വാർത്താകേരളം

 
     
കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും
🖱️എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ കസ്റ്റഡിയിൽ നിന്ന് അടിയന്തരമായി മോചിപ്പിക്കണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ആവശ്യം അംഗീകരിക്കാതെ ഡൽഹി ഹൈക്കോടതി. മദ്യ നയക്കേസിൽ തന്നെ അറസ്റ്റ് ചെയ്തതും റിമാൻഡിൽ വച്ചിരിക്കുന്നതും ചോദ്യം ചെയ്തു കൊണ്ട് കെജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ ഇഡിയോട് ഏപ്രിൽ രണ്ടിനകം കോടതി മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രിൽ 3ന് ഹർജി വീണ്ടും പരിഗണിക്കും. അതു വരെ കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും.

ഡോ. കെഎസ് അനിൽ പൂക്കോട് വെറ്ററിനറി സര്‍വകലാശാല പുതിയ വിസി
🖱️കേരള വെറ്ററിനറി സർവ്വകലാശാലയുടെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു. മണ്ണുത്തി വെറ്റിനറി കോളെജിലെ പ്രൊഫസറാണ് അനിൽ. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഡോ. കെ. എസ് അനിൽ വിസിയായി ചുമതലകൾ നിർവക്കുമെന്ന് ഗവർണറുടെ സെക്രട്ടറിയറ്റിൽ നിന്നും പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കി. ഗവർണറുടെ കടുത്ത അതൃപ്തിയെ തുടർന്ന് ഡോ.പി സി ശശീന്ദ്രൻ രാജിവച്ച ഒഴിവിലാണ് പുതിയ നിയമനം.

ചരിത്രപരമായ തീരുമാനവുമായി കലാമണ്ഡലം
🖱️കേരള കലാമണ്ഡലത്തിൽ മോ​ഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അനുമതി നൽകി ചരിത്ര തീരുമാനവുമായി കലാമണ്ഡലം. ബുധനാഴ്ച ചേർന്ന ഭരണ സമിതി യോഗത്തിലാണ് ഈ നിർണായക തീരുമാനം ഉണ്ടായത്. ലിംഗ ഭേദമെന്യേ കലാമണ്ഡലത്തിൽ എല്ലാവർക്കും പ്രവേശനം നൽകുമെന്ന് ഭരണസമിതി അറിയിച്ചു. സത്യഭാമ ജൂനിയറിന്‍റെ ജാത്യ, ലിംഗാധിഷേപത്തിന് ശേഷം വിദ്യാർഥി യൂണിയന്‍ മുൻ കൈയെടുത്ത് ഡോ. ആർഎൽവി രാമകൃഷ്ണന് കൂത്തമ്പലത്തിൽ വേദിയൊരുക്കിയിരുന്നു.

പൂക്കോട് വെറ്ററിനറി കോളെജിലെ 13 വിദ്യാര്‍ത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കി
🖱️റാഗിങ് പരാതിയെതുടര്‍ന്ന് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിൽ സസ്പെന്‍ഡ് ചെയ്ത 13 വിദ്യാർഥികളുടെയും സസ്പെന്‍ഷന്‍ റദ്ദാക്കി. ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേയ്ക്ക് പിന്നാലെയാണ് സസ്പെഷൻ ഉത്തരവ് റദ്ദാക്കികൊണ്ടുള്ള അധികൃതരുടെ നടപടി. 2019, 2021 ബാച്ചുകളിലെ വിദ്യാർത്ഥികളെ റാഗ് ചെയ്തതിനാണ് 13 വിദ്യാര്‍ത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നത്.

വ്യക്തിപരമായി അപമാനിച്ചു; സത്യഭാമക്കെതിരേ പൊലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ
🖱️യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലെ വിവാദ പരാമർശത്തിനെതിരേ കലാമണ്ഡലം സത്യഭാമക്കെതിരേ പൊലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ. ചാലക്കുടി ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതി. അഭിമുഖം നൽകിയത് വഞ്ചിയൂരിലായതിനാൽ പരാതി കൈമാറുമെന്ന് ചാലക്കുടി പൊലീസ് വ്യക്തമാക്കി.

ലാത്തിചാർജിൽ പരിക്കേറ്റ വനിത നേതാവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍
🖱️പൊലീസ് ലാത്തിചാർജിൽ പരിക്കേറ്റതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വനിത നേതാവ് ഹൈക്കോടതിയിൽ. യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്ത് ആണ് മാർച്ചിനിടെ ഉണ്ടായ ലാത്തിചാർജിനിടെ സംഭവിച്ച പരിക്കിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പ്രതിഷേധക്കാർക്കിടയിൽ നിന്ന് മാറി നിൽക്കുമ്പോഴാണ് പൊലീസ് ക്രൂരമായി മർദിച്ചതെന്നും, തലക്കും കഴുത്തിനും ഗുരുതര പരിക്കേറ്റെന്നും മേഘയുടെ ഹർജിയിൽ പറയുന്നു.

സിദ്ധാർഥന്‍റെ മരണം; സിബിഐക്ക് രേഖകൾ കൈമാറി സംസ്ഥാനം
🖱️പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് രേഖകൾ കൈമാറി സംസ്ഥാന സർക്കാർ. സ്‌പെഷല്‍ സെല്‍ ഡിവൈഎസ്പി ശ്രീകാന്ത് നേരിട്ടെത്തി രേഖകള്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കുകയായിരുന്നു.കേസ് സിബിഐക്ക് വിട്ടത് ഈ മാസം 9 നായിരുന്നു. എങ്കിലും സിബിഐക്ക് ഔദ്യോഗികമായി അറിയിപ്പ് നൽകിയത് മാർച്ച് 16 ആ‍ണ്. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് രേഖകള്‍ സിബിഐക്ക് കൈമാറുന്നതില്‍ കാലതാമസം നേരിടാന്‍ കാരണമെന്നാണ് കണ്ടെത്തൽ.

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ.കെ. ശൈലജ
🖱️സാമൂഹികമാധ്യമങ്ങളിലൂടെ ലൈംഗികച്ചുവയുള്ള മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് പരാതിയുമായി വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ. സ്ത്രീയെന്ന പരിഗണന പോലുമില്ലാതെയാണ് അധിക്ഷേപം. അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിൽ പ്രചാരണം നടത്തുന്നുവെന്നും സാമൂഹികമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം യുഡിഎഫ് സ്ഥാനാർത്ഥിയുടെ അറിവോടെയും സമ്മതത്തോടെയുമാണ് ഈ പ്രചാരണം നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

എം.എം. മണിക്കെതിരേ വംശീയ അധിക്ഷേപവുമായി കോൺഗ്രസ് നേതാവ്
🖱️എം.എം. മണി എംഎൽഎക്കെതിരേ വംശീയ അധിക്ഷേപവുമായി കോൺഗ്രസ് നേതാവ്. ഇടുക്കി ഡിസിസി മുൻ സെക്രട്ടറിയും യുഡിഎഫ് ദേവികുളം നിയോജകമണ്ഡലം കൺവീനറുമായ ഒ.ആർ.ശശിയുടേതാണ് വിവാദ പരാമർശം. എം.എം. മണിയുടെ മുഖത്തു നോക്കുന്നത് ചുട്ട കശുവണ്ടിയെ നോക്കുന്നതു പോലെയാണെന്നായിരുന്നു ശശിയുടെ പരാമർശം. ഡീൻ കുര്യാക്കോസിനെതിരായ മണിയുടെ പ്രസംഗത്തിന് മറുപടിയായിട്ടായിരുന്നു ശശിയുടെ പരാമർശം.

കോതമംഗലത്ത് പന്ത്രണ്ട് പേരെ കടിച്ച നായക്ക് പേവിഷബാധയുണ്ടായിരുന്നതായി സ്ഥിരീകരണം
🖱️കോതമംഗലത്ത് പന്ത്രണ്ട് പേരെ കടിച്ച നായ്ക്ക് പേവിഷബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെയാണ് നായ ഓടിനടന്ന് ആളുകളെ കടിച്ചത്. നായക്ക് പേ വിഷബാധയുണ്ടായിരുന്നതായാണ് വെറ്റിനറി കോളെജിലെ പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്. നായയുടെ ജഢമാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇതോടെ സംഭവത്തില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ചികിത്സ തേടിയവരെ കൂടാതെ മറ്റാരെങ്കിലും നായയുമായി സമ്പര്‍ക്കമുണ്ടായവരുണ്ടെങ്കില്‍ അടിയന്തിരമായി അവര്‍ ചികിത്സ തേടണമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.കെ.ടോമി അഭ്യര്‍ഥിച്ചു. അതുപോലെ വളര്‍ത്തുമൃഗങ്ങള്‍ക്കും നായയുടെ കടിയേറ്റിരിക്കാനുള്ള സാധ്യതയുണ്ട്. വളര്‍ത്തുമൃഗങ്ങളുടെ കാര്യത്തില്‍ സംശയം തോന്നുന്നവരുണ്ടെങ്കില്‍ പ്രതിരോധ കുത്തിവയ്പ്പ നല്‍കണം.

വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലേക്ക്
🖱️വേനൽ കടുത്തതോടെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലേക്ക്. ചൊവ്വാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 103.86 ദശലക്ഷം യൂണിറ്റ് ആയിരുന്നു. കഴിഞ്ഞവർഷം ഏപ്രിൽ 19ന് രേഖപ്പെടുത്തിയ 102.99 ദശലക്ഷം യൂണിറ്റായിരുന്നു മുൻ റെക്കോർഡ്. ഇതാണ് കഴിഞ്ഞദിവസം തകർന്നത്. പീക്ക് സമയ ആവശ്യകതയും റെക്കോർഡിട്ടു. ചൊവ്വാഴ്ച വൈകിട്ട് 6 മുതൽ രാത്രി11 വരെയുള്ള പീക്ക് സമയത്ത് എറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത 5301 മെഗാവാട്ട് ആയിരുന്നു.

സമുദ്രാതിർത്തിത്തർക്കം: ഫിലിപ്പീൻസിനെ പിന്തുണച്ച് ഇന്ത്യ
🖱️ഫിലിപ്പീൻസിന്‍റെ പരമാധികാരത്തിന് ഇന്ത്യയുടെ പൂർണ പിന്തുണയെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. സമുദ്രാതിർത്തി സംബന്ധിച്ച വിഷയങ്ങളിൽ 1982ലെ യുഎൻ ഉടമ്പടി എല്ലാവരും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെക്കൻ ചൈനാക്കടലിനെച്ചൊല്ലി ചൈനയും ഫിലിപ്പീൻസ് ഉൾപ്പെടെ രാജ്യങ്ങളുമായി തർക്കം നിലനിൽക്കുന്നതിനിടെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. അരുണാചൽ പ്രദേശിനുമേൽ നിരന്തരം അവകാശമുന്നയിക്കുന്ന ചൈന അതിർത്തിയിൽ ഇന്ത്യയ്ക്കു നിരന്തരം തലവേദനയുണ്ടാക്കുന്നതിനിടെയാണു ജയശങ്കറുടെ ഉറച്ച പ്രസ്താവന.

കാസർഗോഡ് ഊരുവിലക്ക്; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 9 പേര്‍ക്കെതിരേ കേസ്
🖱️കാസർഗോഡ് പാലായിയിൽ ഊരുവിലക്കിയതിനെതിരേ കേസ്. വയോധികയുടെ പറമ്പിൽ നിന്ന് തേങ്ങ പറിക്കുന്നത് സിപിഎം പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് 3 പരാതികളാണ് നീലേശ്വരം പൊലീസിന് ലഭിച്ചത്. തുടർന്ന് 2 സിപിഎം ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെ 9 പേർക്കെതിരേ കേസെടുക്കുകയായിരുന്നു. സ്ഥലം ഉടമ എം.കെ. രാധയുടെ കൊച്ചുമകള്‍ അനന്യ, തെങ്ങു കയറ്റ തൊഴിലാളി ഷാജി എന്നിവര്‍ നല്‍കിയ പരാതികളില്‍ 8 പേര്‍ക്കെതിരെയും അയല്‍വാസി ലളിത നല്‍കിയ പരാതിയില്‍ തെങ്ങുകയറ്റ തൊഴിലാളിക്ക് എതിരെയുമാണ് കേസ്.

സുപ്രിയ ശ്രിനേതിനും ദിലീപ് ഘോഷിനും തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നോട്ടീസ്
🖱️അപകീർത്തിയുണ്ടാക്കുന്നതും സഭ്യേതരവുമായ പരാമർശത്തിന്‍റെ പേരിൽ കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനേതിനും ബിജെപി നേതാവ് ദിലീപ് ഘോഷിനും തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്. ഇരുവരുടെയും പരാമർശങ്ങൾ മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നു വ്യക്തമാക്കിയ കമ്മിഷൻ വിശദീകരണം നൽകാൻ നിർദേശിച്ചു. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ ബിജെപി സ്ഥാനാർഥിയായ നടി കങ്കണ റണാവത്തിനെതിരായ പരാമർശത്തിനാണ് കോൺഗ്രസിന്‍റെ സമൂഹമാധ്യമ വിഭാഗം അധ്യക്ഷ സുപ്രിയ ശ്രിനേതിന് നോട്ടീസ്. കങ്കണയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചയുടൻ കടുത്ത അപകീർത്തി പരാമർശങ്ങളോടെ നടിയുടെ ചിത്രം ഇവർ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

ജമ്മുകശ്മീരില്‍ അഫ്‌സ്പ നിയമം പിന്‍വലിക്കുന്നത് പരിഗണനയിൽ: അമിത് ഷാ
🖱️ജമ്മുകശ്മീരില്‍ സൈന്യത്തെ പിന്‍വലിച്ച് ക്രമസമാധാന ചുമതല പൂര്‍ണമായി ജമ്മു കശ്മീര്‍ പൊലീസിനെ ഏല്‍പ്പിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമം പിന്‍വലിക്കുന്നതും പരിഗണനയിലാണെന്ന് അദ്ദേഹം അറിയിച്ചു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍കാലങ്ങളില്‍ പൊലീസിന് കാര്യമായി ഇടപെടാനായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പൊലീസിന് ക്രമസമാധാനം മെച്ചപ്പെട്ട നിലയില്‍ കൈകാര്യം ചെയ്യാനായിട്ടുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി.

പാലക്കാട് ഡിസിസി സെക്രട്ടറി ഷൊർണൂർ വിജയൻ സിപിഎമ്മിൽ ചേർന്നു
🖱️പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി സിപിഎമ്മിൽ ചേർന്നു. ഷൊർണൂർ വിജയനാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തി പാർട്ടി അംഗത്വം സ്വീകരിച്ചത്. ”ആത്മാർഥതയില്ലാത്തവരാണ് പാലക്കാട് കോൺഗ്രസ് നേതൃത്വം. അതിനാലാണ് ഞാൻ സിപിഎമ്മിൽ ചേർന്നത്. കോൺഗ്രസ് വഴി തെറ്റി സഞ്ചരിക്കുന്നു. കോൺഗ്രസ് വർഗീയതയ്ക്ക് കൂട്ടുനിൽക്കുകയാണ്”- വിജയൻ പറഞ്ഞു. വിജയനു പിന്നാലെ കോൺഗ്രസിൽ നിന്നും കൂടുതൽ ആളുകൾ സിപിഎമ്മിലേക്കെത്തുമെന്ന സൂചനയുമുണ്ട്.

കോട്ടയത്ത് വേനൽച്ചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂട്
🖱️ചുട്ടുപൊള്ളുന്ന വേനല്‍ ചൂടിനും മേലെയാണ് കോട്ടയത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചൂട്. എൽഡിഎഫിലെയും യുഡിഎഫിലെയും കേരള കോണ്‍ഗ്രസുകളും എന്‍ഡിഎ കണ്‍വീനറും ഏറ്റുമുട്ടുന്ന കോട്ടയത്ത് ഇത്തവണ പോരിന് വീര്യം കൂടും.കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മണ്ഡല വികസനത്തില്‍ ശശി തരൂരും എന്‍.കെ. പ്രേമചന്ദ്രനും ഉള്‍പ്പെടെ താരശോഭയുള്ള എംപിമാരെപ്പോലും പിന്നിലാക്കി എല്ലാ കാര്യങ്ങളിലും ഒന്നാമനായ സിറ്റിങ് എംപി തോമസ് ചാഴികാടനാണ് ഇടതുപക്ഷ സ്ഥാനാര്‍ഥി.

അഞ്ഞൂറ് രൂപ നോട്ടുകൾക്ക് മുകളിൽ കിടന്നുറങ്ങുന്ന ബിജെപി സഖ്യകക്ഷി നേതാവ്; വൈറലായതോടെ വിശദീകരണം
🖱️അഞ്ഞൂറ് രൂപ നോട്ടുകൾക്ക് മുകളിൽ കിടക്കുന്ന ചിത്രവുമായി യുനൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ (യുപിപിഎൽ) നേതാവ് ബെഞ്ചമിൻ‍ ബസുമതരി. ബിജെപി സഖ്യകക്ഷിയാണ് യുപിപിഎൽ. ചിത്രം സോഷ്യൽ മീഡിയയിൽ നിമിഷ നേരംകൊണ്ട് വൈറലായി. ഇതോടെ ഇതിനു വിശദീകരണവുമായി പാർട്ടി രംഗത്തെത്തി. ബെഞ്ചമിൻ ബസുമതരി ഷർട്ട് ധരിക്കാതെ പണത്തിന് മുകളിൽ കിടന്നുറങ്ങുന്നതാണ് ചിത്രത്തിലുള്ളത്. എന്നാൽ ബസുമതരിയെ ജനുവരി 10ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നുവെന്നാണ് യുപിപിഎൽ അധ്യക്ഷൻ പ്രമോദ് ബോറോയുടെ വിശദീകരണം.

‘ബിജെപി തഴയുമെന്നു പ്രതീക്ഷിച്ചില്ല, വിമതനായി മത്സരിക്കാനില്ല’: വരുൺ ഗാന്ധി
🖱️സ്ഥാനാർഥി നിർണയത്തിൽ ബിജെപി കേന്ദ്ര നേതൃത്വം അവഗണിച്ചെങ്കിലും പിലിഭിത്തിൽ വിമതനായി മത്സരിക്കാൻ വരുൺ ഗാന്ധിയില്ല. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനമായ ഇന്നലെ വരുൺ ഡൽഹിയിലായിരുന്നു. വരുൺ വിമതനായി മത്സരിക്കുമെന്ന റിപ്പോർട്ട് അദ്ദേഹത്തിന്‍റെ വിശ്വസ്തൻ തള്ളി. ഏപ്രിൽ 19ന് ഒന്നാംഘട്ടത്തിലാണ് പിലിഭിത്തിൽ വോട്ടെടുപ്പ്. മണ്ഡലത്തിലെ ജനങ്ങളുടെ ക്ഷേമത്തിനായി വിവേചനമില്ലാതെയാണു താൻ പ്രവർത്തിച്ചതെന്നാണ് സ്ഥാനാർഥിത്വം നിഷേധിച്ചശേഷമുള്ള വരുണിന്‍റെ ആദ്യ പ്രതികരണം.

ഐടിഐയിൽ പ്രചാരണത്തിനെത്തിയ കൃഷ്ണകുമാറിനെ തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ, ഇടപെട്ട് എബിവിപി; സംഘർഷം
🖱️തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഐടിഐയിൽ എത്തിയ എൻഡിഎ സ്ഥാനാർഥിയെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതുമായി ബന്ധപ്പെട്ട് സംഘർഷം. കൊല്ലം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ജി. കൃഷ്ണകുമാറിനെയാണ് എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞത്. ചന്ദനതോപ്പ് ഐടിഐയിൽ വോട്ട് തേടി എത്തിയപ്പോഴാണ് എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞത്. ഇത് ചോദ്യം ചെയ്ത് എബിവിപി പ്രവർത്തകർ രംഗത്തെത്തിയതോടെയാണ് സംഭവം സംഘർഷത്തിലേക്ക് വഴിമാറിയത്

മണിപ്പൂരിൽ സർക്കാർ ഓഫിസുകൾക്ക് ഈസ്റ്റർ അവധിയില്ല
🖱️മണിപ്പൂരിൽ ഈസ്റ്റർ ദിവസമടക്കമുള്ള രണ്ടു ദിവസങ്ങളിൽ സർക്കാർ ഓഫിസുകൾ തുറന്നു പ്രവർത്തിക്കണമെന്ന് ഉത്തരവിട്ട് ഗവർണർ അനസൂയ യുകെ. സർക്കാർ ഓഫിസുകൾ, കോർപ്പറേഷനുകൾ, മണിപ്പൂർ സർക്കാരിനു കീഴിലുള്ള സൊസൈറ്റികൾ എന്നിവയെല്ലാം തുറന്നു പ്രവർത്തിക്കണമെന്നാണ് ഉത്തരവിലുള്ളത്. 2023-24 സാമ്പത്തിക വർഷത്തിലെ അവസാന ദിവസങ്ങളായതിനാൽ ഓഫിസ് ജോലികൾ തടസ്സപ്പെടാതിരിക്കാനായാണ് പ്രവൃത്തിദിനമായി പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് വിശദമാക്കിയിരിക്കുന്നത്.

പിണറായി വിജയൻ കരിമണല്‍ കര്‍ത്തായുടെ മാനസപുത്രൻ: വി.എം. സുധീരൻ
🖱️മുഖ്യമന്ത്രി പിണറായി വിജയൻ കരിമണൽ കർത്തായുടെ മാനസപുത്രനായി മാറിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കായംകുളത്ത് യുഡിഎഫിന്‍റെ ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.താൻ എംപിയായിരിക്കെ തന്നോടൊപ്പം കരിമണല്‍ ഖനനവിരുദ്ധ സമരം നടത്തിയ സിപിഎം അധികാരത്തില്‍ വന്നപ്പോള്‍ കരിമണല്‍ കർത്തായുടെ ഏജന്‍റുമാരാകുന്ന കാഴ്ചയാണ് കേരളം കണ്ടതെന്നും അദ്ദേഹം ആരോപിച്ചു.

സ്ഥാനാർഥി പരിചയം: ആറ്റിങ്ങൽ മണ്ഡലം
🖱️കേരളത്തിലെ വിവിധ ലോക്സഭാ മണ്ഡലങ്ങളിലെ പ്രമുഖ സ്ഥാനാർഥികളെ മണ്ഡലങ്ങളിൽ നിന്നു നേരിട്ടു പരിചയപ്പെടുത്തുന്ന പരമ്പര തുടരുന്നു. ഇത്തവണ ആറ്റിങ്ങൽ മണ്ഡലം. കോൺഗ്രസിന്‍റെ സിറ്റിങ് എംപി അടൂർ പ്രകാശ് തന്നെ ഇത്തവണയും യുഡിഎഫിനെ പ്രതിനിധീകരിക്കുന്നു. എൽഡിഎഫ് പ്രതിനിധഇയും വർക്കല എംഎൽഎയുമായ വി. ജോയിയാണ് പ്രധാന എതിരാളി. കേന്ദ്ര സഹമന്ത്രി എന്ന നിലയിൽ ബിജെപി സ്ഥാനാർഥി വി. മുരളീധരന്‍റെ സാന്നിധ്യവും ശ്രദ്ധേയം.

ശിവസേന (യുബിടി) സ്ഥാനാർഥിപ്പട്ടിക പുറത്തു വിട്ടതിനു പിന്നാലെ മഹാ വികാസ് അഘാഡിയിൽ ഭിന്നത രൂക്ഷം
🖱️ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേന (യുബിടി) ആദ്യ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കിയതോടെ മഹാരാഷ്‌ട്രയിലെ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡി (എംവിഎ)യിൽ ഭിന്നത രൂക്ഷം. തർക്കം തുടരുന്ന മൂന്നു സീറ്റുകളിൽ ഉദ്ധവ് വിഭാഗം ഏകപക്ഷീയമായി സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത് കോൺഗ്രസിനെ ചൊടിപ്പിച്ചു. ശിവസേന (യുബിടി) മുന്നണി മര്യാദ ലംഘിച്ചെന്ന് കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം തുറന്നടിച്ചു. പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡി (വിബിഎ) സഖ്യത്തിൽ നിന്നു പിന്മാറി എട്ടു സീറ്റുകളിൽ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് കോൺഗ്രസ്, ശിവസേനാ തർക്കം.

കെജ്‌രിവാളിന്‍റെ അറസ്റ്റ്: വിമർശനവുമായി ജർമനിക്കു പിന്നാലെ യുഎസും
🖱️മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റിൽ പ്രതികരിച്ച് യുഎസും. കെജ്‌‌രിവാളിന്‍റെ കാര്യത്തില്‍ സുതാര്യവും നീതിയുക്തവും സമയബന്ധിതവുമായി നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് പറഞ്ഞു. സംഭവഗതികൾ നിരീക്ഷിച്ചുവരികയാണെന്നും യുഎസ്. കെജ്‌രിവാളിന്‍റെ അറസ്റ്റിൽ ആശങ്ക പ്രകടിപ്പിച്ച ജർമനിയോട് ഇന്ത്യ ശക്തമായ വിയോജിപ്പ് അറിയിച്ചതിനു പിന്നാലെയാണു യുഎസിന്‍റെ ഇടപെടൽ.

മിസ്സ് യൂണിവേഴ്സ് വേദിയിൽ ഇനി സൗദി അറേബ്യൻ സുന്ദരിയും
🖱️ചരിത്രം പഴങ്കഥയാകുന്നു… മിസ്സ് യൂണിവേഴ്സ് വേദിയിലേക്ക് ആദ്യ മത്സരാർഥിയെ അയച്ച് സൗദി അറേബ്യ. സൗദിക്കു വേണ്ടി റൂമി അൽഖഹ്താനിയാണ് ഇത്തവണത്തെ വിശ്വസുന്ദരി വേദിയിലെത്തുന്നത്. നിരവധി സൗന്ദര്യ മത്സരങ്ങളിലെ വിജയിയായ റൂമി മോഡലിങ് രംഗത്ത് പ്രശസ്തയാണ്. സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് റൂമി 2024 ലെ മിസ്സ് യൂണിവേഴ്സ് വേദിയിൽ സൗദി അറേബ്യയ്ക്കു വേണ്ടി മത്സരിക്കുമെന്ന് റൂമി പ്രഖ്യാപിച്ചത്. സൗദി അറേബ്യയുടെ പതാകയേന്തിക്കൊണ്ടുള്ള ചിത്രവും 27കാരിയായ റൂമി പങ്കു വച്ചിട്ടുണ്ട്.

സംഗീത കലാനിധി പുരസ്കാര വിവാദം പുകയുന്നു
🖱️ടി.എം. കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്കാരം നൽകിയതിനെച്ചൊല്ലിയുള്ള വിവാദത്തിൽ മദ്രാസ് മ്യൂസിക് അക്കാഡമി പ്രസിഡന്‍റ് എൻ. മുരളിക്ക് മറുപടിയുമായി കർണാടക സംഗീതജ്ഞർ രഞ്ജിനിയും ഗായത്രിയും. എൻ. മുരളി തങ്ങൾക്കെതിരേ നടത്തിയ പ്രസ്താവന അധാർമികവും സത്യസന്ധതയില്ലാത്തതുമാണെന്നു രഞ്ജിനിയും ഗായത്രിയും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. കൃഷ്ണയ്ക്കു പുരസ്കാരം നൽകിയതിൽ ഞങ്ങൾ ജാതീയമായ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. എന്നാൽ, ഇത്തരം കാര്യങ്ങൾ കൂട്ടിക്കെട്ടി തനിക്ക് സൗകര്യപ്രദമായ ആഖ്യാനമുണ്ടാക്കിയ മുരളിയുടെ നടപടി അധാർമികമാണെന്ന് ഇരുവരും പറഞ്ഞു.

ഭൂമി പ്ലോട്ട് വികസനം കെ-റെറയില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നതിനായി പാലിക്കേണ്ട നടപടികളെക്കുറിച്ച് സര്‍ക്കുലര്‍
🖱️പ്ലോട്ട് വികസനം കെ-റെറയില്‍ (കേരള റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി) രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നതിനായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ പാലിക്കേണ്ട നടപടികളെക്കുറിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി. മാര്‍ച്ച് 16നാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയത്.ഭൂമി പ്ലോട്ടാക്കി വിഭജിച്ച് വില്‍ക്കുന്നതു സംബന്ധിച്ച ചട്ടങ്ങളടങ്ങുന്ന പൊതു അറിയിപ്പ് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

മുതിർന്ന മാധ്യമ പ്രവർത്തകൻ ബി.സി. ജോജോ അന്തരിച്ചു
🖱️മുതിർന്ന മാധ്യമ പ്രവർത്തകനും കേരള കൗമുദി മുൻ എക്സിക്യൂട്ടീവ് എഡിറ്ററുമായ ബി.സി. ജോജോ (66) അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. പേട്ട എസ്എൻ നഗറിലെ വസതിയായ ഉത്രാടത്തിൽ നിന്ന് ഭൗതിക ശരീരം ബുധനാഴ്ച രാവിലെ 10ന് തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ പൊതുദർശനത്തിന് വയ്ക്കും. 11ന് കുടുംബ വീടായ കൊല്ലം മയ്യനാട് സുമതി ഭവനിലേക്ക് കൊണ്ടുപോവും. വൈകുന്നേരം 4ന് സംസ്കാരം. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന് മയ്യനാട് സുമതി ഭവനിൽ.

മാവോയിസ്റ്റ് കേസ് പ്രതിയുമായി പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു; 2 പൊലീസുകാർക്ക് പരിക്ക്
🖱️കനത്ത സുരക്ഷയിൽ മാവോയിസ്റ്റ് കേസിലെ പ്രതിയുമായി പോയ നാലു പൊലീസ് വാഹനങ്ങൾ അപകടത്തിൽപ്പെട്ട് രണ്ട് പൊലീസുകാർക്ക് പരുക്ക്. മുന്നിൽ പോയ കൊയ്ത്ത് മെതിയന്ത്രം തട്ടിയ കാർ പെട്ടെന്ന് നിർത്തിയതോടെ തൊട്ടുപിറകിലുണ്ടായിരുന്ന പൊലീസ് വാഹനങ്ങൾ കൂട്ടിയിടിക്കുക‍യായിരുന്നു.

ഇന്ത്യയുടെ ഓസീസ് പര്യടനം നവംബറില്‍
🖱️ഇന്ത്യന്‍ ക്രിക്കറ്റ് ടീം മറ്റൊരു ഓസ്‌ട്രേലിയന്‍ പര്യടനത്തിന്. അഞ്ച് ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പരയുള്‍പ്പെടെ സമ്പൂര്‍ണ പര്യടനത്തിനായി ഇന്ത്യ നവംബറില്‍ പുറപ്പെടും. ബോര്‍ഡര്‍ – ഗാവസ്‌കര്‍ ട്രോഫിയുടെ ഭാഗമായാണ് അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ നടക്കുക. നവംബര്‍ 22-ന് പെര്‍ത്തിലാണ് ആദ്യ ടെസ്റ്റ്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ 2024-25 വര്‍ഷത്തെ പട്ടികയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പര സംബന്ധിച്ച വിവരങ്ങളുള്ളത്. ബിസിസിഐ കലണ്ടര്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. പരമ്പര 2025 ജനുവരിവരെ നീളും.

ലൂണ പ്ലേ ഓഫ് കളിക്കും
🖱️കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ഇത്രയും കാലം പരുക്കിന്‍റെ പിടിയിലായിരുന്ന ഉറുഗ്വെന്‍ താരം കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഏറ്റവും വിശ്വസ്തനായ മധ്യനിര താരം അഡ്രിയന്‍ ലൂണ വീണ്ടും കളിക്കളത്തിലേക്ക്. ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിലെത്തിയാല്‍, പ്ലേ ഓഫില്‍ കളിക്കാന്‍ ലൂണയുമുണ്ടാകുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലുള്ള ലൂണ ബ്ലാസ്റ്റേഴ്‌സിനൊപ്പം പരിശീലനം തുടങ്ങിയിട്ടുണ്ട്.

വംശീയാധിക്ഷേപത്തില്‍ കണ്ണുനിറഞ്ഞ് വിനിഷ്യസ്
🖱️തനിക്കെതിരേ ഉണ്ടാകുന്ന നിരന്തര വംശീയ അധിക്ഷേപത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ വിതുമ്പി റയല്‍ മാഡ്രിഡിന്‍റെ ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍. വംശീയയ്തക്കെതിരായ കാമ്പയിനിന്‍റെ ഭാഗമായി ‘വണ്‍ സ്‌കിന്‍’ എന്ന സന്ദേശവുമായി, റയല്‍ മാഡ്രിഡ് തട്ടകമായ സാന്‍റിയാഗോ ബെര്‍ണാബൂവില്‍ സ്‌പെയിന്‍-ബ്രസീല്‍ സൗഹൃദ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിനീഷ്യസ്. സ്പെയിന്‍ വിടാന്‍ ഒരിക്കലും തന്‍റെ മനസ്സ് അനുവദിക്കുന്നില്ലെന്നും അങ്ങനെ ചെയ്താന്‍ വംശീയവാദികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സൺറൈസേഴ്സിന് റെക്കോർഡ്; മുംബൈക്കെതിരെ അടിച്ചുകൂട്ടിയത് 277 റൺസ്
🖱️മുംബൈക്കെതിരെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ സ്വന്തമാക്കി സണ്‍റൈസേഴ്‌സ്. ടോസ് ലഭിച്ച മുംബൈ സൺറൈസേഴ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ സണ്‍റൈസേഴ്‌സ് 277 റണ്‍സ് അടിച്ചുകൂട്ടി. ബംഗളൂരിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ പുനെയ്ക്കെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് നേടിയ 263 റണ്‍സാണ് ഇതോടെ പഴംകഥയായത്. മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് 130 റണ്‍സിന് വിജയിച്ചിരുന്നു.

ഗോൾഡ് റേറ്റ്
ഗ്രാമിന് 6135 രൂപ
പവന് 49080 രൂപ