വിഴിഞ്ഞം സമരം: 157 കേസുകള്‍ പിൻവലിച്ച് സർക്കാർ
🖱️വിഴിഞ്ഞം അദാനി അന്താരാഷ്‌ട്ര തുറമുഖ നിര്‍മ്മാണത്തിനെതിരേ 2022ല്‍ നടന്ന സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.199 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ഗുരുതര സ്വഭാവമില്ലാത്ത 157 എണ്ണമാണ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്. ഈ കേസുകൾ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച വിവിധ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ കേസുകൾ പിൻവലിക്കാൻ തീരുമാനം എടുത്തത്.
പുറത്താക്കപ്പെട്ട വിസിമാര്‍ക്കെതിരേ തിങ്കളാഴ്ച വരെ തുടര്‍നടപടികള്‍ വേണ്ട: ഹൈക്കോടതി
🖱️കാലിക്കറ്റ്, സംസ്കൃത സര്‍വകലാശാല വിസിമാരെ പുറത്താക്കിയ സംഭവത്തില്‍ പുറത്താക്കപ്പെട്ട വിസിമാര്‍ക്കെതിരെ തിങ്കളാഴ്ച വരെ തുടര്‍നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. പുറത്താക്കപ്പെട്ട വിസിമാർ നൽകിയ ഹർജികൾ ഹൈക്കോടതി വാദത്തിനായി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. ഒരാഴ്ച മുമ്പാണ് കാലിക്കറ്റ്, സംസ്കൃത സര്‍വകലാശാല വൈസ് ചാൻസലര്‍മാരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയത്. യുജിസി യോഗ്യതയില്ലെന്ന കാരണത്താലാണ് ഗവര്‍ണറുടെ നടപടി. കാലിക്കറ്റ് സര്‍വകലാശാല വിസി ഡോ. എം.കെ. ജയരാജിനെയും സംസ്കൃത സര്‍വകലാശാല വിസി ഡോ. എം.വി. നാരായണനെയുമാണ് പുറത്താക്കിയത്.
ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനം ശനിയാഴ്ച 3 മണിക്ക്
🖱️ലോക്സഭാ തെരഞ്ഞെടുപ്പ് തിയതി ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് പ്രഖ്യാപിക്കും. പൊതു തെരഞ്ഞെടുപ്പിനൊപ്പം ആറു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തിയതിയും ശനിയാഴ്ച പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പു കമ്മിഷൻ വക്താവ് എക്സിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിക്കിം, അരുണാചൽ പ്രദേശ്, ഒഡീശ, ആന്ധ്രപ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തിയതികളാണ് പ്രഖ്യാപിച്ചേക്കുക. 2024 ജൂൺ വരെയാണ് കേന്ദ്ര സർക്കാരിന്‍റെ കാലാവധി.
ഇലക്റ്ററൽ ബോണ്ട്: ബോണ്ട് നമ്പർ കൂടി കൈമാറാൻ എസ് ബി ഐയോട് നിർദേശിച്ച് സുപ്രീം കോടതി
🖱️തെരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങളിലെ അവ്യക്തത മാറ്റാനായി ബോണ്ട് നമ്പറുകൾ ഉൾപ്പെടെ കൈമാറാൻ എസ്ബിഐയോട് നിർദേശിച്ച് സുപ്രീം കോടതി. ബോണ്ട് നമ്പറുകൾ ഉൾപ്പെടെ നൽകിയാൽ മാത്രമേ ഏതെല്ലാം രാഷ്ട്രീയ പാർട്ടികൾ ഏതെല്ലാം കമ്പനിയിൽ നിന്ന് പണം സ്വീകരിച്ചുവെന്നതിൽ വ്യക്തത വരുകയുള്ളൂ. തെരഞ്ഞെടുപ്പു കമ്മിഷന് നൽകിയ രേഖകളിൽ ബോണ്ട് നമ്പറുകൾ ഉൾപ്പെടുത്താത്തതിൽ മാർച്ച് 18നകം വിശദീകരണം നൽകാനും കോടതി എസ്ബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് ബോണ്ട് നമ്പറുകൾ ഉൾപ്പെടെ കൈമാറാൻ നിർദേശിച്ചിരിക്കുന്നത്. എസ്ബിഐയ്ക്കു വേണ്ടി ഹാജരായിരിക്കുന്ന അഭിഭാഷകൻ ആരാണെന്നും കോടതി ചോദിച്ചു.
സഹകരണ ബാങ്ക് നിക്ഷേപ പലിശ നിരക്കിൽ മാറ്റം
🖱️സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്കിൽ മാറ്റം വരുത്തി. സഹകരണ മന്ത്രി വി.എൻ. വാസവന്‍റെ അധ്യക്ഷതയിൽ ചേർന്ന പലിശ നിർണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ദേശസാൽകൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലേക്കാളും കൂടുതൽ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് ലഭ്യമാക്കും വിധമാണ് പലിശനിരക്ക് ക്രമീകരിച്ചിരിക്കുന്നത്. പ്രാഥമിക സഹകരണസംഘങ്ങളിലെ സ്ഥിരനിക്ഷേപ പലിശ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. കറണ്ട് അക്കൗണ്ടുകൾക്കും സേവിംഗ്‌സ് അക്കൗണ്ടുകൾക്കും പലിശ നിരക്കിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല.
എം.ജി സർവകലാശാലയ്ക്ക് നാക് എ പ്ലസ് പ്ലസ് ഗ്രേഡ്
🖱️മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് നാഷണൽ അസസ്‌മെൻറ് ആൻറ് അക്രഡിറ്റേഷൻ കൗൺസിലിൻറെ (നാക്) എ പ്ലസ് പ്ലസ് ഗ്രേഡ്. നാലാം സൈക്കിൾ റീ അക്രഡിറ്റേഷനിൽ 3.61 ഗ്രേഡ് പോയിൻറ് നേടിയാണ് എം.ജി സർവകലാശാല രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികവിന്റെ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടിയത്. നാലാം സൈക്കിളിൽ എ പ്ലസ് പ്ലസ് ഗ്രേഡ് ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ സർവകലാശാലയാണ് എം.ജി. വിവിധ ഘട്ടങ്ങളിലായുള്ള വിലയിരുത്തലുകൾക്ക് ശേഷം മാർച്ച് 5 മുതൽ 7 വരെ സർവകലാശാലയിൽ സന്ദർശനം നടത്തിയ നാക് പിയർ ടീമിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് മാർച്ച് 15ന് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായതെന്ന് വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ പറഞ്ഞു.
പത്തനംതിട്ടയിൽ ശരണം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
🖱️ഇത്തവണ കേരളത്തിൽ നിന്നുള്ള ബിജെപി എംപിമാരുടെ എണ്ണം രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥി അനിൽ ആന്‍റണിയുടെ തെരഞ്ഞെടുപ്പു പ്രചാരണവേദിയിൽ സംസാരിക്കുകയായിരുന്നു മോദി. സ്വാമിയേ ശരണമയ്യപ്പാ എന്നു പറഞ്ഞു കൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. പത്തനംതിട്ടയിലെ എന്‍റെ സഹോദരീ സഹോദരന്മാരെ എല്ലാവർക്കും എന്‍റെ നമസ്കാരം എന്നു മലയാളത്തിൽ അഭിസംബോധന ചെയ്തതിനു ശേഷം ഇത്തവണ നാനൂറിൽ അധികം എന്നും മോദി മലയാളത്തിൽ പറഞ്ഞു.
ഇലക്റ്ററൽ ബോണ്ട്: ഏറ്റവും കൂടുതൽ ബോണ്ട് വാങ്ങിയ 3 കമ്പനികളും ഇഡി അന്വേഷണം നേരിടുന്നവർ
🖱️തെരഞ്ഞെടുപ്പു കമ്മിഷൻ പുറത്തു വിട്ട ഇലക്റ്ററൽ ബോണ്ട് വിവരങ്ങൾ പ്രകാരം ഏറ്റവും കൂടുതൽ ബോണ്ട് വാങ്ങിയ മൂന്നു കമ്പനികളും എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്, ഇൻകം ടാക്സും അന്വേഷണം നേരിടുന്നവർ.2019 മുതൽ 2024 ഫെബ്രുവരി വരെയുള്ള കണക്കുകളാണ് വ്യാഴാഴ്ച തെരഞ്ഞെടുപ്പു കമ്മിഷൻ പ്രസിദ്ധീകരിച്ചത്. ഇതു പ്രകാരം ലോട്ടറി രാജാവ് സാന്‍റിയാഗോ മാർട്ടിന്‍റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഏറ്റവും കൂടുതൽ ബോണ്ട് വാങ്ങിക്കൂട്ടിയിരിക്കുന്നത്. 1300 കോടി രൂപയാണ് സാന്‍റിയാഗോ മാർട്ടിൻ ബോണ്ട് വാങ്ങാനായി ചെലവഴിച്ചിരിക്കുന്നത്.
ബംഗളൂരു ജീവിതം കടുത്ത പ്രതിസന്ധിയിൽ
🖱️മഴ വൈകുന്നതോടെ ഇന്ത്യയുടെ ‘സിലിക്കൺ വാലി’യിൽ ജന ജീവിതം കടുത്ത പ്രതിസന്ധിയിൽ. ജലക്ഷാമം പരിഹരിക്കാൻ ബംഗളൂരു നിവാസികൾ മാളുകളിൽ ടോയ്‌ലറ്റുകളെ ആശ്രയിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മിക്ക കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. പാചകം ചെയ്യുന്നതിനുപകരം ആളുകൾ റസ്റ്റോറന്‍റുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാനും കുളി ഒന്നിടവിട്ട ദിവസങ്ങളിലാക്കിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. റിപ്പോർട്ട് അനുസരിച്ച് ബഹുനില അപ്പാർട്ടുമെന്‍റുകളിലെ ആളുകൾ പോലും അടിസ്ഥാന ആവശ്യങ്ങൾക്കായി വാട്ടർ ടാങ്കറുകളെയാണ് ആശ്രയിക്കുന്നത്.
കോയമ്പത്തൂരില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് നിബന്ധനകളോടെ അനുമതി
🖱️കോയമ്പത്തൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് നിബന്ധനകളോടെ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി. കോയമ്പത്തൂര്‍ ടൗണില്‍ 4 കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയ്ക്ക് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ കോയമ്പത്തൂരില്‍ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. കോയമ്പത്തൂരില്‍ ഈ മാസം 18നായിരുന്നു പ്രധാനമന്ത്രിയുടെ റോഡ് ഷോ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാൽ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടികാട്ടി തമിഴ്‌നാട് പൊലീസ് അനുമതി നിഷേധിച്ചു. ഇതിനെതിരെ ബിജെപി കോയമ്പത്തൂര്‍ ജില്ലാ പ്രസിഡന്‍റിന്‍റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. റോഡ് ഷോയ്ക്ക് ഉപാധികളോടെയാണ് അനുമതി നല്‍കുന്നതെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷണർമാർ ചുമതലയേറ്റു
🖱️തെരഞ്ഞെടുപ്പു കമ്മിഷനിലെ പുതിയ അംഗങ്ങളായി മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവർ ചുമതലയേറ്റു. വ്യാഴാഴ്ചയാണ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവരെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിച്ചുകൊണ്ട് രാഷ്ട്രപതി ഉത്തരവിറങ്ങിയത്. കോൺഗ്രസിന്‍റെ ലോക്സഭാകക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ വിയോജിപ്പോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന സമിതി ഇവരുടെ പേരുകൾ നിർദേശിച്ചത്.
54 ഷവര്‍മ കടകള്‍ പൂട്ടിച്ചു
🖱️ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഷവര്‍മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 43 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 502 വ്യാപാര കേന്ദ്രങ്ങളിലാണു പരിശോധന പൂര്‍ത്തിയാക്കിയത്.കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം നടത്തിയ 54 സ്ഥാപനങ്ങളിലെ ഷവര്‍മയുടെ നിര്‍മാണവും വില്‍പ്പനയും നിര്‍ത്തിവയ്പ്പിച്ചു. 88 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 61 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. ഇതുകൂടാതെ വേനല്‍ക്കാലം മുന്‍നിര്‍ത്തിയുള്ള പ്രത്യേക പരിശോധനകള്‍ നടന്നു വരുന്നതായി മന്ത്രി വീണാ ജോര്‍ജ്.
പൗരത്വ നിയമം: കോണ്‍ഗ്രസിനോട് മുഖ്യമന്ത്രിയുടെ 12 ചോദ്യങ്ങള്‍
🖱️പൗരത്വ നിയമ ഭേദഗതിനടപ്പാക്കുന്നതിൽ കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം ഔദ്യോഗികമായി ഇതുവരെ പ്രതികരിക്കാത്തതെന്തുകൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടിയതെന്തിനെന്നും അദ്ദേഹം ആരാഞ്ഞു.
10 പേർക്ക് ലിംഗ മാറ്റ ശസ്ത്രക്രിയയ്ക്കായി 12 ലക്ഷം രൂപ നൽകി സുരേഷ് ഗോപി
🖱️ട്രാൻസ്ജെൻഡർ സമൂഹത്തിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി 12 ലക്ഷം രൂപ നൽകി തൃശൂരിലെ ബി ജെ പി സ്ഥാനാർഥി സുരേഷ് ഗോപി. തൃശൂർ നെട്ടിശ്ശേരിയിൽ സുരേഷ് ഗോപിയുടെ വസതിയിൽ വെച്ച് നടന്ന ചടങ്ങിലാണ് ധനസഹായ വിവരവും ധനസഹായം ലഭിക്കുന്നവരുടെ പേരുകൾ പ്രഖ്യാപിച്ചത്. മുംബൈയിലെ സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതീക്ഷ ഫൗണ്ടേഷൻ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ളവർക്കായി 2023 ആഗസ്റ്റ് 22 ന് തൃശൂരിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലും നവംബർ 1 ന് കൊച്ചിയിൽ സംഘടിപ്പിച്ച കേരള പിറവി ആഘോഷത്തിലും മുഖ്യാതിഥി ആയി പങ്കെടുത്ത സുരേഷ് ഗോപി പത്ത് ട്രാൻസ്ജെൻഡർമാകുടെ ശസ്ത്രക്രിയയ്ക്ക് വേണ്ട തുക താൻ നല്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
മുരളീധരന് കോൺഗ്രസിൽ പരവതാനി വിരിച്ചിട്ടാണ് ബിജെപിയിലേക്ക് എത്തിയത്; പത്മജ
🖱️തൃശൂരിലെ കോൺഗ്രസ് സ്ഥാനാർഥിയും സഹോദരനുമായ മുരളീധരന് വേണ്ടി കോൺഗ്രസിൽ പരവതാനി വിരിച്ചിട്ടാണ് താൻ ബിജെപിയിലേക്ക് വന്നതെന്ന് പത്മജ വേണുഗോപാൽ. പത്തനംതിട്ടയിൽ എൻഡിഎ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.കെ.കരുണാകരന്‍റെ മക്കൾ കോൺഗ്രസിൽ വേണ്ടെന്നാണ് അവരുടെ തീരുമാനം. അത് ഒരിക്കൽ മുരളീധരനും മനസിലാക്കും. ഈ തെരഞ്ഞെടുപ്പോടെ എഐസിസി ആസ്ഥാനം അടച്ചു പൂട്ടേണ്ടി വരും. കോൺഗ്രസ് നശിച്ച് താഴെത്തട്ടിലെത്തിയെന്നും പത്മജ കുറ്റപ്പെടുത്തി.
ആലപ്പുഴ ജില്ലാ കലക്‌ടറെ അടിയന്തരമായി മാറ്റി; കാരണം അവ്യക്തം
🖱️ജില്ലാ കലക്‌ടറെ അടിയന്തരമായി മാറ്റി. പുതിയ കലക്‌ടറായി നഗരകാര്യ ഡയറക്‌ടറായിരുന്ന അലക്സ് വർഗീസ് ചുമതലയേറ്റു. നിലവിലുള്ള കലക്‌ടർ ജോൺ വി. സാമുവലിനു പകരം ചുമതല നൽകിയിട്ടില്ല. നഗരകാര്യ വകുപ്പിൽ ചുമതല നൽകുമെന്നാണ് ഉത്തരവിൽ പറയുന്നത്.സിപിഐ അനുകൂല ജോയ്ന്‍റ് കൗൺസിലുമായുള്ള ഭിന്നതായാണു മാറ്റത്തിനു പിന്നിലെന്നാണ് സൂചന. രണ്ടു വർഷത്തിനിടെ ആലപ്പുഴയിൽ എത്തുന്ന ഏഴാമത്തെ കലക്‌ടറാണ് അലക്സ് വർഗീസ്.
സൗജന്യ നിയമോപദേശത്തിന് Tele-Law ആപ്പ്
🖱️ഇന്ത്യയുടെ 75-ാം വാർഷിക റിപ്പബ്ലിക്കിന്‍റെ സ്മരണയ്ക്കായുള്ള ‘ഹമാരാ സംവിധാൻ, ഹമാരാ സമ്മാൻ’ എന്ന കാംപെയിന്‍റെ സംസ്ഥാനതല ഉദ്ഘാടനവും സിഎസ്‍സി ടെലി-ലോ 2.0 (Tele-Law 2.0) മൊബൈൽ ആപ്പിന്‍റെ ലോഞ്ചിങ്ങും തിരുവനന്തപുരത്ത് ടാഗോർ തീയേറ്ററിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു.
ജോൺ പോൾ പാപ്പ പുരസ്‌കാരം പി.എസ്. ശ്രീധരൻ പിള്ളയ്ക്കും, കർദിനാൾ ആലഞ്ചേരിക്കും
🖱️കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ 18ാമത് ജോൺ പോൾ പാപ്പ പുരസ്‌കാരം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയ്ക്കും സിറോ മലബാർ സഭാ എമരിറ്റസ് മേജർ ആർച്ച് ബിഷപ്പും കർദിനാളുമായ മാർ ജോർജ് ആലഞ്ചേരിക്കും.200ലധികം വ്യത്യസ്തങ്ങളായ ഗ്രന്ഥങ്ങൾ രചിച്ച് സാംസ്‌കാരിക ലോകത്തിന് സമ്മാനിച്ച അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയുടെ അര നൂറ്റാണ്ടിന്‍റെ എഴുത്ത് സപര്യക്കാണ് അവാർഡ്.പതിറ്റാണ്ടിലേറെ സഭയ്ക്കും സമൂഹത്തിനും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് പുരസ്കാരം.
ഗൂഡല്ലൂരിൽ വീണ്ടും കാട്ടാന ആക്രമണം; ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു
🖱️ഓവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത് (44) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രിയാണ് സംഭവം. വിനായഗർ ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിൽ വച്ചായിരുന്നു പ്രശാന്തിനെ കാട്ടാന ആക്രമിച്ചത്. സമീപമുള്ള വനംപ്രദേശത്തിൽ നിന്നും ഇറങ്ങി വന്ന കാട്ടാന പ്രശാന്തിനെ ആക്രമിക്കുകയായിരുന്നെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ ഗൂഡല്ലൂർ ജില്ലാ ഹെഡ്ക്വാട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ മരണമടയുകയായിരുന്നു.
‘ജസ്നയുടെ അജ്ഞാത സുഹൃത്തിനെക്കുറിച്ച് അന്വേഷിച്ചില്ല’; സിബിഐ അന്വേഷണത്തിനെതിരേ ഹർജി നൽകി പിതാവ്
🖱️എരുമേലി സ്വദേശിയായ ജസ്നയുടെ തിരോധാനക്കേസിൽ സിബിഐ അന്വേഷണത്തിൽ വീഴ്ച സംഭവിച്ചതായി ആരോപിച്ച് ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ് . കേസിൽ സിബിഐ അന്വേഷണത്തിൽ പാളിച്ച സംഭവിച്ചതായി ചൂണ്ടിക്കാണിച്ചു കൊണ്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ ജെയിംസ് ജോസഫ് ഹർജി സമർപ്പിച്ചിട്ടുണ്ട്. ജസ്നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായിവല്ലെന്ന് കാണിച്ച് സിബിഐ കൊച്ചി യൂണിറ്റ് തിരുവനന്തപുരം കോടതിയിൽ ക്ലോഷർ റിപ്പോർട്ട് ഫയൽ ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ജെയിംസ് ജോസഫ് അഭിഭാഷകൻ ശ്രീനിവാസൻ വേണുഗോപാൽ മുഖേന കോടതിയിൽ നേരിട്ടെത്തി ഹർജി സമർപ്പിച്ചത്.
വെളിപ്പെടുത്തൽ വിനയായി, ദീപ്തി മേരി വർഗീസ് ഒറ്റപ്പെടുന്നു
🖱️കോൺഗ്രസ് വിടാൻ സിപിഎം നേതാക്കൾ സമീപിച്ചെന്നും ദല്ലാൾ നന്ദകുമാർ ചർച്ച നടത്തിയെന്നുമുള്ള കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിന്‍റെ വെളിപ്പെടുത്തലിൽ പുതിയ വഴിത്തിരിവ്. എല്‍ഡിഎഫ് കൺവീനർ ഇ.പി. ജയരാജനും വിവാദ ദല്ലാള്‍ ടി.ജി.നന്ദകുമാറും സിപിഎമ്മിലേക്ക് ക്ഷണിച്ചെന്ന് കഴിഞ്ഞ ദിവസമാണ് ദീപ്തി വെളിപ്പെടുത്തിയത്.
ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: റെയ്ഡിന് പിന്നാലെ ബിആര്‍എസ് നേതാവ് കെ.കവിത അറസ്റ്റില്‍
🖱️ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ് ബിആര്‍എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ കവിത അറസ്റ്റില്‍. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ ഇഡി- ഐടി കവിതയുടെ വസതിയില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്. വെള്ളിയാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്ത കവിതയുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തുകയായിരുന്നു. ഈ വര്‍ഷം മാത്രം ഡല്‍ഹി മദ്യലൈസന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട് കവിതയ്ക്ക് ഇഡിയും ഐടി വകുപ്പും 2 തവണ സമന്‍സ് നല്‍കിയിരുന്നെങ്കിലും അവര്‍ പ്രതികരിച്ചിരുന്നില്ല.
ഡ്രോണുകളെ നേരിടാന്‍ പരുന്തുകള്‍; പുതിയ പരീക്ഷണവുമായി തെലങ്കാന പൊലീസ്
🖱️വിഐപി സന്ദർശനത്തിനും വലിയ പരിപാടികൾക്കും ഇടയിൽ പൊലീസിന് വെല്ലുവിളിയാവുന്ന ഡ്രോണുകളെ നേരിടാൻ പരുന്തുകള്‍ക്ക് പരിശീലനം നല്‍കി തെലങ്കാന പൊലീസ്. പ്രത്യേക പരിശീലനം നേടിയ പരുന്തുകളെ ഉപയോഗിച്ചാണ് ഡ്രോണുകളെ വരുതിയിലാക്കുക. യൂറോപ്യൻ രാജ്യങ്ങളായ നെതർലാൻഡും ഫ്രാൻസിലും പിന്തുടുന്ന രീതിയാണ് തെലങ്കാന പൊലീസ് പരീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മൊയിന്‍ബാദില്‍ വച്ച് പരുന്തുകളെ ഉപയോഗിച്ചുള്ള ഡ്രോണ്‍ നേരിടലിന്‍റെ ട്രയല്‍ നടന്നത്. 3 വർഷത്തോളം നീണ്ട പരിശീലനത്തിന് ശേഷമാണ് തെലങ്കാന പൊലീസിന്‍റെ ഈ പരുന്തുകൾ കളത്തിലിറങ്ങുന്നത്.
സംവിധായകന്‍ രാം ഗോപാല്‍ വര്‍മ തെരഞ്ഞെടുപ്പില്‍ മത്സരിക്കും; എതിരാളി പവന്‍ കല്യാൺ
🖱️ആന്ധ്രപ്രദേശിലെ പീതപുരത്തു നിന്നു ലോക്സഭയിലേക്കു മത്സരിക്കുമെന്നു സംവിധായകൻ രാം ഗോപാൽ വർമ. പെട്ടെന്നെടുത്ത തീരുമാനമാണിതെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. നടനും ജനസേനാ പാർട്ടി അധ്യക്ഷനുമായ പവൻ കല്യാണിനെ പീതപുരത്ത് എൻഡിഎയുടെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാംഗോപാൽ വർമയുടെ പ്രഖ്യാപനം. കാക്കിനഡ ജില്ലയിലാണ് പീതപുരം. 2019ൽ ഗജുവകയിലും ഭീമാവാരത്തും മത്സരിച്ച പവൻ കല്യാൺ രണ്ടിടത്തും പരാജയപ്പെട്ടിരുന്നു. ഇത്തവണ ആന്ധ്രയിലെ 25 ലോക്സഭാ സീറ്റുകളിൽ രണ്ടിടത്താണ് എൻഡിഎയുടെ ഭാഗമായ ജനസേന മത്സരിക്കുന്നത്.
യുഎസിനോട് കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ
🖱️പൗരത്വ നിയമ ഭേദഗതി (സിഎഎ)ക്കെതിരേ യുഎസ് ഉൾപ്പെടെ രാജ്യങ്ങളിൽ നിന്നുള്ള വിമർശനങ്ങൾ തള്ളി ഇന്ത്യ. നിയമം നിർമിക്കുന്നത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ദുരിതത്തിൽ കഴിയുന്നവരെ സഹായിക്കാൻ സ്വീകരിച്ച പ്രശംസനീയമായ നടപടിയെ വോട്ട് ബാങ്കിന്‍റെ പേരിൽ നിർണയിക്കരുതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ. ഇന്ത്യയുടെ ബഹുസ്വര പൈതൃകത്തെയും വിഭജനാനന്തര ചരിത്രത്തെയും കുറിച്ച് ശരിയായ ബോധ്യമില്ലാത്തവർ ഇത്തരംകാര്യങ്ങളിൽ ഇടപെടരുത്. സിഎഎ പൗരത്വം നൽകാനുള്ളതാണ്. ആരുടെയും പൗരത്വം റദ്ദാക്കാനുള്ളതല്ല. സ്വന്തം നാടില്ലാത്ത കുറേ ആളുകളുടെ അന്തസും മനുഷ്യാവകാശവും സംരക്ഷിക്കാനാണ് ഈ നിയമമെന്നും യുഎസിന്‍റെ പ്രതികരണം അനാവശ്യവും തെറ്റിദ്ധാരണാ ജനകവുമാണെന്നും ജയ്സ്വാൾ പറഞ്ഞു.
നിഖില്‍ തോമസിന്‍റെ വ്യാജ സര്‍ട്ടിഫിക്കറ്റ്: നടപടി നേരിട്ട അധ്യാപകന് പ്രിന്‍സിപ്പല്‍ ആകില്ല
🖱️മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്‍റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ അച്ചടക്ക നടപടി നേരിട്ട എംഎസ്എം കോളെജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് താഹയ്ക്ക് വീണ്ടും ചുമതല നല്‍കാനുള്ള നീക്കത്തിന് തിരിച്ചടി. ക്രമക്കേടില്‍ നടപടി നേരിട്ട അധ്യാപകന് പ്രിന്‍സിപ്പല്‍ ചുമതല നല്കാനാകില്ലെന്ന് വൈസ് ചാൻസലർ ഡോ. മോഹനന്‍ കുന്നുമ്മല്‍ നിലപാട് എടുക്കുകയായിരുന്നു. ഡോ. മുഹമ്മദ് താഹയ്ക്ക് പ്രിന്‍സിപ്പലിന്‍റെ പൂര്‍ണചുമതല നല്കാനുള്ള ഫയലിന് ഷിജുഖാന്‍റെ നേതൃത്വത്തിലുള്ള സിന്‍ഡിക്കേറ്റ് ഉപസമിതി അംഗീകാരം നല്കി. എന്നാല്‍ വെള്ളിയാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഫയല്‍ എത്തിയതോടെ വിസി എതിര്‍പ്പ് ഉന്നയിക്കുകയായിരുന്നു.
ജീറ്റ് കുനേ ദോ ലോകകപ്പിൽ മാനസിക്ക് സ്വർണം
🖱️തായ്‌ലൻഡിലെ ഫുക്കറ്റിൽ നടന്ന 6-ാമത് അന്താരാഷ്ട്ര ജീറ്റ് കുനേ ദോ ലോകകപ്പിൽ ഇന്ത്യയ്ക്കു വേണ്ടി എം.എ മാനസി സ്വർണം നേടി. 46 കിലോ വിഭാഗത്തിലാണ് സ്വർണനേട്ടം. ചങ്ങനാശേരി ഇത്തിത്താനം മംഗലശ്ശേരി വീട്ടിൽ അനിൽ കുമാറിന്റെയും സൗമ്യയുടെയും മകളായ മാനസി ചങ്ങനാശേരി അമൃത വിദ്യാലയത്തിലെ പ്ലസ്ടു സയൻസ് വിദ്യാർഥിനിയാണ്. വി.എൻ.വിജയൻ, രാജൻ ജേക്കബ് എന്നിവരാണ് മാനസിയുടെ പരിശീലകർ. 8 വർഷത്തോളമായി ജീറ്റ് കുനേ ദോ പരിശീലിക്കുന്ന മാനസി കുങ്ഫുവിലും നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
ശ്രേയസ് അയ്യരുടെ വാർഷിക കരാർ പുനഃസ്ഥാപിക്കാൻ ബിസിസിഐ
🖱️രഞ്ജി ട്രോഫി ഫൈനലിൽ മുംബൈക്കായി കളത്തിലിറങ്ങിയ ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ക്ക് അനുകൂല നിലപാടെടുക്കാന്‍ ബിസിസിഐ. നേരത്തെ ഒഴിവാക്കിയ വാര്‍ഷിക കരാറിലേക്ക് തിരിച്ചു കൊണ്ടുവരാനാണ് ബോര്‍ഡ് തയാറെടുക്കുന്നത്. വിദര്‍ഭക്കെതിരായ ഫൈനലില്‍ 95 റണ്‍സുമായി താരം മികച്ച പ്രകടനമാണ് നടത്തിയത്. നേരത്തെ രഞ്ജി ട്രോഫിയില്‍ കളിക്കുന്നതിന് വിമുഖത കാണിച്ചതിനാണ് അയ്യരെ ബിസിസിഐ കരാറില്‍ നിന്ന് പുറത്താക്കിയത്. പുറം വേദനയെന്ന കാരണത്താല്‍ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന മൂന്ന് മത്സരങ്ങളില്‍ നിന്ന് പിന്‍മാറിയ ശ്രേയസ് അയ്യര്‍ക്ക് പരുക്കില്ലെന്ന് നാഷണല്‍ ക്രിക്കറ്റ് അക്കാഡമി ബിസിസിഐക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതോടെയാണ് സീനിയര്‍ താരത്തിനെതിരേ കടുത്ത നടപടിയിലേക്ക് ബോര്‍ഡ് നീങ്ങിയത്.
ഐപിഎൽ താരങ്ങളുടെ പിന്മാറ്റം തുടരുന്നു
🖱️ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ പുതിയ സീസണിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ താരങ്ങളുടെ പിന്മാറ്റം തുടരുന്നു. ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് പിന്‍മാറിയതിന് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സിന് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എങ്കിഡിയുടെ സേവനവും ഇത്തവമണ നഷ്ടമാവും. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ കണങ്കാലിന് പരുക്കേറ്റ എങ്കിഡി ഐപിഎല്ലില്‍ നിന്ന് പിന്‍മാറി. ഇന്ത്യക്കെതിരായ പരമ്പരയില്‍ പരുക്കേറ്റ എങ്കിഡി ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ പാള്‍ റോയല്‍സിനായി കളിച്ചതോടെയാണ് പരുക്ക് കൂടുതൽ വഷളായത്. എങ്കിഡിക്ക് പകരം ഓസ്ട്രേലിയയുടെ യുവ ഓള്‍ റൗണ്ടര്‍ ജേക് ഫ്രേസര്‍ മക്ഗുര്‍കിനെ ഡല്‍ഹി ടീമിലെടുത്തിട്ടുണ്ട്. എങ്കിഡിയുടെ അതേ തുകക്ക് തന്നെയാണ് ജേക് ഫ്രേസര്‍ ഡല്‍ഹി ടീമിലെത്തുന്നത്.
ഗോൾഡ് റേറ്റ്
ഗ്രാമിന് 6060 രൂപ
പവന് 48480 രൂപ