ലോക്സഭയിൽ ഗുരുതര സുരക്ഷാവീഴ്ച
?️ലോക്സഭയിൽ അതീവ ഗുരുതരമായ സുരക്ഷാ വീഴ്ച. ലോക്സഭാ ഗ്യാലറിയിൽ നിന്നു രണ്ടു പേർ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളുമായി സഭയിൽ എംപിമാർക്കിടയിലേക്ക് ചാടിക്കയറി കൈയിൽ കരുതിയ സ്പ്രേ പ്രയോഗിക്കുകയായിരുന്നു. ഇതോടെ സഭയ്ക്കുള്ളിൽ പുകപടലങ്ങൾ നിറഞ്ഞു. ശൂന്യവേളക്കിടെയാണ് സംഭവമുണ്ടായത്. കർണാടകയിൽ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയുടെ പാസുമായി സന്ദർശക ഗ്യാലറിയിലെത്തിയവരാണ് നടുത്തളത്തിൽ അക്രമം കാണിച്ചതെന്നാണ് വിവരം.
ലോക്സഭയിലെ സുരക്ഷാ വീഴ്ച; ഒരു സംഘടനയുമായും ബന്ധമില്ലെന്ന് അക്രമികൾ
?️പാർലമെന്റ് മന്ദിരത്തിൽ അതിക്രമം നടത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി ഇന്റലിജൻസ് ബ്യൂറോ. രഹസ്യാന്വേഷണ ഏജൻസിയിലെ മുതിർന്ന ഉദ്യോഗസ്ഥനടക്കം പാർലമെന്റിലെത്തി പരിശോധന നടത്തി. പ്രതികളുടെ വീടുകളിലടക്കം ഐബി ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇവരുടെ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണെന്ന് കണ്ടെത്തിയിട്ടില്ല. ഇവരില്‍നിന്ന് കണ്ടെടുത്ത രേഖകള്‍ തുടര്‍പരിശോധനകള്‍ക്കായി പിടിച്ചെടുത്തിട്ടുണ്ട്.
ലോക്സഭയിലെ സുരക്ഷാ വീഴ്ച; ഡൽഹി പൊലീസിനോട് വിശദീകരണം തേടി ആഭ്യന്തര മന്ത്രാലയം
?️ലോക്സഭയിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് ഡൽഹി പൊലീസിൽ നിന്നും വിശദീകരണം തേടി ആഭ്യന്തര മന്ത്രാലയം. പാർലമെന്റിനകത്ത് രണ്ടു പേർ അതിക്രമിച്ച് കയറിയതിനെ തുടർന്നാണ് ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടിയത്. സന്ദർശന ഗാലറിയിൽ നിന്നും 2 പേർ നടുത്തളത്തിലേക്ക് ചാടുകയായിരുന്നു. തുടർന്ന് എംപിമാരുടെ സീറ്റിന് മുകളിലൂടെ ഓടിയ സാഗർ ശർമ എന്നയാൾ കളർ സ്പ്രേ പ്രയോഗിക്കുകയായിരുന്നു. സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ 4 പേർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
സഭയിലെത്തിയത് മനോരഞ്ജനും ശർമയും
?️ലോക്സഭാ ചേംബറിലേക്ക് ചാടിയത് മൈസൂരു സ്വദേശി ഡി. മനോരഞ്ജനും (34) ലക്നൗ സ്വദേശി സാഗർ ശർമയും (26) എന്ന് തിരിച്ചറിഞ്ഞു. പാർലമെന്റ് പരിസരത്ത് കളർസ്പ്രേ ഉപയോഗിച്ച് പരിഭ്രാന്തി സൃഷ്ടിച്ചതിന് പിടിയിലായത് ഹരിയാനയിലെ ജിൻഡ് സ്വദേശി നീലം ദേവിയും (42) മഹാരാഷ്ട്രയിലെ ലാത്തൂർ സ്വദേശി അമോൽ ഷിൻഡെ (25)യുമാണ്. ഇവർക്കു പുറമേ ഗുഡ്ഗാവിൽ നിന്ന് വിക്കി ശർമ എന്ന യുവാവിനെയും അറസ്റ്റ് ചെയ്തു. ആറാമൻ ലളിത് ഝായ്ക്കു വേണ്ടി തെരച്ചിൽ തുടരുന്നു. പ്രതികൾ നാലു വർഷമായി പരസ്പരം അടുപ്പമുള്ളവരാണ്. ഇവർ ഗുരുഗ്രാം ഹൗസിൽ ഒരുമിച്ചു ചേർന്നിരുന്നു.
കേന്ദ്ര സർക്കാരിനെതിരെ കേരളം സുപ്രീം കോടതിയിൽ
?️കേന്ദ്ര സർക്കാരിനെതിരെ കേരളം സുപ്രീം കോടതിയിൽ. കേന്ദ്രസർക്കാർ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്നാണ് ഹർജിയിൽ ആരോപണം. കേന്ദ്രത്തിനെതിരെ സുപ്രീകോടതിയെ സമീപിക്കുന്നതില്‍ സാധ്യതയുണ്ടെന്ന് നിയമോപദേശം ലഭിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ ഈ നടപടി. കിഫ്ബി വക എടുത്ത കടവും ഉള്‍പ്പെടുത്തിയാണ് കേരളത്തിന്റെ വായ്പപരിധി വെട്ടിക്കുറച്ചതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
മുഖ്യമന്ത്രിക്ക് അസഹിഷ്ണുത; രൂക്ഷമായി വിമർശിച്ച് വിഡി സതീശൻ
?️ശബരിമലയില്‍ അബദ്ധം പറ്റിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തന്നെ സമ്മതിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആവശ്യത്തിന് പൊലീസുകാരില്ലെന്നും ഉള്ളവര്‍ പരിചയസമ്പന്നരല്ലെന്നു പറഞ്ഞതും ദേവസ്വം ബോര്‍ഡ് പ്രസിഡന്റാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മാധ്യമങ്ങളും അയ്യപ്പ ഭക്തരുമാണ് ശബരിമലയെക്കുറിച്ച് പരാതി പറഞ്ഞത്. എന്നിട്ടാണ് അവിടെ ഒരു പരാതിയും ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഏകോപനമില്ലായ്മയാണ് ശബരിമലയില്‍ കണ്ടത്. ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനം ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെയും ദേവസ്വത്തിന്റെയും കടമയാണ്. കേരളത്തെ മോശമാക്കാനാണ് എംപിമാര്‍ ഡല്‍ഹിയില്‍ ശബരിമലയെക്കുറിച്ച് പറഞ്ഞതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ശബരിമലയില്‍ കേന്ദ്ര സഹായം കൂടി വേണമെന്നാണ് എംപിമാര്‍ ആവശ്യപ്പെട്ടത്.
ഗവർണറുടെ കാറിന്റെ നഷ്ടം കെട്ടിവയ്ക്കാമെന്ന് എസ്എഫ്ഐ
?️ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാർ തടഞ്ഞ് എസ്എഫ്ഐക്കാർ പ്രതിഷേധിച്ച കേസിൽ പ്രതികളുടെ അഭിഭാഷകന്റെ നിലപാട് കോടതി തള്ളി. ഗവർണറുടെ കാറിനുണ്ടായ നഷ്ടം എത്രയാണെങ്കിലും കോടതിയിൽ കെട്ടിവയ്ക്കാമെന്ന് അഭിഭാഷകൻ അറിയിച്ചപ്പോൾ, പണം കെട്ടിവച്ചാൽ എന്തും ചെയ്യാമെന്നാണോ എന്നു ചോദിച്ച് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (മൂന്ന്) ആ വാദം തള്ളുകയായിരുന്നു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതി വ്യക്തമാക്കി.
കൊല്ലത്തെ നവകേരളാ സദസിനെതിരെ ഹൈക്കോടതിയിൽ ഹർജി
?️കൊല്ലത്തെ നവകേരളാ സദസ് വേദിയെ കുറിച്ചും പരാതി. കുന്നത്തൂര്‍ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം വക മൈതാനം നവ കേരള സദസിന് വേദിയാക്കുന്നതിനെതിരെ ഹൈക്കോടതിയിലാണ് ഹർജി സമര്‍പ്പിക്കപ്പെട്ടത്. ഭക്തരാണ് ഹർജി നൽകിയത്.ദേവസ്വം സ്കൂൾ ഗ്രൗണ്ട് ആണ് നവ കേരള സദസിനായി ഉപയോഗിക്കുന്നത്. എന്നാൽ ക്ഷേത്രം വക ഭൂമി ആരാധനാവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും, ക്ഷേത്രം ഭൂമിയിലെ നവകേരളാ സദസ് തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫിന് വൻ നേട്ടം, എൽഡിഎഫിന് തിരിച്ചടി
?️സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടം. ഒരു സിറ്റിങ് സീറ്റ് തോറ്റ യുഡിഎഫ് 4 സീറ്റുകൾ പിടിച്ചെടുത്തു. ഫലം വന്നതിൽ 17 ഇടത്ത് യുഡിഎഫ് സ്ഥാനാർത്ഥികൾ ജയിച്ചു.
എൽഡിഎഫ് 10 സ്ഥലത്ത് ജയിച്ചു. കൈയ്യിലുണ്ടായിരുന്ന 4 സീറ്റും നഷ്ടപ്പെട്ട ബിജെപിക്ക് ഒരു സീറ്റ് മാത്രമേ പിടിച്ചെടുക്കാനായുള്ളൂ. ആകെ നാലിടത്ത് ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചു.ആം ആദ്മി പാർട്ടിയും എസ്ഡിപിഐയും ഓരോ സീറ്റ് വീതം നേടി. ഇടതുമുന്നണിക്ക് 4 സീറ്റുകൾ നഷ്ടമായി. രണ്ടെണ്ണം പിടിച്ചെടുക്കാനും കഴിഞ്ഞു.
കേരള തദ്ദേശ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറന്ന് എഎപി
?️തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറന്ന് ആംആദ്മി പാർട്ടി. ഇടുക്കി ജില്ലയിലെ കരിങ്കുന്നം പഞ്ചായത്ത് നെടിയകാട് വാർഡിലാണ് (ഏഴാം വാർഡ്) എഎപി സ്ഥാനർഥി ബീന കുര്യൻ വിജയിച്ചത്.ഇതിനെ അഭിനന്ദിച്ച് എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ രംഗത്തെത്തിയിരുന്നു. കോൺഗ്രസിൽ നിന്നുള്ള സീറ്റുകളാണ് ബീന പിടിച്ചെടുത്തത്. കേരളത്തിലേക്കുള്ള എഎപി വിപ്ലവത്തിന്റെ ആരംഭമാണിതെന്നും എഎപി കേരള ഘടകം എക്സിൽ അഭിപ്രായപ്പെട്ടു.
ശബരിമലയിൽ വീണ്ടും അയ്യപ്പഭക്തൻ കുഴഞ്ഞ് വീണ് മരിച്ചു; ആകെ മരണം അഞ്ചായി
?️സത്രം-പുല്ലുമേട് കാനന പാതയിൽ അയ്യപ്പഭക്തൻ കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം സ്വദേശി രാജേഷ് പിള്ള (46) ആണ് മരിച്ചത്.
സീതക്കുളത്തിന് സമീപം സീറോ പോയിന്റ് എന്ന സ്ഥലത്ത് വച്ചാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ അടുത്ത് ഉണ്ടായിരുന്ന വനം വകുപ്പ് ആര്‍ആര്‍ടി ടീമും ആരോഗ്യ വകുപ്പ് ജീവനക്കാരുമെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നേരത്തെ പമ്പത്രിവേണിയിൽ ഒരു അയ്യപ്പഭക്തൻ കുഴഞ്ഞു വീണു മരിച്ചിരുന്നു. പാലക്കാട് മുതലമട സ്വദേശി മനോജ് കുമാർ (49) ആണ് മരിച്ചത്. ഇതോടെ ഈ സീസണിൽ ശബരിമലയിൽ കുഴഞ്ഞു വീണു മരിക്കുന്നവരുടെ എണ്ണം 5 ആയി ഉയർന്നു.
ശബരിമലയിൽ അനിയന്ത്രിതമായ അവസ്ഥയില്ല: സർക്കാർ അതീവ ശ്രദ്ധയോടെ ഇടപെടുന്നു
?️ശബരിമലയിൽ അനിയന്ത്രിതമായ അവസ്ഥ ഇല്ലെന്നും സർക്കാർ സംവിധാനങ്ങൾ അതീവ ശ്രദ്ധയോടെ ഇടപെടുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിനോടനുബന്ധിച്ച് പ്രഭാതയോഗത്തിന് ശേഷം കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ശബരിമലയെപ്പറ്റി വിവരിച്ചത്. നവംബർ 18ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് നവകേരള സദസ് ഇപ്പോൾ പത്താമത്തെ ജില്ലയിലാണ്. ഇതുവരെ 91 മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.
സെനറ്റ് ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിയിൽ പ്രതികരിച്ച് ഗവർണർ
?️കേരള സർവ്വകലാശാല സെനറ്റിലേക്ക് വിദ്യാർഥികളെ നാമനിർദേശം ചെയ്ത ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിയിൽ പ്രതികരിച്ച് ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ നോമിനേറ്റ് ചെയ്ത നാലു കുട്ടികളുടെ ഉത്തരവാണ് കോടതി സ്റ്റേ ചെയ്തത്. അതിന്റെ കാരണമെന്തെന്ന് അറിയില്ലെന്നും അധികാരമുണ്ടെങ്കിൽ താൻ അതു വിവേചന അധികാരം ഉപയോഗിച്ച് നടപ്പാക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് 5,000 ആക്കണം: ഹൈക്കോടതി
?️ശബരിമലയിലെ തിരക്ക് നിയന്ത്രണ വിധേയമാക്കാൻ സ്പോട്ട് ബുക്കിംഗ് 5,000 ആക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ഭക്തർക്ക് സുഗമമായ ദർശന സൗകര്യം ഒരുക്കണമെന്നും ക്യൂ കോംപ്ലക്സില്‍ അധികം ആളുകളെ പ്രവേശിപ്പിക്കരുതെന്നും കോടതി നിർദേശത്തിൽ വ്യക്തമാക്കുന്നു.സ്ത്രീകൾ, കുട്ടികൾ എന്നിവരുടെ സുരക്ഷ പ്രധാനമാണ്. സന്നിധാനത്ത് ആൾകൂട്ടം അനുവദിക്കരുത്, അധികം കെഎസ്ആർടിസി ബസുകൾ അനുവദിക്കണം,ബസുകളില്‍ അധികം ആളുകളെ പ്രവേശിപ്പിക്കരുത്, സ്പോട്ട് ബുക്കിംഗില്‍ പ്രതിദിനം റിവ്യൂ നടത്തണം. സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഇക്കാര്യങ്ങൾ നിരീക്ഷിക്കണം എന്നിവയും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
കേന്ദ്രസർക്കാർ അനുമതി നൽകിയാലുടൻ കെ റെയിലുമായി സർക്കാർ മുന്നോട്ട്
?️നവകേരളസദസിന്റെ ഭാഗമായുള്ള കോട്ടയം ജില്ലയിലെ ആദ്യ പ്രഭാതയോഗം കോട്ടയം ജെറുസലേം മാർത്തോമ ചർച്ച് പാരിഷ് ഹാളിൽ നടന്നു. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ക്ഷണിക്കപ്പെട്ട അതിഥികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേട്ടു. കേന്ദ്രസർക്കാർ അനുമതി നൽകിയാൽ ഉടൻ കെ റെയിലുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പണലഭ്യത ഇക്കാര്യത്തിൽ പ്രശ്നമല്ല. സംസ്ഥാന സർക്കാർ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. രാഷ്ട്രീയം വന്നതോടെയാണ് പദ്ധതി നടപ്പാക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ടായത്.
ശബരിമലയിലെ തിരക്കിന് പ്രധാന കാരണം കെടുകാര്യസ്ഥത; എൻഎസ്എസ്
?️ശബരിമലയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന തിക്കിനും തിരക്കിനും പ്രധാന കാരണം കെടുകാര്യസ്ഥതയാണെന്ന് എൻഎസ്എസ്. ഇപ്പോഴുള്ള അത്രയും ആളുകള്‍ ഇതിനു മുമ്പും ദര്‍ശനം നടത്തി യാതൊരു ബുദ്ധിമുട്ടും കൂടാതെ മടങ്ങിപ്പോയ ചരിത്രമുണ്ട്. അന്നൊന്നും അനുഭവപ്പെടാത്ത ബുദ്ധിമുട്ടുകള്‍ ഇന്നുണ്ടാകാനുള്ള കാരണം പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവമാണെന്നും എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
റേഷന്‍ വിതരണത്തില്‍ വീണ്ടും പ്രതിസന്ധി
?️സംസ്ഥാനത്ത് റേഷന്‍ വിതരണത്തില്‍ വീണ്ടും പ്രതിസന്ധി. കുടിശികത്തുക മുടങ്ങിയതോടെ റേഷന്‍ കടകളില്‍ സാധനങ്ങളെത്തിക്കുന്ന വാഹന കരാറുകാര്‍ അനിശ്ചിതകാല സമരം തുടങ്ങി. 100 കോടി രൂപ സപ്ലൈകോ നല്‍കാനുണ്ടെന്നാണ് കരാറുകാരുടെ പരാതി.റേഷന്‍ കടകളിലേക്ക് ഭക്ഷ്യധാന്യമെത്തിക്കുന്ന ചരക്കുവാഹനങ്ങള്‍ എറണാകുളം കാക്കനാട്ടെ സെന്‍ട്രല്‍ വെയര്‍ ഹൗസിന് മുന്നില്‍ വരിവരിയായി നിര്‍ത്തിയിട്ടിരിക്കുകയാണ്. കുടിശികത്തുക പൂർണമായും നല്‍കിത്തീര്‍ക്കാതെ ഒരടി മുന്നോട്ടില്ലെന്ന തീരുമാനത്തിലാണ് കരാറുകാര്‍.
കെഎസ്ആർടിസിക്ക് ഒറ്റ ദിവസം 9 കോടി രൂപയുടെ റെക്കോഡ് കലക്ഷൻ
?️കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോഡിലേക്ക്. രണ്ടാം ശനിയും ഞായർ അവധിയും കഴിഞ്ഞ ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ച പ്രതിദിന വരുമാനം 9.03 കോടി രൂപ എന്ന നേട്ടം കൊയ്തു. ഈ മാസം 1 മുതൽ 11 വരെയുള്ള 11 ദിവസങ്ങളിലായി 84.94 രൂപയുടെ വരുമാനമാണ് കെഎസ്ആർടിക്ക് ലഭിച്ചത്. അതിൽ ഞായർ ഒഴികെ എല്ലാ ദിവസം വരുമാനം 7.5 കോടി രൂപ കടന്നു. ഇതിന് മുൻപ് സെപ്റ്റംബർ 4ന് ലഭിച്ച 8.79 കോടി എന്ന റെക്കോഡ് വരുമാനമാണ് ഇപ്പോൾ ഭേദിച്ചിരിക്കുന്നത്.
ശബരിമല വിഷയം: സെക്രട്ടറിയേറ്റിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം
?️ശബരിമല തീർഥാടകരുടെ പ്രശനവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ യുവ മോർച്ചാ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡിനു മുകളിൽ കയറി നിന്ന് പ്രതിഷേധിച്ചു. തുടർന്ന് ഇവർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിന്നാലെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് “സ്വാമിയെ ശരണം അയ്യപ്പാ” എന്ന് മുദ്രാവാക്യം വിളിച്ചു. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ലക്ഷദ്വീപിൽ ഇനി മലയാളം മീഡിയമില്ല; ഉത്തരവിറങ്ങി
?️ലക്ഷദ്വീപിൽ മലയാളം മീഡിയം ഒഴിവാക്കിക്കാന്‍ നിർദ്ദേശം. ലക്ഷദ്വീപില്‍ ഇനി സിബിഎസ്ഇ സ്കൂളുകള്‍ മാത്രമാണ് ഉണ്ടാകുക. കേരളത്തിന്റെ എസ്സിഇആര്ടി സിലബസിനു പകരം സിബിഎസ്ഇ സിലബസിൽ പഠിപ്പിക്കാനാണ് നിർദേശം. അടുത്ത അധ്യയന വർഷം മുതൽ ഈ തീരുമാനം നടപ്പിലാക്കാന്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് നൽകി.
രാജ്യത്തെ ഫെഡറലിസം ഭീഷണിയിൽ: അരുന്ധതി റോയ്
?️രാജ്യത്തെ ഭരണകക്ഷി വീണ്ടും അധികാരത്തിലെത്തിയാൽ, ജനഹിതം നേടി അധികാരത്തിലെത്തുന്ന പ്രതിപക്ഷ പാർട്ടികളിലെ മുഖ്യമന്ത്രിമാർക്ക് തങ്ങളുടെ സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട വിഹിതത്തിനായി യാചിച്ചു നിൽക്കേണ്ടി വരുമെന്ന് എഴുത്തുകാരി അരുന്ധതി റോയി. രാജ്യത്തെ വൈവിധ്യത്തിന്റെ ജീവരക്തമായ ഫെഡറലിസത്തിനും അത് ഭീഷണിയാകും. മണ്ഡല പുനർനിർണയത്തിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള എംപിമാരുടെ എണ്ണവും കുറയ്ക്കും. ശക്തനായ ഏതിരാളിയെയാണ് നേരിടാനുള്ളത്. അതുകൊണ്ടുതന്നെ ചെറുതും വലുതുമായ എല്ലാ ഭിന്നതകളും ഒഴിവാക്കി ഒരുമിച്ചു നിൽക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
“ഒരു പരാതികൾക്കും പരിഹാരം കാണുന്നില്ല, പിന്നെ എന്തിന് നവകേരള സദസ്..?” : ഗവര്‍ണര്‍
?️ഒരിടവേളയ്ക്ക് ശേഷം വീണ്ടും സർക്കാരിനെതിരെ വിമശനങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന സർക്കാരിന്റെ നവകേരള സദസിനെതിരേയും ഗവർണർ രൂക്ഷമായി വിമർശിച്ചു. നവകേരള യാത്രയില്‍ പരാതികള്‍ക്ക് പരിഹാരമില്ലെന്നാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്. പ്രതിസന്ധി കാലത്തും ധൂര്‍ത്തിന് കുറവില്ലെന്നും അദ്ദേഹം ആരോപിച്ചു.
എന്താണെന്ന് യഥാർത്തതിൽ നവകേരള യാത്രയുടെ ഉദ്ദേശം. ഇത് ഉല്ലാസയാത്രയാണോ. പരാതി വാങ്ങാൻ മാത്രമാണ് യാത്ര. ഒരു പരാതികൾക്കും പരിഹാരം കാണുന്നില്ല. 3 ലക്ഷത്തോളം പരാതി കിട്ടിയെന്നാണ് പറയുന്നത്. ഇത് കളക്ട്രേറ്റിലോ മറ്റിടങ്ങളിലോ സ്വീകരിക്കാവുന്നതാണ്. അല്ലെങ്കില്‍ സെക്രട്ടേറിയറ്റില്‍ തന്നെ നേരിട്ടെത്തി നല്കാവുന്നതാണെന്നതല്ലെ എന്നും ഗവർണർ ചോദിച്ചു.
ശബരിമലയിൽ 15 മുതൽ 24 വരെ ചെന്നൈ – കോട്ടയം റൂട്ടിൽ വന്ദേഭാരത് സ്പെഷൽ ട്രെയിൻ
?️ശബരിമല തീർഥാടകരുടെ തിരക്ക് പരിഗണിച്ച് ചെന്നൈ – കോട്ടയം റൂട്ടിൽ വന്ദേഭാരത് സ്പെഷൽ ട്രെയിൻ ഓടിക്കാന്‍ ദക്ഷിണ റെയ്ൽവേയുടെ തീരമാനം. ചെന്നൈ സെൻട്രലിൽ നിന്നു കോട്ടയം വരെയാണ് ഈ മാസം 15 മുതൽ 24 വരെ താത്കാലിക സ്പെഷ്യൽ സർവീസ്. ചെന്നൈ സെൻട്രലിൽ നിന്ന് പുലർച്ചെ 4.30ന് പുറപ്പെടുന്ന ട്രെയ്ൻ വൈകുന്നേരം 4.15ന് കോട്ടയത്തെത്തും. 15, 17, 22, 24 തീയതികളിലായി നാലു സർവീസാണ് നടത്തുക. തിരിച്ച് ഈ ട്രെയിൻ പിറ്റേദിവസം 4.40ന് കോട്ടയം സ്റ്റേഷനിൽനിന്ന് പുറപ്പെടും. അന്ന് വൈകുന്നേരം 5.15ന് ട്രെയ്ൻ ചെന്നൈ സെൻട്രലിലെത്തും.
മഹുവയുടെ ഔദ്യോഗിക വസതി നഷ്ടപ്പെട്ടേക്കും
?️ലോക്സഭയിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ എംപി മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതി നഷ്ടപ്പെട്ടേക്കും. പാർലമെന്റിൽ ചോദ്യം ചോദിക്കാൻ പണം സ്വീകരിച്ചുവെന്ന ആരോപണത്തിൽ നടത്തിയ അന്വേഷത്തിനൊടുവിലാണ് എത്തിക്സ് കമ്മിറ്റി മഹുവയെ പുറത്താക്കാൻ ശുപാർശ ചെയ്തത്. റിപ്പോർട്ട് സഭ അംഗീകരിച്ചതോടെ മഹുവ പുറത്തായി. നടപടിക്കെതിരേ മഹുവ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
‘വിദേശ നമ്പറിൽ നിന്നും തുടർച്ചയായി വീഡിയോ കോൾ വഴി അശ്ലീല ദൃശ്യങ്ങൾ’; പരാതി നൽകി യൂത്ത് കോൺഗ്രസ് നേതാവ്
?️വിദേശ ഫോൺ നമ്പറിൽ നിന്ന് വീഡിയോ കോൾ വഴി അശ്ലീല ദൃശ്യങ്ങൾ അയച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു പൊലീസിൽ പരാതി നൽകി. ഖത്തർ രജിസ്ട്രേഷനിലുള്ള നമ്പറിൽ നിന്നും വീഡിയോ കോൾ വന്നതോടെയാണ് അരിത കായംകുളം ഡിവൈഎസ്പി ഓഫിസിലെത്തി പരാതി നൽകിയത്.തുടർച്ചയായി ഖത്തറിൽ നിന്നും വീഡിയോ കോളുകൾ വരുന്നതായി അരിത പറഞ്ഞു. വിളിക്കുന്നത് ആരാണെന്ന് ചോദിച്ചെങ്കിലും പ്രതികരിച്ചില്ലെന്നും വീണ്ടും വീണ്ടും വീഡിയോ കോളുകൾ വിളിക്കുകയായിരുന്നെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
കോട്ടയത്ത് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
?️നവകേരളസദസ്, ശബരിമല തീര്‍ഥാടനം എന്നിവയുമായി ബന്ധപ്പെട്ടു കോട്ടയം നഗരസഭ പരിധിയിലുള്ള വിവിധ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണവും ഉപയോഗ യോഗ്യമല്ലാത്ത എണ്ണയും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും പിടിച്ചെടുത്തു.43 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 21 സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമ ലംഘനം നടത്തുന്ന സ്ഥാപനള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ പറഞ്ഞു.
നടന് ദേവന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍
?️ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നടന് ദേവനെ നിയമിച്ചു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.2004 ല്‍ ദേവൻ നവകേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ പാർട്ടി രൂപീകരിച്ചിരുന്നു. പിന്നീട് ഈ പാർട്ടി ബിജെപിയുമായി ലയിക്കുകയായിരുന്നു. കഴിഞ്ഞ കുറെനാളായി ബിജെപിയുമായി ദേവന് സഹകരിച്ചുവരികയായിരുന്നു. 2004ല്‍ ദേവൻ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പില്‍ കേരള പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്.
നരഭോജിക്കടുവയെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവിനെതിരെ സമർപ്പിച്ച ഹര്‍ജി തള്ളി
?️വയനാട് സുൽത്താന്‍ ബത്തേരിയിൽ ക്ഷീരകർഷകന് പ്രജീഷിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവെച്ചുകൊല്ലാനുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.ഒരു മനുഷ്യ ജീവൻ നഷ്ടമായതിനെ എങ്ങനെ കുറച്ച് കാണുമെന്ന ചോദ്യമുയര്‍ത്തിയാണ് ഹൈക്കോടതി ഹര്‍ജി തളളിയത്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചതെന്ന് എന്നു നിരീക്ഷിച്ച കോടതി ഹർജിക്കാരന് 25,000 രൂപ പിഴയും വിധിച്ചു.
വസുന്ധരയും ചൗഹാനും ലോക്സഭയിലേക്ക് മത്സരിച്ചേക്കും
?️മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളിൽ പുതിയ നേതൃനിരയെ വാഴിച്ച് ബിജെപി ദേശീയ നേതൃത്വം ഇവിടങ്ങളിലെ മുതിർന്ന നേതാക്കളെ ദേശീയ നേതൃത്വത്തിലേക്കും ലോക്സഭയിലേക്കും പരിഗണിച്ചേക്കും. മധ്യപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ മുതിർന്ന നേതാവ് ശിവരാജ് സിങ് ചൗഹാൻ, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ തുടങ്ങിയവരെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചേക്കുമെന്നാണു റിപ്പോർട്ട്. ഇരു സംസ്ഥാനങ്ങളിലും രണ്ടു പതിറ്റാണ്ടോളമായി ബിജെപിയുടെ ചോദ്യം ചെയ്യാനാവാത്ത നേതാക്കളായിരുന്നു വസുന്ധരയും ചൗഹാനും. വസുന്ധര പലപ്പോഴും നേതൃത്വത്തോട് കലഹിച്ചിട്ടുണ്ട്. എന്നാൽ, ചൗഹാൻ ഒരിക്കൽപ്പോലും പാർട്ടിക്ക് അഹിതമായ ഒരു നീക്കത്തിനും തയാറായിട്ടില്ല.
ഗുണ്ടൽപേട്ടിൽ കടുവയുടെ ആക്രമണത്തിൽ മധ്യവയസ്കൻ മരിച്ചു
?️കർണാടകയിലെ ഗുണ്ടൽപേട്ടിൽ കടുവയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു. ബന്ദിപ്പുർ ദേശീയോദ്യാനത്തിൽ താമസിച്ചിരുന്ന ബസവയാണ് കൊല്ലപ്പെട്ടത്. കടുവ ഭക്ഷിത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വനവിഭവങ്ങൾ ശേഖരിക്കുന്നതിനായാണ് ബസവ കാട്ടിലേക്കു പോയത്. ഏറെ കഴിഞ്ഞിട്ടും തിരിച്ചു വരാഞ്ഞതിനെത്തുടർന്ന് പ്രദേശവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ബംഗാളിൽ ട്രെയിൽ കാത്തിരുന്നവരുടെ മേൽ വാട്ടർ ടാങ്ക് മറിഞ്ഞു വീണു
?️പശ്ചിമബംഗാളിലെ ബർധമാൻ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലേക്ക് കൂറ്റൻ വെള്ളം ടാങ്ക് മറിഞ്ഞു വീണ് രണ്ട് പേർ മരിച്ചു. 15 പേർക്ക് പരുക്കേറ്റിട്ടുണ്ട്. പ്ലാറ്റ് ഫോമിൽ ട്രെയിൻ കാത്തിരുന്നവരാണ് കൊല്ലപ്പെട്ടത്. സ്റ്റേഷനിൽ രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിൽ ഇരുന്നവരുടെ മുകളിലേക്കാണ് വാട്ടർ ടാങ്ക് മറിഞ്ഞു വീണത്. പ്ലാറ്റ്ഫോമുകൾ ഭാഗികമായി തകർന്ന അവസ്ഥയിലാണ്. പരുക്കേറ്റവരെയെല്ലാം ബുർദ്വാൻ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരെ ഇതു വരെ തിരിച്ചറിഞ്ഞിട്ടില്ല.
മഹാദേവ് ബെറ്റിങ് ആപ്പ് ഉടമസ്ഥൻ രവി ഉപ്പൽ ദുബായിൽ പിടിയിൽ
?️മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പിന്റെ ഉടമസ്ഥരിൽ ഒരാളായ രവി ഉപ്പൽ ദുബായിൽ പിടിയിലായി. ഇന്ത്യയുടെ ആവശ്യപ്രകാരം ഇന്റർപോൾ ഉപ്പലിനെതിരേ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതേത്തുടർന്നാണ് ദുബായ് പൊലീസ് ഇയാളെ പിടി കൂടിയത്. ഉപ്പൽ പിടിയിലായിട്ട് ഒരാഴ്ച കഴിഞ്ഞെന്നാണ് റിപ്പോർട്ട്. നിയമപ്രകാരം ഇയാളെ ഇന്ത്യക്ക് വിട്ടു നൽകണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് ദുബായ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓൺലൈൻ ആപ്പുകൾ ഉപയോഗിച്ച് അനധികൃതമായി ബെറ്റിങ് നടത്തി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിലാണ് ഇയാൾക്കെതിരേ ഇഡി അന്വേഷണം നടത്തുന്നത്.
വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള യുഎൻ പ്രമേയത്തിൽ അനുകൂല വോട്ടുമായി ഇന്ത്യ
?️ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ അടിയന്തര വെടിനിര്‍ത്തലും ബന്ദികളുടെ മോചനവും ആവശ്യപ്പെട്ട് യുണൈറ്റഡ് നേഷന്‍സ് പൊതുസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിന് ഇന്ത്യ അനുകൂലമായി വോട്ട് ചെയ്തു. 153 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 10 രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. 23 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ഖത്തര്‍, സൗദി അറേബ്യ, കുവൈറ്റ്, ബഹറിന്‍, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളാണു പ്രമേയത്തെ പിന്തുണച്ചത്. യുഎസ്, ഇസ്രയേല്‍, ഓസ്ട്രിയ തുടങ്ങിയ പത്ത് രാജ്യങ്ങള്‍ എതിര്‍ത്തു. വോട്ടെടുപ്പില്‍ പങ്കെടുക്കാതെ നിന്ന രാജ്യങ്ങളില്‍ അര്‍ജന്റീന, യുക്രൈയ്ന്, ജര്‍മനി എന്നിവ ഉള്‍പ്പെടുന്നു.
കൊച്ചിയിൽ 3,500 ലധികം ഒഴിവുകളുമായി മെഗാ ജോബ് ഫെയർ വരുന്നു
?️ജില്ലാ എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററും നാഷണൽ കരിയർ സർവീസും സംയുക്തമായി എറണാകുളം മഹാരാജാസ് കോളെജിന്റെ പിന്തുണയോടെ മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. ഉദ്യോഗ് 23 എന്ന പേരിലാണ് ഡിസംബർ 23 ന് പരിപാടി നടത്തുന്നത്. 80 ൽ അധികം പ്രമുഖരായ ഉദ്യോഗദായകർ പങ്കെടുക്കുന്ന ജോബ് ഫയറിൽ 3500 ൽ അധികം ഒഴിവുകളാണ് ഉള്ളത്.എസ്എസ്എല്‍സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐടിഐ ഡിപ്ലോമ, നഴ്സിങ്ങ്, പാരാമെഡിക്കല്‍, ഹോട്ടല്‍ മാനേജ്മെന്റ്, ബിടെക്ക് തുടങ്ങിയ യോഗ്യതകളുള്ള തല്‍പ്പരരായ ഉദ്യോഗാർഥികള്‍ക്ക് ജോബ് ഫെയറില്‍ പങ്കെടുക്കാം.
വഴിക്ക് വഴി ഒരു വര: ഇലവീഴാ പൂഞ്ചിറ റോഡിന് നന്ദി അർപ്പിച്ച് മുഖ്യമന്ത്രിയ്ക്ക് ഛായാചിത്രം സമ്മാനം
?️വര്‍ഷങ്ങളായി തകര്‍ന്നു കിടന്ന ഇലവീഴാപൂഞ്ചിറ – മേലുകാവ് റോഡിന്റെ പുനര്‍നിര്‍മാണത്തിന്റെ സന്തോഷം താൻ വരച്ച ചിത്രത്തിലൂടെ മുഖ്യമന്ത്രിക്ക് പങ്കുവെച്ച് ഇലവീഴാപൂഞ്ചിറ കുമ്പളോലിയ്ക്കല്‍ വീട്ടില്‍ ജെസി സാം. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പാലാ നിയോജക മണ്ഡലം നവകേരള സദസിലെത്തിയാണ് അക്രലിക് പെയിന്റില്‍ തീര്‍ത്ത അദ്ദേഹത്തിന്റെ മുഖചിത്രം ജെസി പിണറായി വിജയന് കൈമാറിയത്. മേലുകാവ് ഗ്രാമപഞ്ചായത്തംഗം ഷീബാ മോള് ജോസഫും ഒപ്പമുണ്ടായിരുന്നു.
ക്യാനഡ, ഇസ്രയേൽ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് വ്യാജ റിക്രൂട്ട്മെന്റ്
?️ക്യാനഡ, ഇസ്രയേൽ, യൂറോപ്പ് എന്നിവിടങ്ങളിലേക്കു വ്യാജ റിക്രൂട്ട്മെന്റുകള്‍ സജീവമാണെന്നും ജാഗ്രത വേണമെന്നും പ്രൊട്ടക്റ്റർ ഒഫ് എമിഗ്രന്റ്സ്. തൊഴിൽ വാഗ്ദാനം നൽകി വ്യാജ റിക്രൂട്ട്മെന്റ് ഏജന്റുമാർ തൊഴിലന്വേഷകരെ വഞ്ചിക്കുന്നതായി നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലാതെയാണ്, ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം ഏജന്റുമാർ പ്രവർത്തിക്കുന്നത്. അംഗീകൃത റിക്രൂട്ടിങ് ഏജന്റുമാരുടെ സേവനം മാത്രമേ തൊഴിലന്വേഷകര്‍ സ്വീകരിക്കാവൂ.
കാര്‍ നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറി
?️ദേശീയപാതയില്‍ അമ്പലപ്പുഴയിൽ നീര്ക്കുണം ഇജാബ ജംഗ്ഷന് സമീപം കാറും ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കഞ്ഞിപ്പാടത്ത് നിന്നും ആലപ്പുഴക്ക് പോയ ബസും എതിർ ദിശയിൽ നിന്നും വന്ന കാറുമാണ് കൂട്ടിയിടിച്ചത്.കാർ ഡ്രൈവർക്ക് രക്ത സമ്മർദ്ദം കൂടുകയും നിയന്ത്രണം തെറ്റി ബസ്സിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. സ്വകാര്യ ബസിലാണ് കാര്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിലുണ്ടായിരുന്ന യാത്രക്കാര്‍ വീഴുകയായിരുന്നു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊടുമുടിയിലും കടുവ
?️ഇന്ത്യയിൽ ആദ്യമായി സമുദ്രനിരപ്പിൽനിന്ന് 3640 മീറ്റർ (11,942 അടി) ഉയരത്തിൽ കടുവയെ കണ്ടെത്തി. സിക്കിമിലെ പംഗലോക വന്യജീവി സങ്കേതത്തിലെ പർവത മുകളിലാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തുന്നത്. സിക്കിം, ബംഗാൾ, ഭൂട്ടാൻ അതിർത്തി പങ്കിടുന്ന സ്ഥലമാണ് പംഗലോക. സിക്കിം വനം വകുപ്പുമായി സഹകരിച്ച് പഠനം നടത്തുന്ന ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി (ബിഎൻഎച്ച്എസ്) സംഘം സ്ഥാപിച്ച കാമറയിലാണ് ബംഗാൾ കടുവയുടെ ചിത്രം പതിഞ്ഞത്. ഭൂട്ടാനിൽനിന്ന് വടക്കൻ സിക്കിമിലെ വനത്തിലേക്കുള്ള കടുവകളുടെ സഞ്ചാരപാതയാകാം പ്രദേശമെന്നാണ് നിഗമനം. ഇതിൽ കൂടുതൽ പഠനം ആവശ്യമാണെന്ന് ബിഎൻഎച്ച്എസ് തലവൻ അഥർവ സിങ് പറഞ്ഞു.
*പോളണ്ടിൽ ഡോണൾഡ് ടസ്ക് *
?️പോളണ്ടിൽ മാത്യൂസ് മൊറാവിക്കി വിശ്വാസപ്രമേയത്തിൽ പരാജയപ്പെട്ടതോടെ സിവിക് കോയിലേഷൻ പാർടി നേതാവും മുൻ പ്രധാനമന്ത്രിയുമായ ഡോണൾഡ് ടസ്കിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. 460 അംഗങ്ങളിൽ 190 പേരുടെ പിന്തുണ മാത്രമാണ് മൊറാവിക്കിക്ക് ലഭിച്ചത്. 266 പേർ എതിർത്ത് വോട്ടുചെയ്തു. ഒക്ടോബറിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ മൊറാവിക്കിയുടെ വലതുപക്ഷ ലോ ആൻഡ് ജസ്റ്റിസ് പാർടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. എന്നാൽ, കേവല ഭൂരിപക്ഷമില്ലായിരുന്നു.
ഫോസിൽ ഇന്ധനങ്ങൾ പൂർണമായും ഒഴിവാക്കുക എന്നതിൽ നിന്നും പിന്മാറി COP 28
?️പൂർണമായും ഫോസിൽ ഇന്ധനം ഒഴിവാക്കണമെന്നത് അഭിപ്രായത്തിൽ നിന്നും പിൻവാങ്ങി .യുഎൻ കാലാവസ്ഥാ ഉച്ചകോടിയുടെ കരട് പ്രമേയം. എന്നാൽ ഫോസിൽ ഇന്ധനത്തിന്റെ ഉപയോഗവും ഉൽപാദനവും കുറക്കുവാൻ തീരുമാനമെടുക്കണമെന്നാണ് പ്രമേയം. 2050ലോ അതിനു മുൻപോ കാർബൺ മലിനീകരണം ഇല്ലാതാക്കുക്കുക എന്നതാണ് ലക്ഷ്യം . COP 28 ൽ തർക്കവിഷയമായ ഫോസിൽ ഇന്ധനങ്ങൾ പൂർണമായും ഒഴിവാക്കണമെന്നത് തർക്ക വിഷയം ആയിരുന്നു അതാണ് കരട് പ്രമേയത്തിൽൽനിന്ന് ഒഴിവാക്കിയത് .
അണ്ടർ 19 ഇന്ത്യൻ ലോകകപ്പ് ടീം പ്രഖ്യാപിച്ചു
?️ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കും ജനുവരിയിൽ നടക്കുന്ന ഐസിസി പുരുഷ അണ്ടർ 19 ലോകകപ്പിനുമുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. ഉദയ് സഹാറനാണ് ടീമിനെ നയിക്കുന്നത്. ഡിസംബർ 29-ന് ആണ് ത്രിരാഷ്ട്ര പരമ്പര ആരംഭിക്കുന്നത്. നിലവിലെ ചാംപ്യന്മാരായ ഇന്ത്യ, ബംഗ്ലാദേശ്, അയർലൻഡ്, യുഎസ്എ എന്നിവർക്ക് ഒപ്പം ഗ്രൂപ്പ് എയിൽ ഉൾപ്പെടുന്നു. ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സ്കോട്ട്ലൻഡ് എന്നിവർ ഉൾപ്പെടുന്നു. ഗ്രൂപ്പ് സിയിൽ ഓസ്ട്രേലിയ, ശ്രീലങ്ക, സിംബാബ്വെ, നമീബിയ എന്നിവരും അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ന്യൂസിലാൻഡ്, നേപ്പാൾ എന്നിവർ ഗ്രൂപ്പ് ഡിയിലുമാണ്.
ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് തോൽവി
?️ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റ് ജയം. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 15 ഓവറില്‍ 152 റണ്‍സ് വിജയലക്ഷ്യമായി വെട്ടിക്കുറച്ച മത്സരത്തിൽ ദക്ഷിണാഫ്രിക്ക 13.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്ക 1-0 എന്ന നിലയിൽ മുന്നിലെത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് ഉയർത്തി. അവസാന മൂന്ന് പന്ത് എറിയുന്നതിനിടെ മഴ കളിമുടക്കുകയായിരുന്നു. ഇതോടെ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ വിജയ ലക്ഷ്യം 15 ഓവറില്‍ 152 റണ്‍സായി വെട്ടി ചുരുക്കുകയായിരുന്നു.
റഫറിയെ മർദിച്ചു ; തുർക്കി ലീഗ് നിർത്തി
?️റഫറി ആക്രമിക്കപ്പെട്ടതിനെ തുടർന്ന് തുർക്കി സൂപ്പർ ലീഗ് ഫുട്ബോൾ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു. എംകെഇ അൻകാരഗുചു–-കയ്കുർ റിസെപോർ മത്സരത്തിനിടെയാണ് സംഭവം. കളിയവസാനം അൻകാരഗുചുവിനെതിരെ റിസെപോർ സമനിലഗോൾ നേടി. പിന്നാലെ കളത്തിൽ ഓടിയെത്തിയ അൻകാരഗുചു ക്ലബ് പ്രസിഡന്റ് ഫർകു കൊക റഫറിയായ ഹലീൽ ഉമുത് മെലെറിന്റെ മൂക്കിന് ഇടിച്ചു. നിലത്തുവീണ റഫറിയെ കളിക്കാരും പ്രസിഡന്റും ചേർന്ന് വളഞ്ഞിട്ട് ചവിട്ടുകയും ചെയ്തു. ഇതിനുപിന്നാലെ ലീഗ് നിർത്തിവയ്ക്കുകയാണെന്ന് തുർക്കിഷ് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.
ഋഷഭ് പന്ത് വരുന്നു,
വീണ്ടും നായകനായി
?️ഋഷഭ് പന്ത് കളത്തിൽ മടങ്ങിയെത്തുന്നു. ഐപിഎൽ ക്രിക്കറ്റ് പുതിയ സീസണിൽ ഇരുപത്താറുകാരൻ ടീമിനെ നയിക്കുമെന്ന് ഡൽഹി ക്യാപിറ്റൽസ് അറിയിച്ചു. ഒരു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തിരിച്ചെത്തുന്നത്. വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്നു. കഴിഞ്ഞവർഷം ഡിസംബർ 30നാണ് ഡൽഹി–-ഡെറാഡൂൺ ദേശീയപാതയിൽ കാറപകടത്തിലായത്. വലതുകാൽമുട്ടിന് പൊട്ടലുണ്ടായി. ദേഹമാസകലം പരിക്കേൽക്കുകയും ചെയ്തു. മുംബൈയിൽ ശാസ്ത്രക്രിയക്ക് വിധേയനായ താരം പൂർണവിശ്രമത്തിലായിരുന്നു. നിലവിൽ ശാരീരികക്ഷമത വീണ്ടെടുക്കാനായി ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ്.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5665 രൂപ
പവന് 45320 രൂപ