ഫാം റോഡുകളുടെ അഭാവം ഒന്നാം വിള കൊയ്തെടുക്കാൻ കർഷകർ ബുദ്ധിമുട്ടുന്നു

പാടശേഖരത്തിന്റെ ഉൾപ്രദേശങ്ങളിൽ വിള കൊയ്യാൻ പാകമായി ആഴ്ചകൾ കഴിഞ്ഞിട്ടും പാതയോരങ്ങളിലെ നെൽപ്പാടങ്ങൾ കൊയ്ത് ഒഴിയാത്തത് തടസ്സം സൃഷ്ടിക്കുന്നു. ഇതുമൂലം ഉൾപ്രദേശങ്ങളിലെ കൊയ്ത്തിനു യന്ത്രങ്ങൾ ഇറങ്ങാൻ വഴിയില്ലാതായി. നെന്മാറ, അകമ്പാടം, അയിലൂർ, ആലമ്പള്ളം തുടങ്ങിയ പ്രദേശങ്ങളിലെ കർഷകരാണ് കൊയ്ത്തു വൈകിയത് മൂലം ബുദ്ധിമുട്ടുന്നത്. വലിപ്പം കൂടിയ പാശേഖരങ്ങളിൽ ട്രാക്ടറും കൊയ്ത്തു യന്ത്രങ്ങളും ഇറങ്ങുന്നതിന് ഒരു വഴി മാത്രം ഉള്ളതിനാലാണ് ബുദ്ധിമുട്ട് ഏറെ ഉണ്ടാകുന്നത്. ഇതിന് പരിഹാരമായി വലിയ പാടശേഖരങ്ങൾക്ക് ഉൾവശത്തേക്ക് ഫാം റോഡുകൾ നിർമ്മിക്കാൻ പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയെങ്കിലും നടപ്പായില്ല. ഫാം റോഡുകളുടെ കുറവുമൂലം ഉൾപ്രദേശങ്ങളിലെ പാടങ്ങളിലെ കൊയ്ത്തു നടത്തുന്ന യന്ത്രം തന്നെ ഏറെ ദൂരം ട്രാക്ടർ വന്നുനിൽക്കുന്നത് വരെയുള്ള സ്ഥലത്തേക്ക് നെൽപ്പാടങ്ങളിലൂടെ നെല്ല്കൊട്ടി കൊടുക്കാൻ ഓടേണ്ട സ്ഥിതി വരുന്നു. ഇത് കൊയ്ത്ത് യന്ത്രത്തിന്റെ വാടകയ്ക്ക് തുല്യമായ തുക നെല്ല് ട്രാക്ടറിലേക്ക് എത്തിക്കുന്നതിനായി ചെലവിടേണ്ടി വരുന്നതായി കർഷകർ പരാതിപ്പെട്ടു. എല്ലായിടത്തും കാലവർഷം ഒന്നിച്ച് എത്താത്തതിനാൽ ഓരോ പാടശേഖരത്തിലെയും കർഷകർ നടീലായും പൊടിവിതയായും വ്യത്യസ്ത സമയങ്ങളിലായാണ് ഒന്നാം വിള ഇറക്കിയത്. ഇത് കൊയ്ത്തിനും സമയ വ്യത്യാസം ഉണ്ടാക്കി.

പടം.. വിളഞ്ഞ് പാകമായിട്ടും കൊയ്യാൻ വൈകി നിൽക്കുന്ന ആലമ്പള്ളം പാടശേഖരത്തിലെ നെൽപ്പാടം.