ഗുജറാത്തിൽ വിനോദയാത്രയ്ക്കു പോയ ബോട്ട് മറിഞ്ഞ് 17 മരണം
?️വിനോദ യാത്രയ്ക്കിടെ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 17 പേർ മരിച്ചു. ഗുജറാത്തിലെ വഡോദരയിൽ ഹരണി തടാകത്തിലുണ്ടായ അപകടത്തിലാണ് 15 വിദ്യാർഥികളും 2 അധ്യാപകരും മരിച്ചത്. അപകടസമയത്ത് 27 വിദ്യാർഥികളും 4 അധ്യാപകരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ന്യൂ സൺറൈസ് എന്ന സ്വകാര്യ സ്കൂളിലെ അധ്യാപകരും വിദ്യാർഥികളുമാണ് അപകടത്തിൽപ്പെട്ടത്. സംഭവ സമയത്ത് ആരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്.
അപകടത്തിൽ പെട്ടവർക്ക് ധനസഹായം
?️ഗുജറാത്തിൽ ബോട്ട് മുങ്ങി മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 4 ലക്ഷം രൂപയും കേന്ദ്ര സർക്കാർ 2 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50000 രൂപ ധനസഹായം നൽകും.
കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കിയിലേക്ക്
?️പണ്ട് താൻ ഗതാഗത മന്ത്രിയായിരിക്കെ വരുത്തിയ പരിഷ്കാരം തിരുത്താൻ നിർബന്ധിതനായി കെ.ബി. ഗണേഷ് കുമാർ. കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം കാക്കി നിറത്തിലേക്കു തിരിച്ചെത്തി. വ്യാഴാഴ്ച 9 ജീവനക്കാർക്ക് ഇതു വിതരണം ചെയ്ത് യൂണിഫോം മാറ്റത്തിന്റെ ഉദ്ഘാടനം ഗണേഷ് കുമാർ നിർവഹിച്ചു. പുതിയ യൂണിഫോമുകളിൽ കണ്ടക്റ്ററുടെയും ഡ്രൈവറുടെയും പേരോ പെൻ നമ്പറോ വയ്ക്കാൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നു ഗണേഷ് പറഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠ: തിങ്കളാഴ്ച കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ച വരെ അവധി
?️അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തുന്ന ജനുവരി 22ന് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ച വരെ അവധി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. വിശ്വാസികളുടെ വികാരം മുൻ നിർത്തിയാണത്രേ തീരുമാനം. ഉച്ചക്ക് 2.30 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 22ന് 12.30നാണ് പ്രതിഷ്ഠ.
സംസ്ഥാന സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ.
?️സംസ്ഥാന സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. കേരള ജനതയെ ഈ സർക്കാരിൽ നിന്ന് മോചിപ്പിക്കുന്ന ദൗത്യം യൂത്ത് കോൺഗ്രസ് ഏറ്റെടുത്തിരിക്കുകയാണ്. പിണറായി സർക്കാരിന്റെ ഒടുക്കത്തിന്റെ തുടക്കമാണിതെന്നും വാർത്താ സമ്മേളനത്തിൽ രാഹുൽ പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണുള്ളത്. നവകേരള സദസ് എന്ന ധൂർത്ത് കൊണ്ട് സംസ്ഥാനത്തിന് എന്ത് ഗുണമാണുണ്ടായതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
വിദ്യാർഥി സംഘർഷം: മഹാരാജാസ് കോളെജ് അനിശ്ചിതകാലത്തേക്ക് അടച്ചു
?️വിദ്യാർഥി സംഘർഷത്തെത്തുടർന്ന് എറണാകുളം മഹാരാജാസ് കോളെജ് അനിശ്ചിതകാലത്തേക്ക് അടച്ചു. പ്രിൻസിപ്പൽ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിലാണ് കോളെജ് അടച്ചിടാൻ തീരുമാനമായത്. വ്യാഴാഴ്ച പുലർച്ചെ മഹാരാജാസ് കോളെജിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകനു കുത്തേറ്റിരുന്നു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനാണ് കുത്തേറ്റത്.
മഹാരാജാസ് കോളെജിലെ സംഭവം ഗൗരവതരം: മന്ത്രി ബിന്ദു
?️എറണാകുളം മഹാരാജാസ് കോളെജിൽ ഒരു വിദ്യാർഥിക്ക് കുത്തേറ്റതുൾപ്പെടെ, വിദ്യാർഥികൾക്കും ഒരു അധ്യാപകനും നേർക്കുണ്ടായ അക്രമസംഭവങ്ങളെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. ഭാവിയിൽ ഇത്തരം സംഘർഷ സാഹചര്യം ഉരുത്തിരിയാൻ ഇടവരുന്നത് ഒഴിവാക്കാൻ കോളെജ് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
അധ്യാപികയുമായുള്ള തർക്കത്തിനു പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർഥി; കേസെടുത്ത് പൊലീസ്
?️തിരുവല്ല ഗവ. ടീച്ചേഴ്സ് ട്രെയിനിങ് കോളെജിലെ വിദ്യാർഥിയുടെ ആത്മഹത്യാശ്രമത്തിൽ അധ്യാപികയ്ക്കെതിരേ കേസ്. വിദ്യാർഥിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മലയാളം വിഭാഗം അധ്യാപിക മിലീന ജെയിംസിനെതിരേയാണ് കേസ്. അധ്യാപികയുമായുള്ള തർക്കമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കോളജ് പ്രിൻസിപ്പലിനെ തടഞ്ഞുനിർത്തി എസ്എഫ്ഐക്കാർ പ്രതിഷേധിച്ചു. മലയാളം വിഭാഗത്തിലെ അധ്യാപികയ്ക്കെതിരേ വിദ്യാർഥികൾ സമരത്തിലായിരുന്നു.
ഒറ്റതവണ ശിക്ഷയിളവില്‍ നിര്‍ണായക തീരുമാനം, ബി. സന്ധ്യയ്ക്ക് പുതിയ പദവി
?️ശിക്ഷാ ഇളവ് ഇല്ലാതെ പകുതി തടവ് അനുഭവിച്ചവർക്ക് ഇളവ് നൽകാനുള്ള മാർഗ നിർദേശം അംഗീകരിച്ച് മന്ത്രിസഭാ യോഗം. സുപ്രീംകോടതിയുടെ നിർദേശ പ്രകാരമാണ് സർക്കാർ നീക്കം. സ്ത്രീകൾക്കും കുട്ടികൾക്കുനേരെയുള്ള അതിക്രമം , ലഹരി കേസുകൾ എന്നിവയിൽ ഉൾപ്പെട്ടവർക്ക് ഇളവ് ലഭിക്കില്ല.വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥ ബി. സന്ധ്യയ്ക്ക് പുനർ നിയമനം നൽകാനും സർക്കാർ തീരുമാനിച്ചു. റിയൽ എസ്റ്റേറ്റ് റഗുലേറ്ററി മെംബർ സെക്രട്ടറിയായി നിയമിക്കാനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചത്. കളമശേരിയിൽ നടന്ന യഹോബ സാക്ഷികളുടെ യോഗത്തിൽ വച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അഞ്ചുലക്ഷം രൂപ വീതം ധനസഹായം നൽകാനും തീരുമാനമായി.
തേനീച്ച, കടന്നൽ ആക്രമണത്തില്‍ ജീവഹാനി സംഭവിച്ചാല്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം
?️തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണം മൂലം വനത്തിനകത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 10 ലക്ഷം രൂപയും വനത്തിനുപുറത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരമായി അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം. ഇതു സംബന്ധിച്ച 2022ലെ മുൻ ഉത്തരവിൽ വ്യക്തത വരുത്തി ഭേദഗതി ചെയ്തു. ഭേദഗതിക്ക് 2022 നവംബർ 25 മുതൽ മുതൽ മുൻകാല പ്രാബല്യം നൽകി.
ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് 24ന്; വിൽപ്പന റെക്കോഡിലേക്ക്
?️ക്രിസ്മസ്- ന്യൂയർ ബമ്പർ നറുക്കെടുപ്പിന് ദിവസങ്ങൾ മാത്രം. ജനുവരി 24നാണ് ബമ്പറിന്റെ നറുക്കെടുക്കാനിരിക്കേ റെക്കോഡ് വിൽപ്പനയാണ് നടന്നു കൊണ്ടിരിക്കുന്നത്. ഒന്നാം സമ്മാനക്കാരനടക്കം 21 പേരാണ് ഇത്തവണ നറുക്കെടുപ്പു കഴിയുമ്പോൾ കോടിപതികളാകാൻ പോകുന്നത്. ഇരുപതു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാമം ഇരുപതു പേർക്ക് ഒരു കോടി രൂപ വീതമാണ്.
എംടിയുടെ വാക്കുകളിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ല; രഹസ്യാന്വേഷണ റിപ്പോർട്ട്
?️കെഎൽഎഫ് വേദിയിൽ എം.ടി. വാസുദേവൻ നായർ നടത്തിയ പ്രസംഗത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയുള്ള എംടിയുടെ വിമർശനം ഇടതു ചേരിയിൽ നിന്നു തന്നെയുള്ള ആരുടെയെങ്കിലും ഇടപെടലുമൂലമാണോ എന്ന സംശയത്തിന് പിന്നാലെ ആഭ്യന്തര മന്ത്രാലയമാണ് രഹസ്യാന്വേഷണ വിഭാഗത്തെ നിയോഗിച്ചത്. തുടർന്ന് സംസ്ഥാന ഇന്റലിജൻസ് വിഭാഗം എംടിയുടെ ലേഖനം പ്രസിദ്ധീകരിച്ച പുസ്തകം ഉൾപ്പടെ പരിശോധിക്കുകയായിരുന്നു
കേരളത്തിലെ 20 നഗരങ്ങളിൽ മാലിന്യക്കൂനകള്‍ നീക്കി ഭൂമി വീണ്ടെടുക്കും
?️സംസ്ഥാനത്തെ നഗരപ്രദേശങ്ങളില്‍ കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്ത് ആ സ്ഥലം വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്ന പ്രവര്‍ത്തനവുമായി ലോക ബാങ്ക് സഹായത്തോടെയുള്ള കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ്ഡബ്ല്യുഎംപി). സ്ഥിരമായി മാലിന്യം തള്ളുന്ന സ്ഥലം വീണ്ടെടുത്ത് നഗരസഭയ്ക്ക് പ്രയോജനപ്പെടുത്താവുന്നതാക്കി മാറ്റുന്നതാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള കെഎസ്ഡബ്ല്യുഎംപിയുടെ ഈ പദ്ധതി. സംസ്ഥാനത്താകെ 20 നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുക.
മോദി തിരുവനന്തപുരത്ത് മത്സരിക്കുമെന്നത് ഊഹാപോഹം: പ്രകാശ് ജാവദേക്കർ
?️മോദി തിരുവനന്തപുരത്ത് മത്സരിക്കുമെന്നത് ഊഹാപോഹമെന്ന് പ്രകാശ് ജാവ്ദേക്കർ. അടുത്ത 100 ദിവസത്തിനകം ബിജെപി നേതാക്കൾ കേരളത്തിലെ എല്ലാ വോട്ടർമാരേയും നേരിൽ കാണുമെന്നും ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി ജെ പി കേരളത്തിൽ ചരിത്രമെഴുതുമെന്നും പ്രകാശ് ജാവദേക്കർ കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേരളത്തിൽ ബിജെപി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. മോദിയുടെ ഗ്യാരണ്ടി കേരളത്തിൽ നടപ്പായി. കർഷകർക്കും സാധാരണക്കാർക്കും മോദി സഹായം നൽകി. ഇത്തവണ കേരളത്തിൽ ബിജെപി വിജയം കാണുമെന്നും അദ്ദേഹം പറഞ്ഞു.
വീണയുടെ കമ്പനിക്കെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതം; എം.വി. ഗോവിന്ദൻ
?️എക്സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണിതെന്നും ഇത്തരത്തിലുള്ള അന്വേഷണങ്ങളെ സിപിഎം ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായ അന്വേഷണങ്ങളെ കോൺഗ്രസ് കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണെന്നും സിപിഎം മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ ഗോവിന്ദൻ പറയുന്നു. ഇന്ത്യ മുന്നണിക്ക് രൂപം നൽകുന്നതിലും മതനിരപേക്ഷ ഉള്ളടക്കം നൽകുന്നതിലും സിപിഎമ്മും ഇടതു മുന്നണിയും നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. അയോധ്യ വിഷയത്തിലടക്കം അതിന്റെ പ്രാഭവമുണ്ടായി.
‘രാമക്ഷേത്ര പ്രതിഷ്ഠ ദിനം കേരളത്തിൽ വൈദ്യുതി മുടങ്ങും’; വ്യാജ പ്രചാരണമെന്ന് മന്ത്രി കൃഷ്ണൻകുട്ടി
?️അയോധ്യ പ്രതിഷ്ഠാ ദിനം കേരളത്തില്‍ വൈദ്യുതി മുടങ്ങുമെന്നത് വ്യാജ പ്രചാരണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. അയോധ്യ പ്രതിഷ്ഠാ കര്‍മ്മം നടക്കുന്ന 2024 ജനുവരി 22ന് കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങും എന്ന് ഫേസ്ബുക്കില്‍ മലയാളത്തിലും, എക്സിലും എക്സിലൂടെ ഉത്തരേന്ത്യയിലും ശക്തമായ പ്രചാരണം ചില സാമൂഹ്യ വിരുദ്ധര്‍ നടത്തുന്നുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും മന്ത്രി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
സംസ്ഥാന സർക്കാരും അവധി പ്രഖ്യാപിക്കണം: കെ. സുരേന്ദ്രൻ
?️അയോധ്യ ശ്രീരാമ ജന്മഭൂമിയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങു നടക്കുന്ന 22ന് സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് 2.30 വരെ അവധി പ്രഖ്യാപിച്ചത് സംസ്ഥാനവും മാതൃകയാക്കണം. രാമനും രാമായണവും മലയാളിയുടെ ഹൃദയത്തിൽ അലിഞ്ഞു ചേർന്ന വികാരമാണ്. സംസ്ഥാന സർക്കാർ വിശ്വാസികളുടെ വികാരം മാനിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
കുസാറ്റ് ദുരന്തത്തിൽ പൊലീസ് അന്വേഷണം തുടരുന്നതല്ലെ നല്ലതെന്ന് ഹൈക്കോടതി
?️കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ടെക് ഫെസ്റ്റിനു മുന്നോടിയായുണ്ടായ ദുരന്തത്തിൽ നിലവിലുള്ള പൊലീസ് അന്വേഷണം തുടരുന്നതല്ലെ നല്ലതെന്ന് ഹൈക്കോടതി. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചപ്പോഴാണ് പരാമർശം. പൊലീസ് റിപ്പോർട്ടിൽ പരാമർശിച്ച പ്രതികളെ അറസ്റ്റ് ചെയ്തോ എന്നും കോടതി സർക്കാറിനോട് ആരാഞ്ഞു.
വികസിത് ഭാരത് സങ്കൽപ്പ് യാത്ര: രണ്ടു മാസത്തിനിടെ പങ്കെടുത്തത് 15 കോടി പേർ
?️രണ്ട് മാസത്തിനുള്ളിൽ, 15 കോടിയിലധികം ജനങ്ങളുടെ ആവേശകരമായ പങ്കാളിത്തത്തോടെ “വികസിത് ഭാരത് സങ്കൽപ്പ് യാത്ര’ രാജ്യത്തിന്റെ മനം കവരുന്നു. ഏവരെയും ഉൾക്കൊള്ളുന്നതും, അഭിവൃദ്ധി പ്രാപിക്കുന്നതുമായ ഇന്ത്യയിലേക്കുള്ള ഏകീകൃത പാത രൂപപ്പെടുത്തുന്നതിനുള്ള യാത്രയുടെ സ്വാധീനത്തെക്കുറിച്ച് ഈ മഹത്തായ ജനപങ്കാളിത്തം ഒരുപാട് കാര്യങ്ങൾ വ്യക്തമാക്കുന്നു. രാജ്യത്തുടനീളമുള്ള ഗവണ്മെന്റ് പദ്ധതികളുടെ 100% നടപ്പാക്കൽ ഉറപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന സംരംഭമാണ് “വികസിത് ഭാരത് സങ്കൽപ്പ് യാത്ര’.
അയോധ്യ ക്ഷേത്ര നിർമാണം പൂർത്തിയായിട്ടില്ല; പ്രതിഷ്ഠാ ചടങ്ങ് തടയണമെന്ന് ഹർജി
?️അയോധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ 22 ന് നടക്കാനിരിക്കെ ചടങ്ങ് തടയണമെന്നാവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ഗാസിയാബാജ് സ്വദേശി ഭോലദാസാണ് ഹർജി നൽകിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയായിട്ടില്ലെന്നും ഹിന്ദു വിശ്വാസപ്രകാരം മതപരമായ ചടങ്ങുകൾ നടത്താൻ പാടില്ലാത്ത സമയത്താണ് പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 18ന് വിഗ്രഹം ഗർഭഗൃഹത്തിൽ പ്രതിഷ്ഠിക്കും. 20,21 തീയതികളിൽ ദർശനമുണ്ടാവില്ല. 23 മുതൽ ഭക്തർക്ക് ദർശനം അനുവദിക്കും.
കീഴടങ്ങാൻ കൂടുതൽ സമയം വേണം; ബില്‍ക്കിസ് ബാനു കേസ് പ്രതി കോടതിയിൽ
?️കീഴടങ്ങാൻ നാലാഴ്ചത്തെ സമയം തേടി ബിൽക്കസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളിൽ ഒരാൾ സുപ്രീംകോടിയെ സമീപിച്ചു. ആരോഗ്യപ്രശ്നങ്ങളും കുടുംബത്തിലെ ഉത്തരവാദിത്തങ്ങളും ചൂണ്ടിക്കാട്ടി ഗോവിന്ദ്ഭായാണ് കീഴടങ്ങാൻ നാലാഴ്ചത്തെ സമയം തേടിയത്. കേസിലെ പ്രതികൾ രണ്ടാഴ്ചക്കുള്ളിൽ ജയിലിൽ തിരിച്ചെത്തണമെന്നാണ് സുപ്രീംകോടതി വിധി. ഇതിനു പിന്നാലെയാണ് കീഴടങ്ങാൻ സാവകാശം തേടി ഗോവിന്ദ്ഭായ് കോടതിയെ സമീപിച്ചത്.
തണുത്തുറഞ്ഞ് ഊട്ടി
?️വിനോദ സഞ്ചാര കേന്ദ്രമായ ഊട്ടിയിൽ അതി കഠിന ശൈത്യം. നിലിവിൽ ഊട്ടിയിലെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസാണ്. ഊട്ടിയിലെ സാന്‍ഡിനല്ല റിസർവോയർ പ്രദേശത്ത് സീറോ ഡിഗ്രി സെൽഷ്യസാണ് താപനില. കന്തൽ, തലൈകുന്ത പ്രദേശങ്ങളിൽ ഒരു ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. പ്രദേശവാസികൾക്കും കർഷകർക്കും വെല്ലുവിളിയാണ് ഈ കാലാവസ്ഥ. ഡിസംബറിൽ ശക്തമായ മഴയായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ശക്തമായ ശൈത്യവും അനുഭവപ്പെടുന്നത്. പർവ്വതനിരകളിൽ അനവസരത്തിലുള്ള കൊടുംതണുപ്പ് പരിസ്ഥിതി പ്രവർത്തകരേയും ആശങ്കപ്പെടുത്തുന്നുണ്ട്.
ഇന്ത്യയിലെ 25% കൗമാരക്കാര്‍ക്ക് രണ്ടാം ക്ലാസ് പുസ്തകം പോലും വായിക്കാനറിയില്ല: സർവേ
?️ഇന്ത്യയിലെ 14 നും 18 നും ഇടയിൽ പ്രായമുള്ള 25% കൗമാരക്കാർക്കും അവരുടെ മാതൃഭാഷയിലുള്ള രണ്ടാം ക്ലാസ് പാഠപുസ്തകം പോലും നന്നായി വായിക്കാൻ അറിയില്ലെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ വാർഷിക വിദ്യാഭ്യാസ റിപ്പോർട്ടിലാണ് (ASER) ഇക്കാര്യം വ്യക്തമാക്കുന്നത്. ഇംഗ്ലീഷിന്റെ കാര്യത്തിൽ ഏകദേശം 42% കുട്ടികള്‍ക്ക് ചെറിയ വാചകം പോലും കൂട്ടിവായിക്കാന്‍ അറിയില്ലെന്നും ആനുവല്‍ സ്റ്റാറ്റസ് ഓഫ് എഡ്യുക്കേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പകുതിയിലധികം പേർക്കും (57.3%) ഇംഗ്ലീഷ് വായിക്കാന്‍ അറിയാം. ഇതില്‍ മൂന്നിലൊന്ന് കുട്ടികൾക്കു മാത്രമാണ് ഇംഗ്ലീഷ് വാചകം വായിച്ച് അര്‍ഥം പറയാന്‍ അറിയുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
‘എറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് അസമിലേത്’; രാഹുൽ ഗാന്ധി
അഞ്ചാം ദിനത്തിലേക്ക് കടന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര അസമിലെ പര്യടനം ആരംഭിച്ചു. 8 ദിവസം നീണ്ട യാത്ര അസമിൽ 17 ജില്ലകളിലായി 833 കിലോമീറ്റർ യാത്ര സഞ്ചരിക്കും. ജനങ്ങളെ ഒന്നിപ്പിക്കുന്നതിനോടൊപ്പം, നീതി ഉറപ്പാക്കാൻ കൂടി ലക്ഷ്യം വെച്ചാണ് യാത്രയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് അസമിലേതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. .
ഔദ്യോഗിക വസതിയൊഴിയാനുള്ള നോട്ടീസിനെതിരേ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് മഹുവ
?️എംപിസ്ഥാനം നഷ്ടപ്പെട്ടതിനു പുറകേ ഔദ്യോഗിക വസതി ഒഴിയണമെന്നാവശ്യപ്പെട്ട് ഡയറക്റ്ററേറ്റ് ഒഫ് എസ്റ്റേറ്റ്സ് നൽകിയ നോട്ടീസിനെതിരേ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര. മഹുവയുടെ ഹർജി വൈകാതെ ജസ്റ്റിസ് ഗിരീഷ് കാത്പാലിയ പരിഗണിക്കും. ചൊവ്വാഴ്ചയാണ് എത്രയും പെട്ടെന്ന് വസതി ഒഴിയാൻ ആവശ്യപ്പെട്ട് മഹുവയ്ക്ക് നോട്ടീസ് ലഭിച്ചത്.
‘ഇരട്ടച്ചങ്കൻ മോദിക്ക് മുന്നിൽ കൈകൂപ്പി നിൽക്കുന്ന ആ നിൽപ്പുണ്ടല്ലോ, അതിൽ നിന്നും എല്ലാം വ്യക്തം’; വി.ഡി. സതീശൻ
?️മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ മുഖ്യമന്ത്രിയെത്തിയ ചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു സതീശന്റെ വിമർശനം. പ്രധാനമന്ത്രിയെ സ്വീകരിച്ചതിൽ കുറ്റമൊന്നും പറയാനില്ല. ഏത് മുഖ്യമന്ത്രിയായലും അത് കോൺഗ്രസിന്റേതാണെങ്കിലും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പോവണം. എന്നാൽ പ്രധാനമന്ത്രിക്ക് മുന്നിൽ കൈകൂപ്പി വിനയാന്വിതനായി നിൽക്കുന്ന ആ നിൽപ്പ് നൽകുന്ന ഒരു സന്ദേശമുണ്ട്. ആ നിൽപ്പ് ജനങ്ങൾ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വമ്പൻ ഹിറ്റായി കുഴുപ്പിള്ളി ഫ്ലോട്ടിങ് ബ്രിഡ്ജ്
?️രണ്ടു മാസങ്ങൾക്ക് മുൻപ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ജനങ്ങൾക്കായി തുറന്നു കൊടുത്ത കുഴുപ്പിള്ളി ഫ്ലോട്ടിങ് ബ്രിഡ്ജ് വൻ വിജയത്തിലേക്ക്. ജില്ലയ്ക്ക് അകത്തുനിന്നും പുറത്തു നിന്നുമായി ഇതു വരെ 35000 സഞ്ചാരികളാണ് ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറാൻ എത്തിയത്. 42 ലക്ഷം രൂപയാണ് വരുമാന ഇനത്തിൽ ഇതു വരെ ലഭിച്ചത്.സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് യാഥാർത്ഥ്യമാക്കിയത്. 100 മീറ്റര്‍ നീളവും 3 മീറ്റർ വീതിയുമുള്ള പാലം ഉന്നത നിലവാരത്തിലുള്ള പോളി എത്തിലീൻ ബ്ലോക്കുകൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.
ബാഗേശ്വറിലെ പ്രശസ്ത വെങ്കല ഉത്പന്നങ്ങൾ പ്രധാനമന്ത്രിക്ക് സമ്മാനിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
?️ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് സംസ്ഥാനത്തെ വിവിധ വികസന വിഷയങ്ങൾ ചർച്ച ചെയ്തു. ബാഗേശ്വറിലെ പ്രശസ്തമായ ചെമ്പ് കരകൗശലത്തെ അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങൾ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. സഹകരണ കർഷക സമൃദ്ധി കാർഡ് പദ്ധതി (നമോ കോഓപ്പറേറ്റീവ് കവച് കാർഡ്) ആരംഭിക്കുന്നതും അറിയിച്ചു.
ടി.എൻ. പ്രതാപനു വേണ്ടി തൃശൂരിൽ വീണ്ടും ചുവരെഴുത്ത്
?️ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ടി.എൻ പ്രതാപനു വേണ്ടി വീണ്ടും ചുവരെഴുത്ത്. തൃശൂർ എളവള്ളിയിലാണ് ‘പ്രതാപൻ തുടരും പ്രതാപത്തോടെ’ എന്ന ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രിയുടെ ഗുരുവായൂർ സന്ദർശനത്തിനു പിന്നാലെയാണ് എളവള്ളിയിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്നാണ് വിവരം. നേരത്തെയും ടിഎൻ പ്രതാപനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെ പ്രതാപൻ നേരിട്ട് ഇടപെട്ട് നീക്കുകയായിരുന്നു. ആവേശക്കമ്മറ്റിക്കാർ ചുവരെഴുതേണ്ടെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞിരുന്നു. ഇതിനിടെയാണ് വീണ്ടും ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.
പോർട്ട്ഫോളിയോ 2024 ബ്രോഷർ മോഹൻലാൽ പ്രകാശനം ചെയ്തു
?️കൊച്ചിയിലെ ന്യൂസ് ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ കൊച്ചി ഫോട്ടോ ജേണലിസ്റ്റ്സ് ഫോറം സംഘടിപ്പിക്കുന്ന 26ാമത് ഫോട്ടോ പ്രദർശനം ‘പോർട്ട്ഫോളിയോ 2024’ ന്റെ ബ്രോഷർ ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ നടൻ മോഹൻലാൽ പ്രകാശനം ചെയ്തു.ജനുവരി 24 മുതൽ 26 വരെ ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിലാണ് പ്രദർശനം. 2022 ജനുവരി മുതൽ 2023 ഡിസംബർ വരെ കൊച്ചിയിലെ വിവിധ പത്ര മാധ്യമങ്ങളിൽ ജോലിചെയ്യുന്ന 33 ഫോട്ടോഗ്രാഫർമാർ പകർത്തിയ അറുപത്തിയഞ്ചോളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
ഇന്ത്യ വീണ്ടും തോറ്റു
?️ എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടു. ഉസ്ബകിസ്ഥാനോട് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ദയനീയ പരാജയം. ആദ്യപകുതിയിൽ തന്നെ മൂന്നു ഗോളുകളും ഉസ്ബകിസ്ഥാൻ നേടി വിജയമുറപ്പിച്ചിരുന്നു. രണ്ടാം പകുതിയിൽ ഗോൾ വഴങ്ങാതെ പിടിച്ചുനിൽക്കാനായി എന്നതു മാത്രമാണ് ഇന്ത്യയുടെ ഏക ആശ്വാസം.
ത്രില്ലർ കാ ബാപ്പ്: ഹിറ്റ്മാൻ റിട്ടേൺസ്
?️ഒരൊറ്റ ട്വന്റി20 മത്സരം. പക്ഷേ, രോഹിത് ശർമ ബാറ്റ് ചെയ്തത് ഒന്നല്ല, രണ്ടല്ല, മൂന്ന് ഇന്നിങ്സിൽ. മൂന്നിലും ടോപ് സ്കോറർ. ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ ത്രില്ലറുകളിലൊന്നിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ കീഴടക്കിയത് രണ്ടാമത്തെ സൂപ്പർ ഓവറിൽ.നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് ആണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഒരവസരത്തില്‍ 22-4 എന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റില്‍ രോഹിത് ശര്‍മയും (69 പന്തിൽ 121) റിങ്കു സിങ്ങും (39 പന്തിൽ 69) ചേര്‍ന്ന് പടുത്തുയര്‍ത്തിയ 190 റണ്‍സ് കൂട്ടുകെട്ടാണ് മികച്ച സ്കോര്‍ സമ്മാനിച്ചത്. എന്നാൽ, റഹ്മാനുള്ള ഗുർബാസ് (32 പന്തിൽ 50), ഇബ്രാഹം സദ്രാൻ (50), ഗുലാബ്ദിൻ നൈബ് (16 പന്തിൽ 34) എന്നിവരുടെ ബാറ്റിങ് കരുത്തിൽ അഫ്ഗാനിസ്ഥാനും തിരിച്ചടിച്ചു. ഫലം, 20 ഓവറിൽ അവരും 212, ആറ് വിക്കറ്റ് നഷ്ടത്തിൽ.
അർജന്റീന ദേശീയ ടീം കേരളത്തിലെത്തും
?️അർജന്റീന ദേശീയ ടീം പന്തുതട്ടാനായി കേരളത്തിലെത്തുന്നു. കായിക മന്ത്രി വി അബ്ദുറഹ്മാനാണ് കേരളത്തിലെ ഫുട്ബാൾ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന വെളിപ്പെടുത്തൽ നടത്തിയത്. അർജന്റീന കേരളവുമായി ഫുട്ബോൾ രംഗത്ത് സജീവമായ സഹകരണത്തിന് സന്നദ്ധത അറിയിച്ചെന്നും 2025 ഒക്ടോബറിൽ അർജൻ്റീന ദേശീയ ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരം കളിക്കുമെന്നും മന്ത്രി ഫെയ്സ്ബുക്കിൽകുറിച്ചു. കേരള സർക്കാർ നടത്തുന്ന ഗോൾ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കുവാനുമുള്ള താത്പര്യം അവർ പ്രകടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5770 രൂപ
പവന് 46160 രൂപ