◾സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ വിവിധ നിയമപ്രശ്നങ്ങളില്‍പെട്ട 5,992 ഇന്ത്യന്‍ തൊഴിലാളികളെ ഈ വര്‍ഷം തിരിച്ചയച്ചെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. തൊഴിലിടത്തുനിന്ന് ഒളിച്ചോടിയെന്ന് (ഹുറൂബ്) സ്പോണ്‍സര്‍മാര്‍ പ്രഖ്യാപിച്ച 3,092 പേരേയും താമസരേഖ (ഇഖാമ)യുടെ കാലാവധി കഴിഞ്ഞ 2,900 പേരേയുമാണു തിരിച്ചയച്ചത്.
◾ഹാര്‍ദിക് പാണ്ഡ്യ ഇനി മുംബൈ ഇന്ത്യന്‍സിനെ നയിക്കും. ഐപിഎല്‍ 2024 സീസണിന്റെ നായകനായി ഹാര്‍ദിക്കിനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. ഒരു പതിറ്റാണ്ടോളം മുംബൈ ഇന്ത്യന്‍സിനെ നയിച്ച രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയാണ് പുതിയ നായകനെ പ്രഖ്യാപിച്ചത്. 2013-മുതല്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ച രോഹിത് ടീമിനായി അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്.
◾തുര്‍ക്കിയിലെ അങ്കാറഗുചു ക്ലബ് മുന്‍ പ്രസിഡന്റ് ഫാറുക് കൊചയ്ക്ക് ആജീവനാന്ത വിലക്ക്. തുര്‍ക്കി സൂപ്പര്‍ ലീഗ് ഫുട്‌ബോളിനിടെ റഫറിയുടെ മുഖത്തിടിച്ച സംഭവത്തിലാണ് ടര്‍ക്കിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ നടപടിയെടുത്തത്.
◾അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി ലോകകപ്പില്‍ ധരിച്ച ആറ് ജഴ്‌സികള്‍ 65 കോടി രൂപക്ക് ലേലത്തില്‍ വിറ്റു. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തിലാണ് മെസിയുടെ ജഴ്സികള്‍ ഇത്രയും വലിയ വിലക്ക് വിറ്റത്.
◾ഇന്ത്യയുടെ വാണിജ്യാധിഷ്ഠിത കയറ്റുമതി നവംബറില്‍ 2.8 ശതമാനം താഴ്ന്ന് 3,390 കോടി ഡോളറിലെത്തി. 2022 നവംബറില്‍ കയറ്റുമതി വരുമാനം 3,489 കോടി ഡോളറായിരുന്നു. ഇറക്കുമതി ചെലവ് 5,580 കോടി ഡോളറില്‍ നിന്ന് 5,448 കോടി ഡോളറായും താഴ്ന്നുവെന്ന് കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടെ ഇന്ത്യയുടെ കയറ്റുമതിയും ഇറക്കുമതിയും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി കഴിഞ്ഞമാസം 2,058 കോടി ഡോളറിലേക്കും താഴ്ന്നു. വ്യാപാരക്കമ്മി താഴുന്നത് ഇന്ത്യക്ക് ആശ്വാസമാണ്. ഒക്ടോബറില്‍ ഇത് 3,146 കോടി ഡോളറായിരുന്നു; 2022 നവംബറില്‍ 3,200 കോടി ഡോളറും.ഏപ്രില്‍-നവംബറിലും ഇടിവ്നടപ്പുവര്‍ഷം (2023-24) ഏപ്രില്‍-നവംബറില്‍ കയറ്റുമതി 6.51 ശതമാനം താഴ്ന്ന് 27,880 കോടി ഡോളറാണ്. 44,515 കോടി ഡോളറിന്റേതാണ് ഇക്കാലയളവില്‍ നടത്തിയ ഇറക്കുമതി; മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 8.67 ശതമാനം കുറവാണിത്.
◾മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബന്‍’ ആരാധകരുടെ താളമേകുന്നതിന് ഇമ്പമേറുന്ന ആദ്യ ഗാനം റിലീസ് ചെയ്തു. ‘ പുന്നാര കാട്ടിലെ പൂവനത്തില്‍’ എന്ന ഗാനം സംഗീത സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. പി എസ് റഫീഖ് രചന നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാര്‍ വാക്കിയിലും അഭയ ഹിരണ്‍മയിയുമാണ്. പ്രേക്ഷക പ്രശംസയും ഒരു കോടിയില്‍പ്പരം കാഴ്ചക്കാരെയും സ്വന്തമാക്കിയ വാലിബന്റെ ടീസറിനു ശേഷമാണ് ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ ചിത്രത്തിന്റെ ഗാനം പ്രേക്ഷകരിലേക്ക് എത്തിയത്. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസാകുന്നത്. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ ആചാരി എന്നിവരും മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മലൈക്കോട്ടൈ വാലിബന്‍’ 2024 ജനുവരി 25 ന് തിയേറ്ററുകളിലെത്തും.
◾രോമാഞ്ചം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ആവേശം. ചിത്രത്തില്‍ ഫഹദ് ഫാസിലാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ തീര്‍ത്തും വ്യതസ്തമായ വേഷത്തിലായിരിക്കും ഫഹദ് എത്തുക എന്നത് നേരത്തെ വന്ന വാര്‍ത്തയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ്ലുക്കിനൊപ്പം റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍. 2024 വിഷു റിലീസ് ആയിട്ടായിരിക്കും ചിത്രം റിലീസാകുക. 2024 ഏപ്രില്‍ 11ന് ചിത്രം തീയറ്ററുകളില്‍ എത്തുക. ഫഹദിനെ ഒരു വലിയ ജനക്കൂട്ടം ആകാശത്തേക്ക് ഉയര്‍ത്തുന്നതാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്. ഫഹദ് ഫാസില്‍ തന്നെയാണ് ഫസ്റ്റ്ലുക്ക് പുറത്തുവിട്ടത്. കട്ടിമീശയും കറുപ്പ് വസ്ത്രവുമണിഞ്ഞുളള ഫഹദിന്റെ ഗെറ്റപ്പ് എന്തായാലും പുതുമയാണ്. ചിത്രം നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദാണ്. ബെംഗളൂരുവിലെ ഒരു കോളേജിന്റെ പാശ്ചത്തലത്തില്‍ പറയുന്ന വളരെ വ്യത്യസ്തമായ ഒരു ക്യാമ്പസ് ചിത്രമാണ് ഇതെന്നാണ് വിവരം. നര്‍മ്മത്തിന് പ്രധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. ജിത്തു മാധവന്‍ തന്നെയാണ് തിരക്കഥ. സമീര്‍ താഹിറാണ് ക്യാമറ. സുഷിന്‍ ശ്യാം സംഗീതം.
◾ഉപഭോക്താക്കള്‍ക്കായി ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് മികച്ച ഡിസംബര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. ആകര്‍ഷകമായ ഇഎംഐ സ്‌കീമുകള്‍, എക്സ്റ്റെന്‍ഡഡ് വാറന്റി, റൈഡിംഗ് ഗിയറുകള്‍ക്ക് ആകര്‍ഷകമായ കിഴിവുകള്‍, 2023 ഡിസംബര്‍ 31 വരെ ഡെലിവറിയ്ക്ക് ആക്സസറികള്‍ എന്നിവ ഈ ഓഫറുകളില്‍ ഉള്‍പ്പെടുന്നു. തിരഞ്ഞെടുത്ത ജാവ 42, യെസ്ഡി റോഡ്സ്റ്റര്‍ മോഡലുകളില്‍ എക്സ്ചേഞ്ച് ബോണസ് ഓഫറുമുണ്ട്. ജാവ, യെസ്ഡി മോട്ടോര്‍സൈക്കിളുകളുടെ എല്ലാ മോഡലുകള്‍ക്കും നാല് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വരെ എക്സ്റ്റെന്‍ഡഡ് വാറന്റി ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ് ഓഫര്‍ രണ്ട് വര്‍ഷം അല്ലെങ്കില്‍ 24,000 കിലോമീറ്ററാണ്. എന്നാല്‍ ഡിസംബറില്‍ എടുക്കുന്ന എല്ലാ ഡെലിവറികള്‍ക്കും അധിക ചെലവില്ലാതെ എക്സ്റ്റെന്‍ഡഡ് വാറന്റി ലഭ്യമാണ്. ഐഡിഎഫ്സിയില്‍ നിന്നുള്ള ആകര്‍ഷകമായ കുറഞ്ഞ ഇഎംഐ സ്‌കീമുകള്‍ വെറും 1,888രൂപ മുതലാണ് ആരംഭിക്കുന്നത്. ഈ ഓഫര്‍ എല്ലാ ജാവ, യെസ്ഡി മോഡലുകളിലും ലഭ്യമാണ്. റൈഡിംഗ് ജാക്കറ്റുകള്‍ മുതല്‍ ടൂറിംഗ് ആക്സസറികള്‍ വരെയുള്ള എല്ലാ തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങളും 50 ശതമാനം വിലക്കിഴിവില്‍ ലഭ്യമാണ്. ജാവ യെസ്ഡി മോട്ടോര്‍സൈക്കിളിന്റെ ജാവ 42, യെസ്ഡി റോഡ്സ്റ്റര്‍ എന്നിവയുടെ സിംഗിള്‍ ടോണ്‍ മോഡലുകളില്‍ പ്രത്യേക എക്സ്ചേഞ്ച് ബോണസ് ഓഫര്‍ ഉണ്ട്. എക്സ്ചേഞ്ച് ആയി 10,000 രൂപ വരെ നേടാം.
◾ഇത് എന്റെ ആത്മകഥയോ പൂര്‍ണ്ണമായ ഓര്‍മ്മക്കുറിപ്പുകളോ അല്ല. ഒന്നു തിരിഞ്ഞുനോക്കിയപ്പോള്‍, മിന്നല്‍വെട്ടത്തിലെന്നപോലെ കണ്ട ചില ലോകങ്ങള്‍. ഇനിയുമെത്രയോ കാര്യങ്ങള്‍ മനസ്സിലിരിക്കുന്നു. പറയാന്‍ പറ്റുന്നവ, ഒരിക്കലും പറയാന്‍ പറ്റാത്തവ… പതിരുകള്‍ കലര്‍ന്നുകിടക്കുന്നവ. പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ പരിഷ്‌കരിച്ച പതിപ്പ്. ‘ഋതുമര്‍മ്മരങ്ങള്‍’. മാതൃഭൂമി. വില 153 രൂപ.
◾മറവി ബാധിക്കുന്നത് പല കാരണങ്ങള്‍ മൂലമാകാം. ചിലത് ആരോഗ്യപരമായി ബന്ധപ്പെടുന്ന കാരണങ്ങളാണെങ്കില്‍ മറ്റുള്ളത് ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെടുന്നവയാകാം. എന്തായാലും ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഏഴ് മാര്‍ഗ്ഗങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. മെഡിറ്റേഷന്‍ അല്ലെങ്കില്‍ യോഗ ചെയ്യുന്നത് മനസിന് എനര്‍ജി സഹായിക്കും. അതുപോലെ ‘സ്ട്രെസ്’, ഉത്കണ്ഠ, വിരസത എന്നിവ അകറ്റാനും സഹായിക്കും. ഇവയെല്ലാം ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ശരിയായ ഉറക്കം തലച്ചോറിന് എപ്പോഴും ആവശ്യമാണ്. ഉറക്കക്കുറവ്, ആഴത്തിലുള്ള ഉറക്കം ലഭിക്കാതിരിക്കുക, ഉറക്കം പതിവായി മുറിയുക എന്നിവയെല്ലാം ഓര്‍മ്മയെ ബാധിക്കാം. അതിനാല്‍ കൃത്യമായ-ആഴത്തിലുള്ള ദീര്‍ഘമായ ഉറക്കം എന്നും ഉറപ്പാക്കുക. ശരീരത്തിന് മാത്രമല്ല മനസിനും വ്യായാമം ആവശ്യമാണ്. ചില ഗെയിമുകളിലേര്‍പ്പെടുന്നത് ഇത്തരത്തില്‍ ഓര്‍മ്മ ശക്തിയെ മെച്ചപ്പെടുത്തിയേക്കാം. ചെസ്, സുഡോകോ എല്ലാം ഉദാഹരണങ്ങളാണ്. അതുപോലെ എന്തിനും ഏതിനും ഇന്റര്‍നെറ്റ് വിവരങ്ങളെ ആശ്രയിക്കുന്നതിന് പകരം നമ്മള്‍ തന്നെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുക. പതിവായി ഒരേ കാര്യങ്ങള്‍ മാത്രം ചെയ്യുകയും ഒരുപോലെ ചിന്തിക്കുകയും ചെയ്യുമ്പോള്‍ തലച്ചോര്‍ പരിമിതമായി പ്രവര്‍ത്തിക്കാന്‍ കാരണമാകും. അതിനാല്‍, പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനും പരിശീലിക്കുന്നതിനും സമയം കണ്ടെത്തുക. ഇവ ചിന്താശേഷിയെ സ്വാധീനിക്കുകയും ഓര്‍മ്മശക്തി വര്‍ദ്ധപ്പിക്കുകയും ചെയ്യും. പതിവായി വ്യായാമം ചെയ്യുന്നതും ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായകമാണ്. വ്യായാമം ചെയ്യുമ്പോള്‍ ശാരീരികമായ പ്രവര്‍ത്തനങ്ങളെല്ലാം സുഗമമായി പോകുന്നു. ഇത് തലച്ചോറിനെയും നല്ലരീതിയില്‍ സ്വാധീനിക്കുന്നു. പുറംലോകവുമായി കാര്യമായി ബന്ധം പുലര്‍ത്താതെ ജീവിക്കുന്നവരുണ്ട്. ഇവരില്‍ മറവി കൂടുതലായി കാണാം. സ്വയം സമൂഹത്തിലേക്കിറങ്ങി ഇടപെടലുകള്‍ നടത്തുന്നതിലൂടെയും സൗഹൃദങ്ങളിലും മറ്റും സജീവമാകുന്നതിലൂടെയും ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. നാം കഴിക്കുന്ന ഭക്ഷണവും നമ്മുടെ ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ നല്ലരീതിയില്‍ സ്വാധീനിക്കുന്നു. ബദാം, ഡാര്‍ക് ചോക്ലേറ്റ്, മഞ്ഞള്‍ തുടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പ്രത്യേകിച്ചും ഓര്‍മ്മ ശക്തിക്ക് നല്ലതാണ