വാർത്താകേരളം

  16.12.2023

മുൻ മന്ത്രി കെ.പി. വിശ്വനാഥൻ അന്തരിച്ചു
?️മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി വിശ്വനാഥൻ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ കല്ലായിൽ പാങ്ങന്‍റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രിൽ 22ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദം നേടി. ഒരു അഭിഭാഷകൻ കൂടിയാണ് കെ.പി. വിശ്വനാഥൻ. യുവജന സംഘടനയായ യൂത്ത് കോൺഗ്രസ് വഴിയാണ് രാഷ്ട്രീയ പ്രവേശനം.

പാർലമെന്‍റ് ആക്രമണം; മുഖ്യആസൂത്രകൻ അറസ്റ്റിൽ
?️ പാർ‌ലമെന്‍റിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ സംഭവത്തിൽ മുഖ്യ ആസൂത്രകൻ അറസ്റ്റിൽ. കേസിലെ ആറാം പ്രതിയായ ബീഹാർ സ്വദേശി ലളിത് ഝായാണ് അറസ്റ്റിലായത്. ഇയാൾ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. പാർലമെന്‍റ് ആക്രമണത്തിന് നേതൃത്വം നൽകിയത് ഇയാളാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവ സമയത്ത് ദൃശ്യങ്ങൾ മൊബൈലിൽ ചിത്രികരിച്ചത് ഇയാൾ ആയിരുന്നു. പീന്നിട് കൂട്ടാളികളുടെ ഫോണുകളുമായി ഓടിപ്പോയ ഇയാൾ ഒരു എൻ.ജി.ഒ നേതാവിന് ദൃശ്യങ്ങൾ അയച്ചു കൊടുത്തിരുന്നു. തുടർന്ന് ദൃശ്യങ്ങൾ ഭദ്രമായി സൂക്ഷിക്കാനും വേണ്ടത്ര മാധ്യമ ശ്രദ്ധ കിട്ടിയെന്ന് ഉറപ്പാക്കാനും ലളിത് ഇയാളോടു നിർദേശിച്ചെന്നാണ് വിവരം.

കേരളത്തിന് എല്ലാ നിലകളിലും അഭിമാനകരമായ വളർച്ച: മുഖ്യമന്ത്രി
?️കേരളം എല്ലാ നിലകളിലും അഭിമാനകരമായ വളർച്ചയാണു നേടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നൂറാം നവകേരള സദസ് വേദിയായ ആലപ്പുഴ എസ്ഡിവി സ്‌കൂൾ മൈതാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര വളർച്ച 2016 ൽ 9. 6 ശതമാനം ആയിരുന്നത് കഴിഞ്ഞ സാമ്പത്തിക വർഷം 17. 6 ശതമാനമായി വർധിച്ചു.

ഭർതൃമാതാവിനെ ഉപദ്രവിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
?️80കാരിയായ ഭർതൃമാതാവിനെ സ്കൂൾ അധ്യാപികയായ മരുമകൾ ഉപദ്രവിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി 7 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണു നടപടി. മർദനത്തിൽ അമ്മ ഏലിയാമ്മ വർഗീസിന്‍റെ കൈകാലുകൾക്ക് മുറിവേറ്റിട്ടുണ്ട്. ആയുധങ്ങൾ ഉപയോഗിച്ചും അല്ലാതെയും മർദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കാലടിയിൽ ഗവർണർക്കെതിരേ എസ്എഫ്ഐയുടെ ബാനർ
?️കാലടി സംസ്കൃത സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ എസ്എഫ്ഐയുടെ ബാനർ. ‘ശാഖയിലെ സംഘിസം സര്‍വകലാശാലയില്‍ വേണ്ട ഗവര്‍ണറെ’ എന്നെഴുതിയ ബാനറാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഗവർണർക്കെതിരേ പ്രതിഷേധം ശക്തമാക്കുമെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് സർവകലാശാലയുടെ പ്രധാന കവാടത്തിനു മുന്നിൽ ബാനർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ സര്‍വകലാശാല കാമ്പസുകളില്‍ ഗവര്‍ണറെ കാലുകുത്താന്‍ അനുവദിക്കില്ലെന്നാണ് എസ്എഫ്‌ഐയുടെ വെല്ലുവിളി ഉയർത്തിയിരിക്കുന്നത്.

ജനുവരി 2 ന് പ്രധാനമന്ത്രി തൃശൂരിൽ
?️ജനുവരി രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനം സന്ദർശിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തേക്കിൻകാട് മൈതാനത്ത് നടക്കുന്ന സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി എത്തുക.അങ്കണവാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വനിതാ സംരംഭകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, തെരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ തുടങ്ങി വ്യത്യസ്ത വിഭാഗം സ്ത്രീകളെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുന്നതെന്നും രണ്ട് ലക്ഷം സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നവ കേരളസദസ്: ആലപ്പുഴയിൽ 4 കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ
?️മുഖ്യമന്ത്രി പങ്കെടുക്കുന്ന നവകേരള സദസിനോട് അനുബന്ധിച്ച് നാല് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലെടുത്ത് പൊലീസ്. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് അംഗം സാജൻ എബ്രഹാം, പറവൂർ പടിഞ്ഞാറ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പി.വി.ഷാജി, ഭാർഗവൻ, സജി വർഗീസ് എന്നിവരെയാണ് പിടികൂടിയത്.

പാലക്കാട് മെഡിക്കൽ കോളെജ് വിദ്യാർഥികൾക്ക് നേരെ ആക്രമണം; നാലു പേർ അറസ്റ്റിൽ
?️പാലക്കാട് മെഡിക്കൽ കോളെജ് വിദ്യാർഥികൾക്കു നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. നാലു വിദ്യാർഥികൾക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രിയാണ് മെഡിക്കൽ കോളെജ് പരിസരത്തുവച്ചു വിദ്യാർഥികൾക്കു നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ നാലു പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

മാവേലിക്കരയിൽ 6 വയസുകാരിയെ വെട്ടിക്കൊന്ന പിതാവ് ട്രെയിനിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു
?️ആറു വയസുകാരിയായ നക്ഷത്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവ് ശ്രീമഹേഷ് ശാസ്താംകോട്ടയിൽ ട്രെയിനിൽ നിന്നും ചാടി മരിച്ചു. ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജി മുൻപാകെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനായി കൊണ്ടുവന്ന ശേഷം തിരിച്ച് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടു പോകവെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന പൊലീസുകാരെ തള്ളിമാറ്റിയ ശേഷം ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടുകയായിരുന്നു. കൊലപാതകത്തിനു പിന്നാലെ റിമാൻഡ് ചെയ്യപ്പെട്ട ശ്രീമഹേഷ് ജയിലിൽ വച്ച് ബ്ലെയ്ഡ് ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

കൊല്ലത്ത് ക്ഷേത്ര മൈതാനത്ത് നവകേരള സദസ് നടത്താനുള്ള അനുമതി റദ്ദാക്കി ഹൈക്കോടതി
?️ക്ഷേത്ര മൈതാനത്ത് നവകേരള സദസ് നടത്താനുള്ള അനുമതി നല്‍കിയ ദേവസ്വം ബോര്‍ഡിന്‍റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
കൊല്ലത്തെ കടയ്ക്കല്‍ ദേവീ ക്ഷേത്രമൈതാനിയിലെ നവകേരള സദസിന് അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ ക്ഷേത്രം പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുമെന്ന ഹര്‍ജിക്കാരുടെ വാദം കോടതി ശരിവെക്കുകയായിരുന്നു.

വണ്ടിപ്പെരിയാർ കേസ്: പാർട്ടി പ്രവർത്തകനെ രക്ഷിക്കാൻ നടത്തിയ ഗൂഢാലോചനയെന്ന് വി.ഡി സതീശൻ
?️വണ്ടിപ്പെരിയാർ കേസിലെ പ്രതിയെ വെറുതെവിടാൻ കാരണം അന്വേഷണത്തിലുള്ള പാളിച്ചമൂലമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംഭവം നടന്ന ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ പോലും സ്ഥലത്തെത്തിയിട്ടില്ല. പിറ്റേന്ന് എത്തിയെങ്കിലും പ്രാഥമിക തെളിവുകൾ ശേഖരിക്കാൻ തയാറായിരുന്നില്ല. പിന്നീട് തെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

വനിതാ ജഡ്ജിയുടെ പരാതിയിൽ ചീഫ് ജസ്റ്റിസ് റിപ്പോർട്ട് തേടി
?️ജില്ലാ ജഡ്ജി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഇടപെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. ഉത്തർ പ്രദേശ് ബന്ദ ജില്ലയിലെ വനിതാ ജഡ്ജിയാണ് ഇത് സംബന്ധിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. ബന്ദ ജില്ലയിലെ ജില്ലാ ജഡ്ജിക്കെതിരെയാണ് പരാതി. സംഭവത്തിൽ അലഹബാദ് ഹൈക്കോടതിയോട് ചീഫ് ജസ്റ്റിസ് റിപ്പോർട്ട് തേടി. ഉടൻ മറുപടി നൽകണമെന്ന് ചീഫ് ജസ്റ്റിസിന്‍റെ നിർദേശം.

സാംസങ് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ജാഗ്രതാ നിർദേശവുമായി കേന്ദ്രം
?️സാംസങ് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ആണ് സാംസങ് ഫോണുകളിൽ നിരവധി സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഗ്യാലക്സി എസ്23 അൾട്ര എന്ന ഫ്ലാഗ്ഷിപ്പ് ഫോൺ ഉപയോഗിക്കുന്നവരെയടക്കം ഈ സുരക്ഷാ മുന്നറിയിപ്പിലുൾപ്പെടുന്നു.

മഹുവയ്ക്ക് ആശ്വാസമില്ല
?️ലോക്സഭയിൽ നിന്ന് പുറത്താക്കിയത് ചോദ്യം ചെയ്തു കൊണ്ടു തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മാറ്റി വച്ച് സുപ്രീം കോടതി. ജസ്റ്റിസ്മാരായ സഞ്ജീവ് ഖന്ന, എസ് വി എൻ ഭട്ടി എന്നിവരാണ് ഹർജി മാറ്റി വച്ചതായി അറിയിച്ചത്. മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്‌വിയാണ് മഹുവയ്ക്കു വേണ്ടി കോടതിയിൽ ഹാജരായത്.

നടൻ പ്രകാശ് രാജിന് തമിഴ്നാട് പൊലീസിന്‍റെ ക്ലീൻ ചിറ്റ്
?️തിരുച്ചിറപ്പള്ളിയിലെ പ്രണവ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ നടൻ പ്രകാശ് രാജിന് തമിഴ്നാട് പൊലീസിന്‍റെ ക്ലീൻ ചിറ്റ്. നിക്ഷേപ തട്ടിപ്പുമായി ബന്ധമില്ലെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക വിഭാഗം റിപ്പോര്‍ട്ട് നൽകിയ പശ്ചാത്തലത്തിലാണ് പൊലീസിന്‍റെ നടപടി.ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയിൽ പരസ്യചിത്രത്തിൽ അഭിനയിക്കുക മാത്രമാണ് പ്രകാശ് രാജ് ചെയ്തതെന്നും നടനെ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ആണ് റിപ്പോർ‌ട്ടിൽ പറയുന്നത്.

അയോധ്യ മോസ്കിനു തറക്കല്ലിടാൻ മെക്കയിൽനിന്ന് ഇമാം
?️ബാബറി മസ്ജിദിനു പകരം അയോധ്യയിൽ ഉത്തർ പ്രദേശ് സർക്കാർ അനുവദിച്ച സ്ഥലത്ത് നിർമിക്കുന്ന പുതിയ മോസ്കിന് മെക്കയിൽനിന്നുള്ള ഇമാം തറക്കല്ലിടും. അയോധ്യയിൽ നിന്ന് 25 കിലോമീറ്റർ അകലെ ധാന്നിപുരിലാണ് മസ്ജിദ് മുഹമ്മദ് ബിൻ അബ്ദുള്ള എന്ന പേരിൽ പുതിയ മോസ്ക് നിർമിക്കുന്നത്.മെക്കയിലെ കഅബയുടെ വളപ്പിലുള്ള മോസ്കിൽ നമസിനു നേതൃത്വം നൽകുന്ന ഇമാമിനെയാണ് പുതിയ മോസ്കിന്‍റെ നിർമാണത്തിനു തറക്കല്ലിടാൻ ക്ഷണിച്ചിരിക്കുന്നത്.

അക്കാഡമി ജീവനക്കാരെ വേദിയിലേക്ക് ക്ഷണിച്ച് അഭിനന്ദിച്ച് രഞ്ജിത്ത്
?️ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ വിശിഷ്ടാതിഥികള്‍ക്ക് വലിയ കൈയടി ലഭിച്ചപ്പോൾ അക്കാഡമി ചെയർമാൻ രഞ്ജിത്തിനു കൂവല്‍. കഴിഞ്ഞ തവണയും ഇതേവേദിയിൽ രഞ്ജിത്തിനു കൂവൽ കിട്ടിയിരുന്നു. സ്വാഗത പ്രസംഗത്തിനു ക്ഷണിച്ചതിനിടെയാണു രഞ്ജിത്തിനെതിരേ കാണികളിൽ ചിലർ കൂവിയത്. എന്നാല്‍, പ്രതിഷേധം ഗൗനിക്കാതെ പ്രസംഗിച്ച രഞ്ജിത്ത് മേളയുടെ വലിയ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ചലച്ചിത്ര അക്കാഡമിയിലെ ജീവനക്കാരെ എല്ലാവരെയും വേദിയിലേക്ക് ക്ഷണിച്ച് അഭിനന്ദിച്ചു.

ആലപ്പുഴയിൽ കെപിസിസി ജനറൽ സെക്രട്ടറിയുടെ വീട് ആക്രമിച്ചു
?️ആലപ്പുഴയിൽ കെപിസിസി ജനറൽ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. കൈതവനയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം. സിഐടിയു പ്രവ‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നു പരാതിയിൽ ആരോപിക്കുന്നു. ആക്രമണത്തിൽ വീടിന്‍റെ ജനൽ ചില്ലുകള്‍ തകര്‍ത്തിട്ടുണ്ട്. തടയാൻ ശ്രമിച്ച ജോബിന്‍റെ ഭാര്യയെ കഴുത്തിന് പിടിച്ച് തള്ളിയിട്ടുവെന്നും ആരോപണമുണ്ട്.

തൃശൂർ തൃപ്രയാറിൽ ആനയിടഞ്ഞു
?️തൃശൂർ തൃപ്രയാറിൽ ആനയിടഞ്ഞു.പൂതൃക്കോവിൽ പാർഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. ആന ഇടഞ്ഞതിനെ തുടർന്ന് ഏറെ നേരം തൃപ്രയാർ – തൃശൂർ പാതയിൽ ഗതാഗതം തടസപ്പെട്ടു.വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. അക്രമാസക്തനായ ആന 2 വാഹനങ്ങൾ കുത്തിമറിക്കുകയും ക്ഷേത്ര പരിസരത്തുണ്ടായിരുന്ന 2 ട്രാവലറുകൾ മറിച്ചിടുകയും ചെയ്തു. ക്ഷേത്രത്തിന് സമീപത്തെ വഴിയോര കച്ചവട കേന്ദ്രവും തകര്‍ത്തു.

മലപ്പുറത്ത് അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 5 മരണം
?️മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 5 ആയി.ഓട്ടോയിലുണ്ടായിരുന്നവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവറും യാത്രക്കാരിയും കുട്ടികളും മരിച്ചു. കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. 5 പേര്‍ക്ക് പരിക്കുകളുണ്ടെന്നാണ് വിവരം. ഒരാളുടെ നില ഗുരുതരമാണ്.

നവകേരളസദസിൽ പങ്കെടുത്തില്ലെന്നാരോപിച്ച് സിഐടിയു ഓട്ടോ ഡ്രൈവർക്ക് മർദനം
?️നവകേരളസദസിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറായ സിഐടിയു അംഗത്തിന് മർദനം. കുമരകം കൈതത്തറ കെപി പ്രമോദിനാണ് (36) മർദനമേറ്റത്. കുമരകം ചന്തക്കവല ഓട്ടോറിക്ഷ സ്റ്റാൻഡിലാണ് സംഭവം.
ഇതേ സ്റ്റാന്‍റിലെ സിഐടിയു പ്രവർത്തകരായ കുട്ടച്ചൻ, ഷിജോ, പ്രവീൺ എന്നിവർ ചേർന്നാണ് മർദിച്ചത്. ഏറ്റുൂമാനൂരിലെ നവകേരള സദസിൽ പങ്കെടുത്തശേഷം സ്റ്റാന്‍റിലെത്തിയ പ്രമോദിനെ പരിപാടിയിൽ പങ്കെടുത്തില്ലെന്നാരോപിച്ച് മൂവരും ചേർന്ന് മർദിക്കുകയായിരുന്നു. തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയും നശിപ്പിച്ച നിലയിലായിരുന്നു. സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

ദേഹാസ്വാസ്ഥ്യം: മന്ത്രി കെ.കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
?️ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ മെഡിക്കൽ കോളെജിലാണ് പ്രവേശിപ്പിച്ചത്. നവകേരളസദസിന്‍റെ ഭാഗമായി ആലപ്പുഴയിൽ എത്തിയപ്പോഴായിരുന്നു സംഭവം. നിലവിൽ കാർഡിയാക് പ്രശ്നങ്ങൾ ഇല്ലെന്നു ചികിത്സിച്ച ഡോക്‌ടർമാർ പറഞ്ഞു. അദ്ദേഹം ഡോക്‌ടർമാരുടെ നീരിക്ഷണത്തിൽ തുടരുകയാണ്.

ധോണിയിൽ പുലിയിറങ്ങി
?️ധോണിയിൽ ജനവാസമേഖലയിൽ പുലിയിറങ്ങിയതായി സംശയം. ചേറ്റിൽവെട്ടിയാർ ഭഗവതി ക്ഷേത്രത്തിനു സമീപം പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി. സ്ഥലത്ത് ആർആർടി സംഘം എത്തി പരിശോധന നടത്തി.വനാതിർത്തിയോടു ചേർന്നുകിടക്കുന്ന എട്ടേക്കർ ഭൂമിയിലാണ് പുലിയെ കണ്ടെതെന്ന് സംശയിക്കുന്നത്. സമീപ പ്രദേശത്തെ ഒരു വീട്ടിലെ വളർത്തുനായയെ രാവിലെ മുതൽ കാണാനില്ല. പുലി വലിച്ചുകൊണ്ടുപോയതിന്‍റെ പാടുകൾ സ്ഥലത്ത് കണ്ടെത്തി.

മാതൃത്വത്തിന്‍റെ പേരിൽ സ്ത്രീകൾ തൊഴിൽ മേഖലയിൽ പിന്നിലാവുന്നത് ലിംഗവിവേചനം; ഹൈക്കോടതി
?️അമ്മയാവുക എന്നത് തെറ്റല്ലെന്നും ഗർഭധാരണമോ മാതൃത്വമോ ഒരു സ്ത്രീയുടെ ജോലിക്കായുള്ള അഭിലാഷത്തിന് തടസമാവരുതെന്നും ഹൈക്കോടതി നിരീക്ഷണം. സാഹചര്യത്തിനനുസൃതമായും യാഥാർഥ്യ ബോധത്തോടെയുമാവണം ലിംഗസമത്വം നടപ്പാക്കേണ്ടെതെന്ന ഹൈക്കോടതി നിരീക്ഷിച്ചു.
റേഡിയോ ഡയഗ്നോസിസ് അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന്, മറ്റേണിറ്റി അവധിയില്‍ ആയതിനാല്‍ നിശ്ചിത യോഗ്യതയായ ഒരു വര്‍ഷ പ്രവൃത്തിപരിചയം നേടാനായില്ലെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതി നിരീക്ഷണം.

ചലച്ചിത്ര അക്കാദമിയിൽ ഭിന്നിപ്പുകളില്ല; ചെയർമാൻ സ്ഥാനം രാജിവയ്ക്കില്ലെന്ന് രഞ്ജിത്ത്
?️ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെയ്ക്കില്ലെന്ന് അക്കാദമി ചെയർമാൻ രഞ്ജിത്ത്. സമാന്തര യോഗം ചേർന്നിട്ടില്ലെന്നും ചലച്ചിത്ര അക്കാദമിയിൽ നിലവിൽ ഭിന്നിപ്പില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കി. തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്രമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

“വിവാഹം വേ​ഗം വേണമെന്ന് ഷഹന നിർബന്ധിച്ചു; ആത്മഹത്യയിൽ തനിക്ക് പങ്കില്ല”
?️യുവ ഡോക്റ്റർ ഷഹനയുടെ ആത്മഹത്യയിൽ പങ്കില്ലെന്നു ഡോ. റുവൈസ്. ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് റുവൈസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രതി ഡോ. റുവൈസ് നൽകിയ ജാമ്യഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടിയിട്ടുണ്ട്. റുവൈസിന്‍റെ ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. റുവൈസിന്‍റെ പിതാവ് അബ്ദുൽ റഷീദിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

കെസിആർ ആശുപത്രി വിട്ടു; 8 ആഴ്ച വിശ്രമം
?️തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഇടുപ്പു മാറ്റിവയ്ക്ക ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രി വിട്ടു. ഡിസംബർ 8നാണ് കെസിആറിന് ഇടുപ്പു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. ചികിത്സയ്ക്കു ശേഷം കെസിആർ ആശുപത്രി വിട്ടതായി മകളും ബിആർസി എംഎൽസിയുമായ കെ.കവിത എക്സിൽ കുറിച്ചു. എട്ട് ആഴ്ചയിലെ വിശ്രമമാണ് ഡോക്റ്റർമാർ നിർദേശിച്ചിരിക്കുന്നത്.

ശബരിമല നടവരവില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 കോടി രൂപയുടെ കുറവ്!
?️ശബരിമല നടവരവില്‍ ഇത്തവണ ഇതേവരെ 20 കോടി രൂപയുടെ കുറവ്. മണ്ഡലകാലം ആരംഭിച്ച് 28 ദിവസത്തില്‍ 1,34,44,90,495 രൂപയാണ് ശബരിമലയിലെ നടവരവ്. കഴിഞ്ഞ വര്‍ഷം ഇത് 1,54,77,97,005 ആയിരുന്നു. ഭക്തരുടെ എണ്ണത്തിൽ ഒന്നര ലക്ഷത്തിന്‍റെ കുറവാണ് ഉണ്ടായത്.

രാജ്യാന്തര ചലച്ചിത്ര മേള
?️28-ാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ജാപ്പനീസ് ചിത്രം ഈവിൾ ഡെസ് നോട്ട് എക്സിസ്റ്റിന്. വ്യവസായവൽക്കരണം ഒരു ഗ്രാമത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് റുസ്യുകെ ഹാമാഗുച്ചിയുടെ ചിത്രത്തിന്‍റെ പ്രമേയം. മികച്ച സംവിധായകനുള്ള രജത ചകോരം ഉസ്ബെക്കിസ്ഥാൻ സംവിധായകൻ ഷോക്കിർ ഖോലിക്കോവ് സ്വന്തമാക്കി.

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
?️കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഡിസംബർ 15,18,19 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലയിൽ മഞ്ഞ അലർട്ടും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിളും കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ
?️അപ്രതീക്ഷിതമായ കരുനീക്കങ്ങളിലൂടെ ഹാർദിക് പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് സ്വന്തം ക്യാംപിലേക്ക് റാഞ്ചിക്കൊണ്ടു വന്ന മുംബൈ ഇന്ത്യൻസ് സർപ്രൈസുകൾ അവസാനിക്കുന്നില്ല. രോഹിത് ശർമയ്ക്കു പകരം ഹാർദികിനെ ക്യാപ്റ്റനാക്കിക്കൊണ്ടാണ് ടീം അധികൃതർ പുതിയ വെടി പൊട്ടിച്ചിരിക്കുന്നത്. മുംബൈ ഇന്ത്യൻസിനെ അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്കു നയിച്ച ക്യാപ്റ്റനാണ് ഇന്ത്യ‌ൻ ദേശീയ ടീമിന്‍റെ നായകൻ കൂടിയായ രോഹിത് ശർമ. ഏറ്റവും കൂടുതൽ ഐപിഎൽ കിരീടങ്ങൾ നേടിയ ക്യാപ്റ്റനെന്ന റെക്കോഡ് എം.എസ്. ധോണിയുമായി പങ്കുവയ്ക്കുകയും ചെയ്യുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇനിയില്ല ഒരു ഏഴാം നമ്പർ
?️ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അവസാന ഏഴാം നമ്പർ താരമായിരിക്കും മുൻ ക്യാപ്റ്റൻ എം.എസ്. ധോണി. അദ്ദേഹത്തിലൂടെ ഐതിഹാസിക പരിവേഷം ലഭിച്ച ഈ ജെഴ്സി നമ്പറിന് ബിസിസിഐ വിരമിക്കൽ പ്രഖ്യാപിച്ചു. ഫലത്തിൽ, ഇനിയാർക്കും ഈ നമ്പർ കൊടുക്കില്ല. ഇന്ത്യക്ക് ട്വന്‍റി20, ഏകദിന ലോകകപ്പുകളും ചാംപ്യൻസ് ട്രോഫിയും നേടിത്തന്ന ക്യാപ്റ്റനോടുള്ള ആദരസൂചകമായാണ് ഈ നടപടി.

കോൽക്കത്തയെ ശ്രേയസ് നയിക്കും
?️ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ശ്രേയസ് അയ്യര്‍ നയിക്കും. ഐപിഎല്‍ 2024 സീസണില്‍ ശ്രേയസ് അയ്യര്‍ ടീമിനെ നയിക്കുമെന്ന് നൈറ്റ് റൈഡേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശ്രേയസിനെ നായകനാക്കുന്നതിനോട് ടീമിന്‍റെ മെന്‍ററായ ഗൗതം ഗംഭീറിന് താത്പര്യമില്ലെന്നുള്ള റി്പ്പോര്‍ട്ടുകള്‍ക്കിടെയാണ് ക്ലബ്ബിന്‍റെ നീക്കം. ബാറ്റര്‍ നിതീഷ് റാണയാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍. 2022 ല്‍12.25 കോടി രൂപയ്ക്കാണ് ശ്രേയസ്സിനെ കൊല്‍ക്കത്ത ടീം സ്വന്തമാക്കിയത്.

ഗോൾഡ് റേറ്റ്
ഗ്രാമിന് 5775 രൂപ
പവന് 46200 രൂപ