തട്ടിപ്പു വിവാഹത്തിനു വരന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായി അഭിനയിക്കാനും ആളുകൾ

വടക്കഞ്ചേരി: മേഖലയില്‍ നിര്‍ധന കുടുംബങ്ങളിലെ യുവതികളെ കെണിയിലാക്കി വിവാഹത്തട്ടിപ്പു നടത്തിയ സംഭവത്തില്‍ കൂടുതൽ യുവതികൾ ഇരയായെന്നു സൂചന. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ അയൽ സംസ്ഥാനത്തേക്കു കടത്തുന്ന സംഘത്തിലെ 4 പേരെ കഴിഞ്ഞ ദിവസം വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കിഴക്കഞ്ചേരി ചീരക്കുഴി സ്വദേശി മൊഹമ്മുദ എന്ന ബൽക്കീസ് (49), പുതുക്കോട് മണപ്പാടം പുത്തൻ വീട്ടിൽ മണി (60), അണക്കപ്പാറ ബാപ്പുട്ടി (64), ഓട്ടോ ഡ്രൈവർ അഞ്ചുമൂർത്തിമംഗലം ഗോപാലൻ (47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവരില്‍നിന്നു പൊലീസിനു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംഘത്തിനു നേതൃത്വം നല്‍കുന്ന ബല്‍ക്കീസ് വിവാഹ ദല്ലാളായാണു പെണ്‍കുട്ടികളുടെ വീട്ടിലെത്തി പണച്ചെലവില്ലാതെ, തമിഴ്നാട്ടില്‍ നിന്നു പണക്കാരായ യുവാക്കളെ വിവാഹം ചെയ്തു നല്‍കാമെന്നു പറഞ്ഞു മാതാപിതാക്കളെ പ്രലോഭിപ്പിക്കുന്നത്. ഇതിനൊപ്പം തമിഴ്നാട്ടിലെ യുവാക്കളില്‍ നിന്നു വന്‍തുക വാങ്ങി യുവതികളെ കൈമാറ്റം ചെയ്യുന്നു. പല ബന്ധങ്ങള്‍ക്കും മാസങ്ങളുടെ ആയുസ്സു മാത്രമാണുള്ളത്.
വിവാഹം കഴിഞ്ഞു പോയ പെണ്‍കുട്ടികള്‍ ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ വീട്ടില്‍ തിരിച്ചെത്തുന്നു. ഇത്തരക്കാരെ ജോലി വാഗ്ദാനം ചെയ്തു വീണ്ടും തമിഴ്നാട്ടിലേക്ക് അയയ്ക്കുന്നതായും സൂചന കിട്ടിയിട്ടുണ്ട്. ഈ ഇടപാടില്‍ ലക്ഷങ്ങള്‍ ഇടനിലക്കാര്‍ക്ക് ലഭിക്കുന്നു. ഒരിക്കല്‍ കബളിപ്പിക്കപ്പെട്ട യുവതികള്‍ പണത്തിനു വേണ്ടി വീണ്ടും വ്യാജ വിവാഹത്തിന് തയാറാകുന്ന സംഭവങ്ങളുമുണ്ട്. മനുഷ്യക്കടത്ത് മാഫിയ ഇതിനു പിന്നിലുണ്ടെന്നും പൊലീസ് സംശയിക്കുന്നു. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, തിരുപ്പൂര്‍, സേലം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട‌്.

വീട്ടുജോലി നൽകാമെന്നു പറഞ്ഞു പറ്റിച്ചും യുവതികളെ കടത്തിക്കൊണ്ടു പോകുന്നുണ്ട്. തമിഴ് വിവാഹത്തിനു വരന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായി അഭിനയിക്കാൻ പ്രത്യേക ആളുകളുണ്ടെന്നും പൊലീസ് പറഞ്ഞു. വീട്ടുകാരറിഞ്ഞു നടത്തിയ വിവാഹത്തിലെ പെണ്‍കുട്ടികള്‍ പിന്നീട് അപ്രത്യക്ഷമാകുന്ന സംഭവങ്ങളും ഉണ്ട‌ായിട്ടുണ്ട്. എന്നാല്‍, തുടര്‍ അന്വേഷണത്തിനു പല വീട്ടുകാരും തയാറാകുന്നില്ല. പൊലീസ് പിടിയിലായ സംഘം ഒട്ടേറെ യുവതികളെ കൈമാറിയിട്ടുണ്ടെന്നാണ് വിവരം.