ഇ. എസ്. എ, അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പായി ജിയോ കോർഡിനേറ്റുകൾ വനാതിർത്തികളിൽ ഭൂമിയിൽ കൃത്യമായി മാർക്ക് ചെയ്തു കൃഷിഭൂമിയും ജനവാസ മേഖലയും ഉൾപ്പെട്ടിട്ടില്ല എന്ന് വനാതിർത്തിയിലെ കർഷകരെയും റവന്യൂ ഉദ്യോഗസ്ഥരെയും ബോധ്യപ്പെടുത്താൻ വേണ്ട നടപടികൾ എടുക്കണമെന്ന് അടിപ്പെരണ്ടയിൽ ചേർന്ന കിഫയുടെ യോഗം ആവശ്യപ്പെട്ടു. ബന്ധപ്പെട്ട പഞ്ചായത്ത്, വനം, പരിസ്ഥിതി വകുപ്പ്, അധികാരികൾ ഇക്കാര്യത്തിൽ സർക്കാർ നിർദ്ദേശപ്രകാരമുള്ള കൃഷിസ്ഥലങ്ങളും ജനവാസ മേഖലയും ഒഴിവാക്കാനുള്ള നിർദ്ദേശം പാലിക്കുന്നില്ലെന്നും കിഫ അഭിപ്രായപ്പെട്ടു. ഇ. എസ്. എ. യിൽ ഉൾപ്പെടാത്ത അയിലൂർ, വണ്ടാഴി പഞ്ചായത്തുകളിൽ പെട്ട കൃഷി സ്ഥലങ്ങൾ ഇ. എസ്. എ. അന്തിമ വിജ്ഞാപനവുമായി ബന്ധപ്പെട്ട് സർക്കാർ കഴിഞ്ഞദിവസം പുറപ്പെടുവിച്ച മാപ്പിൽ വനം വകുപ്പ് ഉൾപ്പെടുത്തിയതായി ഈ മേഖലയിലെ കർഷകർ പരാതിപ്പെട്ടു. പരാതിയുമായി വനംവകുപ്പിനെ സമീപിച്ച കർഷകരോട് ഏരിയൽ മാപ്പിങ് ആയതുകൊണ്ട് സംഭവിച്ച പിഴവാണ് ഭയപ്പെടേണ്ടതില്ല എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അടിപ്പരണ്ട വ്യാപാരഭവനിൽ കിഫ യുടെ നേതൃത്വത്തിൽ നടന്ന വണ്ടാഴി, അയിലൂർ, കിഴക്കഞ്ചേരി, മുതലമട പഞ്ചായത്തിലെ കർഷക പ്രതിനിധികളുടെ സംയുക്ത യോഗം കൃഷിഭൂമിയിലേക്കുള്ള വനംവകുപ്പിന്റെ ഈ കൈയേറ്റ ശ്രമത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കിഫ പാലക്കാട് ജില്ലാ സെക്രട്ടറി, അബ്ബാസ് ഒറവഞ്ചിറ അധ്യക്ഷനായ യോഗത്തിൽ. ജില്ലാ ട്രഷറർ രമേശ് ചെവക്കുളം, റിസർച്ച് സെൽ മേധാവി ഡോ.സിബി സക്കറിയാസ്, ബെന്നി ജോർജ്, സന്തോഷ് അരിപ്പാറ, ഹുസൈൻ കുട്ടി തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. അടിപ്പെരണ്ടയിൽ കിഫയുടെ നേതൃത്വത്തിൽ വണ്ടാഴി, അയിലൂർ, കിഴക്കഞ്ചേരി, മുതലമട പഞ്ചായത്തു കളിലെ കർഷക പ്രതിനിധികളുടെ സംയുക്ത യോഗമാണ് നടന്നത്.