പ്രഭാത വാർത്തകൾ

2023 ഡിസംബർ 7 വ്യാഴം

◾കേന്ദ്ര മന്ത്രിസഭ വൈകാതെ പുനസംഘടിപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച കേന്ദ്രമന്ത്രിമാര്‍ അടക്കം 12 ബിജെപി എംപിമാരില്‍ പത്തു പേര്‍ രാജിവച്ചു. കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവരാണ് രാജിവച്ചത്. കേന്ദ്ര മന്ത്രി രേണുക സിങ്, മഹന്ത് ബാലകാന്ത് എന്നിവര്‍ വൈകാതെ രാജിവയ്ക്കും. മന്ത്രിസഭാ പുനസംഘടനയിലും മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നതിലും പുതുതലമുറയ്ക്കു പ്രാധാന്യമുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.

◾രണ്ടു മാസത്തെ പരിശോധനയില്‍ 24,000 കോടി രൂപയുടെ നികുതി വെട്ടിപ്പു കണ്ടെത്തിയെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ജിഎസ്ടി രജിസ്ട്രേഷനുള്ള 21,791 സ്ഥാപനങ്ങള്‍ നിലവിലില്ലെന്നും കണ്ടെത്തി. അവര്‍ പറഞ്ഞു.

◾പണം വച്ചുള്ള ചൂതാട്ടങ്ങള്‍ക്ക് 28 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള സംസ്ഥാന ജി എസ് ടി നിയമ ഭേദഗതിക്ക് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാസിനോ, കുതിരപന്തയം, ഓണ്‍ലൈന്‍ ഗെയിമുകള്‍ ഉള്‍പ്പെടയുള്ളവയ്ക്കു കേന്ദ്ര ജിഎസ്ടി കൗണ്‍സില്‍ വരുത്തിയ നിയമ ഭേദഗതിക്കനുസൃതമായ ദേദഗതിയാണ് സംസ്ഥാന

◾നെല്ലു സംഭരണത്തിന്റെ അഞ്ചു വര്‍ഷത്തെ വാര്‍ഷിക ഓഡിറ്റ് കണക്കുകള്‍ കേരളത്തില്‍ നിന്ന് ലഭിക്കാത്തതിനാല്‍ സബ്സിഡിയുടെ അഞ്ചു ശതമാനം തടഞ്ഞുവച്ചെന്നു കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. 2016-17 വരെയുള്ള വാര്‍ഷിക ഓഡിറ്റ് കണക്കുകള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. കണക്കുകള്‍ ലഭിച്ചില്ലെങ്കില്‍ വര്‍ഷം രണ്ടു ശതമാനമെന്ന തോതില്‍ സബ്സിഡി തടയും. കഴിഞ്ഞ മൂന്നു വര്‍ഷം താങ്ങുവില ഇനത്തില്‍ 4,355 കോടി രൂപ കേരളത്തിനു നല്‍കിയെന്നും കൊടിക്കുന്നില്‍ സുരേഷിന്റെ ചോദ്യത്തിനു ഭക്ഷ്യമന്ത്രി മറുപടി നല്‍കി.

◾പട്ടിക ജാതി വികസനത്തിനുള്ള 71,686 കോടി രൂപ ചെലവഴിക്കാതെ പാഴായെന്ന് കേന്ദ്രസര്‍ക്കാര്‍. 2018 മുതല്‍ 2023 വരെയുള്ള കണക്കാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍ിനു മുന്നില്‍ വച്ചത്. വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് കേന്ദ്ര സാമൂഹിക നീതി വകുപ്പാണ് മറുപടി നല്‍കിയത്.

◾സംഘര്‍ഷം ഗവര്‍ണര്‍ക്ക് ഹോബിയാണെന്നും ഇതുപോലുള്ള അവിവേകികളെ ഉന്നത പദവികളില്‍ ഇതിനു മുമ്പും കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് അസ്വസ്ഥതയുണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്നത്. ഇരിങ്ങാലക്കുടയില്‍ നവകേരള സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

◾ഞായറാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയും കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുണ്ടാകുമെന്നാണു മുന്നറിയിപ്പ്

◾സ്ത്രീധനത്തിന്റെ പേരില്‍ യുവ ഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥിയായ റുവൈസിനെതിരെ സ്ത്രീധന നിരോധന നിയമവും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തി കേസെടുത്തു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍, ജില്ലാ കളക്ടര്‍, കമ്മീഷണര്‍ എന്നിവരോട് ഈ മാസം 14 ന് നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് നല്‍കാന്‍ ന്യൂനപക്ഷ കമ്മീഷന്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ പിജി അസോസിയേഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് റുവൈസിനെ നീക്കം ചെയ്തു.

◾നവ കേരള സദസിനു മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് പുതുക്കാട് തടയാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിച്ചാര്‍ജ്. ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും രണ്ടു പൊലീസുകാര്‍ക്കും പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജെറോം ജോണിന്റെ നേതൃത്വത്തിലാണു ബസ് തടയാനെത്തിയത്. ഇരിങ്ങാലക്കുടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. ചാലക്കുടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു.

◾നവകേരള സദസിനായി എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് രണ്ടു ദിവസം അവധി. ഇന്ന് നവകേരള സദസ് നടക്കുന്ന അങ്കമാലി, ആലുവ, പറവൂര്‍ നിയോജക മണ്ഡലങ്ങളിലും നാളെ നവകേരള സദസ് നടക്കുന്ന എറണാകുളം, വൈപ്പിന്‍, കൊച്ചി, കളമശേരി മണ്ഡലങ്ങളിലുമാണ് അവധി.

◾റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവം നടക്കുന്നതിനാല്‍ കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി.

◾’സത്യമേവ ജയതെ’ എന്ന ആപ്തവാക്യത്തെ മോദി ഭരണകൂടം ‘സത്താമേവ ജയതെ’ എന്നാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് ഡോ. ശശി തരൂര്‍ എംപി. ഹിന്ദിയില്‍ ‘സത്താ’ എന്ന വാക്കിനര്‍ത്ഥം അധികാരം എന്നാണെന്നും അദ്ദേഹം വിശദീകരിച്ചു.

◾വധശ്രമ കേസിലെ പ്രതിയുടെ ബന്ധുക്കളില്‍നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയ ഉപ്പുതറ പൊലീസ് സ്റ്റേഷനിലെ എസ്.ഐയ്ക്ക് സസ്പെന്‍ഷന്‍. ഉപ്പുതറ എസ്.ഐ.- കെ.ഐ. നസീറിനെയാണ് എറണാകുളം റേഞ്ച് ഡി.ഐ.ജി. പുട്ട വിമലാദിത്യ സസ്പന്‍ഡ് ചെയ്തത്.

◾തിരുവനന്തപുരത്ത് അരുവിക്കരയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. അരുവിക്കര സ്വദേശികളായ ഷിബിന്‍ (18), നിധിന്‍ (21) എന്നിവരാണ് മരിച്ചത്.

◾വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ കല്ലൂരില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിടിച്ച് പരിക്കേറ്റ കാട്ടാനയെ മയക്കുവെടിവച്ചശേഷം മരുന്നു നല്‍കി. മൂന്നു കുങ്കികളുടെ സഹായത്തോടെയായിരുന്നു ചികിത്സ. ആനയെ വനംവകുപ്പ് നിരീക്ഷിക്കും.

◾സോളാര്‍ പീഢന ഗൂഢാലോചനക്കേസില്‍ ഒന്നാം പ്രതിയ്ക്കു ജാമ്യം. കൊട്ടാരക്കര കോടതിയില്‍ നേരിട്ട് ഹാജരായാണ് ജാമ്യമെടുത്തത്. രണ്ടാംപ്രതി കെ ബി ഗണേഷ് കുമാര്‍ എംഎല്‍എക്കൊപ്പം ചേര്‍ന്ന് ഉമ്മന്‍ ചാണ്ടിയെ പീഢനക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. അടുത്ത മാസം പത്തിന് കേസ് വീണ്ടും പരിഗണിക്കും.

◾ട്രക്കിംഗിനിടയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും കാട്ടില്‍ കുടുങ്ങിയ സംഭവത്തില്‍ ടീം ലീഡര്‍ രാജേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. പ്രകൃതി പഠന ക്യാമ്പിനു നല്‍കിയ അനുമതിയുടെ മറവില്‍ രാജേഷ് സ്‌കൂള്‍ അധികൃതരെയും അധ്യാപകരെയും ഇക്കോ ടൂറിസം ഗൈഡുകളെയും തെറ്റിദ്ധരിപ്പിച്ച് 27 കുട്ടികള്‍ അടങ്ങുന്ന സംഘവുമായി ഉള്‍ക്കാട്ടിലേക്ക് ട്രക്കിംഗ് നടത്തിയെന്നാണു കുറ്റം.

◾ബലാത്സംഗ കേസില്‍ ഹൈക്കോടതി മുന്‍ സര്‍ക്കാര്‍ പ്ളീഡര്‍ പി.ജി മനുവിനെ പോലീസ് അറസ്റ്റു ചെയ്താത്തതിനെതിരേ പരാതിക്കാരിയുടെ അമ്മ ഡിജിപിയ്ക്കു കത്തയച്ചു. ചോറ്റാനിക്കര പോലീസ് അഭിഭാഷകനെ സഹായിക്കുകയാണെന്നും മരണഭയത്തോടെയാണ് തങ്ങള്‍ ജീവിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

◾ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍. പത്തനംതിട്ട റാന്നി സ്വദേശി സുരേഷിനെയാണ് വെച്ചൂച്ചിറ പൊലീസ് അറസ്റ്റു ചെയ്തത്.

◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. മാറനല്ലൂര്‍ കിളിയോട് സ്വദേശി പിന്റി എന്ന ബ്രിട്ടോ വി. ലാലിനെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.

◾പാലക്കാട് ചളവറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ വിനോദ യാത്രക്കിടെ ക്ലര്‍ക്ക് സത്യപാലന്‍ മദ്യപിച്ച് അപമര്യാദയായി പെരുമാറിയെന്ന് പെണ്‍കുട്ടികളുടെ പരാതി. മാനേജ്മെന്റ് സത്യപാലനെ സസ്പെന്റ് ചെയ്തു. വിനോദ യാത്ര സംഘത്തിലുണ്ടായിരുന്ന പ്രധാന അധ്യാപിക എസി രജിതയോട് അവധിയില്‍ പ്രവേശിക്കാന്‍ മാനേജ്മെന്റ് നിര്‍ദേശിച്ചു. സത്യപാലന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ചളവറ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ്.

◾ആരോഗ്യവകുപ്പിന്റെ പേരില്‍ വ്യാജ നിയമന ഉത്തരവ് നല്‍കി പണം തട്ടിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം സസ്പെന്‍ഡ് ചെയ്തു.

◾സംസ്ഥാനത്തെ വിവിധ കോളജുകളില്‍ നഴ്‌സിംഗിന് അഡ്മിഷന്‍ തരാമെന്നു വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മലപ്പുറം ചേലേമ്പ്ര ചക്കുവളവ് കരുമാടകത്ത് വീട്ടില്‍ സഹാലുദ്ദീന്‍ അഹമ്മദ് (26), തിരുവല്ലം നെല്ലിയോട് മേലേ നിരപ്പില്‍ കൃഷ്ണ കൃപ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ബീന (44) എന്നിവരാണ് കായംകുളം പൊലീസിന്റെ പിടിയിലായത്.

◾വയനാട്ടില്‍ കഞ്ചാവ് കടത്തുന്നതിനിടെ യുവാവിനേയും യുവതിയേയും എക്‌സൈസ് അറസ്റ്റു ചെയ്തു. മാനന്തവാടി പൊരുന്നനൂര്‍ അഞ്ചാംമൈല്‍ സ്വദേശി പറമ്പന്‍ വീട്ടില്‍ ഹസീബ് (23) മലപ്പുറം തിരൂര്‍ പിലാത്തറ സ്വദേശിനിയായ വലിയപറമ്പില്‍ സോഫിയ (32) എന്നിവരാണു പിടിയിലായത്.

◾ജമ്മു കാഷ്മീര്‍ പുനഃസംഘടനാ ഭേദഗതി ബില്‍ രൂക്ഷമായ വാക്പോരിനുശേഷം ലോക്‌സഭ പാസാക്കി. പാക് അധീന കാഷ്മീര്‍ നെഹ്റുവിന്റെ അബദ്ധമെന്ന് അമിത് ഷാ വിമര്‍ശിച്ചു. ജമ്മു കാഷ്മീര്‍ നിയമസഭയിലെ ഒരു സീറ്റ് പാക്ക് അധീന കാഷ്മീരില്‍നിന്ന് പലായനം ചെയ്യേണ്ടി വന്നവര്‍ക്കായി സംവരണം ചെയ്യുമെന്ന് അമിത് ഷാ വ്യക്തമാക്കി.

◾പാക് അധീന കാഷ്മീര്‍ ഉണ്ടാകാന്‍ കാരണം നെഹ്റുവാണെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ വാദങ്ങള്‍ തള്ളി ഫറൂഖ് അബ്ദുള്ള. ഇന്ത്യന്‍ സൈന്യം ഏറ്റുമുട്ടല്‍ നിര്‍ത്തിയതു കൊണ്ടാണ് പൂഞ്ചും രജൗരിയും സംരക്ഷിക്കാന്‍ സൈന്യത്തിനു കഴിഞ്ഞത്. അല്ലായിരുന്നെങ്കില്‍ ഈ പ്രദേശങ്ങളും ഇന്ത്യക്കു നഷ്ടമാകുമായിരുന്നു. വിഷയം യുഎന്നിന് വിടാന്‍ വല്ലഭായ് പട്ടേലും മൗണ്ട് ബാറ്റണും നിര്‍ദ്ദേശിച്ചിരുന്നുവെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.

◾നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയം പ്രതിപക്ഷ പാര്‍ട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയെന്ന് ഇന്ത്യ സഖ്യത്തിന്റെ പാര്‍ലമെന്റ് പ്രതിനിധി യോഗത്തില്‍ വിമര്‍ശനം. എല്ലാ കക്ഷികളേയും ഒന്നിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ലെന്ന വിമര്‍ശനമാണ് മുഖ്യമായി ഉയര്‍ന്നത്. 17 പാര്‍ട്ടികളുടെ നേതാക്കള്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. തൃണമൂല്‍ കോണ്‍ഗ്രസും ശിവസേനയും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. നേതാക്കള്‍ വരില്ലെന്ന് ഉറപ്പായതോടെ ഇന്ത്യ സഖ്യത്തിന്റെ വിശാല യോഗം 17 ലേക്കു മാറ്റി വച്ചു.

◾പകര്‍ച്ചവ്യാധികള്‍ പടരുന്നതിനാല്‍ സൗദി അറേബ്യയിലുള്ളവര്‍ക്കു യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്കാണ് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി യാത്രാനിയന്ത്രണം പ്രഖ്യാപിച്ചത്.

◾ലഷ്‌കര്‍ ത്വയ്ബ തലവന്‍ ഹാഫിസ് സയീദിന്റെ സഹായി ഹന്‍സ്ല അദ്‌നാനെ പാകിസ്ഥാനിലെ കറാച്ചിയില്‍ അജ്ഞാതര്‍ വെടിവെച്ചു കൊന്നു. രണ്ട് ബി എസ് എഫ് ജവാന്മാര്‍ വീരമൃത്യുവരിച്ച 2015 ലെ ഉധംപൂര്‍ ആക്രമണത്തിന്റെ സൂത്രധാരനാണ് ഹന്‍സ്ല അദ്‌നാന്‍.

◾ഇംഗ്ലണ്ടിനെതിരായ വനിതകളുടെ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് 38 റണ്‍സിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യംബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയര്‍ത്തിയ 198 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനേ സാധിച്ചുള്ളു.

◾ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയിക്ക് ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ മിന്നും പ്രകടനമാണ് താരത്തിന് നേട്ടമായത്. പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ബിഷ്‌ണോയിയാണ്. അതേസമയം ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവാണ് ഒന്നാമത്.

◾കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഓഹരികള്‍ കുറിച്ചിട്ടത് എക്കാലത്തെയും പുതിയ ഉയരം. നിലവില്‍ 6.49 ശതമാനം നേട്ടവുമായി 1,258 രൂപയിലാണ് ഓഹരി വിലയുള്ളത്. കഴിഞ്ഞമാസം അവസാനവാരം 14,300 കോടി രൂപ നിലവാരത്തിലായിരുന്ന കൊച്ചി കപ്പല്‍ശാലയുടെ വിപണിമൂല്യം 16,922.01 കോടി രൂപയിലുമെത്തി. കഴിഞ്ഞ ഒരുമാസത്തിനിടെ 25 ശതമാനവും ആറ് മാസത്തിനിടെ 120 ശതമാനത്തോളവും ഒരുവര്‍ഷത്തിനിടെ 96 ശതമാനവും നേട്ടം കൊച്ചി കപ്പല്‍ശാലയുടെ ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. ആയിരം കോടിയോളം രൂപ മതിക്കുന്ന 87.49 ലക്ഷത്തോളം ഓഹരികളാണ് കഴിഞ്ഞ ദിവസം കൈമാറ്റം ചെയ്യപ്പെട്ടത്. പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് എട്ട് രൂപ വീതം കമ്പനി 2023-24ലെ ഇടക്കാല ലാഭവിഹിതമായി പ്രഖ്യാപിച്ചിരുന്നു. ഇതിപ്പോള്‍ വിതരണം ചെയ്തിട്ടുണ്ടെന്നതും ഓഹരികള്‍ക്ക് ഉന്മേഷം പകര്‍ന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍പാദ പ്രവര്‍ത്തനഫലത്തോട് അനുബന്ധിച്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 22,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ കൊച്ചി കപ്പല്‍ശാലയുടെ കൈവശമുണ്ട്. ഏകദേശം 13,000 കോടി രൂപയുടെ കൂടി ഓര്‍ഡറുകള്‍ ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുമുണ്ട്. ഇന്ത്യയുടെ ആദ്യ തദ്ദേശ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് നിര്‍മ്മിച്ച് നേവിക്ക് കൈമാറിയത് കൊച്ചി കപ്പല്‍ശാലയാണ്. രണ്ടാമത്തെ തദ്ദേശ വിമാനവാഹിനി കപ്പലിന്റെ ഓര്‍ഡറും കൊച്ചി കപ്പല്‍ശാലയ്ക്ക് തന്നെയാണ്.

◾മോഹന്‍ലാലിന്റെ ഗ്രാന്‍ഡ് റീ എന്‍ട്രിക്ക് വേണ്ടി കാത്തിരിക്കുന്ന ആരാധകര്‍ക്ക് ആഘോഷത്തിനുള്ള വക നല്‍കി ‘മലൈകോട്ടൈ വാലിബന്‍’ ടീസര്‍. കണ്‍കണ്ടത് നിജം, കാണാത്തത് പൊയ്.. എന്ന മോഹന്‍ലാലിന്റെ ഡയലോഗ് ആണ് 1.30 മിനിറ്റുള്ള ടീസറില്‍ എത്തിയിരിക്കുന്നത്. പ്രശാന്ത് പിള്ളയുടെ ഗംഭീര മ്യൂസിക്കും ടീസറിന്റെ ഹൈലൈറ്റ് ആണ്. മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കോമ്പോയില്‍ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ എത്തിയിരുന്നു. യോദ്ധാവിന്റെ ലുക്കില്‍ കൈകളില്‍ വടവുമായി മുട്ടുകുത്തി അലറി വിളിക്കുന്ന രീതിയില്‍ ആയിരുന്നു ഫസ്റ്റ് ലുക്കില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷിബു ബേബി ജോണും ലിജോയും മോഹന്‍ലാലും ചേര്‍ന്നാണ് മലൈകോട്ടൈ വാലിബന്‍ നിര്‍മ്മിക്കുന്നത്. 2024 ജനുവരി 25നാണ് ചിത്രത്തിന്റെ റിലീസ്.

◾നാനി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ഹായ് നാണ്ണാ’. മൃണാള്‍ താക്കൂറാണ് നായികയായി എത്തുന്നത്. ഗാനങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ഒരു ചിത്രമാണ് ഹായ് നാണ്ണാ. നാനി നായകനായ പാന്‍ ഇന്ത്യന്‍ ചിത്രമായ ഹായ് നാണ്ണായിലെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. വരികള്‍ എഴുതിയിരിക്കുന്നത് കൃഷ്ണ കാന്താണ്. ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീത സംവിധാനം നിര്‍വഹിച്ച് ഗാനം ആലപിച്ചിരിക്കുന്നത്. സാനു ജോണ്‍ വര്‍ഗീസ് ഐഎസ്സി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ഷൊര്യു ഹായ് നാണ്ണാ തിരക്കഥയെഴുതി സംവിധാനം ചെയ്യുമ്പോള്‍ ജയറാമും ഒരു പ്രധാന വേഷത്തിലുണ്ട്. നാനിയും മൃണാള്‍ താക്കൂറും ഒന്നിക്കുന്ന ചിത്രം മോഹന്‍ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി. മൂര്‍ത്തി കെ എസ് എന്നിവരാണ് വൈര എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ നിര്‍വഹിക്കുന്നത്. നാനിയുടേതായി ‘ദസറ’ എന്ന ചിത്രമാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

◾ഡിസംബര്‍ മാസത്തില്‍ ഹോണ്ട സിറ്റിക്കും അമേസിനും വന്‍ ഇളവുകളുമായി ഹോണ്ട കാര്‍സ് ഇന്ത്യ. പുതിയ വാഹനമായ എലിവേറ്റിന് ഈ മാസം ഇളവുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഡിസംബര്‍ 31 വരെയായിരിക്കും ഇളവുകളുടെ കാലവധി. അഞ്ചാം തലമുറ സിറ്റിക്ക് 88600 രൂപ വരെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എലഗന്റ് എഡിഷന് 10000 രൂപ കാര്‍ എക്സ്ചേഞ്ച് ബോണസും 40000 രൂപ സ്പെഷല്‍ എഡിഷന്‍ ഇളവുകളും നല്‍കുന്നുണ്ട്. 1162900 രൂപ മുതലാണ് ഹോണ്ട സിറ്റി അഞ്ചാം തലമുറയുടെ വില ആരംഭിക്കുന്നത്. കോംപാക്റ്റ് സെഡാനായ അമേസിന് 77000 രൂപ വരെ ഇളവുകളാണ് ഹോണ്ട നല്‍കുന്നത്. എസ് വേരിയന്റിനും ഇ വേരിയന്റിനും എലൈറ്റ് എഡിഷനും വിക്സ് വേരിയന്റിനും പ്രത്യേക ഇളവുകളാണ് ഹോണ്ട നല്‍കുന്നത്. രണ്ടാമത്ത മോഡലായ എസിനാണ് ഏറ്റവും കൂടുതല്‍ ഇളവുകള്‍ നല്‍കിയിട്ടുള്ളത്. 35000 രൂപവരെ ക്യാഷ് ഡിസ്‌കൗണ്ടും അല്ലെങ്കില്‍ 42444 രൂപയുടെ ആക്സസറീസും 15000 രൂപ എക്ചേഞ്ച് ബോണസും കോര്‍പ്പറേറ്റ് ഡിസകൗണ്ടായി 3000 രൂപയും സ്പെഷല്‍ കോപ്പറേറ്റ് ഡിസ്‌കൗണ്ടായി 20000 രൂപയും കസ്റ്റമര്‍ ലോയലിറ്റി ബോണസായി 4000 രൂപയും നല്‍കുന്നുണ്ട്. അടിസ്ഥാന മോഡലായ ‘ഇ’യ്ക്ക് 15000 രൂപ ഇളവും 18148 രൂപയുടെ ആക്സസറീസും 4000 രൂപയുടെ കസ്റ്റമര്‍ ലോയലിറ്റി ബോണസും 3000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും 20000 രൂപയുടെ സ്പെഷല്‍ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും 15000 രൂപയുടെ എക്സ്ചേഞ്ച് ബോണസും നല്‍കുന്നു. പ്രത്യേക പതിപ്പായ എലൈറ്റ് എഡിഷന് എക്ചേഞ്ച് ബോണസായി 10000 രൂപയും സ്പെഷല്‍ എഡിഷന്‍ ബോണസായി 30000 രൂപയും കോപ്പറേറ്റ് ഡിസ്‌കൗണ്ടായി 3000 രൂപയും കസ്റ്റമര്‍ ലോയലിറ്റി ബോണസായി 4000 രൂപയും നല്‍കുന്നു. ഉയര്‍ന്ന മോഡലായ ‘വിഎക്സിന്’ 25000 രൂപ ഇളവും 30245 രൂപയുടെ ആക്സസറീസും 15000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 20000 രൂപയുടെ സ്പെഷല്‍ കോപ്പറേറ്റ് ഡിസ്‌കൗണ്ടും 4000 രൂപയുടെ കസ്റ്റമര്‍ ലോയലിറ്റി ബോണസും, 3000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും നല്‍കുന്നുണ്ട്.

◾അവളുടെ ആന്തരിക ലോകങ്ങളും ആത്മവിഷാദങ്ങളും ആണധികാര ലോകത്തോടുള്ള ആയോധനവുമാണോ? എങ്കില്‍ സ്മിതയുടെ കഥകള്‍ ഒരു കുസൃതിച്ചിരിയോടെ പതിവു നടപ്പരീതികളില്‍ നിന്ന് വഴുതിമാറുന്നു. അവളവളെ മറന്ന് അയത്ന ലളിതമായി പുറം ലോകത്തേക്ക് ദൃഷ്ടി തിരിക്കുന്നു. സെന്റിനല്‍ ദ്വീപിലെ അതിപുരാതന ഓങ്കികളിലേക്ക്, സിക്ക് കൂട്ടക്കൊലയിലേക്ക്, വിമാനത്തിന്റെ ചക്രയറയില്‍ അതിശൈത്യത്തില്‍ ഉറഞ്ഞ മനുഷ്യജീവനുകളിലേക്ക്, പലായനമുറിവുകളിലേക്ക്, ആനക്കമ്പത്തിലേക്ക്, ശൈശവ നിഷ്‌കളങ്കതയിലേക്ക്, ജന്‍പഥിലെ ഞായറാഴ്ചകളുടെ പരിത്യാഗത്തിലേക്ക്, മാറ്റമ്മമാരുടെ അറിയാ നോവുകളിലേക്ക്. ‘വാസ്ജന’. സ്മിത ആദര്‍ശ്. കറന്റ് ബുക്സ് തൃശൂര്‍. വില 152 രൂപ.

◾ഇന്ത്യയില്‍ ഹൃദയാഘാതം മൂലം പെട്ടെന്ന് മരണപ്പെടുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം വര്‍ധനയുണ്ടായതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2022ല്‍ 56,653 അപ്രതീക്ഷിത മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതെന്ന് എന്‍സിആര്‍ബി കഴിഞ്ഞ ദിവസം പുറത്തു വിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ 32,457 മരണങ്ങളും ഹൃദയാഘാതം മൂലമായിരുന്നു. 2021ലെ 28,413 ഹൃദയാഘാത മരണങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 12.5 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇത്. 2021ല്‍ 50,773 അപ്രതീക്ഷിത മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 2022ലെ 56,653 അപ്രതീക്ഷിത മരണങ്ങളില്‍ 47,406 പേര്‍ പുരുഷന്മാരും 9243 പേര്‍ സ്ത്രീകളുമായിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. ഇവരില്‍ 19,456 പേര്‍ 45-60 പ്രായവിഭാഗത്തിലുള്ളവരും 16,808 പേര്‍ 30-45 പ്രായവിഭാഗത്തില്‍പ്പെട്ടവരുമാണ്. 6819 പേര്‍ 18-30 പ്രായവിഭാഗത്തില്‍ മരണപ്പെട്ടപ്പോള്‍ 60ന് മുകളില്‍ പ്രായമുള്ള 11,714 പേരാണ് അപ്രതീക്ഷിതമായി മരണപ്പെട്ടത്. 14-18 പ്രായവിഭാഗത്തില്‍ 838 പേരും 14 വയസ്സില്‍ താഴെയുള്ളവരില്‍ 1025 പേരും അപ്രതീക്ഷിത മരണത്തിനിരയായി. കോവിഡ് മഹാമാരി ഹൃദയാഘാത മരണങ്ങള്‍ വര്‍ദ്ധിച്ചതിനു പിന്നിലെ കാരണങ്ങളിലൊന്നാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതേ സമയം വാക്‌സിനേഷനും ഇത്തരം മരണങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് ന്യൂഡല്‍ഹി എയിംസിലെ ഹൃദ്രോഗ വിദഗ്ധന്‍ പറയുന്നു. സമ്മര്‍ദ്ദം, പുകവലി, അലസമായ ജീവിതശൈലി, അമിതവണ്ണം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, അനിയന്ത്രിതമായ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയെല്ലാം ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്ന മറ്റ് ഘടകങ്ങളാണ്.

ശുഭദിനം

അയാള്‍ രണ്ടുമൂന്ന് ദിവസമായി ഒരു ജോലിക്ക് വേണ്ടി അലയുന്നു. മൂന്നാം ദിവസം വൈകുന്നേരം നടക്കുമ്പോള്‍ മൂന്ന് ചാക്കുകെട്ടുകളുമായി ഒരു വൃദ്ധന്‍ സഹായം ചോദിച്ചു. ഇതില്‍ രണ്ടെണ്ണം ഞാനെടുക്കാം. ഒരെണ്ണം താങ്കളെടുക്കാമോ? വൃദ്ധന്‍ ചോദിച്ചു. അയാള്‍ സമ്മതിച്ചു. നടക്കുന്നതിനിടയില്‍ വയോധികന്‍ ചോദിച്ചു: നിങ്ങള്‍ ആ ചാക്കിലുള്ള നാണയങ്ങളുമായി ഓടിപ്പോകുമോ? അയാള്‍ അത് നിഷേധിച്ചു. നദീതീരത്തെത്തിയപ്പോള്‍ അയാള്‍ രണ്ടാമത്തെ ചാക്ക് കൂടി അയാള്‍ക്ക് കൊടുത്തു. എന്നിട്ട് പറഞ്ഞു: എനിക്ക് ഈ രണ്ടുചാക്കും എടുക്കാന്‍ വയ്യ. ഈ വെള്ളിനാണയത്തിന്റെ ചാക്കുകൂടി താങ്കള്‍ പിടിച്ചോളൂ. അപ്പോള്‍ വൃദ്ധന്‍ പഴയ ചോദ്യം ചോദിച്ചു. അപ്പോഴും അയാള്‍ ഒന്നും പറഞ്ഞില്ല. കുറച്ചുകൂടി നടന്നപ്പോള്‍ വൃദ്ധന്‍ മൂന്നാമത്തെ ചാക്ക് കൂടി കൊടുത്തു. ഇത് സ്വര്‍ണ്ണനാണയങ്ങള്‍ അടങ്ങിയ ചാക്കാണ് ഇത് കൂടി താങ്കള്‍ പിടിക്കണേ. അയാള്‍ കുറച്ച് നേരം ആ ചാക്കുകള്‍ എടുത്ത് നടന്നു. പിന്നെ വൃദ്ധനെ കബളിപ്പിച്ച് ഓടി. വീട്ടിലെത്തിയ അയാള്‍ ചാക്ക് തുറന്ന് നോക്കിയപ്പോള്‍ അതില്‍ മണ്ണുകൊണ്ടുണ്ടാക്കിയ നാണയരൂപങ്ങള്‍ മാത്രം. കൂടെ ഒരു കുറിപ്പും. രാജ്യത്തു സത്യസന്ധനായ ധനകാര്യമന്ത്രിയെ കണ്ടെത്താനുള്ള ശ്രമമായിരുന്ന് അത്. താങ്കള്‍ പരാജയപ്പെട്ടിരിക്കുന്നു… അന്തസ്സ് എന്നും നിലനിര്‍ത്തണം. പരീക്ഷണങ്ങള്‍ എപ്പോഴാണ് പ്രത്യക്ഷപ്പെടുകയെന്ന് അറിയില്ല. പുറം മോടികളെല്ലാം പ്രതികൂലകാലാവസ്ഥയില്‍ അഴിഞ്ഞുവീഴും. അകകാമ്പുണ്ടെങ്കില്‍ അഭംഗിയുണ്ടായാലും അടിപതറി വീഴില്ല. ഒരാള്‍ അതിജീവിച്ച പ്രലോഭനങ്ങളെ അളന്നുവേണം ഒരാളുടെ സ്വഭാവവൈശിഷ്ട്യവും മനക്കരുത്തും വിലയിരുത്താന്‍. സാഹസികകര്‍മ്മങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ മനശ്ശക്തിയും ആത്മവിശ്വാസവും വേണം ചെറിയപ്രലോഭനങ്ങളെപോലും അതിജീവിക്കാന്‍. ഏത് പ്രതികൂലകാലാവസ്ഥയിലും അന്തസ്സ് എന്നും കൈവിടാതെ സൂക്ഷിക്കാം .

നല്ലോരു ദിനം ആശംസിക്കുന്നു