ഇന്നത്ത വാർത്തകൾ ചുരുക്കത്തിൽ.
◾മണിപ്പൂര്‍ വിഷയം പാര്‍ലമെന്റ് നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം. ചര്‍ച്ചയാവാമെന്ന് ഭരണപക്ഷം. ഇരുപക്ഷവും തമ്മിലുള്ള തര്‍ക്കവും ബഹളവുംമൂലം പാര്‍ലമെന്റ് നടപടികള്‍ ഉച്ചവരെ സ്തംഭിച്ചു.
◾ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പാക്കേണ്ടെന്നു ബിജെപി കേന്ദ്ര നേതൃത്വം. 2024 ലോക്സഭ തെരഞ്ഞെടുപ്പിനു മുന്‍പ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കില്ല. വിഷയം സങ്കീര്‍ണമായതിനാല്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പിലും വിഷയം സജീവ ചര്‍ച്ചയാക്കി നിലനിര്‍ത്താനാണു തീരുമാനം.
◾മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും സ്പീക്കറും ഗവര്‍ണറുമായിരുന്ന വക്കം പുരുഷോത്തമന്‍ അന്തരിച്ചു. 96 വയസ് ആയിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. ത്രിപുരയിലും മിസോറമിലും ഗവര്‍ണറും ആന്‍ഡമാനില്‍ ലഫ്. ഗവര്‍ണറുമായിരുന്നു. അഞ്ച് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വക്കം മൂന്നു തവണ മന്ത്രിയായി. രണ്ട് ടേം ലോക്സഭാംഗമായിരുന്നു. രണ്ടു തവണകളിലായി ഏറ്റവുമധികംകാലം കേരളത്തില്‍ നിയമസഭാ സ്പീക്കറുടെ പദവി വഹിച്ച റെക്കോഡും വക്കം പുരുഷോത്തമന്റെ പേരിലായിരുന്നു.
◾കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയ വര്‍ഗീസിനെ നിയമിച്ചതു ശരിവച്ച ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് സുപ്രീംകോടതി. ഹൈക്കോടതി വിധി ഒരു പരിധി വരെ തെറ്റാണ്. എന്നാല്‍ നിയമനത്തില്‍ തല്ക്കാലം ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിയമനത്തിനെതിരെ യുജിസിയും ജോസഫ് സ്‌കറിയയും നല്കിയ ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതി ഇങ്ങനെ പ്രതികരിച്ചത്.
◾പിവി അന്‍വറിനെതിരായ മിച്ച ഭൂമി കേസില്‍ അന്‍വറിന്റെ കൈവശമുള്ള അധിക ഭൂമിയുടെ കൂടുതല്‍ തെളിവുകള്‍ പരാതിക്കാര്‍ ലാന്‍ഡ് ബോര്‍ഡിനു കൈമാറി. ഇതുവരെ ലാന്‍ഡ് ബോര്‍ഡിന് കൈമാറിയത് 46.83 ഏക്കര്‍ ഭൂമിയുടെ രേഖകളാണ്. 34.37 ഏക്കര്‍ അധിക ഭൂമിയുടെ രേഖകളാണ് ഇന്ന് താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് സിറ്റിംഗില്‍ കൈമാറിയത്.
◾ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. 3500 യന്ത്രവല്‍കൃത ബോട്ടുകള്‍ മീന്‍ പിടിക്കാന്‍ കടലിലിറക്കും. മഴ കുറഞ്ഞത് മത്സ്യ ലഭ്യത കുറയ്ക്കുമെന്ന ആശങ്കയിലാണു മല്‍സ്യത്തൊഴിലാളികള്‍.
◾സിപിഎം നേതാവ് ടികെ ഹംസ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവക്കുന്നു. നാളെ വഖഫ് ബോര്‍ഡ് യോഗം ചേരാനിരിക്കെയാണ് രാജി പ്രഖ്യാപനം. ഒന്നരവര്‍ഷം കാലാവധി ബാക്കി നില്‍ക്കെയാണ് രാജി. വഖഫ് ബോര്‍ഡില്‍ പല കാര്യങ്ങളിലും വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാനുമായി ഭിന്നതകളുള്ളതിനാലാണു രാജി. എന്നാല്‍ പ്രായമാകുകയും അനാരോഗ്യം വര്‍ധിക്കുകയും ചെയ്തതിനാലാണു മാറി നില്‍ക്കുന്നതെന്ന് ഹംസ.
◾ഡിജിപി ടോമിന്‍ ജെ തച്ചങ്കരി വിരമിച്ചു. മഹാഭാരതത്തിലെ കര്‍ണനെപ്പോലെയാണു താനെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. പല തവണ പഴി കേട്ടിട്ടും പ്രലോഭനങ്ങളില്‍ വീഴാതെ കര്‍ണന്‍ മുന്നോട്ടു പോയെന്ന് അദ്ദേഹം പറഞ്ഞു. എസ്എപി ക്യാമ്പ് ഗ്രൗണ്ടിലെ യാത്രയയപ്പു പരേഡില്‍ പാട്ടുപാടിക്കൊണ്ടാണ് ടോമിന്‍ തച്ചങ്കരി വിടവാങ്ങിയത്.
◾തൃപ്രയാറില്‍ പുക പരിശോധനാ കേന്ദ്രം അനുവദിക്കാന്‍ അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി. എംവിഐ സിഎസ് ജോര്‍ജാണ് അറസ്റ്റിലായത്. കൈക്കൂലി വാങ്ങിയത് ഏജന്റായിരുന്നു. ആദ്യം ഏജന്റിനെ അറസ്റ്റുചെയ്ത വിജിലന്‍സ് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു ജോര്‍ജ്ജിനെ പിടികൂടിയത്.
◾സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ എന്‍എസ്എസ്. ഹൈന്ദവ ആരാധന മൂര്‍ത്തിയായ ഗണപതിക്കെതിരായ സ്പീക്കറുടെ പരാമര്‍ശം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണ്. മാപ്പു പറയുന്നില്ലെങ്കില്‍ സ്പീക്കര്‍ സ്ഥാനത്തു തുടരാന്‍ ഷംസീറിന് അര്‍ഹതയില്ലെന്നും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു.
◾ഗണപതി പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിനു തെറ്റു പറ്റിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദന്‍. മിത്തുകളെ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റരുത്. സങ്കല്പങ്ങളെ സ്വപ്നങ്ങളെപോലെ കാണണം. ഷംസീര്‍ മാപ്പു പറയണമെന്ന പ്രചാരണത്തിനോട് സിപിഎമ്മിന് യോജിപ്പില്ല. ഗോവിന്ദന്‍ പറഞ്ഞു.
◾രണ്ടു ലക്ഷം രൂപ വായ്പ വാഗ്ദാനം ചെയ്ത് വീട്ടമ്മയില്‍നിന്ന് ഓണ്‍ലൈനിലൂടെ 64,000 രൂപ തട്ടിയെടുത്ത വിരുതന്മാരെ പോലീസ് തെരയുന്നു. ചെന്നിത്തല തൃപ്പെരുന്തുറ തെക്കുംമുറി പാറയില്‍ പുത്തന്‍ വീട്ടില്‍ രമ്യ (40)യാണ് പരാതി നല്‍കിയത്. ഫേസ്ബുക്കില്‍ ഉടനടി ലോണ്‍ എന്ന പരസ്യം കണ്ട് വായ്പ ആവശ്യപ്പെട്ടപ്പോള്‍ വായ്പയ്ക്കുള്ള ലിങ്ക് എന്ന പേരില്‍ തട്ടിപ്പു ലിങ്ക് അയച്ചു കൊടുത്തു. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പിയും നല്‍കി. പാസായ പണം കൈപ്പറ്റാന്‍ പതിനായിരം രൂപയും പിന്നീട് ബാക്കി തുകയും അടപ്പിച്ചാണ് പണം തട്ടിയെടുത്തത്.
◾പതിനഞ്ചുകാരിക്കു കള്ള് നല്‍കിയ ഷാപ്പിന്റെ ലൈസന്‍സ് എക്സൈസ് റദ്ദാക്കി. വാടാനപ്പള്ളി തമ്പാന്‍കടവ് കള്ള് ഷാപ്പിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്. പറവൂര്‍ സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് ഷാപ്പ്. ആണ്‍ സുഹൃത്തിനൊപ്പമെത്തിയ 15 കാരി ഷാപ്പില്‍ കയറി മദ്യപിച്ചിരുന്നു. സ്നേഹതീരം ബീച്ചില്‍ പൊലീസ് പരിശോധനയില്‍ പിടിയിലായപ്പോഴാണ് മദ്യപിച്ചെന്ന് മനസിലാക്കി പോലീസ് നടപടിയെടുത്തത്.
◾വലിയതുറയിലും വിമാനത്താവള പരിസരത്തും തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നു കുഴിച്ചുമൂടി. പീപ്പിള്‍ ഫോര്‍ അനിമല്‍സ് തിരുവനന്തപുരം എന്ന സംഘടനയാണ് പരാതിപ്പെട്ടത്. എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതരുടെ നിര്‍ദേശമനുസരിച്ചാണ് നായ്ക്കളെ പിടികൂടി കൊന്നു കുഴിച്ചുമൂടിയതെന്നാണ് ആരോപണം.
◾അത്യാസന്ന നിലയിലായ രോഗിയുമായി ആശുപത്രിയിലേക്കു പോകുകയായിരുന്ന ആംബുലന്‍സ് സമരക്കാരെ നേരിടാന്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡിനു മുന്നില്‍ കുടുങ്ങി. കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന് മുന്നിലെ റോഡിന് കുറുകെ സ്ഥാപിച്ച ബാരിക്കേഡാണ് ആംബുലന്‍സിനു വഴിമുടക്കിയത്. ആംബുലന്‍സ് വളഞ്ഞ വഴിയിലൂടെ ആശുപത്രിയിലേക്കി പോയി.
◾വീടിനു മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഗൃഹനാഥനെ മര്‍ദിക്കുകയും കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. കാറില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചതിന്റെ വീഡിയോ ചിത്രീകരിച്ച പെണ്‍കുട്ടിക്കു നേരെ പെട്രോള്‍ വീശി എറിഞ്ഞു. വിളവൂര്‍ക്കല്‍ പഞ്ചായത്ത് ഓഫീസിനു സമീപം ലേഖ നിവാസില്‍ വാടകക്ക് താമസിക്കുന്ന റീനയുടെ കാറാണ് തകര്‍ത്തത്. ഇവരുടെ വീടിന്റെ രണ്ടാമത്തെ നിലയില്‍ വാടകയ്ക്കു താമസിക്കുന്നവരാണ് കാറിന്റെ ചില്ല് അടിച്ചു തകര്‍ത്ത ശേഷം കത്തിച്ചത്.
◾ആലുവായില്‍ കൊല്ലപ്പെട്ട കുട്ടിയുടെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ പൂജാരിമാര്‍ വിസമ്മതിച്ചെന്ന് ആരോപിച്ച ചാലക്കുടി സ്വദേശി രേവദ് ബാബുവിനെതിരെ കലാപാഹ്വാനത്തിനു കേസെടുക്കണമെന്നു പരാതി. ആലുവ സ്വദേശി അഡ്വ. ജിയാസ് ജമാലാണ് പരാതി നല്‍കിയത്. ഇതേസമയം, പൂജാരിമാര്‍ വിസമ്മതിച്ചെന്ന തന്റെ ആരോപണം പിന്‍വലിച്ചു മാപ്പു ചോദിക്കുകയാണെന്ന് രേവദ് ബാബു.
◾ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് സംസ്ഥാന വനിത ശിശു വികസന വകുപ്പ് ഒരു ലക്ഷം രൂപ അടിയന്തര ആശ്വാസമായി അനുവദിച്ചെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
◾ആലുവയില്‍ പീഡിപ്പിച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസ് യഥാസമയം അന്വേഷണം നടത്തിയില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ആലുവയില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
◾ആലുവ കൊലപാതകക്കേസിലെ പ്രതിയെ യുപി മാതൃകയില്‍ കൈകാര്യം ചെയ്യണമെന്നു ചിലര്‍ പ്രചരിപ്പിക്കുന്നത് കേരളത്തെ യു പി യുമായി താരതമ്യം ചെയ്ത് യുപി യെ വെള്ള പൂശാനാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഓരോ മൂന്നു മണിക്കൂറിലും ബലാത്സംഗം നടക്കുന്ന സംസ്ഥാനമാണ് യുപി. യു പി യില്‍ പോലീസ് ഏറ്റുമുട്ടല്‍ നിത്യ സംഭവമാണ്. അദ്ദേഹം പറഞ്ഞു.
◾പീഡന സാധ്യത മനസിലായാല്‍ അക്രമിയെ കൊല്ലാന്‍ പെണ്‍കുട്ടിക്ക് അവകാശമുണ്ടെന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് പൊലീസ്. ഡിജിപിയുടെ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജപ്രചരണം നടക്കുന്നത്. ഇത്തരം വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് പൊലീസ് വ്യക്തമാക്കി.
◾ട്രിച്ചി – ഷാര്‍ജ എയര്‍ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. സാങ്കേതിക തകരാര്‍ കണ്ടതിനാലാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്.
◾സ്‌കൂട്ടറിന്റെ മുന്നില്‍ നിന്നുകൊണ്ടു യാത്രചെയ്യവേ, സഡണ്‍ ബ്രേക്കിട്ടപ്പോള്‍ സ്‌കൂട്ടറിന്റെ ഹാന്‍ഡില്‍ നെഞ്ചില്‍ കൊണ്ട് അഞ്ചര വയസുകാരന്‍ മരിച്ചു. പത്തനംതിട്ട സീതത്തോട് കക്കാട് പവര്‍ഹൗസിനു സമീപമായിരുന്നു അപകടം. അമ്മയ്ക്കും സഹോദരനും ഒപ്പം സ്‌കൂട്ടറില്‍ സ്‌കൂളിലേക്കു പോയ കൊച്ചുകോയിക്കല്‍ സ്വദേശി സതീഷിന്റെ മകന്‍ എസ്. കൗശിക് ആണ് മരിച്ചത്.
◾കോന്നിയില്‍ ബിജെപി പ്രവര്‍ത്തകനായ ഹോട്ടലുടമയെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റിപ്പബ്ലിക്കല്‍ സ്‌കൂളിന് സമീപത്തെ കൃഷ്ണ ഹോട്ടല്‍ ഉടമ അഭിലാഷ് (43) ആണ് മരിച്ചത്.
◾കാന്തല്ലൂരില്‍ എട്ടു ദിവസം മുമ്പു കാണാതായ റിസോര്‍ട്ട് ജീവനക്കാരനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാന്തല്ലൂര്‍ പുത്തൂര്‍ മുരുകന്‍ (52) ആണ് മരിച്ചത്. പുത്തൂര്‍ ഗ്രാമത്തിനു സമീപമുള്ള റിസോര്‍ട്ടില്‍ ജോലി ചെയ്തിരുന്ന മുരുകനെ ഈ മാസം 22 നാണ് കാണാതായത്. വിവരം റിസോര്‍ട്ട് ഉടമ അദ്ദേഹത്തിന്റെ മക്കളെ അറിയിച്ചിരുന്നു.
◾ചാരുംമൂട് ഇര്‍ഷാദ് കൊലക്കേസിലെ പ്രതി പ്രമോദിനു ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും ശിക്ഷ. മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്. ഇര്‍ഷാദിന്റെ സുഹൃത്തായിരുന്ന പത്തനാപുരം തച്ചിക്കോട്ട് നായങ്കരിമ്പ് ശശി ഭവനത്തില്‍ പ്രമോദ് 2013 ല്‍ കൊലപ്പെടുത്തിയെന്നാണു കേസ്.
◾വിനോദസഞ്ചാരികളെ ആക്രമിച്ച സംഭവം അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ചതിന് യൂത്ത് കോണ്‍ഗ്രസ് നേതാവും അച്ഛനും അറസ്റ്റില്‍. മാട്ടുപ്പെട്ടി അരുവിക്കാട് ഡിവിഷനില്‍ പി. ഹരിഹരസുതന്‍ (36), അച്ഛന്‍ എം. പരമന്‍ (67) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. തിരുവനന്തപുരം മാണിക്യവിള സ്വദേശികളായ 18 അംഗ സംഘം ഇക്കോ പോയിന്റ് സന്ദര്‍ശിക്കവേ ഗ്രൂപ്പ് ഫോട്ടോ സംബന്ധിച്ച തര്‍ക്കത്തിനിടെ മര്‍ദിച്ചെന്നാണു കേസ്.
◾തെലുങ്ക് നടിയും മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ ജയസുധ ബിജെപിയിലേക്ക്. ശനിയാഴ്ച ജയസുധ തെലങ്കാന ബിജെപി പ്രസിഡന്റ് ജി കിഷന്‍ റെഡ്ഡിയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ തീരുമാനം എടുത്തില്ലെന്നാണ് ജയസുധ പറയുന്നത്.
◾വിസിറ്റിംഗ് വിസയില്‍ ഇന്ത്യയിലെത്തിയ ശ്രീലങ്കന്‍ യുവതി ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്തു. വിഗ്നേശ്വരീയ് ശിവകുമാര എന്ന 25 കാരിയാണ് ആന്ധ്രപ്രദേശിലെ വെങ്കടഗിരികോട്ട സ്വദേശിയായ 28 കാരനെ വിവാഹം ചെയ്തത്. പൊലീസ് യുവതിക്കു നോട്ടീസ് അയച്ചിട്ടുണ്ട്. ഔദ്യോഗികമായി വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്നും ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ വേണ്ട നടപടി ക്രമങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
◾തമിഴ്നാട് മധുരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. കന്യാകുമാരിയില്‍നിന്നു വന്ന കാറിലെ യാത്രക്കാരായ മൂന്നു പേരും ലോറി ഡ്രൈവറുമാണു മരിച്ചത്.
◾തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 47 പാമ്പുകളും രണ്ടു പല്ലികളുമായി വിമാനമിറങ്ങിയ യുവാവിനെ കസ്റ്റംസ് പിടികൂടി. മലേഷ്യയിലെ ക്വലാലമ്പൂരില്‍ നിന്നെത്തിയ മുഹമ്മദ് മൊയ്തീന്‍ എന്ന യാത്രക്കാരനാണ് കുടുങ്ങിയത്.
◾ഓസ്ട്രേലിയന്‍ തീരത്തടിഞ്ഞ അജ്ഞാത വസ്തു ഇന്ത്യ വിക്ഷേപിച്ച പിഎസ്എല്‍വിയുടെ അവശിഷ്ടമെന്ന് ഓസ്ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഐഎസ്ആര്‍ഒയുമായി ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചു.
◾വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ മദ്യപിച്ച് അമ്മയേയും പ്രായപൂര്‍ത്തിയാകാത്ത മകളേയും ശല്യം ചെയ്ത സംഭവത്തില്‍ വിമാനക്കമ്പനിക്കെതിരെ പരാതി. അമേരിക്കയിലെ ഡെല്‍റ്റ എയര്‍ലൈനിനെതിരെ പതിനാറര കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അമ്മയും മകളും കോടതിയെ സമീപിച്ചത്.
◾ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം 2030 ഓടെ 70 ശതമാനം വര്‍ദ്ധിക്കുമെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് റിപ്പോര്‍ട്ട്. 2023 സാമ്പത്തിക വര്‍ഷത്തിലെ 2,450 ഡോളറില്‍ നിന്ന് 2030 സാമ്പത്തിക വര്‍ഷത്തോടെ 4,000 യുഎസ് ഡോളറിലെത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രധാനമായും വളര്‍ച്ചയുടെ ഗതി നിയന്ത്രിക്കുക വിദേശ വ്യാപരമായിരിക്കും. ഇത് ഏകദേശം ഇരട്ടിയാകാന്‍ സാധ്യതയുണ്ട്. 2023 സാമ്പത്തിക വര്‍ഷത്തിലെ 1.2 ട്രില്യണ്‍ ഡോളറില്‍ നിന്ന് 2030 ഓടെ 2.1 ട്രില്യണ്‍ ഡോളറായി ഇത് ഉയരും. കൂടാതെ, ഗാര്‍ഹിക ഉപഭോഗവും പ്രധാന പങ്ക് വഹിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഗാര്‍ഹിക ഉപഭോഗം ഇപ്പോള്‍ ജി.ഡി.പിയുടെ 57 ശതമാനമാണ്. നിലവില്‍ 2.1 ട്രില്യണ്‍ ഡോളറുള്ള ഗാര്‍ഹിക ഉപഭോഗം 2030 സാമ്പത്തിക വര്‍ഷത്തോടെ 3.4 ട്രില്യണ്‍ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷ. ആളോഹരി വരുമാനത്തില്‍ 4,000 ഡോളര്‍ ഉള്ള ഉയര്‍ന്ന ഇടത്തരം വരുമാനമുള്ളതായി ഒമ്പത് സംസ്ഥാനങ്ങള്‍ വളരുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു, നിലവില്‍ പ്രതിശീര്‍ഷ വരുമാന പട്ടികയില്‍ 2,75,443 രൂപ (3,360 ഡോളര്‍)യുമായി തെലങ്കാനയാണ് മുന്നില്‍. കര്‍ണാടക (2,65,623 രൂപ), തമിഴ് നാട് (2,41,131 രൂപ), കേരളം (2,30,601 രൂപ), ആന്ധ്രാപ്രദേശ് (2,07,771 രൂപ) എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്. എന്നാല്‍ 2030 ഓടെ പ്രതിശീര്‍ഷ വരുമാനത്തില്‍ ഗുജറാത്ത് മുന്നിലെത്തുമെന്നും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ഹരിയാന, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളായിരിക്കും തൊട്ടുപിന്നിലുണ്ടാകുക.
◾സ്മാര്‍ട് വാച്ചുകള്‍ക്ക് പിന്നാലെ ഹെല്‍ത്ത് മോണിട്ടറിങിനായി സ്മാര്‍ട്ട് മോതിരവും. ഈ ഉപകരണങ്ങള്‍ക്ക് ഉപഭോക്താവിന്റെ ആരോഗ്യം സംബന്ധിച്ച പല വിവരങ്ങളും സൂക്ഷ്മമായി ശേഖരിക്കാന്‍ സാധിക്കും. ചില സ്മാര്‍ട്ട് റിങ് മോഡലുകളില്‍ എന്‍എഫ്‌സി പോലുള്ള നൂതന സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഇന്നു ലഭ്യമായതില്‍ വച്ച് ഏറ്റവും മികച്ച മോതിരം വില്‍ക്കുന്നത് അള്‍ട്രാഹ്യൂമന്‍ എന്ന കമ്പനിയാണ്. ഈ മോതിരത്തിന് ഏകദേശം 21,000 രൂപ വില വരും. വില കുറഞ്ഞ മോതിരങ്ങളും വിപണിയില്‍ ലഭ്യമാണ്. മാവിസ് ലേവ് ആണ് മറ്റൊരു കമ്പനി. ഏകദേശം 600 രൂപയ്ക്കു വരെ കമ്പനിയുടെ സ്മാര്‍ട്ട് മോതിരങ്ങള്‍ ലഭിക്കും. കലന്‍ഡിസ് കമ്പനിയുടെ മോതിരങ്ങള്‍ക്ക് ഏകദേശം 700 രൂപ വില നല്‍കണം. ആബോ ആണ് മറ്റൊരുകമ്പനി. പ്രീമിയം മോതിരം കാറ്റഗറിയില്‍ വരുന്ന ഇവയ്ക്ക് 19,000 രൂപ വരെ വില വരുന്ന മോഡലുകളുണ്ട്. ജാര്‍ബ് കമ്പനിയുടെ മോതിരത്തിന് എംആര്‍പി 10,000 രൂപയ്ക്കു മുകളിലാണ്. പൈ എന്ന കമ്പനിയുടെ മോതിരത്തിന് 5,999 രൂപയാണ് വില. വിരലിന്റെ വലിപ്പത്തിന് അനുസരിച്ചുള്ള മോതിരം കിട്ടിയെങ്കില്‍ മാത്രമെ അത് ഹെല്‍ത് ട്രാക്കിങിന് ഉപകരിക്കൂ. മോതിരങ്ങള്‍ വാട്ടര്‍ പ്രൂഫ് ആണോ എന്നു നോക്കി തന്നെ വാങ്ങുന്നതാണ് നല്ലത്.
◾ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ‘ചാവേര്‍’ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് മോഷന്‍ പോസ്റ്ററും പുറത്തിറങ്ങി. ചിത്രത്തില്‍ ചാക്കോച്ചന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ ഒന്നിക്കുന്നു. ഏറെ ആകാംക്ഷയും ദുരൂഹതകളും നിറച്ചെത്തിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും തീ പാറുന്ന രംഗങ്ങളുമായി എത്തിയ ടീസറും പ്രേക്ഷകരുടെ പ്രതീക്ഷ ഇരട്ടിപ്പിച്ചിരുന്നു. ചാവേറിലെ മറ്റ് കൂടുതല്‍ കഥാപാത്രങ്ങളും എത്തുന്ന ഈ മോഷന്‍ പോസ്റ്ററില്‍ പിരിമുറുക്കത്തിന്റെറെ വേരുകള്‍ വരിഞ്ഞു മുറുക്കുന്ന ഒരു തീമാണ് പ്രേക്ഷകര്‍ക്ക് മുന്നിലുള്ളത്. മനോജ് കെ യു, അനുരൂപ്, സജിന്‍, ജോയ് മാത്യു, ദീപക് പറമ്പോല്‍, അരുണ്‍ നാരായണ്‍, സംഗീത മാധവന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഓണം റിലീസായിട്ട് ആണ് ചിത്രം തീയറ്ററുകളില്‍ എത്തും. സംവിധായകനും നടനുമായ ജോയ് മാത്യുവാണ് തിരക്കഥ രചിക്കുന്നത്. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
◾ഇന്ത്യയില്‍ 2.5 ദശലക്ഷം കാറുകള്‍ ഉത്പാദിപ്പിച്ചെന്ന നാഴികകല്ല് പിന്നിട്ട് റെനോ നിസാന്‍ സഖ്യം. ചെന്നൈയിലെ പ്ലാന്റില്‍ പ്രതിവര്‍ഷം ശരാശരി 1.92 ലക്ഷം റെനോ, നിസാന്‍ കാറുകളാണ് നിര്‍മ്മിച്ചത്. ഇത് ഓരോ മൂന്ന് മിനിറ്റിലും ഒരു കാറിന് തുല്യമാണ്. പ്രവര്‍ത്തനമാരംഭിച്ചതിനുശേഷം മൊത്തത്തില്‍, റെനോയിലും നിസ്സാനിലുമുള്ള 20 മോഡലുകളുടെ കാറുകള്‍ പ്ലാന്റ് നിര്‍മ്മിച്ചു. ഇന്ത്യന്‍ വിപണിയിലേക്ക് വാഹനങ്ങള്‍ നിര്‍മ്മിക്കുക മാത്രമല്ല ചെന്നൈയിലെ ഒറഗഡത്തെ നിര്‍മ്മാണ കേന്ദ്രത്തില്‍ ചെയ്യുന്നത്. ചെന്നൈയിലെ കാമരാജര്‍ തുറമുഖം വഴി ഇവിടെ നിര്‍മ്മിച്ച 1.15 ലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്യുകയും ചെയ്തു. മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങള്‍, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, തെക്ക്-കിഴക്കന്‍ ഏഷ്യ, സാര്‍ക്ക് രാജ്യങ്ങള്‍, സബ്-സഹാറന്‍ ആഫ്രിക്ക എന്നിവിടങ്ങളിലെ വിപണികള്‍ ഉള്‍പ്പെടുന്ന 108 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്തു. ഈ വര്‍ഷം ആദ്യം, റെനോ നിസ്സാന്‍ അലയന്‍സ് ഇന്ത്യയില്‍ 5,300 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു . രണ്ട് സമ്പൂര്‍ണ വൈദ്യുത വാഹനങ്ങള്‍ ഉള്‍പ്പെടെ ആറ് പുതിയ വാഹനങ്ങളുടെ നിര്‍മ്മാണത്തിലേക്കാണ് ഇപ്പോള്‍ ഈ സഖ്യത്തിന്റെ പദ്ധതികള്‍.
◾കഴുത്തിനെയും തലയെയും ബാധിക്കുന്ന ഹെഡ് ആന്‍ഡ് നെക്ക് അര്‍ബുദ കേസുകളുടെ എണ്ണത്തില്‍ 2040 ഓടു കൂടി 50-60 ശതമാനം വര്‍ധനയുണ്ടാകാമെന്ന് ഇന്റര്‍നാഷനല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ 60 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഈ അര്‍ബുദം കൂടുതലായി കാണപ്പെടുന്നത്. അറുപതുകളിലും എഴുപതുകളിലുമുള്ളവരാണ് ഇതിന്റെ ഇരകളില്‍ പലതും. എന്നാല്‍ 20-50 പ്രായവിഭാഗങ്ങളില്‍ 24.2 മുതല്‍ 33.5 ശതമാനം വരെ വര്‍ധന ഈ അര്‍ബുദത്തിന്റെ കാര്യത്തില്‍ ഉണ്ടാകാം. മാറുന്ന ജീവിതശൈലി, പുകവലി, പുകയില ഉപയോഗം, മദ്യപാനം, പോഷണക്കുറവ് എന്നിവയാണ് കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. പുകയിലയും മദ്യവും അമിതമായി ഉപയോഗിക്കുന്നവരില്‍ ഹെഡ് ആന്‍ഡ് നെക്ക് അര്‍ബുദത്തിനുള്ള സാധ്യത 35 ശതമാനം അധികമാണ്. വൈറ്റമിന്‍ എ, സി,ഇ, അയണ്‍, സെലീനിയം, സിങ്ക് എന്നിവയുടെ ഭക്ഷണത്തിലെ അപര്യാപ്തതയും ഉയര്‍ന്ന അളവില്‍ ഉപ്പ് ചേര്‍ത്ത ഭക്ഷണത്തിന്റെയും ഗ്രില്‍ഡ് ബാര്‍ബിക്യൂ മാംസത്തിന്റെയും തണുപ്പിച്ചതും സംസ്‌കരിച്ചതുമായ ഭക്ഷണത്തിന്റെയും അമിത ഉപയോഗവും അര്‍ബുദ സാധ്യത വര്‍ധിപ്പിക്കാം. വായു മലിനീകരണം, അമിതമായ സൂര്യതാപമേല്‍ക്കുന്നത്, എച്ച്പിവി, ഇബിവി, ഹെര്‍പിസ്, എച്ച്ഐവി തുടങ്ങിയ ചില വൈറസുകള്‍ എന്നിവയും അര്‍ബുദത്തിലേക്ക് നയിക്കാം. ഉണങ്ങാത്ത മുറിവുകള്‍, അസാധാരണ വളര്‍ച്ചകള്‍, ശബ്ദത്തിലെ വ്യതിയാനം, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ഹെഡ് ആന്‍ഡ് നെക്ക് അര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്. മോശം പ്രതിരോധശേഷിയുള്ളവരില്‍ ഈ അര്‍ബുദം വരാനുള്ള സാധ്യത 500 മുതല്‍ 700 മടങ്ങ് കൂടുതലാണ്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.27, പൗണ്ട് – 105.73, യൂറോ – 90.65, സ്വിസ് ഫ്രാങ്ക് – 94.49, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.04, ബഹറിന്‍ ദിനാര്‍ – 218.27, കുവൈത്ത് ദിനാര്‍ -267.83, ഒമാനി റിയാല്‍ – 213.71, സൗദി റിയാല്‍ – 21.93, യു.എ.ഇ ദിര്‍ഹം – 22.40, ഖത്തര്‍ റിയാല്‍ – 22.60, കനേഡിയന്‍ ഡോളര്‍ – 62.15.
എൻ്റെ മലയാളം ന്യൂസ്
വാർത്ത ഗ്രൂപ്പിൽ അംഗമാകുക.
https://chat.whatsapp.com/CZu5uKeIf8h0Xaa0FeQwyS