‘
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടായേക്കും
🖱️ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ചയോടെ ഉണ്ടാവുമെന്ന് സൂചന. ആഭ്യന്തര മന്ത്രാലയവുമായി തെരഞ്ഞെടിപ്പു കമ്മിഷൻ ചർച്ച നടത്തി. തെരഞ്ഞെടുപ്പിന് മുൻപുള്ള അവസാന കേന്ദ്ര മന്ത്രിസഭായോഗം ചൊവ്വാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മന്ത്രാലയങ്ങളുടെ നയപരമായ തീരുമാനങ്ങളുടെ റിപ്പോർട്ട് ബുധനാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. പദ്ധതികളുടെ ഉദ്ഘാടനങ്ങളും ബുധനാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കണം. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ മുഖ്യ കമ്മിഷണറും തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജമ്മു കശ്മീർ സന്ദർശിക്കും. പിന്നാലെ സമ്പൂര്‍ണയോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും.
സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ക്ഷാമബത്ത വർധിപ്പിച്ചു
🖱️സംസ്ഥാന സർവീസ് ജീവനക്കാർക്കും അധ്യാപകർക്കും കേന്ദ്ര സർവീസ് ഉദ്യോഗസ്ഥർക്കുമടക്കം ക്ഷാമബത്ത വർധിപ്പിച്ചു. ഏഴിൽ നിന്നും ഒൻപത് ശതമാനമായാണ് ക്ഷാമബത്ത വർധിപ്പിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ (ഡിയർനെസ് അലവൻസ്) 4 ശതമാനം വർധിപ്പിച്ചിരുന്നു. 2024 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഡിഎ വർധന നിലവിൽ വരുക. ഒപ്പം ജീവനക്കാരുടെ ഗ്രാറ്റിവിറ്റി പരിധി 20 ലക്ഷത്തിൽ നിന്ന് 25 ലക്ഷമാക്കി ഉയർത്തി. ദാരിദ്രരേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് എൽപിജി സിലിണ്ടർ നൽകുന്ന പദ്ധതിയായ ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കായുള്ള സബ്സിഡി തുടരാനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്.
സിദ്ധാർഥന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവ്
🖱️പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവ്. സിദ്ധാർഥന്‍റെ പിതാവ് ജയപ്രകാശ് രാവിലെ മുഖ്യമന്ത്രിയെ കണ്ട് സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉറപ്പു നൽകിയതായും ജയപ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തന്നെ സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിടുകയായിരുന്നു. ‘തന്‍റെ മകന്‍റെ മരണത്തിലുള്ള സംശയങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചു. അക്ഷയ് സാക്ഷിയല്ല പ്രതിയാണെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ജയപ്രകാശ് പറഞ്ഞു.
കെ. മുരളീധരനെതിരേ രൂക്ഷ വിമർശനവുമായി സുരേന്ദ്രൻ
🖱️തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുരളീധരനെ ശിഖണ്ഡി എന്ന് വിശേഷിപ്പിച്ചായിരുന്നു സുരേന്ദ്രന്‍റെ വിമർശനം. എല്ലായിടത്തും തോൽക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് മുരളീധരനെന്നായിരുന്നു സുരേന്ദ്രന്‍റെ വിമർശനം. സ്വന്തം മാതാവിനെ അധിക്ഷേപിച്ച കോൺഗ്രസ് പ്രവർത്തകരെ തള്ളിപ്പറയാൻ കെ. മുരളീധരൻ തയാറായില്ല. ഇടതുമുന്നണിയെ തോൽപ്പിക്കാൻ അച്ചാരം വാങ്ങിയാണ് മുരളി വന്നിരിക്കുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
‘ഇവരെ തീറ്റിപ്പോറ്റിയത് ബിജെപിയിലേക്ക് അയക്കാനായിരുന്നോ’?: പരിഹസിച്ച് മുഖ്യമന്ത്രി
🖱️തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിച്ചാൽ അവർ ബിജെപിയായി മാറില്ലേയെന്നും എങ്ങനെ വിശ്വസിക്കുമെന്നും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന്‍റെ തെരഞ്ഞെടുപ്പു കൺവെൻഷനിലാണ് മുഖ്യമന്ത്രിയുടെ പരിഹാസം. പത്മജ വേണുഗോപാൽ ബിജെപി അംഗത്വം നേടിയ സാഹചര്യത്തിലാണ് പിണറായി രൂക്ഷമായി കോൺഗ്രസിനെ വിമർശിച്ചത്. ആദ്യം ഐടി സെൽ മേധാവി പോയി. ഇപ്പോൾ വേറൊരാളും പോയിരിക്കുന്നു. ഇവർ രണ്ടു പേരും കോൺഗ്രസിന്‍റെ പ്രധാന നേതാക്കളുടെ മക്കളാണ്. ഇവരെ തീറ്റിപ്പോറ്റിയത് ബിജെപിയിലേക്ക് അയക്കാനായിരുന്നോ? എന്നും മുഖ്യമന്ത്രി ചോദിച്ചു.
പത്മജയുടെ ബിജെപി പ്രവേശനത്തിനു പിന്നിൽ ലോക്നാഥ് ബെഹ്റ; തെളിവുകളുണ്ടെന്ന് കെ.സി. വേണുഗോപാൽ
🖱️പത്മജ വേണുഗോപാലിനെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പത്മജയ്ക്കായി ചരടു വലിച്ചത് ലോക്നാഥ് ബെഹ്റയാണെന്നും അതിന് തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായുള്ള ഇടപാടുകൾക്ക് പിണറായിക്ക് ഡൽഹിയിൽ സ്ഥിരം സംവിധാനമുണ്ടെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു.
കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സ്ത്രീകളെ അവഗണിച്ചു; കേരള നേതൃത്വത്തിനെതിരെ ഷമ മുഹമ്മദ്
🖱️ലോക്സഭാ തെരഞ്ഞെടുപ്പ് കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതിനെതിരെ ആഞ്ഞടിച്ച് എഐസിസി വക്താവ് ഷമാ മുഹമ്മദ്. സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്നത് പരാതി തന്നെയാണ്. ഇത് പാർട്ടി മനസിലാക്കണമെന്നും ഷമ പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സംസാരിക്കുന്നത് സ്ത്രീകൾക്ക് വേണ്ടിയാണ്. എന്നാൽ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സ്ത്രീകളെ അവഗണിച്ചു. നേതാക്കൾ സ്ത്രീകൾക്ക് പ്രാധാന്യം നൽകണം. തോൽക്കുന്നിടത്ത് മാത്രമല്ല, സ്ത്രീകൾക്ക് ജയിക്കാവുന്ന സീറ്റുകൾ നൽകണമെന്നും ഷമ പറഞ്ഞു.
രാമേശ്വരം കഫേ സ്‌ഫോടനം: പ്രതിയുടെ നിർണായക ദൃശ്യങ്ങൾ പുറത്ത്
🖱️രാമേശ്വരം കഫേ സ്ഫോടനക്കേസിലെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടു. ഗ്രേ ഷർട്ടും കറുത്ത ജീൻസും വെള്ള മാസ്കും ധരിച്ച് നടക്കുന്ന പ്രതിയുടെ ദൃശ്യമാണ് പുറത്ത് വിട്ടത്. എന്നാൽ ഇത് എവിടെ നിന്നുള്ള സിസിടിവി ദൃശ്യമാണെന്ന് എൻഐഎ വെളിപ്പെടുത്തിയിട്ടില്ല. വെള്ള മാസ്ക് ധരിച്ചാണ് പ്രതി നടക്കുന്നത് എന്നതിനാൽ ഈ സിസിടിവി ദൃശ്യത്തിൽ മുഖം കൃത്യമായി വ്യക്തമല്ല. എന്നാൽ, ഇയാൾ ബെംഗളൂരുവിലെ സിറ്റി ബസ് സർവീസിൽ മുഖം മറയ്ക്കാതെ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ എൻഐഎ കണ്ടെടുത്തിരുന്നു.
കെപിസിസി അധ്യക്ഷന്‍റെ താത്ക്കാലിക ചുമതല എം.എം. ഹസന്
🖱️കെപിസിസി അധ്യക്ഷന്‍റെ താത്ക്കാലിക ചുമതല എം.എം ഹസന് നൽകി. നിലവിലെ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാലാണ് എം.എം ഹസന് താൽക്കാലിക ചുമതല നൽകിയത്. ലോക്സഭ തിരഞ്ഞെടുപ്പ് കാലത്തേക്കു മാത്രമാണ് ചുമതല. നിലവിൽ യുഡിഎഫ് കൺവീനറാണ് എം.എം. ഹസൻ.
ബിഡിജെഎസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; രണ്ടിടത്തെ പ്രഖ്യാപനം പിന്നീട്
🖱️ബിജെപി സഖ്യകക്ഷിയായ ബിഡിജെഎസ് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള 2 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു പ്രഖ്യാപനം.ചാലക്കുടിയില്‍ കെഎ ഉണ്ണികൃഷ്ണനും മാവേലിക്കരയില്‍ ബൈജു കലാശാലയുമാണ് സ്ഥാനാര്‍ഥികള്‍. പാര്‍ട്ടി മത്സരിക്കുന്ന കോട്ടയം, ഇടുക്കി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. 2 ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ മരിച്ച ഏബ്രഹാമിന്‍റെ 2 മക്കൾക്കും താത്കാലിക ജോലി: എ.കെ ശശീന്ദ്രൻ
🖱️കക്കയത്ത് കാട്ടുപോത്തിന്‍റെ കുത്തേറ്റു മരിച്ച പാലാട്ടിയിൽ ഏബ്രാഹാമിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. രണ്ടു മക്കൾക്കും താത്കാലിക ജോലി നൽകുമെന്നും ഏപ്രിൽ ഒന്നു മുതൽ ജോലിയിൽ പ്രവേശിക്കാമെന്നും മന്ത്രി അറിയിച്ചു.കുടുംബത്തിന് സർക്കാർ നൽകിയ 10 ലക്ഷം ധനസഹായത്തിനു പുറമേ കൂടുതൽ തുക നൽകുന്നതിനെക്കുറിച്ചും ആലോചന നടക്കുന്നതായി അദ്ദേഹം പറഞ്ഞു. തങ്ങളിൽ ഒരാളുടെ ജോലി സ്ഥിരപ്പെടുത്തണമെന്ന് ഏബ്രഹാമിന്‍റെ മകനായ ജ്യോതിഷ് മന്ത്രിയോട് ആവശ്യപ്പെട്ടു. അതേസമയം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂരാച്ചുണ്ട് ടൗണിൽവച്ചു മന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി വീശി.
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ സന്ദർശനം നടത്തി ഹൈക്കോടതി ജഡ്ജിമാർ
🖱️ബ്രഹ്‌മപുരം മാലിന്യ പ്ലാന്‍റില്‍ തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ ഹൈക്കോടതി ജഡ്ജിമാര്‍ നേരിട്ടെത്തി വിലയിരുത്തി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരാണ് പ്ലാന്‍റ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. നിലവിലെ മാലിന്യ പ്ലാന്‍റ് നിര്‍മ്മാണത്തിലിരിക്കുന്ന ജൈവ മാലിന്യ സംസ്‌കരണ പ്ലാന്‍റ്, ഉള്‍ഭാഗത്തേക്കുള്ള റോഡുകള്‍, അഗ്‌നിരക്ഷാ സംവിധാനങ്ങള്‍, ഇവയുടെ എല്ലാം പ്രവര്‍ത്തനരീതി തുടങ്ങിയ കാര്യങ്ങള്‍ ഓരോ പോയിന്‍റുകളിലും എത്തി ജഡ്ജിമാര്‍ വിലയിരുത്തി.
സിദ്ധാർഥന്‍റെ മരണം: 2 പേർ കൂടി പിടിയിൽ
🖱️പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർത്ഥി സിദ്ധാർഥന്‍റെ മരണത്തിൽ പങ്കുള്ള 2 പേർ കൂടി പിടിയിൽ. ആലപ്പുഴ സ്വദേശി അഭി, കോഴിക്കോട് സ്വദേശി നസീഫ് എന്നിവരാണ് പിടിയിലായത്. സിദ്ധാർഥനെ മർദ്ദിച്ചതിലും ഗൂഢാലോചനയിലും ഇവരും പങ്കാളികളാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും കേസിലെ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തുവെന്ന് ഡിജിപി അറിയിച്ചു.
തൃശൂരില്‍ കുട്ടികളെ കാണാതായ സംഭവം: 2 പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി
🖱️ശാസ്താംപൂവം കാടർ കോളനിയിലെ കാണാതായ 2 ആദിവാസി കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തി. കോളനിയുടെ സമീപത്ത് നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 16 വയസുള്ള സജിക്കുട്ടന്‍, 8 വയസുകാരന്‍ അരുണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.മാർച്ച് രണ്ടിന് കോളനിക്കു സമീപമുള്ള ഉൾവനത്തിലാണ് കുട്ടികളെ കാണാതായത്. വെള്ളിക്കുളങ്ങര പൊലീസിന്‍റെയും, പരിയാരം വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ ജീവനക്കാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. കുട്ടികാളെ കണ്ടെത്തുന്നതിന് 7 സംഘങ്ങളായി തിരിഞ്ഞാണ് പൊലീസും വനംവകുപ്പ് തെരച്ചില്‍ നടത്തിയത്. കുട്ടികള്‍ വനത്തില്‍ വഴിതെറ്റിയതാകാമെന്നാണ് പൊലീസ് നിഗമനം.
കേരള സർവകലാശാല യുവജനോത്സവം: കോഴ വാങ്ങിയെന്ന ആരോപണത്തിൽ 3 വിധികർത്താക്കൾ അറസ്റ്റിൽ
🖱️കേരള സർവകലാശാല യുവജനോത്സവത്തിലെ മൂന്നു വിധി കർത്താക്കൾ അറസ്റ്റിൽ. കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന ഷാജി, സിബിൻ, ജോമെറ്റ് എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.വിധികർത്താക്കൾക്കെതിരെ കേരള യൂണിവേഴ്സിറ്റി ചെയർമാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മൂന്നുപേരെയും വിദ്യാർഥികൾ തടഞ്ഞുവെച്ചിരുന്നു. പിന്നാലെയത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
‘നിങ്ങൾക്കൊക്കെ എന്താണ് ജോലി, സഹായിച്ചില്ലെങ്കിൽ ഞാൻ തിരുവനന്തപുരത്തേക്ക് പോകും’; ക്ഷുഭിതനായി സുരേഷ് ഗോപി
🖱️തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആളുകുറഞ്ഞതിൽ പ്രവർത്തകരോട് ക്ഷുഭിതനായി ബിജെപി നേതാവ് സുരേഷ് ഗോപി. ശാസ്താംപൂവ് ആദിവാസി കോളനിയിൽ സന്ദർശനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. കോളനിയിലെത്തിയപ്പോൾ പ്രദേശത്ത് ആളുകളുടെ എണ്ണം വളരെ കുറവായിരുന്നു. കൂടാതെ 25 പേരെ വോട്ടർ പട്ടികയിൽ ചേർത്തിട്ടുമുണ്ടായിരുന്നില്ല. ഇക്കാര്യവും ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപി പ്രവർത്തകരോട് ക്ഷുഭിതനായത്.
വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ കൈവരി തകർന്നു; 15 പേർ കടലിൽ വീണു
🖱️വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ കൈവരി തകർന്ന് 15 പേർ കടലിൽ വീണു. കടലിൽ വീണവരെയെല്ലാം രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വർക്കലയിലെ പാപനാശം തീരത്തായാണ് തിരമാലകളുടെ ചലനത്തിനൊപ്പം കടലിനു മുകളിലൂടെ 100 മീറ്റർ സഞ്ചരിക്കാവുന്ന ബ്രിഡ്ജ് നിർമിച്ചിരുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെ മേൽനോട്ടത്തിൽ സ്വകാര്യ സംരംഭകരാണ് പാലം നിർമിച്ചത്.
ടിക്കറ്റ് നിരക്കിലെ ഇളവ് പിന്‍വലിച്ച് കൊച്ചി മെട്രൊ
🖱️രാവിലെയും രാത്രിയും ടിക്കറ്റ് നിരക്കില്‍ വര്‍ഷങ്ങളായി ഏര്‍പ്പെടുത്തിയിരുന്ന ഇളവ് പിന്‍വലിച്ച് കൊച്ചി മെട്രൊ. രാവിലെ 6 മുതല്‍ 7 വരെയും രാത്രി 10 മുതല്‍ 10.30 വരെയും ഉള്ള സമയത്ത് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കിയിരുന്നതാണ് പിന്‍വലിച്ചത്. യാത്രക്കാര്‍ കുറവുള്ള ഈ സമയത്ത് കൂടുതല്‍ ആളുകളെ മെട്രൊയിലേക്ക് ആകര്‍ഷിക്കാനായിരുന്നു ഇളവ് നല്‍കിയിരുന്നത്. എന്നാൽ ഇളവുണ്ടായിട്ടും യാത്രക്കാരുടെ എണ്ണത്തില്‍ അത് പ്രതിഫലിക്കുന്നില്ലെന്നാണ് ഇത് വെട്ടിമാറ്റുന്നതെന്നാണ് കെഎംആര്‍എല്ലിന്‍റെ വിശദീകരണം.
‘എം.വി ജയരാജൻ ശക്തനുമല്ല, എതിരാളിയുമല്ല’: പരിഹാസവുമായി സുധാകരൻ
🖱️എം.വി ജയരാജൻ തനിക്ക് ശക്തനായൊരു എതിരാളിയല്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. അദ്ദേഹം ഒരു ശക്തനുമല്ല, എനിക്ക് അദ്ദേഹം എതിരാളിയുമല്ല. ഞാൻ ടീച്ചർക്കതിരെ മത്സരിച്ചാണ്. എന്നിട്ട് 90000 വോട്ടുകൾക്ക് വിജയിച്ചതാണ്. ആ എനിക്കെന്ത് എം.വി ജയരാജൻ?പാവം- സുധാകരൻ പറഞ്ഞു. ആദ്യം മത്സരിക്കേണ്ടെന്നു വിചാരിച്ചതാണ്. പാർട്ടി പറഞ്ഞതുകൊണ്ടാണ് മത്സരിക്കുന്നത്. ഷാഫിയും വേണുഗോപാലും മുരളിയുമൊക്കെ മത്സരിക്കുന്നത് പാർട്ടി നേതൃത്വം നിർദേശിച്ചതുകൊണ്ടാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
മുതിർന്ന കോൺഗ്രസ് നേതാവ് സുരേഷ് പച്ചൗരി ബിജെപിയിൽ ചേർന്നു
🖱️മുൻ കേന്ദ്ര മന്ത്രിയും മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനുമായിരുന്ന സുരേഷ് പച്ചൗരി ബിജെപിയിൽ ചേർന്നു. രാവിലെ മുന്‍ എംഎല്‍എ സഞ്ജയ് ശുക്ലക്കൊപ്പം ഭോപാലിലെ ബിജെപി ഓഫീസിലെത്തിയാണ് പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചത്. മുഖ്യമന്ത്രി മോഹന്‍യാദവ്, മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, സംസ്ഥാന അധ്യക്ഷന്‍ വി.ഡി. ശര്‍മ, ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ എന്നിവര്‍ചേര്‍ന്ന് ഇരുവരേയും സ്വീകരിച്ചു. ഗാന്ധി കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്ന ആളാണ് പച്ചൗരി.
ലോക്സഭാ തെരഞ്ഞെടുപ്പ്: ബിജെപി സാധ്യതപട്ടികയിൽ ഖുശ്ബുവും
🖱️ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥികളുടെ പട്ടിക ഉടൻ പുറത്ത് വിടും. കരടുപട്ടിക ബുധനാഴ്ച ഡൽഹിയിൽ ബിജെപി നേതൃത്വത്തിനു കൈമാറി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ, ദേശീയ നിർവാഹക സമിതിയംഗം ഖുശ്ബു, മുൻകേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ എന്നിവരുടെ പേരുകൾ പട്ടികയിലുണ്ട്. അണ്ണാമലൈയ്ക്ക് കോയമ്പത്തൂർ സീറ്റ് നൽകാനാണ് ഉദ്ദേശം. അതേസമയം ഖുശ്ബുവിനെ ചെന്നൈയിൽ മത്സരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
തെലുങ്കുദേശം വീണ്ടും എൻഡിഎയിലേക്ക്
🖱️ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആന്ധ്രാ പ്രദേശില്‍ തെലുങ്കുദേശം പാർട്ടി -ബിജെപി സഖ്യത്തിന് സാധ്യത തെളിഞ്ഞു. ടിഡിപി. അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഏതാനും മാസങ്ങള്‍ക്കിടയിലെ രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. വാജ്പേയി സർക്കാരിന്‍റെ കാലത്ത് എന്‍ഡിഎ സഖ്യത്തിലായിരുന്ന ടിഡിപി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി 2018ലാണ് മുന്നണി വിടുന്നത്.
ഡിഎംകെ സഖ്യത്തിൽ ലയിച്ച് എംഎൻഎം
🖱️ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ കമൽഹാസന്‍റെ മക്കൾ നീതി മയ്യം പാർട്ടി ഡിഎംകെ സഖ്യത്തിൽ ലയിച്ചു. 2025 ലെ രാജ്യസഭാ തെരഞ്ഞടുപ്പിൽ എംഎൻഎമ്മിന് ഒരു സീറ്റ് വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനും കമൽഹാസനും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്.
ഇടതുപക്ഷ വിജയം ഉറപ്പാക്കണം: മതാധിപത്യം ഇന്ത്യയെ ശിഥിലമാക്കും- ബാലചന്ദ്രൻ ചുള്ളിക്കാട്
🖱️ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായി തുടരണമോ വേണ്ടയോ എന്നതാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രധാന ചോദ്യമെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. ചാതുർവർണ്യത്തിൽ അധിഷ്‌ഠിതമായ ഹിന്ദു രാഷ്‌ട്രമാണ് ഹിന്ദുത്വരാഷ്‌ട്രീയം ലക്ഷ്യമിടുന്നത്. ഇത്രയും അപകടകരമായ ഒരു സാഹചര്യം മുൻകാലങ്ങളിൽ രാജ്യം ദർശിച്ചിട്ടില്ല. സവർണഹിന്ദുരാഷ്ട്ര നിർമിതിയെ ചെറുക്കാൻ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ. എൽഡിഎഫ് തൃശൂർ ലോക്‌സഭാ കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയൽ രാജി വച്ചു
🖱️തെരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയൽ രാജിവച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾക്കിടെയാണ് അപ്രതീക്ഷിതമായി ഗോയൽ രാജി സമർപ്പിച്ചത്. 2027 ഡിസംബർ വരെയായിരുന്നു ഗോയലിന്‍റെ കാലാവധി. ഗോയലിന്‍റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു സ്വീകരിച്ചതായി നിയമകാര്യമന്ത്രാലയം വ്യക്തമാക്കി. രാജിയുടെ കാരണം വ്യക്തമല്ല. പഞ്ചാബ് കേഡറിൽ നിന്നുള്ള 1985 ബാച്ച് ഐഎഎസ് ഓഫിസറാണ് ഗോയൽ. 2022 നവംബറിലാണ് ഗോയൽ തെരഞ്ഞെടുപ്പു കമ്മിഷറായി പദവിയേറ്റത്.
ഇന്ത്യയോട് മാപ്പ് ചോദിക്കുന്നുവെന്ന് മാലിദ്വീപ് മുൻ പ്രസിഡന്‍റ്
🖱️ഇന്ത്യയിൽ നിന്നുയർന്ന ബഹിഷ്‌കരണ ആഹ്വാനം മാലദ്വീപിന്‍റെ ടൂറിസം മേഖലയെ ബാധിച്ചെന്ന് മുൻ പ്രസിഡന്‍റ് മുഹമ്മദ് നഷീദ്. ഇന്ത്യൻ സഞ്ചാരികൾ ദ്വീപിലേക്കു വരണമെന്നും മാലിദ്വീപ് ജനതയുടെ പേരിൽ താൻ ഇന്ത്യയോടു മാപ്പു ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. താൻ മോദിയെ കണ്ടെന്നും മോദി ദ്വീപ് ജനതയ്ക്ക് അദ്ദേഹം എല്ലാ ആശംസകളും നേർന്നുവെന്നും മുഹമ്മദ് നഷീദ്. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നു ഞാൻ വിശ്വസിക്കുന്നു. ചൈനയുമായി ഉണ്ടാക്കിയത് പ്രതിരോധ കരാറല്ല, ആയുധ കരാറാണ്. പ്രസിഡന്‍റ് മുഹമ്മദ് മുയ്സു തോക്കിൻ കുഴലിലൂടെ ജനങ്ങളെ നിയന്ത്രിക്കാനാണു ശ്രമിക്കുന്നത്- മുഹമ്മദ് നഷീദ് കൂട്ടിച്ചേർത്തു.
ഹിമാചലിൽ എം എൽ എമാരെ കാണാനില്ല, ഒളിച്ചു കടത്താൻ ഹരിയാന പൊലീസും
🖱️ഹിമാചല്‍പ്രദേശില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ നാടുകടന്ന ആറ് എം എം എല്‍ എമാരെ ഇനിയും കണ്ടെത്താനായില്ല. വിമത ശബ്ദങ്ങളെ വാഗ്ദാനങ്ങള്‍ നല്‍കി ഒതുക്കി എങ്കിലും സര്‍ക്കാരും ഭരണ നേതൃത്വവും ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. ഉത്തേരേന്ത്യയില്‍ കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന ഏക സംസ്ഥാനമാണ്. എംഎല്‍എമാരുടെ കാര്യത്തില്‍ വിവരങ്ങളില്ലെന്ന് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു തന്നെയാണ് വെളിപ്പെടുത്തിയത്. അയോഗ്യരാക്കപ്പെട്ട ആറ് വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ വെള്ളിയാഴ്ച ഉത്തരാഖണ്ഡിലെ ഋഷികേശിലെത്തിയതായി സൂചനയുണ്ടായിരുന്നു. പക്ഷെ കണ്ടെത്താനായില്ല. വിതമ കോണ്‍ഗ്രസ് പ്രതിനിധികളെ കൂടാതെ മൂന്ന് സ്വതന്ത്ര എംഎല്‍എമാരും രണ്ട് ബിജെപി എംഎല്‍എമാരും കാണാതായവരില്‍ ഉള്‍പ്പെടുന്നു.
സ്‌കില്‍ ഇന്ത്യ ഇന്‍റര്‍നാഷണലിന് കീഴില്‍ ജര്‍മനിക്ക് പോകാൻ 25 യുവതികള്‍
🖱️സ്‌കില്‍ ഇന്ത്യ ഇന്‍റര്‍നാഷണല്‍ സംരംഭത്തിന്‍റെ ഭാഗമായി കേരളത്തില്‍ നിന്നും 25 യുവതികള്‍ ജര്‍മ്മനിയിലേക്ക് പറക്കാനൊരുങ്ങുന്നു. എന്‍എസ്ഡിസിയുമായി സഹകരിച്ച് കേരളത്തില്‍ നിന്നുള്ള വനിത ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി നടപ്പിലാക്കിയ പരിശീലനത്തിലൂടെയാണ് ഇവര്‍ ജര്‍മ്മനിയിലേക്ക് പോകാന്‍ തയാറെടുക്കുന്നത്.
ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ചുവിക്കറ്റ് നേട്ടം; അശ്വിന് റെക്കോഡ്
🖱️ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡ് ഇനി ആര്‍. അശ്വിന് സ്വന്തം. ധര്‍മശാല ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നേടിയ മിന്നുംപ്രകടനത്തോടെ ഇന്ത്യക്ക് ഇന്നിങ്സ് ജയം സമ്മാനിച്ചത് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനായിരുന്നു. ടെസ്റ്റില്‍ 36-ാം തവണയാണ് അശ്വിന്‍ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ധര്‍മശാലയില്‍ അശ്വിന്‍റെ നൂറാം ടെസ്റ്റായിരുന്നു. 37-കാരനായ അശ്വിന്‍ ഇന്ത്യയുടെ മുന്‍ വെറ്ററന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെയുടെ റെക്കോഡാണ് തകര്‍ത്തത്. 35 തവണയാണ് കുംബ്ലെ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്.ലോക ക്രിക്കറ്റിലെ കൂടുതല്‍ അഞ്ചുവിക്കറ്റ് നേട്ടം കൈവരിച്ചവരുടെ പട്ടികയില്‍ മൂന്നാംസ്ഥാനത്താണ് അശ്വിനുള്ളത്.
ഇംഗ്ലണ്ടിനെ തകർത്ത് ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ
🖱️ഇംഗ്ലണ്ടിനെ ഇന്ത്യ ധര്‍മശാലയില്‍ തവിടുപൊടിയാക്കി. ബാസ്‌ബോള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയെ തറപറ്റിക്കാനെത്തിയ ഇംഗ്ലണ്ടിനെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലും തകര്‍ത്ത് ടെസ്റ്റ് പരമ്പര രോഹിത് ശര്‍മയും കൂട്ടരും 4-1ന് സ്വന്തമാക്കി. ഇന്നിങ്സിനും 64 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. സ്‌കോര്‍: ഇംഗ്ലണ്ട് 218, 195 ഇന്ത്യ 477. അഞ്ച് വിക്കറ്റ് നേടിയ ആര്‍ അശ്വിനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാന്‍ സാധിച്ചിരുന്നത്. പ്രധാന താരങ്ങള്‍ ഇല്ലാതിരുന്നിട്ടും പിന്നീടുള്ള നാല് ടെസ്റ്റുകളും ജയിക്കാനായി എന്നത് രോഹിതിന്‍റെ നായകത്വത്തിന് തിളക്കമേറ്റി.
ഗോൾഡ് റേറ്റ്
ഗ്രാമിന് 6075 രൂപ
പവന് 48600 രൂപ