18.12.2023
സർവകലാശാലയിൽ സ്ഥാപിച്ച ബാനറുകൾ അഴിപ്പിച്ച് ഗവർണർ
?️കാലിക്കറ്റ് സർവകലാശാല കാമ്പസിൽ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ പൊലീസിനെ കൊണ്ട് അഴിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പിന്നാലെ പ്രതിഷേധവുമായെത്തിയ എസ്എഫ്ഐ സംഘം ബാനറുകൾ വീണ്ടും കെട്ടുകയും ഗവർണറുടെ കോലം കത്തിക്കുകയും ചെയ്തു. ഏഴുമണിയോടെ കാമ്പസിലെത്തിയ ഗവർണർ പൊലീസിനെ രൂക്ഷമായി വിമർശിക്കുകയും ബാനറുകൾ അഴിപ്പിക്കുകയുമായിരുന്നു. പിന്നാലെ മുദ്രാവാക്യം വിളികളുമായെത്തിയ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും ബാനറുകൾ ഉയർത്തികെട്ടുകയായിരുന്നു. കാമ്പസിൽ മുഴുവനായി നൂറോളം ബാനറുകൾ സ്ഥാപിക്കുമെന്ന് പി.എം.ആർഷോ വ്യക്തമാക്കി.
പോസ്റ്ററുകൾ സ്ഥാപിച്ചത് പൊലീസ്, നിർദേശം മുഖ്യമന്ത്രിയുടേതെന്ന് രാജ്ഭവൻ
?️കാലിക്കറ്റ് സർവകലാശാല കാമ്പസിൽ ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെയാണെന്ന് രാജ്ഭവൻ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പൊലീസ് പോസ്റ്ററുകൾ സ്ഥാപിച്ചതെന്നും രാജ്ഭവൻ പുറത്തിറക്കിയ ഔദ്യോഗിക വാർത്താകുറിപ്പിൽ പറയുന്നു. കാമ്പസിനുള്ളിൽ ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് പുറത്ത് കറുത്ത ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശമില്ലാതെ ഇത് സംഭവിക്കില്ലെന്നും സംസ്ഥാനത്ത് ഭരണഘടന സംവിധാനം തകർന്നതിന്‍റെ തുടക്കമാണിതെന്ന് കരുതുന്നു. മുഖ്യമന്ത്രിയുടെ ബോധപൂർവമായ ഇത്തരം നടപടികൾ ഭരണഘടന സംവിധാനത്തിന്‍റെ തകർച്ചക്ക് ആക്കം കൂട്ടുന്നുവെന്നും വാർത്താകുറിപ്പിൽ രാജ്ഭവൻ ചൂണ്ടിക്കാട്ടുന്നു.
ഗവർണർ കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നു: മുഖ്യമന്ത്രി
?️ഗവർണർ കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്നും ഗവർണറുടെ നടപടികൾ പ്രോട്ടോക്കോളുകളുടെയും ലംഘനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഗവർണറാണെന്ന കാര്യം അദ്ദേഹം മറന്നുപോകുന്നു. ആർഎസ്എസ് നിർദേശമാണ് ഗവർണർ സ്വീകരിച്ചത്. ഗവർണർ എന്തൊക്കെയോ വിളിച്ചുപറയുന്ന അവസ്ഥയിലാണ്. അദ്ദേഹത്തിന്‍റെ നടപടി സ്വാഭാവിക പ്രതിഷേധം ക്ഷണിച്ചുവരുത്തി. കേന്ദ്ര സഹായത്താലാണ് സർവകലാശാലകളിൽ ആളുകളെ കണ്ടെത്തി നിയമിച്ചത്. ആർഎസ്എസ് നിർദേശമാണ് ഗവർണർ സ്വീകരിച്ചത്. അതാണ് വിദ്യാർഥി പ്രതിഷേധത്തിന് ഇടയാക്കിയതെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
പെൻഷൻ തുക വിതരണത്തിനായി കെഎസ്ആർടിസിക്ക് 71 കോടി അനുവദിച്ച് സർക്കാർ
?️കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിനായി 71 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. നവംബർ മുതൽ പെൻഷന് ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ കൺസോഷ്യം വഴി ലഭ്യമാക്കാനായിരുന്നു മുൻ തീരുമാനം. ഇതിന്‍റെ നടപടിക്രമങ്ങൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ഈ മാസത്തെ പെൻഷൻ വിതരണത്തിന് ആവശ്യമായ തുക സർക്കാർ സഹായമായി നൽകാൻ തീരുമാനിച്ചത്.
‘എസ്എഫ്ഐ പ്രവർത്തകരെ പേരക്കുട്ടികളായി കണ്ടാൽ മതി’; എ.എൻ. ഷംസീർ
?️ഗവർണർക്കെതിരായ സമരത്തിൽ എസ്എഫ്ഐയെ ന്യായീകരിച്ച് സ്പീക്കർ എ.എൻ ഷംസീർ. ജനാധിപത്യ രീതിയിലാണ് എസ്എഫ്ഐ സമരം ചെയ്യുന്നതെന്നും അതിന് അവർക്ക് അവകാശമുണ്ടെന്നും സ്പീക്കർ പറഞ്ഞു. കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ബാനർ ഉയർന്നത് പ്രതിഷേധത്തിന്‍റെ ഭാഗമാണെന്നും ജനാധിപത്യ പരമായ പ്രതിഷേധങ്ങളിലൂടെ വളർന്നു വന്ന പ്രസ്താനമാണ് എസ്എഫ്ഐയെന്നും അതിനെ ഗവർണർ അങ്ങനെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വണ്ടിപ്പെരിയാർ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് സുധാകരൻ
?️വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. പ്രതി കുറ്റം സമ്മതിച്ചിട്ടും കോടതി ശിക്ഷ വിധിക്കാത്തത് ആശങ്കാജനകമാണ്. കേസ് ഈ രീതിയിൽ പോയതിനു പിന്നിൽ രാഷ്ട്രീയ പശ്ചാത്തലമാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.
കുടുംബത്തിന് എല്ലാ തരത്തിലുള്ള സഹായവും കെപിസിസയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ നേരിട്ടറിയാനും പരിശോധിക്കുവാനും പാർട്ടിയുടെ ഒരു ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്.
കേരളത്തിൽ പുതിയ കൊവിഡ് വകഭേദം കണ്ടെത്തി
?️കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുന്നതിനിടിയിൽ കൊവിഡിന്‍റെ പുതിയ ഉപവകഭേദം ‘ജെഎൻ1’ സ്ഥിരീകരിച്ചതായി കേന്ദ്രം. തിരുവന്തപുരം സ്വദേശിയായ 79 കാരിക്കാണ് കൊവിഡിന്‍റെ പുതിയ വകഭേതം കണ്ടെത്തിയത്. ആർടിപിസിആർ പരിശോധന ഫലം പുറത്തുവന്നപ്പോഴാണ് പുതിയ വകഭേതം കണ്ടെത്താനായത്. നിലവിൽ വയോധികയുടെ നില തൃപിതികരമാണ്.
സംസ്ഥാനത്ത് മഴ കനക്കുന്നു
?️ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ ഇക്കോ ടൂറിസം സെന്‍ററുകൾ താൽക്കാലികമായി അടച്ചു. തിരുവനന്തപുരത്തെ വനംവകുപ്പിന് കീഴിലുള്ള പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം സെന്ററുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുകയാണെന്നാണ് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.ഐ. പ്രദീപ് കുമാർ അറിയിച്ചത്. ജില്ലാ കലക്ടർ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലാണ് ഇക്കോ ടൂറിസം സെന്‍ററുകളിലേക്കുള്ള പ്രവേശനം നിരോധിച്ചതെന്നും അധികൃതർ അറിയിച്ചു.
ഇസ്മായിലിനെ തള്ളി മന്ത്രി പി. പ്രസാദ്
?️ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയാക്കിയതിനെതിരായ കെ.ഇ ഇസ്മായിലിന്‍റെ ആരോപണത്തെ തള്ളി മന്ത്രി പി. പ്രസാദ്. ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ എടുത്ത കൂട്ടായ തീരുമാനമാണിതെന്നും ഇസ്മായിൽ എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.കാനം കത്ത് കൊടുത്തിട്ടുണ്ടെങ്കിൽ അതൊരു പാർട്ടി ഘടകത്തിനായിരിക്കും. പാർട്ടി സംഘടാരീതിയനുസരിച്ച് അത് പൊതുജന സമക്ഷം അവതരിപ്പിക്കേണ്ട കാര്യമില്ലെന്നും പി.പ്രസാദ് പറഞ്ഞു.
ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചതിൽ നിയമപ്രശ്നമുണ്ടെന്ന് സർക്കാരിന് നിയമോപദേശം
?️നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്‌ട്രപതിക്ക് അയച്ചതില്‍ നിയമപ്രശ്‌നം ഉണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം. ഗവര്‍ണര്‍ ഒപ്പുവെച്ച ഓര്‍ഡിനന്‍സുകളില്‍ മാറ്റങ്ങള്‍ വരുത്താതെയാണ് ബില്ലുകള്‍ തയാറാക്കിയത്. എന്നിട്ടും ബില്ലുകള്‍ തടഞ്ഞുവയ്ക്കുകയും രാഷ്‌ട്രപതിക്ക് അയക്കുകയും ചെയ്തത് സംബന്ധിച്ച് നിയമപരമായ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ കഴിയുമെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. സുപ്രിംകോടതിയിലെ നിയമവിദഗ്ധരായ അഡ്വ. ഫാലി എസ് നരിമാന്‍, അഡ്വ. കെ.കെ വേണുഗോപാല്‍ എന്നിവരില്‍ നിന്നാണ് സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടിയത്.
മോദി തെലങ്കാനയിൽ മത്സരിക്കും?
?️ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാനയിലെ മൽക്കജ്ഗിരിയിൽ മത്സരിച്ചേക്കുമെന്നു റിപ്പോർട്ട്. തെലങ്കാനയിലും ദക്ഷിണേന്ത്യയിലാകെയും ബിജെപിയുടെ സാധ്യതകൾ മെച്ചപ്പെടുത്താൻ മോദിയുടെ സ്ഥാനാർഥിത്വം ഉപകരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഈ നീക്കമെന്ന് സൂചന. എന്നാൽ, ബിജെപി നേതൃത്വം ഇതിനോടു പ്രതികരിച്ചിട്ടില്ല.
മധ്യപ്രദേശിൽ കമൽനാഥിന്‍റെ കസേര തെറിച്ചു
?️മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ സംസ്ഥാനത്തെ പാർട്ടിയിൽ അഴിച്ചുപണിയുമായി കോൺഗ്രസ്. മുതിർന്ന നേതാവ് കമൽനാഥിനെ പിസിസി അധ്യക്ഷ സ്ഥാനത്തു നിന്നു നീക്കി. ജിത്തു പട്വാരി എംഎൽഎയാണ് പുതിയ പിസിസി അധ്യക്ഷൻ. പ്രതിപക്ഷ നേതാവായി ഗോത്ര വിഭാഗത്തിൽ നിന്നുള്ള ഉമങ് സിംഗാറിനെ നിയമിച്ചു. ഹേമന്ത് കടാരെയാണ് പ്രതിപക്ഷ ഉപനേതാവ്.
നാഗ്പൂരിൽ സോളാർ എക്സ്പ്ലോസീവ് കമ്പനിയിൽ സ്‌ഫോടനം
?️മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സോളാർ എക്സ്പ്ലോസീവ് കമ്പനിയിൽ സ്ഫോടനം. അപകടത്തിൽ ഒൻപത് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. രാവിലെ ഒൻപതു മണിയോടെയാണ് സംഭവം. നാഗ്പൂരിലെ ബസാർഗാവ് ഗ്രമത്തിലെ കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. കമ്പനിയിലെ കാസ്റ്റ് ബൂസ്റ്റർ പ്ലാന്‍റിൽ പാക്കിങ്ങിനിടെയാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ. പ്രതിരോധ വകുപ്പിന് ആവശ്യമായ സ്ഫോടക വസ്തുക്കൾ വിതരണം ചെയ്യുന്ന ദൗത്യം ഈ കമ്പനിക്കാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരാൻ തീരുമാനം
?️ഡിസംബർ 21 ന് എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരാൻ തീരുമാനം. 2024 ലെ പൊതു തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ യോഗത്തിൽ ചർച്ചയാവും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡിലും, മിസോറാമിലും കോൺഗ്രസിനേറ്റ കനത്ത പരാജയവും യോഗം വിശകലനം ചെയ്തു. തൊഴിലില്ലായ്മയ്ക്ക് വിലക്കയറ്റം കാട്ടി തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ജാഥ നടത്തുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്യും. കോൺഗ്രസ് പ്രവർത്തക സമിതിയുടെ യോഗത്തിനു മുൻപ് ഡിസംബർ 19 ന് വൈകുന്നേരം ഡൽഹിയിൽ ഇന്ത്യമുന്നണിയുടെ യോഗം ചേരും. സീറ്റ് വിഭജനമാണ് യോഗത്തിന്‍റെ പ്രധാന അജണ്ട.
ഛത്തിസ്ഗഡിൽ ഏറ്റുമുട്ടൽ: സിആർപിഎഫ് ഇൻസ്പെക്റ്റർ കൊല്ലപ്പെട്ടു
?️ഛത്തിസ്ഗഡിലെ സുഖ്മയിൽ നക്സലുകളുമായുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് സബ് ഇൻസ്പെക്റ്റർ കൊല്ലപ്പെട്ടു. ഒരു കോൺസ്റ്റബിളിന് പരുക്കേറ്റിട്ടുണ്ട്. ആന്ധ്രപ്രദേഷ് സ്വദേശിയായ എസ്ഐ സുധാകർ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയോടെ ജാഗർഗുണ്ട പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. രാവിലെ ഏഴു മണിയോടെയാണ് സിആർപിഎഫ് സംഘം പ്രദേശത്ത് പരിശോധന ആരംഭിച്ചതോടെ നക്സലുകൾ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് നിന്ന് നക്സലുകൾ എന്നു സംശയിക്കുന്ന നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കശ്മീരിൽ 3 ‘ഹൈബ്രിഡ് ഭീകരർ’ പിടിയിൽ
?️ശ്രീനഗറിൽ പൊലീസുകാരനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് 3 ഹൈബ്രിഡ് ഭീകരർ പിടിയിൽ. ഡിസംബർ 9നാണ് പൊലീസ് കോൺസ്റ്റബിൾ മുഹമ്മദ് ഹഫീസ് ചാക്കിനെതിരേ ആക്രമണമുണ്ടായത്. ആറു തവണയാണ് ഭീകരർ പൊലീസുകാരനെതിരേ വെടിയുതിർത്തത്. മൂന്നു വെടിയുണ്ടകൾ അദ്ദേഹത്തിന്‍റെ ദേഹത്തു കൊണ്ടിരുന്നു. പ്രദേശത്ത് പൊലീസുകാരനായി ജോലി ചെയ്തിരുന്ന മല്ല ഇംതിയാസ് ഖാണ്ടേ, മെഹ്നാൻ ഖാൻ എന്നിവരെ റിക്രൂട്ട് ചെയ്തിരുന്നു. ഇവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ആംബുലൻസിനായി വേഗം കുറച്ച് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം
?️റോഡ് ഷോയ്ക്കിടെ ആംബുലൻസിനായി വേഗം കുറച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹം. വാരാണസിയിലെ റോഡ് ഷോക്കിടെയാണ് ആംബുലൻസ് കടത്തി വിടാനായി വാഹന വ്യൂഹത്തിന്‍റെ വേഗം കുറച്ചത്. വാഹനവ്യൂഹം വേഗം കുറയ്ക്കുന്നതും ആംബുലൻസ് കടന്നു പോകുന്നതും വീഡിയോകളിൽ വ്യക്തമാണ്. കഴിഞ്ഞ വർഷം അഹമ്മദാബാദിവും ഹിമാചൽ പ്രദേശിലും സമാനമായ രീതിയിൽ ആംബുലൻസിനു വേണ്ടി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വേഗം കുറച്ചിരുന്നു.
ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് മൂന്നു മരണം
?️ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മൂന്നു മരണം. തെലങ്കാന സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. തമിഴ്നാട് തേനിയിലെ ദേവദാനപ്പെട്ടിയിൽ വച്ചായിരുന്നു അപകടം. 2 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു ശബരിമല ദർശനത്തിന് ശേഷം മടങ്ങി പോകുമ്പോഴാണ് അപകടം. മരിച്ചവർ എല്ലാം പുരുഷന്മാരാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ശബരിമലയിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി 1.31 കോടി രൂപ അനുവദിച്ചു
?️ശബരിമലയിലെ ശുചീകരണ പ്രവർത്തനങ്ങൾക്കായി 1.31 കോടി രൂപ അനുവദിച്ചതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ശബരിമല സാനിട്ടേഷൻ സൊസൈറ്റിയാണ് ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആവശ്യമെങ്കിൽ വിശുദ്ധി സേനാംഗങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ആയിരം വിശുദ്ധി സേനാംഗങ്ങൾ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വരുന്നുണ്ട്.
എറണാകുളത്ത് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു
?️എറണാകുളം പനമ്പുകാട് സുബ്രഹ്മണ്യ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. ആദികേശവൻ എന്ന ആനയാണ് ഇടഞ്ഞത്. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.എഴുന്നിള്ളത്തിനിടെയാണു സംഭവം. ക്ഷേത്രവളപ്പിൽ നിന്നു പുറത്തേക്കിറങ്ങിയ ആന ആക്രമസാക്തമാകുകയായിരുന്നു. ആനപ്പുറത്ത് മൂന്ന് പേർ ഉണ്ടായിരുന്നു. ഇവരിൽ രണ്ട് പേർ ആനപ്പുറത്തു നിന്ന് താഴെക്ക് വീഴുന്നത് വീഡിയോയിൽ കാണാം. ഇതിൽ ഒരാളുടെ കാലിന് പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചക്രവാതച്ചുഴി: കേരളത്തിൽ മഴ തുടരും; 4 ജില്ലയിൽ ഓറഞ്ച് അലർട്ട്
?️തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ശ്രീലങ്കൻ തീരത്തോട് ചേർന്ന് ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നിലാൽ സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. നാലു ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറു ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ടാണ്.
ബിഹാറിൽ പൂജാരിയെ വെടിവച്ചു കൊന്ന ശേഷം കണ്ണുകൾ ചൂഴ്ന്നെടുത്തു
?️ബിഹാറിലെ ഗോപാൽഗഞ്ചിൽ ക്ഷേത്ര പൂജാരിയെ വെടിവച്ചുകൊന്നശേഷം മൃതദേഹം വികൃതമാക്കി. ദനപുരിൽ ശിവക്ഷേത്രത്തിലെ പൂജാരിയായ മനോജ് കുമാറാണ് (32) കൊല്ലപ്പെട്ടത്. കണ്ണുകൾ ചൂഴ്ന്നെടുക്കുകയും സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിക്കുകയും ചെയ്ത നിലയിലാണു മൃതദേഹം. സംഭവത്തെത്തുടർന്നു പ്രദേശത്ത് വൻ സംഘർഷം തുടരുകയാണ്. നാട്ടുകാരും പൊലീസും പലതവണ ഏറ്റുമുട്ടി. ബിജെപിയുടെ മുൻ ഡിവിഷനൽ പ്രസിഡന്‍റ് അശോക് കുമാറിന്റെ സഹോദരനാണു കൊല്ലപ്പെട്ട മനോജ് കുമാർ.
മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ അമേരിക്കൻ വനിത കുഴഞ്ഞു വീണു മരിച്ചു
?️മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ അമേരിക്കൻ വനിത കുഴഞ്ഞു വീണു മരിച്ചു. ന്യൂജഴ്സി സ്വദേശി നോർമ ഗ്രേസ് (68) ആണ് മരിച്ചത്.പോതമേട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്ന ഇവർ ഇന്ന് രാവിലെ അസ്വസ്ഥതയുണ്ടായി കുഴഞ്ഞുവീണത്. ശനിയാഴ്ചയാണ് ഏഴംഗ അമേരിക്കൻ സംഘം വിനോദ സഞ്ചാരത്തിനായി മൂന്നാറിലെത്തിയത്.
ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 8 വിക്കറ്റ് വിജയം
?️ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.3 ഓവറിൽ 116 റൺസിന് പുറത്തായി. ഇന്ത്യ 16.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അഞ്ച് വിക്കറ്റ് നേടിയ അർഷ്‌ദീപ് സിങ്ങും നാല് വിക്കറ്റ് നേടിയ ആവേശ് ഖാനും ബൗളിങ്ങിൽ തിളങ്ങിയപ്പോൾ, അരങ്ങേറ്റക്കാരൻ ഓപ്പണർ ബി. സായ് സുദർശനും മൂന്നാം നമ്പറിൽ കളിച്ച ശ്രേയസ് അയ്യരും അർധ സെഞ്ചുറി നേടി.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5730 രൂപ
പവന് 45840 രൂപ