ബെന്നി വർഗീസ്
നെല്ലിയാംമ്പതി: ഓണമെത്താറായിട്ടും വനം വകുപ്പിലെ താത്കാലിക വാച്ചര്‍മാരുടെ ശമ്പള പ്രതിസന്ധിക്ക് പരിഹാരമായില്ല. രാപ്പകല്‍ ഭേദമന്യേ വന്യമൃഗങ്ങളില്‍ നിന്നും കാട്ടുതീയില്‍ വനത്തിനും നാട്ടുകാര്‍ക്കും സംരക്ഷണം നല്‍കാനടക്കം സഹായിക്കുന്ന ഇവര്‍ വേതനവും ആനുകൂല്യങ്ങളുമില്ലാതെ അഞ്ചുമാസമായി ദുരിതത്തിലാണ്. ദിവസവേതനത്തിന് ജോലി ചെയ്യുന്ന വനം വാച്ചര്‍മാര്‍ക്ക് ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ജനുവരിയിലും ഫെബ്രുവരിയിലുമായാണ് അവസാനമായി ശമ്പളം കൊടുത്തത്. നെന്മാറ വനം ഡിവിഷനിലെ കൊല്ലങ്കോട്, നെല്ലിയാമ്പതി, ആലത്തൂര്‍ റേഞ്ചുകളിലെ തേക്കടി, മുതലമട, നെല്ലിയാമ്പതി, മംഗലംഡാം ഉള്‍പ്പെടെ മലയോര മേഖലയിലെ വാച്ചര്‍മാരാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്. ആദിവാസിവിഭാഗങ്ങളില്‍ പെട്ടവരും കാട്ടുതീ തടയുന്നതിനുള്ള ഫയര്‍ലൈൻ പ്രവര്‍ത്തികള്‍ക്കായി ജോലി ചെയ്ത താത്കാലിക വനിത വാച്ചര്‍മാരുമാണ് പ്രതിസന്ധിയിലായത്. ഇക്കാര്യത്തില്‍ വനം അധികൃതര്‍ക്കെതിരെ പരാതിയോ മറ്റോ ഉണ്ടായാല്‍ തുടര്‍ വര്‍ഷങ്ങളില്‍ ജോലികളില്‍ നിന്ന് മാറ്റിനിര്‍ത്താൻ സാധ്യതയുള്ളതിനാല്‍ പലരും പരാതിപ്പെടാനും പേരും സ്ഥലവും വെളിപ്പെടുത്താനും മടിക്കുകയാണ്.
പുതിയ ഫണ്ട് അലോട്ട്മെന്‍റുകള്‍ ലഭിച്ചാല്‍ മാത്രമേ മാര്‍ച്ച് മുതലുള്ള തുടര്‍വേതനം നല്‍കാൻ കഴിയു എന്നാണ് വനം അധികൃതര്‍ പറയുന്നത്. ഫണ്ട് അലോട്ട്മെന്‍റ് ലഭിക്കാത്തതിന്‍റെ പേരില്‍ വാച്ചര്‍മാരെ പട്ടിണിക്കിടുകയാണ് വനം വകുപ്പ്.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പ്രവൃത്തികള്‍ക്കായി നിയോഗിക്കപ്പെടുന്ന താത്കാലിക വാച്ചര്‍മാര്‍ക്ക് കേന്ദ്ര വിഹിതം ചേര്‍ത്തുള്ള വേതനമാണ് നല്‍കുന്നത്. ബാക്കിയുള്ളവര്‍ക്ക് സംസ്ഥാന വിഹിതത്തില്‍ നിന്നാണ് ശമ്പളം നല്‍കുന്നത്. രാപ്പകല്‍ വ്യത്യാസമില്ലാതെ മാസത്തില്‍ മുഴുവൻ ദിവസം ജോലി ചെയ്താലും 650 മുതല്‍ 900 വരെ വിവിധ നിരക്കിലാണ് നല്‍കുന്നത്. മാസ്റ്റര്‍ റോളില്‍ ഉള്‍പ്പെട്ട മുഴുവൻ ദിവസത്തിന് വേതനം ലഭിക്കാറില്ലെന്നും പരാതിയുണ്ട്.
28 ദിവസത്തെ ശമ്പളം അനുവദിക്കണമെന്ന് ദീര്‍ഘനാളുകളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും 20 മുതല്‍ 25 ദിവസങ്ങള്‍ക്കുള്ള വേതനമാണ് നല്‍കാറുള്ളത്. കഴിഞ്ഞ ഓണത്തിന് പ്രഖ്യാപിച്ച ഫെസ്റ്റിവല്‍ അലവൻസ് ഇതുവരെയും വിതരണം ചെയ്തിട്ടുമില്ല.
അപകട സാധ്യത ഏറെയുള്ള ജോലി ചെയ്യുന്നതിനാല്‍ ഇവര്‍ക്ക് ഇൻഷുറൻസ് പരിരക്ഷ നല്‍കണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കൃത്യമായ യൂണിഫോമോ ഷൂസോ പോലും പലര്‍ക്കുമില്ല. ചില ഉന്നത ഉദ്യോഗസ്ഥര്‍ സ്പോണ്‍സര്‍മാരില്‍ നിന്നും സന്നദ്ധസംഘടനകളില്‍ നിന്നുമായി മഴക്കോട്ടും ഷൂസും വാങ്ങി നല്‍കാറുണ്ടെന്ന് വാച്ചര്‍മാർ പറഞ്ഞു