സാമ്പത്തിക പ്രതിസന്ധി; കേന്ദ്രത്തിനെതിരേ രൂക്ഷ വിമർശനവുമായി കേരളം സുപ്രീംകോടതിയിൽ
?️സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തിനെതിരേ രൂക്ഷ വിമർശനവുമായി സുപ്രീംകോടതിയിൽ കേരളത്തിന്‍റെ സത്യവാങ്മൂലം. കേരളം കടമെടുക്കുന്നത് മൂലം സാമ്പത് വ്യവസ്ഥ തകരുമെന്ന കേന്ദ്രവാദം അടിസ്ഥാന രഹിതമാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.രാജ്യത്തെ മൊത്ത കടത്തിന്‍റെ 60 ശതമാനവും കേന്ദ്രത്തിന്‍റെതാണ്. അതിൽ 1.75 ശതമാനം കടം മാത്രമാണ് കേരളത്തിന്‍റേത്. കേന്ദ്രത്തിന്‍റെ ധന മാനേജ്മെന്‍റ് മോശമാണ്. സങ്കുചിതമായ മനസ്ഥിതിയോടെയാണ് കേന്ദ്രം ആരോപണങ്ങൾ ഉന്നയിക്കുന്നത്.
നമ്മുടെ രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള ശ്രമം നടക്കുന്നു; മുഖ്യമന്ത്രി
?️രാജ്യത്തെ മതരാഷ്ട്രമാക്കി തീർക്കാനുള്ള നടപടികളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്രത്തിനപ്പുറം ചില കെട്ടുകഥകൾ പ്രചരിപ്പിക്കാൻ ചിൽ ബോധപൂർവ്വം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണഘടന അുനശാസിക്കുന്ന ശാസ്ത്ര അഭിരുചിയും യുക്തി ചിന്തയും വളർത്തുക എന്നത് പൗരന്‍റെ കടമയാണ്. ആ കാഴ്ചപ്പാടിനെ കാറ്റിൽ പറത്തി നമ്മുടെ രാജ്യത്തെ മതരാഷ്ട്രമാക്കി തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഭരണഘടനാ പദവിയിലുള്ളവർ തന്നെ ഇതിനു നേതൃത്വം നൽകുന്നതായും മുഖ്യമന്ത്രി ആരോപിച്ചു.
മാസപ്പടി കേസിൽ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യണം; അല്ലെങ്കിൽ നിയമനടപടിയിലേക്കെന്ന് സതീശൻ
?️മുഖ്യമന്ത്രി പിണറായി വിജനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മാസപ്പടി കേസിൽ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യണമെന്ന് സതീശൻ ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസി നടപടിയെടുത്തില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോവുമെന്നും സതീശൻ പറഞ്ഞു.എക്‌സാലോജിക് കമ്പനിക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണം സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം.
സപ്ലൈകോ കടുത്ത പ്രതിസന്ധിയിൽ; മാവേലി സ്റ്റോറുകൾ പൂട്ടുന്നു
?️കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ വിൽപ്പന കുറവുള്ള മാവേലി സ്റ്റോറുകൾ അടച്ചുപൂട്ടാനൊരുങ്ങി സപ്ലൈകോ. ഇതിന്‍റെ ഭാഗമായി മാവേലി സ്റ്റോറുകളുടെ കണക്കെടുപ്പ് പട്ടിക തയാറാക്കുന്ന നടപടികൾ പൂർത്തിയായി. ഇനി സബ്സിഡി ഇനത്തിൽ വിൽക്കാൻ സാധനങ്ങൾ നൽകില്ലെന്ന് സപ്ലൈകോ എം.ഡി. ഔട്ട് ലെറ്റ് മാനെജർമാരെ അറിയിച്ചു കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ടെൻഡർ നടപടികളും മുടങ്ങി.
300 കോടിയുടെ നിക്ഷേപ തട്ടിപ്പ്: ജി ആന്‍റ് ജി ഫിനാന്‍സിന്‍റെ 48 ശാഖകളും പൂട്ടി ഉടമകൾ മുങ്ങി
?️സംസ്ഥാനത്തെ വീണ്ടും നിക്ഷേപ തട്ടിപ്പ്. തിരുവല്ല പുല്ലാട് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ജി ആന്‍റ് ജി ഫിനാന്‍സിന്‍റെ 48 ശാഖകളും പൂട്ടി. 300 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി എന്ന് പരാതി. സ്ഥാപനത്തിന്‍റെ 4 ഉടമകളും മുങ്ങിയതായി പൊലീസ് പറയുന്നു.വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വന്ന സ്ഥാപനം കഴിഞ്ഞ ഒന്നാം തീയതി മുതലാണ് തുറന്നുപ്രവര്‍ത്തിക്കാതെ വന്നത്. സ്ഥാപനത്തിനെതിരെ വിവിധ സ്റ്റേഷനുകളിലായി 80 ലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മഞ്ചേരി നഗരസഭയിൽ ബജറ്റ് അവതരണത്തിനിടെ സംഘർഷം; 6 പ്രതിപക്ഷ കൗൺസിലർമാർക്ക് സസ്പെൻഷൻ
?️മഞ്ചേരി നഗരസഭയിൽ ബജറ്റ് അവതരണത്തിനിടെ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ സംഘർഷം. പദ്ധതികളിൽ നിന്ന് പ്രതിപക്ഷ കൗൺസിലർമാർ പ്രതിനിധാനം ചെയ്യുന്ന വാർഡുകളെ നിരന്തരം അവഗണിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധിച്ചത്.വൈസ് ചെയർമാൻ വിപി ഫിറോസ് ബജറ്റ് അവതരണം തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം പ്ലക്കാർഡുകൾ ഉയർത്തി മുദ്യാവാക്യം വിളിച്ചിരുന്നു. പിന്നാലെ ഇരുവിഭാഗക്കാർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും കയ്യാങ്കളിയിൽ അവസാനിക്കുകയായിരുന്നു. പൊലീസെത്തിയാണ് സംഘർഷം ശാന്തമാക്കിയത്. കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ആറ് പ്രതിപക്ഷ കൗൺസിലർമാരെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
‘ഭാരത് അരി തൃശൂരിൽ മാത്രം, കേന്ദ്രം വില കുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു’; ജി.ആർ. അനിൽ
?️കേന്ദ്രസർക്കാരിന്‍റെ ഭാരത് അരി വിതരണത്തിനെതിരേ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. അരി വിതരണത്തിലൂടെ കേന്ദ്രം വിലക്കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. തൃശൂരിൽ മാത്രമാണ് അരി വിതരണം ചെയ്തിരിക്കുന്നത്. മറ്റെവിടേയും ഭാരത് അരി വിതരണമില്ല. ഇതിനു പിന്നിലുള്ളത് വ്യക്തമായ രാഷ്ട്രീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘മതിലുകളിൽ താമര വരച്ച് സുരേഷ് ഗോപി’; തൃശൂരിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം
?️തൃശൂരിൽ ഔദ്യോഗിക തെരഞ്ഞെടുപ്പു പ്രചരണത്തിന് തുടക്കം കുറിച്ച് ബിജെപി. സ്ഥാനാർഥിയുടെ പേര് വെളിപ്പെടുത്താതെയാണ് പ്രചാരണം. സ്ഥാനാർഥിയുടെ പേര് എഴുതാൻ സമയമായിട്ടില്ലെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. തൃശൂരിലെ 15 ഓളം മണ്ഡലങ്ങളിൽ ബിജെപി പ്രവർത്തകർ ചിഹ്നം വരുച്ചു തുടങ്ങി. ഇവിടെയെല്ലാം സുരേഷ് ഗോപി നേരിട്ടെത്തി. സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ഇവിടെ പേര് എഴുതിച്ചേർക്കും.
പിഎസ്‍സി പരീക്ഷ ആള്‍മാറാട്ടം: സഹോദരങ്ങളായ പ്രതികൾ കോടതിയിൽ കീഴടങ്ങി
?️പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികൾ കോടതിയിൽ കീഴടങ്ങി. നേമം സ്വദേശികളും സഹോദരങ്ങളുമായ അമൽ ജിത്ത്, അഖിൽ ജിത്ത് എന്നിവരാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്. ഇരുവരേയും കോടതി റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് പൂജപ്പുര പൊലീസ് അറിയിച്ചു.മുഖ്യപ്രതിയായ അമൽജിത്തിന് വേണ്ടി സഹോദരൻ അഖിൽ ജിത്താണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. അമൽജിത്തിന്‍റെ വീട്ടിൽ വ്യാഴാഴ്ച പരിശോധന നടത്തിയിപ്പോഴാണ് സഹോദരൻ അഖിൽ ജിത്തും മുങ്ങിയെന്ന് മനസിലായത്. അമൽ ജിത്തും അഖിൽ ജിത്തും ചേർന്നാണ് പിഎസ്‍സി പരീക്ഷയ്ക്കുള്ള പരിശീലനം നടത്തിയിരുന്നത്. അഖിൽ ജിത്തിന് ഇതിന് മുമ്പ് പൊലീസ്, ഫയർഫോഴ്സ് എഴുത്തുപരീക്ഷകൾ പാസായെങ്കിലും കായിക ക്ഷമതാ പരീക്ഷയിൽ പിന്തള്ളപ്പെട്ടിരുന്നു. സംഭവത്തില്‍ 2 പേരെയും ചോദ്യം ചെയ്താലേ കൂടുതൽ വ്യക്തത വരൂ എന്നാണ് പൊലീസ് അറിയിച്ചത്.
മൂന്നു പേർക്കു കൂടി ഭാരത രത്ന
?️ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന ഈ വർഷം ലഭിച്ചവരുടെ എണ്ണം അഞ്ചായി. മുൻ പ്രധാനമന്ത്രിമാരായ ചൗധരി ചരൺ സിങ്, പി.വി. നരസിംഹ റാവു എന്നിവർക്കും കാർഷിക ശാസ്ത്രജ്ഞൻ ഡോ. എം.എസ്. സ്വാമിനാഥനുമാണ് മരണാനന്തര ബഹുമതിയായി ഭാരതരത്ന പ്രഖ്യാപിച്ചിരിക്കുന്നത്. ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിനും മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അഡ്വാനിക്കും നേരത്തെ ഇതേ ബഹുമതി ഈ വർഷം പ്രഖ്യാപിച്ചിരുന്നു. എല്ലാ വർഷവും പ്രഖ്യാപിക്കണമെന്നു നിഷ്കർഷയില്ലാത്ത ഭാരത രത്ന തെരഞ്ഞെടുപ്പ് വർഷം അഞ്ച് പേർക്ക് പ്രഖ്യാപിച്ചുകൊണ്ട് അമ്പരപ്പുളവാക്കിയിരിക്കുകയാണ് ബിജെപി സർക്കാർ.
സ്വകാര്യ സ്റ്റേജ് കാരേജ് ബസുകളിൽ വിദ്യാർഥികൾക്ക് കൺസഷൻ ഉറപ്പാക്കണം: ബാലാവകാശ കമ്മിഷൻ
?️സ്വകാര്യ സ്റ്റേജ് കാരേജ് ബസുകളിൽ വിദ്യാർഥികൾക്ക് സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കൺസഷൻ നിരക്ക് നൽകാത്ത സ്വകാര്യ സ്റ്റേജ് കാരേജ് ബസ്സുകളുടെ പെർമിറ്റും കുറ്റം ചെയ്ത ജീവനക്കാരുടെ ലൈസൻസും റദ്ദ് ചെയ്യുന്നതിന് നിയമനടപടികൾ സ്വീകരിക്കാനും ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് ബാലാവകാശ കമ്മിഷൻ നിർദ്ദേശം നൽകി. കിളിമാനൂർ-വെളളല്ലൂർ കല്ലമ്പലം റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾ വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുളള ടിക്കറ്റ് നിരക്കല്ല ഈടാക്കുന്നത്. അർഹതപ്പെട്ട നിരക്ക് ചോദിക്കു മ്പോൾ കുട്ടികളെ ഭീഷണിപ്പെടുത്തുന്നു തുടങ്ങിയ വിഷയങ്ങൾ പരാമർശിച്ച് കമ്മിഷന് ലഭിച്ച പരാതിയിന്മേലാണ് നടപടി.
‘ദയാവധത്തിന് തയാർ..’; ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധവുമായി ദമ്പതികള്‍
?️സംസ്ഥാന സർക്കാരിന്‍റെ ക്ഷേമ പെൻഷൻ മുടങ്ങിയതിൽ ഇടുക്കിയിൽ വീണ്ടും പ്രതിഷേധം. ‘ദയാവധത്തിന് തയാർ’ എന്ന ബോർഡ് സ്ഥാപിച്ച് വയോധിക ദമ്പതിമാർ അടിമാലി അമ്പലപ്പടിയിൽ പ്രതിഷേധിച്ചു. ഭിന്നശേഷിക്കാരിയായ ഓമനയും (60) ഭർത്താവ് ശിവദാസുമാണ് (72) ഇവരുടെ പെട്ടിക്കടയുടെ മുന്നിൽ ബോർഡ് സ്ഥാപിച്ചത്.
മദ്രസ തകർത്തതിനു പിന്നാലെ കലാപം;ഉത്തരാഖണ്ഡിൽ നിരോധനാജ്ഞ
?️ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിൽ അനധികൃതമായി നിർമിച്ച മദ്രസ തകർത്ത സംഭവത്തിൽ പൊലീസും ജനങ്ങളും തമ്മിലുണ്ടായവ ഏറ്റുമുട്ടലിൽ നാലുപേർ കൊല്ലപ്പെട്ടു. 250 ഓളം പോർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇതിൽ 100 നൂറോളം പേർ പൊലീസുകാരാണ്. സംഘർഷാവസ്ഥയെ തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു.
കോൺഗ്രസിനും ഗാന്ധി കുടുംബത്തിനുമെതിരേ നരസിംഹ റാവുവിന്‍റെ ചെറുമകൻ
?️മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന് ഭാരത രത്ന പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ കോൺഗ്രസിനും ഗാന്ധി കുടുംബത്തിനുമെതിരേ രൂക്ഷ വിമർശനവുമായി റാവുവിന്‍റെ ചെറുമകനും ബിജെപി നേതാവുമായ എൻ.വി. സുഭാഷ്. കോൺഗ്രസ് പാർട്ടിക്കുണ്ടായ പിഴവുകൾക്ക് ഗാന്ധി കുടുംബം നരസിംഹ റാവുവിനെ ബലിയാടാക്കുകയായിരുന്നു എന്നാണ് സുഭാഷിന്‍റെ ആരോപണം.
ലോകസുന്ദരിയെ കണ്ടെത്താനൊരുങ്ങി ഇന്ത്യ! മാർച്ച് 9ന് ഫിനാലേ
?️മുപ്പതു വർഷങ്ങൾക്കു ശേഷം മിസ് വേൾഡ് മത്സരത്തിനൊരുങ്ങി ഇന്ത്യ. ഫെബ്രുവരി 18 മുതൽ മാർച്ച് 9 വരെയാണ് ലോകസുന്ദരിപ്പട്ടത്തിനു വേണ്ടിയുള്ള മത്സരങ്ങൾ നടക്കുക. മാർച്ച് 9ന് മുംബൈ ജിയോ വേൾഡ് കൺവെൻഷൻ സെന്‍ററിലാണ് എഴുപത്തൊന്നാമത് മിസ് വേൾഡ് എഡിഷന്‍റെ ഗ്രാൻഡ് ഫിനാലെ. മുപ്പതു വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യ വീണ്ടും ലോകസുന്ദരി മത്സരത്തിന് വേദിയാകുന്നത്. ഡൽഹിയിലെ ഭാരത് മണ്ഡപം അടക്കം നിരവധി വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 120 സുന്ദരികളാണ് മാറ്റുരയ്ക്കുന്നത്.
‘ടുളിപ് പുഷ്പങ്ങൾ’ വിരിഞ്ഞു; ഫെസ്റ്റിവലിനൊരുങ്ങി ഡൽഹി
?️പന്ത്രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ടുളിപ് ഫെസ്റ്റിവലിനൊരുങ്ങി ഡൽഹി. ന്യൂ ഡൽഹി മുൻസിപ്പൽ കോർപ്പറേഷനാണ് ശനിയാഴ്ച മുതൽ ഫെബ്രുവരി 21 വരെ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ശാന്തിപഥ്, ചാണക്യപുരി എന്നിവിടങ്ങളിലായാണ് ഫെസ്റ്റിവൽ നടത്തുന്നത്. വിവിധ നിറങ്ങളിലും ഇനങ്ങളിലുമുള്ള ടുളിപ് പുഷ്പങ്ങൾ കാണാൻ പൊതുജനങ്ങൾക്ക് അവസരം നൽകുന്ന ടുളിപ് വോക്ക് മുതൽ സംഗീത പരിപാടികളിലും ഫോട്ടോഗ്രഫി മത്സരങ്ങളും ഫെസ്റ്റിവലിന്‍റെ ഭാഗമായി സംഘടിപ്പിക്കും.
യാത്രയ്ക്കിടെ ‘ദുര്‍ഗന്ധം’; ഇന്‍ഡിഗോ വിമാനം ഡല്‍ഹിയിൽ തിരിച്ചിറക്കി
?️യാത്രയ്ക്കിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനമാണ് വെള്ളിയാഴ്ച രാവിലെ ദേശീയ തലസ്ഥാനത്തേക്കു തന്നെ തിരിച്ചിറക്കിയത്. 6E 449 ഇന്‍ഡിഗോ വിമാനത്തിലാണ് ദുര്‍ഗന്ധം അനുഭവപ്പെട്ടത്. “നിമിഷത്തെ ദുർഗന്ധം” കാരണം മുൻകരുതലെന്ന നിലയിലാണ് വിമാനം തിരിച്ചെത്തിയതെന്ന് എയർലൈൻ അറിയിച്ചു. ദുർഗന്ധം അനുഭവപ്പെടുന്നുണ്ടെന്നും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പാലിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (IGIA) തിരിച്ചെത്തിയതെന്നും ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസ്; പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും
?️കേരളത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ക്ക് 10 വര്‍ഷം കഠിന തടവിന് വിധിച്ച് കൊച്ചി എന്‍ഐഎ കോടതി. മൂന്നു കേസുകളിലായി 25 വർഷത്തെ ശിക്ഷയാണ് വിധിച്ചത്. എന്നാൽ 10 വർഷം ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. മാത്രമല്ല പ്രതി ജയിലിൽ കഴിഞ്ഞ 4 വർഷം ശിക്ഷയിൽ ഇളവു ചെയ്യും. 1 ,25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലാണ് ശിക്ഷ. പ്രതിക്കെതിരെ ചുമത്തിയ യുഎപിഎ 38,39, ഐപിസി 120 ബി വകുപ്പുകളെല്ലാം തെളിഞ്ഞതായി ഇന്നലെ കോടതി വിധിച്ചിരുന്നു.
തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ 16 കാരനെ കാണാതായി
?️സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ പതിനാറുകാരനെ കാണാതായി. തൃശൂർ എടമുട്ടം സ്വദേശ് അസ്ലമിനെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന മറ്റ് കുട്ടികളെ മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്.രാവിലെയാണ് സംഭവം. പത്തുപേരടങ്ങുന്ന സംഘമാണ് തളിക്കുളത്ത് കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ രണ്ടുപേർ തിരയിൽപ്പെട്ടതായാണു വിവരം. ഒപ്പമുണ്ടായിരുന്നവർ ഇക്കാര്യം മത്സ്യത്തൊഴിലാളികളെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഇവർ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഒഴുക്കിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്താനായി. അസ്‌ലം മുങ്ങിപോകുന്നത് കണ്ടെങ്കിലും രക്ഷിക്കാനായില്ല.
വന്ദേഭാരതിന് കല്ലെറിഞ്ഞ 6 കുട്ടികൾ കസ്റ്റഡിയിൽ
?️തിരുനെൽവേലി വന്ദേഭാരതിന് കല്ലെറിഞ്ഞ സംഭവത്തിൽ 6 കുട്ടികളെ കസ്റ്റഡിയിലെടുത്തു. ചെന്നൈ-തിരുനെൽവേലി വന്ദേഭാരതിനു നേരെ കഴിഞ്ഞ ഞായാറാഴ്ചയായിരുന്നു കല്ലേറുണ്ടായത്. നരൈക്കിണറിനും ഗംഗൈകൊണ്ടനും ഇടയിലുള്ള കാടുപിടിച്ച പ്രദേശത്തു നിന്നാണ് കല്ലേറുണ്ടായതെന്ന് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
‘ഇന്ത്യ’ മുന്നണിക്ക് വീണ്ടും തിരിച്ചടി; സീറ്റ് വാഗ്ദാനത്തിൽ വീണ് ആർഎൽഡി എൻഡിഎയിലേക്ക്
?️ബിഹാറിനു പിന്നാലെ ഉത്തർപ്രദേശിലും ഇന്ത്യ മുന്നണിക്ക് തിരിച്ചടി. ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി സഖ്യമുപേക്ഷിച്ച് ജയന്ത് ചൗധരിയുടെ ആർഎൽഡി ബിജെപിയുമായി ചേർന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ധാരണയെ തുടർന്നാണ് ആർഎൽഡിയും എൻഡിഎയുടെ ഘടകകക്ഷിയാവുന്നത്. ഉത്തര്‍പ്രദേശില്‍ രണ്ട് സീറ്റുകള്‍ക്ക് പുറമേ ഒരു രാജ്യസഭാ സീറ്റും നല്‍കാമെന്ന ബിജെപിയുടെ വാഗ്ദാനത്തിന് ജയന്ത് ചൗധരി കൈകൊടുത്തുവെന്നാണ് റിപ്പോര്‍ട്ട്.
വിദ്യാഭ്യാസമേഖലയിൽ ലോകാവസാനം വരെ ഒരേനയം തുടരാനാവില്ല, നയം മാറാം; വി. ശിവൻകുട്ടി
?️വിദ്യാഭ്യാസ മേഖല സംബന്ധിച്ച് ലോകാവസാനം വരെ ഒരു നിലപാട് തുടരണമെന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നയം മാറാം, ഉന്നത വിദ്യാഭ്യാസത്തിനായി വ്യാപകമായി കുട്ടികൾ വിദേശത്തേക്ക് പോകുന്നതാണ് ഇപ്പോൾ കണ്ടുവരുന്നത്. ഇതാണ് വിദ്യാഭ്യാസ മേഖലയിൽ വിദേശ സ്വകാര്യ നിക്ഷേപം കൊണ്ടുവരാൻ പ്രധാന കാരണമാണെന്നും മന്ത്രി വിശദീകരിച്ചു.
‘ദൃശ്യങ്ങൾ പുറത്തുവന്നത് കൊണ്ട് മാത്രം ദേവസ്വം പോലും അറിഞ്ഞു’; ഗുരുവായൂരിൽ ആനകളെ മര്‍ദിച്ചതില്‍ നടപടി എടുക്കണമെന്ന് ഹൈക്കോടതി
?️ഗുരുവായൂർ ആനക്കോട്ടയിലെ ആനകളെ പാപ്പാൻമാർ മർദ്ദിച്ച സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. ആനക്കോട്ടയിൽ നടക്കുന്നത് എന്തൊക്കെയാണെന്ന് ദേവസ്വം ബോർഡ് അറിയുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. ദൃശ്യങ്ങൾ പുറത്തുവന്നത് കൊണ്ട് മാത്രമാണ് സംഭവം ദേവസ്വം പോലും അറിഞ്ഞതെന്നും കോടതി വിമർശിച്ചു.
മഹിളാ മോർച്ചയുടെ സദാചാര ഗുണ്ടായിസം; പ്രതിഷേധം
?️ബിജെപിയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ ഡിവൈഎഫ്ഐ. കോന്നാട് ബീച്ചിലിരുന്ന യുവതീയുവാക്കള ചൂലെടുത്ത് അടിച്ചൊടിച്ച മഹിളാ മോർച്ചയുടെ നടപടിക്കെതിരെയാണ് ഡിവൈഎഫ്ഐയുടെ പ്രതിഷേധം.കോഴിക്കാട് കോന്നാട് ബീച്ചിൽ വന്നിരിക്കുന്ന യുവാക്കളെ സദാചാര ഗുണ്ടായസത്തിന്‍റെ പേരിൽ ചൂലെടുത്ത് ഓടിച്ച മഹിളാ മോർച്ചയുടെ നിലപാട് സാംസ്കാരിക കേരളത്തിനു യോജിക്കാത്തതാണ്. സദാചാര ഗുണ്ടായിസം ഇവിടെ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.
പ്രഥമ അംബേദ്‌കർ അയ്യൻകാളി അവാർഡ് കൊടിക്കുന്നിൽ സുരേഷ് എംപിക്ക്
?️കേരള ദളിത് ലീഡേഴ്‌സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംവരണ സമുദായങ്ങളിലെ മികച്ച പാർലമെൻ്റേറിയനുള്ള പ്രഥമ അംബേദ്‌കർ അയ്യൻകാളി അവാർഡ് കൊടിക്കുന്നിൽ സുരേഷ് എംപിക്ക്. ഫെബ്രുവരി 21ന് ഉച്ചയ്ക്ക് 12 മണിക്ക് കോട്ടയം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകും.ലോക്സഭാഗം എന്ന നിലയിൽ 7 തവണകളിലായി കഴിഞ്ഞ 28 വർഷക്കാലത്തെ സേവനവും കേന്ദ്ര മന്ത്രി എന്ന നിലയിലുള്ള സേവനങ്ങളേയും, സംസ്ഥാനത്തിനകത്തും പുറത്തും സംവരണ സമുദായങ്ങളുടെ വിവിധ വിഷയങ്ങൾ ഏറ്റെടുത്ത് നടത്തിയ പ്രവർത്തനങ്ങളേയും അടിസ്ഥാനപ്പെടുത്തിയാണ് കൊടിക്കുന്നിൽ സുരേഷ് എം.പി തെരഞ്ഞെടുക്കപ്പെട്ടത്.
ഏഷ്യന്‍ കപ്പ് ഫുട്ബോൾ: ഖത്തര്‍ – ജോര്‍ദാന്‍ ഫൈനല്‍
?️എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ടൂർണമെന്‍റിന്‍റെ ഫൈനലില്‍ ആതിഥേയരായ ഖത്തര്‍ ജോര്‍ദാനെ നേരിടും. സെമി ഫൈനലിൽ കരുതത്തരായ ഇറാനെ തകര്‍ത്താണ് ആതിഥേയരായ ഖത്തര്‍ കലാശപ്പോരിന് യോഗ്യത നേടിയത്. ദക്ഷിണ കൊറിയയെ അട്ടിമറിച്ചാണ് ജോര്‍ദാന്‍റെ വരവ്. ഇറാനോട് രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഖത്തറിന്‍റെ ജയം. ഖത്തറിനായി ജസീം ഗാബര്‍ അബ്ദസ്സലാമും അക്രം അഫീഫും അല്‍മോയസ് അലിയുമാണ് ഗോളുകൾ നേടിയത്. സര്‍ദാര്‍ അസ്മൗന്‍, അലി റസ ജാന്‍ബക്ഷ് എന്നിവർ ഇറാനു വേണ്ടിയും സ്കോർ ചെയ്തു.
രവീന്ദ്ര ജഡേജയുമായി അകൽച്ചയിലെന്ന് പിതാവ്
?️ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുമായി ഏറെക്കാലമായി അകൽച്ചയിലാണെന്ന് വെളിപ്പെടുത്തി ജഡേജയുടെ പിതാവ് അനിരുദ്ധ് സിങ്. മകനും കുടുംബവുമായി ഇപ്പോൾ നല്ല ബന്ധത്തിലല്ലെന്നും കൊച്ചുമകളെ കണ്ടിട്ട് അഞ്ചു വർഷത്തിൽ അധികം ആയെന്നും അനിരുദ്ധ ദിവ്യ ഭാസ്കറിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
ഗ