ഓപ്പറേഷൻ ഫോസ്കോസ്: 16 സ്ഥാപനങ്ങൾക്കെതിരെ നടപടി
ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടരുന്നു
ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപ്പറേഷൻ ഫോസ്കോഴ്സിന്‍റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. 349 സ്ഥാപനങ്ങൾ പരിശോധിച്ചതിൽ 14 സ്ഥാപനങ്ങൾ നിയമാനുസൃത രജിസ്ട്രേഷനോ ലൈസൻസോ ഇല്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഈ സ്ഥാപനങ്ങൾ ലൈസൻസ് / രജിസ്ട്രേഷൻ എടുക്കുന്നതിന് അപേക്ഷിച്ചതിന് ശേഷം മാത്രം തുറന്നു പ്രവർത്തിക്കാവൂ എന്ന നിബന്ധനയിൽ അടച്ചുപൂട്ടി. പ്രസ്തുത സ്ഥാപനങ്ങൾ ഉൾപ്പെടെ 16 സ്ഥാപനങ്ങൾക്ക് പിഴ അടയ്ക്കുന്നതിന് നോട്ടീസ് നൽകി. ഏഴ് സ്ക്വാഡുകളായി പാലക്കാട്, ചിറ്റൂർ, മലമ്പുഴ, ആലത്തൂർ, ഒറ്റപ്പാലം, പട്ടാമ്പി, നെന്മാറ, മണ്ണാർക്കാട് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നാളെയും തുടരുമെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.