പ്രഭാത വാർത്തകൾ*

🔘🔘🔘🔘🔘🔘🔘🔘🔘🔘

 വാർത്തകൾ വിരൽത്തുമ്പിൽ

   *

2024 | ഏപ്രിൽ 18 | വ്യാഴം | 1199 | മേടം 5 | ആയില്യം l 1445 l ശവ്വാൽ 09
➖➖➖➖➖➖➖➖

◾ രാഹുല്‍ ഗാന്ധിക്ക് ഇരട്ടത്താപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ കുറ്റം പറയുന്ന രാഹുല്‍, കേരളത്തിലെ മുഖ്യമന്ത്രിയെ കേന്ദ്ര ഏജന്‍സികള്‍ ജയിലിലടയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും രാഹുല്‍ ഗാന്ധിയുടെ ഇരട്ടത്താപ്പാണ് ഇത് കാണിക്കുന്നതെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. ഇതേ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും കേന്ദ്ര ഏജന്‍സികള്‍ എന്തെങ്കിലും നടപടി തുടങ്ങിയാല്‍ മോദി തെറ്റ് ചെയ്തെന്ന് പറയുമെന്നും ത്രിപുരയിലെ ബി ജെ പി റാലിയ്ക്കിടെ പറഞ്ഞു.

◾ പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റ് നേതാവല്ലെന്നും മോദിയെ പിന്തുണക്കുന്ന വര്‍ഗീയവാദിയാണെന്നും തെലങ്കാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രേവന്ദ് റെഡ്ഡി. പിണറായി പിന്തുണക്കുന്നത് ആനി രാജയെയല്ല. അദ്ദേഹം രഹസ്യമായി നരേന്ദ്ര മോദിയുമായി ധാരണയുണ്ടാക്കി സുരേന്ദ്രനെയാണ് പിന്തുണക്കുന്നത്. അദ്ദേഹം സ്വന്തം പാര്‍ട്ടിയേയും സ്വന്തം ജനങ്ങളേയും വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും ഇ.ഡി. കേസ് ഉള്ളിടത്തോളംകാലം പിണറായി വിജയന് എല്‍.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും വയനാട് മത്സരിക്കുന്ന രാഹുല്‍ ഗാന്ധിക്ക് വേണ്ടി മേപ്പാടിയില്‍ പ്രചാരണത്തിനെത്തിയ രേവന്ദ് റെഡ്ഡി പറഞ്ഞു.

◾ ബിജെപിയുടെ സീറ്റ് ഇത്തവണ കേരളത്തില്‍ രണ്ടക്കം കടക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ റബ്ബര്‍ കര്‍ഷകരുടെ പ്രശ്നം പരിഹരിക്കും. യുഡിഎഫിനും എല്‍ഡിഎഫിനും ഇരട്ട മുഖമാണ്, കേരളത്തില്‍ പോരാടിക്കുന്നവര്‍ തമിഴ്നാട്ടില്‍ ഒന്നാണെന്നും അദ്ദേഹം പരിഹസിച്ചു.

◾ മോദിയും യോഗിയും സ്വന്തമെന്ന് കണക്കാക്കത്തവരുടെ പിതാവും സ്വന്തമല്ലെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി മഹേഷ് ശര്‍മ. ഇത്തരക്കാര്‍ രാജ്യദ്രോഹികളാണെന്നും രാജ്യത്തിന്റെ പുരോഗിതിക്കും വികസനത്തിനും അത്തരം ആളുകളെ ആവശ്യമില്ലെന്നും മഹേഷ് ശര്‍മ പറഞ്ഞു. ശര്‍മയുടെ പ്രതികരണം വിവാദമായതോടെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ബി.വി ശ്രീനിവാസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

◾ സിഎംആര്‍എല്‍ എം.ഡി ശശിധരന്‍ കര്‍ത്തയുടെ ആലുവയിലെ വീട്ടിലെത്തി ഇ ഡി ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യല്‍. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന വേളയില്‍ തന്നെ കര്‍ത്തയെ ചോദ്യം ചെയ്യാന്‍ ഇ ഡി നേരത്തെ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും, ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ത്ത ഹാജരായിരുന്നില്ല.

◾ ഇഡിയെന്ന ഉമ്മാക്കി കാട്ടി ഇടതുപക്ഷത്തെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും ആ ഭീഷണി കോണ്‍ഗ്രസുകാരോട് മതിയെന്നും മന്ത്രി മുഹമ്മദ് റിയാസ്. എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തി കളയാന്‍ പ്രധാനമന്ത്രിയും കൂട്ടരും ഇഡിയെ ഇറക്കുന്നുണ്ടല്ലോ. അത് ഇവിടെ നടക്കില്ലെന്നും റിയാസ് പറഞ്ഞു. കയ്യൂര്‍, കരിവള്ളൂര്‍ സമര പോരാളികളുടെ പിന്‍മുറക്കാരാണ് ഇടതുപക്ഷക്കാരെന്നും മന്ത്രി പറഞ്ഞു.

◾ യൂത്ത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തപെട്ട പേജുകളിലൂടെയാണ് ശൈലജ ടീച്ചര്‍ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത് എന്ന് ഡിവൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആരോപിച്ചു. യു ഡി എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, കോണ്‍ഗ്രസിന്റെ ഐ ടി സെല്‍ ചുമതലയുള്ള സരിനും ചേര്‍ന്നാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു.

◾ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയ്ക്ക് എതിരെയുള്ള സൈബര്‍ അതിക്രമത്തെ ആത്മാര്‍ഥതയോടെ തള്ളിപ്പറയുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. ഇത്രയും നാളത്തെ പൊതുപ്രവര്‍ത്തന ജീവിതത്തില്‍ ആരോടും സൈബര്‍ അതിക്രമം നടത്തിയിട്ടില്ലെന്നും അങ്ങനെ ഒരു തിരഞ്ഞെടുപ്പും ഇതുവരെ ജയിച്ചിട്ടില്ലെന്നും ഷാഫി പറഞ്ഞു. എന്നാല്‍ കെ.കെ. ശൈലജയ്ക്ക് എതിരായ അഴിമതി ആരോപണങ്ങള്‍ വടകരയില്‍ ചര്‍ച്ചയാകുമെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

◾ മൊഴിയെടുത്ത ഡോക്ടര്‍ക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ഐ സി യു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിലേക്ക്. ഇന്ന് രാവിലെ 11 മണിക്ക് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ അതിജീവിതയുടെ സമരം ആരംഭിക്കും. താന്‍ പറഞ്ഞ പല കാര്യങ്ങളും മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ കെ വി പ്രീതി രേഖപ്പെടുത്തിയില്ലെന്നും പ്രതികളെ രക്ഷിക്കാന്‍ ഡോക്ടര്‍ കൂട്ടുനിന്നുവെന്നുമായിരുന്നു അതിജീവിതയുടെ പരാതി. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് 2023 ജൂലൈയില്‍ അതിജീവിത വിവരാവകാശ കമ്മീഷണറെ സമീപിച്ചെങ്കിലും പൊലീസ് റിപ്പോര്‍ട്ട് നല്‍കാന്‍ തയ്യാറായിരുന്നില്ല.

◾ കേരള സര്‍വകലാശാലയില്‍ വിസിയുടെ എതിര്‍പ്പ് മറികടന്ന് നടത്തിയ ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി . ഇന്ത്യന്‍ ജനാധിപത്യം വെല്ലുവിളികളും കടമകളും, എന്ന വിഷയത്തില്‍ ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് വിസി വിലക്കിയത്. സര്‍വകലാശാല രജിസ്ട്രാറോടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയത്.

◾ കള്ളപ്പണക്കേസില്‍ പ്രതിയായ ഡി കെ ശിവകുമാര്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ചാല്‍ ആരും വിശ്വസിക്കില്ലെന്ന് തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. കാശുണ്ടാക്കുക എന്നല്ലാതെ കോണ്‍ഗ്രസില്‍ ഡി കെ ശിവകുമാറിന് വേറെ റോളില്ല. കര്‍ണാടക ഉപമുഖ്യമന്ത്രി ഇന്നലെ നടത്തിയ ആരോപണങ്ങള്‍ക്കാണ് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.

◾ സുഗന്ധഗിരി മരംമുറിക്കേസുമായി ബന്ധപ്പെട്ട് കല്പറ്റ റേഞ്ചര്‍ കെ നീതുവിനെ സസ്പെന്റ് ചെയ്തു. ജാഗ്രത കുറവ് ഉണ്ടായി എന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്മേനിലാണ് നടപടി. സംഭവത്തില്‍ കല്‍പറ്റ റേഞ്ചിലെ 6 ബിഎഫ്ഒ, 5 വാച്ചര്‍മാര്‍ എന്നിവരെ സ്ഥലം മാറ്റിയേക്കുമെന്നും സൂചനയുണ്ട്. നിലവില്‍ ഒമ്പത് പ്രതികളുള്ള കേസില്‍ പ്രതിപ്പട്ടികയിലേക്ക് വനംവാച്ചര്‍ ജോണ്‍സനെയും സംഭവത്തില്‍ സസ്പെന്‍ഷനിലായ കല്‍പ്പറ്റ ഫോറസ്റ്റ് സെഷന്‍ ഓഫീസര്‍ ചന്ദ്രനെയും പ്രതിചേര്‍ക്കുന്നത് പരിശോധിക്കണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്.

◾ ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി മിത്ത് വേഴ്സസ് റിയാലിറ്റി വെബ്‌സൈറ്റ് സജ്ജമാക്കിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ഈ വെബ്‌സൈറ്റ് (mythvsreality.eci.gov.in) സന്ദര്‍ശിച്ചാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളുടെയും തെറ്റായ പ്രചാരണങ്ങളുടെയും വാസ്തവം മനസിലാക്കാനാവുമെന്നും സഞ്ജയ് കൗള്‍ അറിയിച്ചു.

◾https://dailynewslive.in/ ആലപ്പുഴയില്‍ പക്ഷിപ്പനി. കുട്ടനാട്ടില്‍ എടത്വ, ചെറുതന എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

◾ ഡബിള്‍ ഡെക്കര്‍ എസി ചെയര്‍ കാര്‍ ട്രെയിനായ കോയമ്പത്തൂര്‍ – ബംഗളൂരു ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ പരീക്ഷണയോട്ടം ഇന്നലെ വിജയകരമായി പൂര്‍ത്തിയാക്കി. പരീക്ഷണ ഓട്ടം വിജയമായെന്നും സര്‍വീസ് ആരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഡബിള്‍ ഡക്കര്‍ എത്തുമ്പോള്‍ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങാനും കയറാനും അടക്കമുള്ള പ്രശ്നങ്ങളുണ്ടോ, മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമോ എന്നതടക്കമുള്ള കാര്യങ്ങളാണ് പരീക്ഷണ ഓട്ടത്തില്‍ പരിശോധിച്ചത്.

◾ പാവറട്ടി പള്ളി പെരുന്നാളിന് വെടിക്കെട്ടിന് അനുമതി. പാവറട്ടി സെന്റ് ജോസഫ് പാരിഷ് ദേവാലയത്തിലെ തിരുന്നാളിനാണ് വെടിക്കെട്ട് നടത്താന്‍ എ.ഡി.എം അനുമതി നല്‍കിയത്. എന്നാല്‍ ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നിവയൊന്നും വെടിക്കെട്ടില്‍ ഉപയോഗിക്കാന്‍ പാടില്ല. നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ അനുമതിയില്ലാത്ത വെടിക്കെട്ട് സാമഗ്രികള്‍ ഉപയോഗിച്ചാല്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

◾ പാട്ടുകളുടെ പകര്‍പ്പവകാശം സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട് സംഗീതജ്ഞന്‍ ഇളയരാജയെ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. ഇളയരാജ എല്ലാവരേക്കാളും മുകളില്‍ ആണെന്ന് അഭിഭാഷകന്‍ പറഞ്ഞതിന് മറുപടിയായി, മുത്തുസ്വാമി ദീക്ഷിതര്‍, ത്യാഗരാജന്‍, ശ്യാമശാസ്ത്രി എന്നിവര്‍ക്ക് മാത്രമേ ഇങ്ങനെ അവകാശപ്പെടാനാകു എന്ന് കോടതി നിരീക്ഷിച്ചു. ഇളയരാജ ഈണം പകര്‍ന്ന 4,500 ഗാനങ്ങളില്‍ അദ്ദേഹത്തിന് പ്രത്യേക അവകാശം നല്‍കിയ ഉത്തരവിനെതിരെ എക്കോ റിക്കോര്‍ഡിങ് കമ്പനി നല്‍കിയ അപ്പീലിലാണ് കോടതിയുടെ വിമര്‍ശനം.

◾ അമേഠിയില്‍ മത്സരിക്കുന്ന കാര്യം കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കുമെന്ന് രാഹുല്‍ ഗാന്ധി. താന്‍ പാര്‍ട്ടി സൈനികന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബി ജെ.പി. സ്ഥാനാര്‍ഥിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിക്കെതിരേ അമേഠി ലോക്സഭാ മണ്ഡലത്തില്‍ നിര്‍ത്തുന്ന സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. മേയ് 20-നാണ് അമേഠിയിലെ തിരഞ്ഞെടുപ്പ്.

◾ വോട്ടിങ് മെഷീനില്‍ തിരിമറി നടക്കാതെ, രാജ്യത്ത് നീതിപൂര്‍ണമായ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ബി.ജെ.പിക്ക് 180 സീറ്റില്‍ അധികം നേടാന്‍ കഴിയില്ലെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കര്‍ഷകരും സ്ത്രീകളും നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങളേക്കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചും പണപ്പെരുപ്പത്തെ കുറിച്ചും ബി.ജെ.പി. സംസാരിക്കുന്നില്ലെന്നും പ്രിയങ്ക ആരോപിച്ചു.

◾ ഛത്തീസ്ഗഢില്‍ സുരക്ഷാസേന നടത്തിയ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കാങ്കറില്‍ നടത്തിയ സൈനിക നടപടിയില്‍ 29 മാവോവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിന് പിന്നാലെ ബി.ജെ.പി. സര്‍ക്കാര്‍ നക്‌സലിസത്തിനും ഭീകരവാദത്തിനുമെതിരേ തുടര്‍ച്ചയായ പ്രചാരണങ്ങള്‍ ആരംഭിച്ചുവെന്നും, സര്‍ക്കാര്‍ രൂപവത്കരണത്തിന് ശേഷം സംസ്ഥാനത്ത് എണ്‍പതിലധികം നക്‌സല്‍വാദികളെ വധിച്ചുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

◾ സമൂഹമാധ്യമങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കും വിധത്തില്‍ വരുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെടുന്നതായി കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രിനേയ്റ്റ്. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന , ഇലക്ട്രല്‍ ബോണ്ട്, വിലക്കയറ്റം, തൊഴിലില്ലായ്മ, കര്‍ഷക സമരം തുടങ്ങിയ വിഷയങ്ങളിലെ പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെടുന്നുവെന്നും മോദി സ്തുതികള്‍ക്ക് മാത്രമേ നിലനില്‍പുള്ളൂവെന്നും സുപ്രിയ പറഞ്ഞു.

◾ ഡ്രൈവിംഗ് സീറ്റിന് മുന്നില്‍ കുടുംബ ഫോട്ടോ വയ്ക്കണമെന്ന് ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങളോടിക്കുന്ന ഡ്രൈവര്‍മാരോട് യുപി സര്‍ക്കാര്‍ നിര്‍ദേശിച്ചു. കുടുംബ ഫോട്ടോ ഡ്രൈവിംഗ് സീറ്റിന് മുന്നില്‍ വയ്ക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് കുടുംബത്തെക്കുറിച്ച് ഓര്‍മ വരുമെന്നും അതിലൂടെ അശ്രദ്ധ കാരണമുണ്ടാകുന്ന അപകടങ്ങള്‍ കുറയുമെന്നുമാണ് ഉത്തര്‍ പ്രദേശിലെ ഗതാഗത വകുപ്പ് പറയുന്നത്.

◾ നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് എംകെ സ്റ്റാലിന്‍. മോദിയുടെ പടം റിലീസാകില്ല, ട്രെയ്ലര്‍ ഇത്ര മോശമെങ്കില്‍ പടം എന്താകുമെന്നും സ്റ്റാലിന്‍ ചോദിച്ചു. തമിഴ്നാട്ടില്‍ അക്കൗണ്ട് തുറക്കാനുള്ള കഠിനശ്രമത്തിലാണ് ബിജെപി. ഈയൊരു പശ്ചാത്തലത്തിലാണ് ആത്മവിശ്വാസം ഉറപ്പിച്ച് സ്റ്റാലിന്റെ പരിഹാസം.

◾ വാര്‍ത്താ ടെലിവിഷന്‍ ചാനലായ ഡി.ഡി. ന്യൂസിന്റെ ലോഗോയുടെ നിറം കാവിയാക്കി മാറ്റി ദൂരദര്‍ശന്‍. മാറ്റം ലോഗോയില്‍ മാത്രമാണെന്നും മൂല്യങ്ങള്‍ തുടരുമെന്നും ദൂരദര്‍ശന്‍ വ്യക്തമാക്കി. ചാനലിന്റെ പുതിയ സ്റ്റുഡിയോ ലോഞ്ചിനൊപ്പമാണ് ചാനലിന്റെ ലോഗോയുടെ നിറം മാറ്റിയത്.

◾ ഗുജറാത്തിലെ അഹമ്മദാബാദ് – വഡോദര എക്സ്പ്രസ് വേയിലെ നദിയാഡില്‍ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തില്‍ പത്ത് പേര്‍ മരിച്ചു.

◾ യുഎഇയിലെ മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. സ്‌കൂളുകള്‍ക്ക് രണ്ട് ദിവസം കൂടി ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏര്‍പ്പെടുത്തി. 75 വര്‍ഷത്തിനിടയിലെ ശക്തമായ മഴയാണ് യുഎഇയില്‍ ഇത്തവണ ഉണ്ടായത്. ഇപ്പോള്‍ രാജ്യത്ത് മഴ മാറി നില്‍ക്കുകയാണെങ്കിലും റോഡിലെ വെള്ളക്കെട്ട് നീങ്ങാത്തതിനാല്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.

◾https://dailynewslive.in/ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അനായാസ ജയവുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് വെറും 89 റണ്‍സെടുക്കുന്നതിനിടയില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി വെറും 8.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി.

◾ കനത്ത കടബാധ്യതയില്‍ നിന്ന് കരകയറാന്‍ ഓഹരികള്‍ വിറ്റ് പണം സമാഹരിക്കാന്‍ ഒരുങ്ങി ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ. എഫ് പി ഒയിലൂടെ 18,000 കോടി രൂപ സമാഹരിക്കാന്‍ ആണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി വില്പന വിജയിക്കുകയാണെങ്കില്‍ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എഫ് പി ഒ ആയിരിക്കും അത്. 2020 ജൂലൈയില്‍ യെഎസ് ബാങ്ക് 15,000 കോടി രൂപയുടെ ഓഹരി വില്പന നടത്തിയതാണ് ഇതിനുമുമ്പ് രേഖപ്പെടുത്തിയ ഏറ്റവും വലിയ എഫ് പി ഒ. 2023 ഫെബ്രുവരിയില്‍ അദാനി. എന്റര്‍പ്രൈസസ് 20000 കോടി രൂപയുടെ എഫ് പി ഒ നടത്തിയിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കിയിരുന്നു. ഏപ്രില്‍ 18ന് തുടങ്ങുന്ന എഫ് പി ഒ ഏപ്രില്‍ 22 വരെ നീണ്ടുനില്‍ക്കും. 10 രൂപ മുതല്‍ 11 രൂപ വരെയാണ് ഓഹരി വില. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കടബാധ്യതയും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന കമ്പനിയാണ് വോഡഫോണ്‍ ഐഡിയ. 2.38 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ ആകെ കടം. കഴിഞ്ഞ എട്ടുവര്‍ഷമായി കമ്പനി നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 2022 -2023 സാമ്പത്തിവര്‍ഷം മാത്രം 29371 കോടി രൂപയാണ് കമ്പനിയുടെ ആകെ നഷ്ടം. വോഡഫോണ്‍ ഐഡിയ നേരിടുന്ന പ്രതിസന്ധി ഗുണം ചെയ്തത് റിലയന്‍സ് ജിയോക്കും ഭാരതി എയര്‍ടെല്ലിനുമാണ്.

◾ നടന്‍ വിക്രത്തിന് പിറന്നാള്‍ ആശംസിച്ച് ‘തങ്കലാന്‍’ ടീം. തങ്കലാന്‍ ചിത്രീകരണ വേളയില്‍ എടുത്ത ബിഹൈന്‍ഡ് ദി സീന്‍സ് കോര്‍ത്തിണക്കിയ വിഡിയോ താരത്തിന് സമര്‍പ്പിച്ചുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ പിറന്നാള്‍ ആശംസകള്‍ നേരിന്നിരിക്കുന്നത്. വിക്രത്തിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത രൂപത്തിലും ഭാവത്തിലുമാണ് താരം പാ രഞ്ജിത്ത് ഒരുക്കുന്ന തങ്കലാനില്‍ പ്രത്യക്ഷപ്പെടുന്നത്. സംഘടന രംഗങ്ങളുടെ ചിത്രീകരണ വിഡിയോ ക്ലിപ്പുകളും വിഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്. തലങ്കാന്‍ ആയി എത്തുന്ന വിക്രത്തിന് മേക്കപ്പ് ചെയ്യുന്നതും വിഡിയോയില്‍ കാണാം. കോലാര്‍ സ്വര്‍ണ ഖനി പശ്ചാത്തലത്തില്‍ ഒരു പീരിയോഡിക്കല്‍ ആക്ഷന്‍ ചിത്രമായാണ് തങ്കലാന്‍ ഒരുക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി തങ്കലാന്‍ തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ മലയാളത്തില്‍ നിന്നും പാര്‍വതി തിരുവോത്ത് ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗംഗമ്മ എന്ന പാര്‍വതിയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മാളവികാ മോഹനന്‍, പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷത്തിലെത്തുന്നു. സംവിധായകന്‍ പാ രഞ്ജിത്തും തമിഴ് പ്രഭും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നീലം പ്രൊഡക്ഷന്‍സും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

◾ പരസ്യചിത്ര സംവിധായകനായ ആര്‍. ജയരാജ് ഒരുക്കിയ ‘വകുപ്പ’് എന്ന ഹ്രസ്വചിത്രം ഇന്‍ഡി മീം ഫിലിം ഫെസ്റ്റിവലില്‍. പകല്‍ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ എത്തുന്ന യുവാവിന് അവിടെ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും ഒടുവില്‍ അയാള്‍ക്കെന്തു സംഭവിക്കുന്നു എന്നുള്ളതുമാണ് വകുപ്പ് സംസാരിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് അഭിഷേക് എസ് എസ് ആണ്. പ്രശസ്ത സിനിമാതാരം ജെയിംസ് ഏലിയ ആണ് മുഖ്യകഥാപത്രം കൈകാര്യം ചെയ്തിരിക്കുന്നു. ചിത്രം 2023 മുംബൈ ഫിലിം ഫെസ്റ്റിവലില്‍ റോയല്‍ സ്റ്റാഗ് ബാരല്‍ സെലക്ട് ലാര്‍ജ് ഷോര്‍ട് ഫിലിംസ് വിഭാഗത്തില്‍ സെലക്ഷന്‍ നേടിയിട്ടുണ്ട്. വകുപ്പില്‍ ഷിനോസ് ക്യാമറയും സാബു മോഹന്‍ ആര്‍ട്ടും കൈകാര്യം ചെയ്തിരിക്കുന്നു. ഇന്ത്യ, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കാറുണ്ട്. ഫീച്ചര്‍, ഡോക്യുമെന്ററി, ഷോര്‍ട് ഫിലിം കാറ്റഗറികളിലാണ് ഇവിടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത്.

◾ ആഭ്യന്തര ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ബൗണ്‍സ് ഇന്‍ഫിനിറ്റി ഇന്ത്യയിലെ ആദ്യത്തെ പോര്‍ട്ടബിള്‍ ലിക്വിഡ്-കൂള്‍ഡ് ബാറ്ററി സാങ്കേതികവിദ്യ പുറത്തിറക്കി. ക്ലീന്‍ ഇലക്ട്രിക്കുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യ വിപുലീകൃത ശ്രേണി, അതിവേഗ ചാര്‍ജിംഗ്, മെച്ചപ്പെട്ട ബാറ്ററി ആയുസ്സ് എന്നിവ വാഗ്ദാനം ചെയ്യുന്നു. ഈ സാങ്കേതികവിദ്യ ഇവി പ്രകടനത്തില്‍ ഒരു പ്രധാന കുതിച്ചുചാട്ടമാണെന്നാണ് കമ്പനി പറയുന്നത്. കാരണം ഇത് വിപുലമായ ശ്രേണിയും വേഗത്തിലുള്ള ചാര്‍ജിംഗ് കഴിവുകളും മെച്ചപ്പെടുത്തിയ ബാറ്ററി ആയുസ്സും വാഗ്ദാനം ചെയ്യുന്നു. ഈ ലിക്വിഡ്-കൂള്‍ഡ് ബാറ്ററികള്‍ പോര്‍ട്ടബിള്‍ ആണ്, കൂടാതെ ഏത് സ്റ്റാന്‍ഡേര്‍ഡ് 5 ആമ്പിയര്‍ സോക്കറ്റിലും സൗകര്യപ്രദമായി ചാര്‍ജ് ചെയ്യാനും എല്ലാ വീട്ടിലും കാണപ്പെടുന്ന റഫ്രിജറേറ്ററുകള്‍, ഹീറ്ററുകള്‍ തുടങ്ങിയ വീട്ടുപകരണങ്ങള്‍ക്ക് ഉപയോഗിക്കുന്നതുപോലെ 15 ആമ്പിയര്‍ സോക്കറ്റില്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാനും കഴിയും എന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. സുരക്ഷയുടെ കാര്യത്തില്‍, പുതിയ ബാറ്ററി പാക്കില്‍ 5 ലെയര്‍ സുരക്ഷാ സ്റ്റാക്ക് സജ്ജീകരിച്ചിരിക്കുന്നു. പരമ്പരാഗത എയര്‍-കൂള്‍ഡ് ബാറ്ററികളേക്കാള്‍ 30-50% ഉയര്‍ന്ന ലൈഫ് പ്രാപ്തമാക്കാന്‍ ഈ പുതിയതും നൂതനവുമായ കൂളിംഗ് സമീപനം ബാറ്ററി പാക്കിനെ സഹായിക്കുന്നുവെന്നും ബൗണ്‍സ് പറയുന്നു.

◾ സ്തീവാദകഥകളുടെ പൊതുധാരയില്‍ നിന്ന് മാറി സഞ്ചരിക്കുന്ന കഥകളാണ് ഗ്രേസിയുടേത്. ജീവിതാവസ്ഥകളെ ഉള്‍ക്കണ്ണുകൊണ്ട് നോക്കിക്കണ്ട് നേരിന്റെ ഭാഷയില്‍ ആവിഷ്‌കരിക്കാനാണ് ഈ കഥാകാരിക്ക് താത്പര്യം. അതുകൊണ്ടുതന്നെ തികച്ചും വ്യക്തിനിഷ്ഠമായ ജീവിതക്കാഴ്ചകളാണ് ഈ കഥകളിലെമ്പാടും നിറഞ്ഞുനില്‍ക്കുന്നത്. നര്‍മ്മത്തിന്റെ സ്പര്‍ശം ഗ്രേസിയുടെ കഥകള്‍ക്ക് സവിശേഷമായ ഒരു ആത്മചൈതന്യം പകരുന്നുണ്ട്. കൈയടക്കവും ലാളിത്യവുമാണ് ഈ കഥകളുടെ മുഖമുദ്ര. ഒരു നിധിയുടെ കഥ, ഹാ! ജീവിതമേ!, കളിയൊച്ച, അപ്പന്റെ സുവിശേഷം, ലോസ്റ്റ് ആന്‍ഡ് ഫൗണ്ട്, വെട്ടിക്കല്‍ ഔസേപ്പ് മകള്‍ തെരേസ, അമ്മക്കുറിപ്പുകള്‍, എള്ളെണ്ണയുടെ മണം തുടങ്ങി 15 ചെറുകഥകള്‍. ‘പാതിരാനടത്തം’. ഡിസി ബുക്സ്. വില 135 രൂപ.

◾ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അള്‍ഷിമേഴ്സ് സാധ്യത കണ്ണില്‍ നോക്കി മനസിലാക്കമെന്ന് പുതിയ പഠനം. ഡിമെന്‍ഷ്യ സ്‌ക്രീനിങ്ങില്‍ കാഴ്ച സംബന്ധമായ പ്രശ്നങ്ങള്‍ പ്രധാന ഘടകമാണെന്നാണ് ഇംഗ്ലണ്ടിലെ ലഫ്ബറോ സര്‍കലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. മസ്തിഷ്‌കാരോഗ്യം കണ്ണില്‍ പ്രകടമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കാഴ്ച പരിശോധനയിലൂടെ പന്ത്രണ്ടു വര്‍ഷം മുമ്പേ ഡിമെന്‍ഷ്യ സാധ്യത തിരിച്ചറിയാമെന്ന് പഠനത്തില്‍ കണ്ടെത്തി. നോര്‍ഫോക്കയിലെ 8,623 പേരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചായിരുന്നു പഠനം. പഠനത്തില്‍ ഇതില്‍ 537 പേര്‍ക്ക് ഡിമെന്‍ഷ്യ സ്ഥിരീകരിച്ചു. ഗവേഷണത്തിന് തുടക്കത്തില്‍ തന്നെ കഴ്ച പരിശോധന നടത്തിയിരുന്നു. ചലിക്കുന്ന ഡോട്ടുകളുള്ള സ്‌ക്രീനില്‍ ത്രികോണ രൂപം രൂപപ്പെടുന്നയുടന്‍ ബട്ടണ്‍ പ്രസ് ചെയ്യണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഡിമന്‍ഷ്യ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നവര്‍ ത്രികോണ രൂപം കാണാന്‍ മറ്റുള്ളവരെക്കാള്‍ വൈകിയെന്ന് ഗവേഷകര്‍ പഠനത്തില്‍ ചൂണ്ടിക്കാട്ടി. ഡിമന്‍ഷ്യയുടെ തുടക്കം പലപ്പോഴും കാഴ്ചയിലെ പ്രശ്നങ്ങളായിട്ടും പ്രകടമാകാമെന്നും ഗവേഷകര്‍ പറയുന്നു. മറവിരോഗത്തിന് കാരണമാകുന്ന അംലോയ്ഡ് പ്ലേക്കുകള്‍ കാഴ്ചയുമായി ബന്ധപ്പെട്ട മസ്തിഷ്‌കത്തിന്റെ ഭാഗങ്ങളെ ആദ്യം ബാധിക്കാമെന്നും ഗവേഷകര്‍ പറയുന്നു. അതിനാല്‍ തന്നെ ഓര്‍മ സംബന്ധമായ പരിശോധനകള്‍ക്ക് മുമ്പേ കാഴ്ചപരിശോധന നടത്തേണ്ടത് പ്രധാനമാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. ബീറ്റ അമിലോയ്ഡിന്റെയും മറ്റൊരു മാംസ്യമായ റ്റൗവുവിന്റെയും സാന്നിധ്യമാണ് അള്‍ഷിമേഴ്സിന്റെ ലക്ഷണം.

ശുഭദിനം
കവിത കണ്ണന്‍
അന്ന് ഡിഗ്രി ആദ്യവര്‍ഷത്തിന്റെ ആദ്യക്ലാസ്സ്. സീനീയര്‍ വിദ്യാര്‍ത്ഥികള്‍ പുതിയ കുട്ടികളെ പരിചയപ്പെടാനായി ആ ക്ലാസ്സിലെത്തി. എല്ലാവരും ആര്‍ത്തുചിരിച്ച് വര്‍ത്തമാനം പറയുന്നതിനിടയില്‍ ഒരാള്‍ മാത്രം നിശബ്ദയായി ഇരിക്കുന്നത് ഒരു സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ശ്രദ്ധയില്‍ പെട്ടു. അവള്‍ ആ വിദ്യാര്‍ത്ഥിനിയുടെ അടുത്തെത്തി. സൂക്ഷിച്ചുനോക്കിയപ്പോള്‍ ആ കുട്ടിക്ക് രണ്ടുകണ്ണിനും കാഴ്ചയില്ലായെന്ന് അവള്‍ക്ക് മനസ്സിലായി. അവള്‍ ആ കുട്ടിയെ പരിചയപ്പെട്ടു. അന്നത്തെ ആ പരിചയം ഒരിക്കലും പിരിയാത്ത ആത്മബന്ധമായി മാറി. കൂട്ടികാരിക്ക് പാഠങ്ങള്‍ വായിച്ചുകൊടുത്തത് അവളായിരുന്നു. കൂട്ടുകാരിയുടെ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളിലും ഒരു ഉത്തരമായി അവള്‍ എത്തി. ഒരിക്കല്‍ കൂട്ടുകാരിക്ക് ആരും പരീക്ഷയെഴുതാന്‍ തയ്യാറാകാതിരുന്ന സാഹചര്യത്തില്‍ അവള്‍ തന്റെ എംഎ പരീക്ഷ ഒരു വര്‍ഷത്തേക്ക് ക്യാന്‍സല്‍ ചെയ്ത് തന്റെ കൂട്ടുകാരിക്ക് കൂട്ടായി. പരീക്ഷയുടെ റിസള്‍ട്ട് വന്നപ്പോള്‍ രണ്ടുപേരും ഒരുപോലെ സന്തോഷം പങ്ക് വെച്ചു. തന്റെ കൂട്ടുകാരിക്ക് ഒന്നാം റാങ്ക്! യഥാര്‍ത്ഥ സ്‌നേഹം, ത്യാഗങ്ങളെ ത്യാഗങ്ങളായി കാണുന്നില്ല. സ്‌നേഹം പ്രകടിപ്പിക്കാനുളള അവസരങ്ങളായാണ് അവയെ കാണുന്നത് എന്ന ഖലീല്‍ ജിബ്രാന്റെ വരികള്‍ നമുക്ക് ഓര്‍മ്മിക്കാം.. നമ്മേക്കാള്‍ കുറവുകളുളളവരെ ചേര്‍ത്ത്പിടിക്കാനുളള അവസരങ്ങള്‍ നമുക്കും നഷ്ടപ്പെടുത്താതിരിക്കാം…- ശുഭദിനം.
➖➖➖➖➖➖➖➖